Showing posts with label മൗലീദ്. Show all posts
Showing posts with label മൗലീദ്. Show all posts

Saturday, July 21, 2018

മൗലീദ്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0



മൗലീദ്

ജനിച്ച സ്ഥലം, ജനിച്ച സമയം എന്നെല്ലാമാണ് മൗലിദ് എന്ന പദത്തിനർത്ഥം. ആരുടെയെങ്കിലും ജന്മദിനാഘോഷത്തിനും അന്ത്യപ്രവാചകർ മുഹമ്മദ് നബി(സ)യുടെ  ജന്മദിനാഘോഷത്തിനും മൗലിദാഘോഷം എന്നു പറയുന്നു. റബീഉൽ അവ്വൽ പന്ത്രണ്ടിനാണ് മുഹമ്മദ് നബി(സ) ജനിച്ചത്. നബി(സ)യുടെ ജന്മത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് അന്നേദിവസം മൗലിദാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

മക്കയിലെ സുഖുല്ലയിൽ നിൽക്കുന്ന സ്ഥലത്താണ് നബി(സ)യുടെ ജന്മഗേഹം. റബീഉൽ അവ്വൽ പന്ത്രണ്ടിന് ആ സ്ഥലം വിശ്വാസികൾ സന്ദർശിക്കുകയും അവിടെവെച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്യാറുണ്ടായിരുന്നു.

മൗലിദാഘോഷത്തെ ഇമാം സുയൂഥ്വി(റ) നിർവ്വചിക്കുന്നതിങ്ങനെ:



ജനങ്ങൾ മേളിക്കുകയും ഖുർആനിൽ നിന്നു എളുപ്പമായത് പാരായണം ചെയ്യുകയും നബി(സ)യുടെ തുടക്കത്തിൽ വന്ന അഖ്ബാറുളും നബി(സ)യുടെ ജന്മസമയത്തുണ്ടായ അത്ഭുതങ്ങളും ഉദ്ധരിക്കുകയും ചെയ്ത് ലഭ്യമായ ഭക്ഷണം കഴിച്ച പിരിയുക എന്നതാണ് മൗലിദ് പരിപാടി. ഇവയിൽ അധികവും മുൻരൂപമില്ലാത്തതും എന്നാൽ നല്ലതുമാണ്. നബി(സ)യുടെ സ്ഥാനം ഉയർത്തിക്കാണിക്കലും നബി(സ)യുടെ ആദരാവാക്കപ്പെട്ട ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കലും അതുൾക്കൊള്ളുന്നതിനാൽ അത് കൊണ്ടാടുന്നവന് പ്രതിഫലം നല്കപ്പെടുന്നതാണ്. (അൽഹാവീ ലിൽ ഫതാവാ: 1/271)

ഇമാം സുയൂഥ്വി(റ)യുടെ മേൽ ഉദ്ദരണിയുടെ തുടക്കത്തിൽ വന്ന 'അസ്വിൽ' എന്നതിന് ഇമാം സുയൂഥ്വി(റ) പറഞ്ഞ നിർവ്വചനത്തിൽ നിന്നു അധികവും എന്നാണർത്ഥം. ഗാലിബ്, കസീർ, റാജിഹ്, ഖിയാസ്, ദലീല്, അസാസ് തുടങ്ങിയ അർത്ഥങ്ങളിലെല്ലാം 'അസ്വിൽ' പ്രയോഗിക്കാറുണ്ട്. മേൽ ഉദ്ദരണിയിൽ ഗാലിബ് എന്നോ കസീർ എന്നോ മാത്രമേ അതിനർത്ഥം പറയാവൂ. അടിസ്ഥാനം എന്നോ, പ്രമാണം എന്നോ അർത്ഥം പറയാൻ പറ്റില്ല. കാരണം ഇതേ അധ്യായത്തിൽ അതിനു 'അസ്വിൽ' ഉണ്ടെന്ന് ഇമാം സുയൂഥ്വി(റ) തുടർന്ന് പറയുന്നുണ്ട്.



ഹാഫിളുകളുടെ ഇമാമായി അബുൽ ഫള്ൽ ഇബ്നുഹജർ(റ) മൗലിദാഘോഷത്തിന് സുന്നത്തിൽനിന്നൊരു അടിസ്ഥാനം ഉദ്ധരിച്ചിട്ടുണ്ട്. അതിനു രണ്ടാമതൊരു അടിസ്ഥാനം ഞാനും ഉദ്ധരിക്കുന്നുണ്ട്. (അൽഹാവീ ലിൽഫതാവാ: 1/276)

ആകയാൽ ഇമാം സുയൂഥ്വി(റ)യുടെ ആദ്യം പറഞ്ഞ അസ്വിലിന് അടിസ്ഥാനം എന്നർത്ഥം പറയാൻ പറ്റില്ലെന്ന് ബോധ്യമായല്ലോ. അപ്പോൾ ഇമാം സുയൂഥ്വി(റ) പറഞ്ഞതിനർത്ഥം അദ്ദേഹം പറഞ്ഞ നിർവ്വചനത്തിൽ ഉൾകൊള്ളുന്ന കാര്യങ്ങളെല്ലാം ഒന്നിച്ച് ചെയ്യുകയെന്നതിന്റെ രൂപം മുമ്പില്ലെന്നും എന്നാൽ അങ്ങനെ ചെയ്യാമെന്നതിന് സുന്നത്തിൽ നിന്ന് രണ്ടു അടിസ്ഥാനങ്ങൾ ഉള്ളതിനാലും നബി(സ)യുടെ സ്ഥാനം ഉയർത്തിക്കാണിക്കലും അവരുടെ ജന്മദിനത്തിൽ സന്തോഷിക്കലും അതുൾക്കൊള്ളുന്നതിനാലും അത് പ്രതിഫലാർഹമായ നല്ല ചര്യയാണെന്നുമാണ്.

റബീഉൽ അവ്വൽ മാസത്തിൽ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്ന മൗലിദാഘോഷത്തെ കുറിച്ച് വന്ന ചോദ്യത്തിന്റെ മറുപടിയിലാണ് ഇമാം സുയൂഥ്വി(റ) അപ്രകാരം പറഞ്ഞതെന്ന കാര്യം ശ്രദ്ധേയമാണ്. ഇമാം സുയൂഥ്വി(റ)യുടെ തുടർന്നുള്ള പരാമർശം കാണുക.



മേൽപറഞ്ഞ  രൂപത്തിലുള്ള മൗലിദാഘോഷ പരിപാടി ആദ്യമായി കൊണ്ടുവന്നത് ഇർബൽ ചക്രവർത്തി മുള്ഫറാണ്. സമുന്നതരായ രാജാക്കന്മാരിൽ ഒരാളും സച്ചരിതരായ പ്രധാനികളിൽ ഒരാളുമാണദ്ദേഹം. മാതൃകായോഗ്യമായ നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കാസിയൂൻ താഴ്വരയിലുള്ള മുള്ഫർ മസ്ജിദ് പുതുക്കിപണിതത് അദ്ദേഹമാണ്. (അൽഹാവീ ലിൽഫതാവാ: 1/272)

തുടർന്ന് അല്ലാമ ഇബ്നുകസീറിനെ ഉദ്ദരിച്ച് ഇമാം സുയൂഥ്വി(റ) എഴുതുന്നു:



അല്ലാമ ഇബ്നു കസീർ പറയുന്നു: റബീഉൽ അവ്വൽ മാസത്തിൽ മുള്ഫർ രാജാവ് ഗോഭീരമായി മൗലിദാഘോഷിച്ചിരുന്നു. അദ്ദേഹം സ്വാധീന ശക്തിയുള്ള നേതാവും പണ്ഡിതനും നീതിമാനും ആയിരുന്നു. അല്ലാഹു അദ്ദേഹത്തിന് അനുഗ്രഹം ചെയ്യുകയും അദ്ദേഹത്തിന്റെ മടക്കസ്ഥലം അല്ലാഹു ആദരവുള്ളതാക്കുകയും ചെയ്യട്ടെ, ഷെയ്ഖ് അബുൽ ഖത്വാബ് ഇബ്നുദിഹ്‌യ(റ) അദ്ദേഹത്തിന് ഒരു മൗലിദ് ഗ്രൻഥം രചിച്ചുകൊടുത്തു. "അത്തൻവീർ ഫീ മൗലിദിൽ ബഷീരിന്നദീർ" എന്നാണ് അതിന്റെ പേര്. അതിന്റെ പേരിൽ രാജാവ് അദ്ദേഹത്തിന് 1000 ദീനാർ സമ്മാനമായി നൽകി. അദ്ദേഹം കുറെ കാലം ഭരണത്തിൽ തുടർന്നു. അങ്ങനെ ഹിജ്‌റ: 630-ൽ ഉകാ പട്ടണത്തിൽ   പറങ്കികൾ ഉപരോധിച്ച് നിൽക്കുന്നതിനിടയിൽ അദ്ദേഹം വഫാത്തായി. അദ്ദേഹത്തിന്റെ നടപടിക്രമവും രഹസ്യവും സ്തുത്യർഹമാണ്. (ആൽബിദായത്തു വന്നിഹായ: 13/159)

ഇബ്നു കസീർ തുടരുന്നു:


'മിർആത്തുസ്സമാൻ' എന്ന ഗ്രൻഥത്തിൽ ഇബ്നുൽജൗസി(റ)യുടെ പേര മകൻ എഴുതുന്നു: മുള്ഫർ  രാജാവിന്റെ ചില മൗലിദ് പരിപാടിയിൽ പങ്കെടുത്ത ചിലർ ഉദ്ധരിക്കുന്നു. 5000 പൊരിച്ച ആടിന്റെ തലയും 10000 കോഴിയും 100000 സബദിയും 30,000 പെട്ടി ഹൽവായും ആ സദ്യയിൽ അവർ എണ്ണിനോക്കി. പണ്ഡിത പ്രമുഖരും സൂഫീ പ്രമുഖരും അദ്ദേഹത്തിന്റെ മൗലിദ് പരിപാടിയിൽ പങ്കെടുക്കാറുണ്ടായിരുന്നു. അവർക്കു വസ്ത്രങ്ങളും മറ്റും ദാനമായി നൽകുമായിരുന്നു. ളുഹ്ർ മുതൽ സുബ്ഹ് വരെ സൂഫികളുടെ പ്രത്യേക പരിപാടി നടക്കുകയും രാജാവ് സജീവമായി അതിൽ പങ്കെടുക്കുകയും അവരോടപ്പം രാജാവും ആടുകയും ചെയ്തിരുന്നു. ഏതുഭാഗത്തുനിന്ന് ഏതു സ്വഭാവത്തിൽ വരുന്നവരെയും സ്വീകരിക്കാൻ ഒരു gust house  അദ്ദേഹത്തിനുണ്ടായിരുന്നു. ഹറമൈനിയിലും മറ്റും എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അദ്ദേഹം ഉദാരമായി സംഭാവന ചെയ്യുമായിരുന്നു. എല്ലാ വർഷവും പറങ്കികളിൽ നിന്ന് ധാരാളം പേരെ അദ്ദേഹം മോചിപ്പിക്കുമായിരുന്നു. 60,000 ബന്ധനസ്ഥരെ പറങ്കികളുടെ കരങ്ങളിൽ അദ്ദേഹം മോചിപ്പിച്ചുവെന്ന് അഭിപ്രായമുണ്ട്. അയ്യൂബിന്റെ പുത്രി റബീഅ കാതൂനാണു അദ്ദേഹത്തിന്റെ ഭാര്യ. അവരുടെ സഹോദരൻ സ്വലാഹുദ്ദീൻ അയ്യൂബിയാണ് മഹതിയെ രാജാവിന് വിവാഹം ചെയ്തുകൊടുത്തത്. മഹതി പറയുന്നു മുള്ഫർ രാജാവ് ധരിച്ചിരുന്ന വസ്ത്രം അഞ്ച് ദിർഹം പോലും വിലയില്ലാത്തതായിരുന്നു. അതിന്റെ പേരിൽ ഞാനദ്ദേഹത്തെ ആക്ഷേപിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചതിങ്ങനെ: "അഞ്ച് ദിർഹം വിലവരുന്ന വസ്ത്രം ഞാൻ ധരിച്ച് ബാക്കിയുള്ളത് പാപങ്ങൾക്ക്  സംഭാവന ചെയ്യുന്നതാണ് വിലപിടിപ്പുള്ള വസ്ത്രം ഞാൻ ധരിച്ച് പാപങ്ങളെ ഒഴിവാക്കുന്നതിനേക്കാൾ നല്ലത്". എല്ലാ വർഷവും മൗലിദാഘോഷത്തിനുവേണ്ടി മൂന്നു ലക്ഷം ദീനാറും gust house നുവേണ്ടി ഒരു ലക്ഷം ദീനാറും അദ്ദേഹം ചെലവഴിക്കുമായിരുന്നു. ഇതിനു പുറമെ ഹറമൈനിയിലും ഹിജാസിലെ വഴികളിലും ജലസേചനത്തിനുവേണ്ടി 30,000 ദീനാറും അദ്ദേഹം ചെലവഴിച്ചിരുന്നു. രഹസ്യമായി അദ്ദേഹം ചെയ്യുന്ന ദാനങ്ങൾക്ക് പുറമെയുള്ളതാണീപറഞ്ഞത്. ഇർബൽ കോട്ടയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വഫാത്ത്. തന്റെ ജനാസ മക്കയിലേക്ക് കൊണ്ടുപോകാൻ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നുവെങ്കിലും അതിനുസാധിച്ചില്ല. അതിനാൽ 'മശ്ഹദുഅലി' യിൽ അദ്ദേഹത്തെ മറവു ചെയ്തു. (അൽബിദായത്തു വന്നിഹായ: 13/159)

മുള്ഫർ രാജാവിന്റെ മൗലിദാഘോഷത്തെ വർണ്ണിച്ച് ഇബ്നുഖല്ലികാൻ എഴുതുന്നു:  



മുള്ഫർ രാജാവിന്റെ മൗലിദാഘോഷം പൂർണ്ണമായും വർണ്ണിക്കാൻ വാക്കുകളില്ല. എങ്കിലും അതിൽനിന്നൽപ്പം പറയാം. മൗലിദാഘോഷത്തെ കുറിച്ച് നല്ല വിശ്വാസമുള്ളയാളാണ് മുള്ഫർ രാജാവെന്ന് മറ്റു നാട്ടുകാർ കേട്ടിരുന്നു. അതിനാൽ ഇർബലിന്റെ സമീപപ്രദേശങ്ങളായ ബാഗ്ദാദ്, മൊസോൾ, അൾജീരിയ, സഞ്ചാർ, നസ്വീബൈൻ തുടങ്ങിയവയിൽ നിന്നും മറ്റും അനറബി നാടുകളിൽനിന്നും ധാരാളം പേര് എല്ലാവർഷവും ആ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു. ആ കൂട്ടത്തിൽ കർമശാസ്ത്ര പണ്ഡിതന്മാരും സൂഫിയാക്കളും പ്രസംഗകരും ഖുർആൻ പാരായണം ചെയ്യുന്നവരും കവികളും ഉണ്ടായിരുന്നു. മുഹർറം മുതൽ റബീഉൽ അവ്വലിന്റെ തുടക്കം വരെ അതിനായി ജനങ്ങൾ വന്നുകൊണ്ടിരുന്നു. (വഫായത്തുൽ അഅ്യാൻ: 4/113)

മൗലിദാഘോഷത്തിന്റെ ഭാഗമായി ഇർബൽ പട്ടണം ഒന്നടങ്കം വിവിധ രൂപങ്ങളിൽ അലങ്കരിച്ചിരുന്നതായി ഇബ്നു ഖല്ലികാൻ തുടർന്നു വിവരിക്കുന്നുണ്ട്. ഇത്തരമൊരു മൗലിദാഘോഷ പരിപാടി ഹിജ്‌റ മുന്നൂറിന് ശേഷം വന്നതാണെന്നാണ് പണ്ഡിതന്മാർ വിവരിക്കുന്നത്. അവരുടെ ചർച്ചകളെല്ലാം തന്നെ ഈ മൗലിദ് പരിപാടിയെ കുറിച്ചാണ്. അത് ഹിജ്‌റ മുന്നൂറിന് ശേഷമാണെന്നതിൽ യാതൊരു സംശയവും ഇല്ല. എന്നു മാത്രമല്ല ഇത്തരം ഒരു മൗലിദ് പരിപാടി  മുള്ഫർ രാജാവിന് ശേഷം വല്ലവരും സംഘടിപ്പിച്ചിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മൗലിദാഘോഷിക്കുന്നതിനെ കുറിച്ച് പ്രമുഖ താബിഈപണ്ഡിതൻ ഹസൻ ബസ്വരി(റ) അടക്കമുള്ള പണ്ഡിത മഹത്തുക്കളുടെ പ്രതാവനകൾ നബിദിനാഘോഷം എന്ന ബ്ലോഗിൽ വിവരിച്ചിട്ടുണ്ട്. മൗലിദാഘോസ പരിപാടികൾ മുമ്പേ നടന്നു വന്നിരുന്ന ഒന്നാണെന്നാണല്ലോ അവരുടെ പ്രസ്താവനകൾ വ്യക്തമാകുന്നത്. അതിനാൽ അത് മുന്നൂറിന് ശേഷം വന്നതാണെന്ന പ്രസ്താവനകളെ മേൽപ്പറഞ്ഞ രൂപത്തിൽ വിലയിരുത്തിയെ മതിയാവൂ.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....