നല്ല സ്വഭാവമുള്ളവരാണ് നല്ല വിശ്വാസികള്‍● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ 0 COMMENTS
AP usthad
അല്ലാഹുവിന്‍റെ ദീനിന്‍റെ പ്രചാരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നമ്മള്‍. അതിനാല്‍ തന്നെ ഏറ്റവും നല്ല സ്വഭാവമായിരിക്കണം നമ്മുടേത്. നബി(സ്വ) ഏറ്റവും ഉന്നതവും ആകര്‍ഷകവുമായ സ്വഭാവത്തിന്‍റെ ഉടമയായിരുന്നു. വിശ്വാസികള്‍ സല്‍സ്വഭാവം സൂക്ഷിക്കുന്നവരാകണം എന്നുണര്‍ത്തുന്ന നിരവധി ഹദീസുകളുണ്ട്. സ്വഭാവം നന്നാക്കാന്‍ എന്തൊക്കെയാണ് പാലിക്കേണ്ടതെന്നും ഉത്തമ വിശ്വാസികളുടെ ലക്ഷണങ്ങളെന്തെന്നും ഉണര്‍ത്തുന്ന ചില ഹദീസുകള്‍ വിവരിക്കാം.
ഇമാം ബൈഹഖി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ‘അല്ലാഹുവിലേക്ക് ജനങ്ങളില്‍ നിന്ന് ഏറ്റവും അടുത്തവര്‍ സ്വഭാവം നന്നായവരാണ്.’
ഇമാം തുര്‍മുദി(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെ: ‘ഈമാനില്‍ ഏറ്റവും തികവ് വന്ന വിശ്വാസി, ഏറ്റവും നല്ല സ്വഭാവഗുണമുള്ളവനാണ്. നിങ്ങളില്‍ നിന്ന് ഏറ്റവും നല്ലവര്‍ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്.’
ബൈഹഖി(റ) മറ്റൊരിടത്ത് നിവേദനം ചെയ്യുന്നു: ‘സല്‍സ്വഭാവം ദീനിന്‍റെ പാതിയാണ്.’ ‘മീസാനില്‍ ഏറ്റവും ഭാരം തൂങ്ങുന്നത് അല്ലാഹുവിലുള്ള തഖ്വയും സല്‍സ്വഭാവവുമാണ്’ (തുര്‍മുദി).
ഒരാള്‍ വന്നു നബി(സ്വ)യോട് സല്‍സ്വഭാവത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ റസൂല്‍(സ്വ) ഖുര്‍ആന്‍ വചനം ഓതിക്കേള്‍പ്പിച്ചു: ‘നിങ്ങള്‍ മാപ്പ് ചെയ്യുന്നവരാകണം, നന്മ കൊണ്ട് കല്‍പിക്കുന്നവരും അവിവേകികളില്‍ നിന്ന് മാറിനടക്കുന്നവരുമാകണം.’ ശേഷം അവിടുന്ന് പറയുകയുണ്ടായി: ബന്ധവിച്ഛേദനം നടത്തിയവരോട് ബന്ധം ഇണക്കിച്ചേര്‍ക്കുന്നവനാണ് സല്‍സ്വഭാവി. നിനക്കര്‍ഹമായത് വിലക്കിയയാള്‍ക്ക് അവനര്‍ഹമായത് നല്‍കലാണത്. അക്രമം കാണിച്ചവന് മാപ്പ് നല്‍കലുമാണ് (ഇബ്നു മര്‍ദവൈഹി)
ഒരാള്‍ നബി(സ്വ)യുടെ അരികില്‍ വന്നു ചോദിച്ചു: എന്താണ് ദീന്‍?
അവിടുന്ന് പ്രതികരിച്ചു: നല്ല സ്വഭാവമാണത്.
പിന്നീടയാള്‍ നബിയുടെ വലത് വശത്തുകൂടി വന്നു ചോദിച്ചു: എന്താണ് ദീനിന്‍റെ വിവക്ഷ?
അപ്പോഴും പ്രവാചകര്‍(സ്വ) പറഞ്ഞു: നല്ല സ്വഭാവമുണ്ടാകുക എന്നതാണ്.
പിന്നീടദ്ദേഹം നബി തങ്ങളുടെ ഇടത് വശത്തുകൂടി വന്നു ചോദിച്ചു: എന്താണ് ദീന്‍?
നബി(സ്വ) പറഞ്ഞു: നല്ല സ്വഭാവം.
തുടര്‍ന്നയാള്‍ നബി തങ്ങളുടെ പിറകിലൂടെ വന്നാരാഞ്ഞു: എന്താണ് ദീന്‍?
നബി(സ്വ) അദ്ദേഹത്തിന് നേരെ തിരിഞ്ഞു പറഞ്ഞു: താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലായില്ലേ? ദേഷ്യം പിടിക്കരുത് എന്നാണ് നല്ല സ്വഭാവം (മര്‍വസി).
ഒരു സ്ത്രീയെ കുറിച്ച് നബി(സ്വ)യോട് പറഞ്ഞു: അവള്‍ പകല്‍ നോമ്പെടുക്കും. രാത്രി നിന്ന് നിസ്കരിക്കും. പക്ഷേ സ്വഭാവം മോശമാണ്. അയല്‍വാസികള്‍ അവളുടെ നാവിനാല്‍ വേദന അനുഭവിക്കുന്നു. നബി(സ്വ) പ്രതിവചിച്ചു: അവളില്‍ ഒരു നന്‍മയുമില്ല. നരകത്തിന്‍റെ ഭാഗമാണവള്‍.
തിരുനബി(സ്വ) പറഞ്ഞു: മോശമായ സ്വഭാവം നന്മകളെ നശിപ്പിക്കും; അമ്ലം തേനിനെ നശിപ്പിക്കുന്നത് പോലെ (ഹാകിം).
യഹ്യബ്നു മുആദ്(റ) പറയുന്നു: മോശം സ്വഭാവം കുറ്റകരമാണ്. അത്തരം സ്വഭാവമുള്ളവരില്‍ നിന്ന് നന്മ അധികരിച്ചാലും പ്രയോജനമില്ല. അതേസമയം നല്ല സ്വഭാവം നന്മയാണ്. അവരില്‍ കുറ്റം വര്‍ധിച്ചാലും സ്വഭാവ മഹിമയുണ്ടെന്ന ശ്രേഷ്ഠതയാല്‍ ആ കുറ്റങ്ങള്‍ പൊറുക്കപ്പെടും. വിശ്വാസിയുടെ സ്വഭാവം എങ്ങനെയാവണം എന്നതിന്‍റെ ഏറ്റവും നല്ല മാതൃകകളാണ് റസൂല്‍(സ്വ) ഈ ഹദീസുകളിലൂടെ വരച്ചുകാണിക്കുന്നത്. അതിനാല്‍ എപ്പോഴും സല്‍സ്വഭാവം നമ്മുടെ മുഖമുദ്രയാകണം. അല്ലാഹു തുണക്കട്ടെ-ആമീന്‍