Showing posts with label സ്ത്രീ ജുമുഅ ജമാഅത്ത് പള്ളിയിൽ പമാണങ്ങൾ. Show all posts
Showing posts with label സ്ത്രീ ജുമുഅ ജമാഅത്ത് പള്ളിയിൽ പമാണങ്ങൾ. Show all posts

Sunday, April 8, 2018

സ്ത്രീ ജുമുഅ ജമാഅത്ത് പള്ളിയിൽ പമാണങ്ങൾ


സ്ത്രീ ജുമുഅ ജമാഅത്ത്: പെണ്‍ ദുര്യോഗത്തിന് ഒപ്പുചാര്‍ത്തുകയോ?● എം.കെ അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

sthree jumua - malayalam
സ്ത്രീത്വത്തിന് പരിശുദ്ധി നല്‍കി അവളെ ഇസ്‌ലാം ആദരിച്ചു. മറ്റു മതങ്ങളില്‍ നിന്ന് വ്യതിരിക്തവും യുക്തിഭദ്രവുമായ നിലപാടുകളാണ് സ്ത്രീയുടെ വിഷയത്തില്‍ ഇസ്‌ലാം കൈക്കൊണ്ടത്.  സ്ത്രീകള്‍ നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങള്‍ അവരുടെ വസ്ത്രങ്ങളുമാണെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം. ഭൂമിയിലെ വിഭവങ്ങളില്‍ ഏറ്റവും മഹത്തരമായത് സച്ചരിതയായ സ്ത്രീയാണെന്ന് പ്രവാചകര്‍(സ്വ) അനുയായികളെ പഠിപ്പിച്ചു.

സ്ത്രീപ്രകൃതിക്കനുസരിച്ചുള്ള മുഴുവന്‍ അവകാശങ്ങളും ഇസ്‌ലാം അവര്‍ക്ക് കല്‍പിച്ചുനല്‍കിയിട്ടുണ്ട്. സ്ത്രീ കയ്യേറ്റങ്ങള്‍ക്ക് വിധേയയാവാതിരിക്കാന്‍ ആവശ്യമായ മുഴുവന്‍ നിയമനിര്‍ദേശങ്ങളും ഇസ്‌ലാം സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട്.

മുഴുവന്‍ മേഖലയിലും അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കി. ഇസ്‌ലാമിക രീതിയിലുള്ള ജീവിതപ്രയാണത്തില്‍ അവളുടെ പരിശുദ്ധിക്ക് കളങ്കമേല്‍ക്കേണ്ടിവരില്ല.  പ്രപഞ്ച നാഥന്‍ ക്രമീകരിച്ച  നിയമസംഹിതയിലെ നിയന്ത്രണങ്ങള്‍ ഒരുപക്ഷേ, വര്‍ത്തമാന സാഹചര്യത്തിലെ അല്‍പബുദ്ധികള്‍ക്ക് അരോചകമായിതോന്നാം. എന്നാല്‍, സ്‌ത്രൈണതയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന ധര്‍മമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം നിയമശാസനകള്‍ നിര്‍വഹിക്കുന്നത്.

സ്ത്രീസമൂഹത്തിന്റെ രംഗപ്രവേശം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുത്തന്‍ സാമ്രാജ്യത്വ അജണ്ടകളാണ് ഇസ്‌ലാമിനകത്ത് സ്ത്രീ അസ്വതന്ത്രയാണെന്ന് മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം. സ്‌ത്രൈണതയുടെ അംഗലാവണ്യം വില്‍പനച്ചരക്കാക്കി ലാഭം കൊയ്യുന്ന ഇത്തരം ആഗോള കുത്തകകള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുകയാണ് ചെയ്തത്.

പ്രകൃതിപരമായിത്തന്നെ ദൗര്‍ബല്യങ്ങളുള്ളവരാണ്  സ്ത്രീകള്‍. പുരുഷനോളം ഊര്‍ജ്ജസ്വലതയും തന്റേടവും പ്രകടിപ്പിക്കാന്‍ പൊതുവെ സ്ത്രീകള്‍ക്കാവില്ല. കായിക ശക്തിയിലും മന:ക്കരുത്തിലും ബുദ്ധിവൈഭവത്തിലും പുരുഷനൊപ്പം സ്ത്രീ എത്തുകയുമില്ല. തുല്യ വയസ്സുള്ള സ്ത്രീ-പുരുഷന്മാര്‍ തൂക്കം, പൊക്കം, ശക്തി, അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവയിലെല്ലാം കാര്യമായ അന്തരമുണ്ടെന്നത് ശാസ്ത്ര സത്യമാണ്.

ബുദ്ധി, വിജ്ഞാനാദികളുടെ സിരാകേന്ദ്രമായ തലച്ചോറിന്റെ കാര്യത്തില്‍ വരെ ഈ വ്യത്യാസം ഏറെ പ്രകടം. പുരുഷന്റെ തലച്ചോര്‍ 1375 ഗ്രാം ഉള്ളപ്പോള്‍ സ്ത്രീയുടേത് 1260 ഗ്രാം മാത്രമാണുള്ളത്. രക്തവും രക്തത്തിലെ ചുവന്ന അണുക്കളും പുരുഷശരീരത്തിലാണ് കൂടുതലുള്ളത്. 100 ക്യൂബിക് സെന്റിമീറ്റര്‍ പുരുഷ രക്തത്തില്‍ 16 ഗ്രാം ‘ഹീമോഗ്‌ളോബിന്‍’ ഉള്ളപ്പോള്‍ സ്ത്രീ രക്തത്തില്‍ അതിന്റെ അളവ് 14 ഗ്രാം മാത്രമാണ്. അതുപോലെ സ്ത്രീയുടെ ഹൃദയം പുരുഷന്റേതിനേക്കാള്‍ 50 ഗ്രാം കുറവാണ്. അതിന്റെ മാംസപേശികളിലും കാണാം ഈ അന്തരം. അപ്പോള്‍ പ്രവര്‍ത്തനശേഷി സ്വാഭാവികമായും കുറയുമല്ലോ? പ്രകൃതിപരമായ ഇത്തരം വ്യത്യാസങ്ങള്‍ പരിഗണിച്ചുകൊണ്ട് വ്യക്തവും സുതാര്യവുമായാണ് സ്ത്രീകളെ സംബന്ധിച്ചുള്ള നിയമസംഹിതകള്‍ ഇസ്‌ലാം രൂപകല്‍പന ചെയ്തിരിക്കുന്നത്. ജീവിതപ്രയാണത്തിലെ മുഴുവന്‍ മേഖലയിലും അനുവര്‍ത്തിക്കേണ്ട വ്യക്തമായ അധ്യാപനങ്ങള്‍ വിശുദ്ധ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്.

ജുമുഅ-ജമാഅത്ത് നിയമമാക്കിയതിന്റെ പരമപ്രധാനമായ ലക്ഷ്യം വിശ്വാസത്തിന്റെ ചിഹ്നമായ നിസ്‌കാരം അതിന്റെ പ്രകടമായ അടയാളങ്ങളില്‍ മുഖ്യമായ ജമാഅത്തിലൂടെ പരസ്യമായി നിര്‍വഹിക്കുകവഴി വിശ്വാസത്തിന്റെയും മുസ്‌ലിംകളുടെയും ഒരോ നാട്ടിലുമുള്ള സാന്നിധ്യം അറിയിക്കുക എന്നതാണ്. ഇതിന്റെ പൂര്‍ത്തീകരണത്തിന് പരസ്യമായ, ആര്‍ക്കും മടികൂടാതെ കയറിവരാവുന്ന സ്ഥലത്തുവെച്ചു അഞ്ചുനേരത്തെ നിസ്‌കാരങ്ങളും ജുമുഅയും ജമാഅത്തായി നിര്‍വഹിക്കണം. ഇമാം നവവി(റ) എഴുതുന്നു: ജുമുഅ ഒഴികെയുള്ള അഞ്ചു നേരത്തെ ഫര്‍ളു നിസ്‌കാരങ്ങളില്‍ ജമാഅത്ത് ശക്തമായ സുന്നത്താണ്. പുരുഷന്മാര്‍ക്ക് ജമാഅത്ത് സാമൂഹ്യബാധ്യത (ഫര്‍ള്കിഫായ)യാണെന്നും അഭിപ്രായമുണ്ട്. ജമാഅത്ത് ഫര്‍ള് കിഫായയാണെന്ന വീക്ഷമാണ് പ്രബലം.  ഇതുപ്രകാരം ഒരു ഗ്രാമത്തില്‍ ദീനീ ചിഹ്നം പ്രകടമാകും വിധം ജമാഅത്ത് നടത്തല്‍ നിര്‍ബന്ധമാണ്. വ്യക്തിപരമായ ബാധ്യത(ഫര്‍ള് ഐന്‍)യാണെന്നും അഭിപ്രായമുണ്ട് (മിന്‍ഹാജ്).

ഇബ്‌നുഹജര്‍(റ) എഴുതുന്നു: ജമാഅത്ത് സാമൂഹ്യ ബാധ്യതയാണെന്ന വീക്ഷണപ്രകാരം പ്രായപൂര്‍ത്തിയെത്തിയ സ്വതന്ത്രരായ പുരുഷന്മാര്‍ നിശ്ചിത സമയത്തില്‍ നിര്‍വഹിക്കുന്ന അഞ്ചുനേരത്തെ നിസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മാത്രമേ നാട്ടിലുള്ള മറ്റുള്ളവര്‍ കുറ്റവിമുക്തരാവുകയുള്ളൂ (തുഹ്ഫ: 2/247).

അല്ലാമ സിയാദി(റ)യെ ഉദ്ധരിച്ച് അല്ലാമാ ശര്‍വാനി(റ) എഴുതുന്നു: ജമാഅത്ത് നിര്‍ബന്ധബാധ്യതയില്ലാത്ത സ്ത്രീകള്‍, കുട്ടികള്‍ പോലെയുള്ളവര്‍ ജമാഅത്ത് നിര്‍വഹിക്കുന്നതുകൊണ്ട് നാട്ടുകാരുടെ ബാധ്യത വീടുന്നതല്ല (ശര്‍വാനി: 2/248).

അല്ലാമ ബുജൈരിമി(റ) പറയുന്നു: കുട്ടികളും അടിമകളും സ്ത്രീകളും നിര്‍വഹിക്കുന്നതുകൊണ്ട് ഇനി സ്ത്രീയുടെ ജമാഅത്തിന്റെ വിധി എന്താണെന്ന് നമുക്കു പരിശോധിക്കാം:  ഇമാം റാഫിഈ(റ) എഴുതുന്നു: സ്ത്രീകള്‍ക്ക് ജമാഅത്ത് വ്യക്തിപരമായ ബാധ്യതയോ സാമൂഹ്യബാധ്യതയോ ഇല്ല. അവര്‍ക്കത് സുന്നത്താണ്. പക്ഷേ അ തില്‍ രണ്ടഭിപ്രായമുണ്ട്. ഖാളീ റുഅ്‌യാനി(റ) ആ രണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവയില്‍ ഒന്ന് പുരുഷന്മാര്‍ക്ക് ജമാഅത്ത് സുന്നത്തുള്ളതുപോലെ തന്നെ സ്ത്രീകള്‍ക്കും അത് സുന്നത്താണ് എന്നാണ്. ജമാഅത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസുകള്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നു എന്നതാണ് ഇതിന്റെ ന്യായം. എന്നാല്‍ അധികപണ്ഡിതന്മാരുടെയും അഭിപ്രായമായ പ്രബലവീക്ഷണം പുരുഷന്മാര്‍ക്ക് ജമാഅത്ത് ശക്തിയായ സുന്നത്തുള്ളതുപോലെ സ്ത്രീകള്‍ക്കത് ശക്തിയായ സുന്നത്തല്ല എന്നാണ്. അതിനാല്‍ ജമാഅത്ത് ഉപേക്ഷിക്കല്‍ സ്ത്രീകള്‍ക്ക് കറാഹത്തില്ല. അതേ സമയം പുരുഷന്മാര്‍ക്ക് കറാഹത്തുമാണ്. എന്നാല്‍ അബൂഹനീഫ(റ)യും മാലികും(റ) അഭിപ്രായപ്പെടുന്നത് സ്ത്രീകള്‍ ജമാഅത്തായി നിസ്‌കരിക്കല്‍ കറാഹത്താണ് എന്നാണ്. ഇമാം അഹ്മദി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു അഭിപ്രായവും അതാണ്.  എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രബലമായി വന്നിട്ടുള്ളത് നമ്മുടെ മദ്ഹബ് പോലുള്ളതാണ് (ശര്‍ഹുല്‍ വജീസ്: 4/ 286).

അപ്പോള്‍ സ്ത്രീകള്‍ സ്വന്തമായി ജമാഅത്ത് നിസ്‌കരിക്കുന്നത് ശാഫിഈ, ഹമ്പലീ മദ്ഹബുകളില്‍ സുന്നത്തും മാലികീ, ഹനഫീ മദ്ഹബുകളില്‍ കറാഹത്തുമാണ്. സുന്നത്താണെന്ന് പറയുന്ന രണ്ട് മദ്ഹബുകളില്‍ തന്നെ പുരുഷന്മാര്‍ക്ക് ശക്തിയായ സുന്നത്തായതുപോലെ സ്ത്രീകള്‍ക്ക് ശക്തിയായ സുന്നത്തില്ല എന്നുമാണ്. അതിനാല്‍ ജമാഅത്ത് ഒഴിവാക്കല്‍ പുരുഷന്മാര്‍ക്ക് കറാഹത്താണ്. സ്ത്രീകള്‍ക്കത് കറാഹത്തില്ല.

സ്ത്രീകള്‍ക്ക് ജമാഅത്ത് ശക്തിയായ സുന്നത്തില്ലെന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി അവര്‍ ആ ജമാഅത്ത് എവിടെ വെച്ചു നിര്‍വഹിക്കണമെന്ന് നമുക്കു നോക്കാം.  ഇബ്‌നു ഹജര്‍(റ) എഴുതുന്നു: അപ്പോള്‍ സ്ത്രീ അവളുടെ വീട്ടില്‍ വെച്ച് ജമാഅത്ത് നിര്‍വഹിക്കുന്നതാണ് കൂടുതല്‍ നല്ലത്. ‘നിങ്ങളുടെ സ്ത്രീകള്‍ക്ക് പള്ളികള്‍ നിങ്ങള്‍ വിലക്കരുത്. എന്നാല്‍ അവരുടെ വീടുകളാണ് അവര്‍ക്ക് കൂടുതല്‍ ഉത്തമം’ എന്ന ഹദീസാണ് ഇതിനു പ്രമാണം (തുഹ്ഫ: 2/ 252).

ഇനി ഇവ്വിഷയകമായി വന്ന ഹദീസുകള്‍ പരിശോധിക്കാം: അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു.   ഇബ്‌നു ഉമര്‍(റ)യില്‍ നിന്നു നിവേദനം. റസൂലുല്ലാഹി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ സ്ത്രീകള്‍ക്ക് പള്ളികള്‍ വിലക്കരുത്. എന്നാല്‍ അവരുടെ വീടുകളാണ് അവര്‍ക്ക് കൂടുതല്‍ ഉത്തമം’ (അബൂദാവൂദ്: 2/274, ഹദീസ് നമ്പര്‍: 480).

ഈ ഹദീസിന്റെ സ്വീകാര്യത വിവരിച്ച് ഇമാം നവവി(റ) എഴുതി:   ഈ ഹദീസിന്റെ പരമ്പര ഇമാം ബുഖാരി(റ)യുടെ നിബന്ധനയൊത്ത സ്വഹീഹാണ് (ശര്‍ഹുല്‍ മുഹദ്ദബ്: 4/197).

ഇമാം അസ്ഖലാനി(റ) എഴുതുന്നു:   പ്രസ്തുത ഹദീസ് അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ഖുസൈമ(റ) അത്  പ്രബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട് (ഫത്ഹുല്‍ ബാരി: 2/350).

ഒരു നിസ്‌കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരങ്ങളുടെ പ്രതിഫലം ലഭിക്കുന്ന മദീനാ പള്ളിയില്‍ തിരുനബി(സ്വ) നേതൃത്വം നല്‍കുന്നതും അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഹാബത്ത് മഅ്മൂമുകളായി നിസ്‌കരിക്കുന്നതുമായ ജമാഅത്തില്‍ പങ്കെടുത്ത് പുണ്യം നേടാന്‍ നബി(സ്വ)യോട് നേരിട്ട് അനുവാദം ചോദിച്ച സ്വഹാബീ വനിതകളോട് ‘വന്നോളൂ’ എന്നല്ല അവിടുന്ന് പറഞ്ഞത്. പ്രത്യുത, എന്റെ പള്ളിയില്‍ വന്ന് നിസ്‌കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുക സ്വന്തം വീടുകളുടെ ഉള്ളറയില്‍ വെച്ച് നിസ്‌കരിച്ചാലാണ് എന്നാ ണ്. ഇമാം അഹ്മദും(റ) ഇബ്‌നു ഖുസൈമ(റ)യും മറ്റും നിവേദനം ചെയ്ത ഹദീസ് വായിക്കാം:      അബ്ദുല്ലാഹിബ്‌നു സുവൈദുല്‍ അന്‍സ്വാരി(റ) തന്റെ അമ്മായിയില്‍ നിന്നുദ്ധരിക്കുന്നു. മഹതി നബി(സ്വ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ‘നിശ്ചയം ഞാന്‍ അങ്ങയോടൊപ്പം നിസ്‌കരിക്കുവാന്‍ ആഗ്രഹിക്കുന്നു’. അപ്പോള്‍ നബി(സ്വ) പ്രതിവചിച്ചു: ‘നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്‌കരിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന കാര്യം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. നിന്റെ പ്രൈവറ്റ് റൂമില്‍ വെച്ച് നീ നിസ്‌കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലുമൊരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്തുവെച്ച്  നിസ്‌കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നീ നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നത് എന്റെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്’. അങ്ങനെ മഹതിയുടെ നിര്‍ദേശ പ്രകാരം തന്റെ വീട്ടില്‍ ഏറ്റവും ഇരുള്‍ മുറ്റിയ ഭാഗത്ത് നിസ്‌കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. മരണംവരെ അവിടെ വെച്ചായിരുന്നു മഹതി നിസ്‌കരിച്ചിരുന്നത് (സ്വഹീഹു ഇബ്‌നു ഖുസൈമ: 3/95, മുസ്‌നദു അഹ്മദ്: 6/371).

മേല്‍പ്പറഞ്ഞത് ഉമ്മുഹുമൈദി(റ)നോടാണെങ്കിലും ആ നിയമം മഹതിക്കുമാത്രം ബാധകമല്ലെന്ന് സ്ത്രീകളോടായി നബി(സ്വ) നടത്തിയ പൊതുനിര്‍ദേശങ്ങളില്‍ നിന്ന് മനസ്സിലാക്കാം. അത്തരത്തിലുള്ള ഏതാനും ചില നിര്‍ദേശങ്ങള്‍ കൂടി കാണുക. അബ്ദുല്ലാഹി(റ)യില്‍ നിന്നു നിവേദനം. നബി(സ്വ) പ്രസ്താവിച്ചു: ‘ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നത് അവളുടെ റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. സ്ത്രീ വീട്ടിലെ ഉള്ളറയില്‍ വെച്ച് നിസ്‌കരിക്കുന്നത് പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്’ (അബൂദാവൂദ്: 483, 2/ 277).

സ്ത്രീയുടെ പ്രൈവറ്റ് റൂമാണ് ‘ബൈതി’ന്റെ വിവക്ഷ. അത്രതന്നെ ഭദ്രതയില്ലാത്ത റൂമാണ് ‘ഹുജ്‌റത്തി’ന്റെ വിവക്ഷ. വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കുന്ന അതിഭദ്രമായ റൂമാണ് ‘മിഖ്ദഇ’ന്റെ  വിവക്ഷ (മിര്‍ഖാത്ത്: 4/177).

ഈ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:  ഇമാം മുസ്‌ലിമി(റ)ന്റെ നിബന്ധനയൊ ത്ത പ്രബലമായ പരമ്പരയിലൂടെ അബൂദാവൂദ്(റ) ആ ഹദീസ് നിവേദനം ചെയ്തിരിക്കുന്നു. (ശര്‍ഹുല്‍ മുഹദ്ദബ്: 4/ 198).

മറ്റൊരു ഹദീസ് കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍ നിന്നു നിവേദനം: അദ്ദേഹം പറയുന്നു: ‘നിശ്ചയം സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണ്. തീര്‍ച്ച, ഒരു സ്ത്രീ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവളില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവുകയില്ല. തുടര്‍ന്ന് പിശാച് അവളില്‍ പ്രത്യക്ഷപ്പെട്ട് പറയും: ആരുടെ അരികിലൂടെയെല്ലാം നീ നടക്കുന്നുവോ അവരെയെല്ലാവരെയും നിശ്ചയം നീ അത്ഭുതപ്പെടുത്തുന്നുണ്ട്. നിശ്ചയം സ്ത്രീ അവളു ടെ വസ്ത്രങ്ങള്‍ ധരിക്കും. അപ്പോള്‍ എവിടേക്കാണ് നീ പുറപ്പെടുന്നതെന്ന് അവളോട് പറയപ്പെടും. അപ്പോള്‍ ഞാന്‍ രോഗിയെ സന്ദര്‍ശിക്കാനാണെന്നോ ജനാസയില്‍ പങ്കെടുക്കാനാണെന്നോ പള്ളിയില്‍ നിസ്‌കരിക്കാനാണെന്നോ അവള്‍ മറുപടി പറയും. ഒരു സ്ത്രീ വീട്ടില്‍വെച്ച് അല്ലാഹുവെ ആരാധിക്കുന്നതുപോലെ ഒരു സ്ത്രീയും അല്ലാഹുവെ ആരാധിക്കുകയില്ല’. ഈ ഹദീസ് ഇമാം ത്വബ്‌റാനി(റ) കബീറില്‍ രേഖപ്പെ ടുത്തിയിട്ടുണ്ട്. അതിന്റെ നിവേദകര്‍ വിശ്വാസയോഗ്യരാണ് (മജ്മഉസ്സവാഇദ്: 2/35).

മറ്റൊരു ഹദീസ് കാണുക. അബ്ദുല്ലാഹി(റ)യില്‍ നിന്നു നിവേദനം: ‘ഒരു സ്ത്രീ തന്റെ വീട്ടില്‍ ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്തുവെച്ച് നിസ്‌കരിക്കുന്നതാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത്’ (ത്വബ്‌റാനി: 2/35, ഇബ്‌നുഖുസൈമ: 3/96).

ഇമാം ബൈഹഖി(റ) അബ്ദുല്ലാഹി(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു:  ‘ഒരു സ്ത്രീ തന്റെ വീട്ടില്‍ ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്തുവെച്ച് നിസ്‌കരിക്കുന്നതാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത്’ (അസ്സുനനുല്‍ കുബ്‌റാ: 3/131).

നബി(സ്വ)യുടെ പത്‌നി ഉമ്മുസലമ(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പ്രസ്താവിച്ചു: ‘സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമമായ സ്ഥലം അവരുടെ വീടുകളുടെ ഉള്ളറകളാണ്’ (അസ്സുനനുല്‍ കുബ്‌റാ: 3/131, മുസ്തദ്‌റക്: 1/209).

മഹതി ആഇശ(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. റസൂലുല്ലാഹി(സ്വ) പറഞ്ഞു: ‘ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് സ്വന്തം റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ അവള്‍ക്കുത്തമം. അവളുടെ റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് വീട്ടില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ അവള്‍ക്കുത്തമം. വീട്ടില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് പള്ളിയില്‍ വെച്ച്  നിസ്‌കരിക്കുന്നതിനേക്കാള്‍ അവള്‍ക്കുത്തമം’ (അസ്സുനനുല്‍ കുബ്‌റാ: 3/132).

ഇബ്‌നു അബീശൈബ(റ) അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു.  വെള്ളിയാഴ്ച പള്ളിയില്‍ വന്ന് നിസ്‌കരിക്കുന്നതിനെ പറ്റി ഒരു സ്ത്രീ ഇബ്‌നു അബ്ബാസി(റ)നോട് ചോദിച്ചു: അപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘വീട്ടിലെ ഉള്ളറയില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് നിന്റെ പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ നിനക്കുത്തമം. നിന്റെ പ്രൈവറ്റ് റൂമില്‍വെച്ച് നിസ്‌കരിക്കുന്നതാണ് നിന്റെ വീട്ടിലെ മറ്റു റൂമില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം. നി ന്റെ വീട്ടിലെ ഒരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച്-കുടുംബത്തിന്റെ സ്വകാര്യ പള്ളി-നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം’ (മുസ്വന്നഫ്: 2/ 277).

ഇബ്‌നു ഖുസൈമ(റ) അബ്ദുല്ലാഹി(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബി(സ്വ) പ്രസ്താവിച്ചു: ‘ഒരു സ്ത്രീ സ്വന്തം പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് അവളുടെ ഏതെങ്കിലുമൊ രു റൂമില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം’ (ഇബ്‌നു ഖുസൈമ: 3/94).

പള്ളിയില്‍വെച്ച് നിസ്‌കരിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിഫലം വീട്ടില്‍ വെച്ച് നിസ്‌കരിച്ചാലാണ് സ്ത്രീകള്‍ക്ക് ലഭിക്കുകയെന്ന് മേല്‍ഹദീസുകളില്‍ നിന്ന് സുതരാം വ്യക്തമാണ്.



ശ്രദ്ധേയമായ വസ്തുതകള്‍

1- ‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക’ എന്നര്‍ത്ഥം വരുന്ന ആയത്ത് അവതരിച്ചതിനുശേഷം രണ്ടായിരത്തോളം നിസ്‌കാരങ്ങള്‍ നബി(സ്വ) ജമാഅത്തായി നിര്‍വഹിച്ചിട്ടുണ്ട്. പള്ളിയില്‍ വെച്ച് ജമാഅത്തായി നിസ്‌കരിക്കല്‍ പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സുന്നത്തായിരുന്നുവെങ്കില്‍ പുരുഷന്മാരുടെ അത്രയോ അതിന്റെ പകുതിയോ മൂന്നില്‍ ഒന്നോ നാലില്‍ ഒന്നോ എങ്കിലും എണ്ണം സ്ത്രീകളും പങ്കെടുക്കേണ്ടിയിരുന്നു. നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ സ്വഹാബീ വനിതകള്‍ മുന്‍പന്തിയിലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത ആയത്ത് അവതരിച്ച ശേഷം അ്രപകാരം അവര്‍ പങ്കെടുത്തിരുന്നതായി ഒരു ഹദീസിലും കാണുന്നില്ല.

2- പ്രസ്തുത ആയത്ത് അവതരിച്ചതിനുശേഷം മേല്‍പ്പറഞ്ഞ രൂപത്തില്‍ അവര്‍ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ആ സമ്പ്രദായം നിറുത്തല്‍ ചെയ്തതാര്? നബി(സ്വ)യുടെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് സ്വഹാബികള്‍ നിറുത്തല്‍ ചെയ്യുകയോ സ്വഹാബത്തിന്റെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് അവരുടെ ശിഷ്യന്മാരായ താബിഉകള്‍ നിറുത്തല്‍ ചെയ്യുകയോ ഇല്ലെന്നതിന് അവരുടെ ചരിത്രം രേഖയാണ്.

3- ജുമുഅക്കും ജമാഅത്തിനും പള്ളിയില്‍ വരാന്‍ നബി(സ്വ) സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായി ഒരു ഹദീസിലും കാണുന്നില്ല. പുരുഷന്മാര്‍ക്ക് അതിന് പ്രോത്സാഹനം നല്‍കുന്ന ഹദീസുകള്‍ സുലഭവുമാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അത് സുന്നത്തായിരുന്നുവെങ്കില്‍ ഉമ്മത്തിന്റെ നന്മ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന പ്രവാചകര്‍ അതിന് പ്രോത്സാഹനം നല്‍കുമായിരുന്നില്ലേ?

4- നബി(സ്വ) നേതൃത്വം നല്‍കുന്നതും അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഹാബിമാര്‍ മഅ്മൂമുകളായി നിസ്‌കരിക്കുന്നതും ഒരു നിസ്‌കാരത്തിന് ചുരുങ്ങിയത് 1000 പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നതുമായ മദീനാപള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കാന്‍ നബി(സ്വ) പ്രേരിപ്പിച്ചിട്ടില്ലെങ്കില്‍ ഫിത്‌നയും ഫസാദും വ്യാപകമായ ഇക്കാലത്ത് നാമെന്തിന് അതിനു മുതിരണം?

5- മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികളില്‍ ഒരാള്‍പോലും പള്ളിയില്‍ വരാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചതായി ഒരു ‘അസറി’ലും നാം കാണുന്നില്ല. പ്രത്യുത, അവര്‍ അതിനെ നിരുത്സാഹപ്പെടുത്തിയതായും പള്ളിയില്‍ വന്ന ചില സ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ചതായും അങ്ങനെ വരുന്നതിനെതിരെ അമര്‍ശം രേഖപ്പെടുത്തിയതാ യും പ്രബലമായ ഹദീസുകളില്‍ കാണുന്നുമുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) സ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ചതും ആതിഖ(റ)യുടെ പുറപ്പാടിനെതിരെ ഉമര്‍(റ) അമര്‍ശം രേഖപ്പെടുത്തിയതും ഇതിനുദാഹരണമാണ്.

6- സ്വഹാബത്തിന്റെ ശിഷ്യന്മാരായ താബിഉകളോ അവരുടെ ശിഷ്യന്മാരായ തബഉത്താബിഉകളോ അവരുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്കോ മറ്റു സ്ത്രീകള്‍ക്കോ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹനം നല്‍കിയതായി കാണുന്നില്ല.

7- നാലു മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളും അതിന് പ്രോത്സാഹനമോ അനുമതിയോ നല്‍കിയില്ല. അവരാരും തന്നെ അവരുടെ സ്ത്രീകളെ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളികളിലേക്ക് അയച്ചതുമില്ല. ഇക്കാര്യം ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചതായി നേരത്തെ നാം വായിച്ചുവല്ലോ.

8- സ്ത്രീകളോട് അല്ലാഹു വീടുകളില്‍ ഒതുങ്ങി നിന്ന് നിസ്‌കരിക്കുവാന്‍ നിര്‍ദേശിക്കുന്നു. പുത്തന്‍ പ്രസ്ഥാനക്കാര്‍ വീടുവിട്ടിറങ്ങി പള്ളിയില്‍ വരാന്‍ നിര്‍ദേശിക്കുന്നു. സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമം സ്വന്തം വീടുകളാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമം പള്ളികളാണെന്ന് പുത്തന്‍വാദികള്‍ ഉദ്‌ഘോഷിക്കുന്നു. ഖുര്‍ആനിനും സുന്നത്തിനും കടകവിരുദ്ധമായ പ്രസ്താവന നടത്തുന്ന ഇവരെയാണോ അതല്ല ഖുര്‍ആനും സുന്നത്തുമാണോ ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ടത്?

9- സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമം അവരുടെ വീടുകളാണെന്നത് സ്ത്രീകളോടുള്ള തിരുനബി(സ്വ)യുടെ ഉപദേശമാണ്. സ്വഹാബി വനിതകള്‍ പ്രവാചകരുടെ ഉപദേശം സ്വീകരിക്കാതിരിക്കില്ലെന്നുറപ്പാണല്ലോ. പ്രസ്തുത ഉപദേശം അറിയാതെ വല്ല സ്ത്രീകളും പള്ളിയില്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ മാതൃകയാക്കാന്‍ പറ്റുകയുമില്ല. അവര്‍ വന്നത് മറ്റു ആവശ്യങ്ങള്‍ക്കാകാനുള്ള സാധ്യത നിലനില്‍ക്കേ വിശേഷിച്ചും.

10- സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ ഏറ്റവും ഉത്തമവും കൂടുതല്‍ പ്രതിഫലാര്‍ഹവും  വീടാണെന്നതില്‍ അഭിപ്രായാന്തരമില്ലല്ലോ. എങ്കില്‍ പിന്നെ കൂടുതല്‍ പ്രതിഫലം ഒഴിവാക്കി കുറഞ്ഞ പ്രതിഫലത്തിനായി പള്ളിയിലേക്ക് പോകുന്നത് ബുദ്ധിയാണോ?!

ഇത്തരം വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ സ്ത്രീ ജുമുഅ-ജമാഅത്തുകള്‍ക്കായി പള്ളിയിലേക്കെഴുന്നള്ളല്‍ പ്രമാണ വിരുദ്ധമാണെന്ന് ബോധ്യപ്പെടും. പിന്നെയല്ലേ അവള്‍ പരപുരുഷന്മാര്‍ക്ക് ജമാഅത്തിനും ജുമുഅക്കും നേതൃത്വം നല്‍കുന്നതും ഖുതുബ നടത്തുന്നതും! ഇസ്‌ലാമിന്റെ ശത്രുക്കളുടെ കളിപ്പാവകളായി ദീന്‍ പൊളിക്കാന്‍ ശ്രമിക്കുകയാണ് പെണ്ണെഴുത്തുകാരും പിന്തുണക്കാരും. അതുകൊണ്ട് പ്രശ്‌ന സങ്കീര്‍ണമായ ഈ കാലത്ത് പരപുരുഷരൊത്തുള്ള സ്ത്രീ ജുമുഅ – ജമാഅത്ത് നിഷിദ്ധമാണ്. ഒരിക്കലും അനുവദിച്ചുകൂടാനാകാത്തത്.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....