തബ്ലീഗ്ഗ് ജമാഅത്ത്: ചിരിയിലൊതുങ്ങാത്ത കാപട്യം● 0
●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
ഇസ്ലാമിന്റെ പേരില്‍ എക്കാലത്തും പുത്തന്‍ പ്രസ്ഥാനങ്ങള്‍ രംഗ പ്രവേശം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുണ്ട്. തബ്ലീഗ് ജമാഅത്ത് ഇത്പോലെ രംഗത്ത് വന്ന പ്രസ്ഥാനമാണ്. ഏതൊരു പ്രസ്ഥാനത്തേയും നാം വിശകലത്തിന് വിധേയമാക്കുന്നത് അവരുടെ നേതാക്കളേയും ഗ്രന്ഥങ്ങളെയും അവലംബിച്ചാണ്. അപ്പോള്‍ അത്തരം ഒരു അന്വേഷണം തബ്ലീഗുകാരെ പറ്റിയുമുണ്ടാവണമല്ലോ? ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ക്രി.1883ല്‍ ജനിച്ച് 1944ല്‍ മരണപ്പെട്ട മുഹമ്മദ് ഇല്യാസാണ്. അദ്ദേഹത്തെയും അദ്ദേഹം അംഗീകരിക്കുന്ന നേതാക്കളെയും അവരുടെ നിലപാടുകളെയും അറിയുന്നതോടു കൂടി ഏതൊരാള്‍ക്കും തബ്ലീഗ് ജമാഅത്തിന്റെ യാഥാര്‍ത്ഥ്യ മെന്തെന്ന് ബോധ്യമാകും.
അവരുടെ നേതാക്കള്‍ ആരൊക്കെയാണ്. അത് പറയേണ്ടത് തബ്ലീഗുകാരാണ്. അവര്‍ പറയുന്നത് നോക്കൂ:
‘പിന്‍കാലങ്ങളിലും ഇത് പോലെ അനേകം മഹാന്മാര്‍ ഉണ്ടായിട്ടുണ്ട്. ഹസ്രത് ഷാഹ് വലിയ്യുല്ലാഹി ദഹ്ലവി(റ), ഹസ്രത് ശൈഖ് അഹ്മ്മദ് സര്‍ഹിന്‍ദി(റ), ഹസ്രത് ശഹീദ് ബരേലവി(റ), ഹസ്രത് മുഹമ്മദ് ഖാസിം നാനൂതവി(റ), ഹസ്രത് മഹ്മൂദുല്‍ ഹസന്‍ ദയൂബന്തി(റ), ഹസ്രത് അഹമ്മദ് ഗംഗൂഹി(റ), ഹസ്രത് ഹുസൈന്‍ അഹ്മദ് മദനി(റ), മൗലാനാ മുഹമ്മദലി ജൗഹര്‍ മര്‍ഹൂം പോലെയുള്ള മഹാന്മാരായ ഉലമാക്കളും ത്യാഗികളും ഇന്ത്യയില്‍ ദീനിന്റെ നിലനില്‍പിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളും ത്യാഗങ്ങളും അതുല്യങ്ങളാണ്. ഈ മഹാന്മാരുടെ കൂട്ടത്തില്‍ തിളങ്ങുന്ന താരമാണ് ഹസ്രത് മൗലാനാ ഷാഹ് ഇല്യാസ് (റ)അവര്‍കള്‍’ (തബ്ലീഗ് പ്രവര്‍ത്തന സന്ദേശം/പേ.5,6).
മേല്‍ വരികളില്‍ ചില പണ്ഡിതരെ സ്വന്തക്കാരാക്കിയിട്ടുണ്ടെങ്കിലും അവരുടെ നേതാക്കളെ ഇതിലൂടെ തിരിച്ചറിയാന്‍ കഴിയുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം. ഇങ്ങനെയുള്ള അവരുടെ നേതാക്കളേയും ഗ്രന്ഥങ്ങളെയും നമുക്ക് പരിചയപ്പെടാം. അവര്‍ വെച്ചുപുലര്‍ത്തുന്ന ആദര്‍ശം മനസ്സിലാക്കാന്‍ സഹായകമാണത്.
1) മുഹമ്മദ് ഇല്‍യാസ്
തബ്ലീഗ് ജമാഅത്തിന്റെ സ്ഥാപകനാണിദ്ദേഹം. അദ്ദേഹത്തിന്റെ ജീവ ചരിത്രത്തില്‍ നമുക്കിങ്ങനെ വായിക്കാം:
‘ഇസ്ലാമിക പ്രബോധന രംഗത്തു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ രൂപപ്പെട്ടത് ആ അവസരത്തിലായിരുന്നു (രണ്ടാമത്തെ ഹജ്ജിന് പോയപ്പോള്‍). നീ മുഖേനെ നാം ഈ പ്രവര്‍ത്തനം നിര്‍വ്വഹിക്കും. മൗലാനയുടെ പ്രവര്‍ത്തനത്തിന് പ്രചോദനമായി ഭവിച്ചത് ഈ ഇല്‍ഹാമാണ്. പക്ഷേ, ദുര്‍ബലനും അശക്തനുമായ തനിക്ക് എന്ത് ചെയ്യാനാവുമെന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ഒരു പുണ്യ പുരുഷനെ സമീപിച്ച് മൗലാനാ തന്റെ വിഷമാവസ്ഥ ബോധ്യപ്പെടുത്തി. അദ്ദേഹം പറഞ്ഞു. നിന്നെകൊണ്ട് നാം പ്രവര്‍ത്തിപ്പിക്കും എന്നല്ലേ പറയപ്പെട്ടത്? അല്ലാഹു താങ്കള്‍ മുഖേന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കും എന്നല്ലേ അതിനര്‍ത്ഥം. താങ്കള്‍ ഒരു നിലക്കും പരിഭ്രമിക്കേണ്ടതില്ല. ആ ജ്ഞാനിയുടെ വാക്കുകള്‍ മൗലാനയെ ആശ്വസിപ്പിച്ചു. അഞ്ചുമാസക്കാലം മക്കയിലും മദീനയിലും ചെലവഴിച്ചശേഷം അദ്ദേഹം ഹി.1345ല്‍ റബീഉല്‍ ആഖിര്‍ 13 ന് കാന്ധലയില്‍ തിരിച്ചെത്തി…. നാട്ടില്‍ തിരിച്ചെത്തിയ ഉടനെത്തന്നെ മൗലാനാ ഗശ്ത്ത് (ചുറ്റല്‍) ആരംഭിച്ചു… പ്രബോധനാവശ്യാര്‍ഥം സംഘം (ജമാഅത്ത്) ചേര്‍ന്ന് വിവിധ പ്രദേശങ്ങളിലേക്കു പ്രയാണം നൂഹില്‍ വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സദസ്യര്‍ ഒരു മാസത്തെ സാവകാശം ആവശ്യപ്പെട്ടു. അതിനു ശേഷം അവര്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രദേശങ്ങളിലേക്ക് അവര്‍ പുറപ്പെടുകയും എട്ടു ദിവസങ്ങളോളം പ്രവര്‍ത്തനങ്ങളില്‍ നിരതരാവുകയും ചെയ്തു’ (മൗലാനാ മുഹമ്മദ് ഇല്‍യാസ് ജീവിതവും ദൗത്യവും/പേ.53,54).
അദ്ദേഹം ഗ്രന്ഥ രചന നടത്തിയതായി അറിയില്ല. അദ്ദേഹത്തിന്റെ മൊഴികള്‍ മല്‍ഫൂളാത് എന്ന പേരില്‍ മന്‍സൂര്‍ നുഅ്മാനിയും അദ്ദേഹത്തിന്റെ കത്തുകളുടെ സമാഹാരം മകാതീബ് എന്ന പേരില്‍ അബുല്‍ ഹസന്‍ അലി നദ്വിയും ക്രോഡീകരിച്ചിട്ടുണ്ട്.
2) റശീദ് അഹ്മദ് ഗംഗോഹി
തബ്ലീഗ് സ്ഥാപകനായ മുഹമ്മദ് ഇല്‍യാസിന്റെ ഗുരുനാഥനാണ് ഇദ്ദേഹം. ഗംഗോഹിയെ മുഹമ്മദ് ഇല്‍യാസ് പരിചയപ്പെടുത്തുന്നത് നോക്കൂ. ‘ഗംഗോഹി ഈ കാലഘട്ടത്തിലെ നേര്‍മാര്‍ഗത്തിന്റെ ഖുതുബും മുജദ്ദിദുമാണ്. അങ്ങിനെയായതു കൊണ്ട് എല്ലാ സല്‍കര്‍മങ്ങളും അദ്ദേഹത്തിലൂടെ തന്നെ ഉണ്ടാവണമെന്നില്ല. തന്റെ അനുയായികളിലൂടെ എന്തെല്ലാം പരിഷ്കാരങ്ങള്‍ ഉണ്ടായാലും അവയെല്ലാം അദ്ദേഹത്തിന്റെതാണ്. നബി(സ്വ) തങ്ങളുടെ ഖലീഫമാരുടെ പ്രവര്‍ത്തനങ്ങളെല്ലാം യഥാര്‍ത്ഥത്തില്‍ നബി തങ്ങളുടേതായത് പോലെതന്നെ (മല്‍ഫൂളാത്,122).
ഇവര്‍ തമ്മിലുള്ള ബന്ധം മുഹമ്മദ് ഇല്‍യാസിന്റെ ജീവ ചരിത്രത്തില്‍ ഇപ്രകാരം കാണാം:
‘മുഹമ്മദ് യഹ്യ, പിതാവായ മൗലാനാ മുഹമ്മദ് ഇസ്മാഈലിന്റെ അനുവാദത്തോടെ മുഹമ്മദ് ഇല്‍യാസിനെ ഉപരിപഠനാര്‍ത്ഥം ഗംഗോഹിലേക്ക് കൊണ്ട്വന്നു. അന്നു മുഹമ്മദ് ഇല്‍യാസ് പതിനൊന്നുകാരനായ ബാലനായിരുന്നു. ഹി.1323ല്‍ മൗലാനാ റശീദ് അഹ്മദ് നിര്യാതനാകുന്നത് വരെ 10 വര്‍ഷത്തോളം മുഹമ്മദ് ഇല്‍യാസ് ഗംഗോഹില്‍ കഴിച്ച്കൂട്ടി. മൗലാനാ റശീദ് അഹ്മദ് ഗംഗോഹി(റ), മൗലാന മുഹമ്മദ് ഇല്‍യാസിന്റെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തി. അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ബൈഅത്ത് നല്‍കുമായിരുന്നില്ല. എന്നാല്‍, മുഹമ്മദ് ഇല്‍യാസിന്റെ സവിശേഷമായ വ്യക്തിത്വഗുണങ്ങള്‍ കാരണമായി വിദ്യാര്‍ത്ഥിയായിരിക്കേ തന്നെ ഗംഗോഹി ബൈഅത്ത് നല്‍കുകയുണ്ടായി. മുഹമ്മദ് ഇല്‍യാസ് സദാ മൗലാനാ ഗാംഗോഹിയുടെ സാന്നിധ്യം ആഗ്രഹിച്ചു. ഗുരുമുഖം കാണാതാവുമ്പോള്‍ ആ ശിഷ്യന്‍ അസ്വസ്ഥഭരിതനാവുമായിരുന്നു. ചിലപ്പോള്‍ അദ്ദേഹം ഉറക്കില്‍ നിന്ന് ഉണരുമായിരുന്നു. പിന്നീട് ഗുരുവിന്റെ മുഖം ഒരു നോക്കുകണ്ടേ അദ്ദേഹം വിരിപ്പിലേക്ക് മടങ്ങാറുണ്ടായിരുന്നുള്ളൂ’’(മൗലാന മുഹമ്മദ് ഇല്‍യാസ് ജീവിതവും ദൗത്യവും പേ 38).
ഇത്രയധികം അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിയും ഉണ്ടായിട്ടില്ലന്ന് പ്രസ്തുത പുസ്തകത്തില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഗംഗോഹിയുടെ പ്രധാന ഗ്രന്ഥമാണ് ഫതാവാ റശീദിയ്യ:
3) അശ്റഫലി ഥാനവി
തബ്ലീഗ് സ്ഥാപകന്റെ മറ്റൊരു ഗുരുവാണ് ഇദ്ദേഹം. അദ്ദേഹം തന്നെപറയട്ടെ: മൗലാന താനവി വളരെ വലിയ കാര്യമാണ് ചെയ്തിട്ടുള്ളത്. തബ്ലീഗിന്റെ മുഴുവന്‍ ആശയങ്ങളും താനവിയുടേതും അതിന്റെ പ്രചാരണ മാര്‍ഗം മാത്രം എന്റേതും ആകുന്നത് മാനസികമായി ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു. ഇപ്രകാരമാവുമ്പോള്‍ താനവിയുടെ ആശയങ്ങള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ പൊതുവെ പ്രചാരമുണ്ടാകുന്നതാണ്’ (മല്‍ഫൂളാത്/പേ. 58).
മുഹമ്മദ് ഇല്‍യാസിന്റെ ജീവചരിത്രത്തില്‍ നിന്നും: ‘തന്റെ സമകാലികരായ പണ്ഡിതന്മാരും ഗുരുക്കന്മാരുമായ ഷാഹ് അബ്ദുറഹ്മാന്‍ റായ്പൂരി, മൗലാനാ മഹ്മൂദുല്‍ ഹസന്‍, മൗലാനാ അശ്റഫലി ഥാനവി, തുടങ്ങിയവരുമായി അദ്ദേഹം സൗഹൃദവും ചങ്ങാത്തവും സ്ഥാപിച്ചിരുന്നു’’(പേ 39). ഹിഫ്ളുല്‍ ഈമാന്‍, ബസ്തുല്‍ ബനാന്‍ എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
4) ഖലീല്‍ അഹ്മദ് സഹാറമ്പൂരി
ഇദ്ദേഹവും മുഹമ്മദ് ഇല്‍യാസിന്റെ ഗുരുനാഥനാണ്. ജീവചരിത്രത്തില്‍ നിന്ന് ഇവര്‍ തമ്മിലുള്ള ബന്ധം വായിക്കാം: ‘രോഗശയ്യയിലായിരിക്കേ ഉണ്ടായ ഒരു സംഭവം അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു. ഞാന്‍ രോഗഗ്രസ്ഥനായി കെട്ടിടത്തിന്റെ മുകളില്‍ കഴിയുകയായിരുന്നു. ക്ഷീണം കാരണം താഴേക്കിറങ്ങാന്‍ കഴിയുമായിരുന്നില്ല. ആയിടക്കാണ് ഖലീല്‍ അഹ്മദ് സഹാറമ്പൂരി ദല്‍ഹിയിലെത്തുന്ന വാര്‍ത്തയറിഞ്ഞത്. ഞാനുടനെ കാല്‍നടയായി ദല്‍ഹിയിലേക്കു പുറപ്പെട്ടു. താഴേക്കിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ ശയ്യാവലംബിയായി കഴിയുകയാണെന്ന ഓര്‍മപോലും എനിക്കുണ്ടായിരുന്നില്ല’ (പേ 39). ബറാഹീനേ ഖാത്വിഅ, അല്‍മുഹന്നദ് അലല്‍ മുഫന്നദ് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
5) ഖാസിം നാനൂതവി
മുഹമ്മദ് ഇല്‍യാസിനെ വളരെയധികം ആകര്‍ഷിച്ച ഖലീല്‍ അഹ്മദ് സഹാറമ്പൂരി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്കാണുക: ‘ഹുജ്ജതുല്ലാഹി അലല്‍ആലമീന ഫില്‍ അര്‍ള് (ഭൂലോകത്തുള്ളവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തം), മൗലാനാ സയ്യിദുല്‍ അദ്കിയാഇല്‍ മുദഖിഖീന്‍ (അഗ്രേസരരായ പണ്ഡിത കുലപതികളുടെ നേതാവ്) ഒക്കെയായിരുന്നു അദ്ദേഹം’ (അല്‍ മുഹന്നദ് അലല്‍ മുഫന്നദ്/പേ. 3,21).
നാനൂതവിക്ക് തബ്ലീഗുകാരുടെ അടുക്കലുള്ള സ്വീകാര്യതക്ക് ഇതിനപ്പുറം ഒരു തെളിവും ആവശ്യമില്ല. തഹ്ദീറുന്നാസ് എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്
6) ഇസ്മാഈല്‍ ശഹീദ്
തബ്ലീഗ് സ്ഥാപകന്റെ പ്രഥമ ഗുരുവായ റശീദ് അഹ്മദ് ഗംഗോഹിയുടെ ഗുരുവാണ് ഇദ്ദേഹം. ഗംഗോഹി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ:
‘മൗലവി മുഹമ്മദ് ഇസ്മാഈല്‍(റ) മത പണ്ഡിതനും സൂഫിയുമാണ്. പുത്തന്‍വാദങ്ങളെ നശിപ്പിച്ച് സുന്നത്തിനെ സംസ്ഥാപിക്കുകയും ഖുര്‍ആനും ഹദീസുമനുസരിച്ച് പൂര്‍ണ്ണമായും പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് സന്മാര്‍ഗം കാണിച്ച് കൊടുക്കുകയും ചെയ്ത വ്യക്തിയാണ് അദ്ദേഹം. ജീവിതാന്ത്യംവരെ ഇതേ അവസ്ഥയില്‍ തുടരുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയാവുകയും ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ പ്രത്യക്ഷത്തില്‍ അല്ലാഹുവിന്റെ വലിയ്യും ശഹീദുമാണ്’ (ഫതാവാ റശീദിയ്യ/പേ.79).
തഖ്വിയതുല്‍ ഈമാന്‍, സിറാതുല്‍ മുസ്തഖീം എന്നീ രചനകളുണ്ട്. മതവിരുദ്ധമായ നിരവധി വികലാശയങ്ങള്‍കൊണ്ട് നിറക്കപ്പെട്ട തഖ്വിയതുല്‍ ഈമാനിനെ ഗംഗോഹി പരിചയപ്പെടുത്തുന്നത് കാണുക: ‘അദ്ദേഹത്തിന്റെ തഖ്വിയതുല്‍ ഈമാന്‍ എന്ന ഗ്രന്ഥം വളരെ ഉത്തമവും ശിര്‍ക്കും ബിദ്അത്തും തടയുന്നതില്‍ തുല്യതയില്ലാത്തതുമാണ്. ഖുര്‍ആനും ഹദീസുമാണ് അതിലെ പ്രമാണങ്ങള്‍. അത് കൈവശം വെക്കലും വായിക്കലും പഠിപ്പിക്കലും തന്നെയാണ് ഇസ്ലാം. അത് കൈവശം വെക്കുന്നത് തെറ്റാണെന്ന് പറയുന്നവന്‍ തെമ്മാടിയും പുത്തന്‍വാദിയുമാണ്. അതിന്റെ മഹത്ത്വം ഉള്‍കൊള്ളാന്‍ കഴിയാതെ പോയത് തന്റെ ബുദ്ധിക്കുറവ് കൊണ്ടാണ്. ഗ്രന്ഥത്തിനും ഗ്രന്ഥകാരനും എന്ത് കുഴപ്പമാണുള്ളത്? വലിയ വലിയ പണ്ഡിതര്‍ ഇതിനെ ഏറ്റെടുത്തിരിക്കുന്നു. ഇത് പിഴച്ചതാണെന്ന് പ്രചരിപ്പിക്കുന്നവന്‍ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ് (ഫതാവാ റശീദിയ്യ/പേ.78,79)(04)
7) മുഹമ്മദ് മന്‍സൂര്‍ നുഅ്മാനി
മുഹമ്മദ് ഇല്‍യാസിന്റെ ശിഷ്യനാണ് ഇദ്ദേഹം. തബ്ലീഗ് നേതാക്കളോടുള്ള അദ്ദേഹത്തിന്റെ ബന്ധം ഈ വരികളില്‍ നിന്നും നമുക്ക് വായിക്കാം:
‘ഹിജ്റ 1358 ദുല്‍ഖഅ്ദില്‍ (1939 ഡിസംബര്‍) ഈ വിനീതന്‍ ഉള്‍പ്പടെ മൂന്ന്പേര്‍ സഹാറമ്പൂരില്‍ ഒരുമിച്ച് കൂടി. വിവിധ സ്ഥലങ്ങളിലായി സ്ഥിതിചെയ്യുന്ന ഇസ്ലാമിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനുമായി ഒരു പഠനയാത്രക്ക് ഞങ്ങള്‍ പദ്ധതിയിട്ടു. നിസാമുദ്ദീനിലെ തബ്ലീഗ് ആസ്ഥാനം ഞങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ഈ പഠന സംഘത്തില്‍ മൗലാനാ മുഹമ്മദ് ഇല്‍യാസുമായി കൂടുതല്‍ അടുപ്പം എനിക്കായിരുന്നു…. ദയൂബന്ദില്‍ വിദ്യാര്‍ത്ഥിയായിരിക്കേത്തന്നെ മൗലാനാ ഇല്‍യാസ് സാഹിബ് ഉള്‍പ്പടെ തബ്ലീഗ് ജമാഅത്തിന്റെ നേതൃനിരയിലുള്ള വ്യക്തികളുമായി ഞാന്‍ സൗഹൃദം സ്ഥാപിച്ചിരുന്നു’’(മൗലാന മുഹമ്മദ് ഇല്‍യാസ് ജീവിതവും ദൗത്യവും, മന്‍സൂര്‍ നുഅ്മാനിയുടെ അവതാരിക/പേ 23).
തബ്ലീഗുനേതാക്കളുമായി ഇഴപിരിയാത്ത ബന്ധമുള്ള വ്യക്തിത്വമാണ് നുഅ്മാനിയെന്ന് വ്യക്തമായല്ലോ. മല്‍ഫൂളാത്, ശൈഖ് മുഹമ്മദ് അബ്ദില്‍ വഹാബ് കീ ഖിലാഫ് പ്രോപഗണ്ട, ഔര്‍ ഹിന്ദുസ്ഥാന്‍ കേ ഉലമാ എ ഹഖ്പര്‍ ഉസ്കെ അസാറാത് എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
തബ്ലീഗിന്റെ പ്രധാന നേതാക്കളാണിവര്‍. കേരളത്തിലെ തബ്ലീഗുകാര്‍ അവര്‍ക്ക് നേതാക്കളില്ലെന്നും തബ്ലീഗ് ജമാഅത്തിന് സ്ഥാപകനില്ലെന്നും അവര്‍ക്കെതിരെ ഉന്നയിക്കുന്ന ഗ്രന്ഥങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പ്രചരിപ്പിക്കാറുണ്ട്. രക്ഷപ്പെടാനുള്ള കുതന്ത്രം മാത്രമാണത് എന്ന് ബോധ്യപ്പെടുത്താനാണ് തബ്ലീഗിന്റെ നേതാക്കളും അവരുടെ ഗ്രന്ഥങ്ങളും എപ്രകാരം ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് ലളിതമായി വിശദീകരിച്ചത്. ഇനി ഇവരുടെ നേതാക്കള്‍ എഴുതിവിട്ട ആശയവൈകല്യങ്ങള്‍ പരിശോധിക്കാം. ആത്മാര്‍ത്ഥതയുടെ ആള്‍രൂപങ്ങളായി, ഭക്തിയുടെ പ്രതിരൂപങ്ങളായി അഭിനയിക്കുന്ന തബ്ലീഗുകാരുടെ മതവിരുദ്ധ ദര്‍ശനങ്ങള്‍ വിലയിരുത്തുന്നത് അവരെക്കുറിച്ചറിയാന്‍ ഏറെ സഹായകമാണല്ലോ.
അബ്ദുറശീദ് സഖാഫി മേലാറ്റൂര്‍