Showing posts with label അഹ്മദ് റസാ ബറേല്‍വി: അഭിമാനം . Show all posts
Showing posts with label അഹ്മദ് റസാ ബറേല്‍വി: അഭിമാനം . Show all posts

Tuesday, February 26, 2019

അഹ്മദ് റസാ ബറേല്‍വി: അഭിമാനം

*അഹ്മദ് റസാ ബറേല്‍വി: അഭിമാനം പകരുന്നൊരു ഇന്ത്യന്‍ പണ്ഡിതന്‍*
☪☪☪☪☪☪☪☪☪

ഹി. 1272 (ക്രി.1853) തിങ്കളാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജനിച്ച വിശ്രുത പണ്ഡിതനാണ് അഹ്മദ് റസാ ബറേല്‍വി. ഇല്‍മും ഇശ്ഖും സമഞ്ജസമായി സമ്മേളിച്ച അത്ഭുത വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പാണ്ഡിത്യം കുറിപ്പുകാരന്‍ ഉദ്ധരിച്ച സയ്യിദ് അബ്ദുല്‍ ഹയ്യ് അല്‍ ഹസനി പോലും സമ്മതിക്കുന്നത് കാണുക: ‘അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും കര്‍മശാസ്ത്രത്തിലും തര്‍ക്ക വിഷയങ്ങളിലുമുള്ള വിശാല ജ്ഞാനവും ബുദ്ധിശക്തിയും രചനാപാടവവും കണ്ടപ്പോള്‍ മക്കയിലെ പണ്ഡിതര്‍ അത്ഭുതം കൂറി.’ (നുസ്ഹത്തുല്‍ ഖവാത്വിര്‍)
തുടര്‍ന്നു പറയുന്നു: ‘അക്കാലത്ത് ഹനഫീ കര്‍മശാസ്ത്രത്തിലും അതിലെ കൊച്ചുകൊച്ചു വിഷയങ്ങളില്‍ പോലും അദ്ദേഹത്തെക്കാള്‍ അവഗാഹമുള്ളവര്‍ വളരെ വിരളമായിരുന്നു.’ (അതേപുസ്തകം).
കുശാഗ്രബുദ്ധിയും ഓര്‍മശക്തിയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. വളരെ പെട്ടെന്ന് ഗ്രന്ഥം രചിക്കാനുള്ള കഴിവ് പ്രസ്താവ്യമാണ്. കേവലം എട്ടു മണിക്കൂര്‍ കൊണ്ടാണ് ‘അദ്ദൗലതുല്‍ മക്കിയ്യ’ എന്ന ബൃഹദ്ഗ്രന്ഥം സ്മര്യപുരുഷനിലൂടെ വിരചിതമായത്.
ഇത്രവലിയ പണ്ഡിതനായിട്ടും ലോകം മുഴുവന്‍ അംഗീകരിച്ചിട്ടും കേരളത്തിന്റെ ‘ഠ’ വട്ടത്തിലുള്ളയാളുകള്‍ അദ്ദേഹത്തെക്കുറിച്ച് പഠിക്കാന്‍ രംഗത്തുവരുന്നില്ലെന്നത് ഖേദകരമാണ്. പ്രധാനമായി രണ്ടു രീതിയിലുള്ള തെറ്റുധാരണകളാണ് സ്മര്യപുരുഷനുമായി ബന്ധപ്പെട്ടുകിടക്കുന്നത്.
1. തന്റെ ആശയം അംഗീകരിക്കാത്തവര്‍ക്കെതിരെ അദ്ദേഹം കുഫ്‌റ് ഫത്‌വ നല്‍കിയിരുന്നു.
2.ഉത്തരേന്ത്യയില്‍ മഖ്ബറകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന അനാചാരങ്ങളുടെ ഉത്തരവാദി അദ്ദേഹമാണ്.
ചില തല്‍പരകക്ഷികള്‍ നടത്തുന്ന കുപ്രചരണങ്ങളില്‍ നിന്ന് ഉത്ഭൂതമായതാണ് ഈ ധാരണകള്‍. വാസ്തവത്തില്‍ അദ്ദേഹം കാണുന്നവരെയൊക്കെ കാഫിറാക്കുന്ന മനുഷ്യനായിരുന്നില്ല; തന്നോട് ഫത്‌വ ചോദിക്കുന്നവരോട് പണ്ഡിതോചിതമായ രീതിയില്‍ പ്രതികരിക്കുന്ന ലക്ഷണമൊത്തൊരു മുഫ്തി മാത്രമായിരുന്നു.
നദ്‌വയുടെ ആളുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഫതാവല്‍ ഹറമൈന്‍ ബി റജ്ഫി നദ്‌വതില്‍ മൈന്‍ എന്ന ഗ്രന്ഥത്തിലാണുള്ളത്. ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിനനുസരിച്ചുള്ള പണ്ഡിതോചിതമായ മറുപടി മാത്രമേ അതിലുള്ളൂവെന്ന് പ്രസ്തുത കൃതി വായിച്ചാല്‍ മനസ്സിലാകും. അത് മുഴുവന്‍ രേഖപ്പെടുത്താന്‍ ഈ കുറിപ്പ് പര്യാപ്തമല്ല.
വ്യക്തമായ നിലയില്‍ റസാഖാന്‍ കുഫ്‌റ് ഫത്‌വയിറക്കിയത് അഞ്ചു പേര്‍ക്കെതിരെ മാത്രമാണ്. അശ്‌റഫ് അലി ത്ഥാനവി, ഖലീല്‍ അഹ്മദ് സഹാറന്‍പൂരി, മുഹമ്മദ് ഖാസിം നാനൂത്വവി, റശീദ് അഹ്മദ് ഗംഗോഹി എന്നീ ദയൂബന്ദീ പണ്ഡിതര്‍ക്കെതിരെയും ഖാദിയാനികള്‍ക്കെതിരെയുമായിരുന്നു അത്. ഖാദിയാനികള്‍ കാഫിറുകളാണെന്നതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസവുമില്ല.
എന്നാല്‍, ഈ നാലു ദയൂബന്ദി പണ്ഡിതര്‍ക്കെതിരെയുള്ള കുഫ്‌റ് ഫത്‌വ, അഹ്മദ് റസയുടെ ജീവിതം ശരിക്കും മനസ്സിലാക്കിയ ഒരാളെ സംബന്ധിച്ചിടത്തോളം അത്ഭുതാവഹമല്ല. കാരണം, ഇവരുടെ ഗ്രന്ഥങ്ങളില്‍ പ്രവാചകരെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നത് വസ്തുതയാണ്. ത്ഥാനവിയുടെ ഹിഫ്ദുല്‍ ഈമാനും സഹാറന്‍പൂരിയുടെ ബറാഹീനുല്‍ ഖാത്വിഅഃയും നാനൂത്വവിയുടെ തഹ്ദീറുന്നാസും ഒരുവട്ടം വായിച്ചാല്‍ ഏതു നിഷ്പക്ഷമതിക്കും ഇക്കാര്യം ബോധ്യപ്പെടും.
പ്രവാചകരോടുള്ള ശക്തമായ ഇശ്ഖില്‍ നിത്യശാന്തി കണ്ടെത്തുന്നവരായിരുന്നു അഹ്മദ് റസാ. അവിടത്തേക്കു വേണ്ടി എന്തും ത്യജിക്കാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. പ്രവാചക പ്രേമം ഈമാനിന്റെ ആത്മാവാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. നബി(സ്വ)യുമായി ബന്ധമുള്ള വസ്തുക്കളോടു പോലും അദമ്യമായ സ്‌നേഹമായിരുന്നു. മദീനയിലെ മണ്ണിലേക്കു പോലും ഈ സ്‌നേഹം പ്രവഹിച്ചു. പ്രവാചക കുടുംബത്തോടുള്ള സ്‌നേഹം അദ്ദേഹം വിവരിക്കുന്നു:
‘ഈ വിനീതന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മഹാന്മാരായ സയ്യിദുമാരുടെ ഒരു എളിയ സേവകനാണ് ആദരവും രക്ഷാമാര്‍ഗമായി ഞാന്‍ മനസ്സിലാക്കുന്നു.’
ശരീഅത്തിന്റെ ഓരോ അംശത്തിലും പ്രവാചക പ്രേമം നിറഞ്ഞുനില്‍ക്കുന്ന ഒരാള്‍ പ്രവാചകന് വിരുദ്ധമാണെന്നു പ്രത്യക്ഷത്തില്‍ തോന്നുന്ന വാക്കുകള്‍ കേട്ടാല്‍ പോലും സടകുടഞ്ഞെഴുന്നേല്‍ക്കുമെന്നതില്‍ സംശയമില്ല. അത് മാത്രമാണ് മുന്‍പറഞ്ഞ നാലു ദയൂബന്ദി പണ്ഡിതരുടെ വിഷയത്തില്‍ സംഭവിച്ചതും.
ഉത്തരേന്ത്യന്‍ മഖ്ബറകളിലെ അനാചാരങ്ങള്‍ക്കു മുഴുവന്‍ ഉത്തരവാദി അദ്ദേഹമാണെന്നും ചില തല്‍പര കക്ഷികളും കൂലിപ്രഭാഷകരും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍, തീര്‍ത്തും വാസ്തവ വിരുദ്ധമായ കാര്യമാണിത്. ബറേലിയിലുള്ള അദ്ദേഹത്തിന്റെ മഖ്ബറ സന്ദര്‍ശിക്കാന്‍ കുറിപ്പുകാരന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരുതരത്തിലുള്ള അനാചാരവും അവിടെ നടക്കുന്നില്ലെന്ന് മാത്രമല്ല, സ്ത്രീകള്‍ക്കു പോലും പ്രവേശനമില്ലെന്ന ബോര്‍ഡ് അവിടെയുണ്ട്! ഖബ്‌റുകളില്‍ സുജൂദ് ചെയ്യല്‍ ഹറാമാണെന്നു വിവരിക്കാനായി അസ്സുബ്ദതുസ്സകിയ്യ ഫീ തഹ്‌രീമി സുജൂദിത്തഹിയ്യ എന്ന പേരില്‍ ഒരു ഗ്രന്ഥം അദ്ദേഹം രചിച്ചിട്ടുണ്ട്.
കര്‍മശാസ്ത്രത്തില്‍ ശാഫിഈ മദ്ഹബും വിശ്വാസശാസ്ത്രത്തില്‍ അശ്അരീ സരണിയും പിന്‍പറ്റുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം ഹനഫി- മാതുരീദി സരണി പിന്‍പറ്റുന്ന അദ്ദേഹത്തിന്റെ നിലപാടുകളോട് വിയോജിപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. എങ്കിലും ഇമാം സുയൂത്വിയെ ഓര്‍മപ്പെടുന്ന വിശാലജ്ഞാനത്തിന്റെയും രചനാപാടവത്തിന്റെയും ഉടമയായിരുന്ന അദ്ദേഹം ഇന്ത്യാ രാജ്യത്തിന് അഭിമാനിക്കാന്‍ പറ്റുന്ന പണ്ഡിതന്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫതാവാ റസ്‌വിയ്യ പോലുള്ള ഗ്രന്ഥങ്ങള്‍ അറബിയിലും മലയാളത്തിലുമൊക്കെ വിവര്‍ത്തനം ചെയ്ത് കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ള പ്രത്യേക വിങ്ങുകള്‍ തന്നെ നിലവില്‍ വരേണ്ടതുണ്ട്.
(എ. പി. മുസ്ഥഫ ഹുദവി അരൂര്‍, തെളിച്ചം മാസിക, ദാറുല്‍ഹുദാ, ചെമ്മാട്)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....