ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഊഹിച്ചു പറഞ്ഞാല്‍ പോര
ചോദ്യം: ‘നബി(സ്വ) നിസ്കാരാനന്തരം ഞങ്ങളിലേക്ക് തിരിഞ്ഞിരിക്കാറുണ്ടായിരുന്നു’ എന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) ഫത്ഹുല്‍ബാരിയില്‍ പറഞ്ഞതായി ഒരു മൌലവി ഉദ്ധരിക്കുന്നു. മഅ്മൂമുകളിലേക്ക് മുഖം തിരിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാന്‍ വേണ്ടിയാണ് (ഫത് ഹുല്‍ ബാരി വാള്യം 2). കൂട്ടപ്രാര്‍ഥന നടത്താന്‍ വേണ്ടിയായിരുന്നുവെങ്കില്‍ അതിന് തെളിവു വേണം. ഊഹിച്ചു പറഞ്ഞാല്‍ പോര.
ഉത്തരം: ഊഹിച്ച് പറയുകയല്ല. തെളിവുണ്ട്. പ്രസ്തുത ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്നുഹജര്‍(റ) പറഞ്ഞതായി മൌലവി ഉദ്ധരിച്ച ഉദ്ധരണി ഒരഭിപ്രായമായിട്ട് മാത്രം രേഖപ്പെടുത്തിയതാണ് ഫത്ഹുല്‍ ബാരിയില്‍. അതുകൊണ്ടുതന്നെ പ്രസ്തുത ഉദ്ധരണിക്ക് തൊട്ട് മുമ്പ് ‘ഖീല’ (പറയപ്പെട്ടിരിക്കുന്നു.) എന്ന പദം മൌലവി ബോധപൂര്‍വ്വം അടര്‍ത്തിക്കളഞ്ഞത് ഈ അഭിപ്രായം ഇബ്നുഹജറി(റ)ന്റെതാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിഫല ശ്രമമാണ്. പല അഭിപ്രായങ്ങള്‍ ഇബ്നുഹജര്‍(റ) ഉദ്ധരിച്ചതില്‍ ഒരഭിപ്രായമാണ് അപ്പറഞ്ഞത്. തൊട്ടുപിന്നില്‍ മറ്റു രണ്ടഭിപ്രായങ്ങളും ഉദ്ധരിക്കുന്നുണ്ട്.
ഇബ്നുഹജര്‍(റ) പറയുന്നത് കാണുക. “പുറത്തുനിന്നു വരുന്ന വ്യക്തിക്ക് നിസ്കാരം കഴിഞ്ഞിരിക്കുന്നുവെന്ന് അറിയിച്ച് കൊടുക്കലാണ് തിരിഞ്ഞിരിക്കുന്നതിലെ ഉദ്ദേശ്യമെന്നും പറയപ്പെട്ടിട്ടുണ്ട്. കാരണം ഇമാമ് ആദ്യ അവസ്ഥയില്‍ തന്നെ ഇരിക്കുന്ന പക്ഷം ഇമാമ് അത്തഹിയ്യാത്തിലാണെന്ന് തോന്നിപ്പോകാനവകാശമുണ്ട്. എന്നാല്‍ സൈനുബ്നുല്‍ മുനീര്‍(റ) പറയുന്നതിപ്രകാരമാണ്. ഇമാമിന് ഇമാമത്തെന്ന അധികാരമുള്ളതുകൊണ്ടായിരുന്നു മഅ്മൂമുകളിലേക്കവന്‍ പിന്തിരിഞ്ഞിരുന്നത്. നിസ്കാരം കഴിഞ്ഞതോടെ ആ അവകാശം നീങ്ങി. അതുകൊണ്ടാണ് തിരിഞ്ഞിരിക്കാന്‍ കാരണം” (ഫത്ഹുല്‍ ബാരി 2/424).
ഈ അഭിപ്രായങ്ങളില്‍ നിന്നൊന്നിനെയും ഫത്ഹുല്‍ ബാരിയില്‍ പ്രബലമാക്കാതെ പറഞ്ഞുപോവുക മാത്രമാണുണ്ടായത്. പിന്നീട് ഫത്ഹുല്‍ ബാരി 2/426ല്‍ എഴുതുന്നു: “ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കുക, ഉപദേശിക്കുക തുടങ്ങിയ പതിവ് ഇമാമിനുണ്ടെങ്കില്‍ ജനങ്ങളിലേക്ക് അവന്‍ പൂര്‍ണമായും (അഭിമുഖമായി) തിരിഞ്ഞിരിക്കണം. ഇനി പ്രവാചകരില്‍ നിന്ന് വന്നിട്ടുള്ള ദിക്റുകള്‍ക്കപ്പുറം ഒന്നിനെയും വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഇങ്ങനെ അഭിമുഖമായി ഇരിക്കുകയാണോ അതല്ല ഖിബ്ല കൊള്ളെ ഇടതുഭാഗവും മഅ്മൂമുകളിലേക്ക് വലതുഭാഗവുമാക്കി തിരിഞ്ഞിരുന്ന് ദുആ ചെയ്യുകയാണോ വേണ്ടത്? രണ്ടാമത് പറഞ്ഞതാണ് (സാധാരണ സുന്നികള്‍ ചെയ്യുന്നപോലെ തിരിഞ്ഞിരുന്ന് ദുആ നടത്തുക.) ശാഫിഈ മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും തറപ്പിച്ചു പറഞ്ഞിട്ടുള്ളത് (ഫത്ഹുല്‍ ബാരി 2/426).
എന്നാല്‍ ഇതുതന്നെയാണ് ഹദീസില്‍ പറഞ്ഞ തിരിഞ്ഞിരിക്കല്‍ കൊണ്ടുദ്ദേശ്യമെന്ന് ഇമാം സുര്‍ഖാനി (റ)യും പറയുന്നു: “ഉപര്യുക്ത ഹദീസിന്റെ താത്പര്യം ഇമാമ് ജനങ്ങളിലേക്ക് അഭിമുഖമായി ഇരിക്കണമെന്നല്ല. കാരണം യസീദുബ്നുല്‍ അസ്വദില്‍(റ)നിന്ന് അബൂദാവൂദ്(റ) ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്. നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ തെറ്റിയിരിക്കുമായിരുന്നു. വലഭാഗത്തേക്കോ ഇടഭാഗത്തെക്കോ തെറ്റിയിരിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്” (സുര്‍ഖാനി(റ)യുടെ ശറഹുല്‍ മവാഹിബ് 7/364).
എന്നാല്‍ ഇബ്നുഹജര്‍(റ) തന്നെ ബാബു ദുആഇ ബഅ്ദ സ്വലാതി എന്ന അധ്യായത്തിലെഴുതുന്നത് കാണുക. “നിസ്കാരാനന്തരം നബി(സ്വ) അവിടുത്തെ സ്വഹാബത്തിലേക്ക് തിരിഞ്ഞിരുന്നുവെന്ന് നിശ്ചയം സ്ഥിരപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ നിസ്കാരാനന്തരം നബി(സ്വ) ദുആ നടത്തിയിരുന്നുവെന്ന് ഹദീസില്‍ വന്നത് ഈ ഇരുത്തത്തിലായി രുന്നുവെന്ന് വെക്കേണ്ടതാണ്” (ഫത്ഹുല്‍ ബാരി 11/160).
ഇതുതന്നെയാണ് അല്‍മവാഹിബുല്ലദുന്നിയ്യ 7/365ല്‍ ഇമാം ഖസ്ത്വല്ലാനി(റ)യും രേഖപ്പെടുത്തിയിട്ടുള്ളത്. ചുരുക്കത്തില്‍ ബുഖാരിയിലെ ഹദീസിന് മറുപടിയായി മൌലവി എഴുതിയത്, ഫത്ഹുല്‍ ബാരി ആരുടെയോ അഭിപ്രായം ഉദ്ധരിച്ചതാണെന്നും അത് ഫത്ഹുല്‍ബാരിയുടെ സ്വന്തം അഭിപ്രായമാക്കിതീര്‍ക്കാന്‍ വേണ്ടി ഖീല (പറയപ്പെട്ടിരിക്കുന്നു) എന്ന പദം ബോധപൂര്‍വ്വം മൌലവി അടര്‍ത്തി കളഞ്ഞതാണെന്നും ഫത്ഹുല്‍ബാരി പ്രബലമാക്കിയിട്ടുള്ളത് പ്രസ്തുത ഇരുത്തത്തില്‍ ഇമാമ് ദുആ നടത്തണമെന്നാണെന്നും നബിചര്യ അതാണെന്നും വ്യക്തമായി. ഇതുകൊണ്ടുതന്നെ സുന്നികള്‍ ചെയ്യുന്നതിനാണ് സുന്നത്തിന്റെ പിന്‍ബലമുള്ളതെന്ന് തീര്‍ച്ച.