Showing posts with label മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം . Show all posts
Showing posts with label മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം . Show all posts

Tuesday, April 17, 2018

മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

മരിച്ചവര്‍ക്കുള്ള പാരായണം മുസ്‌ലിംലോകം പറയുന്നതെന്ത്?●

മരിച്ചവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം അവര്‍ക്ക് ലഭിക്കുന്ന വലിയ പ്രതിഫലമാണെന്ന് ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ കൊണ്ട് മുന്പ് സമര്‍ത്ഥിച്ചല്ലോ. ഇനി ഇതര മദ്ഹബുകളുടെ വീക്ഷണം പരിശോധിക്കാം.
ഹനഫീ മദ്ഹബിലെ പ്രമുഖ പണ്ഡിതരില്‍ പെട്ട ഇബ്നു ആബിദീന്‍ (റ) ഴുതുന്നു: ശാഫിഈ മദ്ഹബിലെ പില്‍ക്കാല പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്ന ആശയം, ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് മയ്യിത്തിന്റെ സമീപത്തുവെച്ചാവുകയോ പാരായണം നടത്തിയ ഉടനെ മയ്യിത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്താല്‍ അത് മയ്യിത്തിന് ലഭിക്കുമെന്നാണ്. കാരണം, ഖുര്‍ആന്‍ പാരായണം നടത്തുന്ന സ്ഥലത്ത് റഹ്മത്തും ബറകത്തും ഇറങ്ങുന്നതാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഉടനെയുള്ള പ്രാര്‍ത്ഥനക്ക് കൂടുതല്‍ സ്വീകാര്യത പ്രതീക്ഷിക്കാവുന്നതുമാണ്. ഇപ്പറഞ്ഞതില്‍ നിന്ന് മനസ്സിലാവുന്നത് ഖുര്‍ആന്‍ പാരായണം കൊണ്ട് മയ്യിത്തിന് പ്രയോജനമുണ്ടാകുമെന്നാണ്. ഇതുകൊണ്ടാണ് പ്രാര്‍ത്ഥനയില്‍ “ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലത്തോട് തത്തുല്യമായൊരു പ്രതിഫലം മയ്യിത്തിലേക്ക് നീ എത്തിക്കേണമേ അല്ലാഹുവേ’’ എന്ന വാചകം അവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം തന്നെ മയ്യിത്തിന് ലഭിക്കുമെന്നാണ് നമ്മുടെ വീക്ഷണം (റദ്ദുല്‍ മുഖ്താര്‍ 3/152).
ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈന്തപ്പന മട്ടല്‍ നാട്ടിയ സംഭവം പരാമര്‍ശിക്കുന്ന ഹദീസ് വിവരിച്ച് മാലികി മദ്ഹബിലെ പ്രഗത്ഭ പണ്ഡിതന്‍ ഖാസി ഇയാള്(റ) പറയുന്നു: “മയ്യിത്തിന്റെ പേരില്‍ പാരായണം ചെയ്യല്‍ സുന്നത്താണെന്ന് ഇതില്‍ നിന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. അചേതന വസ്തുവായ ഈത്തപ്പന മട്ടലിന്റെ തസ്ബീഹ് നിമിത്തം മയ്യിത്തിന് ആശ്വാസം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ പാരായണം കൊണ്ട് ആശ്വാസം ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ’’ (ശര്‍ഹുശൈഖ് മുഹമ്മദ് ഖലീഫ 2/125).
ഇബ്നുല്‍ഹാജ്(റ) എഴുതി: “മയ്യിത്തിന്റെ വീട്ടില്‍ വെച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് മയ്യിത്തിന് ഹദ്യ ചെയ്താല്‍ പ്രതിഫലം ലഭിക്കുന്നതാണ്. ഖുര്‍ആന്‍ പാരായണത്തില്‍ നിന്ന് വിരമിച്ചാല്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് ദാനം ചെയ്യുകയോ അത് മയ്യിത്തിന് ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുകയോ ചെയ്യണം. പ്രതിഫലം മയ്യിത്തിന് ലഭിക്കാനുള്ള പ്രാര്‍ത്ഥനയാണിത്. പ്രാര്‍ത്ഥന മയ്യിത്തിലേക്ക് ചേരുമെന്നതില്‍ വീക്ഷണാന്തരമില്ല’’ (അല്‍മദ്ഖല്‍, ഇമാം ഖറാഫിറ യുടെ അല്‍ഫുറൂഖ് 3/192).
ഹമ്പലീ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നുഖുദാമ പറയുന്നു: “ഏതു നല്ല കര്‍മം ചെയ്ത് അതിന്റെ പ്രതിഫലം മയ്യിത്തിന് ഹദ്യ നല്‍കിയാലും അത് മയ്യിത്തിന് ഉപകരിക്കും. മുന്പ് വിവരിച്ച പ്രമാണങ്ങളും മുസ്‌ലിം ലോകത്തിന്റെ ഇജ്മാഉം നാം പറഞ്ഞതിന് രേഖയാണ്. നിശ്ചയം എല്ലാ കാലത്തും എല്ലാ സ്ഥലങ്ങളിലും മുസ്‌ലിംകള്‍ സമ്മേളിച്ച് ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യാറുണ്ട്. അത് ഒരിക്കലും വിമര്‍ശിക്കപ്പെട്ടിരുന്നില്ല’’ (അല്‍മുഗ്നി 5/80).
അദ്ദേഹം തന്നെ മറ്റൊരു ഗ്രന്ഥത്തില്‍ പറയുന്നതു കൂടി കാണുക: “എല്ലാ സ്ഥലങ്ങളിലുമുള്ള മുസ്‌ലിംകള്‍ ഒരുമിച്ച് കൂടി ഖുര്‍ആന്‍ പാരായണം ചെയ്ത് മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്യുന്നുണ്ട്. അതിനെ ആരും വിമര്‍ശിച്ചിട്ടില്ല. അതിനാല്‍ അത് ഇജ്മാഉള്ള വിഷയമായിത്തീര്‍ന്നു’’ (അല്‍കാഫീ 1/131).
ആകാശ ഭൂമിയുടെയും മറ്റു വസ്തുക്കളുടെയും തസ്ബീഹിനെക്കുറിച്ച് പരാമര്‍ശിക്കുന്ന സൂക്തമാണ് ഇസ്റാഅ് സൂറത്തിലെ 44ാം വാക്യം. ഇതിന്റെ വ്യാഖ്യാനത്തില്‍ ശിക്ഷയനുഭവിക്കുന്ന രണ്ടാളുകളുടെ ഖബ്റിന്മേല്‍ നബി(സ്വ) ഈത്തപ്പന മട്ടല്‍ നാട്ടിയ സംഭവം വിവരിക്കുന്ന ഹദീസ് ഉദ്ധരിച്ച ശേഷം പ്രഗത്ഭ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇമാം ഖുര്‍തുബി(റ) രേഖപ്പെടുത്തുന്നു:
“നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞു: ഖബ്റിങ്കല്‍ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്താമെന്നും ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കണമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം. മരങ്ങള്‍ കാരണം ഖബ്റാളികള്‍ക്ക് ആശ്വാസം ലഭിക്കുമെങ്കില്‍ സത്യവിശ്വാസിയായ മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം നിര്‍വഹിച്ചാല്‍ എങ്ങനെ ഫലപ്പെടാതിരിക്കും’’ (ഖുര്‍തുബി 10/173).
യാസീന്‍ സൂറത്തിന്റെ മഹത്ത്വം വിവരിച്ച് ഇമാം ഖുര്‍തുബി(റ) തന്നെ രേഖപ്പെടുത്തുന്നു: “റസൂല്‍(സ്വ) പറഞ്ഞതായി അനസ്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. അവിടുന്ന് പറഞ്ഞു: ആരെങ്കിലും മഖ്ബറകളില്‍ പ്രവേശിക്കുകയും യാസീന്‍ സൂറത്ത് അവിടെ വെച്ച് പാരായണം നടത്തുകയും ചെയ്താല്‍ ശിക്ഷയനുഭവിക്കുന്നവര്‍ക്ക് അല്ലാഹു ഇളവ് നല്‍കുകയും യാസീന്‍ സൂറത്തിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് പാരായണം നിര്‍വഹിച്ച വ്യക്തിക്ക് നന്മകള്‍ ലഭിക്കുകയും ചെയ്യും’’ (15/4).
ഇബ്നു അബീശൈബ(റ) മുസ്വന്നഫില്‍ രേഖപ്പെടുത്തി: “അന്‍സ്വാറുകള്‍ മയ്യിത്തിന്റെയടുക്കല്‍ സൂറത്തുല്‍ ബഖറ ഓതുന്നവരായിരുന്നു.’’
നബി(സ്വ)യുടെ സ്വഹാബികളില്‍ ഖുര്‍ആന്‍ പ്രത്യേകം പുകഴ്ത്തിയവരാണ് അന്‍സ്വാറുകള്‍. അവര്‍ക്ക് മയ്യിത്തിനരികില്‍ ഖുര്‍ആന്‍ ഓതുന്ന പതിവുണ്ടായിരുന്നതായി താബിഉകളില്‍ പെട്ട ഇമാം ശഅ്ബി(റ) പറഞ്ഞതായാണ് ഇവിടെ വിവരിക്കുന്നത്. ഏതെങ്കിലും ഒരു സ്വഹാബി ഇതിനെതിരില്‍ പ്രതികരിച്ചതായി രേഖയില്ല. അതിനാല്‍ ഈ വിഷയത്തില്‍ സ്വഹാബത്തിന്റെ ഇജ്മാഅ് ഉണ്ട് എന്നു പണ്ഡിതര്‍ സമര്‍ത്ഥിച്ചു.
ഹമ്പലി പണ്ഡിതനായ ഖല്ലാല്‍ ജാമിഅ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചതായി ഇമാം സുയൂഥി(റ) ശറഹുസ്സുദൂറിലും ഇബ്നുല്‍ ഖയ്യിം കിതാബുറൂഹിലും രേഖപ്പെടുത്തുന്നു: “ശഅ്ബി പറഞ്ഞു: അന്‍സ്വാറുകള്‍ മരണപ്പെട്ടവരുടെ ഖബ്റിനരികിലേക്ക് നിരന്തരം പോവുകയും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുകയും ചെയ്യാറുണ്ടായിരുന്നു.’’
ഇവിടെ പരാമര്‍ശിക്കപ്പെട്ട ശഅ്ബി(റ) പ്രഗത്ഭ പണ്ഡിതനും അഞ്ഞൂറോളം സ്വഹാബികളുമായി ഇടപഴകിയ വ്യക്തിയും സ്വഹാബി പ്രമുഖരില്‍ നിന്ന് ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാനുമാണെന്ന് ഇമാം ബുഖാരി(റ) താരീഖുസ്വഗീറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്‍സ്വാറുകളുള്‍പ്പെട്ട സ്വഹാബികളെ പിന്തുടരേണ്ടതും അംഗീകരിക്കേണ്ടതും യഥാര്‍ത്ഥ വിശ്വാസിയുടെ ബാധ്യതയാണെന്നു പറയേണ്ടതില്ലല്ലോ.
അവസാനമായി, ബിദ്അത്തുകാരുടെ നേതാവ് ഇബ്നു തൈമിയ്യയുടെ പരിഗണനക്ക് വന്ന ചോദ്യവും മറുപടിയും കൂടി പരാമര്‍ശിക്കാം. മരണപ്പെട്ടവന്റെ ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണവും ലാഇലാഹ ഇല്ലല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ തുടങ്ങിയ ദിക്ര്‍ നിര്‍വഹണവും മരണപ്പെട്ടവര്‍ക്ക് ദാനം ചെയ്താല്‍ മയ്യിത്തിലേക്ക് ചേരുമോ? ഈ ചോദ്യത്തിന് ഇബ്നുതൈമിയ്യ നല്‍കിയ മറുപടി ഇങ്ങനെ: ബന്ധുക്കളുടെ ഖുര്‍ആന്‍ പാരായണം തസ്ബീഹ്, തക്ബീര്‍ മറ്റു ദിക്റുകളെല്ലാം അവര്‍ മരണപ്പെട്ടവര്‍ക്ക് ഹദ്യ ചെയ്താല്‍ പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നതാണ് (ഫതാവാ 24/324).
ഇബ്നു തൈമിയ്യ വിശദീകരിച്ചെഴുതി: “തീര്‍ച്ച, സ്വലാത്ത്’’ ഖുര്‍ആന്‍ പാരായണം തുടങ്ങിയ ശാരീരികാരാധനകളുടെ പ്രതിഫലം, സ്വദഖ പോലുള്ള സാമ്പത്തികാരാധനകളുടെ പ്രതിഫലവും മരിച്ചവരിലേക്ക് ചേരുമെന്ന ഏകോപനമുള്ളതിനാല്‍ ഖുര്‍ആന്‍ പാരായണത്തിന്റെ പുണ്യവും മരണപ്പെട്ടവര്‍ക്ക് എത്തുകതന്നെ ചെയ്യും. ഇമാം അബൂഹനീഫ(റ), അഹ്മദ്(റ) തുടങ്ങിയവരും ശാഫിഈ, മാലികീ മദ്ഹബുകളില്‍ ഒരു വിഭാഗവും ഇതേ വീക്ഷണക്കാരാണ്. ഇതു മാത്രമാണ് ശരി. കാരണം മറ്റു സ്ഥലങ്ങളില്‍ നാം പറഞ്ഞ ധാരാളം തെളിവുകള്‍ ഇതിനുണ്ട്’’ (ഇഖ്തിളാഉസ്വിറാതില്‍ മുസ്തഖീം/378).
പ്രമാണവിരുദ്ധമായി ബിദ്അത്തുകാര്‍ അഴിച്ചുവിട്ടതാണ് മയ്യിത്തിനു വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ വിരുദ്ധതയെന്നു വ്യക്തം. മതം പ്രോത്സാഹിപ്പിച്ച നല്ല കാര്യങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണല്ലോ അവരുടെ അടിസ്ഥാന ലക്ഷ്യം. ആയത്തും ഹദീസും പിന്തുണക്കാതിരുന്നതിനാലാണ്ഈ നിഗൂഢലക്ഷ്യം സമര്‍ത്ഥിക്കാന്‍ ചങ്ങലീരി സലാഹിയും മറ്റും ശാഫിഈ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ വെട്ടിമുറിക്കാനിറങ്ങിയത്. സൂര്യപ്രകാശത്തെ മൂടിവെക്കാന്‍ പക്ഷേ, അവരുടെ കൈക്രിയകള്‍ക്ക് ആവുകയില്ല.

ഹസന്‍ സഖാഫി മോങ്ങം

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...