Showing posts with label ചേകനൂരിസം. Show all posts

Wednesday, March 21, 2018

ചേകനൂരിസം

ഇസ്‌ലാമല്ല ചേകനൂരിസം● അലവിക്കുട്ടി ഫൈസി എടക്കര 0

●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

chekanoorism-malayalam
ഇസ്‌ലാം വിരുദ്ധരുടെ കളിപ്പാവകളായി അവരുടെ ആശയങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ എക്കാലത്തും ചില ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിംകളില്‍ പരമ്പരാഗതമായി നിലനിന്നുവന്ന ആത്മീയവും ആദര്‍ശപരവുമായ അച്ചടക്കം തകര്‍ക്കാനും അതുവഴി ഇസ്‌ലാമിക പ്രചാരണത്തിന് പ്രതിസന്ധിയും മുസ്‌ലിംകളുടെ മതപ്രതിബദ്ധതക്ക് പോറലുമേല്‍പിക്കാന്‍ പലരും ചട്ടുകങ്ങളായിട്ടുമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കേരളത്തില്‍ ഇത് വ്യവസ്ഥാപിതമായും സംഘടിതമായും ആരംഭിക്കുന്നത്.

തുടങ്ങിയേടത്തുനിന്ന് അനുദിനം മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ട് തുടര്‍ന്നുവന്ന അത്തരം ചലനങ്ങള്‍ക്കൊന്നും കേരള മുസ്‌ലിംകളുടെ അടിത്തറയില്‍ പരുക്കുകളേല്‍പിക്കാനായില്ല. ലക്ഷ്യത്തിലും മാര്‍ഗത്തിലും അഭിപ്രായ സമന്വയം സാധിക്കാതെ വന്നപ്പോള്‍ പലരും തങ്ങള്‍ക്ക് കൂടുതല്‍ ഗുണമെന്ന് തോന്നുന്നതിനെ സ്വന്തമായി സ്വീകരിച്ചവതരിപ്പിച്ചു. അതുകൊണ്ടു തന്നെ ഈ കൊച്ചു കേരളത്തില്‍ ഡസന്‍കണക്കിന് സംഘടനകളും വളരെയേറെ ആളുകളും മതരംഗത്തും മതത്തിന്റെ പേരിലും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ മുസ്‌ലിം സമൂഹത്തില്‍ പൊതുസ്വീകാര്യതയും അംഗീകാരവും നേടാന്‍ അവര്‍ക്കാര്‍ക്കുമായില്ലെന്നത് കേരള മുസ്‌ലിംകളുടെ പൈതൃകബോധത്തിന്റെ ഫലമാണ്.

വഹാബി, മൗദൂദി, തബ്‌ലീഗ്, ഖാദിയാനി എന്നിങ്ങനെ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ശൈഥില്യം വളര്‍ത്താന്‍ ശ്രമിച്ചവരെ കാണാം. മതം, സമൂഹം, രാഷ്ട്രീയം, വിദ്യാഭ്യാസം, ആതുര സേവനം തുടങ്ങി പലതും മുഖ്യ അജണ്ടയായി പുറമെ അവതരിപ്പിച്ച് ശൈഥില്യത്തെയും മതനിരാസ വ്യതിയാനങ്ങളെയും വളര്‍ത്തുകയാണവരെന്ന് മുസ്‌ലിം ഉമ്മത്തിന് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ സാര്‍വത്രികമായ അച്ചടക്കത്തിന്റെ പരമ്പരാഗതവും പ്രാമാണികവുമായ രീതിയെ അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ വളയത്തിന് പുറത്ത് കടന്നുനടത്തിയ അഭ്യാസങ്ങള്‍ പലപ്പോഴും അവര്‍ക്കുതന്നെ വിനയായതും കാണാം. ചേകന്നൂരിസം അതില്‍ പെട്ടതാണ്.

ചേകനൂരിസം

എങ്ങനെയാണ് ചേകനൂരിസം രൂപപ്പെട്ടതെന്നറിയാന്‍ ചേകനൂര്‍ മൗലവിയുടെ ജീവചരിത്രം നോക്കിയാല്‍ മതി. കോക്കൂര്‍ ജുമാ മസ്ജിദില്‍ ജോലി ചെയ്യുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശാന്തപുരം കോളേജില്‍ അധ്യാപകനായി. അവരുടെ മതരാഷ്ട്രവാദങ്ങള്‍ ഇഷ്ടപ്പെടാത്തതിനാലാണത്രെ വൈകാതെ വഹാബികളുടെ എടവണ്ണ കോളേജില്‍ ചേര്‍ന്നു. അക്കാലത്ത് വഹാബി സ്റ്റേജുകളിലും വാദപ്രതിവാദ വേദികളിലും വഹാബിസത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഹദീസുകള്‍ ശരിയല്ലെന്ന് തോന്നല്‍ ശക്തമായത്. റശീദ് റിളയും അഫ്ഗാനിയും മുഹമ്മദ് അബ്ദുവും അങ്ങനെ പലരുടെയും രചനകളും സൃഷ്ടികളും പലരുടെയും ഉപജീവനമായിരുന്നുവല്ലോ.

1968-ല്‍ നിരീക്ഷണം എന്ന പ്രസിദ്ധീകരണം ആരംഭിച്ചു. നേരത്തെ മുഅ്തസിലത്തും ശിയാക്കളും ഓറിയന്റലിസ്റ്റുകളും മോഡേണിസ്റ്റുകളും ബഹാഇകളും പുറത്തിറക്കിയ പലതിന്റെയും പുതിയ പ്രചാരകനായി. അതാണ് പിന്നീട് ചേകനൂരിസം എന്ന് വിളിക്കപ്പെട്ടത്. നിരീക്ഷണവുമായി കടന്നുവന്നപ്പോള്‍ ചില മുസ്‌ലിം നാമധാരി ബുദ്ധി(?)ജീവികള്‍ കൂടെക്കൂടി. അവരുമായി ചേര്‍ന്ന് ഖുര്‍ആന്‍ ആന്റ് മോഡേണ്‍ ഏജ് സൊസൈറ്റി എന്ന സംഘടനക്ക് രൂപം നല്‍കി. പണ്ഡിതരുടെ എതിര്‍പ്പിന് മുന്നില്‍ അതിന് പിടിച്ചുനില്‍ക്കാനായില്ല എന്ന് ജീവചരിത്രകാരന്‍ തന്നെ സമ്മതിക്കുന്നുണ്ട്. പ്രചാരണം മതിയാക്കി കച്ചവടത്തിലേക്ക് തിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ പാരമ്പര്യവിരുദ്ധത വീണ്ടും സജീവമായി. അങ്ങനെ അല്‍ബുര്‍ഹാന്‍ പ്രസിദ്ധീകരണം തുടങ്ങി. ഖുര്‍ആന്‍ സുന്നത് സൊസൈറ്റി എന്ന പേരിലാണ് പുതിയ പരീക്ഷണം നടത്തിയത്. അല്‍ബുര്‍ഹാനും സൊസൈറ്റിയുമായി തന്റെ കുറച്ചുകാലത്തെ സംഭരണങ്ങള്‍ പുതിയ കുപ്പിയില്‍ അവതരിപ്പിച്ചുതുടങ്ങി.

പ്രവര്‍ത്തിച്ചതെങ്ങനെ?

മതം പഠിക്കാനവസരം ലഭിക്കുകയോ മതരംഗവുമായി ബന്ധം സ്ഥാപിക്കുകയോ ചെയ്തിട്ടില്ലാത്ത പല സര്‍ക്കാറുദ്യോഗസ്ഥരെയും ചേര്‍ത്ത് സെമിനാറുകളും മറ്റും നടത്തി പ്രസിദ്ധിക്ക് ശ്രമം നടത്തി. ജീവിതത്തിന് കൃത്യമായ അടുക്കും ചിട്ടയും നിര്‍ദേശിക്കുന്നതും വിശുദ്ധ ഖുര്‍ആനിന്റെ ഔദ്യോഗിക വ്യാഖ്യാനവുമായ സുന്നത്തിനെയും അത് പകര്‍ന്ന് തന്ന സ്വഹാബത്തിനെയും തള്ളിപ്പറയുന്നതുകൊണ്ട് പരിഷ്‌കാരികളായ ഏതാനും ചിലര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. പ്രത്യക്ഷത്തില്‍ തന്നെ മതമില്ലാത്ത അവര്‍ക്ക് ചേകനൂര്‍ മൗലവി ആരാധ്യനായിത്തീര്‍ന്നു. മുസ്‌ലിം പേര് വലിച്ചെറിയാന്‍ താല്‍പര്യമില്ലാത്ത യുക്തിവാദികളും മതരഹിതരും ശരീഅത്തു വിരുദ്ധരുമായ ചിലര്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയെ അവരുടെ പ്രചാരണത്തിന് ഇന്നും മറയാക്കിക്കൊണ്ടിരിക്കുന്നു.

കാലം ചവറ്റുകൊട്ടയിലെറിഞ്ഞതും പണ്ഡിത പ്രതിരോധത്തിന് മുന്നില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്നതുമായ പല ആശയങ്ങളും പുരോഗമന വാദികളുടെ പിന്തുണയോടെ പുറത്തെടുത്ത് ചര്‍ച്ചയാക്കാന്‍ ചേകന്നൂരിസത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഒരു സത്യമാണ്. മേമ്പൊടിക്കായി പുതിയ ചില കണ്ടെത്തലുകള്‍ കൂടി ചേര്‍ത്താണ് പ്രചാരണം നടത്തുന്നത്. ചേകനൂര്‍ ഉയര്‍ത്തിയതും പ്രചരിപ്പിച്ചതുമായ വിഘടവാദങ്ങളെ അന്ന് തന്നെ പണ്ഡിതര്‍ പ്രമാണം കൊണ്ട് ഖണ്ഡിച്ച് തകര്‍ത്തുകളഞ്ഞതാണ്. മര്‍ഹൂം ഇ.കെ. ഹസന്‍ മുസ്‌ലിയാര്‍ (ന.മ.) അവര്‍കളുടെ മുന്നില്‍ വഹാബിയായ ചേകനൂരും സൊസൈറ്റിയായ ചേകനൂരും മുട്ടുകുത്തിയ രംഗങ്ങള്‍ ഏറെയാണ്. 19 സ്ഥലങ്ങളില്‍ ചേകനൂരിസത്തെ നേരിട്ടിട്ടുണ്ടെന്ന് ഹസന്‍ മുസ്‌ലിയാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. (ഇ.കെ.ഹസന്‍ മുസ്‌ലിയാര്‍ ചരിത്ര ജീവിതം പേ: 459).

സുന്നത്തിനെതിരെ

ഇസ്‌ലാമിനെ തകര്‍ക്കുന്നതിന് അതിന്റെ  പ്രമാണങ്ങളില്‍ കൈവെക്കുക എന്നതാണ് എല്ലാ മതവിരുദ്ധരും ചെയ്തത്. ഖുര്‍ആന്‍ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാല്‍ ഹദീസിനെതിരെ തിരിയുകയാണ് ചേകനൂരും ചെയ്തത്. അത് എളുപ്പമാകാന്‍ സ്വഹാബത്തിനെ തള്ളി. ഫലത്തില്‍ നുബുവ്വത്തിനെതിരെയുള്ള നീക്കമായി ഇത്. രണ്ടാം സഹസ്രത്തിലെ പരിഷ്‌കര്‍ത്താവായ സര്‍ഹിന്ദിയുടെ കാലത്തും നുബുവ്വത്ത് നിഷേധിക്കുന്ന പ്രണതയുണ്ടായിരുന്നു. അതിനെതിരെ താന്‍ തടത്തിയ പ്രവര്‍ത്തനം ഫലം കണ്ടത് ചരിത്രത്തില്‍ ദര്‍ശിക്കാം. ഓറിയന്റലിസ്റ്റുകളുടെ രീതിയും ഇതായിരുന്നു. അവരില്‍ നിന്ന് കടമെടുത്തതാണ് യഥാര്‍ത്ഥത്തില്‍ ചേകനൂരിന്റെ ഹദീസ് നിഷേധം. സ്വഹാബികളെ അവമതിക്കുന്ന ശിയാക്കളും ബുദ്ധിയെ പ്രമാണമാക്കിയ മുഅ്തസിലത്തും മൗലവിക്ക് ഈ വിഷയത്തില്‍ കൂട്ടാളികളായുണ്ട്. കൂടുതല്‍ ഹദീസുകള്‍ നിവേദനം ചെയ്ത സ്വഹാബിവര്യന്‍ അബൂഹുറൈറ(റ)വിനെയും ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ) എന്നിവരുടെ സ്വഹീഹുകളെയും തള്ളിപ്പറഞ്ഞതോടെ കാര്യം എളുപ്പമായി.

രണ്ട് സാക്ഷികള്‍ മുഖേന തെളിഞ്ഞുകിട്ടിയ ഹദീസുകള്‍ മാത്രമേ സ്വീകരിക്കാവൂ എന്ന ചേകനൂരിന്റെ വാദം തന്നെ യഥാര്‍ത്ഥത്തില്‍ ഹദീസ് നിഷേധമായിരുന്നു. കാരണം അത്തരത്തില്‍ സ്ഥിരീകരണം നേടിയ ഹദീസുകള്‍ അത്യപൂര്‍വമോ ലഭ്യമല്ലാത്തതോ ആണ്. ഈ ഗൂഢ ലക്ഷ്യം മറനീക്കി പുറത്തുവന്നത് ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നതിന്റെ വ്യക്തമായ തെളിവുകള്‍ എന്ന പേരില്‍ കൃതി രചിച്ചതോടെയാണ്. അതിലദ്ദേഹം എഴുതി: ‘അഹ്‌ലു ഹദീസുകാരുടെ ഇമാമുകളായ ബുഖാരിയും മുസ്‌ലിമും ലോക പൊള്ളന്മാരാണെന്നും നബിയെയും ഇസ്‌ലാമിനെയും താറടിക്കാനും ഖുര്‍ആന് വിരുദ്ധമായ ജീവിത നിയമങ്ങള്‍ ഇസ്‌ലാമിലേക്ക് കുത്തിക്കയറ്റാനും വേണ്ടി വേഷം മാറിവന്ന ജൂത ഏജന്റുമാണെന്നും ലക്ഷ്യസഹിതം വെളിപ്പെട്ടു കഴിഞ്ഞാല്‍ ഏകസാക്ഷി. രണ്ടു സാക്ഷി ചര്‍ച്ചകള്‍ക്കൊന്നും യാതൊരാവശ്യവുമില്ലെന്ന് മാന്യവായനക്കാരെ അറിയിച്ചുകൊള്ളുന്നു (പേ: 5).

ദുര്‍വ്യാഖ്യാനം

സൂറത്തുല്‍ ജാസിയയിലെ ആറാം സൂക്തവും അല്‍ അഅ്‌റാഫിലെ 185-ാം സൂക്തവും ദുര്‍വ്യാഖ്യാനിച്ചാണ് ഹദീസ് നിഷേധിക്കുന്നത്. പ്രസ്തുത സൂക്തങ്ങളുടെ പശ്ചാത്തലങ്ങളും മുന്‍ സൂക്തങ്ങളും ചരിത്രവും നിരാകരിക്കുന്ന ദുര്‍വ്യാഖ്യാനമാണത്. ‘അല്ലാഹുവിന്റെ വചനങ്ങളാണിവ. ശരിയാംവിധം നാമതിനെ തങ്ങള്‍ക്ക് ഓതിത്തരുന്നു. അല്ലാഹുവിനെയും അവന്റെ വചനങ്ങളെയുമല്ലാതെ എന്ത് വൃത്താന്തങ്ങളെയാണവര്‍ വിശ്വസിക്കുന്നത്’ (അല്‍ജാസിയ: 6).

ഈ സൂക്തത്തില്‍ ‘ഹദീസ്’ എന്ന പ്രയോഗമുണ്ട്. എന്നാല്‍ അത് സാങ്കേതികമായി നബി(സ്വ)യുടെ ഹദീസാണെന്ന് പറയേണ്ടിവന്നത് മൗലവിയുടെ പാപ്പരത്തമാണ്. കാരണം ഈ ഹദീസ് കൊണ്ടുദ്ദേശിക്കുന്നതെന്താണെന്ന് 2-5 വരെയുള്ള സൂക്തങ്ങളില്‍ നിന്ന് മനസിലാക്കാന്‍ പ്രയാസമില്ല. പ്രാപഞ്ചികമായ ക്രമീകരണത്തെക്കുറിച്ച് അല്ലാഹുവിന്റെ വചനങ്ങളിലെ വിവരണങ്ങളല്ലാതെ മറ്റെന്ത് വൃത്താന്തങ്ങളാണ് വിശ്വസിക്കുന്നത് എന്നാണിതിന്റെ അര്‍ത്ഥവും ആശയവും. നബി(സ്വ)യുടെ വഫാതിനു വര്‍ഷങ്ങള്‍ക്കു ശേഷമാണല്ലോ ഇന്ന് വിവക്ഷിക്കുന്ന രീതിയില്‍ ഹദീസ് എന്ന് പ്രയോഗത്തിലെത്തുന്നതു പോലും.

സൂറത്തുല്‍ അഅ്‌റാഫിലെ 185-ാം സൂക്തത്തില്‍ അല്ലാഹു ചോദിക്കുന്നു: ‘ആകാശ ഭൂമികളുടെ ഭരണത്തെക്കുറിച്ചും അല്ലാഹു സൃഷ്ടിക്കുന്നതിനെക്കുറിച്ചും അവരുടെ അവധി അടുത്തെത്തിയിരിക്കാമെന്നതിനെക്കുറിച്ചും അവര്‍ ചിന്തിക്കുന്നില്ലേ. ഖുര്‍ആനീ വിവരം നല്‍കിയിട്ടും ഇനിയും അതല്ലാതെ എന്ത് വൃത്താന്തമാണവര്‍ വിശ്വസിക്കുന്നത്.’ ഈ സൂക്തത്തിലെ ഹദീസും അല്ലാഹുവിന്റെ ക്രമീകരണത്തെയാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെ അധികാരം, സൃഷ്ടിപ്പ്, മരണം തുടങ്ങിയവയാണോ ഹദീസുകളില്‍ പറഞ്ഞ കര്‍മാനുഷ്ഠാനങ്ങള്‍? അല്ലെന്ന് മനസ്സിലാക്കാന്‍ അതിബുദ്ധിയാവശ്യമില്ലല്ലോ. സൂറതുല്‍ മുര്‍സലാത്തിന്റെ അവസാന സൂക്തത്തിലും ഇത്തരം ഒരു ചോദ്യമുണ്ട്. അത് അവസാന നാളുകളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ്.

ചരിത്രപരമായി ഹദീസ് നിഷേധത്തിന് ന്യായമവതരിപ്പിച്ച് മൗലവി വെട്ടിലായിട്ടുണ്ട്. മുആവിയ(റ)വിന്റെ കാലത്താണ് ഹദീസ് നിര്‍മാണം ആരംഭിക്കുന്നത്. അബൂഹുറൈറ(റ)യും കൂട്ടരുമാണത് നടത്തിയത്. ഇതാണ് മൗലവിയുടെ വാദം. ഇത് മൗലവിയുടെ വിഭ്രമാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. കാരണം ഈ മൂന്ന് സൂറത്തുകളും മക്കയില്‍ അവതരിച്ചതാണ്. അതിലെ സംബോധന ആദ്യമഭിമുഖീകരിക്കുന്നത് മക്കക്കാരാണ്. അതിനാല്‍ തന്നെ ഖുലഫാഉര്‍റാശിദുകളുടെ കാലവും കഴിഞ്ഞ് നിര്‍മിച്ച ഹദീസുകള്‍ വിശ്വസിക്കരുതെന്ന് നാല്‍പത് വര്‍ഷമെങ്കിലും മുമ്പ്, നബി(സ്വ)യുടെ കാലത്തു ജീവിച്ചവരോട് പറഞ്ഞുവെന്ന് വരും. അഥവാ അവിടെ ഉദ്ദേശിക്കപ്പെട്ട ഹദീസ് തിരുനബി(സ്വ) പഠിപ്പിക്കുന്നതും ഓതികേള്‍പ്പിക്കുന്നതുമല്ലാത്ത കേട്ടുകേള്‍വിയും വാറോലകളുമാണ് എന്ന് മക്കക്കാരോടെന്തിന് പറയണം. സൃഷ്ടിപ്പ്, മരണം, അവസാനം, പരലോകം തുടങ്ങിയവയില്‍ ഖുര്‍ആനും ഹദീസും തന്നെയാണ് സ്വീകരിക്കേണ്ടതെന്നാണ് ഉപരിസൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. അതല്ലാതെ, നാല്‍പത് വര്‍ഷം കഴിഞ്ഞ് നിര്‍മിക്കപ്പെടുന്ന വൃത്താന്തങ്ങളില്‍ മക്കക്കാരേ, നിങ്ങളിപ്പോള്‍ വിശ്വസിക്കരുതെന്നല്ല.

ചേകനൂരിസം പുതിയമതം തന്നെ

ഹദീസ് നിഷേധത്തിലൂടെ ഖുര്‍ആന്‍ മാത്രം പ്രമാണമാണെന്ന് സ്ഥാപിച്ച് തന്നിഷ്ടം മതകാര്യങ്ങളാക്കി അവതരിപ്പിക്കുകയാണ് ചേകന്നൂര്‍ മൗലവി ചെയ്തത്. നബി(സ്വ) വഹ്‌യിലൂടെ ലഭിച്ച വിവരണങ്ങള്‍ വഴി ഖുര്‍ആനികാശയങ്ങള്‍ പഠിപ്പിച്ചു. ഖുര്‍ആന്‍ അവതരിച്ചതും അത് പഠിപ്പിക്കുന്നതും നബി(സ്വ) തന്നെ. എന്നാല്‍ ചേകനൂര്‍ പ്രവാചകത്വവാദമുന്നയിക്കാതെ ഖുര്‍ആന്‍ മുന്നില്‍ വെച്ച് സ്വന്തം വ്യാഖ്യാനങ്ങളും വിതണ്ഡവാദങ്ങളും ഉന്നയിക്കുകയാണ്. അഥവാ ഖുര്‍ആനില്ലാതെ അല്ലെങ്കില്‍ വഹ്‌യ് ഇല്ലാതെ ഒരു ദൈവിക മതം അവതരിപ്പിക്കുന്നതിന് പ്രയാസമുണ്ട്. അതിനാല്‍ നബി(സ്വ)ക്കവതരിപ്പിച്ച ഖുര്‍ആന്‍ തന്നിഷ്ടപ്രകാരം വ്യാഖ്യാനിച്ച് മതമുണ്ടാക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. ആ മതത്തിന്റെ ധാരണകളും ആശയങ്ങളും അദ്ദേഹം തന്റെ കൃതികളിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കി. അതിന്റെ ആത്യന്തിക ലക്ഷ്യം യഥാര്‍ത്ഥത്തില്‍ സര്‍വമത സത്യവാദമാണെന്ന് കാണാം.

മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തന്റെ പ്രസ്ഥാനത്തിന് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി എന്നാണ് പേര് നല്‍കിയത്. പ്രഥമദൃഷ്ട്യാ സുന്നത്തെന്ന് കേള്‍ക്കുമ്പോള്‍ നബിചര്യ എന്നു തോന്നിപ്പോകും. അതാണ് മൗലവിയുടെ ഉദ്ദേശ്യവും. സത്യത്തില്‍ ഖുര്‍ആനിന് ചേകനൂര്‍ മൗലവിയായ ഞാന്‍ നല്‍കുന്ന വിവരണമെന്ന ചര്യ എന്നും അതംഗീകരിക്കുന്ന സൊസൈറ്റി എന്നുമാണര്‍ത്ഥം. അല്ലാത്തപക്ഷം സുന്നത്ത് വിരുദ്ധ ഖുര്‍ആനിക് സൊസൈറ്റി എന്നായിരിക്കണമായിരുന്നു പേര് നല്‍കേണ്ടത്. ഖുര്‍ആന്‍ മുന്നില്‍ വെച്ച് ഒരു മതത്തെ തന്നെ സ്ഥാപിക്കാനുള്ള ശ്രമമാണ് മൗലവിയുടെ തിരോധാനത്തോടെ പാതിവഴിയില്‍ മുടങ്ങിയത്.

തികച്ചും ഇസ്‌ലാം വിരുദ്ധമായ ചേകനൂരിസത്തിന്റെ മതനിയമങ്ങള്‍ ഒന്നായി ക്രോഡീകരിക്കപ്പെട്ടത് ലഭിച്ചിട്ടില്ല. ഇസ്‌ലാമിക ശരീഅത്തിനെയും അതിന്റെ പ്രബോധകരായ പണ്ഡിതരെയും ആക്ഷേപിക്കുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുക എന്നല്ലാതെ തനിക്ക് ലഭിച്ച അനുയായികള്‍ക്ക് ഒരു വിശ്വാസ പ്രമാണമോ അനുഷ്ഠാന ക്രമമോ അദ്ദേഹം നല്‍കിയിരുന്നില്ല. ശാഫിഈ ഇമാമിനേക്കാള്‍ വലിയ മുജ്തഹിദായി അവകാശപ്പെട്ട് രംഗത്തുവന്നപ്പോള്‍ അതിനുള്ള യോഗ്യതയും അറിവും ചോദ്യം ചെയ്യപ്പെടുകയും പണ്ഡിതരുടെ മുമ്പില്‍ പലപ്പോഴായി പരാജയം സമ്മതിക്കേണ്ടിവരികയും ചെയ്തപ്പോള്‍ പണ്ഡിത നിന്ദയും ശരീഅത്ത് വിരോധവും ഹദീസ് ശേഖരിച്ചവരോടുള്ള വെറുപ്പും പ്രകടിപ്പിച്ച് കാലം കഴിക്കുകയായിരുന്നു. ഏത് പുസ്തകമെഴുതിയാലും അതിന് ഒരു ആശയം സമര്‍ത്ഥിക്കുന്നതിനേക്കാള്‍ പ്രാധാന്യം പണ്ഡിത വിരോധ വിസര്‍ജനത്തിനായിരിക്കും.

അവസാന കാലത്തെഴുതിയ അനന്തരാവകാശത്തെക്കുറിച്ചു പുസ്തകത്തിലും ആശയങ്ങളെക്കാള്‍ കൂടുതല്‍ പണ്ഡിതന്മാരെയും ഇമാമുകളെയും ശരീഅത്തിനെയും വിമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളത്. തന്‍പോരിമ പറയാനാളുകള്‍ കുറവായതിനാല്‍ സ്വന്തം വിശേഷങ്ങള്‍ അവതരിപ്പിച്ച് തന്റെ പാണ്ഡിത്യവും ഗവേഷണ ബുദ്ധിയും അടിക്കടി എടുത്തുപറഞ്ഞ് സായൂജ്യം കൊള്ളുന്നത് കാണാം. സുന്നിപണ്ഡിതന്മാരോട് പ്രത്യേകം വിരോധം പുലര്‍ത്തിയ മൗലവി ശിയാമുഅ്തസിലി പണ്ഡിതരെ വലിയവരായി പരിചയപ്പെടുത്തുന്നുണ്ട്. സുന്നി ഇമാമുകളുടെ ബുദ്ധിശൂന്യത എന്ന ഒരു അധ്യായം പിന്തുടര്‍ച്ചയെക്കുറിച്ചുള്ള പുസ്തകത്തില്‍ കാണാം. അത് അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ‘സുന്നി ഇമാമുകളുടെ മേല്‍ വിവരിച്ചതുപോലുള്ള സകല ബുദ്ധിശൂന്യതകളിലും ഖുര്‍ആന്‍ പഠിപ്പിച്ച പ്രഗത്ഭരായ ശീആ മുഅ്തസിലീ പണ്ഡിതന്മാര്‍ ആദ്യമേ അവരെ ഉപദേശിച്ചെങ്കിലും അവരുടെ കിബ്‌റും അഹന്തയും ബുദ്ധിശൂന്യതയും നിമിത്തം ആ ഉപദേശങ്ങളോ അവരുടെ സത്യമായ മദ്ഹബുകളോ ഒന്നും സ്വീകരിക്കാതെ ഖുര്‍ആന്‍ പഠിച്ച പണ്ഡിതന്മാര്‍ പറയുന്ന ഒറ്റ സത്യവും തലയില്‍ കയറ്റാതെ…’ (ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം, നിലവിലുള്ള ശരീഅത്തിന്റെ പൊളിച്ചെഴുത്തും. പേ: 160,161). ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുത്ത വ്യതിയാന പ്രസ്ഥാനങ്ങളെയും പണ്ഡിതരെയും മൗലവി എങ്ങനെയാണ് കാണുന്നതെന്ന് കൂടി ഇത് മനസ്സിലാക്കിത്തരുന്നു. മറുപടി അര്‍ഹിക്കാത്ത അബദ്ധങ്ങളും അസംബന്ധങ്ങളും നിറഞ്ഞ ആക്ഷേപങ്ങളാണ് മൗലവിയുടേത്.

സര്‍വമത സത്യവാദം

ലോകത്ത് മഹാഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകളെയും അവരംഗീകരിക്കുന്ന ശരീഅത്തിനെയും ആക്ഷേപിച്ച് അവസാനം തന്റെ സര്‍വ മത സത്യവാദം വെളിപ്പെടുത്തിയതിന് ശേഷമാണ് മൗലവിയുടെ തിരോധാനമുണ്ടായത്. തന്റെ വാദങ്ങളും വീക്ഷണങ്ങളും തികച്ചും ഇസ്‌ലാമില്‍ നിന്നും ഭിന്നമാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സര്‍വ മത സത്യവാദ കൃതി. കുറഞ്ഞ പേജുകളാണെങ്കിലും അതു തന്റെ വിടവാങ്ങല്‍ സമ്മാനമായി, താന്‍ പ്രചരിപ്പിച്ചതിന്റെ സാക്ഷാല്‍ ഉദ്ദേശ്യം വ്യക്തമാക്കുന്ന സൃഷ്ടിയായി.

മറ്റു മതങ്ങള്‍ അസാധുവാക്കാനാണ് ഖുര്‍ആന്‍ വന്നതെന്ന ആശയത്തെ ഖുര്‍ആന്‍ വിരുദ്ധമായും എല്ലാ മതക്കാര്‍ക്കും മോക്ഷമുണ്ടെന്നത് ഖുര്‍ആനികാശയമായും മൗലവി അവതരിപ്പിക്കുന്നു. ചില ഭാഗങ്ങള്‍ ഇവിടെ പകര്‍ത്താം: ‘ഏതൊരു മതക്കാരും തങ്ങളുടെ മതം മാത്രമാണ് മോക്ഷത്തിന്റെയും വിജയത്തിന്റെയും ഏകമാര്‍ഗമെന്ന് വിശ്വസിക്കാന്‍ പാടുള്ളതല്ല. കാരണം ആ വിശ്വാസമുള്ള ആര്‍ക്കും തന്നെ സഹോദര സമുദായങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാനോ ബഹുമാനിക്കാനോ സാധ്യമല്ലെന്നത് തീര്‍ച്ചയാണ് (സര്‍വമത…).

മൗലവിയെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമല്ലാത്തതെല്ലാം ശരിയും ഇസ്‌ലാമും അതിന്റെ ശരീഅത്തും വെറുക്കപ്പെട്ടതുമാണ്. അതിനാല്‍ തന്നെ തന്റെ ശരിക്കെതിരായവരെ മൗലവിക്ക് അതികഠിനമായ വെറുപ്പാണ്. അവരെ വിമര്‍ശിക്കാനും ആക്ഷേപിക്കാനും അദ്ദേഹത്തിന് വൃത്തികെട്ട പദങ്ങള്‍ വരെ വഴങ്ങുന്നുണ്ട്. സ്വന്തം സ്വഭാവം നല്‍കുന്ന പാഠമാണദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാല്‍ ജീവകാരുണ്യവും മനുഷ്യസ്‌നേഹവും ദീനാനുകമ്പയും പുലര്‍ത്താനും പകരാനും വിശ്വാസിക്ക് തന്റെ മതം തടസ്സമാവില്ല. മതത്തിന്റെ നിര്‍ദേശമാണത്. മറിച്ചൊരാലോചന മതത്തിന് പുറത്ത് കടന്നവന്റെ വിഭ്രമ വിചാരം മാത്രമാണ്.

പ്രസ്തുത പുസ്തകത്തില്‍ മൗലവിയുടെ വാദവും അതിനുദ്ധരിച്ച തെളിവുകളും പരസ്പരം പൊരുത്തപ്പെടുന്നതല്ല. ‘ഓരോ മതക്കാരും തങ്ങളുടെ മതത്തെ പറ്റി വിജയത്തിന്റെയും മോക്ഷത്തിന്റെയും ഒരു മാര്‍ഗമാണെന്നല്ലാതെ അത് മാത്രമാണ് ആ മാര്‍ഗമെന്ന് ഒരിക്കലും അവകാശപ്പെടാന്‍ പാടില്ലാത്തതാണ് (സര്‍വമത…).

മൗലവി പറയും പ്രകാരമാണെങ്കില്‍ നബി(സ്വ) കൂടുതല്‍ ത്യാഗമനുഷ്ഠിക്കേണ്ടിയില്ലായിരുന്നുവല്ലോ. അഡ്ജസ്റ്റ്‌മെന്റിനു വന്ന മക്കക്കാരോട് നബി(സ്വ)യുടെ പ്രതികരണമെന്തായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയതാണല്ലോ. അവരുടെ മതസങ്കല്‍പങ്ങളെയും അതിലെ ധാരണകളെയും തിരുനബി(സ്വ) തിരുത്തിയതാണ് അവര്‍ നബി(സ്വ)യോട് ശത്രുത പുലര്‍ത്താന്‍ തന്നെ കാരണം. വേദക്കാരായ ജൂത-ക്രിസ്ത്യാനികളോട് നബി(സ്വ)യിലും ഖുര്‍ആനിലും വിശ്വസിക്കാന്‍ നിര്‍ദേശിക്കുകയാണ് ഖുര്‍ആന്‍. വിശ്വസിക്കാത്തവര്‍ നിഷേധികളാണെന്നാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ‘നിങ്ങളുടെ കൈവശമുള്ള വേദങ്ങളെ ശരിവെക്കുന്നവിധം ഞാനവതരിപ്പിച്ച വേദത്തില്‍ നിങ്ങള്‍ വിശ്വസിക്കുക. അതിനെ ആദ്യം നിഷേധിക്കുന്നവര്‍ നിങ്ങളാവരുത്’ (അല്‍ബഖറ: 41).

‘വേദത്തില്‍ നിന്ന് അല്‍പം നല്‍കപ്പെട്ടവരെ അങ്ങ് കാണുന്നില്ലേ, അവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനായി അല്ലാഹുവിന്റെ വേദത്തിലേക്കവര്‍ ക്ഷണിക്കപ്പെട്ടാല്‍ അവരില്‍ നിന്ന് ഒരു വിഭാഗം ഒഴിഞ്ഞുമാറി പിന്തിരിയുന്നവരാണ് (ആലുഇംറാന്‍: 23).

ഈ സൂക്തങ്ങളില്‍ തൗറാത്തിന്റെയും ഇഞ്ചീലിന്റെയും ആളുകളായി അറിയപ്പെടുന്നവരെ ഖുര്‍

ആനിലേക്ക് ക്ഷണിക്കുമ്പോള്‍ നിരാകരിക്കുന്നതിനെ സത്യനിഷേധമായാണ് സൂചിപ്പിച്ചിട്ടുള്ളത് എന്നതും വ്യക്തമാണല്ലോ. ഇതോടൊപ്പം ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കേണ്ടതുണ്ട്. അഥവാ ആലുഇംറാന്‍ സൂറത്തിലെ അറുപത്തിഒന്നാം സൂക്തത്തില്‍ ക്രിസ്ത്യാനികളെ മുബാഹലക്ക് ക്ഷണിക്കാന്‍ പറയുന്നുണ്ട്. ‘അങ്ങേക്ക് യഥാര്‍ത്ഥ വിവരം ലഭിച്ചശേഷം ഈസാ നബി(അ)ന്റെ കാര്യത്തില്‍ തര്‍ക്കിക്കാന്‍ ആരെങ്കിലും വന്നാല്‍ അവരോട് താങ്കള്‍ പറയുക. നിങ്ങള്‍ വരൂ, ഞങ്ങളും നിങ്ങളുമടക്കം ഞങ്ങളുടെയും നിങ്ങളുടെയും ഭാര്യാസന്താനങ്ങളെയും നമുക്ക് വിളിച്ചുചേര്‍ക്കാം. എന്നിട്ട് നമുക്കൊന്നായി, കള്ളം പറയുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് അകമഴിഞ്ഞ് പ്രാര്‍ത്ഥിക്കാം’ (ആലുഇംറാന്‍: 61).

മറുഭാഗത്തിന്റേത് കളവാണെന്നതിനാലാണല്ലോ ഖുര്‍ആന്‍ ഖണ്ഡിതമായി അങ്ങനെ പ്രഖ്യാപിച്ചത്. രണ്ടും ശരിയാണെങ്കില്‍ കള്ളം പറയുന്ന പ്രശ്‌നമില്ല. പരസ്പരം ശാപപ്രാര്‍ത്ഥന നടത്തേണ്ട ആവശ്യവുമില്ല. തങ്ങള്‍ കള്ളം പറയുന്നുവെന്നംഗീകരിക്കുന്നതിനാല്‍ തന്നെ. മുബാഹലക്കൊരുങ്ങിയവര്‍ പിന്തിരിഞ്ഞെന്നാണ് ചരിത്രം. മുബാഹലക്കൊരുങ്ങിയ നജ്‌റാന്‍കാരുടെ സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിച്ചതാണ്. ഇതിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നുഹജറിനില്‍ അസ്ഖലാനി(റ) ഇത് കൂടി പറയുന്നുണ്ട്: ഒരു അവിശ്വാസി നുബുവ്വത്ത് അംഗീകരിച്ചതുകൊണ്ടു മാത്രം ഇസ്‌ലാമില്‍ പ്രവേശിക്കുന്നില്ല. ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ മുറുകെ പിടിച്ചാലല്ലാതെ (ഫത്ഹുല്‍ബാരി: 7/697).

യഥാര്‍ത്ഥത്തില്‍ ഈ പുസ്തകത്തിലൂടെ തന്റെ മതമേതെന്ന് വ്യക്തമാക്കുകയായിരുന്നു ചേകനൂര്‍. ഇസ്‌ലാമല്ലാത്ത ഒന്നിനോടും പരിഭവമില്ലാത്ത ഒരു മതമാണ് തന്റേതെന്നാണത്. അതിനാവശ്യമായ കാര്യങ്ങളാണ് ആദ്യകാലങ്ങളില്‍ ഓരോന്നായി പറഞ്ഞതും എഴുതിയതും.

ഖുര്‍ആന്‍ പറയുന്നത്

ഇസ്‌ലാമല്ലാത്ത ഒരു മതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ലെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്: ‘ഇസ്‌ലാമല്ലാത്തതിനെ മതമായി ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവനില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്ത് അവന്‍ പരാജിതരില്‍ പെട്ടവനായിരിക്കും’ (ആലുഇംറാന്‍: 85).

ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ വേറെയുമുണ്ട്. വേദക്കാരായ ആളുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ലഭ്യമായിട്ടും കടുപിടുത്തത്തില്‍ കഴിയുന്നതിനെ സത്യനിഷേധമായിട്ടാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

സര്‍വമത സത്യവാദമുന്നയിക്കുമ്പോഴും മൗലവിയുടെ വിഭ്രമാവസ്ഥകള്‍ അദ്ദേഹത്തെ പുറംതിരിഞ്ഞ് കുത്തുന്നത് കാണാം. അബൂഹുറൈറ(റ)വിനെയും വാങ്കിനെയും ശഹാദത്തിനെയും വിമര്‍ശിച്ച് കൊണ്ടദ്ദേഹം എഴുതി:

‘ഇതര മതസ്ഥരെ നമ്മുടെ നമസ്‌കാരത്തിലേക്കോ ഖുതുബയിലേക്കോ ഒരിക്കലും ആകര്‍ഷിക്കപ്പെടരുതെന്ന ദുഷ്ടബുദ്ധി കൊണ്ട് മാത്രമാണ്, സാധാരണ നബിയുടെ പേരില്‍ ശഹാദത്ത് ചൊല്ലാന്‍ ഇഷ്ടപ്പെടാത്ത ജൂത മുനാഫിഖായ അബൂഹുറൈറ ബാങ്കിലും ഇഖാമത്തിലും നമസ്‌കാരത്തിലും ഖുതുബയിലും നബിയുടെ പേരിലുള്ള ശഹാദത്ത് നിര്‍ബന്ധപൂര്‍വം തുന്നിച്ചേര്‍ക്കാന്‍ ഇടയായത്. അല്ലാതെ ഇസ്‌ലാമിനോടുള്ള കൂറുകൊണ്ടല്ല എന്നത് തീര്‍ച്ച (ഖുര്‍ആന്‍ വിരുദ്ധ ബാങ്കും ജമാഅത്തും).

ശഹാദത്ത് കലിമയുടെ രണ്ടാം ഭാഗമായ അശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്നത് വാങ്കിലും ഇഖാമത്തിലും നിസ്‌കാരത്തിലും ഖുതുബയിലും പറയുന്നത് കാരണം ഇതര മതസ്ഥര്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാതിരിക്കുമെന്ന് സ്വയം പറഞ്ഞ് പരിതപിക്കുകയാണ് മൗലവി. സര്‍വമത സത്യവാദിയെന്തിനാണ് ഒരാള്‍ ഇസ്‌ലാമിലേക്ക് വരാതിരിക്കുന്നതില്‍ പരിഭവിക്കുന്നത്. അയാളും സത്യത്തിലാണെന്നല്ലേ സര്‍വമത സമത്വവാദത്തിന്റെ താല്‍പര്യം. മാത്രമല്ല, ശഹാദത്തിന്റെ രണ്ടാം ഭാഗം അംഗീകരിച്ചു പറയാതെ മുസ്‌ലിമാവുകയില്ലല്ലല്ലോ. പണ്ഡിത വിരോധവും ഇസ്‌ലാം വിരോധവും തലക്കുപിടിച്ചതിന്റെ വിഭ്രമമാണിവിടെയെല്ലാം പ്രകടമാവുന്നത്.

എതിര്‍ത്ത് പേരെടുക്കുന്നു

ചേകനൂര്‍ മതം എന്തെങ്കിലും നിര്‍മാണാത്മകമായ തത്ത്വങ്ങളല്ല മുന്നോട്ടുവെക്കുന്നതെന്ന് അവരുടെ ആശയങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. ചേകനൂര്‍ മൗലവിയുടെ ആദര്‍ശ പടയോട്ടം എന്ന ഒരു ലഘുകൃതി യൂസുഫ് കരുനാഗപ്പള്ളി എം.എ. എന്നയാളുടേത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. താനും മോശക്കാരനല്ല എന്ന് സ്വയം അവകാശവാദം നടത്തിയാണതിന്റെ രചന. അതിന്റെ അവസാനത്തില്‍ ചേകനൂര്‍ മതത്തിന്റെ പ്രധാന ആശയങ്ങള്‍ ചുരുക്കി പറഞ്ഞിട്ടുണ്ട്. ആരോടൊക്കെയോ ഉള്ള വിരോധം തീര്‍ക്കുക എന്നതാണ് ചേകനൂരീ മതത്തിന്റെ ആദര്‍ശമെന് അതില്‍നിന്ന് മനസിലാകും. അഞ്ചു നേരത്തെ നിസ്‌കാരം ഖുര്‍ആന്‍ വിരുദ്ധം, ബാങ്കും ഇഖാമത്തും അത്തഹിയ്യാത്തും ഖുര്‍ആന്‍ വിരുദ്ധം, ഹജ്ജിലെ കല്ലേറ് ഖുര്‍ആന്‍ വിരുദ്ധം, ഹജറുല്‍ അസ്‌വദിനെ ചുംബിക്കല്‍ ഖുര്‍ആന്‍ വിരുദ്ധം, ചേലാസുന്നത്ത്കര്‍മം ഖുര്‍ആന്‍ വിരുദ്ധം, മതപരിവര്‍ത്തനം ഖുര്‍ആന്‍ വിരുദ്ധം, ഹജ്ജ് കൊണ്ട് പാപം പൊറുക്കപ്പെടില്ല, ഒരേസമയം മൂന്ന് ത്വലാഖ് ചെയ്യല്‍ ഖുര്‍ആന്‍ വിരുദ്ധം, ജുമുഅ, ബക്രീദ് ഒഴിച്ചുള്ള സംഘടിത നിസ്‌കാരങ്ങള്‍ ഖുര്‍ആന്‍ വിരുദ്ധം, പര്‍ദ ഖുര്‍ആന്‍ വിരുദ്ധം (പേ: 11).

വിരുദ്ധം എന്ന് പ്രയോഗിക്കണമെങ്കില്‍ വിരോധിക്കപ്പെട്ടതോ വിപരീതമായതോ ആകണം. അഞ്ച് നേരത്തെ നിസ്‌കാരം ഖുര്‍ആന്‍ വിരുദ്ധമാവണമെങ്കില്‍ അഞ്ച് നേരം നിസ്‌കരിക്കരുതെന്ന് അല്ലാഹു പറയണം. അല്ലെങ്കില്‍ ഒന്ന് മുതല്‍ നാല് വരെയോ ആറും അതിലധികവും നേരങ്ങള്‍ നിങ്ങള്‍ നിസ്‌കരിക്കുക എന്നോ പറയണം. അപ്പോഴേ വിരുദ്ധം എന്ന് പറയാനാവൂ. ഇത് മലയാളം സാമാന്യം പഠിച്ചവര്‍ക്ക് മനസ്സിലാവും. (ശ്രീകണ്‌ഠേശ്വരം പത്മനാഭ പിള്ളയുടെ ശബ്ദ താരാവലി -പന്ത്രണ്ടാം എഡിഷന്‍-യുടെ 1588-ാം പേജില്‍ ഇത് വിശദീകരിക്കുന്നുണ്ട്). മുകളില്‍ സൂചിപ്പിച്ച വിരുദ്ധങ്ങള്‍ക്കെല്ലാം ഈ രൂപത്തില്‍ തന്നെ പരാമര്‍ശങ്ങളുണ്ടായെങ്കിലേ ഇത്തരത്തിലൊരു വിരുദ്ധ പ്രയോഗം തന്നെ ശരിയാവുകയുള്ളൂ. അതേസമയം, ഹജ്ജ് കൊണ്ട് പാപം പൊറുക്കില്ല എന്ന് ഖുര്‍ആന്‍ പറഞ്ഞതായി തെളിയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മൗലവിയുടെ പുസ്തകങ്ങള്‍ വായിച്ചൂം വാചകക്കസര്‍ത്ത് കേട്ടും വഞ്ചിതരായവര്‍ എന്നേ ഗ്രന്ഥകാരനെയും പ്രസാധകനെയും സ്‌പോണ്‍സറെയും കുറിച്ച് മനസ്സിലാക്കാനാവൂ.

നിസ്‌കാരത്തിന്റെ വഖ്തുകള്‍

നിസ്‌കാരത്തിന്റെ വഖ്തുകള്‍ അഞ്ചാണെന്ന് ഏതൊരു മുസ്‌ലിമിനും അറിയാം. എന്നാല്‍ അത് മൂന്ന് നേരമാക്കിയത് ആദ്യം ആരാണെന്ന് പലര്‍ക്കുമറിയണമെന്നില്ല. നബി(സ്വ) ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ പ്രവാചകത്വ വാദമുന്നയിച്ച് രംഗത്തുവന്ന മുസൈലിമതുല്‍കദ്ദാബായിരുന്നു നിസ്‌കാരം ആദ്യമായി മൂന്ന് വഖ്താക്കിയത്. തിരുനബി(സ്വ)യുടെ വഫാത്തിന് ശേഷം ബനൂതമീമിലെ സജാഹ് എന്ന വനിത പ്രവാചകത്വ വാദമുന്നയിച്ച് രംഗപ്രവേശം ചെയ്തു. അവള്‍ തന്റെ അനുയായികളെയും കൂട്ടി, നേരത്തെത്തന്നെ കള്ള പ്രവാചകനായി  രംഗത്ത് വന്ന മുസൈലിമയുടെ യമാമ പിടിച്ചടക്കാന്‍ ചെന്നു. പേടിച്ചരണ്ട മുസൈലിമത്ത് രാജ്യം പകുതി തരാമെന്ന് പറഞ്ഞ് സന്ധിയിലായി. അങ്ങനെ അവര്‍ രണ്ടുപേരും ഒരു കൂടാരത്തിനകത്തു സന്ധിച്ചു. സംഭാഷണങ്ങള്‍ക്കൊടുവില്‍ ഇരുവരും വിവാഹിതരായി പ്രഖ്യാപിച്ചു. മൂന്ന് ദിവസം ഒരുമിച്ചുകഴിഞ്ഞ ശേഷം നാട്ടിലേക്ക് മടങ്ങിയ സജാഹിനോട് മുസൈലിമ മഹ്‌റായി എന്ത് നല്‍കിയെന്ന് നാട്ടുകാര്‍ ചോദിച്ചു. അവള്‍ മുസൈലിമയുടെ അടുത്തേക്ക് ആളയച്ച് കാര്യം പറഞ്ഞു. വിളംബരം ചെയ്യുന്നവനെ അങ്ങോട്ടയക്കാന്‍ മുസൈലിമ പറഞ്ഞു. അയാളോട് മുസൈലിമ ഇങ്ങനെ നിര്‍ദേശിച്ചു: ‘മുഹമ്മദ്(സ്വ) കൊണ്ടുവന്ന അഞ്ച് നേരത്തെ നിസ്‌കാരത്തില്‍ നിന്ന് രണ്ടു നേരങ്ങളിലെ നിസ്‌കാരം മുസൈലിമ (ഇശാഉം സ്വുബ്ഹിയും) ഒഴിവാക്കിയിരിക്കുന്നു, ഇതാണ് മുസൈലിമ സജാഹിന് മഹ്‌റായി നല്‍കിയിട്ടുള്ളത് എന്ന് വിളിച്ചുപറയുക (അല്‍ബിദായതുവന്നിഹായ 6/353).

~ഒരു കള്ളപ്രവാചകന്‍ തന്റെ ഭാര്യയായ കള്ളപ്രവാചകക്ക് വിവാഹമൂല്യമായിട്ടാണ് രണ്ട് നേരത്തെ നിസ്‌കാരം വെട്ടിച്ചുരുക്കി മൂന്നാക്കിയത്. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഒരു ആയത്തിനെ ദുര്‍വ്യാഖ്യാനിച്ചാണ് മുസൈലിമത്തിന്റെ ഈ മൂന്ന് വഖ്ത് വാദം തന്റെ പട്ടികയില്‍ ചേര്‍ക്കാന്‍ ചേകനൂര്‍ ഉത്സുകനായത്. സൂറത്തുഹൂദിലെ 114-ാം സൂക്തത്തിന് പകലിന്റെ രണ്ട് അറ്റങ്ങളിലും രാത്രിയുടെ ഭാഗങ്ങളിലും നിസ്‌കാരത്തെ നിലനിര്‍ത്തുക എന്ന് അല്ലാഹു പറയുന്നുണ്ട്. രണ്ടറ്റങ്ങള്‍ രണ്ട് നിസ്‌കാരങ്ങളെ കുറിക്കുന്നു. രാത്രിയുടെ ഭാഗങ്ങളിലെ നിസ്‌കാരങ്ങള്‍ എന്നത് ശേഷിക്കുന്ന മൂന്ന് നിസ്‌കാരങ്ങളെയും. കാരണം അറബിഭാഷയില്‍ ബഹുവചനം മൂന്നെണ്ണത്തിനെയെങ്കിലും സൂചിപ്പിക്കുന്നതാണ്. അതിനാല്‍ അഞ്ച് വഖ്ത് നിസ്‌കാരങ്ങള്‍ക്ക് ഇത് തന്നെ തെളിവാണ് എന്ന് പണ്ഡിതന്മാര്‍ സമര്‍ത്ഥിച്ചിട്ടുണ്ട്.

ഇനി സൂക്തത്തിന്റെ ആശയം ഇങ്ങനെയും ഗ്രഹിക്കാവുന്നതാണ്. പകലിന്റെ രണ്ട് ഭാഗങ്ങളിലും നിസ്‌കാരങ്ങളുണ്ട്. രാത്രിയുടെ ആദ്യഭാഗത്ത് മാത്രമേ നിസ്‌കാരങ്ങളുള്ളൂ. പകലിന്റെ ആദ്യഭാഗത്ത് സ്വുബ്ഹിയും രണ്ടാം ഭാഗത്ത് ളുഹ്‌റും അസ്വറും രാത്രിയുടെ ആദ്യത്തില്‍ മഗ്രിബും ഇശാഉം. രണ്ടാം ഭാഗമായ അര്‍ദ്ധരാത്രിക്ക് ശേഷം നിര്‍ബന്ധ നിസ്‌കാരമില്ല. ഇശാഅ് വൈകിച്ചാല്‍ മാത്രമേ നിര്‍ബന്ധ നിസ്‌കാരം അപ്പോഴുണ്ടാവൂ. ‘സഹര്‍’ അതായത് അത്താഴ സമയ നിസ്‌കാരം ഫര്‍ളില്ല എന്നര്‍ത്ഥം. ഈ ആയത്തില്‍ നിന്നുതന്നെ അഞ്ച് വഖ്ത് നിസ്‌കാരം മനസ്സിലാക്കാനാവുമെന്നതിന് പുറമെ അനുബന്ധമായി ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് ഒരു ആയത്തില്‍ തന്നെ അഞ്ച് നേരത്തെ നിസ്‌കാരമുണ്ടാവണമെണ് വാശിപിടിക്കുന്നതെന്തിനാണ്. പല ആയത്തുകളിലായി ഒരു വിഷയം പൂര്‍ത്തിയാക്കുന്നതില്‍ അനൗചിത്യമില്ല. ഒരു ആയത്തില്‍ തന്നെ ഒരനുഷ്ഠാനത്തെ വിശദമായി പറയുന്ന രീതിയല്ല പൊതുവെ ഖുര്‍ആനിന്റേത്. അതിനാല്‍ മുസൈലിമയോടൊപ്പം നിന്ന് നബി(സ്വ)ക്കെതിരാവുക എന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള വാദമാണിത്.

സൂറത്തുര്‍റൂമിലെ 17,18 ആയത്തുകളും സൂറതുല്‍ ഇസ്‌റാഇലെ 78-ാം ആയത്തും സൂറത്തുന്നൂറിലെ 58-ാം സൂക്തവും സൂറതുല്‍ ബഖറയിലെ 238-ാം സൂക്തവും വ്യത്യസ്ത നിസ്‌കാരങ്ങളുടെ സമയവും പേരും വ്യക്തമാക്കുന്നുണ്ട്. അത് എല്ലാം ചേര്‍ത്ത് വെച്ചാല്‍ ഫര്‍ള് നിസ്‌കാരങ്ങള്‍ അഞ്ച് വഖ്താണെന്ന് കാണാവുന്നതാണ്. സൂറത്തുന്നൂറിലെ 17, 18 ആയത്തുകള്‍ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ നേതാവായ ഇബ്‌നു അബ്ബാസ്(റ) ‘ഈ സൂക്തത്തില്‍ അഞ്ച് നേരത്തെ നിസ്‌കാരങ്ങളും ഒന്നിച്ച് വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്’ (തഫ്‌സീറുത്ത്വിബ്‌രി). മുജാഹിദ്(റ)വില്‍ നിന്നും ഇതേ വ്യാഖ്യാനം ഇമാം ത്വിബ്‌രി(റ) ഉദ്ധരിച്ചിട്ടുണ്ട്. ‘അഞ്ച് നേരത്തെ നിസ്‌കാരങ്ങളും നേരങ്ങളും ഖുര്‍ആനിലുണ്ടെന്ന് ഇബ്‌നുഅബ്ബാസ്(റ) പറഞ്ഞപ്പോള്‍ അദ്ദേഹത്തോട് വിശദീകരണം തേടി. അതിന് മറുപടിയായി മഹാന്‍ ഈ ആയത്തുകളുദ്ധരിച്ച് (റൂമിലെ 17,18) വിവരിക്കുകയുണ്ടായി’ (തഫ്‌സീര്‍ ഖുര്‍ത്വുബി).

മുസ്‌ലിം ഉമ്മത്തിന്റെ സല്‍സരണിയില്‍ ഇന്നുവരെ നിസ്‌കാരത്തിന്റെ വഖ്തുകളുടെ എണ്ണം അഞ്ചില്‍ കുറവായിട്ടില്ല. നബി(സ്വ)യോടൊപ്പവും ഖുര്‍ആനോടൊപ്പവുമാണ് മുസ്‌ലിംകള്‍ എല്ലാ കാലവും നിന്നിട്ടുള്ളത്. അബൂബക്‌റില്‍ ജസ്സ്വാസ്വ്(റ) എഴുതുന്നു: ‘നബി(സ്വ)യില്‍ നിന്നും അനിഷേധ്യമായിട്ടുള്ള വചനങ്ങള്‍ വന്നിട്ടുള്ളതും വാക്കാലും പ്രവൃത്തിയാലും സമുദായം കൈമാറ്റം ചെയ്തിട്ടുള്ളതുമായ വിവരമാണ് അഞ്ചു നേരത്തെ നിസ്‌കാരം ഫര്‍ളാണ് എന്നത്. അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ ഫര്‍ളാണെന്ന വിഷയത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല തന്നെ’ (അഹ്കാമുല്‍ഖുര്‍ആന്‍ 3/248).

ബുദ്ധിജീവികളുടെ നാട്യങ്ങള്‍

ചേകനൂര്‍ മൗലവി ഉയര്‍ത്തിയ വിതണ്ഡവാദങ്ങള്‍ തന്റെ കൃതികളില്‍ പരന്നുകിടക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിച്ചുകൊണ്ടാണ് എല്ലാ വാദങ്ങളും ഉന്നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ വാദവും തെളിവുകളും തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാകാറില്ല. പണ്ഡിത വിരോധം പ്രസരിപ്പിച്ചാല്‍ കൂടെകൂടാന്‍ ഇസ്‌ലാം വിരുദ്ധരായ ചിലരെ കിട്ടുമെന്നറിയുന്നതിനാല്‍ തെളിവുദ്ധരിക്കുന്നതിനേക്കാള്‍ പണ്ഡിത നിന്ദയാണ് പ്രചാരണത്തിനുള്ള ചെപ്പടി വിദ്യ. പണ്ഡിത വിരോധം പ്രകടിപ്പിക്കുമ്പോഴാണ് ബുദ്ധിജീവികളെന്ന് നടിക്കുന്നവര്‍ കൂടുതല്‍ ആകൃഷ്ടരാവുന്നത്. മതം പഠിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യാത്ത, മതം അംഗീകരിച്ച് ജീവിക്കാന്‍ തയ്യാറല്ലാത്ത കാരശ്ശേരി-ചേന്ദമംഗല്ലൂര്‍മാരെ വിളിക്കാന്‍ മുഖ്യധാരക്കും ഇഷ്ടമാണ്. ഖുര്‍ആനെ അംഗീകരിക്കുന്നുവെന്നും അത് പ്രമാണമാണെന്നും പറഞ്ഞുകൊണ്ടാണ് മൗലവി ഖുര്‍ആനെ ധിക്കരിക്കുന്നത്. എന്നാല്‍ കൂടെ കുഴലൂത്ത് നടത്തുന്ന ‘ബുദ്ധിജീവികള്‍’ പലരും ഖുര്‍ആന്‍ പാടെ നിരാകരിക്കുന്നവരാണ് എന്നതാണ് വൈരുദ്ധ്യം. ചുരുക്കത്തില്‍ ‘പോത്തിനെ ഇറക്കി അപരന്റെ വാഴ നശിപ്പിക്കുക’ എന്ന പോലെ ചേകനൂരിനെ  പ്രോത്സാഹിപ്പിച്ച് ഇസ്‌ലാമിനെ തകര്‍ക്കാനാവുമെന്നാണ് ചില മതരഹിതര്‍ വിചാരിക്കുന്നത്. ഇപ്പോള്‍ ചേകനൂരിന്റെ പിന്‍മുറക്കാരി ജാമിദ ടീച്ചറെ എഴുന്നള്ളിക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണ്. പക്ഷേ, മുഹമ്മദ് നബി(സ്വ)യുടെ മതം ആരു വികൃതമാക്കാനിറങ്ങിയാലും അവരെ അവഗണിക്കാന്‍ സത്യവിശ്വാസികള്‍ക്കറിയാം.

Thursday, February 22, 2018

ചേകനൂരിസം

ഇസ്‌ലാമല്ല ചേകനൂരിസം

● അലവിക്കുട്ടി ഫൈസി എടക്കര

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

R

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....