Showing posts with label ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ നദീർ: നബിനടപടി രാഷ്ട്രസുരക്ഷയ്ക്ക്. Show all posts
Showing posts with label ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ നദീർ: നബിനടപടി രാഷ്ട്രസുരക്ഷയ്ക്ക്. Show all posts

Monday, March 2, 2020

ഇസ്ലാം വിമർശകർക്ക് മറുപടി:ബനൂ നദീർ: നബിനടപടി രാഷ്ട്രസുരക്ഷയ്ക്ക്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m



ബനൂ നദീർ: നബിനടപടി രാഷ്ട്രസുരക്ഷയ്ക്ക്

മദീനയുടെ അതിര്‍ത്തിക്കുള്ളില്‍ അധിവസിക്കുന്ന ഒരു പ്രബലയഹൂദ കുടുംബമാണ് ബനൂ നദീര്‍. പ്രവാചകനുമായി(സ) യുദ്ധം ചെയ്യാന്‍ ധൈര്യമില്ലാത്ത എന്നാല്‍ ഉപജാപങ്ങളില്‍ അഗ്രഗണ്യരായ ഒരു വിഭാഗം. പ്രവാചകനും(സ) മുസ്‌ലിംകളുമായി ഏറ്റുമുട്ടാന്‍ അവര്‍ സന്നദ്ധരായിരുന്നില്ല. എന്നാല്‍ മുസ്‌ലിംകളോടുള്ള വിദ്വേഷത്താല്‍ ഉള്ളം പൊള്ളുകയായിരുന്നു അവര്‍ക്ക്. ഉപജാപങ്ങള്‍ അതീവരഹസ്യമായേ നടത്തുമായിരുന്നുള്ളൂ. പിടിക്കപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ക്കറിയാം. കാരണം നടേ പറഞ്ഞ കരാറില്‍ ഒപ്പിട്ടവരാണ് ഇവരും. കരാര്‍ ലംഘനമാവും തങ്ങള്‍ നടത്തുന്ന ഉപജാപം എന്നും അവര്‍ക്കറിയാം.

അങ്ങനെയിരിക്കയാണ് ഹിജ്‌റ മൂന്നാമാണ്ടില്‍ ഉഹ്ദ് യുദ്ധം നടന്നത്. യുദ്ധത്തില്‍ മുസ്‌ലിംകള്‍ പരാജയപ്പെട്ടു. അതിനും പുറമെയാണ് റജീഅ്, ബിഅ്ര്‍ മഊന സംഭവങ്ങള്‍ അരങ്ങേറിയതും മുസ്‌ലിംകള്‍ വലിയ പ്രയാസം നേരിടേണ്ടി വരികയും ചെയ്തത്.

റജീഅ് സംഭവം: ഹിജ്‌റയുടെ നാലാമാണ്ടില്‍ അദ്ല്‍, ഖാറഃ പ്രദേശത്തുകാരായ ചിലര്‍ പ്രവാചകനെ(സ) സമീപിച്ചുകൊണ്ട് തങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചെന്നു പറയുകയും തങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാന്‍ പ്രതിനിധികളെ അയച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ആ സംഘത്തിന്റെ വാക്ക് വിശ്വസിച്ച പ്രവാചകന്‍ (സ) ഒരാറംഗ സംഘത്തെ -പത്തംഗമെന്നുമുണ്ട് ഒരു റിപ്പോര്‍ട്ട്- അവര്‍ക്കൊപ്പം അയച്ചു കൊടുത്തു. സംഘം റജീഅ് എന്നിടത്തെത്തിയപ്പോള്‍ നിവേദകരായി വന്ന ആളുകള്‍ തൊട്ടടുത്ത് അധിവസിച്ചിരുന്ന ഹുദൈല്‍ കുടുംബത്തിന് അവരെ ഒറ്റുകൊടുത്തു. ഹുദൈല്‍ കുടുംബം അവരില്‍ ഖുബൈബ്, സൈദുബ്‌നുദ്ദഥ്‌ന (റ) എന്നിവരൊഴികെ ബാക്കി നാലുപേരെയും കൊന്നുകളഞ്ഞു. ഖുബൈബിനെയും സൈദിനെയും(റ) കൈകാലുകള്‍ ബന്ധിച്ച് മക്കയില്‍ കൊണ്ടുപോയി ശത്രുക്കള്‍ക്ക് വിറ്റു. മക്കയിലെ ശത്രുക്കള്‍ അവര്‍ ഇരുവരെയും കൊലപ്പെടുത്തി. ഈ സംഭവം സഫര്‍ മാസത്തിലാണ് നടന്നത്.

അതേവര്‍ഷം അതേമാസം മറ്റൊന്നുകൂടി സംഭവിച്ചു.
അബൂ ബറാഅ് എന്നുപേരുള്ള ഒരാള്‍ പ്രവാചകനെ(സ) സമീപിച്ചു. അവിടുന്ന് അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അയാള്‍ ഇസ്‌ലാം സ്വീകരിച്ചില്ല. വല്ലാതെ അകലം പാലിച്ചുമില്ല. അയാള്‍ പറഞ്ഞു:

”അല്ലാഹുവിന്റെ ദൂതരെ, നജ്ദ് വാസികളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനായി അനുചരന്‍മാരെ അയക്കുന്നത് നന്നാവും. അവര്‍ അത് സ്വീകരിച്ചേക്കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്.

പ്രവാചകന്‍ (സ) പറഞ്ഞു: ”നജ്ദുകാര്‍ അവരെ വകവരുത്തിയേക്കുമോ എന്നു ഞാന്‍ ആശങ്കിക്കുന്നു.”

അബൂ ബറാഅ് പറഞ്ഞു: ”ഞാനവര്‍ക്ക് സംരക്ഷണം നല്‍കാം.” തുടര്‍ന്ന് പ്രവാചകന്‍ (സ) അയാള്‍ക്കൊപ്പം തന്റെ പ്രമുഖരായ നാല്‍പത് -എഴുപത് എന്നുമുണ്ട് ഒരു പാഠത്തില്‍- അനുചരന്‍മാരെ അയച്ചുകൊടുത്തു. അവര്‍ നജ്ദിനടുത്ത് ബിഅ്ര്‍ മഊനഃ എന്നിടത്തെത്തിയപ്പോള്‍ ഗോത്രനായകനായ ആമിറുബ്‌നു തുഫൈലിനുള്ള പ്രവാചകന്റെ(സ) കത്തുമായി ഹറാമുബ്‌നു മൽ നാനെ ആയാളുടെ അടുത്തേക്കയച്ചു. ആമിര്‍ ആ കത്ത് തുറന്നുനോക്കുക പോലും ചെയ്തില്ല. മാത്രമല്ല തന്റെ ഗോത്രത്തില്‍പെട്ട ഒരുത്തനെ വിട്ട് ഹറാമിനെ കൊല്ലിക്കുക കൂടി ചെയ്തു. ബാക്കിയുള്ളവരുമായി യുദ്ധം ചെയ്യാന്‍ അയാള്‍ ബനൂ ആമിര്‍ ഗോത്രത്തെ വിളിച്ചു. അബൂ ബറാഅ് സംരക്ഷണം നല്‍കിയ ഒരു വിഭാഗവുമായി യുദ്ധത്തിനില്ലെന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. ആമിര്‍ തുടര്‍ന്ന് ബനൂസുലൈം ഗോത്രത്തെ ക്ഷണിച്ചു. അവരിലെ അമ്പിയ്യ, റഅ്ല്‍, ദക്‌വാന്‍ കുടുംബങ്ങള്‍ പ്രവാചകാനുചരന്‍മാരെ വളഞ്ഞിട്ട് ആക്രമിച്ചു കൊലപ്പെടുത്തിക്കളഞ്ഞു. ഉഹ്ദ് പരാജയത്തിനു പുറമെ മുസ്‌ലിംകളെ ബാധിച്ച ഒരു വല്ലാത്ത വിപത്തായിരുന്നു ഈ രണ്ടു സംഭവവും.

ഈ ദുഃഖസാന്ദ്ര അന്തരീക്ഷം ബനൂനദീര്‍ എന്ന യഹൂദ കുടുംബം ചൂഷണം ചെയ്യാനുറച്ചു. അവര്‍ മദീനയിലെ കപടന്‍മാരും മക്കയിലെ ശത്രുക്കളുമായുമൊക്കെ ബന്ധം സജീവമാക്കി. പ്രവാചകനും(സ) മുസ്‌ലിംകള്‍ക്കുമെതിരില്‍ ഗൂഢാലോചന നടത്തുന്നതില്‍ കൂടുതല്‍ ഉത്സുകരായി. മുസ്‌ലിംകള്‍ പരിക്ഷീണിതരാണ്. ഇനി അവര്‍ക്ക് തലപൊക്കാനാവുകയില്ല. ഇതായിരുന്നു അവരുടെ കാഴ്ചപ്പാട്.

ആയിടയ്ക്ക് മറ്റൊന്നു കൂടി സംഭവിച്ചു. ബിഅ്ര്‍ മഊന സംഭവത്തില്‍ ഏതോവിധം രക്ഷപെട്ടു പോന്ന അംറുബ്‌നു ഉമയ്യ ഖര്‍ഖറ എന്നിടത്തെത്തിയപ്പോള്‍ സ്ഥലത്തെ ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാനിരുന്നു. തൊട്ടുടനെ ബനൂ കിലാബ് ഗോത്രക്കാരായ രണ്ടുപേര്‍ അവിടെ എത്തിപ്പെട്ടു. വിശ്രമിക്കാന്‍ കിടന്ന അവര്‍ ഉറങ്ങിപ്പോയി. തന്റെ കൂട്ടുകാരെ കൊന്ന കൂട്ടത്തില്‍പെട്ടവരെന്ന തെറ്റുധാരണയില്‍ അംറുബ്‌നു ഉമയ്യ അവര്‍ രണ്ടുപേരെയും കൊന്നു. അംറ് തന്നെയാണ് പ്രവാചകനോട്(സ) വിവരം പറഞ്ഞത്. അവിടുന്ന് വളരെയേറെ ദുഃഖിച്ചു. അബദ്ധവശാല്‍ ചെയ്തുപോയ പാതകം എന്നതുകൊണ്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. അതിനുവേണ്ടി പ്രവാചകന്‍ (സ) മുസ്‌ലിംകളില്‍നിന്ന് ഫണ്ട് ശേഖരിക്കുന്നുണ്ടായിരുന്നു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കാന്‍ മുസ്‌ലിംകളും യഹൂദരും പഴയ കരാറനുസരിച്ച് ബാധ്യസ്ഥരാണ്. പ്രവാചകന്‍ (സ) ബനൂ നദീര്‍ എന്ന യഹൂദ ഗോത്രത്തെ സമീപിച്ചു. അവര്‍ സഹായിക്കാമെന്നേറ്റു. അവര്‍ പ്രവാചകനോട്(സ) പറഞ്ഞു:

”അബുല്‍ഖാസിം, ഇരിക്കുക. താങ്കളുടെ ആവശ്യം ഞങ്ങള്‍ പരിഹരിച്ചുതരാം.”
പ്രവാചകനും കൂടെ അനുചരന്‍മാരായ അബൂബക്ര്‍, ഉമര്‍, അലി എന്നിവരും വേറെയും ആളുകളുമുണ്ട്. അവര്‍ ഇരുന്നു.

യഹൂദര്‍ അതിനിടയ്ക്ക് ഒരു ഗൂഢാലോചനയിലേര്‍പ്പെട്ടു. അവര്‍ പരസ്പരം കുശുകുശുത്തു. ”ആസുകല്ലെടുത്ത് ആ ചുമരില്‍ കയറി ഇവന്റെ തലയിലിട്ട് അവനെ ചതച്ചരച്ച് കൊല്ലാന്‍ തയ്യാറുള്ളവര്‍ ആരുണ്ട്?”

അവരുടെ കൂട്ടത്തില്‍നിന്ന് തന്നെ അതിന് എതിര്‍പ്പുണ്ടായി. കൂട്ടത്തില്‍പെട്ട സാലിവുബ്‌നുമുശ്കര പറഞ്ഞു: ”അരുത് കൂട്ടരേ, അരുത്. അല്ലാഹുലില്‍ സത്യം, നിങ്ങളുടെ ഗൂഢനീക്കം അദ്ദേഹത്തിന് അല്ലാഹു അറിയിച്ചു കൊടുക്കാതിരിക്കില്ല. ഇത് കരാര്‍ ലംഘനം കൂടിയാണ്.” അദ്ദേഹം ഓര്‍മിപ്പിച്ചു.

ആ തടസ്സവാദം ബധിരകര്‍ണങ്ങളിലാണ് കൊണ്ടത്. അതുകൊണ്ട് തന്നെ അവര്‍ അത് തള്ളിക്കളഞ്ഞു. അവരിലെ ഒരു ദുഷ്ടന്‍ അംറുബ്‌നു ജഹാശ് കൃത്യം ചെയ്യാമെന്നേറ്റു.

പക്ഷേ, അവരുടെ ഗുഢാലോചനയുണ്ടോ നടപ്പിലാവാന്‍ പോവുന്നു. അല്ലാഹു പ്രവാചകന്(സ) സന്ദേശം നല്‍കി. ജിബ്‌രീല്‍ വന്നു വിവരം അറിയിച്ചു. പ്രവാചകന്‍ (സ) അവിടെ നിന്ന് രക്ഷപെട്ടു.

അനന്തരം അവിടുന്ന് മുഹമ്മദുബ്‌നു മസ്‌ലമയെ അവരുടെ അടുത്തേക്ക് ദൂതുമായയച്ചു.

”മദീനയില്‍ നിന്ന് പുറത്തുപോവുക. മേലില്‍ ഇവിടെ താമസിക്കാവതല്ല. പത്തു ദിവസം സമയമനുവദിക്കാം. ശേഷം ഇവിടെ തങ്ങുന്നവരുടെ തലയെടുക്കുന്നതായിരിക്കും.”

അവര്‍ക്കവിടെ നിന്ന് പുറത്തുപോവാതിരിക്കാനാകുമായിരുന്നില്ല. പക്ഷേ, അവസരവാദികളുടെ നായകനായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് അവര്‍ക്ക് ധൈര്യം പകര്‍ന്നുകൊണ്ട് ദൂതയച്ചു.

”ഉറച്ചുനില്‍ക്കുക, സ്വയം പ്രതിരോധിക്കുക, പുറത്തുപോകരുത്. എന്റെ കൂടെ രണ്ടായിരം പേരടങ്ങുന്ന ഒരു സംഘമുണ്ട്. അവരുണ്ടാകും സുരക്ഷയ്ക്ക് നിങ്ങള്‍ക്കൊപ്പം കോട്ടയില്‍. നിങ്ങള്‍ക്കുവേണ്ടി മരിക്കാനും അവര്‍ തയ്യാര്‍.”

പാവങ്ങള്‍! യഹൂദര്‍ അതും വിശ്വസിച്ച് കാത്തിരുന്നു. മാത്രവുമല്ല അവര്‍ പ്രവാചകന്റെ(സ) അടുത്തേക്ക് ചൊല്ലിയയച്ചു:

”തൽക്കാലം ഞങ്ങള്‍ക്ക് പുറത്തുപോവാന്‍ ഉദ്ദേശമില്ല. താങ്കള്‍ക്ക് ബോധിച്ചത് ചെയ്തുകൊള്ളുക.”

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അതീവ സങ്കീര്‍ണമായിരുന്നു ആ സാഹചര്യം. യഹൂദരുടെ കോട്ട വളയുക, അവര്‍ക്കെതിരില്‍ നടപടി സ്വീകരിക്കുക എന്നൊക്കെയുള്ളത് അതിസാഹസിക നടപടിയാകും. അറബികള്‍ പൊതുവില്‍ ചുറ്റും കലിപ്പുമായാണ് കഴിയുന്നത്. ദേശവിരുദ്ധരെ വെച്ചുകൊണ്ടിരുന്നാല്‍ അതും കൂടുതല്‍ പ്രയാസം സൃഷ്ടിക്കാം. നിശ്ചയദാര്‍ഢ്യമുള്ള ഒരു സംഘത്തിന് വരുംവരായ്കകളെക്കുറിച്ച് കൂടുതല്‍ ചിന്തിച്ചിരിക്കാനാവുകയില്ല. യഹൂദരുടെ പ്രതികരണമറിഞ്ഞതും പ്രവാചകനും(സ) സ്വഹാബികളും തക്ബീര്‍ മുഴക്കി; ”അല്ലാഹു അക്ബര്‍.”

പിന്നെ കാത്തുനിന്നില്ല. അവരെ നേരിടാനുറച്ച് പുറപ്പെട്ടു. മദീനയില്‍ അബ്ദുല്ലാഹിബ്‌നു ഉമ്മ മക്തൂമിനെ പകരം നിറുത്തിയാണ് അവിടുന്ന് പുറപ്പെട്ടത്. തുടര്‍ന്ന് കോട്ട വളഞ്ഞു. യഹൂദര്‍ കോട്ടക്കുള്ളില്‍ അഭയം തേടി. അതൊരു താൽക്കാലികാഭയമായിരുന്നു. അവര്‍ അമ്പും വില്ലുമൊക്കെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഈന്തപ്പന തോട്ടമാണ് ചുറ്റും. അതും തങ്ങളുടെ രക്ഷക്കുതകുമെന്ന് ധരിച്ചു അവര്‍. ശത്രുവിനെ ആയുധം കൊണ്ട് മാത്രമല്ല നേരിടേണ്ടൂ. ചിലപ്പോള്‍ അവരുടെ സമ്പത്തിലും കൈവെക്കേണ്ടി വരാം. അങ്ങനെയാണ് മുസ്‌ലിംകള്‍ ഈന്തപ്പന മുറിക്കാന്‍ തുടങ്ങിയത്. സഹായിക്കാമെന്നേറ്റ അവസരവാദികള്‍ തങ്ങളെ സഹായിക്കാനെത്തുമെന്നാണ് ആ പാവങ്ങള്‍ ധരിച്ചത്. അവര്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ സഹായത്തിനുവിളിച്ചു. അയാളുടെ ഒരു പ്രതികരണവുമില്ല. ചെകുത്താന്റെ വാഗ്ദാനമെന്ന് ക്വുര്‍ആന്‍ അയാളുടെ വാഗ്ദാനത്തെ പരിഹസിക്കുന്നുണ്ട് 59:16ല്‍. മറ്റൊരു യഹൂദ ഗോത്രമായ ബനൂ ഖുറൈളയോട് സഹായം തേടി. കരാര്‍ ലംഘനത്തിന്റെ കാര്യം ചൂണ്ടിക്കാട്ടി അവരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. വലിയവായില്‍ വര്‍ത്തമാനം പറഞ്ഞെങ്കിലും കൂടുതല്‍ നാള്‍ പിടിച്ചുനില്‍ക്കാന്‍ അവര്‍ക്കായില്ല. നൂറു ദിവസം -പതിനഞ്ചുദിവസം എന്നുമുണ്ട് ഒരു റിപ്പോര്‍ട്ട്- അവര്‍ പിടിച്ചുനിന്നു. പിന്നെ അവര്‍ക്ക് ഉള്‍ഭയമായി. പ്രവാചകനുള്ള(സ) അല്ലാഹുവിന്റെ സഹായം. ഇല്ലെങ്കില്‍ അവരെന്തിനു ഭയക്കണം! മുസ്‌ലിംകള്‍ക്ക് തിരിച്ചടിയുടെ കാലമായിരുന്നല്ലോ അത്. ഉഹ്ദിലെ തോല്‍വി റജീഅ് ബിഅ്ര്‍ മഈന അനുഭവങ്ങള്‍. ഈ തരിച്ചടികളായിരുന്നുവല്ലോ ബനൂ നദീര്‍ എന്ന യഹൂദ കുടുംബത്തിന് പ്രവാചകനെ(സ) അപകടപ്പെടുത്താന്‍ തോന്നാനുണ്ടായ കാരണം. എന്നിട്ടും അവര്‍ക്ക് ഉള്‍ഭയം! ആയുധമുപേക്ഷിച്ച്, കീഴടങ്ങാന്‍ അവര്‍ തയ്യാറായി. അവസാനം ഗതികെട്ട് അവര്‍ പ്രവാചകന്റെ(സ) അടുത്തേക്ക് ദൂതനെ അയച്ചു.

”ഞങ്ങള്‍ മദീന വിടാന്‍ തയ്യാറാണ്.”

”കുടുംബത്തെയും കൂട്ടി മദീന വിടാം. ആയുധമെല്ലാം ഉപേക്ഷിക്കണം. ഒട്ടകത്തിനു വഹിക്കാവുന്ന വീട്ടുപകരണങ്ങളും മറ്റും കൊണ്ടുപോകാം.” പ്രവാചകന്‍ (സ) അനുവാദം നല്‍കി.

അറൂന്നുറു ഒട്ടകങ്ങളും അവയ്ക്ക് വഹിക്കാവുന്ന സാധനസാമഗ്രികളുമായി അവര്‍ ഖൈബറിലേക്ക് നീങ്ങി. അവരുടെ നേതാക്കളുമുണ്ടായിരുന്നു കൂടെ. വേറൊരു കൂട്ടര്‍ ശാമിലേക്ക്. അവരില്‍ രണ്ടുപേര്‍ -യാമീബ്‌നു അംറും അബൂസഅ്ദുബ്‌നു വഹബും- ഇസ്‌ലാം സ്വീകരിച്ചു. യഹൂദരുടെ ആയുധവും ഭൂമിയും മറ്റു വസ്തുവകകളും കണ്ടുകെട്ടി. ഈ രണ്ടു സംഭവങ്ങളിലും -ബനൂ ഖൈനുഖാഅ്, ബനൂ നദീര്‍ എന്നീ യഹൂദസംഘങ്ങളെ നാടുകടത്തിയ സംഭവത്തില്‍- പ്രവാചകന്‍ (സ) ആരെയും വധിച്ചിട്ടില്ല.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....