Showing posts with label നൂരിഷാ ത്വരീഖത്ത് സ്വീകരിച്ചാൽ പാപമുക്തി!● അലവി സഖാഫി കൊളത്തൂർ. Show all posts
Showing posts with label നൂരിഷാ ത്വരീഖത്ത് സ്വീകരിച്ചാൽ പാപമുക്തി!● അലവി സഖാഫി കൊളത്തൂർ. Show all posts

Thursday, March 22, 2018

നൂരിഷാ ത്വരീഖത്ത് സ്വീകരിച്ചാൽ പാപമുക്തി!● അലവി സഖാഫി കൊളത്തൂർ


നൂരിഷാ ത്വരീഖത്ത് സ്വീകരിച്ചാൽ പാപമുക്തി!● അലവി സഖാഫി കൊളത്തൂർ


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി


അല്ലാഹുവിന്റെ സ്വിഫാതുകൾ (ഗുണങ്ങൾ) ഇഖ്തിയാരിയ്യ (ഇഷ്ടാനുസരണം വേണമെന്നും വേണ്ടെന്നും വെക്കാൻ പറ്റും വിധമുള്ളത്) അല്ലെന്നും അവ അല്ലാഹുവിന്റെ ദാത്തിൽ (സത്ത) എന്നെന്നും നിലനിൽക്കൽ നിർബന്ധമാണെന്നും അഹ്‌ലുസ്സുന്ന വിശ്വസിക്കുന്നു. ഇവിടെയും നൂരിഷക്കാർ സത്യസരണിയിൽ നിന്ന് ഭ്രംശം സംഭവിച്ചവരുടെ വിശ്വാസത്തെ ഏറ്റെടുത്തിരിക്കുന്നു. അല്ലാഹുവിന്റെ സ്വിഫതുകൾ സ്തുതിക്കപ്പെടുന്നതാകയാൽ അവ ഇഖ്തിയാരിയ്യ് ആവണമെന്നാണ് ഈ വാദത്തിന് ഇവർ ന്യായീകരണം കണ്ടെത്തുന്നത്. ഇത് ശരിയല്ല. മത നിയമങ്ങൾ യഥാവിധം ഗ്രഹിക്കാത്തതു കൊണ്ട് നൂരിഷ അപകടത്തിൽ ചെന്ന് ചാടിയതാണിവിടെ.

ശർവാനി(റ) പറയുന്നു: അല്ലാഹുവിന്റെ ഗുണങ്ങൾ ഇഖ്തിയാരിയ്യ അല്ലെങ്കിലും ഇഖ്തിയാരിയ്യായ ഗുണങ്ങളുടെ ഒരു സവിശേഷത അല്ലാഹുവിന്റെ ഗുണങ്ങൾക്കുണ്ട്. മറ്റൊരാളുടെ സമ്മർദത്തിന് വിധേയമല്ലാത്തത് എന്നാണ് ആ സവിശേഷത. നമ്മുടെ ഇഷ്ടാനുസരണമുള്ള ഗുണങ്ങൾ മറ്റൊരാളുടെ സമ്മർദത്തിന് വിധേയമല്ലാത്തത് പോലെ അല്ലാഹുവിന്റെ ഗുണങ്ങളൊന്നും ആരുടെയും സമ്മർദത്തിന് വിധേയമല്ല. ഇതാണ് അല്ലാഹുവിനെ സ്തുതിക്കുന്നതിന്റെ മാനദണ്ഡം (ഹാശിയതുശർവാനി 1/11).

അല്ലാഹു സർവ വ്യാപിയാണെന്ന മതവിരുദ്ധ വാദവും ഈ ത്വരീഖത്തുകാർക്കുണ്ട്. നൂരിഷ പറയുന്നു: അല്ലാഹുവിന്റെ ദാത്തിയ്യായ മഇയ്യത് എന്ന ഗുണം അർശിലും ഫർശിലും ആകാശത്തുമെല്ലാം മുഹീത്വ് (ചുറ്റിനിൽക്കുന്നത്) ആണെന്നാണ് മനസ്സിലാക്കേണ്ട കാര്യം. പക്ഷേ, ഗലബത്ത് (ആധിക്യം) ദർശിക്കലാണ് അല്ലാഹു അർശിൽ മുസ്തവിയാണ് എന്നർത്ഥം വരുന്ന സൂക്തത്തിന്റെ ഉദ്ദേശ്യം. ഉദാഹരണമായി മനുഷ്യന്റെ ആത്മാവ് അണ്ണാക്ക് മുതൽ പാദം വരെ എല്ലാറ്റിലും ദാത്തിയ്യായ നിലയിൽ മുഹീത്വാണ്. പക്ഷേ, ആത്മാവിന്റെ ആധിക്യം ഹൃദയത്തിലാണ്. അഥവാ മനുഷ്യന്റെ ഒരവയവം മുറിച്ചാൽ മനുഷ്യൻ മരിക്കുന്നില്ല. പക്ഷേ, ഹൃദയം മുറിച്ചാൽ പെട്ടെന്ന് മരിക്കും. ഇതുപോലെയാണ് അല്ലാഹുവിന്റെ ദാത്തിയ്യായ മഇയ്യത്തും. അത് എല്ലാ സൃഷ്ടികളിലുമുണ്ട്. പക്ഷേ, ആധിക്യം അർശിലാണ്. അല്ലാഹു അർശിലാവട്ടെ ഫർശിലാവട്ടെ അവന്റെ ദാത്തിൽ (സത്തയിൽ) ഒരു മാറ്റവുമില്ല (അസ്‌റാറു ലാഇലാഹ ഇല്ലല്ലാഹ്/72,73).

തികഞ്ഞ അജ്ഞതയും മതവിരുദ്ധതയുമാണ് ഈ അഭിപ്രായം. മാത്രമല്ല അൽ ഇത്തിഹാദ് വൽ ഹുലൂൽ (അവതാരവാദം) പരിധിയിലാണ് ഇത് പെടുന്നത്. യഥാർത്ഥ സ്വൂഫിയാക്കൾ പറയുന്ന വഹ്ദത്തുൽ വുജൂദിനെ തെറ്റായി മനസ്സിലാക്കിയതാണ് നൂരിഷയെ ഈ വാദത്തിലേക്ക് കൊണ്ടെത്തിച്ചത്. നൂരിഷക്ക് മാത്രമല്ല, മുൻകാലത്ത് കഴിഞ്ഞുപോയ ചില വ്യാജ സ്വൂഫികൾക്കും ഈ അബദ്ധം പിണഞ്ഞിട്ടുണ്ട്.

സഅ്ദുദ്ദീനുത്തഫ്താസാനി(റ) എഴുതുന്നു: അവരിൽ (അവതാര സിദ്ധാന്തക്കാർ) പെട്ട ചില അഭിനവ സ്വൂഫികൾ പറയുന്നതിപ്രകാരമാണ്. സാലികായ (ത്വരീഖത്തിൽ കടന്നവൻ) വ്യക്തി സുലൂകിൽ (ആത്മപ്രയാണം) ആഴ്ന്നിറങ്ങിയാൽ ചിലപ്പോൾ അല്ലാഹു അവനിൽ അവതരിക്കും. ഈ അക്രമികളിൽ നിന്ന് അല്ലാഹു എത്രയോ മുക്തനാണ്. തീയിൽ കിടക്കുന്ന കല്ലിൽ തീ അവതരിക്കുമ്പോൾ കല്ലും തീയും വേർതിരിക്കാനാവാത്ത വിധം രണ്ടും ഒന്നാവും പോലെ അല്ലാഹുവും സ്വാലിഹായ വ്യക്തിയും ഒന്നാകുമെന്നാണ് ഇവർ പറയുന്നത്. അപ്പോൾ അല്ലാഹു ഞാനാണെന്നും ഞാൻ അല്ലാഹുവാണെന്നും പറയാനാകും. ഈ പദവി പ്രാപിച്ചാൽ വിധി വിലക്കുകളൊന്നും അവന് ബാധകമല്ല. അപ്പോൾ മനുഷ്യനിൽ നിന്ന് ഊഹിക്കാനാവാത്ത പല അത്ഭുതങ്ങളും ആശ്ചര്യ പ്രവർത്തികളും അവനിൽ നിന്ന് പ്രകടമാകും. വിശദീകരണത്തിന് ആവശ്യമില്ലാത്ത വിധം തെറ്റാണെന്ന് ആർക്കും ബോധ്യപ്പെടുന്ന കാര്യമാണിത് (ശർഹുൽ മഖാസ്വിദ് 3/43).

ദാത്തിയ്യത്ത്, മഇയ്യത്ത് വാദം തെറ്റാണെന്ന് തഫ്താസാനി ഇമാമിനെപ്പോലെ തന്നെ അഹ്‌ലുസ്സുന്നയുടെ മറ്റു ഇമാമുമാരും സ്പഷ്ടമാക്കുന്നുണ്ട്. അല്ലാഹു അവന്റെ സത്ത കൊണ്ട് നമ്മുടെ കൂടെയുണ്ടെന്ന് ഖുർആനിലോ സുന്നത്തിലോ വ്യക്തമായി വരാത്തതിനാൽ അങ്ങനെ പറയാൻ പാടില്ല എന്ന് ശൈഖ് തഖിയുദ്ദീൻ(റ) വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ശഅ്‌റാനി(റ)യുടെ യവാഖീത് 1/67-ലും സത്തകൊണ്ട് കൂടെയാവൽ വാദത്തെ നിശിതമായി എതിർക്കുന്നതു കാണാം.

നിങ്ങൾ എവിടെയായിരുന്നാലും അവൻ (അല്ലാഹു) നിങ്ങളോട് കൂടെയുണ്ടെന്ന് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ലോ എന്ന് പറഞ്ഞാണ് നൂരിഷക്കാർ ഈ വാദത്തെ ന്യായീകരിക്കാൻ ശ്രമിക്കാറുള്ളത്. ഖുർആനിൽ പറഞ്ഞതിന്റെ അർത്ഥം സത്ത കൊണ്ടുള്ള കൂടെയാവൽ അല്ലെന്ന് മഹാന്മാരായ മുഫസ്സിറുകൾ ആർക്കും മനസ്സിലാവും വിധം പ്രസ്താവിച്ചിട്ടുണ്ട്. എല്ലാം സൃഷ്ടിച്ചവനും തുടക്കമില്ലാത്ത അനാദിയുമാണല്ലാഹു. അവൻ സൃഷ്ടികളുടെ കൂടെയാണെന്നും അർശിൽ ഇരിക്കുകയാണെന്നുമൊക്കെ പറയുന്നത് സ്രഷ്ടാവിനെ പരിമിതിപ്പെടുത്തലാണ്.

ഇബ്‌നു അറബി(റ) പറയുന്നു: നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോട് കൂടെയുണ്ടെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. എന്നാൽ ഇത് സത്ത കൊണ്ടുള്ള മഇയ്യത്താണെന്ന് പറയാൻ പറ്റില്ല. കാരണം അല്ലാഹുവിന്റെ ദാത്ത് നമുക്ക് അജ്ഞാതമാണ്. അപ്പോൾ മഇയ്യത്തിനെ ദാത്തിലേക്ക് ചേർത്തിപ്പറയലും തഥൈവ. എന്നാൽ പിന്നെ അല്ലാഹു പറഞ്ഞതിന്റെ അർത്ഥം അവന്റെ അറിവ് കൊണ്ടും ഔദാര്യം കൊണ്ടും കൂടെയുണ്ടെന്നാണ് (അൽ ഫുതൂഹാതുൽ മക്കിയ്യ 2/119).

നൂരിഷാ ത്വരീഖത്തിനെ മാറ്റിനിർത്തണമെന്ന് പണ്ഡിതന്മാർ പറയാനുള്ള മറ്റൊരു കാരണമാണ്, അവരുടെ ദിക്ർ ഹൽഖയിൽ നബി(സ്വ)യുടെ പേര് മുഹമ്മദ്-മുഹമ്മദ് എന്ന് സ്വലാത്ത് കൂടാതെ 125 വട്ടം ചൊല്ലുന്നു എന്നത്.

ഇങ്ങനെ സ്വലാത്ത് കൂടാതെ ഇതൊരു ദിക്‌റായി ചൊല്ലുന്നത് ഖുർആനിനും സുന്നത്തിനും പണ്ഡിതാഭിപ്രായങ്ങൾക്കും വിരുദ്ധമാണ്.

നിങ്ങൾ പരസ്പരം വിളിക്കുന്നത് പോലെ റസൂലുല്ലാഹി(സ്വ)യെ വിളിക്കരുതെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്.

സ്വലാത്തും സലാമും ചൊല്ലിക്കൊണ്ട് മാത്രമേ നബി(സ്വ)യെ പരാമർശിക്കാവൂ എന്നാണ് ശർഇന്റെ കൽപന. നബി(സ്വ)യെ വെറും പേര് പറഞ്ഞു വിളിക്കുന്നത് ഇസ്‌ലാമിക ലോകത്തിന് അംഗീകരിക്കാൻ കഴിയില്ല.

കുറേ പ്രാവശ്യം മുഹമ്മദ്-മുഹമ്മദ് എന്ന് ചൊല്ലുകയും അവസാനത്തിൽ മുകർറം, മുഅള്ളം എന്നൊക്കെ പറയുകയും ചെയ്തിരുന്ന വിഭാഗങ്ങൾ ചരിത്രത്തിൽ ഇതിന് മുമ്പും കഴിഞ്ഞുപോയിട്ടുണ്ട്. ഇവരെ കുറിച്ച് ഇമാം ബുൽഖീനി(റ) പറഞ്ഞു: ‘അത് അപമര്യാദയും ബിദ്അത്തുമാകുന്നു. അങ്ങനെ ഒരു ദിക്ർ ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതിന് പ്രതിഫലം ലഭിക്കുകയുമില്ല.’

ഇവ്വിഷയത്തിൽ ഇമാം ബുൽഖീനി(റ) പറഞ്ഞ അഭിപ്രായമാണ് മുസ്‌ലിം പണ്ഡിതന്മാർക്കുള്ളത്. ശിഹാബുദ്ദീനിൽ ഖഫാജി(റ) വിശദീകരിക്കുന്നതിങ്ങനെ: നബി(സ്വ)യുടെ പേര് ഇങ്ങനെ ആവർത്തിച്ച് പറയൽ ബിദ്അത്താണെന്ന് മാത്രമല്ല, വിലക്കപ്പെട്ടതിന്റെ വ്യാപ്തിയിൽ അത് കടക്കുകയും ചെയ്യുന്നു. ഇത് ഇബാദത്താവുകയുമില്ല. ഇങ്ങനെ ചെയ്യുന്നവൻ സുന്നത്തിന്റെ വിരോധിയാകുന്നു. സുൽത്താന്റെ പേര് ഒരാൾ പറഞ്ഞ് കൊണ്ടിരുന്നാൽ അ വർ അവനെ വിലക്കുകയും നീചനായി കാണുകയും ചെയ്യും. അപ്പോൾ സൃഷ്ടികളിൽ ശ്രേഷ്ഠരും മഹത്ത്വമുള്ളവരുമായ നബി(സ്വ)യെ സംബന്ധിച്ച് പറയേണ്ടതുണ്ടോ? (നസീമുർരിയാള് 1/30).

നൂരിഷക്കാർ ഈ വാദത്തിന് സുരക്ഷിതത്വത്തിന്റെ തുരുത്തന്വേഷിക്കുന്നത് ഇമാം നവവി(റ)ന്റെ അദ്കാറിലാണ്. അവർ പറയുന്നു: ‘ഒരു മജ്‌ലിസിൽ എത്ര പ്രാവശ്യം നബി(സ്വ)യുടെ പേര് പറഞ്ഞാലും എല്ലാറ്റിനും കൂടി ഒരു സ്വലാത്ത് മതിയാകുമെന്ന് ഇമാം നവവി(റ) അദ്കാറിൽ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ 125 പ്രാവശ്യം നബി(സ്വ)യുടെ പേര് ചൊല്ലിയ ശഷം ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലി മാത്രമേ അവസാനിപ്പിക്കാറുള്ളൂ.’

ഈ ന്യായീകരണം മൂന്ന് കാരണങ്ങളാൽ വർജ്യമാണ്.

ഇമാംനവവി(റ) അപ്രകാരം ഉറപ്പിച്ചു പറഞ്ഞിട്ടില്ല. മറിച്ച് ഉലമാക്കളിൽ ചിലരിൽ നിന്ന് അങ്ങനെ ഉദ്ധരിക്കപ്പെടുന്നുണ്ട് എന്ന് പറയുകയാണ് ചെയ്തിരിക്കുന്നത് (അദ്കാർ/107).
ഇനി ഒരു സദസ്സിൽ വെച്ച് പല പ്രാവശ്യം റസൂൽ(സ്വ)യുടെ പേര് പറഞ്ഞ് ഒടുക്കം സ്വലാത്ത് ചൊല്ലിയാൽ മതിയെന്ന ഒറ്റപ്പെട്ട അഭിപ്രായം അംഗീകരിച്ചാലും ഓരോ പ്രാവശ്യവും സ്വന്തം സ്വന്തമായിത്തന്നെ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന അഭിപ്രായം അവഗണിക്കാൻ പറ്റാത്ത വിധം ശക്തമാണ്. എന്നിരിക്കെ ഒരു ത്വരീഖത്ത് പ്രകാരം ഇബാദത്തുകൾ ചെയ്യുന്നവർ ഈ അഭിപ്രായത്തെ അവഗണിച്ചുകൂടാ. ത്വരീഖത്ത് കൊണ്ടുള്ള വിവക്ഷ തന്നെ ‘ഏറ്റവും സൂക്ഷ്മമായതു കൊണ്ട് പിടിച്ചുനിൽക്കൽ’ എന്നതാവുമ്പോൾ പ്രത്യേകിച്ചും.
അദ്കാറിൽ പറഞ്ഞത് ഒരു സദസ്സിൽ വെച്ച് നബി(സ്വ)യുടെ പേര് പല പ്രാവശ്യം ഉച്ചരിച്ച് അവസാനം സ്വലാത്ത് ചൊല്ലുന്നതിനെ സംബന്ധിച്ചാണ്. അല്ലാതെ നബി(സ്വ)യുടെ നാമം ഒരു ദിക്‌റായി പല പ്രാവശ്യം പറഞ്ഞ് അവസാനം ഒരു സ്വലാത്ത് ചൊല്ലുന്നതിനെ സംബന്ധിച്ചല്ല. അങ്ങനെയൊരു ദിക്ർ ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്നും അത് ബിദ്അത്താണെന്നും അങ്ങനെ ചെയ്യുന്നവർ സുന്നത്ത് വിരോധികളാണെന്നും ഖഫാജി(റ) പറഞ്ഞത് മുകളിൽ വിശദമാക്കിയിട്ടുണ്ട്.
മേൽ വിശദീകരണങ്ങളിൽ നിന്ന് നൂരിഷാ ത്വരീഖത്തിന്റെ ഹൽഖയിലുള്ളതു പോലെ നബി(സ്വ)യുടെ പേര് സ്വലാത്ത് കൂടാതെ ഒരു സദസ്സിൽ വെച്ച് ദിക്‌റായി ഉച്ചരിക്കുന്നത് നല്ലതിനെതിരാണെന്നും സുന്നത്ത് വിരോധത്തിന്റെ പരിധിയിൽ പെടുന്നതാണെന്നും മനസ്സിലാക്കാം. ഇതുപോലുള്ള പ്രവർത്തനങ്ങൾ ആത്മീയ സരണിയാണെന്ന് നടിക്കുന്ന ഒരു ത്വരീഖത്തിൽ ഉണ്ടാവാനേ പാടില്ല.

ത്വരീഖത്തിൽ പ്രവേശിക്കുന്നതോടെ ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നു എന്ന് വിശ്വസിക്കൽ നിർബന്ധവും സംശയിക്കാൻ പാടില്ലാത്തതുമാകുന്നു എന്ന വാദം നൂരിഷയുടെ മറ്റൊരു പിഴച്ച വിശ്വാസമാണ്.

‘മൂന്നുവട്ടം ഇസ്തിഗ്ഫാറും ഒരുവട്ടം കലിമതുത്തൗഹീദും ചൊല്ലിക്കൊടുത്ത ശേഷം നിങ്ങളുടെ ദോഷങ്ങളെല്ലാം പൊറുക്കപ്പെട്ടിരിക്കുന്നുവെന്നും അതിൽ സംശയിക്കാൻ പാടില്ലെ’ന്നും നൂരിഷാ ത്വരീഖത്തിന്റെ തഅ്‌ലീമിൽ (പഠന സദസ്സ്) പഠിപ്പിക്കുന്നുണ്ട്.

അല്ലാഹുവിന്റെ ശിക്ഷയെ തൊട്ട് നിർഭയനാവണം എന്ന് വിശ്വസിപ്പിക്കുകയാണിവിടെ. അല്ലാഹുവിന്റെ കാരുണ്യത്തിലുള്ള ശുഭപ്രതീക്ഷയാണിതെന്ന് പറഞ്ഞ് നൂരിഷാ മുരീദുമാർ ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതിൽ സംശയിക്കാൻ പാടില്ല എന്നു പറയുമ്പോൾ അല്ലാഹുവിന്റെ ശിക്ഷയെ തൊട്ട് നിർഭയനാവൽ അനിവാര്യമാണെന്ന് വരുന്നു. എന്നാൽ അല്ലാഹുവിന്റെ ശിക്ഷയെ തൊട്ട് നിർഭയനാവൽ ളലാലത്ത് (പിഴച്ചത്) ആണെന്നാണ് പണ്ഡിതപക്ഷം. ഒരു യഥാർത്ഥ ത്വരീഖത്തിൽ ഇത്തരം ളലാലത്തുകൾ ഉണ്ടായിക്കൂടാ. ഈ നിലക്കും നൂരിഷാ ത്വരീഖത്ത് മാറ്റിനിർത്തപ്പെടേണ്ടതു തന്നെയാണ് നമുക്ക് ബോധ്യമാവുന്നു

(തുടരും)



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....