Showing posts with label നസീബ(റ)-. Show all posts
Showing posts with label നസീബ(റ)-. Show all posts

Saturday, February 1, 2020

ബീവി നസീബ(റ)-

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m


ബീവി നസീബ(റ)-4: ചരിത്രത്തോടൊപ്പം നടന്ന വനിത

● സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി

0 COMMENTS



നസീബതുല്‍ മാസിനിയ്യ(റ) പങ്കാളിത്തം വഹിച്ച ചരിത്ര നിമിഷങ്ങള്‍ ഉഹുദില്‍ മാത്രം ഒതുങ്ങിയില്ല. തിരുനബിക്കും സ്വഹാബത്തിനുമൊപ്പം പല പോരാട്ട ഭൂമികകളിലും ബീവി പങ്കാളിത്തം ഉറപ്പാക്കുകയുണ്ടായി. സ്വഹാബി വനിതകള്‍ക്ക് ധൈര്യമായിരുന്നു മഹതിയുടെ സാന്നിധ്യം. ശത്രുവിനെ തുരത്തുന്നതില്‍ ഉഹുദില്‍വച്ചു നേടിയ അനുഭവ സമ്പത്ത് ബീവിക്ക് നല്ലൊരു മുതല്‍ക്കൂട്ടായിരുന്നു. പുരുഷന്മാരെ പോലെ യുദ്ധത്തില്‍ നേരിട്ട് പങ്കാളിത്തത്തിനവസരമില്ലല്ലോ എന്ന പരിഭവം മാത്രമായിരുന്നു ബാക്കി. സുകൃതത്തിനുള്ള അഭിലാഷം തന്നെ പുണ്യകരമാണല്ലോ.

ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണായകമായൊരു പോരാട്ടമായിരുന്നു ‘ഖന്‍ദഖ്’. കിടങ്ങെന്നാണതിനര്‍ത്ഥം. മദീനക്കെതിരെ സഖ്യമായി പുറപ്പെട്ട ശത്രുസൈന്യത്തെ കിടങ്ങു തീര്‍ത്താണ് വിശ്വാസികള്‍ പ്രതിരോധിച്ചത്. അതിനാലാണ് ആ പേരു വന്നത്. മദീനത്തെ ജൂത സമൂഹവുമായി ചേര്‍ന്ന് മുസ്ലിംകളെ ഉന്മൂലനം ചെയ്യുകയെന്ന കുടില തന്ത്രവുമായി മക്കാ മുശ്രിക്കുകള്‍ മദീനക്കു നേരെ പട നയിച്ചതാണ് യുദ്ധ പശ്ചാത്തലം. മുസ്ലിംകള്‍ക്കെതിരെ ഒന്നിച്ചൊരു കടന്നാക്രമണമാണ് സഖ്യസേന ലക്ഷ്യമിട്ടിരുന്നത്. അത് പ്രതിരോധിക്കേണ്ടതനിവാര്യമായിരുന്നു. ശത്രുക്കളുടെ മലവെള്ളപ്പാച്ചില്‍ തടഞ്ഞില്ലെങ്കില്‍ പ്രവാചക നഗരിയെ തന്നെ അത് കശക്കിയെറിയുമായിരുന്നു.

യുദ്ധ തന്ത്രങ്ങളുയര്‍ന്നു. പല നിര്‍ദേശങ്ങള്‍ വന്നു. ഗാഢമായ ആലോചനക്കൊടുവില്‍ സല്‍മാനുല്‍ ഫാരിസി(റ)യാണ് മദീനക്കു ചുറ്റും കിടങ്ങു കുഴിച്ച് ശത്രുവിനെ തടയാമെന്ന് നിര്‍ദേശിച്ചത്. അറബികള്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത യുദ്ധമുറ. തിരുനബി(സ്വ) അതംഗീകരിച്ചു. എല്ലാ പ്രയാസങ്ങളും മറികടന്ന് സ്വഹാബികള്‍ ചാല്‍ കീറിത്തുടങ്ങി.

വലിയ പാറകള്‍ പൊട്ടിച്ച് പണി പുരോഗമിച്ചു. റസൂല്‍ നേതാവായി മാറിനില്‍ക്കുകയല്ല, പോരാളികള്‍ക്കൊപ്പം ഇറങ്ങി പണിയെടുത്തുകൊണ്ടിരുന്നു. കാഠിന്യമേറിയ, ആര്‍ക്കും പൊട്ടിക്കാനാകാത്ത പാറകള്‍ തകര്‍ക്കാന്‍ അവിടുന്ന് തന്നെ വേണ്ടിവന്നു. കൈവിരലില്‍ രക്തം പൊടിയുന്നതൊന്നും കാര്യമാക്കാതെ നബി(സ്വ) ആഞ്ഞുവെട്ടി. അന്നപാനീയങ്ങള്‍ നന്നേ കുറവായിരുന്നു. വിശപ്പു സഹിക്കാനാകാതെ പ്രവാചകര്‍ വയറ്റത്ത് കല്ല് വച്ച്കെട്ടിയിരുന്നതായി ചരിത്രം.

നബി(സ്വ)യുടെ നിരവധി അസാധാരണത്വം (മുഅ്ജിസത്ത്) പ്രകടമായ സന്ദര്‍ഭം കൂടിയാണ് ഖന്‍ദഖ്. കിടങ്ങ് കീറാന്‍ നബിയും സ്വഹാബത്തും ഒന്നിച്ചാണൊരുങ്ങിയത്. മുനാഫിഖുകള(കപട വിശ്വാസികള്‍)ല്ലാത്ത മദീനത്തെ ആബാലവൃദ്ധം ഖന്‍ദഖില്‍ തമ്പടിച്ചു. അവര്‍ക്കത് ജീവന്‍മരണ പ്രശ്നമായിരുന്നല്ലോ. സ്ത്രീകളും എത്തിച്ചേരുകയുണ്ടായി. വനിതാ വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്നത് രണ്ട് പേരാണ്. പ്രവാചകരുടെ അമ്മായി സ്വഫിയ്യ ബിന്‍ത് അബ്ദില്‍ മുത്വലിബ്(റ)യും നമ്മുടെ കഥാനായിക നസീബാ ബിന്‍ത് കഅ്ബ്(റ)യും. നേരത്തെ പറഞ്ഞതുപോലെ യുദ്ധമല്ല, അനുബന്ധ സഹായമായിരുന്നു അവരുടെ ചുമതല. സൈനികരുടെ സാധനസാമഗ്രികള്‍ വഹിക്കുക, സൂക്ഷിക്കുക, അന്നപാനീയങ്ങള്‍ സജ്ജമാക്കുക, ജൂതരുടെ നീക്കങ്ങളറിഞ്ഞ് വിവരം നല്‍കുക തുടങ്ങിയവയായിരുന്നു അവരേറ്റെടുത്ത ജോലികള്‍. നസീബ ബീവി ആവേശത്തോടെ എല്ലായിടത്തും കാര്യങ്ങളന്വേഷിച്ചുകൊണ്ടിരുന്നു. ഉഹുദ് കണ്ട അവര്‍ക്ക് ഖന്‍ദഖ് ഒട്ടും ബുദ്ധിമുട്ടായി തോന്നിയതേയില്ല.

ജൂതന്മാരില്‍ നിന്നും ശത്രുക്കളില്‍ നിന്നും രക്ഷക്കായി തിരുനബി(സ്വ) മുസ്ലിം സ്ത്രീകളെയും കുട്ടികളെയുമൊക്കെ ഒരു കോട്ടക്കകത്താക്കി സംരക്ഷിക്കാന്‍ ആജ്ഞാപിച്ചിരുന്നു. ജൂതരെ ഒട്ടും വിശ്വസിച്ചു കൂടാ. അവര്‍ ശത്രുക്കള്‍ക്ക് അവസരം തുറന്നുകൊടുക്കുമെന്ന് ധാരണയായിരുന്നല്ലോ. സ്ത്രീകളെയും അവര്‍ വെറുതെ വിടാനിടയില്ല. അത് കൊണ്ട് കോട്ടയുടെ പരിസരം നന്നായി നിരീക്ഷിക്കണമെന്ന് റസൂല്‍(സ്വ) നിര്‍ദേശം നല്‍കി. അങ്ങനെയിരിക്കെ ഒരു ജൂതന്‍ പതുങ്ങിപ്പതുങ്ങി കോട്ടക്കു ചുറ്റും കറങ്ങുന്നത് സ്ത്രീകളുടെ ശ്രദ്ധയില്‍ പെട്ടു. പലരും പരിഭ്രമിച്ചു. പക്ഷേ സ്വഫിയ്യ ബീവി തികഞ്ഞ മനസ്സാന്നിധ്യത്തോടെ രംഗം നിരീക്ഷിച്ചു. അബൂത്വാലിബിന്‍റെ പുത്രി, തിരുനബിയുടെ അമ്മായി, സുബൈര്‍(റ)ന്‍റെ മാതാവ്! സ്വഫിയ്യ ഒരു മരക്കുറ്റിയെടുത്ത് ആഞ്ഞൊരു അടി കൊടുത്തു. മൂര്‍ധാവില്‍ അടിയേറ്റ ജൂതന്‍ തല ചുറ്റി നിലംപതിച്ചു. പിന്നെ ആരും ആ വഴിക്കു വന്നില്ല.

ഖന്‍ദഖ് തീക്ഷ്ണമായ അനുഭവങ്ങള്‍ തന്നെയായിരുന്നു സമ്മാനിച്ചത്. സ്വഹാബത്ത് കടുത്ത പരീക്ഷണങ്ങള്‍ക്കു വിധേയരായി. നസീബ(റ) അടങ്ങുന്ന സ്വഹാബി വനിതകളും അവരുടേതായ പങ്കുവഹിച്ചു. അവസാനം മുസ്ലിംകള്‍ വിജയക്കൊടി പറത്തി.

നബി(സ്വ) ഉംറക്കു പുറപ്പെട്ടത് പിന്നീടാണ്. ചരിത്രത്തിലെ ആശങ്ക വിടര്‍ന്ന അധ്യായമായിരുന്നു അത്. പ്രവാചകരെയും സഹചരരെയും ശത്രുക്കള്‍ മക്കയില്‍ പ്രവേശിപ്പിച്ചില്ല. ചര്‍ച്ചക്കൊടുവില്‍ ഈ വര്‍ഷം തിരിച്ചു പോകാനും അടുത്ത വര്‍ഷം ഉംറക്ക് അനുവദിക്കാനും ധാരണയായി. ഈ ചരിത്ര മുഹൂര്‍ത്തത്തിലും വനിതകളുടെ നായികയായി നസീബ(റ)യുണ്ടായിരുന്നു.

രണ്ടു വര്‍ഷം കഴിഞ്ഞുനടന്ന ചരിത്രപരമായ ഒരു നീക്കമായിരുന്നു മക്ക ഫത്ഹ്. റസൂല്‍(സ്വ) അന്‍സ്വാരികള്‍ക്കും മുഹാജിറുകള്‍ക്കും പുറപ്പെടാന്‍ ആജ്ഞ നല്‍കി. വന്‍ വിജയം തന്നെ വരാന്‍ പോകുന്നു. ആരും അമാന്തിച്ചു നിന്നില്ല. ആശങ്കക്ക് പ്രസക്തിയുമില്ല. കഅ്ബയില്‍ നിന്ന് വിഗ്രഹങ്ങള്‍ തുടച്ചുനീക്കപ്പെടുകയാണ്. അല്ലാഹുവിന്‍റെ വചനം അവിടെ മുഴങ്ങുകയാണ്. ജന്മനാട്ടിലേക്ക് മാര്‍ച്ചു ചെയ്യുന്ന മുസ്ലിംകള്‍ക്കൊപ്പം ഒരു വിഭാഗം സ്ത്രീകളും ചേര്‍ന്നു. നായിക പതിവുപോലെ ബീവി നസീബ(റ) തന്നെ. ബിലാലി(റ)ന്‍റെ വാങ്കൊലി വിശുദ്ധ ഗേഹത്തില്‍ മുഴങ്ങുന്നതിനും ഇസ്ലാമിന്‍റെ വെന്നിക്കൊടി പാറിപ്പറക്കുന്നതിനും ദൃക്സാക്ഷിയാകാനവരെ വിധി തുണച്ചു. പണ്ട് ഉഹുദില്‍ ശത്രുനിരയില്‍ കണ്ട പലരും ഇന്ന് ഇസ്ലാമിന്‍റെ പതാക വഹിക്കുന്നത് കണ്ട് ആ ഉള്ളം നിറഞ്ഞു. കഅ്ബാലയം ആത്മനിര്‍വൃതിയോടെ അവര്‍ പ്രദക്ഷിണം ചെയ്തു. വിശുദ്ധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ നിരതയായി.

മക്കാ വിജയത്തോടെ വിശ്രമത്തിലായിരുന്ന മുസ്ലിംകളെ നേരിടാന്‍ ഹവാസിന്‍ ഗോത്രക്കാരും മറ്റും കോപ്പു കൂട്ടുന്നതാണ് പിന്നീട് കാണുന്നത്. അതിനെ തുടര്‍ന്ന് നടന്ന പോരാട്ടമായിരുന്നു ഹുനൈന്‍. പ്രതിരോധത്തിനൊരുങ്ങാന്‍ പ്രവാചക കല്‍പന. സ്വഹാബത്ത് സജ്ജരായി. മലയും കുന്നും കടന്ന് അവര്‍ നീങ്ങി. സാഹസികമായിരുന്നു യാത്ര. ആ സംഘത്തിനൊപ്പവും സഹായിയായി ബീവി പുറപ്പെടുകയുണ്ടായി. ദീന്‍ ആവശ്യപ്പെടുന്ന ന്യായമായ സേവനങ്ങളാണ് ഇവിടങ്ങളിലെല്ലാം ബീവി നിര്‍വഹിച്ചതെന്ന് ചരിത്രവായനയില്‍ നിന്നു വ്യക്തമാകും.

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...