ഇസ്‍ലാമിക ഭരണത്തിലെ ജിസ്‍യ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
ഇസ്‌ലാമിന്റെ വിമര്‍ശകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ജിസ്‌യ സമ്പ്രദായം. അത് ഇസ്‍ലാമിക രാഷ്ട്രങ്ങളിലെ ന്യൂനപക്ഷങ്ങളോട് ചെയ്യുന്ന അനീതിയും വിവേചനവുമാണെന്ന് ഇക്കൂട്ടര്‍ ആക്ഷേപിക്കുന്നു. ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ താമസിക്കുന്ന അമുസ്‌ലിംകളുടെ മേല്‍ പ്രത്യേകം നടപ്പലാക്കിയ ഈ നികുതിയുടെ പശ്ചാത്തലം മനസ്സിലാക്കാതെയാണ് ഇക്കൂട്ടര്‍ ഇസ്‌ലാമിനെതിരെ ഒളിയമ്പ് എയ്യുന്നത്.പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അമുസ്‍ലിംകളുടെ മേല്‍ ഇസ്‍ലാമിക ഭരണകൂടം ജിസ്‌യ ചുമത്തുന്നത്.
1- ഇസ്‌ലാം മുസ്‌ലിംകളുടെ മേല്‍ സകാത്ത് ചുമത്തുന്നു.വര്‍ഷത്തിലൊരിക്കല്‍ തന്റെ കാര്‍ഷിക വരുമാനത്തില്‍ നിന്ന് 10 ശതമാനവും മറ്റു വരുമാനത്തില്‍ നിന്ന് 2 1/2 ശതമാനവും സമ്പത്തുള്ള ഓരോ മുസ്‌ലിമിന്നും സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്.സകാത്ത് മതപരമായ ആരാധനയായത് കൊണ്ട് തന്നെ അമുസ്‌ലിംകളുടെ മേല്‍ ചുമത്താന്‍ ഇസ്‌ലാമിന്ന് നിര്‍വാഹമില്ല. കാരണം അതവരുടെ മത സ്വാതന്ത്ര്യം ഹനിക്കലാകും. അതിനാല്‍ സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന്ന് വേണ്ടി മുസ്‌ലിംകളുടെ മേല്‍ സകാത്ത് ചമത്തുന്നത് പോലെ അമുസ്‌ലിംകളുടെ മേല്‍ ജിസ്‌യ ചുമത്തുന്നുവെന്ന് മാത്രം. അതിന് പുറമെ ഒട്ടനവധി ഇളവുകളും ജിസ്‌യ സമ്പ്രദായത്തില്‍ ഇസ്‌ലാം നല്‍കുന്നുണ്ട്. സമ്പത്തുള്ള മുസ്‌ലിംകളെല്ലാം സകാത്ത് നല്‍കാന്‍ ബാധ്യസ്ഥരാണ്. സ്ത്രീകള്‍,കുട്ടികള്‍, വൃദ്ധന്‍മാര്‍, രോഗികള്‍ തുടങ്ങി ആരും തന്നെ അതില്‍ നിന്ന് ഒഴിവല്ല. എന്നാല്‍ ജിസ്‌യയില്‍ നിന്ന് സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധന്‍മാര്‍, മാറാരോഗികള്‍, മത പുരോഹിതന്‍മാര്‍ തുടങ്ങിയവര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു.
ഒരിക്കല്‍ ഉമര്‍(റ) മദീനാ തെരുവിലൂടെ നടകക്കുമ്പോള്‍ ഒരു അന്ധനായ വൃദ്ധനെ കാണാനിടയായി. ഉമര്‍ ചോദിച്ചു. നിങ്ങളാരാണ്? അദ്ധേഹംപറഞ്ഞു, ”ഞാന്‍ ജൂത മതക്കാരനാണ്”. ഉമര്‍ വീണ്ടും ചോദിച്ചു, ”നിങ്ങള്‍ക്ക് ഈ ദുരവസ്ഥ എങ്ങനെ വന്നു? ജൂതന്‍ പറഞ്ഞു, ”ജിസ്‌യ അടച്ചത് കൊണ്ട്”. ഇത് കേട്ട ഉടനെ തന്നെ ഉമര്‍(റ) തന്റെ സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ഒരു സംഖ്യ കൊടുക്കുകയും ഇദ്ധേഹത്തില്‍ നിന്ന് ഇനി മുതല്‍ ജിസ്‌യ പിരിക്കരുതെന്ന് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.അമുസ്‌ലിംകള്‍ ജിസ്‌യക്ക് പകരം സകാത്ത് നല്‍കാന്‍ തയ്യാറായാല്‍ അവരെ ജിസ്‌യയില്‍ നിന്ന് ഒഴിവാക്കണമെന്നത് ന്യായമാണെന്ന് പറയാമായിരുന്നു.
സര്‍ തോമസ് അര്‍നോള്‍ഡ് തന്റെ വിഖ്യാത ഗ്രന്ഥമായ ദി പ്രീച്ചിംഗ് ഓഫ് ഇസ്‌ലാമില്‍ രേഖപ്പടുത്തുന്നു, തഗ്‌ലിബ് ഗോത്രം ഇസ്‌ലാമിന് കീഴില്‍ വന്നപ്പോള്‍ ജിസ്‌യക്ക് പകരം സകാത്ത് നല്‍കാന്‍ തയ്യാറായിരുന്നു. എന്നാല്‍ സകാത്തായി അവര്‍ക്ക് അടക്കേണ്ടിയിരുന്നത് ജിസ്‌യയുടെ ഇരട്ടി പണമായിരുന്നു.
2-ഇസ്‌ലാമിക ഭരണകൂടത്തിന് കീഴില്‍ പട്ടാള സേവനം ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധമാണ്. എന്നാല്‍ അമുസ്‌ലിംകളുടെ മേല്‍ പട്ടാള സേവനം നിര്‍ബന്ധമില്ല. മുസ്‌ലിംകളെ സംരക്ഷിക്കുന്നത് പോലെ അമുസ്‌ലിംകളെയും ഇസ്‌ലാമിക ഭരണകൂടം സംരക്ഷിക്ഷിക്കേണ്ടി വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ സംരക്ഷണത്തിന് പകരമായിട്ട് കൂടിയാണ് ഇസ്‌ലാം അമുസ്‌ലിംകളുടെ മേല്‍ ജിസ്‌യ ചുമത്തുന്നത്. സംരക്ഷണത്തില്‍ പാളിച്ചകളുണ്ടായാല്‍ ജിസ്‌യ തിരിച്ച് നല്‍കുകയും പട്ടാള സേവനത്തിന് സ്വയം തയ്യാറായാല്‍ അവര്‍ക്ക് ജിസ്‌യ് ഒഴിവാക്കുകയും ചെയ്യുന്നത് ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നുണ്ട്.
വിശ്വവിഖ്യാത പടനായകനും ഖുദ്‌സ് വിമോചകനുമായ സലാഹുദ്ധീന്‍ അയ്യൂബി കുരിശ് യുദ്ധ സമയത്ത് സിറിയയില്‍ നിന്ന് പിന്‍മാറിയപ്പോള്‍ ആ നാട്ടുകാര്‍ അടച്ച ജിസ്‌യ തിരിച്ച് നല്‍കിയതും .അതുപോലെ അന്താക്കിയ പരിസരത്തുള്ള ജുര്‍ജിയ ഗോത്രക്കാര്‍ പട്ടാള സേവനത്തിന് സ്വയം തയ്യാറായപ്പോള്‍ അവരെ ജിസ്‌യയില്‍ നിന്ന് ഒഴിവാക്കിയതും ഈ യാഥാര്‍ഥ്യത്തിന്ന് പിന്‍ബലമേകുന്നുണ്ട്.
ചുരുക്കത്തില്‍, അമുസ്‍ലിംകളെ രണ്ടാം പൗരന്മാരായി കാണുന്ന ഒരു സമ്പ്രദായമല്ല ജിസ്‌യ. മറിച്ച് പട്ടാള സേവനത്തില്‍ നിന്ന് ഒഴിവാക്കുന്നതോടൊപ്പം ശാരീരികവും സാമ്പത്തികവുമായ സുരക്ഷിതത്വത്തിന് പകരമാണത്. അതിന് പുറമെ, ഇസ്‍ലാമിക രാഷ്ട്രത്തിലെ മുസ്‍ലിം പൗരന്മാര്‍ പട്ടാള സേവനത്തിന് പുറമെ സകാത്ത് നല്‍കാനും ബാധ്യസ്ഥരാണ്. ഇങ്ങനെ നോക്കുമ്പോള്‍ ജിസയ സമ്പ്രദായം മുസ്ലിം ഭരണത്തിന് കീഴില്‍ അമുസ്‍ലിംകള്‍ക്ക് ഇളവ് തന്നെയാണെന്ന് സുതരാം വ്യക്തമാണ്.
.