Showing posts with label അഹ്‌ലുസ്സുന്ന. Show all posts
Showing posts with label അഹ്‌ലുസ്സുന്ന. Show all posts

Tuesday, March 5, 2019

അഹ്‌ലുസ്സുന്ന

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


അഹ്‌ലുസ്സുന്ന






അല്ലാഹു ഖുർആനിലും പൂർവ്വഗ്രന്ഥങ്ങളിലും നബി(സ) തങ്ങളുടെ ഉമ്മത്തിന് ‘മുസ്‌ലിംകള്‍’ എന്നാണ് പേര്‍ വിളിച്ചിരിക്കുന്നത്. അല്‍ഹജ്ജ് അധ്യായത്തിലെ 78-ാം സൂക്തത്തില്‍ ഇതു കാണാം. മുസ്‌ലിംകളുടെ വിശ്വാസ കാര്യങ്ങളില്‍ നബി(സ)യുടെ കാലത്ത് ഭിന്നിപ്പുണ്ടായിരുന്നില്ല. മുസ്‌ലിംകളെല്ലാവരും ഒരേ വിശ്വാസക്കാര്‍. അതു കൊണ്ട് തന്നെ ഒരു വിവേചക നാമം അന്നു ആവശ്യമായി വന്നിട്ടില്ലാത്തതിനാല്‍ ‘അഹ്‌ലുസ്സുന്നത്തിവല്‍ജമാഅ’ എന്ന പേര്‍ അന്നുണ്ടായില്ല.

എന്നാല്‍, നബി തിരുമേനി(സ)യുടെ കാലശേഷം ദീനിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഭിന്നിപ്പുണ്ടായി. ഓരോരോ പുത്തന്‍ വാദങ്ങളുമായി പലരും രംഗത്തുവന്നു. സ്വഹാബത്തിന്റെ കാലത്ത് തന്നെ മുസ്‌ലിം സമൂഹത്തില്‍ ബിദ്അത്തിന്റെ പാര്‍ട്ടികള്‍ ഉടലെടുത്തു. ഇവ്വിധം പുതിയ കക്ഷികള്‍ വര്‍ധിച്ചപ്പോള്‍ ഇതിലൊന്നും അകപ്പെടാതെ പരമ്പരാഗത വിശ്വാസവുമായി കഴിഞ്ഞുകൂടുന്ന സാക്ഷാല്‍ മുസ്‌ലിംകളെ ഇവരില്‍നിന്ന് വേര്‍തിരിക്കാന്‍ ഒരു വിവേചകനാമം ആവശ്യമായി വന്നു. അതാണ് അഹ്‌ലുസ്സുന്നത്തി വല്‍ജമാഅ.
ഭിന്നിപ്പും ചേരിതിരിവും മുസ്‌ലിംകളില്‍ പ്രത്യക്ഷപ്പെട്ടാല്‍ അതിലകപ്പെടാതിരിക്കാന്‍ അവലംബമാക്കേണ്ട രണ്ട് പ്രമാണങ്ങളായി നബി(സ) പഠിപ്പിച്ചതാണ് സുന്നത്തും ജമാഅത്തും. കക്ഷിത്വത്തിനും ചേരിതിരിവിനും വശംവദരാവാത്തവിധം സത്യദീനിന്റെ അനുയായികളെയും അവരുടെ വിശ്വാസപ്രമാണങ്ങളെയും ഉള്‍കൊള്ളുന്നതും സംരക്ഷിക്കുന്നതുമായിരിക്കലാണല്ലോ വിവേചകനാമത്തിനു അനുയോജ്യം. അതാണ് സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്ന നാമം നല്‍കിയത്. പരമ്പരാഗത മുസ്‌ലിംകള്‍ക്ക് ഇത്ര അനിയോജ്യമായ മറ്റൊരു പേരില്ല. ഇതിനെ ചുരുക്കി വിളിക്കുന്നതാണ് അഹ്‌ലുസ്സുന്ന (സുന്നികള്‍) എന്നത്.നബി(സ)യുടെ മുന്നറിയിപ്പ്
മുസ്‌ലിം സമുദായം മൗലിക വിഷയങ്ങളില്‍ ഭിന്നിക്കുമെന്ന് നബി(സ) തങ്ങള്‍ പ്രസ്താവിച്ചത് പുലര്‍ന്നു. നബി(സ) പറഞ്ഞു: ബനൂഇസ്‌റാഈല്‍ എഴുപത്തിരണ്ടു മതമായി പരിഞ്ഞു (ജൂതന്മാര്‍ എഴുപത്തി ഒന്നും ക്രിസ്ത്യാനികള്‍ എഴുപത്തിരണ്ടും). എന്റെ സമുദായവും എഴുപത്തിമൂന്ന് ദീനുകളുടെ മേല്‍ പിരിയും. അവയില്‍ എഴുപത്തി രണ്ടും നരകത്തിലും ഒരു ദീന്‍ മാത്രം സ്വര്‍ഗത്തിലുമാണ്.
ഈ ഹദീസില്‍ പരാമര്‍ശിച്ച ഭിന്നിപ്പ് ദീനിന്റെ വിശ്വാസകാര്യങ്ങളാണ്, ശാഖാ പരമല്ല. ഈ ഭിന്നിപ്പ് നിയമവിരുദ്ധവും നിഷിദ്ധവുമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. ഓരോ വിഭാഗത്തിനെയും ഓരോ മില്ലത്തുകളായി നബി(സ) തങ്ങള്‍ എണ്ണിയതും അവയിലൊന്നൊഴിച്ചു ബാക്കി മുഴുവന്‍ നരകത്തിലാണെന്നു വിധിയെഴുതിയതും ഇതുകൊണ്ടാണ്. (മിര്‍ഖാത് 1/205)
പിഴവ് സംഭവിക്കാത്ത പ്രമാണങ്ങള്‍
അല്ലാഹു തന്റെ അടിമകള്‍ക്ക് നിശ്ചയിച്ചവതരിപ്പിച്ച നിയമങ്ങളാണ് ദീന്‍. ഇതിനെ നിലനിര്‍ത്തുവാന്‍ അല്ലാഹു പിഴവുകളില്‍നിന്നും സുരക്ഷിതത്വമുള്ള മൂന്ന് പ്രമാണങ്ങള്‍ നല്‍കി. ഇത് മുന്‍ പ്രവാചകര്‍ക്കില്ലായിരുന്നു. ഖുര്‍ആന്‍, സുന്നത്ത്, ജമാഅത്ത് എന്നിവയാണവ.
മൗലിക കാര്യങ്ങളില്‍ (വിശ്വാസപരം) പ്രമാണമായി വരുന്നത് തുല്യ പ്രാധാന്യത്തോടെ ഖുര്‍ആന്‍, സുന്നത്ത്, ജമാഅത്ത് (ഇജ്മാഅ്) എന്നീ മൂന്നെണ്ണം മാത്രമാണ്. ദീനിന്റെ ഉസൂലില്‍ ഖിയാസ് പ്രമാണമല്ലല്ലോ.
ഖുര്‍ആന്‍ ഒന്നാം പ്രമാണം, സുന്നത്ത് രണ്ടാം പ്രമാണം എന്ന വേര്‍തിരിവ് അബദ്ധമാണ്. ഇക്കാര്യം ഇമാം ശാഫിഈ(റ) തന്റെ ‘രിസാല’യില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രമാണമാക്കുന്ന വിഷയത്തില്‍ മുകളില്‍ വിവരിച്ച മൂന്നിനും തുല്യ പദവിയാണ്. ഇക്കാര്യം ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹുവിനും റസൂലിനും ഉലുല്‍ അംറിനും നിങ്ങള്‍ വഴിപ്പെടുക.’ (സൂറത്തുന്നിസാഅ് 59)
ഇമാം റാസി(റ) ഈ സൂക്തം വ്യാഖ്യാനിക്കുന്നത് കാണുക: ഈ ആയത്തില്‍ അല്ലാഹുവിനും റസൂലിനും വഴിപ്പെടാന്‍ പറഞ്ഞതിനോടൊപ്പമാണ് ഉലുല്‍ അംറി (ഇജ്മാഅ്) നോടും വഴിപ്പെടാന്‍ പറഞ്ഞത്. അപ്പോള്‍ അല്ലാഹുവിനെയും റസൂലിനെയും (ഖുര്‍ആന്‍, സുന്നത്ത്) പോലെ തെറ്റു സംഭവിക്കാത്ത പ്രമാണമാണ് ഇജ്മാഅ്. (റാസി 10/144, രിസാല 5 നോക്കുക.)
ഖുര്‍ആന്‍ പോലെ തന്നെ സുന്നത്തും അല്ലാഹുവിന്റെ വഹ്‌യുകളാണ്. വഹ്‌യിന്റെ രണ്ടു പ്രമാണങ്ങളാണിവയെന്നു ചുരുക്കം.
ജിബ്‌രീല്‍(അ) മുഖേന അല്ലാഹു നബി(സ)ക്ക് അവതരിപ്പിച്ച വഹ്‌യുകളാണ് ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്നത്. നബി(സ)യുടെ പ്രവാചകത്വത്തിനു മുഖ്യതെളിവും അന്ത്യനാള്‍ വരെ വള്ളിപുള്ളി വ്യത്യാസമില്ലാതെ സംരക്ഷിക്കപ്പെടുന്നതുമായ ദിവ്യഗ്രന്ഥമാണ് ഖുര്‍ആന്‍. അതു പാരായണം ചെയ്യാന്‍ കല്‍പ്പിക്കപ്പെട്ടതുമാണ്. ഈ സവിശേഷത സുന്നത്തിന് ഇല്ലെങ്കിലും പ്രമാണ വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും തുല്യപദവിയുള്ള രണ്ടു തരം വഹ്‌യിന്റെ പ്രമാണങ്ങളാണ്.
നബി(സ)യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവ ഉള്‍കൊള്ളുന്ന തിരുചര്യയാണ് സുന്നത്തിന്റെ ഉദ്ദേശ്യം. ഖുര്‍ആനിന്റെ ആധികാരിക വിശദീകരണമാണ് സുന്നത്ത്. പത്തു ലക്ഷത്തില്‍പരം ഹദീസുകള്‍ ഉള്‍കൊള്ളുന്നതാണ് നബി(സ)യുടെ സുന്നത്ത്. ഇതില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് മുഹദ്ദിസുകള്‍ ക്രോഡീകരിച്ചത്.
ജമാഅത്ത്
പിഴച്ച വിഭാഗങ്ങളില്‍ നിന്നു രക്ഷപ്പെടാനായി എന്നെന്നും പിടിച്ചുനില്‍ക്കാന്‍ ‘സുന്നത്തി’നു പുറമെ നബി(സ) കല്‍പിച്ച ‘ജമാഅത്ത്’ കൊണ്ട് ഉദ്ദേശ്യമെന്താണെന്നു നോക്കാം.
നബി(സ) പറഞ്ഞു: ”എന്റെ സുന്നത്തും എന്റെ ഖലീഫമാരുടെ സുന്നത്തും നിങ്ങള്‍ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് ആ സുന്നത്തിനെ നിങ്ങള്‍ കടിച്ചു പിടിക്കുക.” (തുര്‍മുദി) ”നിങ്ങള്‍ ജമാഅത്ത് (ഇജ്മാഅ്) മുറുകെ പിടിക്കണം.” (അബൂദാവൂദ്) ”വല്ലവനും അല്‍പമെങ്കിലും ജമാഅത്തില്‍ നിന്നു വേര്‍പിരിഞ്ഞാല്‍ അവന്‍ ഇസ്‌ലാമിന്റെ താലി തന്റെ കഴുത്തില്‍നിന്ന് പൊട്ടിച്ചെറിഞ്ഞവനാകും.” (അഹ്മദ്)
നബി(സ)യുടെ സുന്നത്ത് ശരിക്കും വ്യക്തമാകുന്നത് അവിടത്തെ ഖലീഫമാരുടെ കാലത്തായതുകൊണ്ടാണ് ഖുലഫാഇന്റെ സുന്നത്തിനെ കൂടി മുമ്പ് വിവരിച്ച ഹദീസില്‍ ചേര്‍ത്തിപ്പറഞ്ഞത്. അല്ലാതെ ഖുലഫാഇന്റെ സുന്നത്ത് എന്ന ഒരു പ്രത്യേക പ്രമാണമില്ല.
ലോക മുസ്‌ലിംകളുടെ ഏകോപനമാണ് ‘ജമാഅത്ത്’ എന്നതുകൊണ്ടു വിവക്ഷ. അതുതന്നെയാണ് ഇജ്മാഅ്. ഇതും ഖുര്‍ആന്‍, സുന്നത്ത് പോലെ ഖണ്ഡിത പ്രമാണമാണ്. നബി(സ)യുടെ വഫാതിനുശേഷം ഏതെങ്കിലും വിഷയത്തില്‍ ഒരു കാലത്തെ ഗവേഷണയോഗ്യതയുള്ള പണ്ഡിതര്‍ മുഴുവനും ഏകോപിക്കുക എന്നതാണ് സാങ്കേതികമായി ഇജ്മാഇന്റെ നിര്‍വചനം. (ജംഅ്: 2/176)
ജമാഅത്തിനെ നിങ്ങള്‍ മുറുകെ പിടിക്കുക എന്നു നബി(സ) തങ്ങള്‍ പ്രസ്താവിച്ചതും ജമാഅതുല്‍ മുസ്‌ലിമീന്‍ എന്നു ഇമാം ശാഫിഈ(റ) വിശദീകരിച്ചതും ‘അഹ്‌ലുല്‍ ഹല്ലി വല്‍അഖ്ദ്’ എന്നു ഇമാം റാസി, ഹാഫിള് ഇബ്‌നു ഹജര്‍(റ) വ്യാഖ്യാനിച്ചതും ‘അഹ്‌ലുല്‍ ഇല്‍മി’ എന്നു ഇമാം ബുഖാരി(റ) പറഞ്ഞതും തത്വത്തില്‍ ഒന്നുതന്നെയാണ്.
ഹദീസില്‍ പറഞ്ഞ’അല്‍ജമാഅത്ത്’ കൊണ്ടു വിവക്ഷ സ്വഹാബത്ത് മാത്രമാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. താബിഈ പണ്ഡിതരുടെ ഉദ്ധരണികളില്‍ നിന്നു പിഴച്ചു മനസ്സിലാക്കിയതുകൊണ്ടാണ് തെറ്റിദ്ധാരണയുണ്ടാവുന്നത്. താബിഉകളെ അപേക്ഷിച്ച് ‘അല്‍ജമാഅത്തി’ന്റെ ഉദ്ദേശ്യം സ്വഹാബത്തു മാത്രമാണല്ലോ.
ഇജ്മാഅ് ഖണ്ഡിത പ്രമാണമാണ്. മറ്റൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്ത വിധം ആശയവും ഉദ്ദേശ്യവും ഇന്നതെന്നു വ്യക്തമായതാണ് ഖണ്ഡിത പ്രമാണം. മറിച്ചൊരു വ്യാഖ്യാനത്തിനു പഴുതില്ലാത്ത ഖുര്‍ആനിന്റെയും സുന്നത്തിന്റെയും മൊഴികളും ഖണ്ഡിത പ്രമാണമാണ്. ഇത്തരം ഖണ്ഡിത പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ടത് ദീനിന്റെ ഉസൂലാണ്, വിശ്വാസ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ ശരീഅത്തിന്റെ ബാധ്യതയുള്ള എല്ലാവരും അറിയേണ്ടതും വിശ്വസിക്കേണ്ടതുമാണ്. ഇവ അറിയാത്തതില്‍ ഒരാള്‍ക്കും വിട്ടുവീഴ്ചയില്ല. പണ്ഡിതനും സാധാരണക്കാരനും വിശ്വസിച്ചിരിക്കണം.
എല്ലാവരും അറിഞ്ഞിരിക്കേണ്ട വിശ്വാസകാര്യങ്ങള്‍ രണ്ടുവിധമുണ്ട്. വിശ്വസിച്ചില്ലെങ്കില്‍ ദീനില്‍ നിന്നു പുറത്തുപോകുന്നതും പുറത്തുപോകാത്തതും. നബി(സ) തങ്ങളുടെ ദീനിന്റെ കാര്യമെന്ന് ഏവരും അനിഷേധ്യവും വ്യക്തവുമായി അറിയുന്നത് (ളറൂറിയ്യായി അറിയപ്പെട്ടത്) നിരാകരിക്കുന്നവന്‍ കാഫിറാകും. ഖണ്ഡിത പ്രമാണം കൊണ്ടു തെളിഞ്ഞതാണെങ്കില്‍ ളറൂറിയ്യായി അറിയപ്പെടാത്തതു നിഷേധിച്ചാല്‍ കാഫിറാവില്ലെങ്കിലും വിശ്വാസം പിഴച്ചവനാകും. (മുബ്തദിഅ്)
ഇജ്മാഉള്ള കാര്യങ്ങള്‍ മുഴുവനും ദീനിന്റെ ഉസൂലാണ്. നാലു മദ്ഹബിലും ഇജ്മാഉള്ള കാര്യം ഫുറൂഅ് (ശാഖാപരം) അല്ല; ഉസൂലാണ്. വിശ്വാസപരം, അത്തരം കാര്യങ്ങള്‍ നിഷേധിച്ചവന്‍ നന്നേ ചുരുങ്ങിയത് മുബ്തദിഅ് ആകും. നാലാലൊരു മദ്ഹബ് സ്വീകരിക്കേണ്ട എന്നു വിശ്വസിക്കുന്നവനും മുബ്തദിഉ ആണ്. കാരണം, അവന്‍ തത്വത്തില്‍ ഇജ്മാഇനെ നിഷേധിച്ചു. (അസ്സ്വവാഹിഖുല്‍ മുഹ്‌രിഖ 89 നോക്കുക.)
അഹ്‌ലുല്‍ ഖുര്‍ആന്‍
വിശ്വാസ ശരണിയില്‍ സുന്നത്തും ഇജ്മാഉം പോലെത്തന്നെ ഖുര്‍ആനും പ്രമാണമാണ്. ഇവ മൂന്നും മുറുകെ പിടിക്കുന്നവരാണ് സുന്നികള്‍. വസ്തുത ഇതായിരിക്കെ വിവേചക നാമത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃ എന്ന സ്ഥാനത്ത് അഹ്‌ലുല്‍ ഖുര്‍ആനി…. എന്ന് എന്തുകൊണ്ടു പറഞ്ഞില്ല? പറയേണ്ടതില്ല. എന്തുകൊണ്ടെന്നാല്‍, ഖുര്‍ആന്‍ എന്ന സത്യപ്രമാണത്തെ നിരാകരിച്ചുകൊണ്ട് ഈ സമുദായത്തിനകത്ത് ഒരു കക്ഷിയും വരാനിടയില്ല പ്രത്യുത, സുന്നത്ത്, ജമാഅത്ത് എന്നീ രണ്ട് സത്യപ്രമാണങ്ങളെ അപ്പടി നിഷേധിക്കുകയോ തത്വത്തില്‍ നിരാകരിക്കുകയോ ചെയ്യുന്നവര്‍ ഈ സമുദായത്തില്‍ ധാരാളം പ്രത്യക്ഷപ്പെടും. ഖുര്‍ആനിക പ്രമാണം കൊണ്ട്  അവരീ നിരാകരണത്തിന് ന്യായീകരണവും നടത്തും. ഇതുകൊണ്ടാണ് മൂന്ന് പ്രമാണങ്ങളില്‍ നിന്ന് സുന്നത്ത്, ഇജ്മാഅ് എന്നീ രണ്ടു പ്രമാണങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് ഭിന്നിപ്പും ചേരിതിരിവും ഉണ്ടാകുമ്പോള്‍ ഇതു രണ്ടും മുറുകെ പിടിക്കണമെന്ന് നബി(സ) തങ്ങള്‍ പ്രസ്താവിച്ചത്. ഇക്കാരണത്താല്‍ തന്നെ വിവേചക നാമത്തില്‍ നിന്നു ഖുര്‍ആന്‍ എന്നത് ഒഴിവാക്കിയതും. ചുരുക്കത്തില്‍ അഹ്‌ലുസുന്നഃ എന്നാല്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും ജമാഅത്തിന്റെയും ആളുകള്‍ എന്നാണ്.
തത്വത്തില്‍ ഇജ്മാഅ്
ഹിജ്‌റ നാലാം നൂറ്റാണ്ടു മുതല്‍ സ്വതന്ത്ര ഗവേഷകരായ മുജ്തഹിദ് ഇല്ലാത്തതിനാല്‍ ഗവേഷണത്തിനു പഴുതില്ല. അതുകൊണ്ട് തന്നെ ക്രോഡീകൃതമായ നാലാലൊരു മദ്ഹബ് അനുകരിക്കുക എന്ന നിലപാടില്‍ എല്ലാ മുസ്‌ലിംകളും ഉറച്ചുനിന്നു. അങ്ങനെ നാലാലൊരു മദ്ഹബ് അനുകരിക്കണമെന്നതു ലോക മുസ്‌ലിംകളുടെ ഇജ്മാഅ് ആയി മാറി. ഇതിനു ‘കല്‍ഇജ്മാഅ്’ (തത്വത്തില്‍ ഇജ്മാഅ്) എന്ന് പറയും. (തുഹ്ഫ 10/110, ഫത്ഹുല്‍ മുഈന്‍ 484 നോക്കുക.)
ബിദ്അത്തിനെതിരെ ആഞ്ഞടിച്ച സുന്നി സരണി വെട്ടിത്തെളിയിച്ചു തന്ന രണ്ട് ഇമാമുകളാണ് ഇമാം അശ്അരി(റ)യും മാതുരിദി(റ)യും. ഈ രണ്ട് ഇമാമുകളെ അവലംബിച്ച് വിശ്വസിക്കുകയും പിന്‍പറ്റുകയും ചെയ്യുന്നവരെ അഹ്‌ലുസ്സുന്ന എന്ന പേരില്‍ പിന്നീട് അറിയപ്പെട്ടു. ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: ”പില്‍കാലത്ത് അഹ്‌ലുസ്സുന്നത്ത് എന്നാല്‍ ഇമാം അബുല്‍ ഹസനില്‍ അശ്അരി(റ)യും അബുല്‍ മന്‍സൂറിനില്‍ മാതുരീദി(റ)യും അവരെ അനുഗമിച്ചവരും എന്നാണ് ഉദ്ദേശ്യം.” (തുഹ്ഫ 10/235)
നാലാലൊരു മദ്ഹബ് അനുകരിക്കല്‍ നിര്‍ബന്ധമെന്ന ഇജ്മാഉ അടക്കമുള്ള മുജ്തഹിദുകളുടെ ഏകകണ്ഠമായ നിലപാടുകള്‍ വിശ്വസിക്കുന്നവനാണ് അഹ്‌ലുസ്സുന്ന. അപ്പോള്‍ സുന്നികള്‍ മുഴുവനും അശ്അരി, മാതുരിദീ എന്നീ സരണികളില്‍ ഒന്നു മാത്രം വിശ്വസിക്കുകയും സ്വീകരിക്കുകയും കര്‍മപരമായി നാലാലൊരു മദ്ഹബ് പിന്‍പറ്റുന്നവരുമായിരിക്കും. അല്ലാത്തവര്‍ സുന്നികളല്ല.
മുസ്‌ലിം ലോകം അംഗീകരിച്ച ഖണ്ഡിത രേഖയായ ഇജ്മാഇനു ഖുര്‍ആനില്‍ തെളിവുണ്ടോയെന്ന് ഇമാം ശാഫിഈ(റ)യോട് ചോദിക്കപ്പെട്ടപ്പോള്‍ മുന്നൂറു പ്രാവശ്യം ഖുര്‍ആന്‍ പാരായണം ചെയ്ത ശേഷം നിസാഅ് സൂറത്തിലെ 115-ാം സൂക്തം തെളിവായി എത്തിച്ചു. (റാസി 11/43)
സന്മാര്‍ഗം വ്യക്തമായ ശേഷം ആരെങ്കിലും നബി(സ) തങ്ങളോട് എതിരാവുകയും മുഅ്മിനീങ്ങള്‍ സ്വീകരിച്ചതല്ലാത്ത മര്‍ഗം പിന്തുടരുകയും ചെയ്താല്‍ അവനേറ്റെടുത്തതിന്റെ ഭാരം അവനെത്തന്നെ നാം ഏല്‍പ്പിക്കും. അവനെ നാം നരകത്തിലേക്ക് ചേര്‍ക്കും. അതു ചെന്നു ചേരുന്ന സ്ഥലങ്ങളില്‍ വെച്ച് ഏറ്റവും ചീത്തയാവുന്നു എന്ന ആശയമുള്‍കൊള്ളുന്നതാണ് ഉപര്യുക്ത സൂക്തം.
മുഅ്മിനീങ്ങളുടെ മാര്‍ഗം വലിച്ചെറിഞ്ഞവര്‍ക്ക് കനത്ത താക്കീതതിലുണ്ട്. ഇജ്മാഅ് വിരുദ്ധ വാദങ്ങള്‍ വെച്ച് പുലര്‍ത്തുകവഴി സര്‍വ്വ ബിദഇകളും മുഅ്മിനീങ്ങളുടെ പരമ്പരാഗത വഴി തള്ളിപ്പറഞ്ഞവരാണ്.
അതുകൊണ്ടാണവര്‍ പിഴച്ചുപോയതും അവരുടെ വിശ്വാസം തെറ്റായതും. ബിദ്അത്തു എത്രയോ ഭീകരവും കടുത്ത തെറ്റുമാണ്. നബി(സ) പറഞ്ഞു: ‘ബിദ്അത്തുകാരന്‍ എന്ന നിലയ്ക്ക് ഒരു വ്യക്തിയെ ബഹുമാനിച്ചയാള്‍ ഇസ്‌ലാം മതത്തെ പൊളിക്കാന്‍ സഹായിച്ചു.”

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....