Showing posts with label ഇസ്ലാം വിമർശനം : ശിര്‍ക്ക് പൊറുക്കുമെന്നും ഇല്ലെന്നും ഖുർആനിൽ. Show all posts
Showing posts with label ഇസ്ലാം വിമർശനം : ശിര്‍ക്ക് പൊറുക്കുമെന്നും ഇല്ലെന്നും ഖുർആനിൽ. Show all posts

Sunday, April 8, 2018

ഇസ്ലാം വിമർശനം : ശിര്‍ക്ക് പൊറുക്കുമെന്നും ഇല്ലെന്നും ഖുർആനിൽ ?


ശിര്‍ക്ക് പൊറുക്കുമെന്നും ഇല്ലെന്നും?● എം.കെ അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
shirk- malayalam
യുക്തിവാദി വിമര്‍ശകന്‍ ഉന്നയിച്ച ഏതാനും വൈരുദ്ധ്യാരോപണങ്ങള്‍ കൂടി പരിശോധിക്കാം. തീരെ ഔചിത്യബോധമില്ലാതെ നടത്തുന്ന വെറും വിമര്‍ശനങ്ങളാണ് അവയെന്നത് പ്രഥമ വിലയിരുത്തലില്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. പരലോകത്ത് കര്‍മ പുസ്തകം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗ്രന്ഥകാരന്‍, ഖുര്‍ആനില്‍ വൈരുദ്ധ്യം നിര്‍മിക്കാന്‍ ശ്രമിക്കുന്നതിങ്ങനെ:

അന്ത്യനാളില്‍ അവിശ്വാസികള്‍ക്ക് ഗ്രന്ഥം നല്‍കുക പിന്നിലൂടെയായിരിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ 84: 10-ല്‍ പറയുന്നു: ‘എന്നാല്‍ ഏതൊരുത്തന് സ്വന്തം കര്‍മരേഖ തന്റെ മുതുകിന്റെ പിന്നിലൂടെ നല്‍കിയോ അവന്‍ ‘നാശമേ’ എന്ന് നിലവിളിക്കും’ (ഇന്‍ശിഖാഖ്: 84: 10-11).

അവിശ്വാസികള്‍ക്ക് അവരുടെ കര്‍മരേഖ നല്‍കുക ഇടതുകൈയിലാണെന്ന് 69: 25-ല്‍ പറയുന്നു:  ‘എന്നാല്‍ ഇടതുകൈയില്‍ ഗ്രന്ഥം നല്‍കപ്പെട്ടവന്‍ ഇപ്രകാരം പറയും: ഹാ! എന്റെ ഗ്രന്ഥം എനിക്ക് നല്‍കിയിരുന്നില്ലെങ്കില്‍ എത്ര നന്നായിരുന്നു’ (ഹാഖ്ഖ: 69: 25). ഈ രണ്ട് വചനങ്ങളില്‍ പറയുന്നത് വ്യക്തമായ വൈരുദ്ധ്യമല്ലേ?

ഇതാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍, ഇതൊരിക്കലും വൈരുദ്ധ്യമല്ല. കാരണം പിന്‍ഭാഗത്തുകൂടി ഇടതുകൈയില്‍ ഗ്രന്ഥം നല്‍കാമല്ലോ.  അവിശ്വാസികളുടെ വലതുകൈകള്‍ പിരടിയിലേക്ക് പിടിച്ചുകെട്ടുമെന്നും ഇടതുകൈ പിന്നിലേക്കാക്കുമെന്നും എന്നിട്ട് പിന്നിലൂടെ ഇടതുകൈയില്‍ ഗ്രന്ഥം നല്‍കുമെന്നും ഇതിനു വിശദീകരണം വന്നിട്ടുണ്ട്. അതിനാല്‍ ഒരു വചനം മറ്റേതിന്റെ വിശദീകരണമാണ്.

ശിര്‍ക്ക് പൊറുക്കുമോ?

ശിര്‍ക്ക് മഹാപാപമാണെന്നും അതൊരിക്കലും പൊറുക്കുകയില്ലെന്നും ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിന് പങ്കുകാരെ കല്‍പിക്കുന്നത് ഒരിക്കലും അവന്‍ പൊറുക്കുകയില്ല. തീര്‍ച്ച. അതല്ലാത്തതെല്ലാം ഉദ്ദേശിക്കുന്നവര്‍ക്കവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവന്‍ ഗുരുതരമായ കുറ്റകൃ ത്യം തന്നെയാണ് നിര്‍മിച്ചുണ്ടാക്കിയിരിക്കുന്നത്’ (നിസാഅ്: 4: 48). ‘അല്ലാഹുവിന് പങ്കുകാരെ കല്‍പിക്കുന്നത് ഒരിക്കലും അവന്‍ പൊറുക്കുകയില്ല, തീര്‍ ച്ച. അതല്ലാത്തതെല്ലാം ഉദ്ദേശിക്കുന്നവര്‍ക്കവന്‍ പൊറുത്തുകൊടുക്കും. അല്ലാഹുവോട് പങ്കുചേര്‍ക്കുന്നവന്‍ വിദൂരമായ വഴികേടില്‍ അകപ്പെട്ടിരിക്കുന്നു’ (നിസാഅ്: 4: 116).

ഇതിനു വിപരീതമായ ശിര്‍ക്ക് ചെയ്തവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുത്തുവെന്ന് 4: 153-ല്‍ പറയുന്നു: ‘പിന്നെ, വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയതിനുശേഷം അവര്‍ പശുക്കുട്ടിയെ ദൈവമായി സ്വീകരിച്ചു. എന്നിട്ട് അതും നാം പൊറുത്തുകൊടുത്തു. മൂസാനബിക്ക് വ്യക്തമായ ന്യായപ്രമാണം നാം നല്‍കുകയും ചെയ്തു’ (നിസാഅ് 4: 153).

ശിര്‍ക്ക് പൊറുത്തുകൊടുക്കുമെന്നു തന്നെ മറ്റൊരു വചനത്തിലും അല്ലാഹു പറയുന്നു: ‘അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തിനും ആരാധിക്കാത്തവരും അല്ലാഹു പവിത്രത കല്‍പിച്ച ജീവനെ ന്യായമായ കാരണമില്ലാതെ ഹനിച്ചുകളയാത്തവരും വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്നപക്ഷം പാപഫലം അവന്‍ കണ്ടെത്തുക തന്നെ ചെയ്യും. ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ അവനു ശിക്ഷ ഇരട്ടിയാക്കുകയും നിന്ദ്യനായി അവനതില്‍ എന്നെന്നും കഴിച്ചുകൂട്ടുകയും ചെയ്യും. പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് തങ്ങളുടെ തിന്മകള്‍ക്കു പകരം നന്മകള്‍ അല്ലാഹു മാറ്റിക്കൊടുക്കും. അല്ലാഹു അധികം പൊറുക്കുന്നവനും അധികം കാരുണ്യമുള്ളവനുമാകുന്നു. വല്ലവനും പശ്ചാത്തപിക്കുകയും സല്‍കര്‍മം പ്ര വര്‍ത്തിക്കുകയും ചെയ്യുന്നപക്ഷം അല്ലാഹുവിലേക്ക് ശരിയായ നിലയില്‍ മടങ്ങുകയാണ് അവന്‍ ചെയ്യുന്നത്’ (അല്‍ഫുര്‍ഖാന്‍: 25: 68-71).

ശിര്‍ക്ക് പൊറുക്കില്ലെന്ന് ആദ്യവചനങ്ങളില്‍ പറയുമ്പോള്‍, അവസാന രണ്ടു സൂക്തങ്ങളില്‍ അതും പൊറുത്തുകൊടുക്കുമെന്നാണ് പരാമര്‍ശം. ഇതു തമ്മില്‍ വ്യക്തമായ വൈരുദ്ധ്യമുണ്ടെന്നാണ് ആരോപണം.

വെറും ദുരാരോപണമാണിതെല്ലാം. കാരണം 4: 48, 4: 116 എന്നീ സൂക്തങ്ങളില്‍ പറയുന്നത് ശിര്‍ക്ക് ഒരിക്കലും അല്ലാഹു പൊറുത്തുകൊടുക്കുകയില്ല എന്നല്ല. പ്രത്യുത, തൗബയില്ലാതെയും ശരിയായ വിശ്വാസം സ്വീകരിക്കാതെയും പൊറുക്കുകയില്ല എന്നാണ്. അല്ലാമ അബുസ്സുഊദ്(റ) എഴുതുന്നു: പശ്ചാത്താപവും വിശ്വാസവും സ്വീകരിക്കാതെ സത്യനിഷേധം അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്നര്‍ത്ഥം. കാരണം സത്യനിഷേധത്തിലേക്കുള്ള കവാടം തന്നെ അടച്ചുകളയുക എന്നതാണ് മതപരമായ യുക്തി തേടുന്നത്. ശരിയായ വിശ്വാസം ഉള്‍ക്കൊള്ളാതെ സത്യനിഷേധം പൊറുക്കുമെന്നുവന്നാല്‍ സത്യനിഷേധത്തിന്റെ കവാടം തുറന്നുകളയലാകുമല്ലോ.  ഇതിനു പുറമെ സത്യനിഷേധത്തിന്റെയും പാപങ്ങളുടെയും ഇരുളുകള്‍ മറച്ചുവക്കുന്നത് വിശ്വാസത്തിന്റെ പ്രകാശമാണ്. അതിനാല്‍ ശരിയായ വിശ്വാസമില്ലാത്തവര്‍ക്ക് സത്യനിഷേധമോ മറ്റു പാപങ്ങളോ പൊറുക്കുകയില്ല (അബുസ്സുഊദ്: 2/ 95).

സല്‍കര്‍മങ്ങള്‍ വഴി പാപങ്ങള്‍ പൊറുക്കുമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ‘പകലിന്റെ രണ്ടറ്റങ്ങളിലും രാവിന്റെ യാമങ്ങളിലും നിസ്‌കാരം താങ്കള്‍ മുറപ്രകാരം നിലനിര്‍ത്തുക. നിശ്ചയം നന്മകള്‍ തിന്മകളെ ഇല്ലാതാക്കും. ചിന്തിക്കുന്നവര്‍ക്കിതൊരു ഉദ്‌ബോധനമാകുന്നു’ (ഹൂദ്: 11: 114).

ഈ ആയത്തിന്റെ വിശദീകരണമായി അല്ലാമാ അബുസ്സുഊദ്(റ) എഴുതുന്നു: നിശ്ചയം നന്മകള്‍ തിന്മകളെ ഇല്ലാതാക്കും. നന്മകളില്‍ പ്രധാനമാണ് നിസ്‌കാരം. മനുഷ്യര്‍ രക്ഷപ്പെടല്‍ വളരെ കുറവായ തിന്മകളാണ് വിവക്ഷ. നന്മകള്‍ അത്തരം തിന്മകളെ പൊറുപ്പിക്കും എന്നര്‍ത്ഥം. ‘വന്‍ദോഷങ്ങള്‍ വര്‍ജ്ജിക്കുന്നപക്ഷം ഒരു നിസ്‌കാരം അടുത്ത നിസ്‌കാരം വരെയുണ്ടാകുന്ന പാപങ്ങളെ പൊറുപ്പിക്കും’ എന്ന് ഹദീസില്‍ വന്നിട്ടുണ്ട് (അബുസ്സുഊദ്: 3/ 395).

ചുരുക്കത്തില്‍, ശിര്‍ക്ക് മഹാപാപമാണ്. കാരണം പരമമായ വണക്കമാകുന്ന ഇബാദത്ത് സമര്‍പ്പിക്കേണ്ടത് പരമമായ അനുഗ്രഹം ചെയ്തുതന്ന സ്രഷ്ടാവായ അല്ലാഹുവിനാണ്. എന്നിരിക്കെ അതിനെ സ്വന്തമായി അനുഗ്രഹത്തിന്റെ ഒരു കണികപോലും ചെയ്യാത്തവര്‍ക്ക് സമര്‍പ്പിക്കുന്നത് അക്രമം തന്നെയാണല്ലോ. ഈ ശിര്‍ക്ക് ചെയ്യുന്നതോടെ ആ വ്യക്തി സത്യവിശ്വാസത്തില്‍ നിന്ന് പുറത്തുപോകുന്നു. അതിനാല്‍ കേവല പശ്ചാത്താപമോ സല്‍കര്‍മങ്ങളോ അതിനെ പൊറുപ്പിക്കുകയില്ല. കാരണം സല്‍കര്‍മങ്ങള്‍ വഴി പാപങ്ങള്‍ പൊറുക്കാനും ശരിയായ വിശ്വാസം വേണമെന്നത് നിബന്ധനയാണ്. അതിനാല്‍ വിശ്വാസവൃത്തത്തില്‍ നിന്ന് പുറത്തുപോയവന്‍ ഈ ആനുകൂല്യത്തിന്റെ പരിധിയില്‍ വരുന്നില്ല. ശിര്‍ക്ക് ചെയ്യുന്നതോടെ മുമ്പ് അവന്‍ പ്രവര്‍ത്തിച്ചിരുന്ന സല്‍കര്‍മങ്ങളെല്ലാം നിഷ്ഫലമായിപ്പോകും.

എന്നാല്‍ അജ്ഞതമൂലമോ അബദ്ധമായോ ഒരു വിശ്വാസി ശിര്‍ക്ക് ചെയ്തുപോയാല്‍ ഇനിയൊരിക്കലും അയാള്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമില്ലെന്ന് ഇതിനര്‍ത്ഥമില്ല. ശരിയായ വിശ്വാസത്തിലേക്ക് മടങ്ങി വരികയും ചെയ്തുപോയതിന്റെ പേരില്‍ ഖേദിച്ച് പശ്ചാത്തപിക്കുകയും ഇസ്‌ലാമിനെതിരായ മുഴുവന്‍ വിശ്വാസങ്ങളില്‍ നിന്നും ആചാരങ്ങളില്‍ നിന്നും ഞാന്‍ മുക്തനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്താല്‍ അയാള്‍ക്കും മോചനം ലഭിക്കും. ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം തുടങ്ങിയ പാപങ്ങള്‍ ചെയ്തവര്‍ക്ക് പാപമോചനത്തിനുളള മാര്‍ഗമാണ് 25: 68-71 ല്‍ ഖുര്‍ആന്‍ വിവരിക്കുന്നത്. ‘പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക് തങ്ങളുടെ തിന്മകള്‍ക്കു പകരം നന്മകള്‍ അല്ലാഹു മാറ്റിക്കൊടുക്കും. അ ല്ലാഹു അധികം പൊറുക്കുന്നവനും അധികം കാരുണ്യമുള്ളവനുമാകുന്നു.’ 28: 71-ല്‍ പറഞ്ഞതതാണ്.

ശിര്‍ക്കെന്ന മഹാപാപം ചെയ്തവന്‍ പശ്ചാത്തപിക്കുന്നതോടൊപ്പം സുദൃഢവും കളങ്കരഹിതവുമായ ഏകദൈവ വിശ്വാസത്തിലേക്ക് മടങ്ങുകകൂടി ചെയ്യണമെന്ന് ഈ വചനം വ്യക്തമാക്കുന്നു. ഇവ്വിഷയകമായ ഒരു സംഭവമാണ് 4: 153-ല്‍ വിവരിക്കുന്നത്. പശുക്കുട്ടിയെ ആരാധിച്ചവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുത്തത് അവര്‍ വിശ്വാസത്തിലേക്ക് മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്തതുകൊണ്ടാണ്. ഇക്കാര്യം സൂറത്തുല്‍ അഅ്‌റാഫിലെ 152-153 വചനങ്ങളില്‍ നിന്നു വ്യക്തം. ‘പശുക്കുട്ടിയെ ദൈവമായി സ്വീകരിച്ചവര്‍ക്ക് തങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള കോപവും ഭൗതികജീവിതത്തില്‍ നിന്ദ്യതയും വന്നെത്തുന്നതാണ്. കള്ളം കെട്ടിച്ചമച്ചുണ്ടാക്കുന്നവര്‍ക്ക് ഇപ്രകാരം നാം പ്രതിഫലം നല്‍കും. തിന്മകള്‍ പ്രവര്‍ത്തിക്കുകയും ശേഷം പശ്ചാത്തപിച്ചുമടങ്ങുകയും വിശ്വസിക്കുകയും ചെയ്തവര്‍ക്കു നിശ്ചയം താങ്കളുടെ രക്ഷിതാവ് അധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്’ (അഅ്‌റാഫ്: 7: 152-153).

പശുക്കുട്ടിയെ ആരാധിച്ചവര്‍ ചെയ്തത് വലിയ തെറ്റാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്  മാതൃകാപരമായ ശിക്ഷ നല്‍കല്‍ വിശ്വാസപരമായ അച്ചടക്കം സമൂഹത്തില്‍ നിലനിര്‍ത്താന്‍ അനിവാര്യമാണ്. പശുക്കുട്ടിയെ ആരാധിച്ചവര്‍ക്ക് ഇഹത്തില്‍വച്ചുതന്നെ ദൈവകോപവും നിന്ദ്യമായ ശിക്ഷയും ലഭിക്കുമെന്നാണ് 152-ാം വചനം പറയുന്നത്. അല്‍ബഖറ 2: 54-ല്‍ ഇവര്‍ക്കു നല്‍കിയ ശിക്ഷ എന്തായിരുന്നുവെന്ന് വിവരിച്ചിട്ടുണ്ട്.

‘മൂസാ നബി പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്. എന്റെ സമുദായമേ, പശുക്കുട്ടിയെ ആരാധിച്ചതുകാരണം നിങ്ങള്‍ നിങ്ങളോടു തന്നെ അതിക്രമം കാണിച്ചിരിക്കുന്നു.  അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിലേക്കു പശ്ചാത്തപിച്ചുമടങ്ങുകയും പ്രായശ്ചിത്തമായി നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കുകയും ചെയ്യുക. നിങ്ങളുടെ സ്രഷ്ടാവിന്റെ അടുക്കല്‍ അതാണു നിങ്ങള്‍ക്കുത്തമം. അനന്തരം അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും അധികം കാരുണ്യം ചെയ്യുന്നവനുമാകുന്നു’ (അല്‍ബഖറ: 2: 54).

ഇവരുടെ പശ്ചാത്താപം കുറ്റവാളികള്‍ പരസ്പരം വെട്ടിമരിക്കലായിരുന്നുവെന്നും  പശുക്കുട്ടിയെ ആരാധിക്കാത്തവര്‍ ആരാധിച്ചവരെ വധിക്കലായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇപ്രകാരം ഉദ്ധരിക്കുന്നു: ഒരാള്‍ തന്റെ ബന്ധുവിനെ കാണുകയും അല്ലാഹുവിന്റെ നിര്‍ദേശം നടപ്പിലാക്കാന്‍ സാധിക്കാതെ വരികയും ചെയ്തു. അപ്പോള്‍ അല്ലാഹു ഒരു കറുത്ത കാര്‍മേഘത്തെ അയച്ചു. അതുകാരണം അവര്‍ പരസ്പരം കാണാത്ത അവസ്ഥ വരികയും രാവിലെ മുതല്‍ വൈകുന്നേരം വരെ അവര്‍ വധിക്കുകയും ചെയ്തു. തുടര്‍ന്ന് മൂസാനബി(അ)യും ഹാറൂന്‍ നബി (അ)യും പ്രാര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് കാര്‍മേഘം നീങ്ങുകയും അല്ലാഹു പശ്ചാത്താപം സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തു. അപ്പോഴേക്ക് 70000 പേര്‍ വധിക്കപ്പെട്ടിരുന്നു (അബുസ്സുഊദ്: 1/ 132).

അപ്പോള്‍ 4: 153-ല്‍ അവര്‍ക്ക് പൊറുത്തുകൊടുത്തത് പശ്ചാത്താപത്തിന് അല്ലാഹു നിര്‍ദേശിച്ച മാര്‍ഗം സ്വീകരിച്ച് അവര്‍ പശ്ചാത്തപിച്ചതുകൊണ്ടാണെന്ന കാര്യം വ്യക്തമാണല്ലോ.

7: 153-ന്റെ വിശദീകരണത്തില്‍ ഇബ്‌നു കസീര്‍ എഴുതുന്നു: സത്യനിഷേധം, ബഹുദൈവത്വം, കാപട്യം, ഭിന്നതയുണ്ടാക്കല്‍ തുടങ്ങി ഏതു പാപം തന്നെ അടിമകള്‍ ചെയ്താലും അവര്‍ പശ്ചാത്തപിച്ച് മടങ്ങുന്നപക്ഷം അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുമെന്ന് അടിമകളെ അവന്‍ ഉണര്‍ത്തുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നു. അതിന്റെ ഭാഗമായി ഈ വിഷയം പറഞ്ഞയുടനെ അല്ലാഹു പറയുന്നു: ‘തിന്മകള്‍ പ്രവര്‍ത്തിക്കുകയും ശേഷം പശ്ചാത്തപിച്ചുമടങ്ങുകയും വിശ്വസിക്കുകയും ചെയ്തവര്‍ക്കു നിശ്ചയം താങ്കളുടെ രക്ഷിതാവ് അധികം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്’ (ഇബ്‌നു കസീര്‍: 3/ 478).

ചുരുക്കത്തില്‍, ശിര്‍ക്ക് മഹാപാപമാണെന്നും അത് പൊറുക്കുകയില്ലെന്നും പറഞ്ഞതിന്റെ താല്‍പര്യമിതാണ്: ശിര്‍ക്ക് ചെയ്ത ശേഷം പശ്ചാത്തപിച്ച് സത്യവിശ്വാസത്തിലേക്ക് മടങ്ങാതെ മരണപ്പെട്ടവര്‍ക്ക് സ്വര്‍ഗം നിഷിദ്ധമാണ്. വിശ്വാസിയായിരിക്കെ സംഭവിച്ചുപോകുന്ന ചെറുപാപങ്ങള്‍  സല്‍കര്‍മങ്ങള്‍ കാരണം അല്ലാഹു പൊറുക്കുന്നതുപോലെ ശിര്‍ക്ക് അവന്‍ പൊറുക്കുകയില്ല. അതിനാല്‍ ശിര്‍ക്ക് ചെയ്തവര്‍ പശ്ചാത്തപിച്ച് ശരിയായ വിശ്വാസത്തിലേക്ക് മടങ്ങുക തന്നെ വേണം. അവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കുമെന്ന് പറയുന്ന വചനങ്ങളുമായി പൊതുവെ ശിര്‍ക്ക് പൊറുക്കില്ലെന്ന് പറയുന്ന സൂക്തങ്ങള്‍ എതിരാകുന്നില്ല.



ഇബ്‌ലീസിന്റെ സുജൂദ്

മറ്റൊരു വൈരുദ്ധ്യാരോപണം കാണുക: മലക്കുകള്‍ ദൈവിക കല്‍പനകള്‍ ധിക്കരിക്കാത്തവരാണെന്ന് 16: 49-50-ല്‍ പറയുന്നു: ‘ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമായ ഏതൊരു ജീവിയും അല്ലാഹുവിന് സുജൂദ് ചെയ്യുന്നു. മലക്കുകളും സുജൂദ് ചെയ്യുന്നു. അവര്‍ അഹങ്കരിക്കുന്നില്ല. അവര്‍ക്കു മീതെയുള്ള അവരുടെ രക്ഷിതാവിനെ അവര്‍ ഭയപ്പെടുകയും അവരോട് കല്‍പ്പിക്കുന്നതെല്ലാം അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു’ (അന്നഹ്ല്‍: 16: 49-50).

എന്നാല്‍ ആദം നബി(അ)ക്ക് സുജൂദ് ചെയ്യാന്‍ അല്ലാഹു മലക്കുകളോട് കല്‍പിച്ചപ്പോള്‍ ഇബ്‌ലീസ് അഹങ്കരിക്കുകയും സുജൂദ് ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തുവെന്ന് 2: 34-ലും മറ്റും പറയുന്നു: ‘ആദമിന് നിങ്ങള്‍ സുജൂദ് ചെയ്യുവിന്‍ എന്ന് മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം സ്മരണീയം. മലക്കുകള്‍ സുജൂദ് ചെയ്തു. ഇബ്‌ലീസ് ഒഴികെ, അവന്‍ വിസമ്മതിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവന്‍ സത്യനിഷേധികളില്‍ പെട്ടവനായിരിക്കുന്നു’ (അല്‍ബഖറ: 2: 34).

ഈ രണ്ട് വചനങ്ങളില്‍ പറയുന്നത് വ്യക്തമായ വൈരുദ്ധ്യമല്ലേ?

മറുപടി

അല്ലാഹുവിന്റെ കല്‍പനകള്‍ ധിക്കരിക്കുകയില്ലെന്നു പറഞ്ഞ മലക്കുകളില്‍ പെട്ടവനല്ല ഇബ്‌ലീസ്. പ്രത്യുത, അവന്‍ ജിന്നുകളില്‍ പെട്ടവനാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ‘ആദമിന് നിങ്ങള്‍ സുജൂദ് ചെയ്യൂ എന്ന് മലക്കുകളോട് നാം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാണ്. അവര്‍ സുജൂദ് ചെയ്തു. ഇബ്‌ലീസ് ഒഴികെ. അവന്‍ ജിന്നുകളില്‍ പെട്ടവനായിരുന്നു. അങ്ങനെ തന്റെ രക്ഷിതാവിന്റെ കല്‍പന അവന്‍ ധിക്കരിച്ചു’ (അല്‍കഹ്ഫ്: 18: 50). അതുകൊണ്ടുതന്നെ ഈ സൂക്തങ്ങള്‍ പരസ്പര വിരുദ്ധങ്ങളല്ല.

ഇബ്‌ലീസ് ജിന്നുകളില്‍ പെട്ടവനാണെങ്കില്‍ മലക്കുകളോടുള്ള നിര്‍ദേശം അവനെങ്ങനെ ബാധകമായി എന്നതാണ് ഇവിടെ ഉത്ഭവിക്കുന്ന ഒരു സംശയം. ഇതിനു ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമായ മറുപടി പറയുന്നുണ്ട്.

സുജൂദ് ചെയ്യാനുള്ള കല്‍പ്പന ഇബ്‌ലീസിന്  ബാധകമായത് അവന്‍ മലക്കുകളില്‍ പെട്ടവനായതു കൊണ്ടല്ല. മറിച്ച്, ഇബ്‌ലീസ് ആയിരക്കണക്കായ മലക്കുകള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു ജിന്നായതുകൊണ്ട് മലക്കുകളെ പരാമര്‍ശിച്ചതില്‍ ഉള്‍പ്പെട്ടു എന്നേയുള്ളൂ. നിയമം അവനും ബാധകമായിരുന്നു. അല്ലെങ്കില്‍ മലക്കുകളെ പോലെ ജിന്നുകളും സുജൂദ് ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടിരുന്നു. പക്ഷേ പ്രധാനികള്‍ മലക്കുകളായതുകൊണ്ട്  അവരെ മാത്രം പറഞ്ഞതാണ്. മറ്റൊരാള്‍ക്ക് വിനയം കാണിക്കാനും അദ്ദേഹത്തെ മധ്യവര്‍ത്തിയാക്കാനും പ്രധാനപ്പെട്ടവര്‍ തന്നെ കല്‍പ്പിക്കപ്പെട്ടാല്‍ അക്കാര്യം ചെയ്യാന്‍ ചെറിയവര്‍ എന്തായാലും കല്‍പ്പിക്കപ്പെട്ടവരാണെന്ന് മനസ്സിലാക്കാമല്ലോ. അതിനാല്‍ ഇക്കാര്യത്തിലും ഖുര്‍ആനില്‍ വൈരുദ്ധ്യമില്ലെന്ന് സുവ്യക്തം. ഇസ്‌ലാം വിരുദ്ധത ആദര്‍ശത്തില്‍ കലര്‍ന്നതിനാലാണ് വിമര്‍ശകര്‍ക്ക് ഇത്തരം സൂക്തങ്ങള്‍ക്കിടയില്‍ പരസ്പര വൈരുദ്ധ്യമുണ്ടെന്നു തോന്നുന്നത്.

(തുടരും)

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....