മുഹമ്മദ് നബി ബൈബിളിന്റെ പ്രവചനം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
മുമ്മദ് നബി എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ദൗത്യത്തെയും പറ്റി ബൈബിളില്‍ വളരെ സ്പഷ്ടമായ പ്രവചനങ്ങളുണ്ട്. അങ്ങേയറ്റം വ്യക്തവും കുറ്റമറ്റതുമായ ഈ പ്രവചനം കാരണം, നബി വെളിപ്പെട്ടപ്പോള്‍ സത്യസന്ധരും നിഷ്‌കളങ്കരുമായ ഒരുപാട് ജൂതന്മാരും ക്രിസ്ത്യാനികളും വളരെ സന്തോഷത്തോടെ അദ്ദേഹത്തെ പ്രവാചകനായി അംഗീകരിക്കുകയുണ്ടായി.
എന്നാല്‍, വേദപുസ്തകങ്ങള്‍ പകര്‍ത്തിയെഴുതപ്പെടുകയും വ്യാഖ്യാനിക്കപ്പെടുകയും ചില ഭാഗങ്ങള്‍ കുടില മനസ്‌കതയോടെ തിരുത്തപ്പെടുകയും ചെയ്യാന്‍ തുടങ്ങിയതോടെ തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ വേദകാര്യങ്ങളില്‍ ശത്രുതാപരമായ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിത്തീര്‍ന്നു. തല്‍ഫലമായി ലിഖിത ഫലകങ്ങള്‍ കട്ടിയായ പൊടിപടലങ്ങള്‍ പിടിച്ചാലെന്നപോലെ അവ അവ്യക്തമായിത്തീരുകയുണ്ടായി. ആചാരങ്ങളുടെയും സ്വജന പക്ഷപാതപരമായ വ്യാഖ്യാനങ്ങളുടെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആവരണങ്ങള്‍ നീക്കിയാല്‍ ഏറെ അറിയപ്പെട്ടിരുന്നതും എന്നാല്‍ തീരെ ഗ്രഹിക്കപ്പെടാതിരുന്നതുമായ ബൈബിളിലെ ചില വാക്യങ്ങള്‍ തെളിഞ്ഞുവരുന്നതാണ്. സഗൗരവം പഠനം നടത്തുന്ന പണ്ഡിതന്മാര്‍ക്ക് ചൂണ്ടുപലകകളായി അവ ഉപയോഗപ്പെടുകയും ചെയ്യും.
ബൈബിളിന്റെ പങ്ക്
തൗറാത്തിന്റെയും സുവിശേഷത്തിന്റെയും മൂലരൂപം സര്‍വ്വ ശക്തനില്‍നിന്നും ഇറക്കപ്പെട്ടതാണെന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. ആത്മാര്‍ത്ഥതയോടും ആത്മാര്‍പ്പണത്തോടും കൂടി ദേവമാര്‍ഗത്തില്‍ സേവനമനുഷ്ഠിക്കാന്‍ ഈസാ നബി ജൂതന്മാരെ ക്ഷണിക്കാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ മൂസാ നബിയുടെ തൗറാത്ത് അശ്രദ്ധമായ പകര്‍ത്തിയെഴുത്തുകള്‍ക്കും കുടില മനസ്‌കതയോടെയുള്ള വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിക്കഴിഞ്ഞിരുന്നു. എങ്കിലും തൗറാത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമാകാതെ നിലനിന്നിരുന്ന ദൈവിക വെളിപാടുകളെ ഈസാ നബി തന്റെ മത പ്രഭാഷണങ്ങളിലൂടെ സ്ഥിരപ്പെടുത്തി. അദ്ദേഹം പറഞ്ഞു
”ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിന് വന്നു എന്ന് നിരൂപിക്കരുത്. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നത്. സത്യമായിട്ടും ഞാന്‍ നിങ്ങളോട് പറയുന്നു, ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളിയെങ്കിലും പുള്ളിയെങ്കിലും ഒരു നാളും ഒഴിഞ്ഞുപോവുകയില്ല” (മത്തായി 5, 17-18).
തൗറാത്തിന്റെ സാരാംശം സുവിശേഷത്തിലും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പുതിയ നിയമം വന്നു അറുനൂറു കൊല്ലങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ് നബി പ്രവാചക ദൗത്യവുമായി വെളിപ്പെടുന്നത്. അപ്പോഴേക്ക് തൗറാത്തുപോലെ സുവിശേഷവും അശ്രദ്ധമായ പകര്‍ത്തലുകള്‍ക്കും സംസ്‌കരണങ്ങള്‍ക്കും വിധേയമായിട്ടുണ്ടായിരുന്നു. എന്നാല്‍, തൗറാത്തിലും സുവിശേഷത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാവാതെ നിന്നിരുന്ന ദൈവ വചനങ്ങള്‍ മുഹമ്മദ് നബി സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ദൈവത്തില്‍നിന്നു വ്യക്തമായ ഒരു ഗ്രന്ഥം കിട്ടി- വിശുദ്ധ ഖുര്‍ആന്‍. അത് എക്കാലത്തും തെറ്റുകളില്‍നിന്നും വളച്ചൊടിക്കപ്പെടലുകളില്‍നിന്നും സംരക്ഷിക്കപ്പെട്ടതാണ്. ‘മുമ്പു വന്ന എല്ലാ ദൈവിക ഗ്രന്ഥങ്ങളെയും ശരിവെക്കുന്നതും അവയെ കാത്തു സംരക്ഷിക്കുന്നതുമാണ് വിശുദ്ധ ഖുര്‍ആന്‍’ (മാഇദ 44-48).
അല്ലാഹുവില്‍നിന്ന് അവതീര്‍ണമായ അതേരൂപത്തിലുള്ള തൗറാത്തോ സുവിശേഷമോ ഇന്ന് ബൈബിളില്‍ ഇല്ല. അതിന്റെ മാനുഷിക സ്വഭാവവും ഘടനയും ബൈബിള്‍ പണ്ഡിതന്മാര്‍ തന്നെ അംകീകരിച്ചതാകുന്നു.
എങ്കിലും ബൈബിളിന്റെ പേജുകളില്‍ തൗറാത്തിന്റെയും സുവിശേഷത്തിന്റെയും തനതായ ഭാഗങ്ങള്‍ കണ്ടെത്താന്‍ നമുക്ക് കഴിഞ്ഞേക്കാം. പക്ഷെ, ആ സന്ദേശങ്ങള്‍ ഗ്രഹിക്കുവാന്‍ വളരെ സൂക്ഷ്മമായ പഠനം ആവശ്യമായി വരും.
ദൈവിക വെളിപാട് (വഹ്‌യ്) ഒട്ടേറെ പ്രവാചകന്മാരിലൂടെ വന്നു ഒരു പ്രത്യേക പ്രവാചകനില്‍ അവസാനിക്കുമെന്നും ബൈബിള്‍ സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സന്ദേശം സുഗ്രാഹ്യമായിരിക്കുമെന്നും ഇനിയൊരു പ്രവാചകന്റെ ആവശ്യം ഇല്ലാത്തവണ്ണം അദ്ദേഹത്തിന്റെ ദൗത്യം സര്‍വ്വ ലൗകികമായിരിക്കുമെന്നും സത്യവേദപുസ്തകത്തില്‍ കാണാം. ഈദൃശമായ സൂചനകള്‍ ഇന്നു ലഭ്യമായ ബൈബിളിന്റെ അല്‍ഭുതകരമായ ഒരു പ്രത്യേകതആണ്.
ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷം വരാന്‍ പോകുന്ന കാര്യങ്ങളെപ്പറ്റി മുന്‍കൂട്ടിത്തന്നെ വളരെ സ്പഷ്ടമായി പറയാന്‍ കഴിയുക എന്നതു ദവത്തിന് വളരെ പ്രയാസരഹിതമാണ്, പക്ഷെ, മനുഷ്യന് അസാധ്യവും. ഇബ്‌റാഹീം നബിയുടെ ഉറച്ച വിശ്വാസത്തിന് ദൈവം നല്‍കിയ പ്രത്യേക പ്രതിഫലത്തെപ്പറ്റി പഴയ നിയമത്തില്‍ പറയുന്നുണ്ട്- അദ്ദേഹത്തിന്റെ പരമ്പരയില്‍പ്പെട്ട മനുഷ്യ സമൂഹത്തെ ദൈവം അനുഗ്രഹിക്കും എന്ന വാഗ്ദാനം, തന്റെ പിന്‍ഗാമികള്‍ ദൈവിക മാര്‍ഗ നിര്‍ദ്ദേശം, പ്രവാചകത്വം എന്നീ ഗുണങ്ങള്‍ ഉളളവരായിരിക്കും എന്ന ഉടമ്പടി..
”നീ ഇക്കാര്യം ചെയ്തു നിന്റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും. നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ മുഖാന്തിരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്ന് ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നുവെന്ന് യഹോവ അരുള്‍ ചെയ്തു” (ഉല്‍പത്തി 22, 16-18).
ഇബ്‌റാഹീം നബിയുടെ രണ്ടാമത്തെ മകന്‍ ഇസ്ഹാഖിനോടുള്ള പ്രത്യേക മമത ബൈബിളില്‍ പ്രധാനമായും രേഖപ്പെടുത്തിയിരിക്കുന്നു. ഇസ്ഹാഖ് നബിയുടെ സന്താനപരമ്പരയിലാണ് മൂസാ നബിയും, ഈസാ നബിയും വന്നിരിക്കുന്നത്. എന്നാല്‍, ഇബ്‌റാഹീം നബിയുടെ ഒന്നാമത്തെ സന്താനമായ ഇസ്മാഈല്‍ നബിയുടെ സ്ഥിതി എന്താണ്?
ഇബ്‌റാഹീം നബിയുടെ ആദ്യ സന്താനത്തെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതില്‍ സാറാ ബീവിക്ക് തന്റെ ഈജിപ്ഷ്യന്‍ ദാസി ഹാജറ ബീവിയോടുള്ള അസൂയയെപ്പറ്റിയും ഹാജറ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും ആവിര്‍ഭാവത്തെക്കുറിച്ചുമുള്ള ഉല്‍പ്പത്തിക്കഥ അങ്ങോളമിങ്ങോളം പരസ്പര വൈരുധ്യങ്ങള്‍ നിറഞ്ഞതാണ്. അതിരുകടന്ന ഹിബ്രു ദേശ സ്‌നേഹത്തിന്റെ ഒരു പ്രഥമോദാഹരണവുമാണത്.
ഫലത്തില്‍ ഹാജറാ ബീവിയുടെയും ഇസ്മാഈല്‍ നബിയുടെയും നേരെ ഉല്‍പത്തി കണ്ണടക്കുകയാണ്. അവിടന്നങ്ങോട്ട് ഇസ്ഹാഖ് നബിയും സാറാ ബീവിയുമാണ് രംഗത്തുള്ളത്. പക്ഷെ, ഇബ്‌റാഹീം നബിക്ക് ലഭിച്ച ദൈവിക വാഗ്ദാനത്തില്‍ ഒരു പക്ഷഭേദവും ഇല്ല. അവന്‍ ഇബ്‌റാഹീം നബിയുടെ കുടുംബത്തിന് ആ ശാശ്വതമായ ഉറപ്പുനല്‍കിയപ്പോള്‍ ഇസ്ഹാഖ് നബി ചരിത്രത്തിലേ ഇല്ലായിരുന്നു. ഇസ്മാഈല്‍ നബിയായിരുന്നു അദ്ദേഹത്തിന്റെ ഏക സന്താനം. ദൈവം അരുള്‍ ചെയ്തു, യിശ്മയേലിനെക്കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു. ഞാന്‍ അവനെ അനുഗ്രഹിച്ചു. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും. ഞാന്‍ അവനെ വലിയൊരു ജാതിയാക്കും (ഉല്‍പത്തി 17, 10-20).
ഇസ്മാഈല്‍ പരമ്പരമുഖേന ഇരട്ട ബഹുമതി
ഇസ്മാഈല്‍ നബി ഒരു അടിമസ്ത്രീയുടെ മകനായതുകൊണ്ട് അദ്ദേഹത്തിന് ഒരുതരം താഴ്ന്ന അനുഗ്രഹമാണ് ലഭ്യമാവുക. ഇസ്ഹാഖ് നബിയാവട്ടെ ഒരു സ്വതന്ത്ര സ്ത്രീയുടെ സന്താനമായതുകൊണ്ട് ഇബ്‌റാഹീം നബിയുടെ പ്രഥമ സന്താനത്തിനുള്ള എല്ലാ ബഹുമതികള്‍ക്കും അദ്ദേഹമാണ് അവകാശി- ഈ വിധത്തിലുള്ള ഒരു തെറ്റിദ്ധാരണ പരത്തുന്നതിന് ഉല്‍പത്തിയുടെ കര്‍ത്താക്കള്‍ വളരെ ഹീനമായ ശ്രമം നടത്തിയതായി കാണാം. ഇതിനായി തൗറാത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയ കുടുംബ നിയമങ്ങള്‍ അവര്‍ അവഗണിക്കുകയും ചെയ്തു. ഈ നിയമമനുസരിച്ച് പ്രഥമ സന്താനത്തിന്റെ അവകാശങ്ങള്‍ തന്റെ മാതാവിന്റെ സാമൂഹിക പദവി ഹേതുവായി ദുര്‍ബലപ്പെടുന്നില്ല. ഇബ്‌റാഹീം നബിയുടെതുപോലുള്ള ബഹുഭാര്യത്വ വിവാഹങ്ങളില്‍ ഈ നിയമം പ്രത്യേകം ബാധകമാണ്. മനുഷ്യന്റെ സാമൂഹിക പദവിയോ മുന്‍വിധിയോ ദൈവ ദാക്ഷിണ്യത്തെ ഒരിക്കലും സ്വാധീനിക്കുകയില്ല. തൗറാത്തില്‍ പറയുന്നത് കാണുക
”ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടായിരിക്കുകയും അവര്‍ ഇരുവരും അവന് പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ സ്വത്ത് പുത്രന്മാര്‍ക്ക് ഭാഗിച്ചുകൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതനു പകരം ഇഷ്ടയുടെ മകന് ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ. തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകന് കൊടുത്ത് അവനെ ആദ്യജാതനെന്ന് സ്വീകരിക്കേണം. അവന്‍ അവന്റെ ബലത്തിന്റെ ആരംഭമല്ലോ, ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു” (ആവര്‍ത്തന പുസ്തകം 20, 15-17).
പക്ഷെ, ബൈബിള്‍ ഈ ന്യായമായ തത്ത്വം അവഗണിക്കുകയും അതിലുടനീളം ബഹുമതിയുടെ ഇരട്ടിയവകാശം രണ്ടാമത്തെ പുത്രനായ ഇസ്ഹാഖ് നബിക്ക് നല്‍കിക്കൊണ്ട് ജ്യേഷ്ഠാവകാശം അദ്ദേഹത്തിനുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. (എന്റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ… സാറാ, നിനക്ക് പ്രസവിപ്പാനുള്ള ഇസ്ഹാഖിനോടാകുന്നു (ഉല്‍പത്തി 17, 21).
ഇങ്ങനെ, ബൈബിളിലെ ‘തൗറാത്തില്‍’ പരസ്പര വിരുദ്ധമായ നിയമങ്ങളുണ്ടെന്ന് വരുന്ന. നിയമമനുസരിച്ച് ഇരട്ട ബഹുമതിയും (അവകാശവും) ജ്യേഷ്ഠാവകാശവും ഇസ്മാഈല്‍ നബിയുടെ പക്ഷത്താണ് വരുന്നത്. അദ്ദേഹത്തിന്റെ മാതാവിനുള്ള അനിഷ്ട എന്ന സാമൂഹിക പദവി ഈ അവകാശത്തിന് ഒട്ടും കുറവു വരുത്തുന്നില്ലതാനും.
ഇസ്മാഈല്‍ നബിയുടെ സന്താന പരമ്പര പില്‍ക്കാലത്ത് അറബികള്‍ എന്ന് അറിയപ്പെട്ടു. അറബ എന്നാല്‍ ഹിബ്രു ഭാഷയില്‍ മരുഭൂവാസികള്‍ എന്നാണര്‍ത്ഥം. ഇസ്മാഈല്‍ നബിയുടെ 12 സന്താനങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യത്തോടെ പേരെടുത്തു പറയപ്പെടുന്ന വ്യക്തി ഖേദാര്‍ ആണ് (ഉല്‍പത്തി 25, 12-16). ഇത് അവിചാരിതമായി സംഭവിച്ചതല്ല. ചില ബൈബിള്‍ വാക്യങ്ങളില്‍ ഖേദാര്‍ എന്നാല്‍ അറബികള്‍ എന്നതിന് പൊതുവെ ഉപയോഗിക്കുന്ന ഒരു പര്യായമാണ് (യെരമ്യാവ് 2, 10, യെശയ്യാവ് 60, 7).
ഖേദാര്‍ പരമ്പര ഒരു പ്രത്യേക ഉദ്ദേശ്യത്തിനു വേണ്ടി, അതായത് തന്റെ ജീവിതവും പ്രവൃത്തിയുംകൊണ്ട് ഇസ്മാഈല്‍ കുടുംബത്തിന് ബഹുമതിയുടെ ഇരട്ടി ഭാഗം നേടിക്കൊടുക്കുന്ന ഒരു മഹല്‍ വ്യക്തിയുടെ അവതരണത്തിനു വേണ്ടി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടതാണെന്നതിന് ഇതു വളരെ വ്യക്തവും സുപ്രധാനവുമായ ഒരു സൂചനയാകുന്നു.
ഈ ഇരട്ട ബഹുമതിയുടെ സ്വഭാവം പഴയ നിയമത്തിലെ യെശയ്യാവില്‍ തന്നെ വെളിപ്പെടാന്‍ തുടങ്ങിയതാണ്. ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരകളിലൂടെ ലോക ജനതയാകെ അനുഗ്രഹീതരാകുമെന്ന ദൈവിക വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തിന് തെളിവായി ഒരുപാട് ഉപമകളും പ്രവചനങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്. പ്രസ്തുത പ്രതിപാദനങ്ങളില്‍ ചിലത് മസീഹ് എന്ന നിലക്ക് ഈസാ നബിയുടെ മഹത്വപൂര്‍ണവും വ്യക്തവുമായ ദൗത്യവുമായി ബന്ധപ്പെട്ടവയാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു.
ആ ന്യായ സ്ഥാപകനാര്?
പക്ഷെ, യെശയ്യാവിലെ 42 ാം അധ്യായത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരയിലെ എബ്രായ ശാഖയിലേക്കല്ല, മറിച്ച്, അറബ് ശാഖയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാനവ കുലത്തിനാകമാനം പ്രവാചകനായി തെരഞ്ഞെടുക്കപ്പെട്ട ഒരു ‘ദൈവ ദാസനെ’ ഇവിടെ യശയ്യാവ് പരിചയപ്പെടുത്തുന്നുണ്ട്. ഹിബ്രുവിലെ പ്രവാചകന്മാരാകട്ടെ ഇസ്രയേലിലേക്കുമാത്രം നിയുക്തരാണുതാനും. ‘ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തെ നയിക്കും. അദ്ദേഹം ഭൂമിയില്‍ നീതി സ്ഥാപിക്കും. അദ്ദേഹം അട്ടഹസിക്കുന്ന ഒരു വായാടി നേതാവായല്ല ജനങ്ങളെ ഭരിക്കുക.’ ഈസാ നബിയുടെ ഹ്രസ്വമായ ദൗത്യത്തില്‍നിന്നും വ്യത്യസ്തമായി, ഭൂമിയില്‍ സത്യം പുലരുവോളം, സത്യത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സമുദായമോ ജനതയോ നിലനില്‍ക്കുന്നതുവരെ താന്‍ സേവനം ചെയ്യും. അദ്ദേഹം എല്ലാ ജാതികള്‍ക്കും പ്രകാശമായിരിക്കും. ദൈവത്തിന്റെ ഈ പ്രത്യേക ദാസന്റെ ഏറ്റവും അല്‍ഭുതപ്പെടുത്തുന്ന കാര്യമെന്തെന്നാല്‍ യെശയ്യാവു വാക്യം പതിനൊന്നില്‍ പ്രതിപാദിക്കുന്ന ഖേദാറുമായി തുല്യമായിട്ടുള്ളത് അദ്ദേഹം മാത്രമാകുന്നു.
”ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍. ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു. അവന്‍ ജാതികളോട് ന്യായം പ്രസ്താവിക്കും. അവന്‍ നിലവിളിക്കുകയില്ല. ഒച്ചയുണ്ടാക്കുകയില്ല. തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കുകയുമില്ല. ചതഞ്ഞ ഓട അവന്‍ ഒടിച്ചു കളയില്ല. പുകയുന്ന തിരി കെടുത്തു കളയില്ല. അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും. ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവന്‍ തളരുകയില്ല. അധൈര്യപ്പെടുകയുമില്ല. അവന്റെ ഉപദേശത്തിനായി ദ്വീപുകള്‍ കാത്തിരിക്കുന്നു. ആകാശത്തെ സ്രഷ്ടിച്ചു വിരിക്കുകയും ഭൂമിയെയും അതിലെ ഉല്‍പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന് ശ്വാസത്തെയും അതില്‍ നടക്കുന്നവര്‍ക്ക് പ്രാണനെയും കൊടുക്കുകയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുള്‍ ചെയ്യുന്നു, ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു. ഞാന്‍ നിന്റെ കൈപിടിച്ചു നിന്നെ കാക്കും. നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും. ഭൂമിയും അതിലെ പട്ടണങ്ങളും ഖേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ” (യെശയ്യാവ് 42, 1-6, 11).
ഈ പ്രവചനം എബ്രായരിലെ ഒരു പ്രവാചകനും യോജിക്കില്ല. ഈസാനബിപോലും അദ്ദേഹത്തിന്റെ ദൗത്യം സാര്‍വ്വ ലൗകികമല്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ‘ഇസ്രയേല്‍ ഗ്രഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല’ (മത്തായി 15, 24). അദ്ദേഹത്തിന്റെ സുവിശേഷ ഘോഷണം പരിമിതമായിരുന്നു. ജൂതന്മാരല്ലാത്ത ബഹുദൈവാരാധകര്‍ പിന്നീട് വ്ശ്വാസികളായ ക്രിസ്ത്യാനികളായിത്തീര്‍ന്നപ്പോള്‍ അവര്‍ ക്രിസ്തു മതത്തിന് മാനവരാശിയെ ആകമാനം ഉള്‍കൊള്ളുന്ന സ്വഭാവം നല്‍കി. ഈസാ നബിയാകട്ടെ തന്റെ ദൗത്യത്തിന് ഒരു സാര്‍വ്വ ലൗകിക സ്വഭാവം നല്‍കിയിട്ടില്ലായിരുന്നു. കൂടാതെ ഈസാനബിക്കോ എബ്രായരിലെ ഏതെങ്കിലും പ്രവാചകനോ ഖേദാറുമായി ബന്ധവുമില്ല. അറബികളില്‍നിന്ന് ഒരു പ്രവാചകനെ യെശയ്യാവ് വാഗ്ദാനം ചെയ്യുകയുണ്ടായല്ലോ. മുമ്പു മൂസാ നബി നടത്തിയ പ്രവചനം കുറേക്കൂടി ഉച്ചത്തില്‍ വിളിച്ചോതുകയാണ് ഇതുവഴി യശയ്യാവ് ചെയ്തത്.
എബ്രായ സഹോദരങ്ങളില്‍നിന്ന്, അതായത് ഇസ്ഹാഖ് നബിയുടെ ഇസ്മാഈല്‍ നബിയുടെ സന്താനങ്ങളായ അറബികളില്‍നിന്ന്, ഒരു പ്രവാചകന്‍ വരുമെന്ന് ദൈവം മൂസാ നബിക്ക് വെളിപ്പെടുത്തിക്കൊടുത്തു. സര്‍വ്വ ലോകരുടെയും ശ്രദ്ധയും അനുസരണവും പിടിച്ചുപറ്റുന്ന ഒരു പ്രവാചകന്‍.
”നിന്നെപ്പോലെ ഒരു പ്രവാചകന്‍ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്ന് എഴുന്നേല്‍പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോട് കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും. അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും” (ആവര്‍ത്തന പുസ്തകം 18, 18-19). ഈ പ്രവാചകന്‍ ‘നിന്നെപ്പോലെ’ (മൂസാ നബിയെപ്പോലെ) ആയിരിക്കും. അതായത് സത്യവിശ്വാസികളായ ഒരു ജനതയുടെ സ്ഥാപകനും നേതാവും മാതൃകയുമായിരിക്കും. എന്നു മാത്രമല്ല, വളരെ സുദൃഢമായ ഫലം ലഭിക്കുന്നതുവരെ അദ്ദേഹത്തിന്റെ ദൗത്യം നീണ്ടുനില്‍ക്കുന്നതുമാണ്.
പരിശുദ്ധാത്മാവിന്റെ പ്രവചനം
ഇസ്മാഈല്‍ സന്താന പരമ്പരയെ ഒരു ‘വലിയ ജാതി’ യാക്കുമെന്ന ദൈവിക വാഗ്ദാനം പൂര്‍ത്തീകരിക്കുന്ന ഒരു മഹല്‍ വ്യക്തിയുടെ ചിത്രം ഈസാനബിയുടെ സുവിശേഷത്തിലൂടെ കൂടുതല്‍ വ്യക്തമായിക്കാണാം. പുതിയ നിയമത്തിലെ ഒരു പുസ്തകമാണ് യോഹന്നാന്റെ സുവിശേഷം. ഇത് ഈസാനബിയുടെ സുവിശേഷം അല്ല. തന്റെ പ്രഭാഷണങ്ങളുടെ പൊതു താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒന്നായി മാത്രമേ ഇതിനെ പരിഗണിക്കാനൊക്കുകയുള്ളൂ. യോഹന്നാന്റെ സുവിശേഷത്തില്‍ ഈസാ നബി തന്റെ ഏറ്റവും അടുത്ത അനുയായികളെ ഇങ്ങനെ അറിയിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു
”നിങ്ങള്‍ക്കിടയില്‍ എന്റെ പ്രവര്‍ത്തനം സമാപിക്കാന്‍ പോവുകയാണ്. പക്ഷെ, പ്രവാചക ദൗത്യം തുടര്‍ന്നുകൊണ്ടുപോകാന്‍ ദൈവം അല്‍പ കാലത്തിന് ശേഷം മറ്റൊരാളെ അയക്കും.” ഈ ‘ആരോ ഒരാള്‍’ ആയിരിക്കും അന്ത്യപ്രവാചകന്‍.
”എന്നാല്‍, ഞാന്‍ പിതാവിനോട് ചോദിക്കും, അവന്‍ സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നെന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14, 16-17).
”സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ (ദൈവത്തില്‍നിന്നു) കേള്‍ക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും. അവന്‍ എന്നെ (ഈസാനബിയെ) മഹത്വപ്പെടുത്തും” (യോഹന്നാന്‍ 16, 13-14).
ഈസാ നബിയുടെ ഈ വിവരണത്തില്‍ ‘കാര്യസ്ഥന്‍’ എന്നാണ് അന്ത്യപ്രവാചകന്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ആശ്വാസം നല്‍കുന്നവന്‍, കാര്യസ്ഥന്‍ തുടങ്ങിയ അര്‍ത്ഥം നല്‍കുന്ന പദത്തിന് ഗ്രീക്ക് ഭാഷയിലുള്ള പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘പരാക്ലീറ്റസ്’ എന്നാണ്. വക്കീല്‍ എന്നത്രെ ഈ വാക്കിന്റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥം. മറ്റൊരാളുടെ കാര്യത്തിനു വേണ്ടി വാദിക്കുന്നവന്‍, അപരന്റെ ഉന്നമനത്തിനായി അദ്ദേഹത്തെ ഉപദേശിക്കുന്നവന്‍ എന്നൊക്കെ അര്‍ത്ഥമാവാം. സര്‍വ്വ ജീവികള്‍ക്കും അനുഗ്രഹമായിട്ടുള്ളവന്‍ എന്നായിരിക്കും പരാക്ലീറ്റസ് എന്ന വാക്കിന്റെ വിവക്ഷ. (ലോകാനുഗ്രഹി, വിശുദ്ധ ഖുര്‍ആന്‍ 21, 107). ‘വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവരെ ഇരുട്ടുകളില്‍നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്ന’ (ഖുര്‍ആന്‍ 65, 11) ഉപദേഷ്ടാവ് ആയിരിക്കും അദ്ദേഹം. നിങ്ങളെ സംബന്ധിച്ച് ‘അത്യാഗ്രഹമുള്ള’ (ഖുര്‍ആന്‍ 9, 128) യഥാര്‍ത്ഥ വക്കീല്‍. അവരുടെ കേസ് ദൈവത്തോട് വാദിക്കുകയും സര്‍വ്വ ശക്തനായ ന്യായാധിപന്റെ പ്രീതി സമ്പാദിക്കാനായി മടങ്ങേണ്ട നേര്‍മാര്‍ഗം കാണിച്ച് കൊടുക്കുകയും ചെയ്തുകൊണ്ട് ജനതയുടെ ഉന്നമനത്തില്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന വക്കീല്‍.
പരാക്ലീറ്റ് എന്ന ഗ്രീക്കുപദം
സ്തുത്യര്‍ഹന്‍, വാഴ്ത്തപ്പെട്ടവന്‍, ബഹുമാന്യന്‍ എന്നൊക്കെ അര്‍ത്ഥം വരുന്ന പരാക്ലീറ്റസ് എന്ന ഗ്രീക്ക് പദത്തോട് കൂടുതല്‍ സാമ്യമുള്ള പദമാണ് ഈസാ നബി സ്വന്തം ഭാഷയായ അരാമിക്കില്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ചില പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു. പരാക്ലീറ്റസ് എന്ന ഗ്രീക്കു പദം മുഹമ്മദ് എന്ന അറബി പദത്തിന് വളരെ യോജിച്ചതാണ്. പരാക്ലീറ്റസ് എന്ന പദവും പെരീക്ലീറ്റസ് എന്ന പദവും മാറിമാറി ഉപയോഗിച്ചപോലെയാണ് പുതിയ നിയമത്തില്‍ ഉള്ളത്. ഇത്തരം സാദൃശ പദങ്ങള്‍ അന്യോന്യം പകരമായി ഉപയോഗിച്ചതിന് പ്രാമാണികമായ ഉദാഹരണങ്ങള്‍ വേറെയും കാണാം.
കൂടാതെ മറ്റൊരു സാധ്യതയുമുണ്ട്. ഗ്രീക്കു ഭാഷയിലുള്ള മൂല ഗ്രന്ഥത്തില്‍ പരാക്ലീറ്റസ് എന്നും പരിഗ്ലീറ്റസ് എന്നുമുള്ള രണ്ടു പദങ്ങള്‍ ഉണ്ടായിരുന്നു. രണ്ടിലെയും അക്ഷരങ്ങള്‍ വളരെ സാമ്യതയുള്ളതായതിനാല്‍ പകര്‍ത്തിയെഴുത്തുകാര്‍ ഒരു പദം ഒഴിവാക്കിയതാകാം. അങ്ങനെയാണെങ്കില്‍ ഇന്ന് ഗ്രീക്ക് ഭാഷയിലുള്ള സത്യവേദ പുസ്തകത്തില്‍ കാണുന്ന ‘അവന്‍ നിങ്ങള്‍ക്ക് മറ്റൊരു കാര്യസ്ഥനെ തരും’ എന്നതിനു പകരം ‘അവന്‍ നിങ്ങള്‍ക്ക് സ്തുത്യര്‍ഹനും ബഹുവന്ദ്യനുമായ മറ്റൊരു കാര്യസ്ഥനെ തരും’ എന്നായിരിക്കും വായിക്കേണ്ടിയിരുന്നത്. പുരാതന കൈയെഴുത്തു കൃതികളില്‍ അക്ഷരങ്ങള്‍ വളരെ ചേര്‍ത്തി കൂട്ടിയെഴുതപ്പെട്ടിരുന്നതിനാല്‍ ഇത്തരം അബദ്ധങ്ങള്‍ ധാരാളം വരാനുള്ള സാധ്യതകള്‍ ഉണ്ട്. കാരണം, രണ്ടു പദങ്ങള്‍ വളരെ അടുത്തുവരികയോ രണ്ടിനും അക്ഷരങ്ങളില്‍ സാമ്യതയുണ്ടാകുകയോ ചെയ്യുമ്പോള്‍ ഒന്ന് പകര്‍ത്തി എഴുത്തുകാരന്റെ കണ്ണില്‍ പെടാതെ പോകാം.
വരാന്‍പോകുന്ന പ്രവാചക കാര്യസ്ഥന്‍ ‘എന്നെന്നേക്കും നിങ്ങളുടെ കൂടെയിരിപ്പാനുള്ളവനാണെന്ന്’ ഈസാ നബി പറഞ്ഞുവല്ലോ. ഈ പ്രസ്താവന കാണിക്കുന്നത് ആ പ്രവാചകനു ശേഷം മറ്റൊരു പ്രവാചകന്റെ ആവശ്യകതയില്ലെന്നതാണ്. അദ്ദേഹം അന്ത്യപ്രവാചകനായിരിക്കും. അവന്‍ മനുഷ്യ കുലത്തെ സകല സത്യത്തിലും വഴി നടത്തും. പിന്നീട് കൂടുതലായി സത്യം കാണിക്കാന്‍ മറ്റൊരാള്‍ വരേണ്ട ആവശ്യമില്ല. ഇനിയും സത്യത്തില്‍ കൂടുതലായൊന്നും ചേര്‍ക്കാനുണ്ടാവില്ല. അവന്‍ അല്‍-അമീന്‍ എന്നു വിളിക്കപ്പെടാന്‍ പറ്റുന്നത്ര സത്യവാനും വിശ്വസ്തനുമായിരിക്കും. യോഹന്നാന്‍ സുവിശേഷത്തില്‍ പറയുന്ന പോലെ ‘സത്യത്തിന്റെ ആത്മാവ്’. ‘അവന്‍ അവരുടെ അടുക്കല്‍ സത്യവും കൊണ്ടുവന്നു’ (ഖുര്‍ആന്‍ 23, 70).
സത്യത്തിന്റെ ആത്മാവ് എന്നു പറഞ്ഞതിനാല്‍ വരാന്‍പോകുന്ന പ്രവാചകന്‍ മനുഷ്യജാതിയില്‍ പെട്ടവനല്ലെന്നു വരുന്നില്ല. ഗ്രീക്ക് ഭാഷയിലുള്ള പുതിയ നിയമത്തില്‍ ആത്മാവ് എന്ന വാക്ക് പ്രചോദനം ലഭിച്ചവന്‍, ദൈവി വെളിപാട് ലഭിച്ചവന്‍ എന്ന അര്‍ത്ഥത്തിലും ഉപയോഗിച്ചുകാണാം. ദൈവിക വെളിപാടില്‍ നിമഗ്നനായിരിക്കുന്നവനും ആത്മാവ് എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടും. തന്റെ ജീവിതവും സ്വഭാവവും പ്രകൃതിയും പ്രവര്‍ത്തിയുമെല്ലാം പൂര്‍ണമായും സത്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചവനും ആത്മിക സന്ദേശം അഥവാ ദൈവിക വെളിപാട് ലഭിച്ചവനുമായ ആളെയാണ് ‘സത്യത്തിന്റെ ആത്മാവ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യോഹന്നാന്റെ സുവിശേഷത്തില്‍ (16, 13) അതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ‘അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തും. അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ (ദൈവത്തില്‍നിന്നു) ദൈവത്തില്‍നിന്നു കേള്‍ക്കുന്നതു സംസാരിക്കും’.
ഈ വ്യക്തിക്ക് സത്യത്തിന്റെ വെളിപാട് ദൈവത്തില്‍നിന്നു ലഭിക്കും. അങ്ങനെ കിട്ടുന്നതു മാത്രമായിരിക്കും ദൈവിക സന്ദേശം. തന്റെ സ്വന്തം അഭിപ്രായങ്ങളോ സഹചരന്മാര്‍ എഴുതിവെച്ചതോ അല്ല. ഈ സന്ദേശം അഥവാ വെളിപാട് ആണ് പ്രഥമവും പ്രധാനവുമായത്. ഭാഷാര്‍ത്ഥത്തില്‍ ദൈവത്തിന്റെ വാക്കുകള്‍ (കലാമുല്ലാഹ്). എബ്രായ സഹോദരങ്ങള്‍ക്കിടയില്‍നിന്ന് ഒരു പ്രവാചകന്‍ വരുമെന്ന് ദൈവത്തില്‍നിന്ന് മൂസാ നബിക്കു ലഭിച്ച വെളിപാട് യോഹന്നാന്‍ സുവിശേഷത്തിലെ പ്രവചനത്തോടു സമാനമാണ്. ‘ഞാന്‍ എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും. ഞാന്‍ അവനോടു കല്‍പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും (ആവര്‍ത്തന പുസ്തകം 18, 18).
ദൈവ സന്ദേശത്തിന്റെ ഒരു ചരടു പിടിച്ചുപോന്നവര്‍ എന്ന നിലക്ക് മൂസാ നബിയുടെയും ഈസാ നബിയുടെയും സത്യത്തിന്റെ ആത്മാവായ മുഹമ്മദ് നബിയുടെയും ദൗത്യങ്ങള്‍ തമ്മിലുള്ള സാമ്യത വളരെ ആശ്ചര്യജനകമാണ്. ആവര്‍ത്തന പുസ്തകം 18:15, 17-19 യോഹന്നാന്‍ 12: 49, 16:12-13, ഖുര്‍ആന്‍ 73:15 എന്നിവയില്‍ ഒരു താരതമ്യ പഠനം നടത്തിയാല്‍ ഒരു കാര്യം വ്യക്തമാകും: ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ബൈബിളില്‍ മനുഷ്യന്റെ അപകടകരമായ കൈക്കടത്തലുകള്‍ ഉണ്ടായിട്ടും ഈ മൂന്നു വ്യക്തികളെപ്പറ്റിയുള്ള വിവരണം ഏറെക്കുറേ ഒന്നുതന്നെയാണ്. അതിനാല്‍, വിശുദ്ധ ഖുര്‍ആന്റെയും തൗറാത്ത്, സുവിശേഷം എന്നിവയുടെ ക്രിത്രിമം കലരാത്ത മൂലകൃതികളുടെയും ഉറവിടം ഒന്നുതന്നെയാകുന്നു. ശാശ്വതമായ ഒരേ സത്യം വിളിച്ചോതുകയാണ് അവയെല്ലാം.
മഹത്വപാഠകന്‍
അന്ത്യപ്രവാചകനെ തിരിച്ചറിയുന്നതിനായി അദ്ദേഹത്തിനുള്ള ഒരു സവിശേഷത ഈസാ നബി ചൂണ്ടിക്കാണിച്ചുതരുന്നത് അവഗണിച്ചുകൂടാത്തതാണ്: ‘അവന്‍ എന്നെ മഹത്വപ്പെടുത്തും’ (യോഹന്നാന്‍ 16:14) എന്നതാണ്. ഈസാ നബിയെ പ്രവാചകനായും മസീഹായും അംഗീകരിക്കാതെ താന്‍ അന്ത്യപ്രവാചകനാണെന്ന അവകാശവാദവുമായി ആരെങ്കിലും വന്നാല്‍ അവന്‍ കള്ള പ്രവാചകന്‍ തന്നെയാണ്. ഒരു ജനത (ജാതി) എന്ന നിലക്ക് ജൂതന്മാര്‍ ഈസാ നബിയെ തള്ളിക്കളയുകയുണ്ടായി. അതേസമയം ഇനി വരാനിരിക്കുന്ന അന്ത്യപ്രവാചകന്‍ ഈസാ നബിയുടെ മാര്‍ഗം പിന്‍പറ്റുന്നവന്‍ അഥവാ ഒരു ക്രിസ്ത്യന്‍ ആയിരിക്കുകയില്ല. കാരണം, ‘താന്‍ പോലും നിനക്കാത്ത കാര്യങ്ങള്‍ ഈ അന്ത്യപ്രവാചകന്‍ വെളിപ്പെടുത്തുമെന്ന്’ ഈസാ നബി തന്നെ പ്രസ്താവിച്ചിട്ടുണ്ട്. താന്‍തന്നെ സകല സത്യവും കൊണ്ടുവന്നിരുന്നുവെങ്കില്‍ ‘സകല സത്യവും’ കൊണ്ടുവരുന്ന മറ്റൊരു പ്രവാചകനെ പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ. അതേപോലെത്തന്നെ, ഈ പ്രവാചകന്‍ സകല സത്യവും കൊണ്ടുവരുന്നതിനാല്‍ അദ്ദേഹം അന്ത്യപ്രവാചകനും പ്രവാചക പരമ്പരയില്‍ അന്തിമ മുദ്രയുമായിരിക്കണം.
ഇബ്‌റാഹീം നബിയുടെ പരമ്പരയിലായിരിക്കും അദ്ദേഹം അവതരിക്കും. അതിനാല്‍, ജൂതനോ ക്രിസ്ത്യനോ അല്ലാത്ത, ഇബ്‌റാഹീം നബിയെപ്പോലെ ഏക ദൈവത്തില്‍ വിശ്വസിക്കുന്ന മറ്റൊരാളെ നാം കണ്ടെത്തേണ്ടതുണ്ട്. അദ്ദേഹം ജൂതന്മാരെപ്പോലെ ആയിരിക്കില്ല; കാരണം, ഈസാ നബി ദൈവത്തിന്റെ സത്യദൂതരാണെന്ന് സ്ഥാപിച്ചുകൊണ്ടും അദ്ദേഹത്തെ യഥാര്‍ത്ഥ മസീഹായി അംഗീകരിച്ചുകൊണ്ടും അന്ത്യപ്രവാചകന്‍ ഈസാനബിയെ മഹത്വപ്പെടുത്തും. ഈ പ്രവാചകന്റെ ഉപദേശങ്ങള്‍ മുഴുവനും ദൈവത്തില്‍നിന്നായിരിക്കും. ദൈവിക വെളിപാട് ആയതിനാല്‍, തൗറാത്തിന്റെയും സുവിശേഷത്തിന്റെയും മൂല കൃതികളിലൂടെ ലഭിച്ച ദൈവിക സന്ദേശങ്ങളെ സ്ഥിരീകരിക്കുന്നതായിരിക്കും അദ്ദേഹത്തിന്റെ സന്ദേശങ്ങളത്രയും. അതേസമയം, ഈ സന്ദേശം തൗറാത്തിന്റയോ സുവിശേഷത്തിന്റെയോ തനിപ്പകര്‍പ്പോ സംഗ്രഹീത പതിപ്പോ ആയിരിക്കുകയുമില്ല. ‘ഞാന്‍ എന്റെ വാക്കുകളെ അവന്റെ നാവിന്മേല്‍ ആക്കുമെന്ന്’സര്‍വ്വ ശക്തന്‍ പറഞ്ഞിട്ടുണ്ടല്ലോ. ഏകനായ അതേ ദൈവത്തില്‍നിന്ന് മുമ്പു വെളിപ്പെട്ടതിനോട് അവന്റെ തന്നെ ഈ വാക്കുകള്‍ യോജിച്ചുവരികയെന്നത് സ്വാഭാവികം മാത്രമാണ്. ‘അവന്‍ (ദൈവത്തില്‍നിന്നു) കേള്‍ക്കുന്നതൊക്കെയും അവന്‍ പറയും.’
യോഹന്നാന്‍ 14: 26 ല്‍ വരാനിരിക്കുന്ന പ്രവാചകനെ പരിശുദ്ധാത്മാവ് അഥവാ ആത്മാവ് എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. ബൈബിളില്‍ ഇതുപോലെ ഒരു സൂചന മറ്റൊരിടത്തും ഇല്ലതാനും. യോഹന്നാന്‍ സുവിശേഷം തയ്യാറാക്കിയ ആരെങ്കിലും സത്യത്തിന്റെ ആത്മാവ് ആരാണെന്ന തന്റെ നിഗമനം സ്ഥാപിക്കാന്‍ വേണ്ടി എഴുതിച്ചേര്‍ത്തതായിരിക്കണം ഇത്. ഒരിക്കലും സാധൂകരിക്കാന്‍ വയ്യാത്ത ഈ വ്യാഖ്യാനം യോഹന്നാന്‍ സുവിശേഷത്തില്‍ മറ്റൊരിടത്ത് ഈസാ നബി പറഞ്ഞതായുള്ള പ്രസ്താവനക്ക് കടക വിരുദ്ധമാണ്. ഈസാ നബിയുടെ ദൗത്യം അവസാനിക്കുന്നതുവരെ പ്രവാചകന്‍ അഥവാ കാര്യസ്ഥന്‍ (പരാക്ലീറ്റ്) വരുകയില്ലെന്ന് സുവിശേഷത്തിലെ മറ്റു ഭാഗങ്ങളില്‍നിന്നും വ്യക്തമാകും. ഈസാ നബിയുടെ കാലഘട്ടത്തിനും അതിനു മുമ്പും പിമ്പും പരിശുദ്ധാത്മാവ് അഥവാ വെളിപാട് കൊണ്ടുവരുന്ന മാലാഖ ദൈവ ദൂതന്മാര്‍ക്ക് വെളിപാട് എത്തിച്ചുകൊടുത്തും അവരെ സഹായിച്ചുംകൊണ്ട് സജീവമായി രംഗത്തുണ്ടായിരുന്നു (സങ്കീര്‍ത്തനങ്ങള്‍ 51:11, മത്തായി 3:16).
ക്രിസ്ത്യാനികള്‍ ദൈവത്തെ ത്രിത്വമായും പരിശുദ്ധാത്മാവിനെ ഈ ത്രിത്വത്തിന്റെ ഒരു ഭാഗമായും കാണാന്‍ തുടങ്ങിയതു മുതലാണ് പരിശുദ്ധാത്മാവിന്റെ ഈ വിചിത്രമായ വ്യാഖ്യാനത്തിന് പ്രചാരം കിട്ടിയത്. ത്രിത്വമെന്ന വാക്കോ അങ്ങനെയൊരു സങ്കല്‍പമോ ബൈബിളില്‍ എവിടെയും കാണാന്‍ സാധ്യമല്ല.
കാര്യസ്ഥന്‍ (പരാക്ലീറ്റ്) എന്നത് ഒരു പ്രേതം അഥവാ ആത്മാവ് അല്ല, ഒരു മനുഷ്യനാണ്. കാരണം, ഈസാ നബിക്കും ഇതേ വാക്കാണ് ബൈബിള്‍ ഉപയോഗിച്ചിരിക്കുന്നത്. ‘നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമ്മുടെ പിതാവിന്റെ അടുക്കല്‍ ഉണ്ട്’ (യോഹന്നാന്‍ എഴുതിയ ഒന്നാം ലേഖനം 2:1). ജൂതന്മാര്‍ക്ക് ഈസാ നബി ഒരു കാര്യസ്ഥന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ അനുയായികളും അതംഗീകരിച്ചു. എന്നാല്‍, ഈസാ നബിക്കു ശേഷം വരാനിരിക്കുന്ന കാര്യസ്ഥന്‍ (യോഹന്നാന്‍ 14:16) എല്ലാ ജനതക്കും എല്ലാ രാജ്യത്തിനും എല്ലാ കാലത്തേക്കുമായുള്ളതാകുന്നു.
‘മറ്റൊരു കാര്യസ്ഥ’ന്റെ വരവിനെ പ്രവചിക്കുന്ന യോഹന്നാന്‍ സുവിശേഷത്തിന്റെ ഗ്രീക്ക് മൂല ഗ്രന്ഥത്തിലെ വാചകങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. മറ്റൊരു (അനദര്‍) എന്ന വാക്കുകൊണ്ട് ‘അതേ ഇനത്തില്‍പെട്ട ഒന്നുകൂടി’ എന്നോ ‘വേറെ ഇനത്തില്‍പെട്ട ഒന്നുകൂടി’ എന്നോ ആകാം. ഈസാ നബി ഏതര്‍ത്ഥമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് അറിയല്‍ വളരെ പ്രധാനമാണ്. കാരണം, വേറെ ഇനത്തില്‍പെട്ട ഒന്നുകൂടി എന്നാണുദ്ദേശ്യമെങ്കില്‍ ‘കാര്യസ്ഥന്‍’ (പരാക്ലീറ്റ്) ഒരാത്മാവായിരിക്കും. അപ്പോള്‍ ക്രിസ്ത്യാനികളുടെ നിലവിലുള്ള വ്യാഖ്യാനത്തിനല്‍പം പ്രാധാന്യം ഉണ്ടാകും. പക്ഷെ, അതേ ഇനത്തില്‍പെട്ട ഒന്നു കൂടി എന്നാണിതിന്റെ ഉദ്ദേശ്യമെങ്കില്‍ കാര്യസ്ഥന്‍ എന്നത് ഒരു ആത്മാവ് അല്ലെന്നും ഈസാ നബിയെപ്പോലെത്തന്നെ ഒരു പ്രവാചകന്‍ -മനുഷ്യന്‍- ആണെന്നും ഉള്ളതിന് മതിയായ തെളിവായി. ഈസാ നബി വാസ്തവത്തില്‍ എന്താണ് ഉദ്ദേശിച്ചത്? പുതിയ നിയമത്തിന്റെ ഗ്രീക്ക് മൂല ഗ്രന്ഥം തന്നെ ഇതിന് തീര്‍പ്പ് കല്‍പ്പിക്കട്ടെ. ഇവിടെ അല്ലോണ്‍ എന്ന ഗ്രീക്ക് പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതാകട്ടെ അല്ലോസ് എന്ന പദത്തിന്റെ പുല്ലിംഗത്തിന്റെ കര്‍മരൂപമാണ്. അല്ലോസ് എന്ന വാക്കിന്റെ അര്‍ത്ഥം ‘അതേ ഇനത്തില്‍പെട്ട ഒന്നുകൂടി’ എന്നാകുന്നു. വേറെ ഇനത്തില്‍ പെട്ട ഒന്നുകൂടി എന്നതിനുള്ള ഗ്രീക്കുപദം ‘ഹെറ്ററോസ്’ എന്നത്രെ. എന്നാല്‍ ഈ വാക്ക് പുതിയ നിയമത്തിന്റെ ഗ്രീക്ക് മൂല ഗ്രന്ഥത്തില്‍ (യോഹന്നാന്‍ 14:16 ല്‍) ഉപയോഗിച്ചിട്ടില്ല. അപ്പോള്‍ കാര്യസ്ഥന്‍ അതേ ഇനത്തില്‍പെട്ട ഒന്നുകൂടി ആണെന്ന് വ്യക്തമാണ്. മൂസാ നബിയും ഈസാ നബിയും പറഞ്ഞതുപോലെ ‘എന്നെപ്പോലെ ഒരുവന്‍’ -ഒരു മനുഷ്യന്‍- ഒരു ആത്മാവല്ല.
ദൈവിക വെളപാടിന്റെ വിശദീകരണം
ബൈബിളില്‍നിന്നു കിട്ടിയ തെളിവുകളെല്ലാം കൂട്ടിയോജിപ്പിക്കുമ്പോള്‍ ഒരു ദൈവ ദൂതന്റെ വളരെ വ്യക്തമായ ചിത്രമാണ് നമുക്ക് കിട്ടുക. ഈ ദൈവദൂതന് മുഖ്യമായ രണ്ട് പ്രത്യേകതകളുണ്ട്. ഒന്ന്, അദ്ദേഹം അന്ത്യ പ്രവാചകനാണ്. രണ്ട്, അദ്ദേഹം സാര്‍വ്വ ലൗകികനാണ്. പഴയ നിയമത്തില്‍നിന്നു കിട്ടുന്ന വിവരണങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഈ പ്രവാചകന്‍:
1. അചഞ്ചലനും എന്നാല്‍ ദയാലുവുമായിരിക്കും.
2. നീതിയിലധിഷ്ഠിതമായ ഒരു ജനതയെ വാര്‍ത്തെടുക്കും.
3. എല്ലാ ജാതികള്‍ക്കും പ്രകാശമായിരിക്കും.
4. ഖേദാറുമായി ബന്ധപ്പെട്ടവനായിരിക്കും (യശയ്യാവ് 42: 1-11)
5. ഹിബ്രുക്കളുടെ (എബ്രയര്‍) സഹോദരനായ ഇസ്മാഈലിന്റെ പിന്‍ഗാമിയായിരിക്കും.
6. ഇബ്രാഹീമിനോടും ഇസ്മാഈലിനോടും
-എല്ലാ ജാതികള്‍ക്കും അനുഗ്രഹമായിരിക്കുമെന്നും
-അറബികളെ ഒരു വലിയ ജാതിയാക്കുമെന്നും
-ജ്യേഷ്ഠാവകാശത്തിന് അവകാശിയായിരിക്കുമെന്നും
ദൈവം ചെയ്ത വാഗ്ദാനം പൂര്‍ത്തീകരിക്കുന്നവനായിരിക്കും.
7. അവന്‍ ദൈവത്തില്‍ നിന്ന് നേരിട്ടുകേള്‍ക്കും. (ഉല്‍പത്തി 17:20, 22:16-18, ആവര്‍ത്തന പുസ്തകം 21: 15-17).
8. ഈസാ നബിയുടെ ദൗത്യം അവസാനിച്ചതിന്റെ ശേഷം മാത്രം അവതരിക്കും.
9. മനുഷ്യരാശിക്ക് ആശ്വാസം നല്‍കുന്നവനും കാര്യസ്ഥനും (പരാക്ലീറ്റ്) ആയിരിക്കും. അതിനാല്‍ സ്തുതിക്കപ്പെട്ടവന്‍ (പരീക്ലീറ്റ്) എന്ന പേരില്‍ അറിയപ്പെടും.
10. തന്റെ സത്യസന്ധതക്ക് കേളികേട്ടവനായിരിക്കും.
11. ദൈവത്തില്‍നിന്ന് നേരിട്ട് കേള്‍ക്കുന്നവനായിരിക്കും.
12. ‘സകല സത്യവും’ എത്തിച്ചുകൊടുക്കും.
13. എക്കാലത്തേക്കും നിലനില്‍ക്കുന്ന ‘സഭ’ സ്ഥാപിക്കും.
14. ഈസാ നബിയെ മഹത്വപ്പെടുത്തും. (യോഹന്നാന്‍ 14: 16-17, 16: 13-14)
മേല്‍പറഞ്ഞ കാര്യങ്ങളെല്ലാം ആറ്റിക്കുറുക്കി നോക്കിയാല്‍ അന്ത്യപ്രവാചകന്‍ മറ്റെല്ലാ പ്രവാചകന്മാരില്‍നിന്നും മര്‍മ പ്രധാനമായ മൂന്നു കാര്യങ്ങളില്‍ വ്യത്യസ്തനായി കാണാം:
1. അദ്ദേഹത്തിന് ഒരു സാര്‍വ്വ ലൗകിക ദൗത്യമാണ് ഉള്ളത്.
2. എല്ലാ പ്രവാചകന്മാരുടെയും അവസാനത്തെ മുദ്രയായിരിക്കും.
3. അദ്ദേഹം ഒരു അറബിയും ഇസ്മാഈല്‍ നബിയുടെ 12 സന്താനങ്ങളില്‍ ഖേദാറിന്റെ പരമ്പരയില്‍ വരുന്നവനുമായിരിക്കും.
ഇബ്‌റാഹീം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള വംശ പരമ്പര:
ഇബ്‌റാഹീമിന്റെ പുത്രന്‍
ഇസ്മാഈലിന്റെ പുത്രന്‍
ഖേദാറിന്റെ പുത്രന്‍
അദ്‌നാന്റെ പുത്രന്‍
മഅദ്ദിന്റെ പുത്രന്‍
നിസാറിന്റെ പുത്രന്‍
മുദറിന്റെ പുത്രന്‍
ഇല്‍യാസിന്റെ പുത്രന്‍
മുദ്‌രികിന്റെ പുത്രന്‍
ഖുസൈമത്തിന്റെ പുത്രന്‍
കിനാനത്തിന്റെ പുത്രന്‍
നദ്‌റിന്റെ പുത്രന്‍
മാലികിന്റെ പുത്രന്‍
ഖുറൈശി (ഫിഹ്‌റി)ന്റെ പുത്രന്‍
ഗാലിബിന്റെ പുത്രന്‍
ലുഅയ്യിന്റെ പുത്രന്‍
കഅബിന്റെ പുത്രന്‍
മുര്‍റത്തിന്റെ പുത്രന്‍
കിലാബിന്റെ പുത്രന്‍
ഖുസയ്യിന്റെ പുത്രന്‍
അബ്ദു മനാഫിന്റെ പുത്രന്‍
ഹാശിമിന്റെ പുത്രന്‍
അബ്ദുല്‍ മുഥലിബിന്റെ പുത്രന്‍
അബ്ദുല്ലായുടെ പുത്രന്‍
മുഹമ്മദ് നബി (സ്വ).
ബൈബിളില്‍നിന്നു ലഭിക്കുന്ന ഈ തെളിവുകള്‍ക്ക് ഖുര്‍ആന്റെയോ സുന്നത്തിന്റെയോ സ്വാധീനം ഉണ്ടെന്ന് ഒരിക്കലും ആരോപിക്കാന്‍ സാധ്യമല്ല.
ഏതെങ്കിലും ഒറ്റ ഒരാള്‍ ഈ വിശേഷണങ്ങള്‍ എല്ലാമുള്ള ചിത്രം യോജിച്ചുവരിക സാധ്യമാമോ? ഈ ഗുണങ്ങളെല്ലാം ഒത്തുകൂടുന്നില്ലെങ്കില്‍ അയാള്‍ ഒരിക്കലും വേദങ്ങളിലെ വാഗ്ദത്ത പ്രവാചകനാവുകയില്ല. ഈ വിശേഷണങ്ങളെല്ലാം ഒരു വ്യക്തിയില്‍ അവിചാരിതമായി ഒത്തുകൂടുകയെന്നതാകട്ടെ ഭാവനക്കതീതമാണുതാനും. ഇവ തന്നില്‍ ഒന്നിച്ചുകൂട്ടാന്‍ ഒരാള്‍ മന:പൂര്‍വ്വം ശ്രമം നടത്തി വിജയിക്കുക എന്നതും അസാധ്യം തന്നെ. ഉദാഹണത്തിന് തന്റെ പൂര്‍വ്വികന്മാരെ യഥേഷ്ടം തെരഞ്ഞെടുക്കാന്‍ ഒരാള്‍ക്ക് സാധ്യമാണോ?
ഇനി ഒരു അറബി തന്റെ ഇംഗിതമനുസരിച്ച് ഈ പ്രവാചകനാകണമെന്നു ആഗ്രഹിച്ചു എന്നു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍തന്നെ അവന്‍ ഇസ്മാഈല്‍ നബിയുടെ മറ്റു 11 സന്തതികളില്‍ ഒരാളുടെ പരമ്പരയില്‍ പിറന്നവനായിരിക്കും. ഒരുപക്ഷെ, അദ്ദേഹം തന്റെ ഗോത്രത്തിന്റെ പിന്‍ബലം ആവശ്യപ്പെട്ടെന്നു വന്നേക്കാം. അപ്പോള്‍ അദ്ദേഹം ദേശീയത്വവും വര്‍ഗീയത്വവുമായിരിക്കും, സാര്‍വ്വ ലൗകികത്വമല്ല പ്രചരിപ്പിക്കുക. ഒരുപക്ഷെ, തന്റെ സന്ദേശത്തില്‍ ഈസാ നബിയെ പരാമര്‍ശിക്കുന്ന കാര്യംകൂടി അവന്‍ ചിന്തിച്ചുകാണില്ല. മാത്രമല്ല, ഈസാ നബി വ്യാജ പ്രവാചകനാണെന്നും ശല്യക്കാരനാണെന്നുമുള്ള ജൂതന്മാരുടെ ആരാപണത്തോട് അവന്‍ യോജിച്ചെന്നും വരാം. തനിക്കു പിന്‍ഗാമികളെ കിട്ടുന്നതിനും ഒരു ഭദ്രമായ ജനതയെ സ്ഥാപിക്കുന്നതിനും മുമ്പായിത്തന്നെ അവന്‍ മരിച്ചെന്നും വരാം.
അന്ത്യപ്രവാചകനെ തിരിച്ചറിയുന്നതിന് ബൈബിളില്‍ പറഞ്ഞ ഗുണങ്ങളെല്ലാം കരുതിക്കൂട്ടി തന്നിഷ്ടത്തിനൊത്തതാക്കിയെടുത്താല്‍ ഒരാള്‍ക്കു കഴിയുമെന്നുതന്നെ സമ്മതിച്ചാല്‍ ബൈബിള്‍ പത്താം നൂറ്റാണ്ടുവരെ അറബിയിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നില്ലെന്ന പ്രശ്‌നം ബാക്കിയിരിക്കുന്നു. ആയിരാം ആണ്ടിനു മുമ്പു ജീവിച്ചിരുന്ന ഒരറബിക്കും തന്റെ മാതൃഭാഷയിലെഴുതിയ ബൈബിള്‍ പരിശോധിക്കാനുള്ള അവസരം ഇല്ലായിരുന്നു. സര്‍വ്വ ശക്തനായ ദൈവം ഒരുവന്‍ മാത്രമാണ് ഈ വ്യത്യസ്ത ഗുണങ്ങളെല്ലാം കൂടി ഒരു പ്രത്യേക വ്യക്തിയില്‍ ഒത്തുചേര്‍ക്കുന്നതിന് കാരണക്കാരന്‍.
ഒരാള്‍, ഒരേയൊരാള്‍ മാത്രമാണ് ഈ വ്യവസ്ഥകളെല്ലാം ഒത്തുകൂടിയ വ്യക്തി-അബ്ദുല്ലായുടെ മകന്‍ മുഹമ്മദ് നബി (സ്വ). വേദഗ്രന്ഥങ്ങളുടെ പകര്‍ത്തിയെഴുത്തുകാര്‍ വരുത്തിവെച്ച തെറ്റുകളും അവരുടെ കുടില മനസ്‌കതയും ഉണ്ടായിട്ടും തൗറാത്തിലും സുവിശേഷത്തിലും അദ്ദേഹത്തെ പറ്റിയുള്ള പ്രവചനം വളരെ വ്യക്തവും നിഷേധിക്കാന്‍ കഴിയാത്തതുമായിത്തന്നെ ഇന്നും നിലനില്‍ക്കുന്നു.
കൂടുതല്‍ തെളിവിന്
ക്രിസ്തു മത പണ്ഡിതനും ജര്‍മന്‍കാരനുമായ റുഡോള്‍ഫ് ബുള്‍ട്ടുമാന്‍ എഴുതിയ ദി ഗോസ്പല്‍ ഓഫ് ജോണ്‍: എ കമന്ററി (വെസ്റ്റ് മിനിസ്റ്റര്‍ പ്രസ്, ഫിലാഡല്‍ഫിയ, അമേരിക്ക) എന്ന പുസ്തകത്തിന്റെ 567 ാം പേജില്‍നിന്നുള്ള നേര്‍വാക്യങ്ങളുടെ വിവര്‍ത്തനമാണ് താഴെ കൊടുക്കുന്നത്. വിഖ്യാതനായ ഈ ക്രിസ്തുമത പണ്ഡിതന്റെ അഭിപ്രായവും ഈ ലേഖനത്തില്‍ നാം മുമ്പു പറഞ്ഞ അഭിപ്രായവും ഒന്നുതന്നെയാണെന്നു കാണാം:
”അതിനാല്‍, പരാക്ലീറ്റ (കാര്യസ്ഥന്‍) ഈസാ നബിക്ക് സമാനമായ മറ്റൊരു രൂപ (വ്യക്തി) മാണ്. ഈ സ്ഥാനപ്പേര്‍ (സദൃശരായ) രണ്ടു പേര്‍ക്കും യോജിക്കുമെന്നതു തന്നെ ഈ നിഗമനം ശരിയാണെന്നതിന് തെളിവാണ്. ഒരാള്‍ക്ക് പിറകെ മറ്റൊരാളായി, ഈസാ നബിയും അദ്ദേഹത്തിന്റെ പിന്‍ഗാമിയും-അങ്ങനെ രണ്ടു കാര്യസ്ഥന്മാരെ അയക്കുകയുണ്ടായിയെന്ന് യോഹന്നാന്‍ പഠിപ്പിക്കുന്നുണ്ടെന്നത് 16: 14 ല്‍ നിന്നു വ്യക്തമാണ്.
ഡബ്‌ളിയു മിക്കായേലിസ് എന്ന സുപ്രസിദ്ധ ക്രിസ്തുമത പണ്ഡിതന്‍ തന്റെ Coniet Neotest XI എന്ന ഗ്രന്ഥത്തില്‍ ഈ നിഗമനം ഒഴിവാക്കാന്‍ ഒരു ശ്രമം നടത്തുന്നുണ്ട്. 14: 16 ല്‍ ഉള്ള ഒരു ഗ്രീക്ക് പദം ഒരു അതികപ്പറ്റാണെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. അപ്പോള്‍ ‘മറ്റൊരാള്‍ കൂടി ഉണ്ടാകും- പരാക്ലീറ്റെ പോലെ, അല്ലെങ്കില്‍ പരാക്ലീറ്റെ തന്നെ’ എന്ന അര്‍ത്ഥം വരും. ഈ അര്‍ത്ഥം ശരിയാണെങ്കില്‍തന്നെ രണ്ടു പ്രവാചകന്മാര്‍ സമാന്തരമായ രണ്ടു രൂപങ്ങള്‍ ഉണ്ടെന്നതിന് സംശയമില്ല. പക്ഷെ, യോഹന്നാന്റെ ഒന്നാം ലേഖനത്തില്‍ 2:1 സൂക്തത്തില്‍ സുവിശേഷകന്‍ പരാക്ലീറ്റെ എന്ന പദവി ഈസാനബിക്കാണ് നല്‍കിയിരിക്കുന്നത്.
(ഡോ. സുലൈമാന്‍ എസ്. മുഫസ്സിര്‍, വിവ: പ്രൊഫ. ഇ. മുഹമ്മദ് സാഹിബ്സുന്നി പബ്ലിക്കേഷന്‍ സെന്റര്‍, 1994, ചെമ്മാട്, മലപ്പുറം)