Sunday, September 27, 2026

മാഞ്ഞുപോയ അറിവുകളും ആ വലിയ നെഞ്ചിലെ കാരുണ്യവും! ജീലാനി ഖ്യാതി - 16

 മാഞ്ഞുപോയ അറിവുകളും ആ വലിയ നെഞ്ചിലെ കാരുണ്യവും!


 ജീലാനി ഖ്യാതി - 16


​ഗൗസുൽ അഅ്ളം ശൈഖ് അബ്ദുൽ ഖാദിർ ജീലാനി (റ) തങ്ങളുടെ പേരും പ്രശസ്തിയും ബഗ്ദാദിലാകെ പടർന്നുനിൽക്കുന്ന സമയം. ഇത് കണ്ട് ബഗ്ദാദിലെ പ്രധാനപ്പെട്ട നൂറ് പണ്ഡിതന്മാർ ഒന്നിച്ചുകൂടി. എങ്ങനെയെങ്കിലും ശൈഖിനെ പരീക്ഷിക്കാനും പരാജയപ്പെടുത്താനും അവർ തീരുമാനിച്ചു. നൂറുപേരും നൂറ് വ്യത്യസ്ത വിഷയങ്ങളിൽ ഓരോ കഠിനമായ ചോദ്യങ്ങൾ മനസ്സിൽ തയ്യാറാക്കി ഗൗസുൽ അഅ്ളമിന്റെ (റ) മജ്‌ലിസിലേക്ക് കടന്നുവന്നു.  


​സദസ്സിൽ ഈ പണ്ഡിതന്മാർ വന്നിരുന്നപ്പോൾ ഗൗസുൽ അഅ്ളം (റ) ഒന്ന് തലതാഴ്ത്തി (മുറാഖബയിലായി). പെട്ടെന്ന് അവിടുത്തെ നെഞ്ചിൽ നിന്നും വലിയൊരു പ്രകാശരശ്മി (നൂർ) പുറത്തുവന്നു! അവിടെയിരിക്കുന്ന മറ്റാർക്കും കാണാൻ കഴിയാത്ത ആ വെളിച്ചം, സദസ്സിലിരിക്കുന്ന ഈ നൂറ് പണ്ഡിതന്മാരുടെ നെഞ്ചിലൂടെ കടന്നുപോയി!  

​ആ വെളിച്ചം തട്ടിയതും ആ നൂറ് പണ്ഡിതന്മാരും സ്തംഭിച്ചുപോയി! അവരുടെ തലച്ചോറിലുണ്ടായിരുന്ന മുഴുവൻ അറിവുകളും ആ നിമിഷം മാഞ്ഞുപോയിരുന്നു!


 സ്വന്തം പേരുപോലും ഓർക്കാൻ കഴിയാത്തവിധം ശൂന്യമായിപ്പോയ അവർ ഭയന്നുവിറച്ചു. തങ്ങൾക്ക് സംഭവിച്ച വലിയ അബദ്ധമോർത്ത് അവർ തങ്ങളുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും തലപ്പാവുകൾ അഴിച്ചുമാറ്റി ഉറക്കെക്കരഞ്ഞുകൊണ്ട് ഗൗസുൽ അഅ്ളമിന്റെ (റ) കാൽക്കൽ വീഴുകയും ചെയ്തു! 

 

​അപ്പോൾ ആ മഹാത്മാവിന്റെ ഗാംഭീര്യം കാരുണ്യത്തിന് വഴിമാറി. അവിടുന്ന് അവരെ ഓരോരുത്തരെയായി വാത്സല്യത്തോടെ തന്റെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു. സുബ്ഹാനല്ലാഹ്! അങ്ങനെ നെഞ്ചോട് ചേർത്തപ്പോൾ നഷ്ടപ്പെട്ടുപോയ ആ അറിവുകളെല്ലാം അവർക്ക് തിരികെ ലഭിച്ചു!  

​ശേഷം ഗൗസുൽ അഅ്ളം (റ) ആ നൂറുപേരെയും നോക്കി, അവർ മനസ്സിൽ കരുതിവെച്ച ചോദ്യങ്ങൾ എന്തെല്ലാമാണെന്നും അതിനുള്ള കൃത്യമായ ഉത്തരങ്ങൾ എന്താണെന്നും ഓരോരുത്തർക്കായി വിശദീകരിച്ചു കൊടുത്തു! ഇതുകേട്ട് ആ പണ്ഡിതന്മാർ ഒന്നടങ്കം അവിടുത്തെ മഹാപ്രഭാവത്തിന് മുന്നിൽ തലകുനിച്ചു.

  

​ഒന്ന് ചിന്തിച്ചുനോക്കൂ... ഭൗതികമായ അറിവുകൾ വെച്ച് അല്ലാഹുവിന്റെ ഔലിയാക്കളുടെ ആത്മീയ ജ്ഞാനത്തെ പരീക്ഷിക്കാൻ നിന്നാൽ അത് എത്രത്തോളം വലിയ പരാജയമായിരിക്കും നൽകുക! അല്ലാഹു നൽകുന്ന ഇൽമ് (അറിവ്) എത്രത്തോളം വിശാലമാണെന്ന് ഈ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുന്നു.


​(അവലംബം: ഖലാഇദുൽ ജവാഹിർ, പേജ് 232, 233)  


​✍️ Muhammad Sufiyan Ahsani Pallikkal Bazar



No comments:

Post a Comment