ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
മുഹമ്മദ് നബി ബൈബിളില്‍
പൂര്‍വ്വവേദങ്ങളായ തൗറാത്ത് (ബൈബിള്‍ പഴയ നിയമം) ഇന്‍ഞ്ചീല്‍ (ബൈബിള്‍ പുതിയ നിയമം) തുടങ്ങിയ ഗ്രന്ഥങ്ങളില്‍ മുഹമ്മദ് നബിയുടെ നിയോഗത്തെ കുറിച്ചുള്ള വ്യക്തമായ പ്രസ്താവനകളുണ്ടായിരുന്നു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന ജൂത, കൃസ്ത്യാനികള്‍ അവിടെയുണ്ടായിരുന്ന വേദക്കാരല്ലാത്തവിശ്വാസികളോട് വരാന്‍ പോകുന്ന പ്രവാചകന്റെ അടയാളങ്ങള്‍ പറയാറുണ്ടായിരുന്നു. അദ്ദേഹം വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്ന് നിങ്ങളെ പരാജയപ്പെടുത്തും എന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. അങ്ങനെ, പ്രവാചക ആഗമനത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി പൂര്‍വ്വ വേദക്കാരില്‍ പെട്ട പണ്ഡിതന്മാരും പാതിരിമാരും സന്യാസിമാരും ആ പ്രതീക്ഷിക്കപ്പെടുന്ന ദൈവദൂതനെ പറ്റി സംസാരിക്കാന്‍ തുടങ്ങി. പ്രസ്തുത പ്രവാചകന്റെ ആഗമനത്തിനുള്ള കാലഗണനവും, സാഹചര്യ ഗണനവും പൂര്‍വ്വ വേദം പ്രകാരം അവര്‍ നടത്തുകയുണ്ടായി. പക്ഷേ, അദ്ദേഹത്തിന്റെ ആഗമനം വേദക്കാരി (ഇസ്രാഈല്‍ സന്തതികളില്‍)ലല്ല എന്ന് കണ്ടപ്പോള്‍ അവരില്‍ ചിലര്‍ക്ക് അത് സഹിച്ചില്ല. അബ്രഹാമിന്റെ (ഇബ്രാഹീം നബി അ.) പുത്രന്‍ യെശ്മയേല്‍ (ഇസ്മാഈല്‍ അ.) സന്തതികളായ അറബികളില്‍ നിന്നാണ് ആ പ്രവാചകന്‍ ഉദയം കൊണ്ടത് എന്ന കാര്യം വേദക്കാര്‍ക്ക് എങ്ങനെ സഹിക്കാനാകും. കാരണം അവര്‍ വീരവാദം മുഴക്കിയിരുന്നതും പ്രതീക്ഷിത പ്രവാചകന്റെ പിന്തുണയോടെ പരാജയപ്പെടുത്തും എന്ന് പറഞ്ഞിരുന്നതും ആ ബഹുദൈവവിശ്വാസികളായ ആ അറബികളോടായിരുന്നു. അവര്‍ തങ്ങളുടെ അയല്‍വാസികളായ ജൂതന്മാരില്‍ നിന്ന് മനസ്സിലാക്കിയ അടയാളങ്ങളും ലക്ഷണങ്ങളും കണ്ടപ്പോള്‍ ഈ ജൂതന്മാരേക്കാള്‍ മുമ്പ് അവര്‍ വിശ്വസിച്ചു. എന്നിട്ട് അവര്‍ വേദക്കാരോട് പറഞ്ഞു. ദൈവമാണേ സത്യം. ജൂതന്മാര്‍ ഏത് നബിയുടെ കൂടി ഞങ്ങളെ തോല്‍പിക്കുമെന്ന് പറയുന്നുവോ ആ നബി തന്നെയാണിദ്ദേഹം. അതിനാല്‍ അവരെക്കാള്‍ മുമ്പ് നമ്മള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുക. നമ്മേക്കാള്‍ നേരത്തെ വിശ്വസിക്കാന്‍ അവര്‍ക്ക് അവസരം നല്‍കരുത്. ഇക്കാരണങ്ങളെല്ലാം അഹന്ത വെച്ച് നടന്നരിന്ന മിക്ക വേദക്കാര്‍ക്കും നിരാശ നല്‍കി. ചില ജൂത കൃസ്തീയ പുരോഹിതര്‍ പ്രവാചകാഗമനത്തെ കുറിച്ചുള്ള വേദ വചനങ്ങള്‍ ഒഴിവാക്കി അവരുടെ നാണക്കേടിന് ശമനം കണ്ടത്താന്‍ ശ്രമം നടത്തി. എന്നിട്ടും നിലവിലുള്ള മാറ്റി തിരുത്തലുകള്‍ക്ക് വിധേയമായ ബൈബിളില്‍ ഉള്ള പ്രവാചക നിയോഗത്തെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ അവശേഷിക്കുന്നു.
16.7 എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നതു നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയക്കും.
16.8 അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.
16.9 അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും
16.10 ഞാന്‍ പിതാവിന്റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു
16.11 നീതിയെക്കുറിച്ചും ഈ ലോകത്തിന്റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായ വിധിയെക്കുറിച്ചും തന്നേ.
16.12 ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ടു; എന്നാല്‍ നിങ്ങള്‍ക്കു ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.
16.13 സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങള്‍ക്കു അറിയിച്ചുതരികയും ചെയ്യും.
16.14 അവന്‍ എനിക്കുള്ളതില്‍നിന്നു എടുത്തു നിങ്ങള്‍ക്കു അറിയിച്ചുതരുന്നതുകൊണ്ടു എന്നെ മഹത്വപ്പെടുത്തും (യോഹന്നാന്‍)
യേശുവിന്റെ ദൗത്യകാലം കഴിഞ്ഞാലാണ് വാഗ്ദത്ത പ്രവാചകന്റെ ആഗമനമെന്നും ദൈവിക ദൗത്യം പൂര്‍ണ്ണമായിട്ടില്ലായെന്നും സാമൂഹികവും ബൗദ്ധികവുമായ ഉന്നതിയിലല്ലാത്ത തന്റെ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ (മുഹമ്മദ് സ.) സുവിശേഷമായ വിശുദ്ധ ക്വുര്‍ആന്‍ ഗ്രഹിക്കാനും ബൗദ്ധിക വിശകലനം നടത്തുവാനും പ്രയാസമാണെന്നുമുള്ള പരാമര്‍ശങ്ങള്‍ പരോക്ഷമായും പ്രത്യക്ഷമായും യേശു പ്രസ്തുത പ്രവചനത്തിലൂടെ നല്‍കുന്നുണ്ട്.
ഞാന്‍ പിതാവിന്റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും. (യോഹന്നാന് 15.26)
യിസ്രായീല് മക്കള്ക്കു നല്കുന്ന ഒരുപദേശത്തില് ഇങ്ങനെ കാണാം.
18.18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്കും അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേല്‍ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.
18.19 അവന്‍ എന്റെ നാമത്തില്‍ പറയുന്ന എന്റെ വചനങ്ങള്‍യാതൊരുത്തെനങ്കിലും കേള്‍ക്കാതിരുന്നാല്‍ അവനോടു ഞാന്‍ ചോദിക്കും.
18.20 എന്നാല്‍ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തില്‍ സംസാരിക്കയോ ചെയ്താല്‍ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം. (ആവര്ത്തനപുസ്തകം.)
പ്രസ്തുത ഭാഗത്തില് കാണുന്ന അവരുടെ സഹോദരങ്ങള് എന്നതിന്റെ ആശയങ്ങള് ഇതേ ആവര്ത്തന പുസ്തകത്തില് നിന്ന് തന്നെ നമുക്ക് കാണാം സാധിക്കും.
2.6 നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.
2.5 നിങ്ങള്‍ അവരോടു പടയെടുക്കരുതുഅവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു.
ആദ്യ കാല പതിപ്പായ ശ്ലോമോന്റെ ഉത്തമഗീതത്തില് മുഹമ്മദ് നബിയുടെ പേര് അതുപോലെ പരാമര്ശിക്കപ്പെട്ടിരിക്കുന്നു. എന്നാല് ഇംഗ്ളീഷിലേക്ക് വിവര്ത്തനം ചെയ്യപ്പെട്ടതോടെ നാമത്തിന് പകരം അതിന്റെ പദാനുപദ അര്ത്ഥം "altogether lovely" നല്കുകയായിരുന്നു. താഴെ നല്കിയിരിക്കുന്ന ആ ഭാഗത്തില് നമുക്ക് അവ ഗ്രഹിക്കാം.

'അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന്‍ സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്‍ ; ഇവനത്രേ എന്റെ സ്നേഹിതന്‍. (5.16)
യെശയ്യായില് അന്ത്യപ്രവാചകന്റെ ചില പ്രത്യേകതകളെ വര്‍ണ്ണിക്കുന്നത് കാണാം.
42.1 ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍ ; ഞാന്‍ എന്റെ ആത്മാവിനെ അവന്റെ മേല്‍ വെച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.
42.2 അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കയുമില്ല.
42.3 ചതഞ്ഞ ഔട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും.
42.4 ഭൂമിയില്‍ ന്യായം സ്ഥാപിക്കുംവരെ അവര്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്റെ ഉപദേശത്തിന്നായി ദ്വീപുകള്‍ കാത്തിരിക്കുന്നു. (യെശായ്യാ)
അറേബ്യന്‍ ഉപദീപില്‍ ഉയിര്‍ കൊണ്ട ആ ശബ്ദം 20 നേതാക്കളടങ്ങുന്ന അറുപതിനായിരത്തോളം വരുന്ന ശത്രുക്കളുടെ മനസ്സും മനോവീര്യവും കീഴടക്കി. സത്യനിഷേധത്തിനും അനീതിക്കെരെയുള്ള ധര്‍മ്മ സമരത്തില്‍ മുന്നില്‍ നിന്ന് പടനയിച്ചു. ദീപാരാധനയും ബിംബാരാധനയും വിലക്കി. ആരാധനാ ഘട്ടത്തിലോ സങ്കടഘട്ടത്തിലോ നിലവിളിക്കുന്നത് വിലക്കി. അവസാനം തന്നെ ആട്ടിയോടിച്ച മക്കയിലേക്ക് വിജയശ്രീലാളിതനായി അദ്ദേഹമെത്തി. കറുത്തവനും വെളുത്തവനും അറബിയും അനറബിയും സ്തീയും പുരുഷനുമെല്ലാം ദൈവസമീപം ഒരേ സ്ഥാനമാണുള്ളത്. അവന്റെ ഭക്തികൊണ്ടല്ലാതെ ദൈവം അവന് പ്രത്യേക പരിഗണന നല്കുകയില്ല. എന്ന മഹത്തായ വിളംബരവും അവിടുന്ന് നടത്തി. ഭൂമിയില് ന്യായം സ്ഥാപിക്കുന്നതിന് വേണ്ടി അദ്ദേഹം തന്റെ പതിനായിരക്കണക്കിന് വരുന്ന അനുയായികളെ സാക്ഷി നിര്‍ത്തി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.. അല്ലാഹുമ്മ ശ്ഹദ്. ഗോത്രവും രാഷ്ട്രവും ഭാഷയും വര്ണ്ണവും അധികാരവുമെല്ലാം ഒരു കുടക്കീഴില് നിറുത്തി ഹജ്ജെന്ന മഹാസംഗമത്തിന് ഇന്നും ലോകം സാക്ഷിയാകുന്നു.
തുടര്‍ന്നു യെശായ്യാ സൂചിപ്പിക്കുന്നു.
42.9 പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.
42.10 സമുദ്രത്തില്‍ സഞ്ചരിക്കുന്നവരും അതില്‍ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവേക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിന്‍ .
42.11 മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുംന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളില്‍ നിന്നു ആര്‍ക്കുംകയും ചെയ്യട്ടെ.
42.12 അവര്‍ യഹോവേക്കു മഹത്വം കൊടുത്തു അവന്റെ സ്തുതിയെ ദ്വീപുകളില്‍ പ്രസ്താവിക്കട്ടെ.
42.13 യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തില്‍ ആര്‍ക്കും; തന്റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.
പ്രാര്‍ത്ഥനാ സമയത്തിന് മുന്നറിയിപ്പായി ബാങ്കൊലി മുഴങ്ങുന്നു. അത് ഭൂമിയിലാകമാനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. (ലോകത്തിലെ വ്യത്യസ്ത കോണുകളില് ബാങ്കൊലി മുഴങ്ങുമ്പോള് , 24 മണിക്കൂറും ആ ദൈവകീര്‍ത്തനം ഭൂമിയിലുടനീളം നിലകൊള്ളുന്നു.) - അല്ലാഹുവാണ് വലിയവന്, അവനല്ലാതെ ഒരാരാധ്യനുമില്ലെന്ന് ഞാന് സാക്ഷ്യം വഹിക്കുന്നു... എന്നാരംഭിക്കുന്ന ആ മഹത്തായ സ്തുതി കീര്‍ത്തനം - പ്രസ്തുത പ്രയോഗത്തില് മരുഭൂമിയെ പ്രത്യേകം പരമാര്‍ശിക്കുന്നത് വളരെയധികം ആശ്ചര്യമുളവാക്കുന്നു.
ഇത് യേശു (ഈസാ അ.) ന് ശേഷം വരുന്ന ഒരു പ്രവാചകനെ കുറിച്ചുള്ള സുവിശേഷമാണ്. ഭാവിയിലുണ്ടാകുന്ന കാര്യങ്ങളെ കുറിച്ച് സംസാരിച്ച ഒരു ദൈവദൂതന്‍ അതിന് ശേഷം മുഹമ്മദ് നബി (സ) അല്ലാതെ ഭൂലോകത്തുണ്ടായിട്ടില്ല. ബൈബിളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന മുഹമ്മദ് നബി (സ) യെ കുറിച്ചുള്ള സവിശേഷത്തിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ നല്‍കിയത്.