Showing posts with label യുക്തിവാദി :സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ്. Show all posts
Showing posts with label യുക്തിവാദി :സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ്. Show all posts

Monday, July 1, 2019

യുക്തിവാദി :സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ്


സത്യം തേടിയുള്ള തീര്‍ത്ഥയാത്രക്കൊടുവില്‍● ആന്‍റണി റാക്ലിഫ് 0 COMMENTS
Antony Raclif -Malayalam
ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച് യുക്തിവാദ വഴികളിലൂടെ ഏറെക്കാലം സഞ്ചരിച്ച് ഇസ്ലാമിന്‍റെ തീരമണഞ്ഞയാളാണ് ആന്‍റണി റാക്ലിഫ്. എസ്ഒഎല്‍എസില്‍ കമ്മ്യൂണിറ്റി ഡവലപ്മെന്‍റ് ഓഫീസറായും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ആസ്ട്രേലിയയിലും കാംബ്രിജ് മുസ്ലിം കോളേജില്‍ ഇസ്ലാമിക് സ്റ്റഡീസിലും പ്രവര്‍ത്തിച്ചു. തന്‍റെ ജീവിതാനുഭവങ്ങളും പഠനയാത്രയും അദ്ദേഹം പങ്കുവെക്കുന്നു.


‘വടക്കന്‍ ഇംഗ്ലണ്ടിലെ അനേകം മുസ്ലിംകളടങ്ങുന്ന സൗത്തേഷ്യന്‍ കുടിയേറ്റക്കാര്‍ക്ക് അടുത്ത കാലങ്ങളിലായി അഭയം നല്‍കിയ പ്രദേശത്താണ് ഞാന്‍ വളര്‍ന്നത്. അതിനാല്‍ വ്യത്യസ്ത സംസ്കാരങ്ങളുടെ മേളനങ്ങള്‍ ആവോളം അനുഭവിക്കാനായി. ഇവര്‍ക്കിടയില്‍ പൊതുവായി കാണാന്‍ കഴിഞ്ഞത് രക്ഷിതാക്കളെ അനുസരിക്കുന്നതില്‍ നിഷ്കര്‍ശത പുലര്‍ത്തുന്ന കുട്ടികളെയായിരുന്നു. ജ്ഞാനസ്നാനം ചെയ്യുന്ന ക്രിസ്ത്യന്‍ മതവിഭാഗത്തിലെ പതിവു പള്ളി സന്ദര്‍ശകരായിരുന്നു എന്‍റെ അച്ഛനമ്മമാര്‍. പ്രതിമകളും പ്രതിഷ്ഠകളേതുമില്ലാത്ത വളരെ ലളിതമായ ഒരു പള്ളിയായിരുന്നു അത്. സ്നാപക യോഹന്നാ(യഹ്യ)ന്‍റെ ആചാരമായി വിശ്വസിച്ചുപോന്നിരുന്ന ജ്ഞാനസ്നാനമാണ് ഇവരും ആചരിച്ചുപോന്നത്. ജനങ്ങളെ പാപമുക്തമാക്കാനും ക്രിസ്ത്യാനിയായി ഒരു പുതിയ ജന്മം വരിക്കാനുമാണ് ഇതവര്‍ നടപ്പാക്കുന്നതത്രെ.

ഒരുപാട് ചോദ്യങ്ങള്‍ സ്വയം ഉന്നയിക്കുന്ന ചിന്താനിമഗ്നനനായ കുട്ടിയായിരുന്നു ഞാന്‍. എന്നിരുന്നാലും ചര്‍ച്ചിലെ ആസ്വാദ്യകരമായ ആത്മീയ ഗാനങ്ങളും സുവിശേഷങ്ങളിലെ ക്രിസ്തുവിന്‍റെ അര്‍ത്ഥവത്തായ അധ്യാപനങ്ങളും ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു.

ഇതര പ്രവാചകന്മാരെ കുറിച്ചറിയാനുള്ള അടങ്ങാത്ത ആഗ്രഹം സണ്‍ഡേ സ്കൂളുകളില്‍ എന്നെ പിടിച്ചിരുത്തി. ഏകദേശം കൗമാരപ്രായത്തിന്‍റെ തുടക്കം വരെ ഞാനത് തുടര്‍ന്നു; കൂടുതല്‍ ആവേശത്തോടെ തന്നെ. ഈ ത്വര ഇവിടംകൊണ്ടു തീര്‍ന്നില്ല. ബൈബിള്‍ ആദ്യാവസാനം വായിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. അന്നൊക്കെയും ഞാന്‍ എന്തുകൊണ്ടോ പ്രാര്‍ത്ഥിക്കുമ്പോഴൊക്കെ ഇസ്ലാമികമായി പ്രശ്നമുള്ള ‘യേശുവേ’ , ‘പിതാവേ’ വിളികള്‍ക്ക് പകരം ദൈവമേ എന്ന് തന്നെയായിരുന്നു വിളിച്ചിരുന്നത്.

ആയിടക്ക് ഒരു മതപഠന ക്ലാസില്‍ പങ്കെടുക്കേണ്ടിവന്നു. സദസ്യര്‍ ഓരോരുത്തരും മനസ്സിലാക്കിയത് പോലെ ദൈവത്തെ ചിത്രീകരിക്കാന്‍ ട്യൂട്ടര്‍ ആവശ്യപ്പെടുന്നു. ശ്രോതാക്കള്‍ തലപുകഞ്ഞു. വ്യത്യസ്ത കോലം കെട്ടിയ ദൈവങ്ങളേറെ ഈറ്റെടുക്കപ്പെട്ടു. എനിക്കേറെ ചിന്തിക്കേണ്ടി വന്നില്ല. കയ്യിലുള്ള കടലാസിനെ ശൂന്യതയിലേക്ക് വിട്ട് ഞാന്‍ വെറുതെയിരുന്നു. കാരണം ഉറച്ചതായിരുന്നു. ദൈവം ഒരുതരം തേജസ്സായതുകൊണ്ട് തന്നെ ചിത്രീകരണം അസാധ്യമാണെന്നതായിരുന്നു എന്‍റെ മനസ്സിലെ ചിത്രം.

ഈയിടക്കാണ് അവിചാരിതമായി ഞങ്ങളുടെ കുടുംബത്തിന് ആസ്ത്രേലിയയിലേക്ക് താമസം മാറേണ്ടിവന്നത്. അതോടെ കാര്യങ്ങള്‍ പാടെ മാറിമറിഞ്ഞു. തീര്‍ത്തും വ്യത്യസ്തമായ പ്രകൃതി സാഹചര്യവും അച്ഛനും അമ്മക്കും ഒരേ പള്ളിയില്‍ തന്നെ ഒരുമിക്കാന്‍ കഴിയാതിരുന്നതും എന്‍റെ സണ്‍ഡേ ക്ലാസ് താളം തെറ്റാന്‍ കാരണമായി. അപ്പോഴെല്ലാം ഞാന്‍ യേശുവോടും പരിശുദ്ധാത്മാവിനോടും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു ‘എന്‍റെ ഹൃദയത്തിലേക്ക് പ്രവേശിക്കേണമേ’ എന്ന്. ക്രിസ്ത്യാനിറ്റിയിലെ വൈവിധ്യങ്ങളെ ഇവിടെ നിന്ന് അടുത്തറിയാനായി. അതോടെ കൂടുതല്‍ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ തുടങ്ങി. ഞാനൊരു ആംഗ്ലിക്കന്‍ ഹൈസ്കൂളില്‍ പഠനമാരംഭിച്ചു. മരംകൊണ്ടുള്ള ബെഞ്ചുകളും കാറ്റില്‍ ഉലഞ്ഞാടുന്ന മണ്ണണ്ണ വിളക്കുകളും മതാചാര്യന്മാരുമടങ്ങുന്ന പരമ്പരാഗത മാതൃകയില്‍ നിലനില്‍ക്കുന്ന ഒരു വിദ്യാനിലയം. പഠനസപര്യക്കിടയിലെ ബോറടികള്‍ ഇല്ലാതാക്കുന്ന കുട്ടികളുടെ പാട്ടുകള്‍ പതിവ് ചര്യയാണ്. ഈ കച്ചേരിപ്പെയ്ത്തിലെ അനര്‍ഘ നിമിഷങ്ങള്‍ ആവോളം ആവാഹിച്ച് പാട്ടുപാടല്‍ ഒരു ആരാധനയായിരുന്നെങ്കില്‍ എന്ന് ഏറെ കൊതിക്കാറുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ബ്രിട്ടനില്‍ ക്രിസ്ത്യന്‍ സുവിശേഷാനുസാരം ഒരു ടെലിവിഷന്‍ ചാനല്‍ കൊണ്ടുനടക്കുന്ന എന്‍റെ അമ്മാവന്‍റെ യൂട്യൂബ് ക്ലിപ്പ് ശ്രദ്ധയില്‍ പെട്ടു. അറിയപ്പെട്ട പരിണാമ ജന്തുശാസ്ത്രജ്ഞനും യുക്തിവാദിയുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിനെ അദ്ദേഹം വിശിഷ്ടാതിഥിയായി ക്ഷണിച്ചിട്ടുണ്ട്. ചര്‍ച്ചയാരംഭിക്കുന്നത് സൃഷ്ടിവാദത്തില്‍ നിന്നാണെങ്കിലും ക്രൈസ്തവ മതത്തിലെ ആദിപാപം, രക്താഭിഷേകം തുടങ്ങി പല അടിസ്ഥാന തത്ത്വങ്ങളെയും ഖണ്ഡിക്കുന്നതിലേക്ക് ഡോക്കിന്‍സ് പെട്ടെന്ന് തിരിയുകയായിരുന്നു. അദ്ദേഹം കുറച്ച് വിദ്വേഷത്തോടു കൂടിയാണിവ അവതരിപ്പിച്ചതെങ്കിലും ക്രിസ്ത്യാനിറ്റിയുമായി ബന്ധപ്പെട്ട എന്‍റെ മിഥ്യാധാരണകള്‍ തിരുത്തിയതിന്‍റെ സര്‍വ ക്രെഡിറ്റും അദ്ദേഹത്തിന്‍റെ വാദമുഖങ്ങള്‍ക്ക് സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ചെയ്ത പാപത്തിന് സര്‍വ ശക്തനായ ദൈവത്തിന് ബലിദാനം ചെയ്യേണ്ടിവരുന്നതിലുള്ള നിരര്‍ത്ഥകത അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിനിര്‍വഹണത്തിന്‍റെ ഭാഗമായി കുരിശേറ്റത്തെ നിരൂപിക്കുകയാണെങ്കില്‍ പിന്നെ യേശു ഏകദൈവമാകാന്‍ ഇടയില്ല.

വിശാല വായനക്കിടയിലൊരിക്കല്‍ ലൈബ്രറിയില്‍ വച്ച് പ്ലാറ്റോയുടെ ‘റിപ്പബ്ലികി’ല്‍ കണ്ണുടക്കി. അതെടുത്ത് ഒന്നൊടിച്ചു വായിച്ചു. അതില്‍ ക്ലാസിക്കല്‍ ഫിലോസഫിയെ അത്യാകര്‍ഷക രീതിയില്‍ വര്‍ണിച്ചിരിക്കുന്നു. ഹാ, എത്ര സുന്ദരം! ഒരു പുതുവഴി കണ്ടെത്തിയതില്‍ ഞാന്‍ ഹര്‍ഷോന്മത്തനായി. പിന്നീട് ഈ പ്ലാറ്റോണിക് ദൈവ സങ്കല്‍പത്തില്‍ വിശ്വസിച്ച് പോന്നു. അതേസമയം, യൂണിവേഴ്സിറ്റിയില്‍ ഭൂമിശാസ്ത്ര പഠനമാരംഭിച്ച ഞാന്‍ ബൈബിള്‍ പറയുന്നതിനേക്കാളെത്രയോ പഴക്കം ഭൂമിക്കുണ്ട് എന്നതിനുള്ള തെളിവുകള്‍ പഠിച്ചെടുത്തു. അതിഭൗതികതയില്‍(Metaphysics)ഒരു സുരക്ഷിത സ്ഥാനം ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്‍റെ തത്ത്വചിന്തകള്‍ സഹായകമായി. വര്‍ത്തമാന കാലത്ത് പലരെയും ബാധിച്ചു കൊണ്ടിരിക്കുന്ന Agnosticism (അജ്ഞേയവാദം), Logical positivism (അനുഭവസത്താവാദം), Reductionist Materialism തുടങ്ങിയ പിഴച്ച ചിന്താവൈവിധ്യങ്ങളുടെ പടുകുഴിയില്‍ അകപ്പെടാതിരിക്കാന്‍ പ്ലാറ്റോയിലൂടെ പക്വമാവുകയായിരുന്നു ഞാന്‍. അപ്പോഴും പ്രാര്‍ത്ഥനയും ബൈബിള്‍ വായനയും പാടെ ഒഴിവാക്കിയില്ല. പക്ഷേ, അതിലെ മിത്തില്‍ വാര്‍ത്തെടുത്ത ‘ചരിത്ര വസ്തുത’കളോട് നിരന്തര പോരാട്ടത്തിലായിത്തന്നെ നിലകൊണ്ടുപോന്നു. നൂറ്റാണ്ടുകളിലായി നടന്ന ബൈബിള്‍ സമാഹരണത്തെക്കുറിച്ച് കൂടുതല്‍ കണ്ടെത്താന്‍ അന്ന് ഞാനൊരു ഓണ്‍ലൈന്‍ പഠന പരമ്പരയും വീക്ഷിച്ചിരുന്നു.

എന്‍റെ അന്വേഷണങ്ങള്‍ക്ക് വൈവിധ്യങ്ങളുടെ പുതിയ ലോകത്തേക്ക് വഴികള്‍ തുറന്നിട്ടത് യൂണിവേഴ്സിറ്റിയാണ്. ഏഷ്യനാഫ്രിക്കന്‍ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദേശികളും സ്വദേശികളുമായ ഒരുപാട് സുഹൃത്തുക്കള്‍ക്കൊപ്പം സിംഗപ്പൂരില്‍ നിന്നുള്ള ഒരു മുസ്ലിം യുവതിയും ഓണ്‍ലൈന്‍ വഴി നെയ്ത ഈ സൗഹൃദ വലയത്തിലെ കണ്ണികളായി. ഞങ്ങളുടെ സംഭാഷണങ്ങള്‍ അറിവിന്‍റെ കൈമാറ്റങ്ങളായിരുന്നു. ഇതൊരു പുത്തന്‍ കിഴക്കന്‍ പരിപ്രേക്ഷ്യം എനിക്ക് സമ്മാനിച്ചു. ചില സേവന പ്രവര്‍ത്തനങ്ങള്‍ക്കും വഴിക്ക് വച്ച് അവളെ സന്ദര്‍ശിക്കുന്നതിനുമായി വേനലവധിക്ക് തെക്കു-കിഴക്കന്‍ ഏഷ്യയിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തു. അവിടെ പോയപ്പോള്‍ അറബ് സ്ട്രീറ്റില്‍ നിന്ന് ഖുര്‍ആന്‍റെ ഇംഗ്ലീഷ് പരിഭാഷ വാങ്ങി കയ്യില്‍ വച്ചിരുന്നു. തുടക്കം മുതല്‍ ഒടുക്കം വരെ സാവധാനം വായിച്ച് തുടങ്ങി. വായിച്ചു കഴിഞ്ഞപ്പോള്‍ ദൈവിക ഗ്രന്ഥമാണോ അത് എന്ന് എനിക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗങ്ങളിലെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ കൂട്ടുകാരിയുടെ ആമുഖം മതിയായിരുന്നു.

തുടര്‍ന്ന് Anthropomorphic വിശുദ്ധ സങ്കല്‍പങ്ങള്‍ (ദൈവത്തിന് മനുഷ്യരെ പോലെ രൂപവും വികാരങ്ങളുമുണ്ടെന്ന സങ്കല്‍പം) ഒരു യൂണിവേഴ്സലിസ്റ്റ് രീതിയില്‍ വ്യാഖ്യാനിക്കാനുള്ള മറുവിചാരം മനസ്സില്‍ രൂഢമൂലമായിക്കൊണ്ടിരുന്നു. പിന്നീട് ഒരുതരം Lay-monasticsim (പുരോഹിതരില്ലാതെയുള്ള ആശ്രമ ജീവിത സമ്പ്രദായം) ഇസ്ലാമിനൊരു പുനര്‍വ്യാഖ്യാനമായി കണ്ടു. ജനങ്ങളെ ജോലിയിലും കുടുംബ ജീവിതത്തിലുമായി തുടരാനനുവദിക്കുന്ന അധ്യാത്മിക ശുദ്ധീകരണത്തിന്‍റെ സാത്വികമായ മാര്‍ഗം.

പെര്‍ത്തിലാണ് ഞാന്‍ ആദ്യ ജുമുഅ കൂടിയത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇസ്ലാമിലെ മാനുഷിക പാഠങ്ങളഖിലവും കാറ്റില്‍ പറത്തി ജൂതന്മാരുടെ ദുഷ്ചെയ്തികളെ കുറിച്ച് പൊട്ടിത്തെറിച്ച് പ്രസംഗിക്കുന്ന ജുമുഅക്ക് നേതൃത്വം നല്‍കിയ സൗദിക്കാരനെയാണ് അവിടെ അനുഗമിക്കേണ്ടി വന്നത്. ഇസ്ലാമിന്‍റെ അടിസ്ഥാന ചട്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഇത്തരക്കാരെ അനുഭവിക്കുമ്പോള്‍ മനസ്സിന്‍റെ ഏതോ കോണില്‍ വിള്ളല്‍ വീഴുന്നതായി തോന്നി. പള്ളിയില്‍ കടന്ന ഉടനെ ഷര്‍ട്ടിലെ ടക്കും പാന്‍റ്സിന്‍റെ കഫുകളും മേലോട്ട് കയറ്റി വെക്കാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു.

‘ഇസ്ലാം’ എന്ന് ഇന്‍റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ഒരുപാട് സംശയങ്ങള്‍ ജനിപ്പിക്കുന്ന ഇത്തരം മതപ്രഭാഷകരുടെ വീഡിയോകളിലോ അവരുടെ വെബ്സൈറ്റുകളിലോ ചെന്നെത്താറുണ്ട്. ചിലപ്പോഴൊക്കെ ഒട്ടും മൂല്യമില്ലാത്ത ഇസ്ലാം വിരുദ്ധ പ്രഭാഷണങ്ങളും റിസള്‍ട്ടായി കാണിക്കും. ഇസ്ലാം ഒരു സത്യസന്ദേശമായിട്ടും അനുയായികള്‍ പലരും അതിനെ ഒരു മോശമായ പ്രത്യയശാസ്ത്രമാക്കി മാറ്റിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.

ഒരിക്കല്‍ നാട്ടിന്‍ പുറത്തൊരു പള്ളി സന്ദര്‍ശിച്ചപ്പോള്‍ ഒരു യുവാവിനെ യാദൃച്ഛികമായി കണ്ടുമുട്ടാനിടയായി. പല പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും ഞാന്‍ അദ്ദേഹത്തെ സ്വാമി എന്നാണ് വിളിച്ചിരുന്നത്. എന്നെപ്പോലെത്തന്നെ സ്വന്തമായ ഒരു കാഴ്ചപ്പാട് രൂപപ്പെട്ടുവരുന്നേയുള്ളൂവെങ്കിലും ബോസ്നിയയിലെയും ഫിജിയിലെയും മുസ്ലിം ദമ്പതികള്‍ക്ക് ജനിച്ച സ്വാമി ഇപ്പോഴും ഇടക്കൊക്കെ പള്ളിയില്‍ വരും. അതാത് ദിനങ്ങളില്‍ താല്‍പര്യം തോന്നുന്ന മതാചാരങ്ങള്‍ പരീക്ഷണാര്‍ത്ഥം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന് സാര്‍വലൗകികതക്ക് യുക്തിപരമായ ഒരു മാനം കാണുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തെ അനുകൂലിച്ച് ഞാനും കൂടെക്കൂടി. ഒരു ദിവസം ടിബറ്റണ്‍ ബുദ്ധധ്യാനനിഷ്ഠനായിരിക്കും, അടുത്ത ദിവസം ഹിന്ദു മതത്തിലെ ക്രിയായോഗയിലേര്‍പ്പെടും, മറ്റു ചില ദിവസങ്ങളില്‍ ചര്‍ച്ചില്‍ പോകും. സിറ്റി സെന്‍ററിലെ കോഫി ടൈമുകളില്‍ അദ്ദേഹവുമായുള്ള ദാര്‍ശനിക ചര്‍ച്ചകളില്‍ ഞാന്‍ അനുഭൂതി കണ്ടിരുന്നു. ഒരിക്കല്‍, ഒരു ഡാനിഷ് ബുദ്ധന്‍ നല്‍കിയ ഉപദേശത്തില്‍ സ്വാമിയാകെ സംഭ്രാന്തനായതറിഞ്ഞ് ഞാന്‍ അസ്വസ്ഥനായി. അത്യന്തം ‘പിഴച്ച മതമായി’ ഇസ്ലാമിനെ പൈശാചികവല്‍ക്കരിക്കുകയായിരുന്നു അയാള്‍. സ്വാമിയോട് അതേകുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു: ‘ഇസ്ലാമും ഒരുപക്ഷേ ജൂതമതവും ഒഴിച്ച് എല്ലാ ആത്മീയ സരണികളും സാധുവായതാണ് എന്നാണ് എനിക്ക് തോന്നുന്നത്’. പിന്നീട് മാനസിക തളര്‍ച്ച ബാധിച്ച നിലക്ക് സ്വാമിയെ പള്ളിയില്‍ വച്ച് കാണാനിടയായി. കുറച്ചുകാലം മാനസികാരോഗ്യ കേന്ദ്രത്തിലും അയാള്‍ ചെലവഴിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, കക്ഷി എന്നില്‍ അഭിലഷിച്ച് നടക്കുന്നത് സ്വവര്‍ഗപ്രേമിയെ(Homo-sexual) യാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു. അത് മൂലം അയാളില്‍ നിന്ന് അകലം പാലിച്ചു.

ഡിഗ്രി പഠനത്തിന്‍റെ അവസാന ഘട്ടത്തിലാണ് സത്യം തേടിയുള്ള എന്‍റെ കര്‍മോദ്യുക്ത പരിശ്രമങ്ങള്‍ അത്യന്തം പ്രതിസന്ധിയിലെത്തിയത്. അതിന് നിമിത്തമായത് എന്‍റെ സിംഗപ്പൂരി കൂട്ടുകാരിയുടെ സന്ദേശമാണ്. ഏതൊരു മതത്തിലായാണോ ഞാന്‍ പിറന്ന് വീണത്, അതില്‍ തന്നെ തുടരാന്‍ കഴിവിന്‍റെ പരമാവധി ശ്രമിച്ചിരിക്കണം എന്നാണ് ഞങ്ങളുടെ ബന്ധം മുറിയുന്നതിന്‍റെ മുമ്പ് അവസാനമായി അവള്‍ അയച്ച സന്ദേശം.

മൂക്കറ്റം കുടിച്ച് നടക്കുന്ന ചങ്ങാതിമാരായിരുന്നു എന്‍റെ നേരംപോക്ക്. അവരോട് യോജിച്ച് പോവാനാണ് പിന്നെ ഞാന്‍ ശ്രമിച്ചത്. അവര്‍ ഉപയോഗിച്ചിരുന്ന ലഹരി വസ്തുക്കള്‍ എന്‍റെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിച്ച് കൊണ്ടിരുന്നു. അതേസമയം കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍ ഉയര്‍ന്ന ഒരു ഷെല്‍ഫില്‍ സൂക്ഷിച്ച് ലോകമതങ്ങളെ കുറിച്ചുള്ള പര്യവേക്ഷണം തുടര്‍ന്നു. അങ്ങനെ ഭഗവത് ഗീതയും ധര്‍മപാഠവുമെല്ലാം വായിച്ചു. ഇടക്ക്, എന്‍റെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കാന്‍ ലഹരി ഉപയോഗം പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന തിരിച്ചറിവിലെത്തി. കൂടാതെ ഒരു സംവത്സരക്കാലം ഇന്‍റേണ്‍ഷിപ്പിനായി ഇന്തോനേഷ്യയിലും മലേഷ്യയിലും ചുറ്റി നടന്നു. അവിടുത്തെ ജീവിത വൈവിധ്യങ്ങളെക്കുറിച്ച് മുമ്പേ മനസ്സിലാക്കിയിരുന്നു. വീണ്ടും അവിടെത്തന്നെ പോകാന്‍ പ്രേരകമായത് ആധികാരികമായി ലോകമതങ്ങളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള തൃഷ്ണയായിരുന്നു.

തൈപൂസമിലെത്തിയപ്പോള്‍ കണ്ട ഹംഗ്രിഗോസ്റ്റ് ഫെസ്റ്റിവലും മറ്റും ഭാരതീയ മതങ്ങളിലെ പൈശാചികവും രസകരവുമല്ലാത്ത സങ്കല്‍പ്പങ്ങളായാണ് ഞാന്‍ വീക്ഷിച്ചത്. പടിഞ്ഞാറില്‍ ഇവ സമാധാനത്തിന്‍റെയും ദാക്ഷിണ്യത്തിന്‍റെയും ഭാവങ്ങളായിട്ടാണ് കമ്പോളം ചെയ്യപ്പെടുന്നത്. ഇബ്റാഹീമിയ്യ മതങ്ങളുടെ കൂട്ടത്തില്‍ ജൂതായിസത്തെ ഞാന്‍ പരിഗണിച്ചിരുന്നില്ല. കാരണം, യേശു അവര്‍ക്കിടയില്‍ സ്വീകാര്യനല്ല എന്നത് തന്നെ. മാത്രമല്ല, പ്രത്യേക വംശക്കാര്‍ക്ക് പരിമിതപ്പെടുത്തിയിട്ടുള്ളതുമാണ് ജൂതമതം. എന്നാല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്ന സംജ്ഞയാണ് ക്രിസ്ത്യാനിറ്റി. ഇതെല്ലാം ഒരു ദൈവിക പരീക്ഷണമായിരിക്കുമോ എന്ന് ഞാന്‍ ശങ്കിച്ചു. എന്‍റെ ധിഷണക്കെതിരാണെങ്കിലും അന്ധമായ വിശ്വാസം വച്ച് യേശുവിനെ തന്നെ ‘രക്ഷിതാവ്’ ആയി സ്വീകരിച്ചാലോ?

ഒടുവില്‍ വടക്കന്‍ മലേഷ്യയില്‍ ഒരു കമ്മ്യൂണിറ്റി സെന്‍റര്‍ നടത്തിപ്പു ചുമതല എന്നില്‍ അര്‍പ്പിതമായി. കൂടുതല്‍ സമയവും സ്വതന്ത്രമായി വിഹരിക്കാമായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതോടൊപ്പം മലായ് ഭാഷയും അവിടുത്തെ പ്രാദേശികാചാരങ്ങളും പഠിച്ചെടുക്കുന്നതില്‍ വ്യാപൃതനായി. റമളാനായപ്പോള്‍ നാട്ടുകാരായ എന്‍റെ സഹപ്രവര്‍ത്തകരെ പ്രത്യക്ഷത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനായി ഏകദേശം മാസം മുഴുവന്‍ വ്രതമനുഷ്ഠിച്ചു. പരിശുദ്ധ മാസത്തിന്‍റെ ആത്മാവിനോടുള്ള അവരുടെ ഉദാസീനത എനിക്ക് വലിയ പാഠമായി. മുസ്ലികള്‍ക്ക് എന്ത് കൊണ്ട് അവരുടെ ആദര്‍ശം അപര്യാപ്തമായി തോന്നുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അതിനിടെ ഈജിപ്തുകാരനായ ഒരാളുമായി ഞാന്‍ ചങ്ങാത്തത്തിലായി. ‘തസ്വവ്വുഫ്’ എന്ന ആശയവും ശൈഖ് ഹംസ യൂസുഫിനെ പോലോത്ത പണ്ഡിതരെയും പരിചയപ്പെടുത്തിത്തന്നത് അദ്ദേഹമായിരുന്നു. പുതിയ കൂട്ടുകാരന് പോലും തന്‍റെ ആചാരങ്ങള്‍ അനുഷ്ഠിക്കാന്‍ ഞാന്‍ പ്രചോദനമാകുകയായിരുന്നു എന്ന് റമളാന്‍ കഴിഞ്ഞിട്ടാണ് മനസ്സിലാക്കാനായത്. മതത്തിന്‍റെ ഉപബോധകമായ സ്വീകാര്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ചിലരുടെ വൈകാരികമായ നിലപാടുകള്‍ ന്യായീകരിക്കാന്‍ മുസ്ലിം പണ്ഡിതന്മാര്‍ ബലമേറിയ തെളിവുകള്‍ നിരൂപിക്കാറുണ്ടെങ്കിലും സുനിശ്ചിതമായ വഴങ്ങിക്കൊടുക്കലും ആവശ്യമാണ്. മന:ശാസ്ത്രപരമായൊരു കാര്യമാണിത്. സത്യാന്വേഷണത്തിനൊരവസാനമെന്നോന്നം 2015 ഓഗസ്റ്റ് ആദ്യവാരം ഒരു ചെറിയ ഗ്രാമീണ മസ്ജിദില്‍ വച്ച് അവിടുത്തെ ഇമാമില്‍ നിന്ന് ഞാന്‍ കലിമ ഏറ്റുചൊല്ലി. ഹംദന്‍ ലക യാ റഹ്മാന്‍…! അനന്തമായ ഇസ്ലാമിക പഠനം തുടരുന്നതിനായി പിന്നീട് ഈജിപ്തിലേക്കും യുകെയിലേക്കും യാത്രയായി.

വിവ: അബ്ദുല്‍ ഹയ്യ് മാണൂര്‍

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....