Showing posts with label ഹസന്‍ മുസ്ലിയാരുടെ ഓര്‍മകളിലൂടെ ● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. Show all posts
Showing posts with label ഹസന്‍ മുസ്ലിയാരുടെ ഓര്‍മകളിലൂടെ ● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. Show all posts

Saturday, February 1, 2020

ഹസന്‍ മുസ്ലിയാരുടെ ഓര്‍മകളിലൂടെ ● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m




ഗുരുമുഖം-2 : ഹസന്‍ മുസ്ലിയാരുടെ ഓര്‍മകളിലൂടെ

● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍

0



ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ പണ്ഡിതനാണ് മര്‍ഹൂം ഇകെ ഹസന്‍ മുസ്ലിയാര്‍. സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തന മേഖലയില്‍ അസാധാരണമായ ഇടപെടലുകള്‍ നടത്തിയ  വലിയ പണ്ഡിതനും  ധിഷണാശാലിയുമാണദ്ദേഹം. 1964-ല്‍ ഞാന്‍ മാങ്ങാട് ദര്‍സ് നടത്തുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. അന്ന് ഹസന്‍ മുസ്ലിയാര്‍ ഇയ്യാട് മഹല്ലില്‍ മുദരിസാണ്. അതിനു മുമ്പേ കേട്ടറിയാം. ജമാഅത്തെ ഇസ്ലാമി, മുജാഹിദുകള്‍ തുടങ്ങിയ ബിദഈ സംഘടനകളുടെ ആശയപാപ്പരത്തം വെളിവാക്കി അദ്ദേഹം ആ കാലത്ത് കോഴിക്കോട് ജില്ലയില്‍ പലയിടത്തും നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എതിര്‍ പക്ഷത്തുള്ളവരെ വൈജ്ഞാനികമായും ബൗദ്ധികമായും നിലംപരിശാക്കുന്നതായിരുന്നു അവയെല്ലാം. സുന്നത്ത് ജമാഅത്തിന്‍റെ ആശയങ്ങളെ ഏറ്റവും സുവ്യക്തതയോടെ വെളിപ്പെടുത്തുന്നവയും. ആ ഊര്‍ജവും പാണ്ഡിത്യവും തഖ്വയും എന്നെ ആകര്‍ഷിച്ചു. അങ്ങനെ ഹസന്‍ മുസ്ലിയാരുമായി അടുത്തു. ഞങ്ങള്‍ തമ്മില്‍ പലപ്പോഴും സന്ധിക്കുകയുണ്ടായി. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമയങ്ങളായിരുന്നു അറിവ് പങ്കുവച്ച് അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍.

പിന്നീട് പല വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡന പ്രസംഗങ്ങള്‍ക്കും പോകുമ്പോള്‍ ഹസന്‍ മുസ്ലിയാര്‍ എന്നെ കൂടെക്കൂട്ടുമായിരുന്നു. യാത്രയിലും ഒരുമിച്ചുണ്ടാകുന്ന മറ്റവസരങ്ങളിലുമെല്ലാം ഞങ്ങള്‍ ചര്‍ച്ചയിലായിരിക്കും. കേരളത്തില്‍ സുന്നത്ത് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതും വിദ്യാഭ്യാസ മേഖലയിലെ ഇടപെടലുകള്‍ സജീവമാക്കുന്നതും ആ ചര്‍ച്ചകളില്‍ കടന്നുവരും. സംഘടനാപരമായി സമസ്തയിലും എസ്വൈഎസിലും സജീവമാകാനും വിശ്രമമില്ലാതെ ദര്‍സിലും കിതാബുകള്‍ മുതാലഅ ചെയ്യുന്നതിലും മുഴുകാനും സുന്നത്ത് ജമാഅത്തിന്‍റെ പ്രചാരണ രംഗത്തു മുന്നിട്ടിറങ്ങാനും   പറ്റുന്ന നിലയില്‍ ജീവിതത്തെ ക്രിയാത്മകമാക്കാന്‍  അദ്ദേഹവുമായുള്ള സഹവാസം കാരണമായി.

ശാഫിഈ മദ്ഹബ് പ്രകാരമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം, പ്രഭാഷണം, ഫത്വ നല്‍കല്‍ തുടങ്ങിയവയെല്ലാം. എന്നാല്‍ മദ്ഹബ് വിരോധികളായ ബിദഇകള്‍ ആയത്തും ഹദീസും മാത്രം ഓതി വാദപ്രതിവാദങ്ങളില്‍ വരുമ്പോള്‍ അദ്ദേഹം അവരെ അതേ രീതിയില്‍ ഖണ്ഡിച്ചു. ഓരോ സന്ദര്‍ഭത്തിലും  എതിരാളികളെ എങ്ങനെ മുട്ടുകുത്തിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ ധാരണകളുണ്ടായിരുന്നു ഹസന്‍ മുസ്ലിയാര്‍ക്ക്.

ഫത്വകള്‍ ചോദിച്ചു വരുന്നവര്‍ പണം എത്ര നല്‍കിയാലും അദ്ദേഹം സ്വീകരിക്കാറില്ലായിരുന്നു. പണം വാങ്ങിയാല്‍ ഫത്വകളെ അത് സ്വാധീനിക്കും എന്നാരോപണം മറ്റുള്ളവര്‍ ഉന്നയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം. പണത്തിന് ആവശ്യമില്ലാഞ്ഞിട്ടല്ല. ‘ദീനിന്‍റെ പ്രചാരണം ഏറ്റവും ആത്മാര്‍ത്ഥമായി നാം നടത്തണം. എങ്കില്‍ അല്ലാഹു നമ്മെ ബുദ്ധിമുട്ടിക്കില്ല’ -ഹസന്‍ മുസ്ലിയാര്‍ പറയും.

1968-ല്‍ ഹസന്‍ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു സംഭവമുണ്ടായത് ഓര്‍ക്കുന്നു. ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങളുമായി ചേകനൂര്‍ മൗലവി രംഗത്തുവന്നുതുടങ്ങിയ കാലമായിരുന്നു അത്. ഹസന്‍ മുസ്ലിയാര്‍ അന്ന് ആക്കോടാണ് ദര്‍സ് നടത്തുന്നത്. വാഴക്കാട് വന്ന് ചേകനൂര്‍ മൗലവി വെല്ലുവിളിച്ചു. ജുമുഅ ഖുതുബ പ്രാദേശിക ഭാഷയിലാകണം, അല്ലെന്നു തെളിയിക്കാന്‍ സാധിക്കുമോ എന്നായിരുന്നു വെല്ലുവിളി. സുന്നികള്‍ അതേറ്റെടുത്തു. അങ്ങനെ ഒരു സംവാദത്തിനു കളമൊരുങ്ങി. സംവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആക്കോട് പള്ളിയില്‍ നടന്ന യോഗത്തിലേക്ക് ഹസന്‍ മുസ്ലിയാര്‍ എന്നെയും കൂട്ടിക്കൊണ്ടുപോയി. ചാലിയാര്‍ പുഴയിലൂടെ തോണിയില്‍ പോയത് ഇപ്പോഴും ഓര്‍ക്കുന്നു. മറ്റു പല പണ്ഡിതരും ഉണ്ടായിരുന്നു അവിടെ. വിശദമായ ആലോചനകള്‍ക്കു ശേഷം സംവാദത്തിനു വ്യവസ്ഥ തയ്യാറാക്കാന്‍ ഇരുകൂട്ടരും വാഴക്കാട് സംഗമിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ ആ ദിവസമെത്തി. സുന്നീപക്ഷത്ത് കണ്ണിയത്ത് അഹമ്മദ് കുട്ടി മുസ്ലിയാര്‍, ഇകെ ഹസന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ള പ്രധാന പണ്ഡിതരുടെ കൂടെ ഞാനും പങ്കെടുത്തു. ഹസന്‍ മുസ്ലിയാരുടെ ധിഷണയും നൈപുണ്യവും ഗംഭീരമായി പ്രകടമായ ചര്‍ച്ചയായിരുന്നുവത്.

അന്ന് ചേകനൂര്‍ മൗലവിയുടെ സഹായിയായി ഉണ്ടായിരുന്ന എംടി മൗലവി വാഴക്കാട്  പ്രസംഗത്തിനിടെ പറഞ്ഞു: ‘വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍ ഒരുമിച്ചുകൂടിയാല്‍ അവിടെ  ഭൂരിപക്ഷത്തിന് ഏതു   ഭാഷയാണ് മനസ്സിലാകുന്നത് അതിലാകണം ഖുതുബ നടത്താന്‍.’ ഉടനെ ഹസന്‍ മുസ്ലിയാര്‍ ചോദിച്ചു: ‘ഹജ്ജ് വേളയില്‍ മക്കയില്‍ ഒരുമിച്ചുകൂടുന്നവരില്‍ മഹാഭൂരിപക്ഷവും അറബി സംസാരിക്കാത്തവരാണ്. അപ്പോള്‍, അവിടെ അറബിയില്‍ ഖുതുബ ഓതുന്നത് ശരിയാവുമോ?’ അതോടെ ബിദഇകള്‍ നിഷ്പ്രഭരായി. പിന്നെ ആ വിഷയത്തില്‍ അവര്‍ക്കൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല.

മുഅ്ജിസത്ത്, കറാമത്ത് വിഷയത്തിലായി പിന്നെ ചര്‍ച്ച.  അസാധാരണ വിഷയങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക് സ്വയം നിര്‍ണയ കഴിവ് ഇല്ലാത്തതു പോലെ  അമ്പിയാക്കള്‍ക്കും ഔലിയാക്കള്‍ക്കും മുഅജിസത്ത്, കറാമത്തില്‍  ഇഖ്തിയാര്‍(ഇച്ഛാസ്വാതന്ത്ര്യം) ഇല്ല എന്നായിരുന്നു ചേകനൂര്‍ മൗലവിയുടെ വാദം. എന്നാല്‍ മഹാന്മാര്‍ യഥേഷ്ടം മുഅ്ജിസത്തും കറാമത്തും കാണിക്കുമെന്ന്   ഹസന്‍ മുസ്ലിയാര്‍ പറഞ്ഞു. സാധാരണ പ്രവര്‍ത്തികളില്‍ സാധാരണ ആളുകള്‍ക്ക് എപ്രകാരം ഇഖ്തിയാറുണ്ടോ, അതുപ്രകാരം അസാധാരണ മനുഷ്യര്‍ക്ക് അസാധാരണ കാര്യങ്ങളില്‍ ഇഖ്തിയാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. അതിന് ധാരാളം തെളിവുകളും അദ്ദേഹം ഉദ്ധരിച്ചു. ഒന്നിന് പോലും മറുപടി പറയാന്‍ ചേകനൂര്‍ മൗലവിക്ക് സാധിച്ചില്ല. യഥേഷ്ടം എന്നാല്‍ അല്ലാഹുവിന്‍റെ വിധി കൂടാതെ എന്നാണ് ഉദ്ദേശിച്ചതെന്ന് ചേകനൂര്‍ പിന്നീട് പറഞ്ഞു. ഹസന്‍ മുസ്ലിയാര്‍ പ്രതികരിച്ചു: ‘അല്ലാഹുവിന്‍റെ വിധി കൂടാതെ സാധാരണ മനുഷ്യര്‍ക്കും ഒന്നും നിര്‍വഹിക്കാന്‍ സാധിക്കില്ലല്ലോ.’ അതോടെ ചേകനൂര്‍ പൂര്‍ണമായും ഉത്തരം മുട്ടി. അവിടെ പങ്കെടുത്ത എല്ലാവര്‍ക്കും അയാളുടെ ആശയപരമായ പിഴവ് ബോധ്യപ്പെട്ടു.

ആഴമുള്ള അറിവിലൂടെയും തീവ്രമായ ആത്മാര്‍ത്ഥതയിലൂടെയുമായിരുന്നു ഹസന്‍ മുസ്ലിയാര്‍ ബിദഇകളെ നേരിട്ടത്. മുതഅല്ലിമുകള്‍ ശ്രദ്ധിക്കേണ്ടത് പഠനകാലം സമ്പുഷ്ടമാക്കാനാണ്.  എല്ലാ ജ്ഞാനശാഖകളിലും കഴിവാര്‍ജിക്കണം. മതപരമായ വിധികളെ ബുദ്ധിപരമായി വിശകലനം ചെയ്യാന്‍ സാധിക്കണം. പണ്ഡിതര്‍ നിരന്തര പാരായണവും ചര്‍ച്ചകളും വഴി അറിവ് വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കണം. അല്ലാഹു തൗഫീഖ് നല്‍കട്ടെ.


لف

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....