Showing posts with label വിഴുപ്പലക്കലുകളുടെയും. Show all posts
Showing posts with label വിഴുപ്പലക്കലുകളുടെയും. Show all posts

Monday, July 1, 2019

യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും● ജുനൈദ് ഖലീല്‍ സഖാഫി 0 COMMENTS
Yukthivadam - Malayalam
കേരളത്തില്‍ യുക്തിവാദ/നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ വിത്ത് പാകിയത് 19, 20 നൂറ്റാണ്ടുകളിലെ ജാതീയതയുടെയും ചാതുര്‍വര്‍ണ്യത്തിന്‍റെയും ഫലപുഷ്ടിയുള്ള മണ്ണിലായിരുന്നു. താഴ്ന്ന ജാതിക്കാരായ ശൂദ്രര്‍ക്ക് മാനുഷിക പരിഗണന പോലും നല്‍കാത്ത രൂപത്തിലായിരുന്നു ചാതുര്‍വര്‍ണ്യ നിയമങ്ങളുണ്ടായിരുന്നത്.

കെ. ദാമോദരന്‍ എഴുതുന്നു: ‘സമുദായത്തിലെ ഏറ്റവും താഴ്ന്ന പടിയിലായിരുന്നു ശൂദ്രന്മാര്‍. കന്നുകാലികള്‍, അധ്വാനോപകരണങ്ങള്‍, വീട്ടുസാമഗ്രികള്‍ മുതലായവയെപ്പോലെ തന്നെ അവരും ധനിക വര്‍ഗക്കാരുടെ സ്വകാര്യ സ്വത്തായിട്ടാണ് കണക്കാക്കപ്പെട്ടത്. കഠിനാധ്വാനം ചെയ്ത് ഉയര്‍ന്ന വര്‍ഗക്കാരെ പരിചരിക്കുക എന്നതായിരുന്നു അവരുടെ സ്വധര്‍മം. വേദങ്ങള്‍ പഠിക്കാനോ സ്വത്തു സമ്പാദിക്കാനോ അവര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. വല്ല സ്വത്തും അവരുടെ കയ്യില്‍ പെട്ടുപോയാല്‍ അത് സങ്കോചമന്യേ പിടിച്ചെടുത്തു സ്വന്തമാക്കാന്‍ ബ്രാഹ്മണര്‍ക്ക് അവകാശമുണ്ടായിരുന്നു (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേജ്: 89).


‘വര്‍ണം നോക്കിയാണ് കുറ്റങ്ങളുടെ കാഠിന്യം നിര്‍ണയിക്കേണ്ടത് എന്ന് മനുസ്മൃതി ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്, ക്ഷത്രിയന്‍ ബ്രാഹ്മണനെ ചീത്ത പറഞ്ഞാല്‍ നൂറു പണം പിഴയടക്കണം. അതേ കുറ്റം വൈശ്യന്‍ ചെയ്താല്‍ നൂറ്റമ്പതോ ഇരുന്നൂറോ പണമാണ് പിഴ. എന്നാല്‍ ബ്രാഹ്മണനെ ചീത്ത പറയുന്ന ശൂദ്രന് കുരടാവുക്കൊണ്ടുള്ള അടിയാണ് ശിക്ഷ. ബ്രാഹ്മണന്‍ ക്ഷത്രിയനെ ആക്ഷേപിച്ചാല്‍ അമ്പതു പണം പിഴ അടക്കണം. ആക്ഷേപിക്കുന്നത് വൈശ്യനെയാണെങ്കില്‍ ഇരുപത്തഞ്ചു പണം കൊടുത്താല്‍ മതി. ശൂദ്രനെയാണെങ്കില്‍ വെറും പന്ത്രണ്ടു പണം. ശൂദ്രന്‍ ബ്രാഹ്മണനെ അപമാനിച്ചാല്‍ അവന്‍റെ നാവു മുറിച്ചുക്കളയണം. താഴ്ന്ന വര്‍ണത്തില്‍ ജനിച്ച ഒരാള്‍ ഉയര്‍ന്ന വര്‍ണത്തില്‍ ജനിച്ചവനെ കയ്യേറ്റം ചെയ്താല്‍ ഏത് അവയവം കൊണ്ടാണോ അത് ചെയ്തത് ആ അവയവം ഛേദിച്ചുകളയണം. കയ്യോ വടിയോ ഓങ്ങിയാല്‍ കൈ മുറിച്ചുകളയണം. ചവിട്ടിയാല്‍ കാല്‍ മുറിച്ചുകളയണം. കുറ്റം ചെയ്യുന്ന ശൂദ്രന്‍റെ അവയവങ്ങള്‍ ഛേദിച്ചുകളയാന്‍ മാത്രമല്ല, അവനെ കൊല്ലാന്‍ പോലും വ്യവസ്ഥയുണ്ടായിരുന്നു. പക്ഷേ, എന്തുതന്നെ കുറ്റം ചെയ്താലും ബ്രാഹ്മണനു വധശിക്ഷയില്ല. കാരണം ഭൂമിയിലെ ദൈവമാണ് ബ്രാഹ്മണന്‍. ശിക്ഷകളുടെ കാഠിന്യം വര്‍ണവ്യവസ്ഥയിലെ വര്‍ഗസംഘര്‍ഷം എത്ര രൂക്ഷമായിരുന്നു എന്നാണ് കാണിക്കുന്നത് (ഭാരതീയ ചിന്ത, കെ. ദാമോദരന്‍ പേ: 90).


മനുഷ്യത്വം മരവിച്ച ചാതുര്‍വര്‍ണ്യത്തിന്‍റെ നേര്‍ചിത്രമാണിത്. പിന്നീട് താഴ്ന്ന ജാതിക്കാരുടെ ഉന്നമനത്തിനും അവര്‍ക്ക് മാനുഷിക അവകാശങ്ങള്‍ നേടിക്കൊടുക്കുന്നതിനും ജാതിവിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ അരങ്ങേറി. ഇത്തരം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തയായിരുന്നു നാരായണഗുരു.

യുക്തിവാദികളുടെ പാഠപുസ്തകം, അടിസ്ഥാനഗ്രന്ഥം എന്നീ പേരിലറിയപ്പെടുന്ന ‘യുക്തിദര്‍ശന’ത്തില്‍ കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്‍റെ ചരിത്രം പരാമര്‍ശിച്ച് പുതുപ്പള്ളി രാഘവന്‍, എം പ്രഭ, യു കലാനാഥന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ ലേഖനത്തില്‍ ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നത് കാണാം.

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടത്തില്‍ 1888-ല്‍ അന്നോളം ബ്രാഹ്മണര്‍ക്കു മാത്രം, അതും ആഢ്യബ്രാഹ്മണര്‍ക്കു മാത്രം അട്ടിപ്പേറായി വിധിച്ചിരുന്ന അവകാശത്തെ വെല്ലുവിളിച്ചുകൊണ്ട് നാരായണ ഗുരു അരുവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തി. ‘ജാദിഭേദം മതവിദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരദ്വേന വാഴുന്ന’തിന് ആഹ്വാനം ചെയ്തു. നാരായണ ഗുരുവിന്‍റെ ക്ഷേത്ര പ്രതിഷ്ഠ കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും മൂത്തുമുരടിച്ച യാഥാസ്ഥിതികത്വത്തിന്‍റെയും നാരായവേരുകള്‍ക്ക് കത്തിവെക്കുന്ന മഹത്തായ കര്‍മമായിരുന്നു. അദ്ദേഹം അതില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ജാതിവ്യത്യാസത്തിന്‍റെയും മറ്റു അനാചാരങ്ങളുടെയും നേര്‍ക്ക് അദ്ദേഹം ആഞ്ഞടിച്ചു. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്നും അന്നത്തെ സ്ഥിതിക്ക് അത്യന്തം വിപ്ലവകരങ്ങളായ ആശയങ്ങള്‍, സന്ദേശങ്ങള്‍ അദ്ദേഹം പ്രഖ്യാപിച്ചു (യുക്തിദര്‍ശനം പേ: 763, 764).


ശ്രീനാരായണ ഗുരുവിന്‍റെ പാതയില്‍ നിന്നും ഊര്‍ജം നുകര്‍ന്ന് ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ 1917 മെയ് 29-ാം തിയ്യതി ‘സഹോദര സംഘം’ എന്ന കൂട്ടായ്മ രൂപീകരിച്ചു. ‘മിശ്രഭോജനത്തിലൂടെ സംഘത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. ഈ സഹോദരസംഘത്തില്‍ നിന്നാണ് കേരളത്തിലെ യുക്തിവാദി പ്രസ്ഥാനം പിറവിയെടുത്തത്. യുക്തിദര്‍ശനത്തില്‍ ഇത് രേഖപ്പെടുത്തിയത് കാണാം: ‘ഇതോടടുത്ത കാലത്ത് തന്നെയാണ് ‘സഹോദരനും’ ‘മിതവാദിയും’ ‘കേരള കൗമുദി’യും യഥാക്രമം മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും നിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയതും. ഈ മൂന്ന് പത്രങ്ങളും സഹോദര സംഘവും ഒത്തുചേര്‍ന്ന് കേരളത്തില്‍ വിചാര വിപ്ലവത്തിന്‍റെ വിത്ത് ശരിക്കും വിതക്കുകതന്നെ ചെയ്തു. അതിന്‍റെ ഫലമോ? സ്വതന്ത്രചിന്ത, നിര്‍ജ്ജാതിത്വം, നിര്‍മതത്വം, നിരീശ്വരത്വം, മിശ്രഭോജനം, മിശ്രവിവാഹം, സ്വതന്ത്ര സമുദായ വാദം എന്നിങ്ങനെ കേരളീയ ജനതയെ ആവേശം കൊള്ളിച്ച പ്രവൃത്യുന്മാരാക്കിയ പുതിയ പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. അതേവിധത്തില്‍ തന്നെ മുള പൊട്ടിയതാണ് കേരളത്തിലെ യുക്തിവാദ പ്രസ്ഥാനവും (യുക്തിദര്‍ശനം പേ: 766-767).


ശ്രീനാരായണ ഗുരുവിന്‍റെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം’ എന്ന ആശയത്തിനു പകരം അദ്ദേഹത്തിന്‍റെ ശിഷ്യനായ സഹോദരന്‍ അയ്യപ്പന്‍ ‘ജാതി വേണ്ടാ, മതം വേണ്ടാ, ദൈവം വേണ്ടാ മനുഷ്യന്’ എന്ന പുതിയ ആശയം പ്രചരിപ്പിച്ചു. മേല്‍പറഞ്ഞ പ്രസിദ്ധീകരണങ്ങളിലൂടെയായിരുന്നു നാസ്തികത പ്രചരിക്കപ്പെട്ടിരുന്നത്. ഇതേക്കുറിച്ച് യുക്തിദര്‍ശനം പറയുന്നത് നോക്കൂ: ‘പത്രത്തിലൂടെ ആദ്യം വെളിച്ചം കണ്ട യുക്തിവാദ ലേഖനം എംപി വര്‍ക്കി എഴുതിയ ‘യഥാര്‍ത്ഥ ക്രിസ്തു’ എന്നതാണ്. ഈ ലേഖനം പ്രസിദ്ധീകരിച്ചത് ‘സഹോദരന്‍’ പത്രത്തിലായിരുന്നു. ‘സഹോദരന്‍’ ആണ് ആദ്യമായി ലെനിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതും ലെനിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും കൂടുതല്‍ വിവരിച്ചതും. എന്നു തന്നെയല്ല, ലോകപ്രശസ്ത അമേരിക്കന്‍ യുക്തിവാദിയായിരുന്ന ഇംഗര്‍ സോളിന്‍റെ ചിത്രവും ജീവചരിത്രവും പ്രസിദ്ധീകരിച്ചതിനു പുറമെ അദ്ദേഹത്തിന്‍റെ ‘മോസ്സസിന്‍റെ തെറ്റുകള്‍’,  ‘നരകം’, ‘ദൈവങ്ങള്‍’ തുടങ്ങിയ ചില ലേഖനങ്ങളും ‘സഹോദരനി’ലൂടെ അന്നു പ്രകാശിതമായി. കുസുമത്തിന്‍റെ ലേഖനങ്ങളും യുക്തിവാദ പ്രസ്ഥാനത്തിന് ഈടുറ്റ സമ്പത്താണ്. ഇന്നും ‘സയന്‍സ് ദശകം’, ‘ആള്‍ദൈവം’, ‘പരിണാമം’, ‘പരിവര്‍ത്തനം’, ‘യുക്തികാല ഓണപ്പാട്ട്, ‘വെളിപാടുകള്‍’, ‘പുരോഹിതജാലം’, ‘ഭാവി’ തുടങ്ങിയ സഹോദരനയ്യപ്പന്‍റെ കവിതകളും ലേഖനങ്ങളും ഒരു കാലത്ത് കേരളത്തിലെങ്ങും യുവജനമാനസങ്ങളെ ആവേശം കൊള്ളിക്കുകയും ചെയ്തവയാണ് (യുക്തിദര്‍ശനം പേ: 767, 768).

കേരളത്തില്‍ യുക്തിവാദ ആശയങ്ങള്‍ പ്രചാരം തുടങ്ങിയപ്പോള്‍ ഇതിനു മാത്രമായി ഒരു പ്രസിദ്ധീകരണം വേണമെന്ന് കേരളത്തിലെ യുക്തിവാദികള്‍ തീരുമാനിച്ചു. ‘അങ്ങനെ കേരളത്തിലെ പ്രമുഖ യുക്തിവാദികള്‍ കോഴിക്കോട്ട് മിതവാദി പത്രാധിപര്‍ സി കൃഷ്ണന്‍റെ വീട്ടില്‍ സമ്മേളിച്ചു. ഈ സമ്മേളനമാണ് കേരളത്തിലെ യുക്തിവാദികളുടെ പ്രഥമ സമ്മേളനം. ഈ സമ്മേളനം ‘യുക്തിവാദി’ എന്നൊരു മാസിക തുടങ്ങുവാന്‍ തീരുമാനിച്ചു. 1107 ധനുവില്‍ (1927 ജനുവരി) മാസിക മിതവാദി പ്രസ്സില്‍ നിന്നും അടിച്ചു പ്രസിദ്ധീകരണം ആരംഭിക്കണമെന്നും കെ രാമവര്‍മ്മ തമ്പാന്‍, കെ അയ്യപ്പന്‍, സിവി കുഞ്ഞുരാമന്‍, സി കൃഷ്ണന്‍, എംസി ജോസഫ് എന്നിവര്‍ മാസികയുടെ പത്രാധിപന്മാരായിരിക്കണമെന്നും നിശ്ചയിച്ചു’ (യുക്തിദര്‍ശനം പേ: 768).


പക്ഷേ, നിശ്ചയിച്ചതനുസരിച്ച് യുക്തിവാദി മാസിക ഇറക്കാന്‍ സാധിച്ചില്ല. 1929 സെപ്തംബറില്‍ കൊച്ചിയിലെ സഹോദരന്‍ പ്രസ്സില്‍ നിന്നായിരുന്നു ‘യുക്തിവാദി’യുടെ പ്രഥമ ലക്കം ഇറങ്ങിയത്. ഏകദേശം 50 വര്‍ഷത്തിലധികം മാസിക പ്രസിദ്ധീകരിക്കുകയുണ്ടായി. ജാതിപീഡനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചുതുടങ്ങി ഒടുവില്‍ മതനിഷേധത്തിലേക്ക് വഴിതെറ്റിയതാണ് കേരള യുക്തിവാദ പ്രസ്ഥാനങ്ങളെന്നു സാരം.


യുക്തിവാദി സംഘങ്ങള്‍ പിറവിയെടുക്കുന്നു

‘യുക്തിവാദി’ മാസികയുടെ പ്രസിദ്ധീകരണത്തോടെ യുക്തിവാദി സംഘവും നിലവില്‍വന്നു. ആദ്യകാല യുക്തിവാദി സംഘത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നത് നോക്കാം: ‘യുക്തിവാദി’യുടെ ആരംഭത്തോട് കൂടിത്തന്നെ 1935 നവംബര്‍ 11-ാം തിയ്യതി കൊച്ചി സംസ്ഥാനത്ത് യുക്തിവാദി സംഘവും റജിസ്റ്റര്‍ ചെയ്തു. ശ്രീ. രാമവര്‍മ്മ തമ്പാന്‍ പ്രസിഡന്‍റും എംസി ജോസഫ് സെക്രട്ടറിയും പനമ്പിള്ളി ഗോവിന്ദമേനോന്‍ ഖജാന്‍ജിയുമായിരുന്നു (യുക്തിദര്‍ശനം പേ: 774).

പക്ഷേ, ഈ സംഘടന അധികം നിലനിന്നില്ല. പ്രവര്‍ത്തനരഹിതമായി അത് ഇല്ലാതായി. എന്നാല്‍ ഒറ്റപ്പെട്ട പല യുക്തിവാദി ഗ്രൂപ്പുകളും പ്രസിദ്ധീകരണങ്ങളും പിറവിയെടുക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചകളും സമ്മേളനങ്ങളും നടക്കുകയും ചെയ്തിരുന്നു. ഇടമറുക് ചില യുക്തിവാദി സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. യുക്തിവാദ പ്രചാരണത്തിനായി ‘ഇസ്ക്രാ’ എന്നൊരു മാസികയും അദ്ദേഹം സ്ഥാപിച്ചു. പക്ഷേ, അതും ഇടക്ക്വച്ച് നിര്‍ത്തലാക്കേണ്ടിവന്നു. 1946-ല്‍ അഖില കൊച്ചി മിശ്രവിവാഹ സംഘം എന്ന സംഘടന രൂപീകരിച്ചു. 1958-ല്‍ അതിന്‍റെ പേര് മാറ്റി കേരള മിശ്രവിവാഹ സംഘം എന്നാക്കി.


കേരള യുക്തിവാദി സംഘത്തിന്‍റെ പിറവി

കേരള യുക്തിവാദി സംഘ(KYS)ത്തിന്‍റെ പിറവിയെക്കുറിച്ച് യുക്തിദര്‍ശനം വിവരിക്കുന്നതിങ്ങനെയാണ്: ‘24.12.67-ന് തൃശൂര്‍ റീജനല്‍ തിയ്യേറ്ററില്‍ നടന്ന യുക്തിവാദി സുഹൃദ്സമ്മേളനം കേരള യുക്തിവാദി സംഘം കമ്മിറ്റി രൂപീകരിച്ചു. ആ കമ്മിറ്റിയുടെ പ്രസിഡന്‍റായി ശ്രീ. എംസി ജോസഫിനെയും വൈസ് പ്രസിഡന്‍റുമാരായി വിടി ഭട്ടതിരിപ്പാട്, കുറ്റിപ്പുറം കൃഷ്ണപ്പിള്ള എന്നിവരെയും ജനറല്‍ സെക്രട്ടറിയായി കെഎ സുബ്രഹ്മണ്യത്തിനെയും ജോയിന്‍റ് സെക്രട്ടറിമാരായി എവി ജോസ്, പിഎസ് രാമന്‍കുട്ടി എന്നിവരെയും ട്രഷററായി ജോസഫ് കുന്നത്തിനെയും തിരഞ്ഞെടുത്തു. കമ്മിറ്റി മെമ്പര്‍മാരായി മറ്റു ചില പ്രമുഖ യുക്തിവാദികളെയും തിരഞ്ഞെടുക്കുകയുണ്ടായി. പക്ഷേ, ഈ കമ്മിറ്റിക്ക് കാര്യമായൊന്നും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല എന്ന വസ്തുത കൂടി ഇവിടെ രേഖപ്പെടുത്തേണ്ടതുണ്ട്. അതിനുശേഷം 1969 മെയ് 19, 20 തിയ്യതികളില്‍ കോഴിക്കോട്ട് വച്ച് യുക്തിവാദി സംഘത്തിന്‍റെ ഒന്നാം വാര്‍ഷികം നടന്നു. അന്നു എം പ്രഭയെ പ്രസിഡന്‍റായും ഇടമറുകിനെ വൈസ് പ്രസിഡന്‍റായും പിഎസ് രാമന്‍കുട്ടിയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അതിനെ തുടര്‍ന്ന് കേരളത്തിന്‍റെ ചില പ്രദേശങ്ങളില്‍ യുക്തിവാദി സംഘത്തിന്‍റെ ശാഖകള്‍ രൂപം കൊള്ളാന്‍ തുടങ്ങി (യുക്തിദര്‍ശനം പേ: 783, 784).

കേരള യുക്തിവാദി സംഘത്തിന്‍റെ രൂപീകരണത്തിന് ശേഷം ഇതേ ആശയത്തില്‍ പല പ്രാദേശിക സംഘടനകളും രംഗത്തുവരികയുണ്ടായി. കോട്ടയം കേന്ദ്രമാക്കി സനല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് സ്റ്റുഡന്‍റ്സ് ഫോറവും തൃശൂര്‍ കേന്ദ്രമാക്കി ജോണ്‍സണ്‍ ഐരൂര്‍, നാസ്തികന്‍ സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്ന റാഷണലിസ്റ്റ് യൂത്ത് ഫോറവും ഇതിനുദാഹരണങ്ങളാണ്. പക്ഷേ, ഇത്തരം സംഘടനകളെല്ലാം പിന്നീട് നിര്‍ജീവമാവുകയാണുണ്ടായത്.


പിന്നീട് സംഘടനക്കുള്ളില്‍ രൂക്ഷമായ ഭിന്നിപ്പുകള്‍ ഉടലെടുക്കുകയുണ്ടായി. ഇതേക്കുറിച്ച് കേരളത്തിലെ നവനാസ്തികരുടെ വീരപുരുഷന്‍ സി രവിചന്ദ്രന്‍ ‘വെളിച്ചപ്പാടിന്‍റെ ഭാര്യ’ എന്ന തന്‍റെ പുസ്തകത്തില്‍ തുറന്ന് സമ്മതിക്കുന്നതായി കാണാം: ‘സജീവമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും സംഘടനക്കുള്ളില്‍ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ പ്രകടമായിരുന്നു. മാര്‍ക്സിസത്തോടുള്ള സമീപനമായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒന്ന്. മാര്‍ക്സിസത്തെയും വൈരുദ്ധ്യാഷ്ഠിത ഭൗതികവാദത്തെയും അംഗീകരിക്കുന്നവരും അല്ലാത്തവരുമായി രണ്ട് ചേരികള്‍ സംഘടനയില്‍ ഉണ്ടായിരുന്നു. കേരള യുക്തിവാദി സംഘത്തിന്‍റെ ഔദ്യോഗിക നേതൃത്വത്തില്‍ ബഹുഭൂരിപക്ഷവും മാര്‍ക്സിസത്തെയും വൈരുദ്ധ്യാത്മക ഭൗതികവാദത്തെയും അംഗീകരിച്ചപ്പോള്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തു. ഇതിനെ ചൊല്ലി പ്രസിദ്ധീകരണങ്ങളിലൂടെയും ലഘുലേഖകളിലൂടെയും പരസ്പരം വിമര്‍ശനം പതിവായി. വിമര്‍ശനങ്ങള്‍ പലപ്പോഴും വ്യക്തിപരമായ വിഴുപ്പലക്കലിലേക്ക് പോയി’ (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214).

യുക്തിവാദി സംഘടനക്കുള്ളിലെ ഭിന്നിപ്പിന്‍റെ ഒരു ഔദ്യോഗിക തുടക്കമായി നമുക്കിതിനെ കണക്കാക്കാം. പിന്നീട് തമ്മില്‍ തല്ലിന്‍റെയും ആദര്‍ശ വൈരുദ്ധ്യങ്ങളുടെയും മാലപ്പടക്കം തന്നെ അവര്‍ക്കിടയില്‍ അരങ്ങേറി. രവിചന്ദ്രന്‍ തന്നെ പറയട്ടെ: ‘മദ്രാസ് കേന്ദ്രമാക്കി 1949-ല്‍ രൂപീകരിച്ച അഖിലേന്ത്യാ സംഘടനയാണ് ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷന്‍. അവിടെ മന്ത്രിയായിരുന്ന എസ് രാമനാഥനായിരുന്നു സംഘടനയുടെ സ്ഥാപകന്‍. കേരള യുക്തിവാദി സംഘം ഈ സംഘടനയില്‍ അംഗമായിരുന്നു. കെവൈഎസിനുള്ളില്‍ ആശയപരമായ ആരോപണ പ്രത്യാരോപണങ്ങളും വ്യക്തിപരമായി സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളും ഉണ്ടായതോടെ അവര്‍ കേന്ദ്ര സംഘടനയായ ഇന്ത്യന്‍ റാഷണലിസ്റ്റ് അസോസിയേഷനില്‍ (IRA) നിന്നും അഫിലിയേഷന്‍ പിന്‍വലിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഐആര്‍എയുടെ സംസ്ഥാന ഘടകമായിരുന്നില്ല കേരളാ യുക്തിവാദി സംഘം. എങ്കിലും ദേശീയ നേതൃത്വത്തില്‍ നിന്നും പല കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകള്‍ ഉണ്ടായപ്പോള്‍ കേരളാ യുക്തിവാദി സംഘത്തിന്‍റെ സംസ്ഥാന കമ്മിറ്റി ഏതാണ്ട് ഒന്നടങ്കം എടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ 1984-ല്‍ ഐആര്‍എയില്‍ നിന്നും കേരള യുക്തിവാദി സംഘം (കൈവൈഎസ്) പിന്‍മാറി (വെളിച്ചപ്പാടിന്‍റെ ഭാര്യ. പേ: 214, 215).

ഐആര്‍എയില്‍ നിന്നും കൈവൈഎസിന്‍റെ പിന്മാറ്റം മറ്റൊരു ഭിന്നിപ്പിന്‍റെ തുടക്കമായിരുന്നു. രവിചന്ദ്രന്‍ തുടരുന്നു: 1985-ല്‍ ഇടമറുകിന്‍റെ നേതൃത്വത്തില്‍ കൊല്ലത്തുവച്ച് കേരള യുക്തിവാദി സംഘത്തിനു ബദലായി മാര്‍ക്സിസം, മാര്‍ക്സിയന്‍ ഭൗതികവാദം അംഗീകരിക്കാത്ത ഐആര്‍എ സംസ്ഥാന കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീനി പട്ടത്താനമായിരുന്നു ജനറല്‍ സെക്രട്ടറി. അബ്ദുല്ല മേപ്പയൂര്‍ പ്രസിഡന്‍റും. പില്‍ക്കാലത്ത് അഖിലേന്ത്യാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് ശ്രീനി പട്ടത്താനവും കൂട്ടരും ഐആര്‍എ വിടുകയും 1997-ല്‍ ഭാരതീയ യുക്തിവാദി സംഘം രൂപീകരിക്കുകയും ചെയ്തു (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 215).


റിച്ചാര്‍ഡ് ഡോക്കിന്‍സിന്‍റെ പ്രശസ്ത ഗ്രന്ഥമായ ദിഗോഡ് ഡെല്യൂഷന്‍ (The God Delusion) എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയായ ‘നാസ്തികനായ ദൈവം’ രവിചന്ദ്രന്‍ സി എഴുതുന്നതോടെയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ്, ക്രിസ്റ്റഫര്‍ ഹിച്ചന്‍, സാംഹാരിസ് ഡാനിയല്‍ തുടങ്ങിയവരുടെ ചിന്തയില്‍ നിന്നുതിര്‍ന്നുവീണ നവനാസ്തികതയുടെ വിത്ത് കേരള മണ്ണിലെത്തുന്നത്. ഈ പുസ്തകം പുറത്തിറങ്ങിയതോടെയാണ് രവിചന്ദ്രന്‍ യുക്തിവാദ പ്രസ്ഥാനങ്ങളോട് ബന്ധപ്പെടാന്‍ തുടങ്ങിയത്. ‘പച്ചക്കുതിര’ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇക്കാര്യം പറയുന്നതായി കാണാം: ‘2009 ഒക്ടോബറില്‍ നാസ്തികനായ ദൈവം പുറത്തിറങ്ങിയ ശേഷമാണ് കേരളത്തിലെ പ്രമുഖ യുക്തിവാദികളെ നേരിട്ട് പരിചയപ്പെടുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിക്കാന്‍ കേരളം ചുറ്റാന്‍ തുടങ്ങിയത് 2010 മുതലാണ് (പച്ചക്കുതിര 2018 ഏപ്രില്‍ പേ: 30).

ശാസ്ത്രത്തിന്‍റെ പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ കൂടി ശാസ്ത്ര കണ്ടെത്തലുകള്‍ മാത്രം സ്വീകരിച്ചുള്ള നവനാസ്തികതയുടെ പ്രചാരണം കൂടിയായിരുന്നു രവിചന്ദ്രന്‍ നിര്‍വഹിച്ചിരുന്നത്. കേവലം മതവിമര്‍ശനത്തിന് പുറമെ ശാസ്ത്രവിരുദ്ധമായതിനെ മുഴുവന്‍ എതിര്‍ക്കുക എന്ന പുതിയ ശൈലി രൂപപ്പെട്ടു. യുക്തിവാദികളിലുള്ള ശാസ്ത്രവിരുദ്ധ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തു. യുക്തിവാദികളിലെ ശാസ്ത്ര വിരുദ്ധരെക്കുറിച്ച് രവിചന്ദ്രന്‍ പറയുന്നതിപ്രകാരമാണ്: ‘ശാസ്ത്ര ചിന്തയോട് ആഴത്തില്‍ കലഹിക്കുന്നവര്‍ പോലും അവര്‍ക്കിടയിലുണ്ട്. കളിമണ്‍ ചികിത്സ, ഹോമിയോപ്പതി, പ്രകൃതി ചികിത്സ തുടങ്ങിയ കപട ചികിത്സകളെ പിന്തുണയ്ക്കുന്നവരും അങ്ങിങ്ങുണ്ട്. എന്തിനേറെ, വാക്സിന്‍ വിരുദ്ധരെപോലും അവര്‍ക്കിടയില്‍ കാണാനാവും! (പച്ചക്കുതിര 2108 ഏപ്രില്‍ പേ: 31).

അധികാരമോഹങ്ങളും സംഘടനാ സങ്കുചിതത്വവും കേരള യുക്തിവാദ സംഘത്തിന്‍റെ മറ്റൊരു പിളര്‍പ്പ് കൂടിയുണ്ടാക്കി. ഈ പിളര്‍പ്പ് രവിചന്ദ്രന്‍ വിശദീകരിക്കുന്നതിപ്രകാരമാണ്: ‘2011-ല്‍ കേരള യുക്തിവാദത്തില്‍ പിളര്‍പ്പുണ്ടായി. മലപ്പുറം ജില്ലാ കമ്മറ്റി ഒന്നടങ്കം വിട്ടുപോയി. ഇഎ ജബ്ബാര്‍, മുഹമ്മദ് പാറയ്ക്കല്‍, പ്രൊഫ. രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ‘യുക്തിവാദി സംഘം’ എന്ന സംഘടന രൂപീകരിച്ചു (വെളിച്ചപ്പാടിന്‍റെ ഭാര്യ പേ: 216).

ഇഎ ജബ്ബാറും രവിചന്ദ്രനും തമ്മില്‍ നടന്ന അഭിമുഖത്തില്‍ ഈ പിളപ്പിനെക്കുറിച്ച് ഇഎ ജബ്ബാര്‍ വിശദീകരിക്കുന്നതിങ്ങനെയാണ്: ‘സംഘടന വന്നതിനുശേഷമാണ് സംഘടനാ മൗലികവാദം വരുന്നത്. ആശയപ്രചാരണത്തേക്കാള്‍ സംഘടനയുടെ ചട്ടക്കൂടും അതിന്‍റെ അച്ചടക്കവും അതിന്‍റെ അജണ്ടകളും പ്രധാനമായിത്തീര്‍ന്നു. നിര്‍ഭാഗ്യവശാല്‍ അക്കാലഘട്ടത്തിലാണ് ഞാനും ഈ സംഘടനയിലേക്ക് വരുന്നത്. സംഘടനയ്ക്കകത്ത് വന്നുകഴിഞ്ഞാല്‍ മിക്കവാറും ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലല്ല, സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്താണ് സമയം കളയുന്നത്. അതുകൊണ്ട് വലിയ പ്രയോജനം ഇല്ലായെന്ന് എനിക്ക് അനുഭവങ്ങളിലൂടെ തോന്നി. പലപ്പോഴും ഇത്തരം കമ്മിറ്റികളില്‍ പോയിരുന്നാല്‍ നമുക്കൊന്നും ചര്‍ച്ച ചെയ്യാനില്ലാത്ത അവസ്ഥയായിരുന്നു. ഇത് പോരാ, ആശയം പ്രചരിപ്പിക്കലായിരിക്കണം പ്രധാനം. അതുപോലെ കാലം മാറുന്നതിനനുസരിച്ച് പുതിയ സങ്കേതങ്ങളും രീതികളുമൊക്കെ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന ആശയങ്ങള്‍ ഞാന്‍ സംഘടനക്കകത്ത് വച്ചിരുന്നു. പക്ഷേ, അതിനോടൊന്നും സംഘടനക്കകത്ത് പലര്‍ക്കും താല്‍പര്യം ഉണ്ടായിരുന്നില്ല. 2012-ലെ സ്വതന്ത്രലോകം ദേശീയ സെമിനാറോടു കൂടി ഞാന്‍ സംഘടനയുമായി ഔപചാരികമായി പിരിഞ്ഞു’ (പച്ചക്കുതിര, 2016 ഡിസംബര്‍ പേ: 27).


എന്നാല്‍ ഈ പിളപ്പിന് കാരണം ഇഎ ജബ്ബാറിന്‍റെ അധികാരമോഹമാണെന്നാണ് കേരള യുക്തിവാദി സംഘം (KYS) പ്രസിഡന്‍റായിരുന്ന യു കലാനാഥന്‍ പറയുന്നത്. 1796 മുതല്‍ ദീര്‍ഘകാലം കൈവൈഎസ് പ്രസിഡന്‍റായിരുന്ന യു കലാനാഥനും സംഘടനയില്‍ നിന്ന് പിരിഞ്ഞുപോവുകയാണുണ്ടായത്. യുക്തിവാദി പ്രസ്ഥാനത്തിന് മാര്‍ക്സിസം വേണോ വേണ്ടയോ എന്നതില്‍ വീണ്ടും അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് ശാസ്ത്ര പ്രചാരണത്തിനും ശാസ്ത്രവിരുദ്ധമായ കാഴ്ചപ്പാടുകളെ എതിര്‍ക്കാനും വേണ്ടി മാര്‍ക്സിസത്തെ അനുകൂലിക്കാത്ത ചില യുക്തിവാദികളുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘടനയായ കേരളാ ഫ്രീ തിങ്കേഴ്സ് ഫോറം (KFTF) നിലവില്‍ വന്നു. യൂട്യൂബ് ചാനലും ഫേസ്ബുക്ക് കൂട്ടായ്മയുമായി മുന്നോട്ടു ഗമിച്ചു. ഡോ. വിശ്വനാഥന്‍, എഎ ജബ്ബാര്‍, രവിചന്ദ്രന്‍ തുടങ്ങിയവര്‍ ഈ ഫോറത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ നേതൃത്വത്തില്‍ ‘യുക്തിയുഗം’ എന്ന മാസികയും ആരംഭിച്ചു. ഈ കൂട്ടായ്മയുടെ വാര്‍ഷിക സെമിനാറാണ് ‘സ്വതന്ത്രലോകം’. അതിനിടയില്‍ 2013 സ്വതന്ത്രലോകം സെമിനാറില്‍ രവിചന്ദ്രന്‍ വെളിച്ചപ്പാടിന്‍റെ ഭാര്യ എന്ന പ്രസന്‍റേഷന്‍ അവതരിപ്പിച്ചു. പക്ഷേ ഇതില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍കൊള്ളുന്നുണ്ടെന്ന് പറഞ്ഞ് ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. തുടര്‍ന്ന് യുക്തിവാദി സംഘത്തിന് ഫെമിനിസം വേണോ വേണ്ടയോ തുടങ്ങിയ ചര്‍ച്ചകള്‍ അണികള്‍ക്കിടയില്‍ നടന്നു. ആ സമയത്ത് തന്‍റെയടുക്കല്‍ തെറ്റ് പറ്റിയെന്ന നിലപാടിലേക്ക് രവിചന്ദ്രന്‍ എത്തിച്ചേരുകയായിരുന്നു.

എന്നാല്‍ 2016-ല്‍ തൃശൂരില്‍ വച്ച് ‘വെളിച്ചപ്പാടിന്‍റെ ഭാര്യ Reloaded’ എന്ന് വീണ്ടും അതേ വിഷയം രവിചന്ദ്രന്‍ അവതരിപ്പിച്ചതോടെ സംഘടനയില്‍ പിളര്‍പ്പുണ്ടായി. അങ്ങനെ തന്നെ അനുകൂലിക്കുന്ന ആളുകളെ ഉള്‍ക്കൊള്ളിച്ച് 2016 ഒക്ടോബറില്‍ ‘എസ്സന്‍സ് ക്ലബ്’ എന്ന പുതിയ സംഘടന രവിചന്ദ്രന്‍ രൂപീകരിച്ചു. എന്നാല്‍ ഇത്തരം സംഘടനകളിലൊന്നും അദ്ദേഹം മെമ്പറാവുകയോ നേതൃസ്ഥാനം ഏറ്റെടുക്കുകയോ ചെയ്യാതെ തന്‍റെ നിയന്ത്രണത്തിലാക്കുക എന്ന ശൈലിയാണ് സ്വീകരിച്ചത്. ഈ സംഘടനയെ രവിചന്ദ്രന്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘സജീവന്‍ അന്തിക്കാട്, പ്രശാന്ത് രണ്ടേടത്ത്, പി സുശീല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 2013 ഒക്ടോബറില്‍ രൂപംകൊണ്ട ആയിരത്തിലധികം അംഗങ്ങളുള്ള എസ്സെന്‍സ് എന്ന ഹ്യൂമനിസ്റ്റ് സൈബര്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം ശാസ്ത്ര-നാസ്തിക-മാനവികവാദ പ്രചാരണമാണ്. എസ്സന്‍സ് ഫ്രീ തിങ്കേഴ്സ് ഡയറി എന്ന ഓണ്‍ലൈന്‍ മാഗസിന്‍, യൂട്യൂബ് ചാനല്‍, ഓഡിയോ-ബ്രോഡ്കാസ്റ്റിങ് ചാനല്‍ തുടങ്ങിയവയും എസ്സെന്‍സ് നടത്തുന്നു. കൂടാതെ വിവിധ വിഷയങ്ങളില്‍ സംവാദ പരമ്പരകളും (വെളിച്ചപ്പാടിന്‍റെ ഭാര്യ, പേ: 226).

അതിനിടയിലാണ് സംവരണ വിഷയത്തില്‍ രവിചന്ദ്രന്‍ നടത്തിയ പ്രഭാഷണങ്ങള്‍ മറ്റൊരു വിവാദം സൃഷ്ടിച്ചത്. അതില്‍ സംവരണ വിരുദ്ധതയും ദളിത് വിരുദ്ധതയുമുണ്ടെന്ന് പറഞ്ഞ് ഇഎ ജബ്ബാര്‍, ഡോ. വിശ്വനാഥന്‍ തുടങ്ങിയവര്‍ പരസ്യമായി ഇതിനെതിരെ പ്രതികരിച്ചു രംഗത്തുവന്നു. ഈ വിഷയത്തില്‍ രവിചന്ദ്രന് മറുപടി പറഞ്ഞുകൊണ്ട് പ്രശസ്ത ദളിത് ചിന്തകനും യുക്തിവാദിയുമായ സണ്ണി എം കപിക്കാടിന്‍റെ വീഡിയോ പുറത്തിറങ്ങി. ഫ്രീ തിങ്കേഴ്സ് ഫോറം രവിചന്ദ്രന് ചുട്ട മറുപടിയുമായി രംഗത്ത് വന്നു. എന്നാല്‍ തന്‍റെ ആരാധകരെ ഉപയോഗിച്ച് കോപ്പിറൈറ്റ് ക്ലൈം ചെയ്ത് ഈ വീഡിയോ യൂട്യൂബില്‍ നിന്നും നീക്കം ചെയ്ത് രവിചന്ദ്രന്‍ തിരിച്ചടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തന്‍റെ സംഘടനയായ എസ്സന്‍സിലെ അണികള്‍ക്കിടയിലും അഭിപ്രായ ഭിന്നതകളുണ്ടായി. ചോദ്യം ചെയ്തവരെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് എസ്സന്‍സില്‍ ഇരുചേരികള്‍ രൂപപ്പെട്ടു. ഒന്ന് രവിചന്ദ്രനെ ആരാധ്യനായി കാണുന്നവര്‍. മറ്റൊന്ന് രവിചന്ദ്രനെ ഇവ്വിധം അംഗീകരിക്കാത്തവരും. അങ്ങനെ 2018-ല്‍ രവിചന്ദ്രനെ ഫാനായി കാണുന്നവര്‍ എസ്സന്‍സ് ക്ലബ്ബ് വിടുകയും ‘എസ്സന്‍സ് ഗ്ലോബല്‍’ എന്ന പേരില്‍ മറ്റൊരു കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു.

എസ്സന്‍സ് ക്ലബ്ബിന്‍റെ വാര്‍ഷിക പരിപാടിയാണ് ‘എസന്‍ഷ്യ’. പിളര്‍പ്പിനുശേഷം തിരുവനന്തപുരം വിജെടി ഹാളില്‍വച്ച് 2018 ഒക്ടോബല്‍ 18,19 തിയ്യതികളില്‍ ‘എസന്‍ഷ്യ 18’ എസ്സന്‍സ് ക്ലബ്ബുകാര്‍ നടത്തുകയുണ്ടായി. എന്നാല്‍ എസ്സന്‍സ് ക്ലബ്ബില്‍ നിന്നു പിരിഞ്ഞുപോയ രവിചന്ദ്രനും കൂട്ടരും എസ്സന്‍സ് ക്ലബ് എന്ന പേരും രജിസ്റ്റര്‍ നമ്പറും വച്ച് എസ്സന്‍സ് ക്ലബ് വാര്‍ഷിക പരിപാടിയായ ‘എസന്‍ഷ്യ 2018’ എറണാകുളം ടൗണ്‍ഹാലില്‍ വച്ച് ഡിസംബര്‍ 25, 26 തിയ്യതികളില്‍ വേറെ നടത്തിയിരുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ എസ്സന്‍സ് ക്ലബുകള്‍ തങ്ങളുടെ സംഘടനയുടെ പേരും രജിസ്റ്റര്‍ നമ്പറും ഉപയോഗിക്കുന്നതിനെതിരെ രവിചന്ദ്രനെയും കൂട്ടരെയും പ്രതികളാക്കി കേസ് കൊടുക്കുകയും ചെയ്തു. ‘മതം ഉപേക്ഷിക്കൂ, മനുഷ്യരാകൂ’ എന്ന് ഉദ്ഘോഷിക്കുന്ന യുക്തന്മാരുടെ ലജ്ജിപ്പിക്കുന്ന തമ്മില്‍ തല്ലും അധികാരമോഹങ്ങളും കാണുമ്പോള്‍ മതവിമര്‍ശനവും ദൈവിനിഷേധവുമൊക്കെ അഴുക്കുചാലിലെങ്കിലും തിളങ്ങിനില്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....