അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തവസ്സുല്‍ ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍
തവസ്സുല്‍ – മാധ്യമമാക്കല്‍ - ഇസ്ലാമിക തത്ത്വശാസ്ത്രവുമായി അന്യംനില്‍ക്കുന്നുവെന്ന പ്രചരണത്തില്‍ തരിമ്പും കഴമ്പില്ല. പ്രത്യുത ഇസ്ലാമിന്റെ ദൈവശാസ്ത്രത്തിലും കര്‍മ്മശാസ്ത്രത്തിലും സമൃദ്ധമായി കാണാവുന്ന ചര്യയാണിത്.
അല്ലാഹു ഭൂമിയില്‍ ‘ഖലീഫഃയെ നിശ്ചയിച്ചത് കാര്യങ്ങള്‍ നേരിട്ട് നടത്താന്‍ കഴിയാത്തത് കൊണ്ടല്ല. ഇസ്ലാം മതം ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ അല്ലാഹു ലക്ഷക്കണക്കിന് അമ്പിയാക്കളെ മാധ്യമമാക്കിയത് മതനിയമങ്ങള്‍ ഓരോരുത്തര്‍ക്കും നേരിട്ട് നല്‍കുന്നത് പ്രയാസമായതിനാലല്ല. മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അല്ലാഹുവിന്റെ ചര്യയുടെ ഭാഗമാണ്. അതിനാലാണ് അമ്പിയാക്കള്‍ക്ക് വഹ്യ് എത്തിച്ചുകൊടുക്കാന്‍ മലകുകളെ അല്ലാഹു മാധ്യമമാക്കിയത്.
എത്രായിരം വസീല: (മാധ്യമം) കളിലൂടെയാണ് ഇസ്ലാമിക വിശ്വാസവും കര്‍മ്മശാസ്ത്രവും സംസ്കാരവും പുതിയ മുസ്ലിം തലമുറക്ക് കിട്ടിയത് ? യുഗങ്ങളുടെ വിയര്‍പ്പും കണ്ണീരും നാഡിമിടിപ്പുകളും തപസ്യകളും……. ജിബ്രില്‍ ‘വസീലയായി തിരുനബിക്ക് ലഭിച്ച ഖുര്‍ആന്‍ സ്വഹാബികളും അവരുടെ ത്യാഗോജ്വലമായ ജീവിതം വസീലയായി താബിഉകള്‍ക്കും തുടര്‍ന്നുണ്ടായ വിദ്യാഭ്യാസ വിപ്ളവങ്ങളും തലമുറകളുടെ സൂക്ഷിപ്പുകളും വസീലയായി കോടാനുകോടി പിന്നെയും പിന്നെയും കോടി വസീലകളിലൂടെ ഇസ്ലാമും നിസ്കാരാദി കര്‍മ്മങ്ങളും നമുക്ക് കിട്ടി. ഈ വസീലകളെയെല്ലാം മാറ്റിനിര്‍ത്തി നിയമനിര്‍മ്മാണവും അതിന്റെ നടത്തിപ്പും ആകാമായിരുന്നു; എന്നിട്ടും അവന്‍ വസീലയെ സ്വീകരിച്ചു. ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍ തവസ്സുലിനുള്ള ഇടം ഇത് അടയാളപ്പെടുത്തുന്നുണ്ട്. സൃഷ്ടികളോട് ബന്ധപ്പെടുന്നതില്‍ അല്ലാഹു തവസ്സുല്‍ (മാധ്യമത്തെ സ്വീകരിക്കല്‍) ഒരു ചര്യയായി സ്വീകരിച്ചിട്ടും സ്രഷ്ടാവിനോട് ബന്ധപ്പെടുന്നതില്‍ അത് പാടില്ലെന്ന് അവന്റെ അനുവാദമില്ലാതെ ചില സൃഷ്ടികള്‍ ഇവിടെ ശഠിക്കുന്നു.
അല്ലാഹുവിന്റെ ഗുണഗണങ്ങള്‍ ഓരോന്നായി പറഞ്ഞ് പറഞ്ഞ് അല്ലാഹുവിനോട് നേരിട്ട് സംഭാഷണം ചെയ്യുന്ന നിമിഷം പോലും മഹാന്മാരെ കൂട്ടുപിടിച്ചുകൊണ്ടാണ് അടിമ ഉടമയുമായി മുനാജാത്തിലേര്‍പ്പെടുന്നതെന്നത് ഇസ്ലാമിക തത്ത്വശാസ്ത്രത്തില്‍ തവസ്സുലിന്റെ സ്ഥാനം വ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്.
അല്ലാഹുവിനെ ‘മുഖാമുഖം’ കാണുമ്പോള്‍ പോലും “ഞാന്‍” “എന്റെ ദൈവം” എന്ന സങ്കുചിത്വത്തിന്റെ ഉല്‍പതിഷ്ണു മനോഗതം മാറ്റണമെന്നും ‘ഞാനിസത്തിന്റെ ഷെല്ലുകളില്‍ നിന്ന് ‘ഞങ്ങളുടെ’ വിശാലതയിലേക്ക് വികസിക്കണമെന്നും ‘ഫാത്തിഹഃ’യില്‍ ആവര്‍ത്തിക്കപ്പെടുന്ന ‘നൂനുകള്‍ (ഇഹ്ദിനാ, നഅ്ബുദു, നസ്തഈന്‍) നമ്മെ പഠിപ്പിക്കുന്നു. ഇമാം റാസി(റ)നിസ്കാരത്തിന്റെ പ്രാരംഭത്തില്‍ നിര്‍വഹിക്കപ്പെടുന്ന ഫാതിഹഃയിലെ ഈ തവസ്സുലിനെ സുന്ദരമായി വ്യാഖ്യാനിച്ചിട്ടുണ്ട്.
നാഥാ ! എന്റെ ആരാധന സ്വന്തമായി പറയപ്പെടാന്‍ മാത്രം പ്രാപ്തമല്ല. കാരണം അത് വീഴ്ചകള്‍ പൂണ്ടതാണ്. അതിനാല്‍ മുഴുവന്‍ ഉപാസകരുടെ ഉപാസനയോടെ എന്റെ ആരാധനയെ ഞാന്‍ കലര്‍ത്തിവെയ്ക്കുന്നു. അങ്ങനെ ഒരൊറ്റ ഇബാദത്തിനെകൊണ്ട് എല്ലാവരെയും ഞാന്‍ പറയുന്നു. (ഓര്‍ക്കുന്നു.) ……. എന്റെ ഇബാദത്തുകള്‍’ സ്വീകാര്യമല്ലെങ്കില്‍ തന്നെയും എന്നെ നീ തള്ളരുതെ, കാരണം ഈ ഇബാദത്തില്‍ ഞാന്‍ ഒറ്റക്ക് മാത്രമല്ല ഉള്ളത്. മറിച്ച് ഞങ്ങള്‍ ധാരാളം ആളുകളുണ്ട്. അതിനാല്‍ സ്വീകരിക്കപ്പെടാനും ഉത്തരം ലഭിക്കാനും ഞാന്‍ അര്‍ഹനല്ലെങ്കില്‍ മറ്റുള്ള മുഴുവന്‍ ഉപാസകരുടേയും ആരാധനകളെ മുന്‍നിര്‍ത്തി ഞാന്‍ നിന്നോട് ശിപാര്‍ശ തേടുന്നു. അതിനാല്‍ (അവരുടെ ഇബാദത്ത് കൊണ്ട്) എന്നെ നീ സ്വീകരിക്കണമെ എന്നാണ് ‘ഇയ്യാക്കനഅ്ബുദു’ വിലൂടെ അടിമ പറഞ്ഞുകൊണ്ടിരിക്കുന്നത്. (തഫ് സീറുല്‍ കബീര്‍ 1/252)
ഇമാം ബൈളാവി (റ) പറയുന്നു.:“രണ്ടു ക്രിയകളിലും (നഅ്ബുദു, നസ്തഈന്‍) അടങ്ങിയസര്‍വ്വനാമം പാരായണം ചെയ്യുന്നവനേയും സംരക്ഷകരായ മലകുകളേയും നിസ്കാരത്തിന് സന്നിഹിതരായവരേയും മറ്റ് മുഴുവന്‍ ഏകദൈവവിശ്വാസികളേയും ഉദ്ദേശിച്ചുള്ളതാണ്. തന്റെ ആരാധനയെ അവന്‍ അവരുടെ ആരാധനയുമായി കലര്‍ത്തുകയും തന്റെ ആവശ്യ ത്തെ അവരുടെ ആവശ്യങ്ങളുമായി ചേര്‍ക്കുകയും ചെയ്തു. തന്റെ ആരാധന അവരുടെ ബറകത് കൊണ്ട് സ്വീകരിക്കയും ഉത്തരം ചെയ്യപ്പെടുകയും ചെയ്തേക്കാം. ഇതിനാണ് ‘ജമാ – അത്ത്’ മതനിയമമാക്കിയത്……. ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒരു വസീല: യെ മുന്നില്‍ വെയ്ക്കുന്നത് പെട്ടെന്ന് ഉത്തരം കിട്ടുവാന്‍ നിമിത്തമാകുമെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു.” (ബൈളാവി 1: 43,44)
ഇതുകൊണ്ടൊക്കെത്തന്നെ ഇസ്ലാമിക സംസ്കാരത്തില്‍ തവസ്സുല്‍, ആദം നബി മുതല്‍ മുഹമ്മദ് മുസ്തഫ തങ്ങള്‍ വരെയും അവിടം മുതല്‍ മുഴുവന്‍ തീവ്രവാദികളുടെ എതിര്‍പ്പുകള്‍ക്ക് ശേഷവും വര്‍ത്തമാന കാലം വരെയും തുടര്‍ന്ന് ലോകാന്ത്യം വരെ ബര്‍സഖീ ജീവിതത്തിലും പിന്നീട് മഹ്ശറിലും തുടര്‍ന്നുകൊണ്ടേയിരിക്കും.