Showing posts with label മൗലിദ് : നൂഹ് നബിയുടെ ഇസ്തിഗാസ യും ആദം നബിയുടെ തവസ്സുലും. Show all posts
Showing posts with label മൗലിദ് : നൂഹ് നബിയുടെ ഇസ്തിഗാസ യും ആദം നബിയുടെ തവസ്സുലും. Show all posts

Thursday, February 22, 2018

മൗലിദ് : നൂഹ് നബിയുടെ ഇസ്തിഗാസ യും ആദം നബിയുടെ തവസ്സുലും


ആദം നബി(അ)യുടെ തവസ്സുലും നൂഹ് നബി(അ)യുടെ ഇസ്തിഗാസയും

● അലവി സഖാഫി കൊളത്തൂര്‍

0 COMMENTS

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ചോദ്യം: മന്‍ഖൂസ് മൗലിദില്‍ ആദം നബി(അ) മുഹമ്മദ് നബി(സ്വ)യെ കൊണ്ട് തവസ്സുല്‍ ചെയ്തു എന്നു കാണാം. ഇത് കള്ളക്കഥയല്ലേ? വിശുദ്ധഖുര്‍ആനില്‍ ആദം നബി(അ) കല്‍പനക്കെതിരായി പ്രവര്‍ത്തിച്ചപ്പോള്‍ റബ്ബില്‍ നിന്നും ലഭിച്ച ചില വചനങ്ങള്‍ ചൊല്ലി അല്ലാഹുവിനോട് പാപമോചനം തേടി എന്നുണ്ട്, അത്

ربنا ظلمنا انفسنا …

എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥനയാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ഈ ഖുര്‍ആന്‍ വിവരണത്തിന് കടകവിരുദ്ധമാകയാല്‍ മൗലിദുകളില്‍ പറയുന്ന തവസ്സുല്‍ കഥ തീര്‍ത്തും വ്യാജമല്ലേ?

മറുപടി

അല്ല, തീര്‍ത്തും യാഥാര്‍ത്ഥ്യമാണ്. ഹദീസ് പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഈ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മൗല-മൗലിദുകളില്‍ മാത്രം കാണുന്നതല്ല ഇത്. വിഷയത്തിന്റെ പൂര്‍ണരൂപം ഇമാം ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ)വില്‍ നിന്ന് നിവേദനം. തിരുനബി(സ്വ) പറഞ്ഞു: ആദം നബി(അ)ക്ക് സ്വര്‍ഗത്തില്‍ വെച്ചു സംഭവിച്ച വീഴ്ച്ച കാരണം അല്ലാഹുവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ‘എന്റെ രക്ഷിതാവേ, മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. എന്നില്‍ നിന്ന് സംഭവിച്ചത് നീ എനിക്ക് പൊറുത്ത് മറച്ച് തരണമേ…’ അപ്പോള്‍ അല്ലാഹു ചോദിച്ചു: ഞാന്‍ സൃഷ്ടിക്കാത്ത നബി(സ്വ)യെ കുറിച്ച് താങ്കള്‍ എങ്ങനെ അറിഞ്ഞു? ആദം(അ)യുടെ പ്രത്യുത്തരം: നീ എന്നെ സൃഷ്ടിച്ച് റൂഹ് നല്‍കിയ ശേഷം ഞാന്‍ തല ഉയര്‍ത്തിയപ്പോള്‍ അര്‍ശിന്റെ തൂണുകളില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് എഴുതപ്പെട്ടത് ഞാന്‍ കണ്ടു. നിന്റെ അര്‍ശില്‍ നിന്റെ പേരിനോട് ചേര്‍ത്തി എഴുതി വെച്ചിട്ടുള്ള നാമത്തിന്റെ ഉടമ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ടവനാകുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ മുഹമ്മദ്(സ്വ)യുടെ ഹഖ് കൊണ്ട് തവസ്സുല്‍ ചെയ്തത്. അപ്പോള്‍ അല്ലാഹു പറഞ്ഞു: ആദം, താങ്കള്‍ പറഞ്ഞതു ശരിതന്നെ. അതുകാരണത്താല്‍ ഞാന്‍ താങ്കള്‍ക്കു വിടുതി നല്‍കിയിരിക്കുന്നു’ (ഇമാം ഹാകിമിന്റെ അല്‍ മുസ്തദ്‌റക്: 3/273 ഹദീസ് നമ്പര്‍ 4281, ഇമാം ബൈഹഖി(റ)ന്റെ ദലാഇലുന്നുബുവ്വ 5/489).

മാത്രമല്ല, ഇമാം ബൈഹഖി, ഇമാം ത്വബ്‌റാനി, ഇബ്‌നു അസാകിര്‍, അബൂനുഐം(റ) തുടങ്ങി നിരവധി പണ്ഡിത ശ്രേഷ്ഠരും ഇബ്‌നു കസീര്‍ (അല്‍ ബിദായതുവന്നിഹായ 1/91), ഇബ്‌നു തൈമിയ്യ (മജ്മൂഅ് 2/96) പോലുള്ളവരും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇവരൊക്കെ സ്വീകരിച്ച ഈ തവസ്സുല്‍ സംഭവം മാല-മൗലിദുകളില്‍ രേഖപ്പെടുത്തുമ്പോഴേക്ക് അസ്വീകാര്യമാവുമോ എന്ന് വായനക്കാര്‍ ചിന്തിക്കുക.

പിന്നെ ചോദ്യത്തില്‍ പരാമര്‍ശിച്ച ഖുര്‍ആനില്‍ പറഞ്ഞതിനെതിരാണ് ഇതെന്ന കാര്യം. അതും ശരിയല്ല. വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനില്‍ ഇപ്രകാരം കാണാം: അപ്പോള്‍ ആദം(അ) തന്റെ റബ്ബില്‍ നിന്ന് ചില വചനങ്ങളെ കണ്ടെത്തിച്ചു. അത് കാരണം അല്ലാഹു ആദം(അ)മിന്റെ പശ്ചാത്താപം സ്വീകരിച്ചു. നിശ്ചയം അല്ലാഹു അങ്ങേയറ്റം പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യം ചെയ്യുന്നവനുമാണ്(അല്‍ ബഖറ: 37). ഈ സൂക്തത്തില്‍ പറഞ്ഞ കലിമാത്ത് (വചനങ്ങള്‍) എന്താണെന്നതില്‍ വിവിധ അഭിപ്രായങ്ങളുണ്ട്. ഒരു വീക്ഷണം ഇപ്രകാരമാണ്. ഈ ആയത്ത് വിശദീകരിച്ച ഹാഫിള് ഇമാം സുയൂഥി(റ) തഫ്‌സീര്‍ അദ്ദുര്‍റുല്‍ മന്‍സൂര്‍ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഇമാം ഥബ്‌റാനി അല്‍ മുഅ്ജമുസ്സ്വഗീറിലും ഇമാം ബൈഹഖി അല്‍ മുസ്തദ്‌റകിലും അബൂനുഐം ദലാഇലുന്നുബുവ്വയിലും ഇബ്‌നു അസാകിറും (റ.ഹും) ഉമറുബ്‌നുല്‍ ഖത്താബ് (റ)വില്‍ നിന്ന് ഉദ്ധരിച്ചിരിക്കുന്നു. ഉമര്‍(റ) പറഞ്ഞു. നബി(സ്വ) പറഞ്ഞു… ശേഷം മേല്‍ ഉദ്ധരിച്ച തവസ്സുല്‍ ഹദീസ് ദീര്‍ഘമായി ചേര്‍ത്തിരിക്കുന്നു (അദ്ദുര്‍റുല്‍ മന്‍സൂര്‍ 1/116).

ഇമാം ഖുര്‍ത്വുബി(റ) എഴുതുന്നു: ഒരു സംഘം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞത് ഇപ്രകാരമാണ്: ആദം നബി(അ) അര്‍ശിന്റെ തൂണില്‍ മുഹമ്മദുര്‍റസൂലുല്ലാഹ് എന്നെഴുതി വെച്ചത് കണ്ടു. അപ്പോള്‍ നബി(സ്വ)യെ ഇടയാളനാക്കി ശിപാര്‍ശ തേടി. അതാണ് ഖുര്‍ആനില്‍ പറഞ്ഞ അല്‍ കലിമാത്ത് (തഫ്‌സീര്‍ ഖുര്‍ത്വുബി 1/481).

ഇമാം അബുല്ലൈസിസ്സമര്‍ഖന്‍ദി(റ-വഫാത്ത് ഹിജ്‌റ 373) ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ എഴുതുന്നു: ആദം(അ) ഇപ്രകാരം പറഞ്ഞു: അല്ലാഹുവേ…. മുഹമ്മദ് നബി(സ്വ)യുടെ ഹഖ് കൊണ്ട് എന്റെ തൗബയെ നീ സ്വീകരിക്കണേ…. അപ്പോള്‍ അല്ലാഹു അദം(അ)മിനോട് ചോദിച്ചു: എവിടെ നിന്നാണ് താങ്കള്‍ മുഹമ്മദിനെ അറിഞ്ഞത്? ആദം(അ) പറഞ്ഞു: സ്വര്‍ഗത്തിലെ സ്ഥലങ്ങളില്‍ ലാഇലാഹ ഇല്ലല്ലാഹു… എന്ന് എഴുതപ്പെട്ടത് ഞാന്‍ കണ്ടു. നിനക്ക് ഏറ്റവും ആദരണീയനാണ് മുഹമ്മദ് നബി(സ്വ) എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. ഇതുകാരണം അല്ലാഹു ആദം(അ)ന്റെ പശ്ചാത്താപം സ്വീകരിച്ചു (തഫ്‌സീറു ബഹ്‌റുല്‍ ഉലൂം 1/45).

ശൈഖ് ഇസ്മാഈല്‍ ബറൂസവി(റ) ഈ സൂക്തത്തിന്റെ വിശദീകരണമായി എഴുതുന്നു: നബി(സ്വ) പറഞ്ഞു. നിശ്ചയം ആദം(അ) പറഞ്ഞു: മുഹമ്മദ് നബി(സ്വ)യുടെ ഹഖ്‌കൊണ്ട് ഞാന്‍ ചോദിക്കുന്നു; നീ എനിക്ക് പൊറുത്ത് തരണേ… അപ്പോള്‍ അല്ലാഹു ചോദിച്ചു: താങ്കള്‍ എങ്ങനെയാണ് മുഹമ്മദ് നബി(സ്വ)യെ അറിഞ്ഞത്? അദം(അ) മറുപടി പറഞ്ഞു: നീ എന്നെ സൃഷ്ടിച്ച് എന്നില്‍ ആത്മാവ് സന്നിവേശിപ്പിച്ചപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. അപ്പോള്‍ അര്‍ശിന്റെ തൂണില്‍ ലാഇലാഹ ഇല്ലല്ലാഹ്… എന്നെഴുതിവെച്ചത് കണ്ടു. അതോടെ എനിക്ക് മനസ്സിലായി നിന്റെ പേരിന്റെ കൂടെ ചേര്‍ത്തിവെച്ച നാമത്തിന്റെ ഉടമ നിനക്ക് സൃഷ്ടികളില്‍ വെച്ച് ഏറ്റവും ബഹുമാന്യനാണെന്ന് (അതുകൊണ്ടാണ് ആ വ്യക്തിയെ ഇടയാളനാക്കി ചോദിച്ചത്) അപ്പോള്‍ അല്ലാഹു പറഞ്ഞു: ശരിയാണ്. ആ മുഹമ്മദ് നബി(സ്വ)യെ ഇടയാളനാക്കി ശിപാര്‍ശ തേടിയതുകൊണ്ട് താങ്കള്‍ക്ക് പൊറുത്തുതന്നിരിക്കുന്നു (തഫ്‌സീര്‍ റൂഹുല്‍ ബയാന്‍ 1/113).

എന്തിനധികം പറയണം? ബിദഇകളുടെ ആശയ സ്രോതസ്സായ ഇബ്‌നു തൈമിയ്യ നേരത്തെ ഉദ്ധരിച്ച ഹദീസ് പൂര്‍ണമായും രേഖപ്പെടുത്തിയതിനു ശേഷം ഹദീസിന്റെ ബാക്കികൂടി എഴുതുന്നു: മുഹമ്മദ് നബി(സ്വ) (ആദമേ) നിങ്ങളുടെ സന്താനങ്ങളിലെ അവസാനത്തെ പ്രവാചകനാണ്. ആ മുഹമ്മദ് ഇല്ലായിരുന്നുവെങ്കില്‍ താങ്കളെ സൃഷ്ടിക്കുമായിരുന്നില്ല. തൈമിയ്യ തുടരുന്നു: ഈ ഹദീസ് ഇതിനു മുമ്പുള്ളതിനെ ശക്തിപ്പെടുത്തുന്നു. ഈ ഹദീസും അതിനു മുമ്പുള്ളതും സ്വഹീഹായ ഹദീസുകള്‍ക്കുള്ള വ്യാഖ്യാനം പോലെയാണ് (മജ്മൂഉല്‍ ഫതാവാ 2/96).

നൂഹ് നബി(അ)ന്റെ ഇസ്തിഗാസ എപ്പോള്‍?

ചോദ്യം: മന്‍ഖൂസ് മൗലിദില്‍ و استغاث به نوح അഥവാ നൂഹ് നബി(അ) മുഹമ്മദ് നബി മുഖേന സഹായതേട്ടം നടത്തി എന്ന് പറയുന്നു. ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണ്? ഈ വിശ്വാസം ഖുര്‍ആനില്‍ പറഞ്ഞതിനോട് എതിരല്ലേ? അല്‍ അന്‍കബൂത്ത് 15-ാം ആയത്തില്‍ ഇപ്രകാരം കാണാം: ‘നൂഹ് നബി(അ)യെയും ആ കപ്പലിലുള്ളവരെയും നാമാണ് രക്ഷപ്പെടുത്തിയത്. അതിനെ നാം ലോകര്‍ക്ക് ഒരു ദൃഷ്ടാന്തമാക്കി.’ ഇതിനെ കുറിച്ച് എന്ത് പറയാനുണ്ട്?

മറുപടി

നൂഹ് നബി(അ) മുഹമ്മദ് നബി(സ്വ) മുഖേന സഹായ തേട്ടം നടത്തിയതായി മന്‍ഖൂസ് മൗലിദില്‍ കാണാം. ഈ സംഭവം ഒട്ടനേകം മുഹദ്ദിസുകളും ചരിത്രകാരന്മാരും രേഖപ്പെടുത്തിയതുമാണ്. സംഭവം ഇങ്ങനെ സംഗ്രഹിക്കാം: നൂഹ് നബി(അ) തന്റെ ജനതയോട് പ്രബോധനം ചെയ്തപ്പോള്‍ മഹാനവര്‍കള്‍ക്ക് മറ്റുപല പ്രവാചകന്മാരെയും പോലെ സമുദായത്തില്‍ നിന്ന് തിരസ്‌കാരവും അക്രമങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഒരു സന്ദര്‍ഭത്തില്‍ നൂഹ് നബി(അ) ഒരു ഉയര്‍ന്ന സ്ഥലത്ത് കയറി ആകാശത്തേക്ക് തിരിഞ്ഞ് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, മുഹമ്മദ് നബി(സ്വ)യുടെ നൂറ്‌കൊണ്ട് എന്നെ സഹായിക്കേണമേ (ശൈഖ് മുഹമ്മദ് ഇയാസുല്‍ ഹനഫി-റ-വഫാത്ത് 930-ബദാഇഉസ്സുഹൂര്‍ ഫീ വഖാഇദുഹൂര്‍ പേ: 71).

നൂഹ് നബിയുടെ ഈ പ്രാര്‍ത്ഥനയെ കുറിച്ചാണ് മന്‍ഖൂസ് മൗലിദില്‍ വസ്തഗാസ ബിഹീ നൂഹുന്‍ എന്ന് പറഞ്ഞിട്ടുള്ളത്. പ്രാര്‍ത്ഥനയുടെ ഫലപ്രാപ്തിക്ക് അല്ലാഹുവിന്റെ സാമീപ്യം നേടാനുപയുക്തമായി മഹാന്മാരെ മുന്‍നിര്‍ത്തി പ്രാര്‍ത്ഥിക്കുന്നതിന് തവസ്സുലെന്നും അമ്പിയാക്കള്‍, ഔലിയാക്കള്‍ തുടങ്ങിയ മഹത്തുക്കളുടെ മുഅ്ജിസത്ത്, കറാമത്ത് മുഖേന അവരില്‍ നിന്ന് സഹായാഭ്യര്‍ത്ഥന നടത്തുന്നതിന് ഇസ്തിഗാസ എന്നും സാങ്കേതികമായി വ്യത്യാസപ്പെടുത്തി നിര്‍വചിക്കാറുണ്ടെങ്കിലും ഇവ രണ്ടിലും യഥാര്‍ത്ഥത്തില്‍ സഹായിക്കുന്നതും സഹായിക്കാന്‍ കഴിവു നല്‍കുന്നതും അല്ലാഹു ആണെന്നതിനാല്‍ തവസ്സുലും ഇസ്തിഗാസയും തത്ത്വത്തില്‍ ഒന്നാണെന്ന് വരുന്നു. ഇമാം സുബുകി(റ) ശിഫാഉസ്സഖാമില്‍ പറയുന്നത് കാണുക: ഇതുപോലെയുള്ളവയില്‍ തവസ്സുല്‍, ഇസ്തിഗാസ, തശഫ്ഫുഅ്, തവജ്ജുഹ് തുടങ്ങിയ പദപ്രയോഗങ്ങള്‍ക്കിടയില്‍ വ്യത്യാസമൊന്നുമില്ല. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്ന വ്യക്തി ദുആക്ക് ഉത്തരം ലഭിക്കാന്‍ നബിയെ മാധ്യമമാക്കുകയും നബിയെ കൊണ്ട് സഹായാഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു (പേ: 135).

ഇതേ ആശയം ഇബ്‌നു ഹജര്‍(റ) ഹാശിയത്തുല്‍ ഈളാഹിലും (പേ: 500) പറഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് മുഹമ്മദ് നബിയുടെ നൂറ് കൊണ്ട് സഹായിക്കാന്‍ നൂഹ് നബി(അ) തവസ്സുല്‍ ചെയ്തതിനെ കുറിച്ച് ‘വസ്തഗാസ’ എന്ന് മന്‍ഖൂസില്‍ പദപ്രയോഗം നടത്തിയിട്ടുള്ളത്. പ്രവാചകര്‍(സ്വ) മുഖേന അല്ലാഹുവിനോട് നൂഹ് നബി(അ) സഹായം തേടിയെന്ന് ചുരുക്കം.

ഇത് പ്രസിദ്ധമായ ഹദീസ് നിരൂപണ പണ്ഡിതനായ ഹാഫിള് ഇബ്‌നുല്‍ ജൗസി (വഫാത്ത് ഹി. 597) മൗലിദുല്‍ അറൂസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ നബി(സ്വ)യെ കൊണ്ട് ആദം നബി തന്റെ ‘ദന്‍ബി’ല്‍ നിന്നും തവസ്സുല്‍ ചെയ്തു. തിരുനബിയുടെ സാമീപ്യം കൊണ്ട് തന്നെ ഹവ്വാഉം ശിപാര്‍ശ തേടി. ഈ നബി(സ്വ)യെ കൊണ്ട് തന്നെ തൂഫാന്‍ വെള്ളപ്പൊക്ക കാര്യത്തില്‍ നൂഹ് നബി(അ)യും തവസ്സുല്‍ ചെയ്തു. അക്കാരണത്താല്‍  എല്ലാവര്‍ക്കും ഉത്തരം ലഭിക്കുകയുമുണ്ടായി (മൗലിദുല്‍ അറൂസ്. പേ: 19). മാത്രമല്ല നൂഹ് നബിയുടെ ഈ സംഭവം ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ ഒട്ടനേകം പണ്ഡിതര്‍ പറഞ്ഞതായി തഖിയ്യുദ്ദീനുസ്സുബുകി(റ) ശിഫാഉസ്സഖാം പേ: 135-ലും രേഖപ്പെടുത്തിയിട്ടുണ്ട്.

ആദം നബി(അ)യും നൂഹ് നബി(അ)യും തവസ്സുല്‍ ചെയ്തതായുള്ള മന്‍ഖൂസ് മൗലിദിലെ പരാമര്‍ശങ്ങള്‍ക്ക് ഹദീസിന്റെയും ചരിത്രത്തിന്റെയും പിന്‍ബലമുണ്ടെന്ന് ഇതുവരെ വിശദീകരിച്ചതില്‍ നിന്ന് ബോധ്യമായല്ലോ. അപ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ അന്‍കബൂത്ത്  15-ാം സൂക്തത്തില്‍ പറഞ്ഞതിനോട് എതിരാവുകയില്ലേ എന്ന സംശയം ബാലിശമാണ്. കാരണം ഖുര്‍ആനില്‍ അല്ലാഹു പറഞ്ഞത് നൂഹ് നബി(അ)യെയും സംഘത്തെയും നാം രക്ഷപ്പെടുത്തി എന്നാണ്. അല്ലാഹു അല്ല, രക്ഷപ്പെടുത്തിയത് എന്ന് സുന്നികള്‍ക്ക് വാദമില്ലല്ലോ! അല്ലാഹു തന്നെയാണ് അവരെ രക്ഷപ്പെടുത്തിയതെന്ന് ഉറച്ച് വിശ്വസിക്കുന്ന മുസ്‌ലിം അതിനു കാരണമായത് നബി(സ്വ) മുഖേനയുള്ള നൂഹ് നബി(അ)യുടെ പ്രാര്‍ത്ഥനയാണെന്നാണ് വിശ്വസിക്കുന്നത്. ഇതൊരിക്കലും ഖുര്‍ആനിന് വിരുദ്ധമല്ലല്ലോ. രക്ഷപ്പെടുത്തിയത് അല്ലാഹുവാണെന്നതിന് ഇതു എതിരല്ലതാനും. ഇതു വൈരുദ്ധ്യമാണെന്ന് ധരിച്ചവര്‍ക്കാണ് കാര്യമായ തകരാറുള്ളത്.



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....