പണ്ഡിതന്മാരെ ബഹുമാനിക്കുക
മതം_അങ്ങാടിമുക്കിലെ_ചെണ്ടയല്ല!
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ഒരു ചെക്കപ്പിനു ചെന്നതായിരുന്നു ആദരണീയനായ പൊൻമള ഉസ്താദ്. ഡോക്ടർ വിശദമായി പരിശോധിച്ചു അത്യാവശ്യം മരുന്നുകൾ കുറിച്ചു നൽകി. അവ എന്തിനുള്ളതാണെന്നും എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞു കൊടുത്തു.
പരിശോധന കഴിഞ്ഞപ്പോൾ ഡോക്ടർ സൗഹൃദം പങ്കിട്ടു - ഒരു വി വി ഐ പി യെ അടുത്തു കിട്ടിയ സന്തോഷത്തിലായിരുന്നു അയാൾ.
സ്വാഭാവികമായും സംസാരം മതപരമായ ചില നിയമപ്രശ്നങ്ങളിലേക്ക് കടന്നു. അയാളുടെ സംശയങ്ങൾക്ക് ഉസ്താദ് കൃത്യമായ മറുപടി പറഞ്ഞു -അറിവിന്റെ ഒരു സാഗരമാണല്ലോ അത്. സംസാരിച്ചു വന്നപ്പോൾ ഒരു വിഷയത്തിൽ അയാൾ ഉടക്കി. ഉസ്താദ് പറഞ്ഞത് ശരിയല്ലെന്നും അംഗീകരിക്കാനാവില്ലെന്നും അയാൾ ശഠിച്ചു.
ഉസ്താദ് ചോദിച്ചു:
"നിങ്ങൾ എത്ര വർഷം വൈദ്യം പഠിച്ചിട്ടുണ്ട്?"
"എട്ടുവർഷം" - ഡോക്ടർ പറഞ്ഞു.
" ഇപ്പോൾ പഠിക്കുന്നുണ്ടോ?"
ഡോ: " ഇല്ല, പഠിക്കാനെവിടെ നേരം, പ്രാക്ടീസ് കഴിഞ്ഞ് ഒന്നു വിശ്രമിക്കാൻ പോലും നേരം കിട്ടുന്നില്ല."
ഉസ്താദ് ചൊടിച്ചു: "ഞാൻ പതിനാലു വർഷം മതം പഠിച്ചിട്ടുണ്ട്, ഈ പ്രായത്തിലും പഠിക്കുകയും ഒപ്പം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്"
ഡോക്ടർ അന്തം വിട്ടിരുന്നു.
ഉസ്താദ് തുടർന്നു: "എട്ടു വർഷം പഠിച്ച അറിവു വച്ചു നിങ്ങൾ ചികിത്സയും മരുന്നും നിർദേശിച്ചപ്പോൾ ഒരു തർക്കവും പറയാതെ ഞാനത് അംഗീകരിച്ചില്ലേ? അതു നിങ്ങളുടെ അറിവിനെയും പ്രഫഷനെയും മാനിച്ചു കൊണ്ടാണ്. മെഡിക്കൽ പുസ്തങ്ങൾ വായിതും കേട്ടറിഞ്ഞതുമായ അറിവു വച്ച് എനിക്ക് നിങ്ങളോടു തർക്കിക്കാമായിരുന്നല്ലോ. എന്നാൽ ഞാൻ പഠിച്ച, എന്റെ പ്രഫഷൻ പറയുമ്പോൾ എന്തുകൊണ്ടാണു നിങ്ങൾ തർക്കിക്കാൻ വന്നത്? ഇതൊട്ടും ശരിയല്ല."
ഡോക്ടർ ആവിയായെന്നു പറയേണ്ടതില്ലല്ലോ!
ഒരു വിഷയത്തിൽ അറിവുള്ളവർ പറഞ്ഞാൽ അറിവില്ലാത്തവർ അംഗീകരിച്ചു കൊടുക്കണം - മതമോ വൈദ്യമോ സാങ്കേതിക രംഗമോ കക്കിംഗ് പോലുമോ ഏതോ ആകട്ടെ.
എട്ടു വർഷം വൈദ്യം പഠിച്ച ഡോക്ടർ പറഞ്ഞാൽ വേദവാക്യം പോലെ അംഗീകരിക്കും, അത്രയും വർഷം സാങ്കേതിവിദ്യ പഠിച്ച എൻജിനിയറെ കണ്ണടച്ചു വിശ്വസിക്കും, നാലഞ്ചു വർഷം നിയമം പഠിച്ച വക്കീൽ ചൊല്ലിക്കൊടുക്കുന്നത് കൂട്ടിൽ കയറി തത്ത പറയുംപോലെ പറയും. പത്തും പതിനഞ്ചും വർഷം മതം പഠിച്ച പണ്ഡിതൻ അദ്ദേഹം പഠിച്ചതു പറഞ്ഞാൽ അംഗീകരിക്കില്ല! സംശയം, തർക്കം, വിവിദം! ഇത് അഹങ്കാരമാണ്, ധിക്കാരമാണ്, മതനിന്ദയാണ്, നിഷേധമാണ്. മതമാകട്ടെ തർക്കിക്കുന്നവന്റെ ആത്യന്തിക വിജയനിദാനമാണുതാനും. ഇതു വിനാശകരമായ ഒരു മനസ്ഥിതിയാണ്.
കേട്ടറിവും വായിച്ചറിവും പോലെയല്ല പഠിച്ചറിവ്. 'അറിവുള്ളവനും ഇല്ലാത്തവനും സമമാകുമോ' എന്നു വിശുദ്ധ ഖുർആൻ ചോദിക്കുന്നുണ്ട്. എല്ലാ സമൂഹത്തിലും അവരുടെ പണ്ഡിതന്മാർ ആദരണീയരും സമ്മതരുമാണ്. ഈ സമുദായത്തിൽ മാത്രമാണ് പണ്ഡിതന്മാർ ഭത്സിക്കപ്പെടുന്നത് - ബനൂ ഇസ്റാഈൽ നശിച്ചതിന് ഒരു കാരണം ഇതാണ്..സാധാരണക്കാരെ പറഞ്ഞിളക്കുന്ന ചായക്കട മുഫ്തിമാരും രാഷ്ട്രീയ മുറി മുഫ്തിമാരും തുലഞ്ഞതു തന്നെ! ഒന്നോർത്തോളൂ -
മതം അങ്ങാടി മുക്കിൽ കെട്ടിവച്ച ചെണ്ടയല്ല; വഴിയേ പോകുന്നവർക്കെല്ലാം കയറിക്കൊട്ടാൻ!
- ഒ.എം തരുവണ.