Showing posts with label നഹ്‌സ്‌ നോക്കൽ ജൂതസംസ്ക്കാരമോ. Show all posts
Showing posts with label നഹ്‌സ്‌ നോക്കൽ ജൂതസംസ്ക്കാരമോ. Show all posts

Sunday, July 1, 2018

നഹ്‌സ്‌ നോക്കൽ ജൂതസംസ്ക്കാരമോ

📚നഹ്‌സ്‌ നോക്കൽ ജൂതസംസ്ക്കാരമോ 📚 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


❓ചോദ്യം : നഹ്സ് അഥവാ ദു:ശ്ശകുനം എന്ന ഒന്നില്ലെന്നും അത് സംബന്ധിച്ച ഹദീസുകള്‍ എല്ലാം വ്യാജമാണെന്നും പ്രബോധനം വാള്യം 57 ലക്കം 31 ലെ പ്രശ്നവും വീക്ഷണവും. ഇമാം ഇബ്നു ഹജര്‍ (റ)വിന്റെ ഫതാവല്‍ ഹദീസിയ്യ പേജ് 28 ഉം ഉദ്ധരിക്കുന്നു. അത് (നഹ്സ് നോക്കല്‍) ജൂതന്മാരുടെ ഏര്‍പ്പാട് ആണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ടത്രേ. സകല കാര്യങ്ങളിലും നഹ്സ് നോക്കുന്ന സുന്നികള്‍ ഇതിനു എന്ത് മറുപടി പറയും?

✅ ഉത്തരം : സഅ്ദ് (ഗുണം ഉള്ളത്, ബർക്കത്ത്‌ ഉള്ളത്) എന്നതിന്റെ മാറ്റമാണു നഹ്സ്. ഗുണം പിടിക്കാത്തതും ബറകത്തു കുറഞ്ഞതും എന്ന് ഇതിനെ ഭാഷാന്തരം ചെയ്യാം. ഇങ്ങനെ ദിവസങ്ങളില്‍ നഹ്സും  സഅ്ദും വേര്‍തിരിവ് ഇല്ലെന്നും എല്ലാ ദിവസങ്ങളും ഒരുപോലെ ആണെന്നുമാണ് പ്രബോധനത്തിന്റെ വീക്ഷണം എങ്കില്‍ അത് വികലവും വാസ്തവ വിരുദ്ധവും ആണ് എന്ന് വ്യക്തമാണ്. മുന്‍കാല സമുദായക്കാരില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെ പറ്റി "ഫീ അയ്യാമിന്നഹിസാതിന്‍" (ഗുണം കെട്ട നഹ്സുള്ള ദിവസങ്ങള്‍) എന്ന് ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടല്ലോ. പ്രസ്തുത ജനതക്ക് ഗുണം കെട്ടതും ബർക്കത്ത്‌ അറ്റതും ആണ് ആ ശിക്ഷയുടെ നാളുകള്‍ എന്ന് ഇത് കൊണ്ട് വ്യക്തമാണ്. ദിവസങ്ങളില്‍ ചിലത് പല കാര്യങ്ങള്‍ക്ക് ഹിതകരവും ശുഭകരമല്ലാത്തതും ഉണ്ടെന്നു നിരവധി  ഹദീസുകള്‍ കൊണ്ട് വ്യക്തമാകും. നികാഹു കര്‍മ്മം വെള്ളിയാഴ്ചയും അത് തന്നെ പ്രഭാതത്തിലും ആകുന്നത് പ്രത്യേകം സുന്നത്താണല്ലോ. "വെള്ളിയാഴ്ചയുടെ പ്രഭാതത്തില്‍ എന്റെ സമുദായത്തിന് നീ ബർക്കത്ത്‌ ഏകണേ" എന്ന് നബി (സ്വ) തങ്ങള്‍ പ്രാര്‍ഥിച്ച ഹദീസ് ആണ് ഇതിനാധാരം. ഇമാം തുർമുദി(റ) നിവേദനം ചെയ്തതും 'ഹസന്‍' (സ്വീകാര്യം) എന്ന് പ്രഖ്യാപിചിട്ടുള്ളതും ആണ് ഈ ഹദീസ്. തിങ്കളാഴ്ച ദിവസത്തിന്റെ പ്രഭാതത്തിലും സമുദായത്തിന് ബർക്കത്തിനായി നബി(സ്വ) പ്രാർത്ഥിച്ചിട്ടുണ്ടെന്നും അതടിസ്ഥാനത്തില്‍ ദീനിയ്യും ദുന്യവിയ്യുമായ പ്രവര്‍ത്തികള്‍ തിങ്കളാഴ്ച കാലത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കേണ്ടതാണെന്നും ഇമാം നവവി (റ) പ്രസ്താവിച്ചതായി തുഹ്ഫ യില്‍ ഉദ്ധരിചിട്ടുണ്ട്. മാസം 17,19,21 എന്നീ തീയതികളില്‍ കൊമ്പ് വെക്കല്‍ സര്‍വ രോഗത്തിനും ശമനം ആണെന്ന് റസൂല്‍ (സ്വ) പറഞ്ഞതായി അബൂ ദാവൂദും നബി(സ്വ) ഈ തീയതികളില്‍ കൊമ്പ് വെക്കല്‍ ഇഷ്ടപ്പെട്ടിരുന്നു എന്ന് അനസ് (റ) വിനെ തൊട്ട്‌ ഇമാം ബഗവി (റ) യും നിവേദനം ചെയ്തിട്ടുണ്ട്

ഇങ്ങനെ പല കാര്യത്തിനും ശുഭകരവും അശുഭകരവും ആയ ദിനങ്ങള്‍ നബി(സ്വ) യെ തൊട്ടു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഇവയില്‍ അധികവും വ്യാജം ആണെന്ന് പ്രബോധനം വിധി എഴുതുന്നത്‌ കേവലം ജല്‍പ്പനം ആണ്. ഹദീസ് പണ്ഡിതന്മാരെ ഉദ്ധരിച്ചു കൊണ്ടല്ല. ചുരുക്കത്തില്‍ ദിവസങ്ങളില്‍ നഹ്സും അല്ലാത്തതും ഉണ്ടെന്നു ഖുര്‍ആനും ഹദീസും അംഗീകരിക്കുന്നവര്‍ സമ്മതിക്കാതെ വയ്യ.

എന്നാല്‍ നഹ്സ് ആചരിക്കുക എന്നത് മറ്റൊരു വിഷയമാണ്. ഇതില്‍ രണ്ടു നിലയുണ്ട്. ചില ദിവസങ്ങള്‍ക്കു കാര്യ നിര്‍വഹണത്തില്‍ പങ്കുണ്ടെന്നും ആപത്തും നേട്ടവും ഉണ്ടാക്കാന്‍ പ്രാപ്തി ഉണ്ടെന്നും ഉള്ള വിശ്വാസത്തോടെ ആചരിക്കലാണ് ഒന്ന്. രാശി നോക്കി ശുഭാശുഭ ദിനങ്ങളെ നിർണ്ണയിക്കുന്നവരില്‍ അധികവും ഈ വിശ്വാസക്കാരാണ്. അതേ സമയം അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവന്‍ ഇല്ലെന്നും സര്‍വ നേട്ടകോട്ടങ്ങളുടെയും യജമാനന്‍ അല്ലാഹു ആണെന്നും വിശ്വസിക്കുന്നതോടെ നഹ്സു നോക്കുന്നവരുണ്ട്. ചില ദിനങ്ങളിലെ നേട്ടകോട്ടങ്ങളെ കുറിച്ച് വന്ന പരാമര്‍ശങ്ങളിലും ചരിത്രങ്ങളിലും ആശിച്ചും ആശങ്കപ്പെട്ടും നഹ്സാച്ചരിക്കുന്നവര്‍ ആണിവര്‍. ഇതില്‍ ഒന്നാമത്തെ ആചാരം കടുത്ത തെറ്റും നിഷിദ്ധവും ആണ്. രണ്ടാമത്തെ വിഭാഗത്തിന്റെ ആചാരം അനുവദനീയം ആണ്. പക്ഷെ എല്ലാം അല്ലാഹുവില്‍ തവക്കുല്‍ ആക്കുന്നവര്‍ക്ക് ദിവസങ്ങളിലെ നഹ്സ് ഏൽക്കുകയില്ല. (ഇക്ലീല്‍). ഇതേ തത്വത്തിലാണ് ഇമാം ഇബ്നു ഹജര്‍(റ) വിന്റെ ഫതാവല്‍ ഹദീസിയ്യയിലെ ഇത് സംബന്ധിച്ച ഫത്‌വയും.

നഹ്സ്, സഅ്ദ് എന്നിവയെ സംബന്ധിച്ചും യാത്രക്കും മറ്റും പറ്റുന്ന ദിവസങ്ങളെ പറ്റിയും ചോദിക്കുന്നതിനു എന്ത് മറുപടി നല്‍കണം എന്ന ചോദ്യത്തിന് ഇമാം ഇബ്നു ഹജര്‍(റ) വിന്റെ മറുപടി ഇങ്ങനെ "അത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയരുത്. അതിനെ അവഗണിക്കുകയും ചോദിച്ച ആളുടെ വിഡ്ഢിത്തവും ചോദ്യത്തിന്റെ ദൂഷ്യവും വിവരിച്ചു കൊടുക്കുകയും ആണ്  വേണ്ടത്. ഇങ്ങനെ ചോദിക്കല്‍ രാശി കണക്കും മറ്റും നോക്കാതിരിക്കുകയും എല്ലാം സ്രഷ്ടാവായ അല്ലാഹുവില്‍ ഭാരമേൽപ്പിക്കുകയും ചെയ്യുന്ന മുസ്ലിംകളുടെ നടപടി അല്ലെന്നും ജൂതന്മാരുടെ ചര്യ ആണെന്നും വിവരിച്ചു കൊടുക്കുകയും വേണം." (ഫതാവല്‍ ഹദീസിയ്യ - പേജ് 20).

ഇതില്‍ ദിവസങ്ങളില്‍ നഹ്സും സഅ്ദും ഇല്ലെന്നു കണ്ണടച്ചു പറയാനല്ല ഇബ്നു ഹജര്‍ (റ) നിര്‍ദ്ദേശിക്കുന്നത്. മറിച്ച്‌ അത് അന്വേഷിക്കുന്നതും  ആചരിക്കുന്നതും തവക്കുല്‍ ഉള്ള മുസ്ലിംകളുടെ പ്രവര്‍ത്തി അല്ലെന്നും ജൂതന്മാരുടെ ചര്യ ആണെന്നും മറുപടി നല്‍കാന്‍ ആണ് നിര്‍ദേശിക്കുന്നത്. നഹ്സിന്റെ നാളുകല്‍ക്കോ അതിന്റെ രാശികൾക്കോ ഉപദ്രവത്തിനു സ്വയം കഴിവുണ്ടെന്ന വിശ്വാസത്തോട് കൂടി നഹ്സു കൊണ്ട് നടക്കുന്നവരെ പറ്റി ആണ് ഇബ്നു ഹജര്‍ (റ) ഇവിടെ പറഞ്ഞത് എന്ന് തന്നെ ധരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ ഭൗതികവും ദീനിയ്യുമായ കാര്യങ്ങള്‍ക്ക് തിങ്കളാഴ്ച ദിനം നോക്കണം എന്നും വിവാഹ കര്‍മത്തിന് ശവ്വാല്‍ മാസം വെള്ളിയാഴ്ച ദിവസം പ്രഭാതം പരിഗണിക്കണം എന്നും അത് സുന്നത്താണ് എന്നും പ്രസ്താവിച്ച ഇബ്നു ഹജര്‍ (റ) (തുഹ്ഫ-7 /216) നികാഹിനു ദിവസം ചോദിച്ചാല്‍, മറ്റു വല്ലതിനും നല്ല ദിവസങ്ങള്‍ തിരക്കിയാല്‍ മറുപടി നല്‍കില്ലെന്ന് ഗണിക്കാമോ?ചോദിച്ചവര്‍ വിഡ്ഢി ആണെന്ന് വിധി എഴുതുമോ?!! ഒരിക്കലും ഇല്ല തന്നെ. സുന്നികള്‍ കാര്യങ്ങള്‍ക്ക് നല്ല ദിവസം ഏതാണ് എന്ന് അന്വേഷിക്കുന്നതും തിരക്കുന്നതും ഈ ഗണത്തില്‍ ആണ് പെടുക. അല്ലാതെ നന്മയും തിന്മയും വരുത്തുന്നതില്‍ നാളുകള്‍ക്കു പങ്കുണ്ട് എന്ന വിശ്വാസത്തില്‍ അല്ല. ഇതാകട്ടെ ജൂത വിശ്വാസമാണ്. ഇതാണ് ഇബ്നു ഹജര്‍ (റ) പറഞ്ഞത് .എന്നാല്‍ 'മൻകൂതത്ത്' എന്ന പേരില്‍ അറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലിയാരെ(റ) തൊട്ടു ഉധരിക്കപ്പെട്ടത് അടിസ്ഥാന രഹിതവും വ്യാജവും ആണെന്ന് ഇബ്നു ഹജര്‍(റ) ഫതാവയില്‍ തുടര്‍ന്ന് പറഞ്ഞിട്ടുണ്ട്. ഇത് കൊണ്ട് ദിവസങ്ങളില്‍ തീരെ നഹ്സില്ലെന്നു തെളിയുക ഇല്ലല്ലോ.

ആകയാല്‍ പുരാതന കാലം മുതല്‍ക്കേ മുസ്ലിംകള്‍ കാര്യങ്ങള്‍ക്ക് നല്ല ദിവസം നോക്കുന്നത് അടിസ്ഥാന രഹിതം അല്ലെന്നും ദിവസങ്ങളില്‍ നഹ്സ്, സഅ്ദ് എന്നിങ്ങനെ രണ്ടു തരം ഉണ്ടെന്നും മനസ്സിലാക്കേണ്ടതാണ്. അന്ധമായി നിഷേധിക്കുന്നവര്‍ക്ക് പക്ഷെ അടിസ്ഥാനം പരതേണ്ടതില്ലല്ലോ.

(മൗലാനാ നജീബ്‌ ഉസ്താദിന്റെ നിവാരണം - ബുൽബുൽ മാസിക)

🌹അഹിബ്ബാഉ മൗലാനാ വാട്സപ്പ്‌ ഗ്രൂപ്പ്‌🌹

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....