Showing posts with label തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍●. Show all posts
Showing posts with label തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍●. Show all posts

Tuesday, January 8, 2019

തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍●

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


തഫ്‌സീര്‍ ശാഖയിലെ ആദ്യകാല രചനകള്‍● സുഫ്‌യാന്‍ പള്ളിക്കല്‍ ബസാര്‍ 0 COMMENTS
Thafseer Writing - Malayalam
തഫ്‌സീര്‍ എന്ന പത്തിന്റെ ഭാഷാര്‍ത്ഥം വ്യക്തമാക്കുക, വിശദീകരിക്കുക എന്നൊക്കെയാണ്. ഖുര്‍ആനിലെ പദങ്ങളുടെ ഉച്ചാരണ രൂപം, പദങ്ങളുടെ അര്‍ത്ഥങ്ങള്‍, ഒറ്റക്കും കൂട്ടായും നില്‍ക്കുമ്പോഴുള്ള പദങ്ങളുടെ വിധികള്‍, പദങ്ങള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ ലഭിക്കേണ്ട ആശയങ്ങള്‍, ഇവയുടെ പൂര്‍ത്തീകരണമായ മറ്റു കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിജ്ഞാന ശാഖയാണ് തഫ്‌സീര്‍ (ബഹ്‌റുല്‍ മുഹീത്വ് 1/26). തഫ്‌സീറും തഅ്‌വീലും ഒന്ന് തന്നെയാണോ എന്നതില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്.
പൊതുവെ തഫ്‌സീര്‍ രണ്ട് തരമാണ്.
1. പദങ്ങളുടെ കുരുക്കഴിക്കലും ഇഅ്‌റാബുകള്‍ വിശദീകരിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണിതിലുള്ളത്.
2. ജനങ്ങള്‍ക്ക് അല്ലാഹു നിയമമാക്കിയതിലെ ഹിക്മത്ത്, ഖുര്‍ആന്‍ സന്മാര്‍ഗ ശോഭ തുടങ്ങിയവയാണ് ഇതില്‍ പ്രധാനമായുള്ളത്.

ഉദ്ഭവം

മുഹമ്മദ്(സ്വ)ക്ക് അവതീര്‍ണമായ പരിശുദ്ധ ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ആരാധനകള്‍, കര്‍മങ്ങള്‍, സ്വഭാവരീതി, വിശ്വാസം, ഇഹപര വിഷയങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊണ്ടതാണ് ഖുര്‍ആന്‍. അതിവിശാലമായ ഖുര്‍ആനികാശയങ്ങളുടെ ബഹിര്‍ഗമനം സങ്കീര്‍ണമാണ്. ഖുര്‍ആന്‍ സൂചിപ്പിച്ചത് മനസ്സിലായെങ്കില്‍ മാത്രമേ ഇത് ഗ്രഹിക്കുക സാധ്യമാവൂ. അതിനാല്‍ ഖുര്‍ആനിക അമാനുഷികതയും ആശയങ്ങളും മനസ്സിലാക്കാന്‍ ഒരു വിശദീകരണശാസ്ത്രം ആവശ്യമാണ്. അറബിസാഹിത്യത്തില്‍ പരിണിതപ്രജ്ഞരായ സമൂഹം പ്രവാചകസന്നിധിയിലേക്ക് ഖുര്‍ആന്റെ ആശയലോകം മനസ്സിലാക്കാന്‍ വേണ്ടി എത്തിച്ചേര്‍ന്നിരുന്നു. ആവശ്യാനുസരണം നബി(സ്വ) അവര്‍ക്കത് വ്യാഖ്യാനിച്ച് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.
തനിക്കന്യമായിരുന്ന ‘ഫത്വിറ’ എന്ന പദത്തിന്റെഅര്‍ത്ഥം രണ്ട് അഅ്‌റാബികള്‍ കിണര്‍ സംബന്ധിച്ച് തര്‍ക്കത്തിലേര്‍പ്പെട്ടപ്പോഴാണ് ‘തുടങ്ങി വെക്കുക’ എന്നാണെന്ന് മനസ്സിലായതെന്ന് ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചതു കാണാം. ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത് സന്ദര്‍ഭോചിതമായി ഖുര്‍ആന്‍ വ്യാഖ്യാനം സ്വഹാബികള്‍ മനസ്സിലാക്കിയിരുന്നുവെന്നാണ്. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് വിദഗ്ധനായ ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്നും വിദ്യ നുകര്‍ന്ന മക്കക്കാരും രണ്ടാം ഗണത്തില്‍ വരുന്ന ഇബ്‌നു മസ്ഊദ്(റ)വില്‍ നിന്ന് അറിവ് നേടിയ കൂഫക്കാരും ശേഷം മദീനക്കാരുമാണ് ആദ്യകാല ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍. ഇവര്‍ക്ക് പുറമെ അബൂദര്‍ദാഇല്‍ അന്‍സ്വാരി(റ)വും തമീമുദ്ദാരി(റ)വും അധ്യാപനം നിര്‍വഹിച്ച ശാമിലെ പാഠശാലയും അബ്ദുല്ലാഹി ബിന്‍ അംറുബ്‌നു ആസ്വ്(റ)ന്റെ ഔന്നത്യത്തില്‍ തിളങ്ങിയ മിസ്വ്‌റിലെ പാഠശാലയും മുഅ്തദ് ബിന്‍ ജബല്‍(റ)വും അബൂമൂസല്‍ അശ്അരി(റ)യും നേതൃത്വം നല്‍കിയ യമനിലെ പാഠശാലയുമെല്ലാം ഈ മേഖലയില്‍ പ്രൗഢമായ മുന്നേറ്റം സൃഷ്ടിച്ചു.

മുജാഹിദ് ബിന്‍ ജബ്ര്‍(റ), അത്വാഅ് ബിന്‍ റബീഅ്(റ), ഇക്‌രിമത്ത് മൗലാ ഇബ്‌നുഅബ്ബാസ്(റ), ത്വാഊസ് ബിന്‍ കൈസാനുല്‍ യമാനി(റ), സഈദു ബിന്‍ ജുബൈര്‍(റ), മുഹമ്മദ് ബിന്‍ കഅസില്‍ ഖുറളി(റ), അബുല്‍ ആലിയ അര്‍റയ്യാഹി അല്‍ ബസ്വരി(റ), സൈദുബ്‌നു അസ്‌ലം(റ), ഹസനുല്‍ ബസ്വരി(റ), മസ്‌റൂഖ് ബിന്‍ അജ്ദഅ്(റ), ഖതാദത്ത് ബിന്‍ റുത്തമ(റ), അത്വാഉല്‍ ഖുറാസാനി(റ), മുര്‍റത്തുല്‍ ഹമദാനി(റ) തുടങ്ങിയവര്‍ താബിഈ പണ്ഡിതരിലെ പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാക്കളാണ്.
ഗ്രന്ഥങ്ങളും തൂലികകളും ആദ്യ കാലത്ത് അറബികളുടെ പതിവല്ലാത്തതിനാല്‍ ഖുര്‍ആനും ഇതര വിവരങ്ങളും മന:പാഠമാക്കുകയായിരുന്നു പതിവ്. ഗ്രന്ഥങ്ങളിലൂടെ പുറംലോകത്തെത്തിക്കുന്ന രീതി അന്ന് ഇല്ലായിരുന്നുവെന്ന്തന്നെ പറയാം. ആയത്തിനെ ആയത്തുകള്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടുമായിരുന്നു ഒന്നാം നൂറ്റാണ്ട് മുതല്‍ തുടര്‍ന്നുവരുന്ന വ്യാഖ്യാനങ്ങളുടെ പൊതുരീതി.
ഉമവി-അബ്ബാസി കാലഘട്ടത്തില്‍ ധാരാളം തഫ്‌സീര്‍ ഗ്രന്ഥങ്ങള്‍ വിരചിതമായി. ഉമവി കാലത്തെ പണ്ഡിതനായിരുന്ന മുജാഹിദ് ബിന്‍ ജബരില്‍ മക്കി(മരണം: ഹി.104/എഡി. 722) ആദ്യ തഫ്‌സീര്‍ ഗ്രന്ഥം രചിച്ചെങ്കിലും പൂര്‍ണമായും ലക്ഷണമൊത്ത തഫ്‌സീര്‍ ക്രോഡീകൃതമാകുന്നത് അബ്ബാസീ കാലഘട്ടത്തിലാണ്. സര്‍വ വിജ്ഞാനങ്ങളും പ്രസരിച്ച കാലമായിരുന്നുവല്ലോ അത്. ഈ സമയത്താണ് ഇതര മേഖലകളിലെന്ന പോലെ തഫ്‌സീര്‍ മേഖലയിലും പുത്തന്‍ വിപ്ലവങ്ങള്‍ക്ക് സാക്ഷിയാകുന്നത്. പലയിടങ്ങളിലായി വ്യാപിച്ച് കിടന്നിരുന്ന സര്‍വ വിജ്ഞാനങ്ങളും ഒരൊറ്റ കുടക്കീഴിലായി എന്നതാണീ കാലഘട്ടത്തിന്റെ പ്രത്യേകത. അങ്ങനെ ഹദീസുകളില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന തഫ്‌സീര്‍ ഒരു സ്വതന്ത്ര ശാഖയായി മാറി. ആയത്തുകള്‍, ഹദീസ്, സ്വഹാബത്തിന്റെയും താബിഉകളുടെയും വാക്കുകള്‍ തുടങ്ങിയവ തഫ്‌സീര്‍ രചനയില്‍ ഉള്‍പ്പെടുത്തി. ഖുര്‍ആനികാശയങ്ങള്‍ വിശദീകരിക്കുന്നതിനപ്പുറം അറബി സാഹിതീയ പരിഗണനകള്‍ക്ക് വിധേയമാക്കി ഇഴകീറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. മുന്‍കാലഘട്ടങ്ങളില്‍ വിശാലമായ പഠനങ്ങളും വിശദീകരണങ്ങളും നടന്നിട്ടുണ്ടെങ്കിലും മുസ്വ്ഹഫിന്റെ തര്‍ത്തീബനുസരിച്ച് ഓരോ ആയത്തുകളും വ്യാഖ്യാനിച്ച വിശാരദനാണ് ഇബ്‌നു ജരീറുത്ത്വബരി(റ). ഇമാം ത്വബരി(റ) ജാമിഉല്‍ ബയാന്‍ രചിക്കുന്നതിന് മുമ്പ് ഇമാം സുഫ്‌യാനുസ്സൗരിയുടെ ‘തഫ്‌സീറുല്‍ ഖുര്‍ആനില്‍ കരീം’ രചിക്കപ്പെട്ടിരുന്നു. എന്നാല്‍ ഖുര്‍ആനിലെ നാല്‍പത്തിയൊമ്പത് അധ്യായങ്ങളില്‍ നിന്നായി തൊള്ളായിരത്തി പതിനൊന്ന് സൂക്തങ്ങളേ ഇതിലുള്‍ക്കൊള്ളിച്ചിരുന്നുള്ളൂ.
തഫ്‌സീറുത്ത്വബരി



ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പുതിയ മുന്നേറ്റവുമായാണ് ഇബ്‌നുജരീറുത്ത്വബരി(റ)യുടെ നിയോഗം. അപൂര്‍ണമായിട്ടാണെങ്കിലും ത്വബരി(വഫാത്ത് ഹി. 304) മുന്‍രീതികളെ കവച്ച് വച്ച വൈവിധ്യമാര്‍ന്ന ശൈലിയും ആകര്‍ഷണീയ രീതിയുമാണ് പിന്തുടര്‍ന്നത്. മുന്‍ഗാമികളുടെ തഫ്‌സീറുകളില്‍ വന്നുഭവിച്ച അവ്യക്തതകള്‍ കണക്കിലെടുത്ത് സര്‍വര്‍ക്കുമുതകുന്ന രീതിയില്‍ തഫ്‌സീര്‍ രചിക്കാനുമുള്ള അക്കാലഘട്ടത്തിലെ പണ്ഡിതരുടെ നിര്‍ദേശപ്രകാരമായിരുന്നു തഫ്‌സീര്‍ രംഗത്തേക്ക് ഇമാം ഇബ്‌നുജരീര്‍(റ) കടന്നത്.
മൂന്നാം നൂറ്റാണ്ടില്‍ ‘താജുല്‍ ഉലമാഅ്’ എന്ന് പ്രസിദ്ധനായ ഇമാം ത്വബരി(റ) ഓരോ സൂക്തത്തിനുമുതകുന്ന രീതിയില്‍ സ്പഷ്ടമായ ആശയങ്ങളും അനുയോജ്യമായ തെളിവുകളും വ്യക്തമാക്കുന്ന രീതിയാണ് രചനയില്‍ അവലംബിച്ചത്.
മുന്‍കഴിഞ്ഞ വ്യാഖ്യാനങ്ങളിലെ ബലഹീനാഭിപ്രായങ്ങളെ ഖണ്ഡിക്കുകയും തന്റെ വ്യാഖ്യാനത്തിനുള്ള തെളിവുകള്‍ നിരത്തുകയും ചെയ്ത ഇമാം ത്വബരി പ്രസ്തുത അഭിപ്രായങ്ങള്‍ അവയുടെ വക്താക്കളെ സഹിതം വിശദീകരിക്കുകയും പ്രബലാഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.

ഓരോ സൂക്തവും പരിശോധിച്ച ശേഷം മുന്‍കാല മുഫസ്സിറുകളുടെ ചിന്താവഹമായ വാക്യങ്ങള്‍ തന്റെ തഫ്‌സീറിലുള്‍പ്പെടുത്തിയതോടെയാണ് തഫ്‌സീറുത്ത്വബരിയുടെ പ്രൗഢി വര്‍ധിക്കുന്നത്. മുന്‍കാല പണ്ഡിതരുടെ അഭിപ്രായം തെളിവ് സഹിതം ഉദ്ധരിക്കുന്നതോടൊപ്പം ഇതര ഖാരിഉകളുടെ ഖിറാഅത്ത് കൂടി വിശദീകരിക്കുന്നുണ്ട് ഈ തഫ്‌സീറില്‍. ഭാഷാപരമായ നിയമഘടനകള്‍ വ്യക്തതയാര്‍ന്ന രൂപത്തില്‍ പ്രതിപാദിക്കുമ്പോള്‍ സൗന്ദര്യവും അലങ്കാരവും രചനക്ക് കൈവരുന്നു. കാലഘട്ടത്തിന്റെ അത്ഭുതമായി രചിക്കപ്പെട്ട ത്വബ്‌രിയുടെ തഫ്‌സീര്‍ ലോകത്തെ ഘടനയൊത്ത ആദ്യ തഫ്‌സീറായി ഗണിക്കപ്പെടുന്നു. ഇബ്‌നു ജരീറുത്വബ്‌രി



‘റഈസുല്‍ മുഫസ്സിരീന്‍’ എന്നറിയപ്പെടാന്‍ തുടങ്ങിയതും അതോടെയാണ്.
‘ജാമിഉല്‍ ബയാന്‍ അലാ തഅ്‌വീലില്‍ ഖുര്‍ആന്‍’ എന്നാണ് തഫ്‌സീറിന്റെ പൂര്‍ണനാമം. തഫ്‌സീറുത്വബ്‌രിയുടെ മാഹാത്മ്യം വര്‍ണിച്ച് അനേകം പണ്ഡിതര്‍ വിവരണം നല്‍കിയിട്ടുണ്ട്. പ്രശസ്ത കര്‍മശാസ്ത്ര പണ്ഡിതനും ചരിത്രകാരനുമായ ഇബ്‌നു ഖുസൈം പറയുന്നു: ജാമിഉല്‍ ബയാന്‍ ആദ്യാവസാനം ഞാന്‍ വായിച്ചു, ഈ ഭൂമുഖത്ത് ഇബ്‌നു ജരീറിനെക്കാള്‍ പാണ്ഡിത്യമുള്ള ഒരാളെയും എനിക്കറിയില്ല. അത്രത്തോളം വിജ്ഞാനമാണ് അദ്ദേഹത്തിന്റെ തഫ്‌സീറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് (മര്‍ജിഉസ്സാബിഖ് 164-2).
സംശയാസ്പദമായ ഒന്നുംതന്നെ ഉള്‍പ്പെടുത്താത്തതിനാല്‍ തഫ്‌സീറിന്റെ ആധികാരികത ബോധ്യപ്പെടുന്നു. ഈ തഫ്‌സീറിനെ ഇബ്‌നുതൈമിയ്യ പരിചയപ്പെടുത്തുന്നത് ഇപ്രകാരമാണ്: ‘ജനങ്ങളുടെ കൈവശമുള്ള തഫ്‌സീറുകളില്‍ ഏറ്റവും പ്രബലവും അവലംബനീയവുമായ ഗ്രന്ഥം ത്വബ്‌രിയുടേതാണ്. അതില്‍ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ വ്യക്തമായ സനദോടെ പ്രതിപാദിക്കുന്നതോടൊപ്പം സംശയാസ്പദമായ ഒന്നുംതന്നെ ഉള്‍പ്പെടുത്തിയിട്ടില്ല’ (മജ്മഉല്‍ ഫതാവ 385-13).

നസ്ഖ് (പിന്‍വലിക്കുക) ചെയ്യപ്പെട്ട ആയത്തുകള്‍ അവക്കനുയോജ്യമായ ഖണ്ഠസൂക്തത്തോടൊപ്പമാണ് വിവരിക്കുന്നത്. മുന്‍കാല വിധികള്‍ വ്യക്തമാക്കുന്നതോടൊപ്പം അവയുപേക്ഷിക്കാനുള്ള കാരണം കൂടി വിശദീകരിക്കുകയാണ് തഫ്‌സീറുത്ത്വബ്‌രി. നിര്‍ണായക ഘട്ടങ്ങളില്‍ ബസ്വറ -കൂഫ വിഭാഗങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും ഇതിന് ചാരുതയേകുന്നു. ഇതിലൂടെ വിഭിന്നങ്ങളായ ഖിറാഅത്തുകളുടെ ഇഅ്‌റാബുകള്‍ വിശദമാക്കാനും മുഫസ്സിറിന് സാധിക്കുന്നു.
ഖുര്‍ആന്‍ വ്യാഖ്യാന വിമര്‍ശകര്‍ക്ക് പ്രവാചക വചനങ്ങളുടെയും സ്വഹാബാക്കളുടെയും വാക്കുകള്‍, ചരിത്രം എന്നിവയുടെ പിന്‍ബലത്തില്‍ ആമുഖത്തില്‍ തന്നെ മറുപടി നല്‍കുന്നു. സൂക്തങ്ങളുടെ പാശ്ചാത്തലങ്ങള്‍ വിശദീകരിക്കുന്നതിന് മുന്‍കഴിഞ്ഞ തഫ്‌സീറുകളെ ഇഴകീറി പരിശോധിച്ചു. ഓരോ സൂക്തത്തിനും അനുയോജ്യമായ ഹദീസുകള്‍ സനദ് സഹിതം ഉദ്ധരിച്ചതോടെ അദ്ദേഹം തന്റെ തഫ്‌സീറിനുള്ള സര്‍വാംഗീകാരവും ഉറപ്പുവരുത്തി.
ആവശ്യാനുസരണം കവിതകള്‍ ചേര്‍ക്കുന്നതിലൂടെ ത്വബരി കവിതാ ശൈലിയും തന്റെ ഇതര ആശയങ്ങളും പകര്‍ന്നുനല്‍കുകയും അറബികളില്‍ പ്രസിദ്ധമായ പഴമൊഴികള്‍, കവിതകള്‍ തുടങ്ങിയവ ഭാഷക്ക് ഉപോല്‍ബലകമാകുന്ന രീതിയില്‍ വിശകലനം ചെയ്യുകയുമായിരുന്നു. കര്‍മശാസ്ത്ര മാനം വിശകലനം നടത്തുന്നതോടൊപ്പം ശാഫിഈ മദ്ഹബിന് ഊന്നല്‍ നല്‍കുകയും ചെയ്തിരുന്നു. ഇല്‍മുല്‍ അഖീദ നേരായ പാതയിലൂടെ അപഗ്രഥിച്ച് മുഅ്തസിലീ ആശയങ്ങളെ തൂത്തെറിഞ്ഞ് അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വീക്ഷണം സ്ഥിരപ്പെടുത്തുകയും ചെയ്തു.



ചില ‘ഇസ്‌റാഈലിയ്യാത്തുകള്‍’ തഫ്‌സീറിലുണ്ടെങ്കിലും നിരൂപണ വിധേയമാക്കുന്നു. ആരംഭത്തില്‍ തഫ്‌സീര്‍ വിജ്ഞാനശാഖക്കൊരാമുഖം വ്യക്തമായും സ്പഷ്ടമായും വിവരിക്കുന്നത് പഠിതാക്കള്‍ക്ക് പഠനോത്സുകത വര്‍ധിപ്പിക്കും. വിശുദ്ധഖുര്‍ആനിന്റെ ഭാഷ, ഏഴു പാരായണ രീതികള്‍, തഫ്‌സീര്‍ ചെയ്യേണ്ട രീതി, സൂക്തങ്ങളുടെ പദാനുപദ വിശകലനം എന്നിവയെല്ലാം വ്യക്തമായി തഫ്‌സീറുത്ത്വബരിയില്‍ വിശദീകരിച്ചിട്ടുണ്ട്.
ത്വബരിക്ക് ശേഷം നിരവധി തഫ്‌സീറുകള്‍ ഉദയം ചെയ്യുകയുണ്ടായി. പ്രധാന തഫ്‌സീറുകള്‍ താഴെ വിവരിക്കുന്നു: അത്തഫ്‌സീറുല്‍ കബീര്‍. വിശ്വവിഖ്യാത പണ്ഡിതനായിരുന്ന ഇമാം ഫഖ്‌റുദ്ദീന്‍ റാസി(റ)യുടെ രചനയാണിത്. സകല ജ്ഞാനങ്ങളുടെയും കലവറയാണ് തഫ്‌സീറു റാസി എന്ന പേരില്‍ പ്രസിദ്ധമായ മഫാതീഹുല്‍ ഗൈബ്. തഫ്‌സീറുന്‍ ബി റഅ്‌യ് (സ്വതന്ത്ര ഖുര്‍ആനിക വ്യാഖ്യാനം) ആഖ്യാന രീതിയുടെ ഉപജ്ഞാതാവാണ് ഇമാം റാസി(റ). അഗാധമായ ചിന്താമണ്ഡലങ്ങളില്‍ പരിലസിച്ചപ്പോഴും തന്റെ വീക്ഷണങ്ങളില്‍ തെറ്റ് പറ്റിയില്ലെന്നതാണ് ഇമാമിനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്.
തര്‍ക്കശാസ്ത്രം, ഇല്‍മുല്‍ കലാം തുടങ്ങി വ്യത്യസ്ത ശാസ്ത്രശാഖകള്‍ ഉള്‍ക്കൊള്ളുന്ന തഫ്‌സീറു റാസി പണ്ഡിതരും വിജ്ഞാനകുതുകികളും ഏറെ പ്രാധാന്യത്തോടെയാണ് ദര്‍ശിക്കുന്നത്. ഓരോ സൂക്തത്തിനുമിടയിലുള്ള ബന്ധം വളരെ വിശാലമായി ഇമാം പ്രതിപാദിക്കുന്നു. വ്യത്യസ്ത വിഷയങ്ങളില്‍ പണ്ഡിതാഭിപ്രായങ്ങള്‍ വിശദീകരിക്കുകയും ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം സ്പഷ്ടമായി രേഖപ്പെടുത്തുകയും ചെയ്യുന്നത് ഗ്രന്ഥത്തിലുടനീളം ദര്‍ശിക്കാവുന്നതാണ്. എന്നാല്‍, പല വിഷയങ്ങളും ഇമാം അമിത അപഗ്രഥനം നടത്തിയെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. അബൂഹയ്യാന്‍ ‘അല്‍ ബഹ്‌റുല്‍ മുഹീത്വി’ല്‍ രേഖപ്പെടുത്തി: ‘തഫ്‌സീര്‍ രചനയില്‍ ആവശ്യമില്ലാത്ത പലതും ഇമാം റാസി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌കൊണ്ടാണ് ഇബ്‌നുതൈമിയ്യ ‘തഫ്‌സീറു റാസിയില്‍ തഫ്‌സീറല്ലാത്ത മുഴുവന്‍ വിജ്ഞാന ശാഖകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെ’ന്ന് പ്രസ്താവിച്ചത്. എന്നാല്‍ ‘തഫ്‌സീറു റാസിയില്‍ തഫ്‌സീറടക്കം എല്ലാ ശാസ്ത്ര ശാഖകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്’ രേഖപ്പെടുത്തിയാണ് ഉരുളക്കുപ്പേരിയെന്ന രൂപത്തില്‍ സുബ്കി ഇമാം(റ) അടക്കമുള്ള പണ്ഡിതന്മാര്‍ ഇതിന് മറുപടി നല്‍കിയത്. തഫ്‌സീര്‍ രചന ഇമാം റാസി(റ)ന് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും ഖുര്‍ആന്‍ വ്യാഖ്യാനം തന്റെ ജീവിതത്തിലെ ഏറ്റവും സൗഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം സൂറത്തുല്‍ അന്‍ആമില്‍ തുറന്നെഴുതുന്നത് സുവിദിതമാണ്.
34 വാള്യങ്ങളുള്ള ഗ്രന്ഥത്തിന്റെ ഒരു വാള്യം സൂറത്തുല്‍ ഫാതിഹക്കായാണ് മാറ്റിവെച്ചത്. എന്നാല്‍ ഗ്രന്ഥത്തിന്റെ രചന പൂര്‍ത്തീകരിച്ചത് ഇമാം റാസി(റ) അല്ല. രചനയിലായിരിക്കെ ഇമാം ഇഹലോകവാസം വെടിഞ്ഞെന്നാണ് പണ്ഡിതഭാഷ്യം. പിന്നീട് ആരാണ് ഗ്രന്ഥം പൂര്‍ത്തീകരിച്ചതെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണുള്ളത്.
ഹദീസുകള്‍ കുറവായിരുന്നുവെന്ന് തഫ്‌സീറു റാസി പഠന വിധേയമാക്കിയവര്‍ക്ക് മനസ്സിലാക്കാവുന്നതാണ്. ഭാഷാവ്യത്യാസം, ‘ബലാഗ’ പോലുള്ള കാരണങ്ങള്‍ക്കായി ധാരാളം കവിതകള്‍ ഇമാം ആവശ്യാനുസരണം രചനയിലുള്‍പ്പെടുത്തിയത് തഫ്‌സീറിനെ മികവുറ്റതാക്കുന്നു.
(തുടരും)

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...