Showing posts with label സുയൂത്ഥ്വി(റ) മുഹ്‌യിദ്ധീൻ ഇബ്നുഅറബിയെ തള്ളിപ്പറഞ്ഞിട്ടില്ല. Show all posts
Showing posts with label സുയൂത്ഥ്വി(റ) മുഹ്‌യിദ്ധീൻ ഇബ്നുഅറബിയെ തള്ളിപ്പറഞ്ഞിട്ടില്ല. Show all posts

Saturday, February 10, 2018

_സുയൂത്ഥ്വി(റ)_ശൈഖുൽഅക്ബറി ഇബ്നു അറബി_തള്ളിപ്പറഞ്ഞിട്ടില്ല!



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0




ഇമാം_സുയൂത്ഥ്വി(റ)_ശൈഖുൽഅക്ബറിനെ_തള്ളിപ്പറഞ്ഞിട്ടില്ല!

അതേ, ഇമാം ജലാലുദ്ദീൻ സുയൂത്ഥ്വി (റ) ശൈഖുൽഅക്ബർ മുഹ്‌യിദ്ധീൻ ഇബ്നുഅറബിയെ തള്ളിപ്പറഞ്ഞു എന്ന വാദത്തിനു പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. ഇബ്നുഅറബിയെ സംബന്ധിച്ചു പ്രൗഡമായ ഒരു രിസാല രചിക്കുകയും അതിലൂടെ തന്റെ അഭിപ്രായം തുറന്നു പറയുകയും ചെയ്ത ഇമാം സുയൂത്ഥ്വി പിന്നീട് അതിനെതിരു പറഞ്ഞുവെന്നു വരുത്താൻ തല്പരകക്ഷികൾ മഹാനരുടെ മറ്റൊരു കിതാബിൽ (അത്തഹ്ബീർ ലി ഇല്മിത്തഫ്സീർ) കടത്തി കൂട്ടിയെന്നു പറയാൻ കൂടുതൽ തെളിവുകളൊന്നും വേണ്ട.

തമ്പീഹുൽഗബിയ്യ് ഫീ തബ്രിഅതി ഇബ്നുഅറബി എന്ന പേരിൽ ഒരു കൃതി രചിച്ച്, ഇബ്നുഅറബിയുടെ വിലായത്തിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ വായന നിഷിദ്ധമാണെന്നും പറഞ്ഞ ഇമാമവർകൾ അവിടുത്തെ തന്നെ മറ്റൊരു കിതാബിൽ (അത്തഹ്ബീർ ലി ഇല്മിത്തഫ്സീർ) ഇബ്നുഅറബിയെ മുബ്തദിഅ് ആണെന്നും അദ്ദേഹത്തിന്റെ രചനയായ ഫുസൂസ് അപ്പടി കുഫ്‌റാണെന്നും പറയുന്നതാണു നാം കാണുന്നത്. ഇതു വിരോധാഭാസമല്ലേ?

ആ വരികൾ ഇങ്ങനെയാണ്:

((ويحرم تحريما غليظا أن يفسر القرآن بما لا يقتضيه جوهر اللفظ كما ابن عربي الـمبتدع الذي ينسب إليه كتاب الفصوص الذي هو كفر كله))

സത്യത്തിൽ ഇബ്നുഅറബി എന്നതു വരെയുള്ളൂ ഇമാമിന്റെ വരി, ശേഷമുള്ളതു തന്ത്രപരമായി കൂട്ടി ചേർത്തതാണ്. പക്ഷെ ഗൂഡാലോചനക്കാർ ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്, അധികമായി അവർ ചേർത്ത വരിയിലെ പൊരുത്തക്കേടുകൾ തന്നെയാണത്.

ഒന്നാമതായി, ഫുസൂസ് നിറച്ചും കുഫ്‌റാണെങ്കിൽ അതിന്റെ രചയിതാവ് എങ്ങനെ മുബ്തദിആയി? കാഫിർ എന്നല്ലേ പറയേണ്ടിയിരുന്നത്?  

രണ്ട്: ഇൽമുത്തഫ്സീറിനെ സംബന്ധിച്ചു പറയുന്ന ഒരു കൃതിയിൽ, തഫ്സീറുകളുടെ ഇനങ്ങൾ തിരിച്ച്, അതിലെ അനുവദനീയവും അല്ലാത്തതുമൊക്കെ പറയുന്ന ഒരു ഘട്ടത്തിൽ, ഇന്നാലിന്ന രീതിയിൽ ഖുർആൻ വ്യാഖ്യാനിക്കൽ കടുത്ത ഹറാമാണെന്നും അപ്രകാരം ഇബ്നുഅറബി ചെയ്തിട്ടുണ്ടെന്നും പറയുന്ന വേളയിൽ, അവിടെ പരാമർശിക്കേണ്ട കൃതി ഫുസൂസായിരുന്നില്ല, മറിച്ചു ശൈഖുൽഅക്ബറിന്റെ തഫ്സീറായിരുന്നു. പക്ഷെ ഫുസൂസിനോടുള്ള വിരോധം കുതന്ത്രക്കാരെ അന്ധരാക്കിയിരുന്നു, അതിനാൽ കിട്ടിയ അവസരം ഫുസൂസിനെ പറയാൻ ഉപയോഗപ്പെടുത്തി.

സത്യത്തിൽ ഇബ്നുഅറബിയുടെയും സുയൂതി ഇമാമിന്റെയും കറാമത്തുകളാണ് ഇവിടെ വെളിപ്പെടുന്നത്.

അതിരിക്കട്ടെ, ഗൂഢാലോചനക്കാർ പറയുന്നത്, തമ്പീഹുൽ ഗബിയ്യിനു ശേഷം, മഹാനവർകളുടെ അവസാന കാലത്തു രചിച്ചതാണ് അത്തഹ്ബീർ എന്നാണ്. അതിനാൽ ഇതിലെ അഭിപ്രായത്തിനാണു പരിഗണനയെന്നാണ്.

എങ്കിൽ സ്വാഭാവികമായും ഒരു ചോദ്യം ഉയരുന്നുണ്ട്, ഇബ്നുഅറബിയെ സംബന്ധിച്ചു ഞാനൊരു രിസാല വളരെ മുമ്പു രചിച്ചിട്ടുണ്ടെന്നും അതിലെഴുതിയ അഭിപ്രായത്തിൽ നിന്നു ഞാൻ പിന്മാറിയിട്ടുണ്ടെന്നും എന്റെ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഇബ്നുഅറബി ശരിയല്ലെന്നും പറയാൻ ഏറ്റവും അനുയോജ്യമായ ഒരവസരം കിട്ടിയിട്ടും ഇമാമവർകൾ എന്തു കൊണ്ട് അങ്ങനെ എഴുതിയില്ല?

അത്തഹ്ബീർ തത്ക്കാലം മാറ്റി വെക്കാം,

ഇമാമവർകൾ ഏറ്റവും ഒടുവിലെഴുതിയതെന്നു കുറേ കൂടി ആധികാരികതയോടെ പറയാൻ കഴിയുന്ന ഒരു ഗ്രന്ഥമാണ് അദ്ദേഹത്തിന്റെ ത്വബഖാതുൽ മുഫസ്സിരീൻ, കാരണം അതു പൂർത്തിയാക്കുന്നതിനു മുന്നേ അദ്ദേഹം വഫാത്തായി. പക്ഷെ പ്രസ്തുത കിതാബിലും അദ്ദേഹം മുഫസ്സിരീങ്ങളുടെ കൂട്ടത്തിലായി ഇബ്നു അറബിയെ എണ്ണുകയും അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ അപ്പോഴെങ്കിലും ഇമാമവർകൾക്കു തന്റെ വായനക്കാരെ ഉണർത്താമായിരുന്നില്ലേ?

അതിലും രസം, ആ കിതാബിലും ഫുസൂസിനെ പറ്റി പറയുന്നുണ്ട്. ഏറ്റവും കുറഞ്ഞത് അത്തഹ്‌ബീറിൽ പറഞ്ഞതു പോലെ (?) അതപ്പടി കുഫ്‌റാണെന്നു പറയാമായിരുന്നില്ലേ?

ഇനി ഈ തിരുത്ത് ഇമാമവർകൾ പറയാൻ വിട്ടു പോയതാണെങ്കിൽ, ത്വബഖാതുൽ മുഫസ്സിരീൻ അപ്പടി പകർത്തിയെഴുതിയത് അദ്ദേഹത്തിന്റെ പ്രിയശിഷ്യൻ ഇമാം ശംസുദ്ദീൻ മുഹമ്മദ് ബിൻ അലി ദാവൂദി എന്നവരാണ്. അദ്ദേഹം ഒരു കുറിപ്പു പോലും പ്രസ്തുത ഭാഗത്തു ചേർത്തില്ലെന്നു മാത്രമല്ല, ത്വബഖാതുൽ മുഫസ്സിരീൻ എന്ന പേരിൽ താൻ സ്വന്തമായി രചിച്ച രണ്ടു വാല്യങ്ങളുള്ള ഒരു ഗ്രന്ഥത്തിൽ ശൈഖുൽഅക്ബറിനെ പറ്റി പറയാൻ ഏഴു പേജുകൾ നീക്കി വെക്കുകയും ചെയ്തു. പക്ഷെ അപ്പോഴും അദ്ദേഹം തന്റെ ഗുരുവിന്റെ നിലപാടു മാറ്റത്തെ പറ്റി ഒരക്ഷരം മിണ്ടിയില്ല.

എന്തു മിണ്ടാൻ? അങ്ങനെ ഒരു നിലപാടു മാറ്റം ഇമാം സുയൂത്ഥിയ്ക്ക് ഉണ്ടായിരുന്നുവെങ്കിലല്ലേ?

തമ്പീഹുൽഗബിയ്യിൽ പറഞ്ഞ അതേ അഭിപ്രായം തന്നെയാണ് ഇമാമവർകൾ അവിടുത്തെ മറ്റൊരു കൃതിയായ തഅ്യീദുൽ ഹഖീഖതുൽ അലിയ്യയിലും പ്രകടിപ്പിച്ചിട്ടുള്ളത്.

ഒന്നിലധികം ഗ്രന്ഥങ്ങളിൽ ഒരാളെ സംബന്ധിച്ച് ഒരഭിപ്രായം പറയുകയും പിന്നീട്‌ അതു തെറ്റായിപ്പോയി എന്നു തോന്നുകയും ചെയ്‌താൽ സ്വാഭാവികമായും അതു തിരുത്തിപ്പറയും, വിശിഷ്യാ ആ വ്യക്തിയെ പരാമർശിക്കുന്ന മറ്റൊരിടത്ത് ഉറപ്പായും. എന്നാൽ ഇമാമവർകൾ അങ്ങനെ ചെയ്തില്ല, കാരണം അവിടുത്തെ അഭിപ്രായത്തിനു മാറ്റമൊന്നും വന്നിരുന്നില്ല, അത്ര തന്നെ.

ശൈഖുൽഅക്ബറിനെ ആരും വിമർശിച്ചിട്ടില്ലെന്നു പറയാനല്ല ഇത്രയും എഴുതിയത്, ധാരാളം പേർ മഹാനരെ വിമർശിച്ചിട്ടുണ്ട്. എന്നാൽ ഇമാം സുയൂത്ഥി അവരിൽ പെടുകയില്ലെന്നും മറിച്ചുള്ള ആരോപണം ഇമാമിന്റെ ഗ്രന്ഥത്തിൽ തിരിമറി നടത്തിയതിന്റെ ഫലമാണെന്നും പറയാനാണ് ഈ വരികളിലൂടെ വിനീതൻ ശ്രമിച്ചത്.    

ഒരു നിർണ്ണിത വ്യക്തിയെ വലിയ്യായി വിശ്വസിക്കൽ നിർബന്ധമുള്ള കാര്യമല്ല, ശൈഖ് അബ്ദുൽഖാദിർ ജീലാനി തങ്ങളെ വലിയ്യായി നാം കരുതി വരുന്നത് ആ വിവരം ഖുർആനിലോ ഹദീസിലോ ഉള്ളതു കൊണ്ടല്ല, അവലംബയോഗ്യരെന്നു നാം വിശ്വസിക്കുന്ന മുൻഗാമികളിലൂടെ കൈമാറി വന്ന ഒരറിവു മാത്രമാണത്. മറ്റ് ഔലിയാക്കളുടെ വിഷയത്തിലും കാര്യം ഇതു തന്നെ. നമുക്കു സ്വീകാര്യരായവർ പറയുന്നു, നാം അംഗീകരിക്കുന്നു, എതിരഭിപ്രായങ്ങൾ സ്വാഭാവികം മാത്രം.

ഉദാഹരണത്തിന് ഖിള്റിന്റെ (അലൈഹിസ്സലാം) കാര്യം തന്നെ നോക്കൂ, ഒരു കൂട്ടർ പറയുന്നു, അദ്ദേഹം നബിയാണെന്ന്, മറ്റൊരു കൂട്ടർക്ക് അദ്ദേഹം വലിയ്യു മാത്രമാണ്, വേറൊരു  കൂട്ടർ പറയുന്നു, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന്, എന്നാൽ മറ്റൊരു കൂട്ടരുടെ അഭിപ്രായപ്രകാരം അദ്ദേഹം എന്നോ മരണപ്പെട്ടിരിക്കുന്നു. വിഭിന്നങ്ങളായ അഭിപ്രായം രേഖപ്പെടുത്തിയവരൊക്കെയും സുന്നീ പണ്ഡിതർ തന്നെയാണ്. ആരെയും വിമർശിക്കാൻ നമുക്കു വകുപ്പില്ല,

പക്ഷെ ഇത്തരം സൂഫിടച്ചുള്ള  വിഷയങ്ങളിലെ ഭിന്നാഭിപ്രായങ്ങളിൽ മുൻ‌തൂക്കം നൽകി വരാറ് ആ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങൾക്കു തന്നെയാണ്. അതുകൊണ്ടാണ് മുഹദ്ദിസായിരുന്നിട്ടും ഹാഫിള് ഇബ്നുഹജർ ഖിള്റിന്റെ വിഷയത്തിൽ സൂഫികളുടെ അഭിപ്രായത്തോട് ആഭിമുഖ്യം കാണിച്ചത്.

ഇബ്നുഅറബിയെ അംഗീകരിച്ച ഇമാം യാഫിഇ, ഇമാം ഇബ്നു അത്വാഉല്ലാഹ്, ഇമാം സുയൂത്ഥി, തുടങ്ങി ഒരേ സമയം സൂഫികളും ഫുഖഹാക്കളുമായ നിരവധി പേരോടു ചേർന്നു നിൽക്കാനാണു നമുക്കിഷ്ടം. അതല്ലെങ്കിൽ ഇമാം നവവിയെ പോലെ മൗനമവലംഭിക്കാൻ.

ശൈഖുൽഅക്ബറിന്റെ ഗ്രന്ഥങ്ങൾ മുന്നിൽ വെച്ച് ആത്മീയ ചൂഷണം നടത്തുന്നവർ ആരായിരുന്നാലും അവരെ ഒറ്റപ്പെടുത്തണമെന്നു മാത്രമല്ല അത്തരക്കാരുടെ ശർറിൽ നിന്ന് അല്ലാഹുവിനോടു നാം കാവൽ തേടുകയും വേണം.

ഈ വിഷയ സംബന്ധിയായ ചർച്ച വിനീതൻ ഇവിടെ അവസാനിപ്പിക്കുകയാണ്. ഈ മാസം (ജമാദുൽഊലാ) പത്തൊമ്പതിനായിരുന്നു ഇമാം സുയൂത്ഥി തങ്ങളുടെ ആണ്ടിന്റെ ദിനം.

മഹാനവർകളുടെ ദറജകളെ അല്ലാഹു ഉയർത്തട്ടെ. മുസ്ലിംഉമ്മത്തിന്റെ പേരിൽ മഹാനർക്ക് അല്ലാഹു മുന്തിയ ജസാ നൽകട്ടെ - ആമീൻ.

ഇമാം സുയൂത്ഥി തങ്ങളിലൂടെ ശൈഖുൽഅക്ബർ ഇബ്നുഅറബിയിലേക്ക് എത്തുന്ന വിനീതന്റെ ഗുരുപരമ്പര ബറകത്തിനായി എടുത്തെഴുതി ഈ പോസ്റ്റും ഇതു സംബന്ധമായ ചർച്ചകൾക്കും വിരാമം കുറിക്കുന്നു.      

ദുആ വസ്വിയ്യത്തോടെ,

നിങ്ങളുടെ സ്വന്തം

#അൽനുഹാസി
#ചാമക്കാല

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....