Showing posts with label ആത്മീയ ചികിത്സ : മതത്തിനെതിരല്ല. Show all posts
Showing posts with label ആത്മീയ ചികിത്സ : മതത്തിനെതിരല്ല. Show all posts

Friday, April 27, 2018

ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും

🍔🍿🍔🍿🍔🍿

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=0


ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും● 0 COMMENTS

രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്‌ലാം പാപമായാണ് കാണുന്നത്. രോഗമേതിനും ചികിത്സയുണ്ടെങ്കിലും അതറിഞ്ഞു പ്രയോഗിക്കണമെന്നാണ് പണ്ഡിത നിര്‍ദേശം. രോഗത്തിനനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ചികിത്സകനും ചില യോഗ്യത വേണം. ചികിത്സയിലുണ്ടാവുന്ന പരാജയങ്ങള്‍ ഏറെയാണ്. എന്നാല്‍ അതെല്ലാം ചികിത്സാ രീതിയുടെ കുഴപ്പമാകണമെന്നില്ല. അനുപാദം പോലെ മരുന്ന് പ്രയോഗം നടത്തുന്നതില്‍ വന്ന പിഴവുമാകാം പ്രത്യക്ഷത്തില്‍ പരാജയകാരണം.

അതേസമയം ചികിത്സാ വിജയവും രോഗി സുഖജീവിതത്തിലേക്ക് തിരിച്ചുവന്നതും പരിഗണിച്ചു മാത്രം ചികിത്സകന്‍ യോഗ്യനാണെന്നു മാനദണ്ഡമാക്കാനും പറ്റില്ല. കാരണം വ്യാജന്മാര്‍ പലപ്പോഴും ഫലപ്രദമായ ചികിത്സകള്‍ നടത്തി പിടിച്ചുനില്‍ക്കാറുണ്ടല്ലോ. ചികിത്സയുമായി ബന്ധപ്പെട്ട് വിവേചനപൂര്‍വമുള്ള നിലപാട് അനിവാര്യമാണെന്ന് ചുരുക്കം. ഒരാളുടെ ന്യൂനതയെ ആ വിഭാഗത്തെ മുഴുവന്‍ പഴിക്കുന്നതിന് ഉപാധിയാക്കുന്നത് നീതിയല്ലെന്ന് മാത്രം. അതിനാല്‍ ചികിത്സ പരാജയപ്പെടുന്നിടത്തല്ല വ്യാജ വിലാസം കാണേണ്ടത്. പ്രത്യുത ചികിത്സ യഥാതഥമാണോ പ്രമാണവിരുദ്ധമാണോ എന്നതിലാണ്.

ഇത്രയും പറയേണ്ടി വന്നത്, ഈയിടെ ആത്മീയ ചികിത്സയുടെ മറവില്‍ നടന്ന രണ്ട് ദാരുണ സംഭവങ്ങള്‍ മുന്നില്‍ വെച്ച് ആ ചികിത്സാ ശാഖ പൂര്‍ണമായി തെറ്റാണെന്നു വരുത്താനുള്ള ചില കൊണ്ടുപിടിച്ച ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ്. ചിലര്‍ ആത്മീയ ചികിത്സ മതത്തിനും മനുഷ്യനുമെതിരാണെന്നു സമര്‍ത്ഥിക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ആ രണ്ട് സംഭവങ്ങളിലും ചികിത്സയുടെ പേരിലുള്ള ശാരീരിക മര്‍ദനം മൂലം രോഗികള്‍ മരിക്കാനിടയായത് ദൗര്‍ഭാഗ്യകരവും നിയമനടപടികള്‍ അര്‍ഹിക്കുന്നതുമാണ്. ഇനി വിഷയത്തിലേക്ക് വരാം.

നിര്‍ദ്ദിഷ്ടവും അനുവദനീയവുമായ ചികിത്സാ മാര്‍ഗം കൃത്യമായി അറിയാതെ കൈകാര്യം ചെയ്യുന്നത് ആതുര ശുശ്രൂഷാ രംഗത്ത് ഒരര്‍ത്ഥത്തിലും ശരിയല്ല. ധര്‍മവിചാരത്തിന്റെയും ആത്മീയ ബോധത്തിന്റെയും അഭാവമോ കുറവോ ആണ് യഥാര്‍ത്ഥത്തില്‍ വ്യാജന്മാരെ സൃഷ്ടിക്കുന്നത്. നിപുണനായ ചികിത്സകന് തന്നെ ചിലപ്പോള്‍ അപാകം സംഭവിച്ചേക്കാം. ഏതെങ്കിലുമൊരു ചികിത്സാ ശാഖയില്‍ സ്പ്യെലൈസ് ചെയ്തിട്ടുള്ള ഡോക്ടറില്‍ നിന്ന് തന്നെ ഇത്തരം കേസുകള്‍ ഉണ്ടായേക്കാം. എങ്കിലും തന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളും രോഗിയുടെ ബന്ധുക്കള്‍ ഒപ്പിട്ടു നല്‍കുന്ന സമ്മതപത്രവും അയാളെ രക്ഷിക്കാന്‍ മതിയാവും. അതിനാല്‍ തന്നെ പരാജയപ്പെട്ട ചികിത്സയുടെ പേരില്‍ ആ ഡോക്ടര്‍ വ്യാജനാവുന്നില്ല. അലോപ്പതിയെ അംഗീകരിക്കാത്ത ഒരാള്‍ ഇതിന്റെ പേരില്‍ കലാപം നയിക്കുന്നതിലര്‍ത്ഥവുമില്ല.

രോഗം അടിസ്ഥാന പരമായി മാനുഷികമായ അവസ്ഥകളെ ചൊല്ലിയുള്ളതാണ്. അത് മാനസികമാവാം, ശാരീരികവും ആത്മീയവുമാവാം. അതിനെ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ഉപാധി നടപ്പാക്കുകയാണ് ചികിത്സകന്‍ ചെയ്യുന്നത്. അതിനായി അയാള്‍ നടത്തുന്ന ഇടപെടലാണ് ചികിത്സ.

ചികിത്സകനും മനുഷ്യനാണ് എന്നതിനാല്‍ യോഗ്യനെങ്കിലും ദൗര്‍ബല്യങ്ങളും കൈപ്പിഴകളും സ്വാഭാവികം. അയാള്‍ക്ക് മനസാക്ഷിയും മനുഷ്യപ്പറ്റുമുണ്ട് എന്ന ബോധ്യം രോഗിക്കും ബന്ധുക്കള്‍ക്കും വേണ്ടതുണ്ട്. ആത്മീയബോധവും സേവനമനസ്ഥിതിയും പരിരക്ഷിക്കുവാന്‍ ചികിത്സകനും ബാധ്യതയുണ്ട്. വ്യാജ ചികിത്സാരിയെ ന്യായീകരിക്കാന്‍ പാടില്ലാത്തതുപോലെ ഇത്തരം കേന്ദ്രങ്ങളില്‍ ചെല്ലുന്നവരെ വെള്ള പൂശാനുമാകില്ല.

ചികിത്സാ മുറകള്‍

അലോപ്പതി വ്യൈശാഖയില്‍ ലളിതവും സങ്കീര്‍ണവുമായ ചികിത്സാമുറകള്‍ കാണാം. വെറും മരുന്ന് സേവ ലളിതമാണെങ്കില്‍ ശസ്ത്രക്രിയ സങ്കീര്‍ണമാണ്. ശരീരപ്രകൃതത്തിനു അന്യമായതിനെ അകറ്റാനാണിത് കൂടുതലായും ഉപയോഗിക്കുന്നത്. അത് നിര്‍വഹിക്കുന്നതിന് ഒരുപാട് ഘടകങ്ങള്‍ അടിസ്ഥാനപരമായി വേണ്ടതുണ്ട്. അവയെല്ലാം ഒത്തിണങ്ങിയാല്‍ സര്‍ജനായ ഡോക്ടര്‍ ആത്മവിശ്വാസത്തോടെ കൃത്യം ചെയ്തത് വിജയിക്കുകയാണ് പതിവ്. മുറിവാക്കിയോ പഴുതാക്കിയോ നടത്തുന്ന ഈ ക്രിയയില്‍ ഉപയോഗിക്കുന്ന വിവിധ മെഡിക്കല്‍ ഉപകരണങ്ങളുണ്ട്. ഡോക്ടറല്ലാത്ത ഒരാള്‍ ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ആരിലെങ്കിലും പരീക്ഷണം നടത്തുന്നുവെങ്കില്‍ അത് കുറ്റകരമാണെന്നതില്‍ തര്‍ക്കമില്ല.

ഇത് അലോപ്പതിയുടെ മാത്രം പ്രശ്നമല്ല. വിരുദ്ധഫലം വേഗത്തില്‍ പ്രകടമാകുന്നതാണ് അലോപ്പതിയെന്നതിനാല്‍ ഔഷധമാറ്റങ്ങളും പ്രശ്നകാരണമാണ്. മറ്റു പല ചികിത്സാ രീതികളിലും ഇതുണ്ട്, താരതമ്യേന കുറവാണെങ്കിലും. ചില ഔഷധങ്ങളുടെ പ്രവര്‍ത്തനവും അതിനാലുണ്ടാവുന്ന പ്രതിപ്രവര്‍ത്തനവും ആരോഗ്യപരമായി പ്രത്യാഘാതങ്ങളുണ്ടാക്കും. ഔഷധങ്ങളും അവയുടെ ഗുണദോഷങ്ങളും കൃത്യമായി നിശ്ചയമില്ലാത്തവന്‍ ചികിത്സിച്ചാല്‍ അനര്‍ത്ഥങ്ങള്‍ സംഭവിക്കുക സ്വാഭാവികം.

എല്ലാ രോഗങ്ങള്‍ക്കും ഒരു ചികിത്സാ സന്പ്രദായത്തില്‍ മരുന്നുണ്ടാവണമെന്നില്ല. അപ്പോള്‍ അനുയോജ്യമായ മറ്റു ചികിത്സാ ശാഖയെ അവലംബിക്കേണ്ടിവരും. ആ മേഖലയെക്കുറിച്ചറിയാത്തവര്‍ വിമര്‍ശിച്ചാലും പരിഹാരം അവിടെ നിന്നു ലഭിച്ചെന്നിരിക്കും. ആ സമയത്തും തമ്പോരിമയില്‍ ഊറ്റംകൊള്ളുന്നത് നാശമേ വരുത്തൂ. താരതമ്യേന പാര്‍ശ്വഫലങ്ങളില്ലാത്തവ അവലംബിക്കുന്നത് മഠയത്തമൊന്നുമല്ല. ശരിയായ ആത്മീയ ചികിത്സ ഇത്തരത്തിലുള്ളതാണ്.

അറിയാതെ നടത്തുന്ന ചികിത്സ കൊണ്ടുണ്ടാവുന്ന നഷ്ടത്തിന് ചികിത്സകന്‍ ഉത്തരവാദിയായിരിക്കുമെന്നാണ് ഇസ്ലാമിക പാഠം. സമീപനത്തിന്റെ സ്ഥിതിയും സാഹചര്യവും പോലെ പ്രായശ്ചിത്തമോ പ്രതിക്രിയയോ ശിക്ഷയായി ലഭിക്കുകയും ചെയ്യും.

നബി(സ്വ)യുടെ പാഠങ്ങളില്‍ നിന്ന് അവയിലടങ്ങിയ ആരോഗ്യ ചികിത്സാ വശങ്ങളെ വേര്‍തിരിച്ചെടുത്ത് വിവരിച്ച പണ്ഡിതര്‍ അവരുടെ കൃതികളില്‍ ചികിത്സകനുണ്ടായിരിക്കേണ്ട യോഗ്യതകളും ഗുണങ്ങളും എണ്ണിപ്പറഞ്ഞിട്ടുണ്ട്.

രോഗത്തിന് വ്യത്യസ്ത അവസ്ഥകളുള്ള പോലെ രോഗകാരണങ്ങള്‍ക്കും അതുണ്ടാകും. ശരീരവും മനസ്സും രോഗത്തിനടിപ്പെടാം. അപ്പോള്‍ രണ്ടിനും അനുയോജ്യമായ ചികിത്സകളാണ് ലഭിക്കേണ്ടത്. രോഗ കാരണം ഭൗതികമാണെന്നു വിധിച്ച് അത്തരത്തിലുള്ള ചികിത്സ എല്ലാറ്റിലും നടക്കണമെന്നില്ല. ഭൗതിക സംവിധാനങ്ങള്‍ക്ക് വിധേയപ്പെടാത്ത രോഗങ്ങളും രോഗഹേതുകങ്ങളും ഉണ്ടെന്നതാണ് കാരണം. അവക്ക് ആത്മീയ ചികിത്സ തന്നെ വേണ്ടിവരും. മറ്റുള്ളവ ഭാഗിക/താത്ക്കാലിക ശമനമേ നല്‍കൂ.

മാനസികമായ രോഗങ്ങള്‍ക്കും അസന്തുലിതാവസ്ഥക്കും കാരണമാവുന്ന ശാരീരിക പ്രശ്നങ്ങളെ ഭൗതിക ഔഷധങ്ങള്‍ കൊണ്ട് സുഖപ്പെടുത്താന്‍ സംവിധാനങ്ങളുണ്ട്. മനസ്സിനെ തന്നെ കേന്ദ്രീകരിച്ച് മരുന്നില്ലാത്ത ഭൗതിക ചികിത്സാ രീതികളും നടപ്പിലുണ്ട്. മനഃശാസ്ത്ര ചികിത്സകള്‍ ഉദാഹരണം. ചില ദുശ്ശീലങ്ങളെയും ദൗര്‍ബല്യങ്ങളെയും മാറ്റിയെടുക്കാന്‍ അത്തരം മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്നത് ശരിയുമാണ്. എന്നാല്‍ എല്ലാവിധ രോഗങ്ങള്‍ക്കും ഇത് ഫലപ്രദമല്ല.

ആത്മീയ ചികിത്സ

ആത്മീയ ചികിത്സയെക്കുറിച്ച് ചിലര്‍ക്ക് കേള്‍ക്കാനിഷ്ടമില്ല. അത്യാവശ്യഘട്ടത്തില്‍ രഹസ്യമായി അത് സ്വീകരിക്കുന്നവര്‍ തന്നെയും പരസ്യമായി അതിനെ അംഗീകരിക്കാതിരിക്കാന്‍ പണിപ്പെടുന്നു. ഖുര്‍ആന്‍, പ്രാര്‍ത്ഥന, ദിക്റ്, സ്വലാത്ത് തുടങ്ങിയ മന്ത്രങ്ങള്‍, മന്ത്രിച്ചൂതല്‍, എഴുതി മായ്ച്ച് വെള്ളം കുടിക്കല്‍, എഴുതിക്കെട്ടല്‍ തുടങ്ങിയ രീതികള്‍ ആത്മീയ ചികിത്സയില്‍പ്പെടുന്നു. ചില അടിസ്ഥാനയോഗ്യതകള്‍ ചേരുമ്പോള്‍ ഇവ കൂടുതല്‍ ഫലപ്രദമായിത്തീരും. ഓരോ വിജ്ഞാനശാഖക്കും അതിന്റെതായ ആദാനപ്രദാന രീതികളുണ്ടാവും. അതുവഴി കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ അതിന് ഗുണ ചോരണം സംഭവിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ ഗുണമാവുകയാണുണ്ടാവുക.

മനുഷ്യന്റെ പ്രവര്‍ത്തനത്തിന്റെയും ജീവിതശൈലിയുടെയും ഫലമായി രോഗങ്ങള്‍ വന്നുചേരാറുണ്ട്. വൈറസുകളോ മറ്റു രോഗാണുക്കളോ കാരണമായി രോഗമുണ്ടാവും. പിശാചുക്കള്‍, ഭൂത വര്‍ഗം, മാലാഖമാര്‍, ആത്മാക്കള്‍ തുടങ്ങിയവ മനുഷ്യനില്‍ ഇടപെടാന്‍ സാധിക്കുന്ന സൃഷ്ടികളാണ്. മാലാഖമാരും ശുദ്ധാത്മാക്കളും മനുഷ്യന് ഗുണം വരുത്തുന്നുവെങ്കില്‍ പിശാച് മനുഷ്യന്റെ ആത്യന്തിക ശത്രുത മുഖമുദ്രയാക്കിയവനാണ്. അവന്റെ സാന്നിധ്യം ശാരീരികവും മാനസികവുമായി ചിലരെ പ്രയാസപ്പെടുത്തും, രോഗികളാക്കും. വലിയൊരു വിഭാഗത്തെ ഭൗതിക പ്രമത്തതയുടെ പിടിയിലൊതുക്കും.

മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിന്റെയും യഥാര്‍ത്ഥ ഗുണവശങ്ങളെ നിര്‍വീര്യമാക്കുകയും പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമോ കുറ്റകരമോ ആക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ് അവന്റെ പ്രധാന ജോലി. ജീവിതാവശ്യങ്ങളെയും ശീലങ്ങളെയും ആഗ്രഹാഭിലാഷങ്ങളെയും എല്ലാം അവന്‍ തന്റെ ഇടപാടിലൂടെ നാശമാക്കാന്‍ ശ്രമിക്കുന്നു. എല്ലാറ്റില്‍ നിന്നും മോചനത്തിനുള്ള ആത്മസംരക്ഷണോപാധികളായി മന്ത്രങ്ങളും കര്‍മകൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള കൃത്യമായ രീതികളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ആത്മരക്ഷാ മാര്‍ഗങ്ങള്‍ ആത്മീയ ചികിത്സയുടെ പരിധിയില്‍ വരുന്നതിന് മുമ്പ് ചികിത്സ വേണ്ടി വരുന്ന രോഗാവസ്ഥയെ തന്നെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ്.

അല്ലാഹുവിന്റെ അടിമ എന്ന മേല്‍വിലാസം അംഗീകരിക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യന്‍ എന്തായിരുന്നാലും പിശാചിനെ കീഴ്പ്പെടുത്താന്‍ ശക്തി നല്‍കപ്പെട്ടവനായിരിക്കും. ഖുര്‍ആന്‍ പറയുന്നു: “നിശ്ചയം എന്റെ അടിമകള്‍, നിനക്ക് അവരുടെ മേല്‍ യാതൊരധികാരവുമില്ല. നിന്നെ പിന്തുടര്‍ന്ന വഴിപിഴച്ചവരിലല്ലാതെ” (അല്‍ ഹിജ്ര്‍ 42).

പിശാചിന്റെയും അവിശുദ്ധാത്മാക്കളുടെയും ഇടപെടല്‍ മനുഷ്യനെ ശാരീരികമായും മാനസികമായും ആത്മീയമായും രോഗിയാക്കും. പിശാച് ബാധ എന്നത് നിഷേധിക്കാന്‍ ഒരു വാചകം മതിയാവും. പക്ഷേ പ്രമാണങ്ങളെയും ചില അനുഭവങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും തള്ളിക്കളയാന്‍ വാക്കുകള്‍ മതിയാവില്ല എന്നതാണ് പരമാര്‍ത്ഥം. ശാരീരികമോ മാനസികമോ ആയി അനുഭവപ്പെടുന്ന തകരാറുകള്‍ ഉപരിസൂചിത ആത്മീയ ചികിത്സാ രീതികള്‍ മൂലം ഫലപ്രദമായിട്ടുള്ളതും അനുഭവമാണ്.

ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ) ഭൂതവര്‍ഗത്തില്‍പ്പെട്ട ശുദ്ധരുടെയും അശുദ്ധരുടെയും പ്രവര്‍ത്തനങ്ങളിലും ശേഷികളിലും സുന്നി വിശ്വാസമെന്താണെന്ന് വിവരിച്ചിട്ടുണ്ട്. കര്‍മശാസ്ത്ര പണ്ഡിതര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വിവിധ മസ്അലകളുമായി ബന്ധപ്പെട്ട് ഭൂതവര്‍ഗത്തിന്റെ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. അവരുമായി ബന്ധപ്പെട്ട് വരുന്ന മതവിധികളും അവരുടെ ലോകം കേന്ദ്രീകരിച്ച് ഉയര്‍ന്ന് വരുന്ന പ്രശ്നങ്ങളും വിലയിരുത്തുന്ന ഗ്രന്ഥങ്ങള്‍ പോലും വിരചിതമായിട്ടുണ്ട്. ഖാളി ബദ്റുദ്ദീനിശ്ശിബ്ലി(റ)യുടെ ആകാമുല്‍ മര്‍ജാന്‍ ഈ വിഷയത്തില്‍ പ്രധാനമാണ്. ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. സ്വാലിഹുര്‍റഖബ് ജിന്ന് പിശാച് ബാധയെ കുറിച്ച് പൂര്‍വികരും ആധുനികരുമായ പണ്ഡിതരടക്കം അവരുടെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഭാഗം ക്രോഡീകരിച്ചു കാണാം.

സ്വന്തമായി ദുരനുഭവമോ മനസ്സിലാക്കാനുള്ള അവസരമോ ഇല്ലാത്തവരാണ് നിഷേധികളില്‍ പലരും. അനുഭവത്തെ കണ്ണടച്ച് നിഷേധിക്കുന്നവരുമുണ്ട്. അഹ്ലുസ്സുന്നയെ സംബന്ധിച്ചിടത്തോളം പിശാച് മിഥ്യല്ല, സത്യമാണ്. അവന്‍ ധിക്കാരിയും മനുഷ്യവര്‍ഗത്തിന്റെ ആത്യന്തിക ശത്രുവുമാണ്. അതിനാല്‍ തന്നെ മനുഷ്യനെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവന്‍ വ്യാപൃതനായിരിക്കും. അത്യാകര്‍ഷകവും പ്രത്യക്ഷാനന്ദകരവുമായ പലതും അതിനായവന്‍ ഉപയോഗിക്കുകയും ചെയ്യും. ആ സാഹചര്യങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കുപരിയായി ചില ചികിത്സാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വന്നേക്കും. ചില രോഗങ്ങള്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുന്നത് പോലെ, ചില പൈശാചിക ബാധകള്‍ ഇല്ലാതാക്കാന്‍ കൈക്രിയയും ആവശ്യമാകും. പക്ഷേ, യോഗ്യര്‍ നിശ്ചിത വിധം നടത്തണമെന്നു മാത്രം.

നിശയുടെ മറവില്‍ ദുര്‍ബല വിശ്വാസികളെ കബളിപ്പിച്ച് നടത്തുന്ന ചികിത്സാ കേന്ദ്രങ്ങളെല്ലാം സുന്നി സംരംഭങ്ങളാണെന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്, അതിലേറെ ദുരുപദിഷ്ടമാണ്. എല്ലാ കബളിപ്പിക്കലും ഇസ്‌ലാം വിലക്കിയിട്ടുള്ളതാണ്. എന്നാല്‍ അറിവും പരിചയവും പൊരുത്തവുമുള്ളവര്‍ കൃത്യമായും തഖ്വയോടെയും ധര്‍മ പ്രതിബദ്ധതയോടും കൂടി നടത്തുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കള്ള നാണയങ്ങള്‍ നടത്തുന്ന കബളിപ്പിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇരുലോകത്തും ശിക്ഷാര്‍ഹമാണ് താനും.

നിന്റെ സഹോദരന് ഒരു ഗുണം നല്‍കുവാന്‍ നിനക്ക് സാധിക്കുന്നുവെങ്കില്‍ അത് നീ ചെയ്യുക എന്നാണ് ചികിത്സയെ കുറിച്ച അന്വേഷണത്തിന് നബി(സ്വ) മറുപടി പറഞ്ഞത്.

അതിനാല്‍ ഒരു മേഖലയെ അന്ധമായി അവലംബിക്കുകയും മറ്റുള്ളവയെ അമാന്യമായി വിമര്‍ശിക്കുകയും ചെയ്യുകയല്ല വേണ്ടത്. രോഗത്തിന് ഫലപ്രദമായ ചികിത്സാ രീതികള്‍ സ്വീകരിക്കുകയും അതിന് അവസരമുണ്ടാക്കുകയുമാണ്. യോഗ്യതയും അര്‍ഹതയും ഇല്ലാത്തവര്‍ ഇത്തരം മേഖലകളെ ജീവിതോപാധിയാക്കാതിരിക്കാന്‍ നാം ജാഗ്രത്താവുകയും വേണം. ആത്മീയ മേഖലയുമായി ബന്ധപ്പെട്ട് ഉണ്ടാക്കാവുന്ന വ്യാജ ചരക്കുകളെയെല്ലാം മഹാന്‍മാരായ പണ്ഡിതന്മാര്‍ ഗൗരവപൂര്‍വം സമീപിച്ചതായി കാണാം. മേഖലയിലെ ചൂഷണം കേവല ചൂഷണമായി കാണാനാവില്ലെന്നതാണ് കാരണം.

ആത്മീയ പ്രഭാവത്തില്‍ തട്ടിപ്പു ചികിത്സ നടത്തുന്നവര്‍ ഒരു തരം ആകര്‍ഷണസിദ്ധി(?) കൂടിയുള്ളവരായിരിക്കും. ആകര്‍ഷണതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യും. അവിടങ്ങളില്‍ ചികിത്സ തേടിച്ചെന്ന് ആത്മനാശം സംഭവിക്കുന്നത് വലിയ ദുരന്തമാണ്. ആത്മീയ ചികിത്സകനെ ചികിത്സകനായി കാണുന്നത് ശരിയായ രീതിയാണ്, എന്നാല്‍ അദ്ദേഹത്തെ ആത്മീയ ഗുരുവായി കാണുന്നത് തക്ക യോഗ്യതകളും ഗുണവിശേഷങ്ങളും അടിസ്ഥാനമാക്കിയേ പാടുള്ളൂ. ആത്മീയ സിദ്ധി വിശേഷങ്ങള്‍ക്ക് കാരണമാവുന്ന പ്രത്യക്ഷ അടയാളങ്ങളുള്ളവരെത്തന്നെ ചില കാരണങ്ങളാല്‍ വര്‍ജിക്കേണ്ടിവരും. എന്നാല്‍ പരമ്പരാഗതമായി സമൂഹത്തിന് ഗുണവും സേവനവും ചെയ്തുവരുന്ന തണല്‍ മരങ്ങള്‍ നല്‍കുന്ന ഉപകാരത്തെ അകാരണമായും അറിവില്ലാതെയും എതിര്‍ത്തുകൂടാത്തതാണ്.

അടി ചികിത്സ

പൈശാചിക ബാധക്കുള്ള ചികിത്സാ രീതി, രോഗാവസ്ഥയുടെ ഗൗരവത്തിനനുസരിച്ച് വ്യത്യാസപ്പെടാം. ബാധയേറ്റവനെ ചികിത്സിക്കുന്ന ഘട്ടത്തില്‍ ചിലപ്പോള്‍ നിയന്ത്രിത രീതിയിലുള്ള അടി തന്നെ നടത്തേണ്ടി വരും. ശരിയായി പിശാച് ബാധയുള്ളവനാണെങ്കില്‍ അടിയുടെ ആഘാതം രോഗിയല്ല, പിശാചാണ് ഏല്‍ക്കുന്നത്. തത്സമയത്തെ ശബ്ദങ്ങളും അവന്‍റേതുതന്നെ. ഖാജാ ബദ്റുദ്ദീനിശ്ശിബ്ലി(റ) എഴുതുന്നു: “ചില ഘട്ടത്തില്‍ ബാധയേറ്റവനെ സുഖപ്പെടുത്തുന്നതിനും ഭൂതത്തെ അവനില്‍ നിന്ന് അകറ്റുന്നതിനും അടിക്കേണ്ടിവരും, നന്നായി തന്നെ പ്രഹരിക്കേണ്ടി വന്നേക്കും. അടി ഏല്‍ക്കുന്നത് ഭൂതമായിരിക്കും. ബാധിതന്‍ അതറിയുന്നു തന്നെയുണ്ടാവില്ല. താനൊന്നുമറിഞ്ഞില്ലെന്ന് ഭേദമായ ശേഷം അവന്‍ പറയുകയും ചെയ്യും. അവന്റെ ശരീരത്തില്‍ പ്രഹരത്തിന്റെ അടയാളവും ഉണ്ടാകാറില്ല” (ആകാമുല്‍ മര്‍ജാന്‍). ബിദ്അത്തുകാരുടെ അംഗീകൃത പണ്ഡിതന്‍ ഇബ്നുതൈമിയ്യ വരെയും ഇതംഗീകരിച്ചിട്ടുണ്ട്.

ഈ കൃത്യം നിര്‍വഹിക്കുന്നവന്‍ ഭക്തനും സൂക്ഷ്മാലുവും പരിചയസമ്പന്നനുമായിരിക്കണമെന്ന് പണ്ഡിതര്‍ നിര്‍ദേശിച്ചു. ഈ അര്‍ത്ഥത്തില്‍ അടി ഒരു ചികിത്സാ മുറയാണ്. പക്ഷേ. അതറിയുന്നവര്‍ മാത്രമാണ് നടത്തേണ്ടത്. ഗള്‍ഫ് സലഫി പണ്ഡിതര്‍ വരെ ഇത്തരം പ്രഹര ചികിത്സ നടത്തിയത് മുജാഹിദ് പ്രസ്ഥാനത്തില്‍ ഇടക്കാലത്ത് വിവാദം സൃഷ്ടിച്ചിരുന്നല്ലോ. അവരില്‍ വലിയൊരു പക്ഷം ഇന്നും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും ബാധ ചികിത്സ പ്രമാണികമാണെന്നു തന്നെയാണ്. ആത്മീയ ചികിത്സയെ മന്ത്രവാദമാക്കുന്നത് ആടിനെ പട്ടിയാക്കലാണ്. എന്നിട്ട് അത് മതത്തിനും മനുഷ്യനും എതിരാണെന്ന് പ്രചരിപ്പിക്കുന്നത് മാന്യമായി പറഞ്ഞാല്‍ കടുത്ത വിവരമില്ലായ്മയും.

അലവിക്കുട്ടി ഫൈസി എടക്കര

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....