Showing posts with label യുക്തിവാദം'ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം●. Show all posts
Showing posts with label യുക്തിവാദം'ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം●. Show all posts

Monday, July 1, 2019

യുക്തിവാദം'ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ഇച്ഛാ സ്വാതന്ത്ര്യം: ദാർശനിക വിശകലനം● ശുകൂര്‍ സഖാഫി വെണ്ണക്കോട് 0 COMMENTS

ഇസ്ലാം വിരോധികളും പരിഷ്കരണവാദികളും നിരന്തരം വിമര്‍ശിക്കുകയും സംശയങ്ങളുന്നയിക്കുകയും ചെയ്യുന്ന വിഷയമാണ് വിധിവിശ്വാസം. ദൈവവിധിയെയും മനുഷ്യ സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഇസ്ലാമിക വീക്ഷണം ശരിക്കും മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് അവരുടെ വെപ്രാളത്തിനു കാരണം.

മനുഷ്യന്‍ നന്നാകുന്നതും ചീത്തയാകുന്നതും വിജയിക്കുന്നതും പരാജയപ്പെടുന്നതും അല്ലാഹുവിന്‍റെ മുന്‍വിധി അങ്ങനെ ആയതുകൊണ്ടാണോ? മനുഷ്യന് അതില്‍ യാതൊരു പങ്കുമില്ലേ? തെറ്റ് ചെയ്യാന്‍ വിധിക്കപ്പെട്ടവന്‍ നന്മ ചെയ്യാന്‍ എങ്ങനെ സാധിക്കും? എല്ലാം ദൈവഹിതം പോലെ മാത്രമേ നടക്കുകയുള്ളൂവെങ്കില്‍ പിന്നെ ആരാധിക്കുന്നതും ആരാധിക്കാതിരിക്കുന്നതും തമ്മില്‍ മാറ്റമില്ലല്ലോ?


മുസ്ലിംകള്‍ വിശ്വസിക്കുന്ന വിധിവിശ്വാസ(ഖദ്ര്‍-ഖളാഅ്)വുമായി ബന്ധപ്പെടുത്തി എക്കാലത്തെയും മതവിരോധികളും ചില അല്‍പജ്ഞരായ വിശ്വാസികള്‍ പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ചോദ്യങ്ങളാണ് മുകളിലുദ്ധരിച്ചത്. മതനിരാസത്തിന്‍റെ മുഖമുദ്രയണിഞ്ഞ ഭൗതിക യുക്തിവാദികളുടെ വിമര്‍ശനം കാണുക: ‘മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനാണ്. സ്വന്തവും സ്വതന്ത്രവുമായ ഇച്ഛയോ തീരുമാനശേഷിയോ ആര്‍ക്കുമില്ല. പ്രകൃതിയിലുള്ള മറ്റെല്ലാ വ്യവസ്ഥകളെയും പോലെ ഒരു വ്യവസ്ഥയാണ് അലംഘനീയമായ വിധിയുടെ ഇരയാണവന്‍. പ്രകൃതിയുടെ സാമാന്യ നിയമങ്ങള്‍ക്ക് മനുഷ്യന്‍ കീഴ്പ്പെട്ടിരിക്കുന്നു’ ഇവാന്‍ പാവ്ലോവ എന്ന എഴുത്തുകാരന്‍റെ വിമര്‍ശനമാണിത് (Psychologic Experimental page: 39).

രണ്ടു കാര്യങ്ങളിലൂടെ മുകളിലുന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം: (1) ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ രോഗി മരിക്കുമെന്ന് വിദഗ്ധനായ ഡോക്ടര്‍ ഒരു രോഗിയെക്കുറിച്ച് പറയുകയും അതുപോലെ രോഗി മരിക്കുകയും ചെയ്തു. ഇവിടെ ഡോക്ടര്‍ കൊല നടത്തിയെന്ന് പറയാമോ? (2) കുട്ടി പരീക്ഷയില്‍ തോല്‍ക്കുമെന്ന് ക്ലാസ് അധ്യാപകന്‍ നേരത്തെ വിധിയെഴുതിയത് പോലെ സംഭവിച്ചാല്‍ അധ്യാപകന്‍ മുന്‍കൂട്ടി വിധിയെഴുതിയത്കൊണ്ട് തോറ്റതാണെന്ന് പറയാമോ? ഇല്ല! ഒരിക്കലുമില്ല. ഈ രണ്ടു സംഭവത്തിലും മുന്‍വിധി ഉണ്ടായതല്ല മരണത്തിനും പരാജയത്തിനും കാരണം. വിശദമായ വിശകനത്തിന് വിധേയമാക്കേണ്ട വിഷയമാണിത്.


വിധിയിലുള്ള വിശ്വാസം ഈമാനിന്‍റെ – ദൈവവിശ്വാസത്തിന്‍റെ അനിവാര്യഘടകമാണ്. പ്രപഞ്ചത്തിനു ഒരു സ്രഷ്ടാവുണ്ട്. അവന്‍ സ്ഥലകാല പരിമിതികള്‍ക്കതീതനും സര്‍വജ്ഞനും സര്‍വ്വശക്തനുമാണ്. അവന്‍റെ തീരുമാനപ്രകാരമല്ലാതെ ലോകത്ത് ഒന്നും നടക്കില്ല. ജനനവും മരണവും ചലന നിശ്ചലനങ്ങളും വിജയ പരാജയങ്ങളുമെല്ലാം നിര്‍ണയിക്കുന്നത് അല്ലാഹുവാണ്. പ്രപഞ്ചാധികാരിയായ അല്ലാഹു മനുഷ്യനെപ്പോലെ സംഭവങ്ങള്‍ നടന്നുകഴിഞ്ഞശേഷം അറിയുന്നവനും സൃഷ്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്സഹായനുമാണെങ്കില്‍ അവന്‍ ഒരിക്കലും ജഗന്നിയന്താവാകില്ല. മറിച്ച് അവന്‍ മുമ്പിലും പിമ്പിലുമുള്ളത് അറിയുന്നവനാകണം. ആകാശ ഭൂമികളിലെ പരമാണുവിനേക്കാള്‍ ചെറിയതുപോലും അറിയാതെ പോകരുത്. എല്ലാം നല്‍കുന്നതും എടുത്തുക്കളയുന്നതും നിയന്ത്രിക്കുന്നതും അവന്‍ തന്നെയാകണം. സര്‍വവും അല്ലാഹുവാണെന്ന് മുസ്ലിം അചഞ്ചലമായി വിശ്വസിക്കുകയും ചെയ്യുന്നു.

നന്മ-തിന്മ വിവേചനം

ജന്മനാ തന്നെ മനുഷ്യനില്‍ നന്മ-തിന്മാ വിവേചനശേഷി നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹു ആത്മാവിനെ സന്തുലിതമാക്കി. അതിന് ധര്‍മ്മാധര്‍മബോധനം നല്‍കി’ (അശ്ശംസ്: 7,8). ‘നാമവന് വ്യക്തമായ രണ്ട് വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലയോ?’ (അശ്ശംസ്: 10).

നന്മയും തിന്മയുമായ രണ്ട് വഴികളെക്കുറിച്ചാണ് ഖുര്‍ആന്‍ പറയുന്നത്. മനുഷ്യര്‍ക്കെല്ലാം തെറ്റും ശരിയും ധര്‍മവും അധര്‍മവും തിരഞ്ഞെടുത്ത് സന്മാര്‍ഗിയും ദുര്‍മാര്‍ഗിയുമാകാനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ് മേല്‍സൂക്തങ്ങളുടെ സൂചന. ‘ആര് സന്മാര്‍ഗം സ്വീകരിക്കുന്നുവോ അത് അവന്‍റെ ഗുണത്തിന് വേണ്ടിയാണ്. ആര് ദുര്‍മാര്‍ഗിയാകുന്നുവോ അതിന്‍റെ ദോഷവും അവന്തന്നെ’ (അല്‍ഇസ്റാഅ്: 15).


അല്ലാഹു ആരെയും ഒന്നിനും ഒരിക്കലും നിര്‍ബന്ധിക്കുന്നില്ല. അവന്‍ തിരുനബി(സ്വ)യോട് പ്രഖ്യാപിക്കുവാന്‍ പറയുന്നത് ഇപ്രകാരമാണ്: ‘പറയുക, ഇത് തങ്ങളുടെ നാഥനില്‍ നിന്നുള്ള സത്യമതമാണ്. ഇഷ്ടമുള്ളവര്‍ക്കിത് സ്വീകരിക്കാം. ഇഷ്ടമുള്ളവര്‍ക്ക് നിഷേധിക്കാം’ (അല്‍കഹ്ഫ്: 29).

ഓരോരുത്തര്‍ക്കും അവരുടെ പ്രവര്‍ത്തനത്തിന് പ്രതിഫലം ലഭിക്കും. നന്മ ചെയ്തവര്‍ക്കു നന്മയും സ്വര്‍ഗവും തിന്മ പ്രവര്‍ത്തിച്ചവര്‍ക്ക് ചീത്ത പ്രതിഫലവും നരകവും. ഒരിക്കലും ഒരാളോടും അവന്‍ അക്രമം പ്രവര്‍ത്തിക്കുകയില്ല. വിശുദ്ധ ഖുര്‍ആന്‍ 45/28, 27/90, 41/46 തുടങ്ങിയ ഒട്ടേറെ സൂക്തങ്ങളില്‍ ഇതേ ആശയം വിവിധ രൂപത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇസ്ലാമിക വീക്ഷണത്തില്‍ മനുഷ്യന്‍ തീര്‍ത്തും അസ്വതന്ത്രനോ കേവലം വിധിയുടെ കയ്യിലെ പാവയോ (ആരോപകരുടെ ഭാഷയില്‍) അല്ലെന്ന് ചുരുക്കം. തന്‍റെ ജീവിതമാര്‍ഗം തീരുമാനിക്കാനും തെരഞ്ഞെടുക്കാനും ഓരോരുത്തര്‍ക്കും അനുവാദവും സ്വാതന്ത്ര്യവുമുണ്ട്. താനെന്ത് കുടിക്കണം, കുടിക്കരുത്, തിന്നണം, തിന്നരുത്, എന്ത് കാണണം കാണരുത്, കേള്‍ക്കണം, കേള്‍ക്കരുത്, എന്ത് പറയണം, പറയരുത്, ചെയ്യണം ചെയ്യരുത് എങ്ങനെ ജീവിക്കണം എന്നൊക്കെ തീരുമാനിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവെ അനുസരിക്കാനും ധിക്കരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം നന്നായി ജീവിക്കുന്നവര്‍ക്ക് മോക്ഷവും ചീത്തയായി ജീവിക്കുന്നവര്‍ക്ക് ദ്വിലോക ശിക്ഷയും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുമുണ്ട്.


ഒരാളുടെയും വിജയ പരാജയങ്ങള്‍ നിര്‍ബന്ധപൂര്‍വം അല്ലാഹു അടിച്ചേല്‍പ്പിക്കുകയല്ല. ഓരോരുത്തരും അവരുടെ ഇഷ്ടാനുസരണം സ്വര്‍ഗവും നരകവും നേടിയെടുക്കുകയാണ്. സ്വന്തം തീരുമാനങ്ങളുടെയും കര്‍മങ്ങളുടെയും രണ്ടിലൊന്നിന്‍റെ അവകാശിയായിത്തീരുകയാണ്.

മനുഷ്യന്‍ നന്മ ചെയ്യാനുദ്ദേശിച്ചാല്‍ അതിന് സാധിക്കാത്തവിധത്തിലോ തിന്മ ഉദ്ദേശിച്ചില്ലെങ്കിലും അത് ചെയ്യുന്ന രീതിയിലോ ആരെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. ഇഷ്ടാനുസരണം സന്മാര്‍ഗവും ദുര്‍മാര്‍ഗവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നില്ലെങ്കില്‍ അവനോട് വല്ലതും കല്‍പിക്കുകയോ വിരോധിക്കുകയോ ചെയ്യുന്നതിന് അര്‍ത്ഥമുണ്ടാകുമായിരുന്നില്ല.

മനുഷ്യനെ പടച്ച് പരിപാലിക്കുകയും അവന് അനിവാര്യമായതെല്ലാം ആവശ്യാനുസൃതം നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അല്ലാഹുവിന് എല്ലാം മുന്‍കൂട്ടി അറിയാന്‍ കഴിയും. ഒരിക്കലും പിഴക്കാതെ കൃത്യമായി പറയാനും കഴിയും. അതിനാണ് ദൈവവിധി എന്ന് പറയുന്നത്.

നന്നാകുന്നതും ചീത്തയാകുന്നതും അല്ലാഹുവിന്‍റെ വിധിപ്രകാരമാണ് എന്നതിന്‍റെ അര്‍ത്ഥം അല്ലാഹു വിധിച്ചതിനാല്‍ മനുഷ്യന്‍ നന്നായെന്നോ ചീത്തയായെന്നോ അല്ല. അല്ലാഹു ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരു വ്യത്യാസവുമില്ലാതെ അറിയാവുന്നവനാണ് എന്നല്ല അത്തരം സമയക്രമങ്ങള്‍ തന്നെ ബാധിക്കാത്തവനാണ്. ലോകത്തിന്‍റെ ഭാവിയും ഏതൊരു മനുഷ്യന്‍റെ ഭാവിയും അല്ലാഹുവിന് വസ്തുനിഷ്ഠമായി അറിയാം. ഒരു വ്യക്തി നല്ലത് ചെയ്യുമെന്നും അക്കാരണത്താല്‍ അവന്‍ സ്വര്‍ഗം അര്‍ഹിക്കുമെന്നും അല്ലാഹുവിന് വ്യക്തമായറിയും. മറ്റൊരാള്‍ കുറ്റവാളിയാകുമെന്നും അതുകാരണം നരകാവകാശിയാകുമെന്നും മുന്‍കൂട്ടി അവനറിയും. ഇങ്ങനെ മുന്‍കൂട്ടിയുള്ള അല്ലാഹുവിന്‍റെ പ്രവചനമാണ് അവന്‍റെ വിധി. ഭാവിയെക്കുറിച്ചുള്ള മുന്‍റിപ്പോര്‍ട്ടും നിരീക്ഷണവുമാണ് മുന്‍വിധിയെന്ന് പറയുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പത്രപ്രവര്‍ത്തകരുടേതോ നിരീക്ഷണശാസ്ത്രങ്ങളുടേതോ പോലെയല്ല. അവരുടേത് ശരിയും തെറ്റുമാകാം. കേവല സാധ്യതകളും നിരീക്ഷണങ്ങളും മാത്രമാകും. അല്ലാഹുവിന്‍റെ മുന്നറിവ് നിരീക്ഷണവും ഒരിക്കലും തെറ്റുകയില്ല. തെറ്റിയിട്ടുമില്ല. കാരണം അവന്‍ സര്‍വജ്ഞനും സര്‍വഭൂതാതീതനുമാണ്.


അല്ലാഹു ഫലങ്ങളെ മാത്രം മുന്‍കൂട്ടി വിധിച്ചുവെന്ന് വിശ്വസിക്കുന്നതല്ല വിധിവിശ്വാസം. ഫലങ്ങളെയെന്ന പോലെ അതിന്‍റെ കാരണങ്ങളെയും അവന്‍ വിധിച്ചിരിക്കുന്നു. നല്ല മാങ്ങയുണ്ടാകുമെന്ന് വിധിയുണ്ടെങ്കില്‍ തൈ വെച്ച് മാവുണ്ടായി പുഷ്പിക്കുമെന്നും ഒപ്പം വിധിയുണ്ടാകും. അമ്പാനി പണക്കാരനാവുമെന്ന് വിധിയുണ്ടെങ്കില്‍ അയാള്‍ അതിസമര്‍ത്ഥനായ വ്യവസായി ആയിരിക്കുമെന്നതും വിധി തന്നെയാണ്. ഐന്‍സ്റ്റീന്‍ സയന്‍റിസ്റ്റാവുമെന്നത് വിധിയാണെങ്കില്‍ അദ്ദേഹത്തിന് അസാമാന്യബുദ്ധിശക്തിയും സ്ഥിരോത്സാഹവും ഉണ്ടായിരുന്നുവെന്നതും വിധിയുടെ ഭാഗം തന്നെയാണ്.

അബൂബക്ര്‍ സിദ്ദീഖ്(റ) സ്വര്‍ഗാവകാശിയാകുമെന്ന വിധി അദ്ദേഹം സത്യവാനും ത്യാഗിവര്യനുമായിരിക്കുമെന്ന വിധിയോട് ബന്ധപ്പെട്ടിരിക്കുന്നു. അബൂജഹ്ല്‍ നരകാവകാശിയാകുമെന്ന ദൈവവധി അയാള്‍ ധിക്കാരിയും അധര്‍മിയുമായിരിക്കുമെന്ന വിധിയുടെ ഫലമാണ്. രണ്ട് പേരും സ്വമേധയാ ഭിന്നമായ രണ്ട് മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തു. ആ വഴികളുടെ സ്വാഭാവിക ഫലങ്ങള്‍ അവര്‍ അനുഭവിക്കുകയും ചെയ്യുന്നു. ഇതില്‍ ദൈവവിധിയെ ക്രൂരമായി ചിത്രീകരിക്കാന്‍ യാതൊന്നുമില്ല.

അല്ലാഹു നേരത്തെ വിധിച്ചത് കൊണ്ട് മാത്രം വിജയിക്കുകയോ പരാജയപ്പെടുകയോ അല്ല. വിജയ-പരാജയങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞതുകൊണ്ട് അല്ലാഹു അത് മുന്‍കൂട്ടി പറഞ്ഞുവെക്കുകയാണുണ്ടായതെന്ന് സാരം. ഇവിടെ വിധിയെ പഴിക്കുന്നതില്‍ യാതൊരര്‍ത്ഥവുമില്ലെന്ന് താഴെ പറയുന്ന ഉദാഹരണത്തിലൂടെ എളുപ്പം മനസ്സിലാകും.

ഒരു പ്രഗത്ഭനായ അധ്യാപകന്‍ കുറച്ച് വിദ്യാര്‍ത്ഥികളുമായി നിരന്തരം ബന്ധപ്പെട്ടു അവര്‍ക്ക് മാതൃകായോഗ്യനായ അധ്യാപകനായി വര്‍ഷങ്ങളോളം സേവന നിരതനായി ജോലി ചെയ്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കഴിവുകളും കഴിവുകേടുകളും ബുദ്ധിശക്തിയും മനോഭാവവും അഭിരുചിയും വ്യക്തവും വസ്തുനിഷ്ഠവുമായി അദ്ദേഹത്തിന്നറിയുകയും ചെയ്യും. പരീക്ഷയടുത്തപ്പോള്‍ അധ്യാപകന്‍ ചില പ്രവചനങ്ങള്‍ നടത്തി. പരീക്ഷയുടെ വിഷയവും ചോദ്യത്തിന്‍റെ ശൈലിയുമെല്ലാം നന്നായറിയുന്ന അദ്ദേഹം വിധി പ്രസ്താവിച്ചു. ഇന്നയിന്ന കുട്ടികള്‍ ഉന്നത മാര്‍ക്ക് നേടി വിജയിക്കും. ഇന്നയിന്ന കുട്ടികള്‍ ഇത്രമാര്‍ക്ക് വാങ്ങി കഷ്ടിച്ച് ജയിക്കും. മറ്റു ചിലര്‍ പരാജയപ്പെടുകയും ചെയ്യും. ഇത് കൃത്യമായി അദ്ദേഹം എഴുതിവെക്കുകയും ചെയ്തു. പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ അധ്യാപകന്‍റെ മുന്‍കൂട്ടിയുള്ള വിധിയെഴുത്ത് കൃത്യമായി പുലര്‍ന്നു! ഇത് പലപ്പോഴും സംഭവിക്കാറുള്ള വസ്തുതയാണ്.


ഇവിടെ പരാജയപ്പട്ട കുട്ടികള്‍ക്ക് തങ്ങളുടെ പരാജയത്തിന് കാരണം അധ്യാപകന്‍റെ മുന്‍വിധിയാണെന്ന് ആക്ഷേപമുന്നയിക്കാന്‍ കഴിയുമോ? വിജയിച്ചവന് തന്‍റെ വിജയത്തിന് കാരണം അധ്യാപകന്‍റെ പ്രവചനമാണെന്ന് സമ്മതിക്കാനൊക്കുമോ? ഇല്ല. ഒരിക്കലുമില്ല. ഇതുപോലെ തന്നെ അല്ലാഹു നടത്തുന്ന പാരത്രിക ലോകപരീക്ഷയില്‍ ആരെല്ലാം വിജയിക്കുമെന്നും തോല്‍ക്കുമെന്നും അവനറിയാം. അത് അവന്‍ രേഖാമൂലം പ്രഖ്യാപിച്ച് കൈകാര്യം ചെയ്യുന്ന മലക്കുകള്‍ക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഓരോരുത്തരും വ്യക്തിപരമായി താന്‍ ഏത് വിഭാഗത്തിലാണെന്ന് സ്വന്തത്തില്‍ അറിഞ്ഞിട്ടില്ലെന്നേയുള്ളൂ.

തോറ്റവന്‍റെ പരാജയത്തിന് കാരണം നേരത്തെ അധ്യാപകനല്ലാത്തതുപോലെ ഇവിടെ അല്ലാഹുവുമല്ല. പക്ഷേ, ഒരു വ്യത്യാസമുണ്ട്. ഏത് പ്രഗത്ഭനായ അധ്യാപകനാണെങ്കിലും ചിലപ്പോള്‍ അദ്ദേഹത്തിന്‍റെ നിഗമനങ്ങളും വിധിപ്രസ്താവങ്ങളും തെറ്റാം. എന്നാല്‍ സര്‍വജ്ഞനായ അല്ലാഹുവിന് തെറ്റ് പറ്റില്ല. അവന്‍റെ തീരുമാനങ്ങള്‍ക്ക് എതിര് സംഭവിക്കുകയുമില്ല. ഇതാണ് വിധിക്കെതിരെ ഒന്നും നടക്കില്ലെന്ന് വിശ്വാസികള്‍ വിളിച്ചുപറയുന്നത്.

ചുരുക്കത്തില്‍ വിധി എന്നത് മനുഷ്യനെ ചീത്തയാക്കാനോ നന്നാക്കാനോ ഉള്ള നിര്‍മാണപരമായ ഉത്തരവല്ല. മറിച്ച്, ഭാവിയില്‍ എന്ത് സംഭവിക്കുമെന്നതിന്‍റെ വ്യക്തമായ റിപ്പോര്‍ട്ടാണ്. എന്ത് സംഭവിക്കണമെന്നതിന്‍റെ ഉത്തരവല്ല. അല്ലാഹുവിന്‍റെ റിപ്പോര്‍ട്ട് തെറ്റുക സാധ്യമല്ലാത്തതിനാല്‍ അതേപ്പറ്റി മുസ്ലിംകള്‍ ‘വിധി’ എന്ന് പറയുന്നു. ഏഴ് ദിവസത്തിനകം രോഗി മരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. അതുപോലെ രോഗി മരിക്കുകയും ചെയ്തു. എന്നാലിവിടെ ഡോക്ടര്‍ പറഞ്ഞതുകൊണ്ടാണ് എന്ന് വാദിക്കുന്നത് പോലെയാണ് അല്ലാഹു വിധിച്ചതുകൊണ്ടാണ് പരാജയപ്പെടുന്നത് എന്ന് പറയുന്നത്. പക്ഷേ, രോഗി മരിക്കുമെന്ന ഡോക്ടറുടെ വിധി പോലെയല്ല അല്ലാഹുവിന്‍റെ വിധി. ഡോക്ടര്‍ക്ക് തെറ്റാം. അല്ലാഹുവിന് ഒരിക്കലും തെറ്റുകയില്ല.

മനുഷ്യന്‍ നന്നാകാനും ചീത്തയാകാനും കഴിവ് നല്‍കുന്നത് അല്ലാഹു തന്നെയാണ്. നന്മ ആഗ്രഹിക്കുന്നവനും നന്നാകാം. തിന്മ കൊതിച്ചവന് ചീത്തയാവുകയുമാകാം. പരീക്ഷ എഴുതാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പേനയും പേപ്പറും നല്‍കുന്ന ചിലര്‍ അതില്‍ തെറ്റെഴുതുന്നു. ചിലര്‍ ശരിയും. തെറ്റി എഴുതിയവര്‍ പരാജയപ്പെടുന്നു. ശരി എഴുതിയവര്‍ വിജയിക്കുന്നു. നീതിപൂര്‍വ്വം പരീക്ഷ നടക്കണമെങ്കില്‍ എല്ലാവര്‍ക്കും കടലാസും പുസ്തകവും വേണം. ഇതുപോലെ അല്ലാഹു എല്ലാവര്‍ക്കും കാണാന്‍ കഴിവുള്ള കണ്ണ് കൊടുത്തു. ചിലര്‍ അതുകൊണ്ട് നന്മ കണ്ടു, ചിലര്‍ തിന്മയും. ഒന്നാം വിഭാഗം വിജയിച്ചു. രണ്ടാം കക്ഷി തോല്‍ക്കുകയും ചെയ്തു. പേനയുടെയും പേപ്പറിന്‍റെയും സ്ഥാനത്താണിവിടെ കണ്ണ്. കടലാസും  പേനയും നല്‍കിയതാണ് പരാജയത്തിന് കാരണമെന്ന് പറയാനാകുമോ? ഇല്ല! ഞങ്ങള്‍ക്ക് കണ്ണ് ലഭിച്ചതാണ് തിന്മ കാണാന്‍ കാരണമെന്ന് ആരോപിക്കാനാവുമോ? അതുമില്ല. അവര്‍ക്ക് ലഭിച്ചതുപോലെയുള്ള പേപ്പറിലെഴുതി ഒരു വിഭാഗം വിജയിച്ചിട്ടുണ്ട്. ഒരു വിഭാഗം കണ്ണ് കൊണ്ട് നന്മ കണ്ടിട്ടുമുണ്ട്. മനുഷ്യന്‍റെ പ്രവര്‍ത്തനമാണ് എല്ലാറ്റിനും കാരണമെന്ന് ചുരുക്കം. അവനാണ് രക്ഷാശിക്ഷകള്‍ക്ക് യഥാര്‍ത്ഥ കാരണക്കാരന്‍. അല്ലാഹു അല്ല ഒരിക്കലും. കണ്ണ് കൊടുത്തുകൊണ്ട് തന്നെയാകണം തിന്മ കാണരുതെന്നും നന്മ കാണണമെന്നുമുള്ള നിര്‍ദ്ദേശം നല്‍കുന്നത്. കണ്ണില്ലാത്തവനോട് കാണാനോ കാണാതിരിക്കാനോ നിര്‍ദ്ദേശിക്കുന്നത് ബുദ്ധിപൂര്‍വമല്ല. ഒരുത്തന് ലഭിക്കുന്ന കണ്ണ് കൊണ്ട് അവന്‍ തന്മ കാണുമെന്നത് മുമ്പേ അല്ലാഹുവിന്നറിയാം. പക്ഷേ, അവനെ തൊണ്ടിസഹിതം പിടിക്കണം. അവനെതിരില്‍ രേഖ അവന്‍ തന്നെയുണ്ടാക്കണം. ഇതാണ് കണ്ണ് കൊടുക്കുന്നതിലുള്ള യുക്തി.


കൊല നടത്തുന്നവന് അല്ലാഹു കഴിവ് നല്‍കുന്നു. പക്ഷേ, ആ കഴിവ് ഉപയോഗിച്ച് കൊല നടത്തരുതെന്ന് അവനോട് നിര്‍ദ്ദേശമുണ്ട്. ഈ നിര്‍ദ്ദേശം ബുദ്ധിപൂര്‍വമാകാന്‍ അവന് കഴിവ് കൊടുത്തേ തീരൂ. കൊല നടത്താനുള്ള യാതൊരു കഴിവുമില്ലാത്തവനോട് നീ കൊല ചെയ്യരുതെന്ന നിര്‍ദേശത്തിന്നര്‍ത്ഥമില്ല. കാലില്ലാത്തവനോട് നീ രണ്ടു കാലില്‍ നടക്കണമെന്ന് നിര്‍ബന്ധിക്കുന്നതില്‍ കഴമ്പില്ലല്ലോ. കൊല ചെയ്യുന്നവന്‍, അവന് ലഭിക്കുന്ന കഴിവ് കൊലക്ക് ഉപയോഗിക്കുമെന്ന് അല്ലാഹുവിന് മുന്‍കൂട്ടി അറിയാം. എന്നാല്‍ ഇത് അവനെകൊണ്ട് അംഗീകരിപ്പിക്കാനും അവനെ തൊണ്ടിസഹിതം പിടിക്കൂടാനുമാണ് അതിനുള്ള കഴിവ് അല്ലാഹു കൊടുക്കുന്നത്. കൈക്കൂലി വാങ്ങുന്നവരെ രഹസ്യവിഭാഗം അടയാളപ്പെടുത്തിയ പണം കൊടുത്ത് വലയിലാക്കുന്ന പോലെ.

അല്ലാഹുവിന്‍റെ മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം അവനെ ശിക്ഷിക്കുകയാണെങ്കില്‍ ഞാന്‍ നിരപരാധിയാണെന്നും നിന്‍റെ വിധി ഏകപക്ഷീയമാണെന്നും അവന്‍ പറയാന്‍ സാധ്യതയുണ്ട്. തെറ്റ് അവന്‍ തന്നെ ചെയ്തസ്ഥിതിക്ക് ഇങ്ങനെ വാദിക്കാന്‍ അവന് കഴിയില്ല. അടയാളപ്പെടുത്തിയ നോട്ട് കൈക്കൂലി കൊടുക്കുമ്പോള്‍ അത് വേറെ വഴിക്ക് ലഭിച്ചതാണെന്ന് നമ്പറിട്ട ഉദ്യോഗസ്ഥരോട് കൈക്കൂലി വാങ്ങിയവന് പറയാനൊക്കില്ല.

അതു മാത്രമല്ല, അല്ലാഹു തന്നെ മനുഷ്യന് കഴിവ് കൊടുക്കുമ്പോഴേ അവനോട് ഇന്നത് ചെയ്യണമെന്നും ഇന്നത് ചെയ്യരുതെന്നും പറയാന്‍ അല്ലാഹുവിന് അവകാശമുണ്ടാകൂ. അവന്‍റെയോ മറ്റൊരു ശക്തിയുടെയോ സ്വന്തമായ കഴിവ് മനുഷ്യന്‍ ഉപയോഗിക്കുമ്പോള്‍ അതേപ്പറ്റി പറയാന്‍ അല്ലാഹുവിന് അധികാരമുണ്ടാകില്ല. ഞാന്‍ എന്‍റെ സ്വന്തം കഴിവ് കൊണ്ട് അല്ലെങ്കില്‍ നിന്‍റെ യാതൊരു ഇടപെടലും കൂടാതെ മറ്റൊരാള്‍ എനിക്ക് നല്‍കിയ കഴിവ് കൊണ്ട് തെറ്റോ ശരിയോ ചെയ്താല്‍ നിനക്കെന്താണ്? നീ തരുന്നതിനെ പറ്റി മാത്രം നീ അന്വേഷിച്ചാല്‍ മതി. എന്ന് മനുഷ്യന്‍ പറഞ്ഞേക്കും. ഇത് പറയാതിരിക്കാനും ഇത്തരം ന്യായീകരണങ്ങള്‍ അപ്രസക്തമാകാനുമാണ് അല്ലാഹു തന്നെ സൃഷ്ടിച്ചതും അവന് എന്തു ചെയ്യാനും ഏതില്‍ നിന്നും ഒഴിഞ്ഞുമാറാനുമുള്ള കഴിവും സ്വാതന്ത്ര്യവും അല്ലാഹു തന്നെ കൊടുത്തതും.

വിധിവിശ്വാസം വിപത്തുകളെ തടയും

എല്ലാം എന്‍റെ വിധിയാണെന്ന് കരുതി നിഷ്ക്രിയനാകണമെന്ന് മതം പറയുന്നില്ല. വികലമായ വിധിവിശ്വാസം ആലസ്യത്തിലേക്കും കര്‍മശൂന്യതയിലേക്കും വഴിയൊരുക്കും. യഥാര്‍ത്ഥ വിധിവിശ്വാസം കര്‍മപ്രേരകമായും മനശ്ശാന്തിയുടെ കാരണമായും വര്‍ത്തിക്കുകയും ചെയ്യും. അവര്‍ തങ്ങളുടെ വിധിയില്‍ തീര്‍ത്തും തൃപ്തരും സ്വസ്ഥരും നിര്‍ഭയരുമായിരിക്കും. അനുകൂലമോ പ്രതികൂലമോ എന്നത് അവര്‍ക്ക് അപ്രസക്തമായിരിക്കും. വേദനകളും വേവലാതികളും വിതുമ്പലും വിഹ്വലതകളും വിധിയിലൊരു വ്യത്യാസവും വരുത്തുകയില്ലല്ലോ. അവര്‍ നഷ്ട സന്ദര്‍ഭങ്ങളിലും സൗഭാഗ്യങ്ങളിലും വിലപിച്ച് കാലം കഴിക്കുകയില്ല. അല്ലാഹുവിന്‍റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്വസ്ഥചിത്തരായി പുതിയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകുന്നു. ഇന്നലെകളിലെ നഷ്ടങ്ങളോര്‍ത്ത് നെടുവീര്‍പ്പിടുകയല്ല, അവയെ വര്‍ത്തമാന ക്രിയകളിലും ഭാവികര്‍മങ്ങളിലും അനുഗുണമാക്കി മാറ്റുകയാണ് വിശ്വാസി ചെയ്യേണ്ടത്.

തിരുനബി(സ്വ) പറയുന്നു: ‘വിശ്വാസിയുടെ കാര്യം മഹാത്ഭുതം തന്നെ. അവന്‍ തിന്മ സംഭവിച്ചാല്‍ ക്ഷമിക്കും. നന്മ കൈവന്നാല്‍ നന്ദി കാണിക്കും.’ അവിശ്വാസി അനുഗ്രഹങ്ങള്‍ കൈവരുമ്പോള്‍ അതിരുകവിഞ്ഞ് ആഹ്ലാദിക്കുന്നു. ദുരിതങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രകൃതിയെ പഴിക്കുകയോ അക്ഷമനാവുകയോ സ്വയം ജീവനെടുക്കുകയോ ചെയ്യുന്നു. ലോകത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കുറവ് മുസ്ലിംകളാണെന്നത് യാദൃച്ഛികമല്ല, തെളിയിക്കപ്പെട്ട വസ്തുതയും ചരിത്രവുമാണ്.

വിധിയിലുള്ള വിശ്വാസം വിപത്തുകളെ തടയാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നു. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ലിബിയന്‍ യാത്രാവിവരണത്തിലെ ഒരനുഭവം വിശദീകരിക്കുന്നത് എന്തുമാത്രം ശ്രദ്ധേയമാണ്: ‘ഇവിടെ കുറ്റകൃത്യങ്ങള്‍ കുറവാണ് എന്നത് എന്നെ ഏറെ ആകര്‍ഷിച്ചു. വാക്കു തര്‍ക്കങ്ങളും കയ്യേറ്റങ്ങളും നിമിഷങ്ങളേ നീണ്ടുനില്‍ക്കൂ… അപ്പോഴേക്കും ശത്രുക്കള്‍ സഹോദരന്മാരെപ്പോലെയായി മാറും… കൊലപാതകവും ആത്മഹത്യയും വളരെ വിരളമാണ്. കടുത്ത വിഷാദ രോഗികളില്‍ പോലും ആത്മഹത്യാ ബോധം കാണാറില്ല. ഇതിനൊക്കെ പ്രധാന കാരണം ഇവരുടെ വിശ്വാസ വിശുദ്ധിയും ജീവിതക്രമവും അച്ചടക്കബോധവും തന്നെയാണ്’ (സൈക്കോ യാത്രാവിവരണം. മാതൃഭൂമി ജൂലൈ 15, 1984).

മനുഷ്യനിര്‍മിത ഉല്‍പന്നങ്ങളുടെ ഗ്യാരണ്ടി നിശ്ചയിക്കുകയും കൃത്യവും വ്യക്തവുമായി അവയുടെ മുകളില്‍ പ്രിന്‍റ് ചെയ്ത് വിപണനം നടത്തുകയും ചെയ്യുന്ന മനുഷ്യന്‍  പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്‍റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് എന്തുമാത്രം വിവരക്കേടാണ്! വിരോധാഭാസവും!! ദുര്‍ബലനായ മനുഷ്യന്‍റെ നിര്‍മിതികള്‍ക്ക് ആയുസ്സ് നിശ്ചയിക്കാമെങ്കില്‍ സര്‍വശക്തനായ അല്ലാഹുവിന്‍റെ ഉല്‍പന്നങ്ങള്‍ക്ക് ആയുസ്സ് നിര്‍ണയിച്ചുകൂടെന്ന് വാദിക്കുന്നത് ശരാശരി മനുഷ്യബുദ്ധി പോലും അംഗീകരിക്കുകയില്ല. പ്രമാണങ്ങള്‍ അതിനെ പിന്തുണക്കുകയുമില്ല.

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...