Showing posts with label ശീഇസം തുടർച്ച. Show all posts
Showing posts with label ശീഇസം തുടർച്ച. Show all posts

Monday, February 12, 2018

ശീഇസം തുടർച്ച


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


അന്ധവിശ്വാസങ്ങൾ , അധികാരാർത്തികൾ



ശീഇസം തുടർച്ച

എഴുപതോളം ഉപഗ്രൂപ്പുകളായി വഴിപിരിഞ്ഞുനില്‍ക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അലിയാരെ സംബന്ധിച്ച് നേര്‍മാര്‍ഗത്തോട് യോജിക്കാത്ത പല വിശ്വാസങ്ങളുമുണ്ട്. അലിയാരുടെ കൃത്യമായ പദവിയും സ്ഥാനവും എന്താണെന്ന് നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ വരുന്നവരുടെ പദവിയെ സംബന്ധിച്ചും രൂക്ഷവും കടുത്തതുമായ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ചിലരുടെത് ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ വാദങ്ങളാണെങ്കില്‍(ബിദ്അത്ത്) മറ്റുചിലരുടെത് തീര്‍ത്തും സത്യനിഷേധത്തിന്റെ(കുഫ്ര്‍) പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായത് അലി(റ) ദൈവാവതാരമാണെന്ന് വിശ്വസിക്കുന്നവരുടെ നിലപാടാണ്. സബഇന്റെ മകന്‍ അബ്ദുല്ല ഈ വാദഗതി പ്രചരിപ്പിച്ച കാര്യം നടേ പറഞ്ഞിരുന്നുവല്ലോ. അലിയാരുടെ കാലത്ത് ഉടലെടുത്ത ഈ വിഭാഗത്തെ പൂര്‍വകാല പണ്ഡിത രചനകളില്‍ സബഇയ്യ എന്ന് വ്യവഹരിച്ചിട്ടുണ്ട്.

ഒരിക്കല്‍ അലിയാര് തന്നെ പറഞ്ഞു: എന്റെ വിഷയത്തില്‍ രണ്ടുകൂട്ടര്‍ നാശമടഞ്ഞു. എന്നെ പരിധി വിട്ട് സ്‌നേഹിച്ചവരാണ് ഒന്ന്. മറ്റേത് പരിധിവിട്ട് ദേഷ്യം കാണിച്ചവരും(മുസ്‌നദു അഹ്മദ് 1/160, ഫളാഇലുസ്സ്വഹാബ 2/ 565 എന്നിവ കാണുക. മറ്റൊരിക്കല്‍ പറഞ്ഞതിങ്ങനെ: ഒരു വിഭാഗം എന്നെ അതിരുവിട്ട് സ്‌നേഹിക്കും. ആ സ്‌നേഹം നിമിത്തം തന്നെ നരകത്തിലെത്തിച്ചേരും. തഥൈവ, ഒരു കൂട്ടര്‍ കോപം വെച്ചുപുലര്‍ത്തും. നരകാവകാശികളായിത്തീരും(ഇബ്‌നുഅബീ ആസ്വിമിന്റെ അസുന്നയില്‍(2/195) ഇതുദ്ധരിച്ചിട്ടുണ്ട്. പരിധിവിട്ട് സ്‌നേഹപ്രകടനം നടത്തി ഒടുവില്‍ കുഫ്‌റിലേക്കും തദ്വാരാ നരകത്തിലേക്കും എത്തിച്ചേരുമെന്ന് പറയപ്പെട്ടത് ശിയാക്കളെ കുറിച്ചാണെന്ന് അനേകം പണ്ഡിത ശ്രേഷ്ഠര്‍ വ്യക്തമാക്കിയിട്ടുണ്ട്. അലി തന്നെയാണ് അല്ലാഹു എന്നുവരെ അവര്‍ പറഞ്ഞുവല്ലോ. അലി(റ)വിനോട് വിദ്വേഷം വെച്ചവര്‍ എന്നതുകൊണ്ട് ഉദ്ദേശ്യം ഖവാരിജുകളെയും പ്രതിഷ്ഠാപൂജകരെയുമാണ്.

ഒട്ടനേകം ശിയാ ഗ്രൂപ്പുകളില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളതും അനുയായികളുള്ളതും മൂന്നുവിഭാഗങ്ങള്‍ക്കാണ്. ഇമാമിയ്യ, കയ്‌സിനിയ്യ, ഗുറാബിയ്യ.
ഗുറാബിയ്യ വിഭാഗക്കാര്‍ മുഹമ്മദ് നബി(സ്വ)യോട് എല്ലാ അര്‍ത്ഥത്തിലും തുല്യനാണ് അലി(റ) എന്ന് പ്രചരിപ്പിക്കുന്നു. ഗുറാബ് എന്ന വാക്കിനര്‍ത്ഥം കാക്ക എന്നാണ്. കാക്കക്ക് മറ്റൊരു കാക്കയോട് എത്ര സാദൃശ്യമുണ്ടോ, അത്രക്ക് സദൃശ്യരാണ് നബി(സ്വ)യും അലി(റ)വും എന്നാണിവരുടെ വാദം. ഇവര്‍ ഗുറാബിയ്യ എന്നറിയപ്പെട്ടു. യഥാര്‍ത്ഥത്തില്‍ നബിയായി നിയോഗിക്കാന്‍ അല്ലാഹുതീരുമാനിച്ചിരുന്നത് അലിയെ ആയിരുന്നെന്നും ദിവ്യസന്ദേശവുമായി വന്ന ദൂതന്‍ ജിബ്‌രീലിന് ആളുമാറി അബദ്ധം പിണയുകയായിരുന്നു എന്നുവരെ ഗുറാബിയ്യ വിഭാഗം വിശ്വസിക്കുന്നു. ഇക്കാര്യം ഖാളി ഇയാള്(റ) കിതാബുശ്ശിഫാഇലും വ്യാഖ്യാനത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. നബി(സ്വ) നുബുവ്വത്തുമായി വരുന്നത് തിരുജീവിതത്തിന്റെ നാല്‍പതാം വയസ്സിലാണ്. അന്ന് പത്തുതികഞ്ഞിട്ടില്ല അലിയാര്‍ക്ക്. നാല്‍പതുവയസ്സുള്ള മധ്യവയസ്‌കനെയും പത്തുതികയാത്ത ബാലനെയും തിരിച്ചറിയാന്‍ ജിബ്‌രീലിന് സാധിച്ചില്ലെന്ന വാദം എത്രത്തോളം ബാലിശമാണ്?

രണ്ടാമത്തെ വിഭാഗം കൈസാനിയ്യയാണ്. ഉബൈദുസ്സഖഫീയുടെ മകന്‍ മുഖ്താര്‍ ആണ് നേതാവ്. ഇദ്ദേഹം ആദ്യകാലത്ത് അലി(റ)വിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഖവാരിജുകളുടെ വക്താവായിരുന്നു. പിന്നീട് ശിയാ ഭാഗത്തേക്ക് മാറി. തീര്‍ത്തും രാഷ്ട്രീയ ലക്ഷ്യങ്ങളും അധികാര താല്‍പര്യങ്ങളും ഉണ്ടായിരുന്നയാളാണ് മുഖ്താര്‍. ജനപിന്തുണ ആര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. കര്‍ബലാ ദുരന്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച, ശിആക്കളെല്ലാം തങ്ങളുടെയും ഇമാം ഹുസൈന്‍(റ)വിന്റെയും ശത്രുവും എതിരാളിയുമായി കാണുകയും ചെയ്തിരുന്ന സിയാദ് മകന്‍ ഉബൈദുല്ലയെ വധിച്ചുകൊണ്ടാണ് അദ്ദേഹമതു സാധ്യമാക്കിയത്. സ്വാഭാവികമായും ശിയാക്കളുടെ ഉറച്ച പിന്തുണ അദ്ദേഹത്തിന് കിട്ടി. അതോടെ മുഖ്താറിന് പിഴച്ച വാദങ്ങള്‍ എഴുന്നള്ളിക്കാനുള്ള അരങ്ങൊരുങ്ങി. ശീഅതു അലിയായി അറിയപ്പെട്ടിരുന്നവരില്‍ തന്നെ അബ്ദുല്ലയുടെ ദൈവാവതാര സിദ്ധാന്തം അംഗീകരിക്കാത്തവരായിരുന്നല്ലോ ബഹുഭൂരിപക്ഷം. അവരുടെകൂടി മനസിനെ തന്റെ കൂടെ നിര്‍ത്തുവാനുള്ള ശ്രമമാണ് മുഖ്താര്‍ നടത്തിയത്. അങ്ങനെയാണ് അദ്ദേഹം ഹനഫിയ്യയുടെ മകന്‍ മുഹമ്മദിനെ ഇമാമായി ചിത്രീകരിക്കുവാനുള്ള വേലകളുമായി രംഗത്തുവന്നത്.
ഫാത്വിമ ബീവിയുടെ മരണശേഷം അലിയാര്‍ വിവാഹം ചെയ്ത ഹനഫിയ്യ ഗോത്രക്കാരിയായ ജഅ്ഫറിന്റെ മകള്‍ ഖൗലയില്‍ അദ്ദേഹത്തിനു പിറന്ന പുത്രനായിരുന്നു മുഹമ്മദ് ബിന്‍ ഹനഫിയ്യ. അങ്ങയുടെ കാലശേഷം എനിക്കൊരു കുഞ്ഞുണ്ടായാല്‍ അവന് മുഹമ്മദ് എന്ന് പേരിടുന്നതിനെ കുറിച്ചെന്താണ് അഭിപ്രായം എന്ന് ഒരിക്കല്‍ അലിയാര്‍ തിരു സവിധത്തില്‍ ആരാഞ്ഞു. കുഴപ്പമില്ല എന്നാണ് അവിടുന്ന് പ്രതികരിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന് ആ പേര് കിട്ടിയത്. തിരുനബി പുത്രിയായ ഫാത്വിമയിലുണ്ടായ ഹസന്‍, ഹുസൈന്‍(റ)യില്‍നിന്ന് വേര്‍തിരിച്ച് അറിയുന്നതിനു വേണ്ടി നാട്ടുകാര്‍ മുഹമ്മദ് ബിന്‍ ഹനഫിയ്യ എന്ന് സ്‌നേഹാദരം വിളിച്ചു. ആ പേരില്‍ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. പിതാവായ അലി(റ)യെ ഒപ്പിയെടുത്തപോലെയായിരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. ആരാധനകള്‍ കൃത്യമായ മുറക്ക് നിര്‍വഹിക്കുന്നതിലും ലൗകിക പരിത്യാഗത്തിലും അചഞ്ചലമായ ധീരതയിലും അനുപമമായ സാഹിത്യ വൈഭവത്തിലും അലി(റ)നോട് വേര്‍തിരിച്ചറിയാനാവാത്ത സാദൃശ്യമുണ്ടായിരുന്നു. അടര്‍ക്കളത്തിലെ അടിപതറാത്ത പോരാളി, പ്രസംഗപീഠത്തില്‍ അനീതിക്കെതിരെ അഗ്നിസ്ഫുലിംഗങ്ങളാകുന്ന വാഗ്‌ധോരണി, നിശയുടെ നിശബ്ദതയില്‍ ലോകം മുഴുവന്‍ സുഷുപ്തിയിലാണ്ടു കിടക്കുമ്പോഴും അല്ലാഹുവിനെ ഓര്‍ത്തോര്‍ത്ത് കരഞ്ഞിരുന്ന തപ്തമാനസന്‍- എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം അലി(റ)യെ അനുസ്മരിപ്പിച്ചു.

ഹസന്‍, ഹുസൈന്‍(റ) കഴിഞ്ഞാല്‍ പിന്നെ ഇമാമിന് ഏറ്റവും യോഗ്യന്‍ മുഹമ്മദ് ബിന്‍ ഹനഫിയ്യയാണ് എന്ന പ്രചാരണമാണ് മുഖ്താര്‍ നടത്തിയത്. അദ്ദേഹത്തെ അംഗീകരിച്ചിരുന്നവരും അതുതന്നെ വിശ്വസിച്ചെങ്കിലും സാധാരണ ശീഇകള്‍ക്ക് ഉള്ള വാദമോ വിശ്വാസമോ ആയിരുന്നില്ല ഇത്. ഫാത്വിമയുടെ സന്തതികളാണ്- അവര്‍ മാത്രമാണ്- ഇമാമാകാന്‍ അര്‍ഹതയുള്ളവര്‍ എന്നാണ് മറ്റുള്ളവരുടെ വാദം. എന്നാല്‍ ഹസന്‍ ഹുസൈന്‍ കഴിഞ്ഞാല്‍ അലി(റ)യുടെ നേര്‍പതിപ്പായ മുഹമ്മദ് ആണ് ശരിയായ അവകാശി എന്നാണ് മുഖ്താര്‍ പ്രചരിപ്പിച്ചത്.
മുഖ്താറിന്റെ ലൗകിക വിചാരങ്ങളൊന്നും മുഹമ്മദിനുണ്ടായിരുന്നില്ല. യസീദുബ്‌നു മുആവിയയും മര്‍വാനുബ്‌നുല്‍ഹകമും മരണപ്പെട്ട ശേഷം ഇറാഖിലെയും ഹിജാസിലെയും ജനങ്ങള്‍ അബ്ദുല്ലാഹിബ്ന്‍ സുബൈര്‍(റ)വിനെ ഖലീഫയാക്കി അവരോധിച്ചെങ്കിലും മലിക്ബ്‌നു മര്‍വാന്‍ സ്വയം ഖിലാഫത് പ്രഖ്യാപിച്ച് ശാമിലെ ജനങ്ങളോട് തന്നെ ബൈഅത് ചെയ്യാന്‍ ആവശ്യപ്പെട്ടു. കലുഷമായ ആ സാഹചര്യത്തില്‍ രണ്ടുപേരെയും ബൈഅതുചെയ്യാതെ അകലം പാലിക്കുകയായിരുന്നു മുഹമ്മദ്. മുഖ്താര്‍ തന്റെ പേരില്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ അദ്ദേഹമറിഞ്ഞത് വൈകിയാണ്.

കൈസാനികളുടെ പ്രചരണം തെറ്റാണെന്നു തള്ളിപ്പറയാനും സത്യാവസ്ഥ വിശദീകരിക്കാനും അദ്ദേഹം സര്‍വ്വാത്മനാ മുന്നോട്ടുവന്നു. എന്നാല്‍ അപ്പോഴേക്കും മുഖ്താറിന്റെ സംഘം വളരെയധികം മുന്നോട്ടുപോവുകയും മുഹമ്മദിന്റെ വാക്കുകളെ എതിര്‍ക്കാനും പ്രതിരോധിക്കാനും ആവശ്യമായ ശക്തി കാണിക്കുവാന്‍ മാത്രം പ്രസ്ഥാനവത്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ടായിരുന്നു.

കൈസാനികളുടെ പ്രധാന വാദഗതികളെ ഇങ്ങനെ സംക്ഷിപ്തപ്പെടുത്താം. ഒന്ന്: യോഗ്യതയനുസരിച്ച് നാലാമത്തെ ഇമാം മുഹമ്മദ് തന്നെയാണ്. അലി, ഹസന്‍, ഹുസൈന്‍ എന്നിവരാണ് ഒന്നും രണ്ടും മൂന്നും ഇമാമുമാര്‍.

രണ്ട്: ഇമാമായി വരുന്നവര്‍ പാപസുരക്ഷിതരും വിശുദ്ധരുമായിരിക്കും. ഇലാഹികമായ പ്രത്യേകവിജ്ഞാനത്താല്‍ വിഭൂഷിതനായിരിക്കും.

മൂന്ന്: മുഹമ്മദ് (ഹനഫിയ്യയുടെ മകന്‍) യഥാര്‍ത്ഥത്തില്‍ മരണപ്പെട്ടിട്ടില്ല. മദീനയുടെ പ്രാന്തത്തിലുള്ള രിള്‌വാ പര്‍വതത്തില്‍ അപ്രത്യക്ഷനായതാണ്. തേനിന്റെയും വെള്ളത്തിന്റെയും രണ്ട് അരുവികള്‍ അദ്ദേഹത്തിനടുത്തുണ്ട്. ഒരു നിശ്ചിത കാലമാകുമ്പോള്‍ അദ്ദേഹം മടങ്ങിവരും.

നാല്: അല്ലാഹുവിന്റെ അനാദിയായ തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ആ മാറ്റങ്ങള്‍ അവന്‍ തന്നെ ഉണ്ടാക്കുന്നതാണ്. ഇതിനെ ബദാഅ് എന്ന് വിളിക്കുന്നു.

അഞ്ച്: ആത്മാവ് ഒരു ശരീരത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് മറ്റൊന്നിലേക്ക് പരകായ പ്രവേശം നടത്താം. അങ്ങനെ രണ്ടാമത് ചേക്കേറുന്നത് മറ്റേതെങ്കിലും മൃഗവുമാവാം.

ഇസ്‌ലാമിക ഭൂമികയെക്കാള്‍ ഹിന്ദുമതത്തിലെ സിദ്ധാന്തം പോലുള്ള ആശയങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവര്‍ക്കിടയിലാണ് കൈസാനികള്‍ക്ക് സ്വാധീനം ഉണ്ടായിരുന്നത്. ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍ പോലെയുള്ള പ്രദേശങ്ങളിലാണ് ഇവര്‍ പ്രചാരം നേടിയത്. പില്‍ക്കാലത്ത് അഭിപ്രായ ഭിന്നതകള്‍ കാരണം അനേകം കക്ഷികളായി കൈസാനികള്‍ ചിതറി. ഇവരില്‍ ഹാശിമിയ, ബയാനി തുടങ്ങിയവര്‍ മാത്രമാണ് ഏതാനും കാലങ്ങളെ അതിജീവിച്ചത്.


Muhammad Sajeer Bukhari

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...