*സലഫികള്‍ പിന്നെയും പിളരുമ്പോള്‍*
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഹുസൈന്‍ മടവൂരിന്റെ വലംകൈയായിരുന്നു ഉമര്‍ സുല്ലമി. മടവൂര്‍ വിഭാഗം തങ്ങളുടെ പണ്ഡിത മുഖമായി അവതരിപ്പിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. നിലവില്‍ ഏറ്റവും പ്രാമാണ്യമുള്ള സലഫി പണ്ഡിതന്‍. അദ്ദേഹത്തെയാണിപ്പോള്‍ കേരള ജംഇയ്യത്തുല്‍ ഉലമ പുറത്താക്കിയിരിക്കുന്നത്. ഭയങ്കര താര്‍ക്കികനും വാദപ്രതിവാദ വിദഗ്ധനുമാണ് അദ്ദേഹം. ഏതായാലും വയോധികനെങ്കിലും നവയാഥാസ്ഥിതികതക്കെതിരെ പൊരുതാനുറച്ച് തന്നെയാണ് സുല്ലമി. സുല്ലമിയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും കൂടെയില്ല ഹുസൈന്‍ മടവൂര്‍; വിമര്‍ശിക്കാന്‍ വേണ്ടി താന്‍ പണ്ട് ഉദ്ധരിച്ച ടി പി അബ്ദുല്ലക്കോയ മദനിയുടെ ആ വരികളില്‍ പ്രത്യാശയര്‍പ്പിച്ച് അദ്ദേഹത്തിന്റെ കൂടെയാണ് മടവൂര്‍. 'നേതൃത്വത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ ആ തെറ്റ് നേതൃത്വത്തിന് വിടുക....'
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/07/blog-post_46.html
‘ആദര്‍ശ വ്യതിയാനം ഒരു പുകമറ’ എന്നൊരു പുസ്തകമുണ്ട് മുജാഹിദ് നേതാവായ ഹുസൈന്‍ മടവൂരിന്. 2003 ഡിസംബറില്‍ ഇറക്കിയതാണ്. മുജാഹിദുകള്‍ പിളര്‍ന്ന് പോരടിച്ചുകൊണ്ടിരുന്ന ആ കാലത്ത്. എന്നാലും ഇങ്ങനെയുമുണ്ടോ ഒരെഴുത്ത്. വഹാബി/ മുജാഹിദ്/ഇസ്‌ലാഹി /സലഫി പ്രസ്ഥാനത്തിന്റെ ഉള്ളറ രഹസ്യങ്ങളും സന്ദിഗ്ധതകളും ഉള്‍പിരിവുകളും നേതാക്കളുടെ കുതന്ത്രങ്ങളും കുനുഷ്ടുകളും മാരകമായ ആരോപണ പ്രത്യാരോപണങ്ങളും എന്നുവേണ്ട എല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം. എന്നുവെച്ച് അക്കാലത്ത് പരസ്പരം പുറത്തിറക്കിയിരുന്ന ‘നീല പുസ്തകം’ അടക്കമുള്ള ക്ഷുദ്രകൃതികളുടെ അത്ര മോശമൊന്നുമല്ല സാധനം. സഭ്യമായ ഭാഷ. ശക്തമായ ആരോപണങ്ങളും പ്രതിരോധങ്ങളും. (എന്നാല്‍, തന്റെ പുതിയ പുസ്‌കത്തിന്റെ ആമുഖത്തില്‍ ഈ കിടിലന്‍ പുസ്തകത്തിന്റെ പേര് അദ്ദേഹം ചേര്‍ത്തിട്ടില്ല)
താന്‍ മക്കയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ അറബി നാടുകളിലെ തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നുവെന്നു ടി പി അബ്ദുല്ലക്കോയ മദനിയും എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും വിദേശങ്ങളിലെ സലഫികള്‍ക്ക് എഴുതിയത് മടവൂര്‍ പുസതകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ബഹുദൈവത്തിലേക്ക് നയിക്കുന്ന ആളാണ് മടവൂരെന്നും മാരിഖ് (മതത്തില്‍ നിന്ന് പുറത്ത് പോയവന്‍) ആണെന്നും മറുപക്ഷം പ്രചരിപ്പിച്ചത്രേ. മരങ്ങളാണ് റബ്ബുല്‍ ആലമീന്‍(ലോകപരിപാലന്‍ ) എന്നു പറഞ്ഞുനടക്കുന്ന ആളാണെന്നും ഭള്ള് പറഞ്ഞത്രേ. മറുപക്ഷത്തെ കുറിച്ച് ഒരിടത്ത് ഉഗ്രവാദി എന്നാണ് മടവൂര്‍ പ്രയോഗിക്കുന്നത്. തീവ്ര സ്വഭാവമുള്ള ചെറുപ്പക്കാര്‍ക്ക് വേണ്ടി എ പി അബ്ദുല്‍ ഖാദിര്‍ മൗലവിയും ടി പി അബ്ദുല്ലക്കോയ മദനിയും തരം താഴ്ന്നു, ടി പി മാനേജിംഗ് ഡയറക്ടറായ ഹോസ്പിറ്റല്‍ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു, മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന് ഹദീസില്‍ വിവരമില്ലായിരുന്നുവെന്ന് അല്‍മനാര്‍ മാസികയില്‍ (2000 ഡിസംബര്‍ പേജ് 45)എഴുതി എന്നു തുടങ്ങി, താന്‍ സുറൂരിയാണെന്ന ശത്രുക്കളുടെ ആരോപണം, മടവൂരും സംഘവും മുജാഹിദ് സെന്റര്‍ കൈയേറാന്‍ ചെന്നെന്ന പരാതി, കുഞ്ചന്‍ നമ്പ്യാരുടെ മാര്‍ഗത്തിലാണ് എന്ന് പറഞ്ഞ് മറുപക്ഷം വിദേശത്തെ സലഫികള്‍ക്ക് കത്തയച്ചത്, ഇബ്‌നു അബ്ദില്‍ വഹാബിന്റെ ആശയങ്ങള്‍ക്കെതിരായി താന്‍ പ്രവര്‍ത്തിച്ചു എന്ന മറുപക്ഷത്തിന്റെ ആരോപണം, പിന്നെ പുരോഗമനവാദികള്‍ക്കിടയിലെ മാസ്റ്റര്‍ പീസ് ചര്‍ച്ചയായ ജിന്നും സിഹ്‌റും കൂടോത്രവും തുടങ്ങി സ്വന്തം ഭാഗത്തെയും മറുപക്ഷത്തെയും പ്രതിരോധത്തിലാക്കുന്ന എല്ലാ കാര്യങ്ങളും പുസ്തകത്തില്‍ ഉദാരമായി തന്നെ പ്രതിപാദിക്കുന്നുണ്ട് മടവൂര്‍.
ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെയും മറ്റും മറുപക്ഷവും തിരിച്ചടിക്കുകയുണ്ടായി. എ പി അബ്ദുല്‍ ഖാദിര്‍ മൗലവി സംഘടനാ തിരഞ്ഞെടുപ്പ് കാലത്ത് ഗുണ്ടകളെ ഇറക്കിയെന്നും അവരെ കള്ള് കുടിപ്പിച്ചു എന്നും മടവൂര്‍ വിഭാഗം ആക്ഷേപം ഉന്നയിച്ചതായി മൗലവി തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞു. ഔദ്യോഗിക വിഭാഗത്തിനെതിരെ ദുര്‍ബോധനം ചെയ്യാന്‍ വളണ്ടിയര്‍ കോര്‍ എന്ന തീവ്രവാദ സംഘടന പോലും മടവൂര്‍ വിഭാഗം ഉണ്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.
അല്‍മനാര്‍ ഔദ്യോഗിക പക്ഷത്തിനൊപ്പമായിരുന്നു, ശബാബ് മറുപക്ഷത്തും. ഇരു കൂട്ടരും നല്ല ഡോസുള്ള ലേഖനങ്ങള്‍ തന്നെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. പത്ത് വര്‍ഷത്തോളം അങ്ങനെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കടന്നുപോയി. അതിനിടയില്‍ ഔദ്യോഗിക ഗ്രൂപ്പിലെ യുവാക്കള്‍ക്ക് ജിന്നുബാധയേറ്റു. യുവ നവോത്ഥാന പോരാളികള്‍ പലയിടങ്ങളിലും ജിന്നു ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങി. ആദ്യം കുറെയൊക്കെ കണ്ടില്ലെന്ന് നടിച്ചെങ്കിലും മടവൂര്‍ പക്ഷത്തിന്റെ പരിഹാസവും വേറെ ചില പ്രശ്‌നങ്ങളും മൂലം നില്‍ക്കക്കള്ളിയില്ലാതെ അവരെ പുറത്താക്കേണ്ടിവന്നു.
മടവൂര്‍ വിഭാഗത്തിന്റെ കൂടെ നേരത്തെ തന്നെ ആളും അര്‍ഥവും കുറവായിരുന്നു. ഔദ്യോഗിക സംവിധാനങ്ങളും പള്ളികളുമെല്ലാം മൗലവി പക്ഷത്തിനായിരുന്നു. ജിന്നു ബാധയേറ്റതോടെ ഔദ്യോഗിക പക്ഷത്തിന്റെ കഥയും മടവൂര്‍ ഗ്രൂപ്പിന്റെ ഗതിയായി. യുവനിര ഒന്നാകെ വിസ്ഡം ഗ്രൂപ്പില്‍ ചേക്കേറി. കുഞ്ഞിമുഹമ്മദ് പറപ്പൂരായിരുന്നു അവരുടെ താത്വക ആചാര്യന്‍. അതിനിടയില്‍ ഈ ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്ന് ഉപഗ്രൂപ്പുകള്‍ ഒരുപാട് മുള പൊട്ടി. മുജാഹിദ് ഗ്രൂപ്പുകളുടെ എണ്ണം പോലും തിട്ടപ്പെടുത്താന്‍ കഴിയാത്ത പരുവത്തിലായി നാട്ടുകാര്‍.
മടവൂര്‍ ഗ്രൂപ്പും ഔദ്യോഗിക ഗ്രൂപ്പും ക്ഷയിച്ചുവരുന്നതും ദിനേനെയെന്നോണം ഓരോരോ ഗ്രൂപ്പുകള്‍ മുള പൊട്ടുന്നതും കണ്ട് പരിഭ്രാന്തരായ ലീഗ് നേതാക്കളും സലഫിസത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു നടക്കുന്ന പ്രമാണിമാരും മറ്റും മുജാഹിദ് ഐക്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങി. ഇ ടി മുഹമ്മദ് ബഷീറും പി കെ ബഷീറും കെ പി എ മജീദുമൊക്കെ ഏറെ ഉറക്കമൊഴിച്ചു. അതിനിടെ എങ്ങനെയെങ്കിലും ലയിക്കണമെന്ന പൂതി ഹുസൈന്‍ മടവൂരിനുമുണ്ടായി. ഓരോ നേതാവ് മരിക്കുമ്പോഴും ഐക്യത്തെക്കുറിച്ച് അദ്ദേഹം ലേഖനമെഴുതിക്കൊണ്ടിരുന്നു. പി കെ അഹ്മദ് സാഹിബോ പി വി അബ്ദുല്‍ വഹാബോ വിളിച്ചാല്‍ എല്ലാവരും വരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉപദ്രവിച്ചവരോടും അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചവരോടും ഭീഷണിപ്പെടുത്തിയവരോടും യാത്ര മുടക്കിയവരോടും പറയാത്തതും ചെയ്യാത്തതും തന്റെ മേല്‍ ആരോപിച്ചവരോടും താന്‍ മാപ്പ് നല്‍കിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാലും കാര്യങ്ങള്‍ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. കാരണം, അത്രയും അകന്നുപോയിരുന്നു ഇരു വിഭാഗവും. പരസ്പരം ബഹുദൈവത്വവും കുഫ്‌റും വരെ ആരോപിച്ചിരുന്നുവല്ലോ. (ഇത് പിന്നെ സലഫികളുടെ പൊതുസ്വഭാവമാണ്) നവയാഥാസ്ഥികര്‍ എന്നാണ് ഔദ്യോഗിക പക്ഷത്തെ മറ്റേ കൂട്ടര്‍ വിളിച്ചിരുന്നത്. മടവൂരികള്‍ എന്ന് ഔദ്യോഗിക പക്ഷവും കളിയാക്കിവന്നു. മത്സരിച്ച് സംസ്ഥാന സമ്മേളനങ്ങളും തീവ്രവാദ വിരുദ്ധ സെമിനാറുകളും അന്ധവിശ്വാസ വിരുദ്ധ സമ്മേളനങ്ങളുമൊക്കെ അങ്ങനെ നടന്നുകൊണ്ടിരുന്നു. ഐക്യശ്രമങ്ങള്‍ എങ്ങുമെത്തിയില്ല.
അതിനിടയിലാണ് അപ്രതീക്ഷിതമായി മലയാളി യുവാക്കള്‍ ഐ എസില്‍ ചേരാന്‍ പലായനം ചെയ്‌തെന്ന വാര്‍ത്ത ഇടിത്തീ ആയി വരുന്നത്. ഒന്നിടവിട്ട ദിനങ്ങളില്‍ തീവ്രവാദത്തിനെതിരെ ടൗണ്‍ ഹാള്‍ ബുക് ചെയ്ത് സെമിനാര്‍ നടത്തുകയും ഒന്നൊഴിയാതെ പിറ്റേന്നത്തെ പത്രങ്ങളില്‍ കൊടുക്കുകയും ചെയ്തുവരികയായിരുന്നു മുജാഹിദ് സംഘടനകള്‍. എന്നാല്‍ സലഫി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരാണ് പലായനം ചെയ്തവരെന്ന് അന്വേഷണ ഏജന്‍സികള്‍ വെളിപ്പെടുത്തി. കനകമലയെ കുറിച്ചും ദമ്മാജ് സലഫികളെ കുറിച്ചും തുടര്‍വാര്‍ത്തകള്‍ വന്നു. അതിനിടക്കാണ് പീസ് സ്‌കൂളുമായി പലായനം ചെയ്തവര്‍ക്ക് ബന്ധമുണ്ടെന്ന തരത്തില്‍ പ്രചാരണം വരുന്നത്. എം എം അക്ബറിനെതിരെ അന്വേഷണവും വന്നു. ഈ സ്‌കൂളില്‍ പഠിപ്പിക്കുന്ന സിലബസിനെതിരെയും പരാതി ഉയര്‍ന്നു. കലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വിവാദ സലഫി പുസ്തകം പഠിപ്പിച്ചത് വിവാദമായി. പ്രക്ഷേഭത്തെ തുടര്‍ന്ന് അത് പിന്‍വലിച്ചു. അതിനിടക്കാണ് വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ സലഫീ പ്രചാരകര്‍ക്കെതിരെ യു എ പി എ ചുമത്തുന്നത്. മുസ്‌ലിം ലീഗ് നേതാക്കള്‍ ന്യൂനപക്ഷ പീഡനമെന്ന് പരിഭവിച്ചെങ്കിലും ഏറ്റുപിടിക്കാന്‍ ആളുണ്ടായില്ല.
നവോത്ഥാന പ്രസ്ഥാനം, പുരോഗമന പ്രസ്ഥാനം എന്നൊക്കെ മേനി നടിച്ചിരുന്ന, ഐക്യസംഘത്തിന്റെ പിന്മുറക്കാരെന്ന് അഭിമാനം കൊണ്ടിരുന്ന സലഫി സംഘടനകള്‍ ഭീകരവാദ ആരോപണത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ പ്രതിരോധത്തിലായി. ഐ എസ്, അല്‍ഖാഇദ തുടങ്ങിയ സംഘങ്ങളുടെ ഐഡിയോളജി സലഫിസമാണെന്ന കാര്യവും ഇവിടെ ചര്‍ച്ചയായി. എന്തുകൊണ്ട് സലഫി സംഘങ്ങളില്‍ നിന്ന് മാത്രം ഐ എസിലേക്ക് ആളുകള്‍ പോകുന്നു എന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്നു തന്നെയുര്‍ന്നു.
ഈ ഘട്ടത്തിലാണ്, ഇനി ഐക്യപ്പെടാതെ രക്ഷയില്ല എന്ന ചിന്തയിലേക്ക് എത്തുന്നത്. ആശയപരമായി ഇരു ഗ്രൂപ്പുകളും ഏറെ അകന്നിരുന്നല്ലോ. പരസ്പരം വാദപ്രതിവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളും ഇതിനിടക്ക് അത്രയും നടന്നിരുന്നു. പ്രസിദ്ധീകരണങ്ങളിലും പരസ്പരം പോരടിച്ചിരുന്നു. പരസ്പരം ശാപപ്രാര്‍ഥന നടത്താന്‍ ഔദ്യോഗിക പക്ഷത്തെ സംസ്ഥാന നേതാക്കള്‍ തന്നെ മറുപക്ഷത്തെ വെല്ലുവിളിക്കുന്നിടത്തെത്തിയിരുന്നു കാര്യങ്ങള്‍.
അടിസ്ഥാന ആശയമായ തൗഹീദില്‍ പോലും അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സി പി ഉമര്‍ സുല്ലമിയുടെ തൗഹീദ് അപൂര്‍ണമാണെന്ന് വരെ ഔദ്യോഗിക പക്ഷം ആക്ഷേപിച്ചിരുന്നു. ജിന്ന് ബാധ, പിശാച് ബാധ, സിഹ്‌റ്, മന്ത്രം, സംസമിന്റെ പുണ്യം തുടങ്ങി ഒരുപാട് വിഷയങ്ങളില്‍ വന്ന വിരുദ്ധാഭിപ്രായങ്ങള്‍ അത്ര പെട്ടെന്ന് രഞ്ജിപ്പിലെത്താനാകുന്നതായിരുന്നില്ല. എന്നാലും എന്‍ ഐ എയെ പേടിച്ച് നേതാക്കള്‍ സുല്ലായി. ആദ്യം ഐക്യമാകാം, അഭിപ്രായ വ്യത്യാസങ്ങള്‍ പിന്നീട് തീര്‍ക്കാം എന്നാണ് തീരുമാനിച്ചത്. ഇതിന് ഒരു സമിതിയെയും നിയമിച്ചിരുന്നു. എന്നാല്‍, കോഴിക്കോട് കടപ്പുറത്ത് ഐക്യപ്പെരുന്നാള്‍ നടന്ന ശേഷവും കാര്യങ്ങള്‍ പഴയ പടി തന്നെ തുടര്‍ന്നു.
ശബാബിലും വിചിന്തനത്തിലും തര്‍ക്കവിഷയങ്ങളില്‍ പരസ്പര വിരുദ്ധമായ ലേഖനങ്ങള്‍ വന്നു. ഐ എസ് വാര്‍ത്തകള്‍ അന്തരീക്ഷത്തിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ ബഹളങ്ങള്‍ക്ക് ഇരുപക്ഷവും പേടിച്ചു. ഒടുവില്‍ കൂരിയാട്ട് മുജാഹിദ് സംസ്ഥാന സമ്മേളനം നടന്നു. വേദിയും നഗരിയും ഔദ്യോഗിക പക്ഷം കൈയടക്കി. പുസ്തക മേളയില്‍ പോലും പഴയ മടവൂര്‍ വിഭാഗത്തിന് കാര്യമായ പരിഗണനകള്‍ ലഭിച്ചില്ല. ഇതോടെയാണ് ഇനി രക്ഷയില്ലെന്ന് കണ്ട് മര്‍കസുദ്ദഅവ വിഭാഗം (പഴയ മടവൂര്‍ ഗ്രൂപ്പ് ) പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചത്. അവര്‍ ഐ എസ് എമ്മിന്റെ പേരില്‍ കോഴിക്കോട്ട് സമ്മേളനം സംഘടിപ്പിച്ചു. തന്റെ പഴയ അനുയായികള്‍ നടത്തിയ സമ്മേളനത്തില്‍ നിന്ന് മടവൂര്‍ വിട്ടുനിന്നു. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ഉമര്‍ സുല്ലമി യുവാക്കളുടെ രക്ഷക്കെത്തി. ഇതിന് ശേഷവും ഇവരുടെ ചില പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചു.
ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അദ്ദേഹത്തെ കേരള ജംഇയ്യത്തുല്‍ ഉലമ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായി വാര്‍ത്തകള്‍ വന്നിരിക്കുന്നത്. പത്ത് പതിനഞ്ച് കൊല്ലം മുമ്പ് ഹൂസൈന്‍ മടവൂരും ഉമര്‍ സുല്ലമിയും മുജീബുര്‍റഹ്മാന്‍ കിനാലൂരും ആയിരുന്നു ഔദ്യോഗിക വിഭാഗത്തില്‍ നവയാഥാസ്ഥികതയും പൗരോഹിത്യവും ആരോപിച്ച് മര്‍കസുദ്ദഅവ ഗ്രൂപ്പ് രൂവപത്കരിക്കാന്‍ മുന്നിട്ടിറങ്ങിയത്. മടവൂരിന്റെ വലംകൈയായിരുന്നു ഉമര്‍ സുല്ലമി. മടവൂര്‍ വിഭാഗം പണ്ഡിത മുഖമായി അവതരിപ്പിച്ചിരുന്നത് ഇദ്ദേഹത്തെയാണ്. നിലവില്‍ ഏറ്റവും പ്രാമാണ്യമുള്ള സലഫി പണ്ഡിതന്‍. അദ്ദേഹത്തെയാണിപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. ഭയങ്കര താര്‍ക്കികനും വാദപ്രതിവാദ വിദഗ്ധനും. ഏതായാലും വയോധികനെങ്കിലും നവയാഥാസ്ഥിതികതക്കെതിരെ പൊരുതാനുറച്ച് തന്നെയാണ് സുല്ലമി. അതിന്റെ ഉദ്ഘാടനം ടി പി അബ്ദുല്ലക്കോയ മദനിയുടെ നാട്ടില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്.
ഹുസൈന്‍ മടവൂര്‍ സുല്ലമിയുടെയും പഴയ സഹപ്രവര്‍ത്തകരുടെയും കൂടെയില്ല; വിമര്‍ശിക്കാന്‍ വേണ്ടി താന്‍ പണ്ട് ഉദ്ധരിച്ച ടി പി അബ്ദുല്ലക്കോയ മദനിയുടെ ആ വരികളില്‍ പ്രത്യാശയര്‍പ്പിച്ച് അദ്ദേഹത്തിന്റെ കൂടെയാണ് മടവൂര്‍. ”നേതൃത്വത്തെ അംഗീകരിക്കാന്‍ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങള്‍ തെറ്റാണെങ്കില്‍ ആ തെറ്റ് നേതൃത്വത്തിന് വിടുക. പരലോകത്ത് അല്ലാഹുവിന്റെ മുമ്പില്‍ എത്തുമ്പോള്‍, റബ്ബേ ഈ നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ അതിനെ പിന്തുണച്ചത്. ഞങ്ങള്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഈ പണ്ഡിതന്മാരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത് എന്ന് നിങ്ങള്‍ പറയുക. അതേറ്റെടുക്കാന്‍ കേരള ജംഇയ്യത്തുല്‍ ഉലമ തയ്യാറായിരിക്കുന്നു എന്ന് ഞാന്‍ പ്രഖ്യാപിക്കട്ടെ. തെറ്റായാലും ശരിയായാലും ഈ ഉലമാ സംഘടനയിലേക്ക് അതിന്റെ കുറ്റം വിട്ടേക്കുക. നിങ്ങള്‍ സംഘടനയെ അനുസരിക്കുക”
ഹുസൈന്‍ മടവൂര്‍ അനുസരിക്കുക തന്നെയാണ്; സംഘടനയെ. ഏതായാലും പാപങ്ങള്‍ ഏറ്റെടുക്കാന്‍ ഒരു പണ്ഡിത സംഘടന അദ്ദേഹത്തിനുണ്ടല്ലോ.
✍പി കെ എം അബ്ദുര്‍ഹ്മാന്‍