Showing posts with label ഭീകരവാദി വഹാബി ارهابي وهابي. Show all posts
Showing posts with label ഭീകരവാദി വഹാബി ارهابي وهابي. Show all posts

Monday, December 31, 2018

ഭീകരവാദി വഹാബി ارهابي وهابي



ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0




വഹാബിസം -വാളെടുത്ത ശൈഥില്യം




നജ്ദിലെ ഗ്രാമങ്ങള്‍ കൊള്ളയടിക്കുകയും വഹാബിസം സ്വീകരിക്കാത്തവരെ അക്രമിക്കുകയും ചെയ്ത ശംഷം ഇബ്‌നു അബ്ദില്‍ വഹാബിന്റെ ഭീകര സംഘം ശക്തി സംഭരിച്ച് നജ്ദിന്റെ പുറത്തേക്കും പടയോട്ടം തുടങ്ങി. ത്വാഇഫില്‍ ഇവര്‍ തീര്‍ത്ത ചോരച്ചാലുകളെ സംബന്ധിച്ച് ഹറമൈനിയുടെ ആധികാരിക ചരിത്രകാരനായ ശൈഖ് സൈനി ദഹ്‌ലാന്‍ എഴുതുന്നു: വഹാബികള്‍ ത്വാഇഫ് അധിനിവേശം നടത്തിയപ്പോള്‍ ജനങ്ങളെ വ്യാപകമായി കൊന്നു. മുതിര്‍ന്നവര്‍, കുട്ടികള്‍, ഭരണാധികാരികള്‍, പ്രജകള്‍, ഉന്നതര്‍, സാധാരണക്കാര്‍ തുടങ്ങി ഒരു വ്യത്യാസവും കാണിച്ചില്ല. ഉമ്മയുടെ ഉക്കത്തിരുന്ന കുരുന്നുകളെ വരെ അവര്‍ നിഷ്‌കരുണം വകവരുത്തി. വീടുകളില്‍ നിന്നും പുറത്തിറങ്ങാത്തവരെയും വീടുകള്‍ തകര്‍ത്തുകൊണ്ട് കൊന്നുതള്ളി. ത്വാഇഫിലെ മസ്ജിദില്‍ ദര്‍സ് നടത്തുകയായിരുന്ന മുദര്‍റിസിനെയും മുതഅല്ലിമുകളെയും മുഴുവന്‍ കൊന്നു. നിസ്‌കരിക്കുന്നവരെ റുകൂഇലും സുജൂദിലും അരിഞ്ഞുവീഴ്ത്തി. (ഖുലാസത്തുല്‍ കലാം)


പൊറുതി മുട്ടിയ ജനങ്ങള്‍ വഹാബികളെ നേരിടാന്‍ മക്കാ ഗവര്‍ണര്‍ ശരീഫിനെ സമീപിച്ചു. അദ്ദേഹം നജ്ദിയന്‍ തൗഹീദുകാര്‍ മക്കയില്‍ കടക്കുന്നത് വിലക്കി. ഇത് സംബന്ധമായി സ്വാതന്ത്ര്യ സമരസേനാനി ഇ മൊയ്തു മൗലവി എഴുതുന്നത് കാണുക: നജ്ദികളുടെ തീഷ്ണതയുള്ള വാദഗതികളോട് ഹറമിലെ ഉലമാക്കള്‍ക്ക് യോജിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വീണ്ടും ശരീഫിനെ സമീപിച്ചു. ശരീഫ് ഒരിക്കല്‍ കൂടി നജിദികള്‍ ഹിജാസില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. നജ്ദികള്‍ പഴയ പടി സാമ്പത്തിക ഉപരോധത്തിന് തുനിഞ്ഞു. ഇറാഖി, ഇറാന്‍ വ്യാപാര സംഘങ്ങളെ അലോസരപ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഈ തീപൊരി മധ്യഇറാഖിലും ഇറാനിലുമെത്തി. ഹിജ്‌റ 1216ല്‍ ക്രിസ്തു വര്‍ഷം 1802ല്‍ കര്‍ബല, മുഅല്ല, ബലദു ഹുസൈന്‍ തുടങ്ങിയ രാജ്യങ്ങളെ നജ്ദുകാര്‍ ആക്രമിച്ചു. അവിടങ്ങളിലെ ധനങ്ങളും രത്‌നങ്ങളുമെല്ലാം പിടിച്ചെടുത്ത് അവ പട്ടാളക്കാരുടെ ഇടയില്‍ വിതണം ചെയ്തു. ഖബറുകളുടെ മേല്‍ പടുത്തുയര്‍ത്തിയിരുന്ന എടുപ്പുകള്‍ പൊളിച്ചുനീക്കി. (ഇന്ത്യന്‍ മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേജ്, 67, 68)


കേരളത്തിലെ സലഫി നേതാവായിരുന്ന ഇ കെ മൗലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന അല്‍ ഇത്തിഹാദ് മാസിക എഴുതി: ”1802 ഏപ്രില്‍ 30-ാം തീയതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബലാ പട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ അവര്‍ കൊന്നുകളഞ്ഞു. ഹുസൈന്‍(റ) മഖാം കൊള്ളയടിച്ചു അവിടേക്ക് അനറബികളായ സന്ദര്‍ശകന്‍മാര്‍ വഴിപാടു കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന് അസഹ്യമായി തോന്നിയിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ഖബറിന് വഴിപാട് കൊടുക്കുന്നവരുടെ നേരെ അവര്‍ക്കുണ്ടായിരുന്ന വീക്ഷണഗതി കാഫിറുകളുടെ നേരെ ഉണ്ടായിരുന്ന അതേ വീക്ഷണഗതി തന്നെയായിരുന്നു.” (അല്‍ ഇത്തിഹാദ് പുസ്തകം 2, ലക്കം 7- 1955)

നോക്കൂ, എത്ര അഭിമാനത്തോടെയാണ് കേരളത്തിലെ വഹാബികള്‍ ഈ കൊടും ക്രൂരതയെ ഉദ്ധരിച്ചിരിക്കുന്നത്. കേരളത്തിന് സമാധാനവും സഹിഷ്ണുതയും പഠിപ്പിക്കാനുള്ള യോഗ്യത ഈ ഭീകര പ്രസ്ഥാനത്തിന് തന്നെയാണുള്ളത്.! ഈ ഭീകര പ്രവര്‍ത്തനത്തില്‍ നിന്നു ആവേശം കൊണ്ടും ഈ ആദര്‍ശ ധാരയുടെ പ്രചോദനത്തിലും തന്നെയാണ് ഇവര്‍ മുമ്പ് എടവണ്ണയിലേയും കുറ്റിയാടിയിലേയും ഖബറുകള്‍ തകര്‍ത്തതും ഇപ്പോള്‍ നാടുകാണിയില്‍ ഖബര്‍ പൊളിച്ചു തെങ്ങിന്‍ തൈ നട്ടതും. ഇറാഖിലും സിറിയയിലും കേള്‍ക്കുന്ന, ഈജിപ്തിലെ സനായില്‍ കാണുന്ന ക്രൂരതകള്‍ കേരളത്തിലും സംഭവിക്കാതിരിക്കണമെങ്കില്‍ ഈ തീവ്രവാദ പ്രസ്ഥാനത്തെ തിരസ്‌കരിക്കാന്‍ സമൂഹം തയ്യാറാകണം.


ഇത് 1920കളില്‍ തന്നെ ഈ നാട്ടുകാരെ ഉണര്‍ത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. എന്നാല്‍, ഇവിടെയും രാഷ്ട്രീയത്തിന്റെ മറവില്‍ പതിയിരുന്ന് ഈ വികലമായ ആശയത്തെ ഒളിച്ചു കടത്തുകയായിരുന്നു വഹാബികള്‍. പല രാഷ്ട്രീയ നേതാക്കളും അറിഞ്ഞോ അറിയാതെയോ ഇവരുടെ ഇരകളായിട്ടുമുണ്ട്.


1811-ല്‍ ഉസ്മാനിയ ഖലീഫ സുല്‍ത്താന്‍ മുഹമ്മദ് ഖാന്‍ 11-ാമന്റെ നിര്‍ദേശപ്രകാരം ഈജിപ്ത് ഗവര്‍ണര്‍ മുഹമ്മദലി പാഷ പതിനായിരം വരുന്ന ഒരു സൈന്യത്തെ വഹാബികളെ നേരിടാന്‍ നിയോഗിച്ചു. നീണ്ട എട്ട് വര്‍ഷത്തെ പോരാട്ടത്തിനു ശേഷം, ഹറമൈനിയും നജ്ദും കീഴടക്കി തുര്‍ക്കി പതാക വീണ്ടും നാട്ടി. അന്നത്തെ വഹാബി രാജാവ് അബ്ദുല്ലയെ തുര്‍ക്കിയിലെ ഉസ്താംബൂളിലെത്തിച്ചു വിചാരണക്ക് ശേഷം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് തൂക്കിലേറ്റി. പിന്നീട് ഒരു നൂറ്റാണ്ടോളം വഹാബികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നില്ല. ശേഷം 1914-18 കാലത്ത് ഒന്നാം ലോക യുദ്ധ സമയത്ത് തുര്‍ക്കിക്കെതിരെ ഉപയോഗിക്കാന്‍ വേണ്ടി അറബ് നാടുകളില്‍ നിന്നും ശത്രുക്കളെ സൃഷ്ടിച്ച് ഭിന്നിപ്പിക്കുന്നതിന്റെ ഭാഗമായി കേണല്‍ ടി എന്‍ ലോറന്‍സിനെ വഹാബികള്‍ക്ക് പരിശീലനം നല്‍കാനായി ബ്രിട്ടന്‍ അയച്ചുകൊടുത്തു. മുസ്‌ലിം ലോകം ഒന്നിച്ചുനിന്ന് ഖിലാഫത്തിന്റെ സംരക്ഷണത്തിനായി പോരാടിയപ്പോള്‍ വഹാബികള്‍ ബ്രിട്ടീഷുകാരില്‍ നിന്നും പണം വാങ്ങി ആഭ്യന്തര കലാപമുണ്ടാക്കുകയും നജ്ദില്‍ സ്വയം ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ബ്രിട്ടനെതിരെയുള്ള തുര്‍ക്കിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തി ബ്രിട്ടീഷ് ചാരന്മാര്‍ അറേബ്യയില്‍ സജീവമായി ഇടപെട്ടു. ജവഹര്‍ ലാല്‍ നെഹ്‌റു ഇതു സംബന്ധമായി എഴുതി:”അറേബ്യയില്‍ നിലവിലുണ്ടായിരുന്ന ദേശീയ ബോധത്തെ ബ്രിട്ടന്‍ ഉപയോഗപ്പെടുത്തുകയും പണവും സാധനങ്ങളും ഉദാരമായി കൈക്കൂലി കൊടുത്തു തുര്‍ക്കിക്കെതിരായി അറബികളുടെ ഒരു ലഹള സംഘടിപ്പിക്കുകയുണ്ടായി. അറേബ്യയിലെ ഒരു ബ്രിട്ടീഷ് ഏജന്റായ കോണല്‍ ടി ഇ ലോറന്‍സ് ആയിരുന്നു ഈ ലഹളയുടെ പ്രേണേതാവ്. ഏഷ്യയിലെ പല പ്രസ്ഥാനങ്ങളുടെയും തിരശ്ശീലകള്‍ക്ക് പിന്നില്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു നിഗൂഢ വ്യക്തിയെന്ന ഒരു വിശ്രുതി തന്നെ ഇയാള്‍ പിന്നീട് ആര്‍ജിച്ചിട്ടുണ്ട്. (വിശ്വചരിത്രാവലോകനം വാള്യം 2, പേജ് 867)


ഈ ചാരനെ കേരള വഹാബികള്‍ ന്യായീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവരെഴുതി: ”അറബ് ഗോത്രങ്ങളെ സംബന്ധിച്ച് തങ്ങളുടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമം നടത്തിയിരുന്ന സഊദ് ഭരണകൂടം കേണല്‍ ലോറന്‍സിന്റെ സഹായം തേടി, സഊദി സൈനികര്‍ക്കദ്ദേഹം പരിശീലനം നല്‍കി. അറബികള്‍ക്കിടയില്‍ ‘ഡയനാമൈറ്റ് അമീര്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കേണല്‍ ലോറന്‍സിനെ ഒരു ചാരനെന്നു വിളിക്കാമോ എന്നും സംശയമാണ്” (ഹംഫര്‍ എന്ന ബ്രിട്ടീഷ് ചാരന്‍, യുവത ബുക്‌സ് പേജ്, 67. ഡോ. ശൗക്കത്തിലി)

അങ്ങനെ നിര്‍ണായക ഘട്ടത്തില്‍ ഇസ്‌ലാമിക ഖിലാഫത്തിന്റെ ശത്രുക്കളോടൊപ്പം ചേര്‍ന്ന ഇവര്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചരടുവലികള്‍ നടത്തി. നെഹ്‌റു തന്നെ എഴുതുന്നത് കാണുക: ലോക യുദ്ധ കാലത്ത് അറേബ്യ ബ്രിട്ടീഷ് ഗൂഢതന്ത്രത്തിന്റെ ഒരു കൂത്തരങ്ങായി തീര്‍ന്നു. വിവിധ അറബി പ്രധാനികളെ കോഴ കൊടുത്ത് സ്വാധീനിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ധനവും ഇന്ത്യന്‍ ധനവും അവിടെ ലോഭം കൂടാതെ ചെലവഴിക്കപ്പെട്ടു…. ഇബ്‌നു സഊദ് കൂടുതല്‍ സമര്‍ഥനായിരുന്നു. ഒരു സ്വതന്ത്ര രാജാവെന്ന തന്റെ നില അദ്ദേഹം ബ്രിട്ടീഷുകാരെ കൊണ്ട് അംഗീകരിപ്പിച്ചു. മാസത്തില്‍ 5000 പവന്‍ (70000 രൂപ) അവരില്‍ നിന്നും വാങ്ങി, നിഷ്പക്ഷനായിരിക്കാനും അദ്ദേഹം സമ്മതിച്ചു. അങ്ങനെ മറ്റുള്ള ആളുകള്‍ അന്യോന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കെ ഇബ്‌നു സഊദ് ബ്രിട്ടീഷ് സ്വര്‍ണം കൊണ്ട് തന്റെ നില കൂടുതല്‍ ഭദ്രമാക്കി.” (വിശ്വചരിത്രാവലോകനം, വാള്യം- 2 പേജ് 1060)


ഇതിന്റെ ഫലമായി ആയിരത്തി മുന്നൂറിലേറെ വര്‍ഷക്കാലം ലോകത്തിന്റെ വൈജ്ഞാനിക, ശാസ്ത്ര, സാങ്കേതിക, സാംസ്‌കാരിക പുരോഗതിക്കായി വലിയ സംഭാവനകളര്‍പ്പിച്ച ഏഷ്യക്കാരുടെ, വിശിഷ്യാ മുസ്‌ലിംകളുടെ ഏറ്റവും വലിയ സാമ്രാജ്യം തകര്‍ന്നടിഞ്ഞു. പിന്നീട് അറബ് ദേശത്തേക്ക് ഇരച്ചുകയറിയ ബ്രിട്ടീഷ് സേന ഇസ്‌ലാമിക രാഷ്ട്രത്തെ കോഴിമുട്ട വലിപ്പത്തില്‍ വെട്ടിനുറുക്കി വിവിധ നാട്ടുമൂപ്പന്‍മാര്‍ക്കും ഗോത്രത്തലവന്മാര്‍ക്കും വീതിച്ചുനല്‍കി. കണ്ണായ സ്ഥലങ്ങളില്‍ സൈനിക താവളങ്ങള്‍ സ്ഥാപിച്ചു. ഇനിയൊരിക്കലും യോജിക്കാനാകാത്ത വിധം ഭാഷ, ദേശീയത, ഗോത്രം, വിശ്വാസം എന്നിവയുടെ പേരില്‍ ജനങ്ങളെ അവര്‍ ഭിന്നിപ്പിച്ചു. ഹറമൈനി ഉള്‍ക്കൊള്ളുന്ന വലിയ ഒരു ഭാഗം ഇബ്‌നു സഊദ് കുടുംബത്തിന് നല്‍കിയപ്പോള്‍ മുസ്‌ലിംകളുടെ മറ്റൊരു സുപ്രധാന കേന്ദ്രമായ ഫലസ്തീന്‍ ജൂതന്മാരെ കൊണ്ടുവന്നു കുടിയിരുത്തി. ഒരു കാലത്തും മുസ്‌ലിംകള്‍ക്ക് സമാധാനം ലഭിക്കാതിരിക്കാന്‍ വേണ്ടതെല്ലാം അവര്‍ ചെയ്തുവെച്ചു.


എന്നാല്‍, സാമ്രാജ്യത്വ നുകത്തിന് കീഴില്‍ വഴങ്ങാത്ത ചിലഭരണാധികാരികള്‍ പിന്നീട് ഉയര്‍ന്നുവന്നു. ഇറാഖിലെ സദ്ദാം ഹുസൈനും ലിബിയയിലെ ഗദ്ദാഫിയും സിറിയയിലെ ബശര്‍ അല്‍ അസദുമൊക്കെ അവരില്‍ പ്രമുഖരായിരുന്നു. കുവൈത്ത് അധിനിവേശത്തിന്റെ മറവില്‍ സദ്ദാമിനെയും പിന്നീട് ലിബിയയിലേക്ക് തിരിഞ്ഞ് ഗദ്ദാഫിയെയും സ്ഥാനഭ്രഷ്ടനാക്കുകയും അവരെ വധിച്ചുകളിയകയും ചെയ്തു പാശ്ചാത്യ സാമ്രാജ്യത്വ ശക്തികള്‍. വര്‍ഷങ്ങളായി അവര്‍ സിറിയയെ അക്രമിച്ചുകൊണ്ടിരിക്കുകയാണ്.

സലഫിസ്റ്റുകള്‍ക്ക് സ്വാധീനമില്ലാതിരുന്ന ഈ രാജ്യങ്ങളില്‍ പ്രത്യേക അവസരം ഉപയോഗിച്ച് സാമ്രാജ്യത്വത്തിന്റെ രഹസ്യ പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു അബൂബക്കര്‍ അല്‍ ബഗ്ദാദി. എന്നാല്‍, ഇറാഖിന്റെ നല്ലൊരു ഭാഗം കൈയില്‍ വന്നതോടെ പാരമ്പര്യ വിശ്വാസികളെയും ഇസ്‌ലാമിന്റെ ചരിത്ര ചിഹ്നങ്ങളെയും മഹാന്മാരുടെ മഖ്ബറകളെയും ഇവര്‍ ഭീകരമായി തന്നെ ആക്രമിച്ചു. ഒപ്പം, അവരല്ലാത്തവരെ മുഴുവന്‍ നശിപ്പിക്കുക എന്ന തീവ്രവാദത്തിന്റെ പേരില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇവര്‍ ആക്രമണമാരംഭിച്ചു. ഇതോടെയാണ്, ഇറാഖിലെ ശിയാക്കള്‍ക്കെതിരെ ആദ്യം സലഫിസ്റ്റുകളെ പിന്തുണച്ചിരുന്ന പാശ്ചാത്യര്‍ ഐ എസിനെ എതിര്‍ക്കാന്‍ തുടങ്ങിയത്.


പുതിയ സാഹചര്യത്തില്‍ ഈ തീവ്രവാദത്തിലൂന്നിയ ആശയധാര ലോകത്തിന് അപകടമാണെന്ന് എല്ലാവരും മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്. അധികാരം പിടിക്കാന്‍ നേരത്തെ ഇവരെ കൂട്ടുപിടിച്ചിരുന്ന സഊദി ഭരണകൂടമടക്കം ഇവരെ കുടഞ്ഞുകളയാനുള്ള ഒരുക്കത്തിലാണെന്നത് നല്ല സൂചനയാണ്. ഒപ്പം ഇസ്‌ലാമിന്റെ പാരമ്പര്യ മാര്‍ഗമായ അഹ്‌ലുസ്സുന്നയുടെ നവജാഗരണം ലോകത്ത് നടക്കുന്നുവെന്നതും സമ്പന്നമായ, പോയ കാല ചരിത്രകാലത്തിലേക്കുള്ള മുസ്‌ലിം ഉമ്മത്തിന്റെ തിരിച്ചുനടത്തമായി വേണം കരുതാന്‍.





തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' (എസ് വൈ എസ് ആദര്‍ശ ക്യാമ്പയിന്‍- ഡിസംബര്‍ 10-25)


റഹ്മത്തുല്ല സഖാഫി എളമരം
Team work of ahlusunna.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....