ഖുര്‍ആനിലെ വൈരുദ്ധ്യാരോപണങ്ങള്‍-5 : മനുഷ്യസൃഷ്ടിയും ഖുര്‍ആനും
● അസീസ് സഖാഫി വെള്ളയൂര്‍
0 COMMENTS

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖുര്‍ആനിനു മേല്‍ ഇസ്‌ലാം വിരുദ്ധരുടെ മറ്റൊരു വൈരുദ്ധ്യാരോപണം. പതിവുപോലെ അജ്ഞതയില്‍ നിന്നു തന്നെയാണ് ഇതും ഉത്ഭവിച്ചിട്ടുള്ളത്. വിമര്‍ശകരെ വായിക്കാം:
1-മനുഷ്യന്റെ സൃഷ്ടിപ്പ് ഭ്രൂണത്തില്‍ നിന്നാണെന്ന് 96: 2-ല്‍ ഖുര്‍ആന്‍ പറയുന്നു: ‘മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു’ (അലഖ് 96: 2).
2-വെള്ളത്തില്‍ നിന്നാണെന്ന് 21: 30-ല്‍ പറയുന്നു: ‘വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം സൃഷ്ടിക്കുകയും ചെയ്തു’ (അല്‍ അമ്പിയാഅ് 21: 30).
3-മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന കളിമണ്ണില്‍ നിന്നാണെന്ന് 15: 26-ല്‍ പറയുന്നു: ‘കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു’ (അല്‍ ഹിജ്ര്‍ 15: 26).
4-മണ്ണില്‍ നിന്നാണെന്ന് 3: 59-ല്‍ പറയുന്നു: ‘നിശ്ചയം അല്ലാഹുവിങ്കല്‍ ഈസയുടെ ഉപമ ആദം നബിയുടേതു പോലെത്തന്നെയാകുന്നു. ആദം നബിയെ അല്ലാഹു മണ്ണില്‍ നിന്നു സൃഷ്ടിച്ചു. ഉണ്ടാകൂ എന്ന് അവന്‍ പറഞ്ഞു. ഉടനെ നബി ഉണ്ടായി’ (ആലുഇംറാന്‍ 3: 59).
5-ഭൂമിയില്‍ നിന്നാണെന്ന് 11: 61-ല്‍ പറയുന്നു: ‘അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചു’ (ഹൂദ് 11: 61).
6-ശുക്ലത്തില്‍ നിന്നാണെന്ന് 16: 4-ല്‍ പറയുന്നു: ‘മനുഷ്യനെ ശുക്ലത്തില്‍ നിന്ന് അവന്‍ സൃഷ്ടിച്ചു’ (അന്നഹ്ല്‍ 16: 4).
മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ടുവന്ന ഇത്തരം പരാമര്‍ശങ്ങള്‍ പരസ്പര വൈരുദ്ധ്യമുള്ളതല്ലേ? ഇങ്ങനെയാണ് ആരോപണം.
മറുപടി
മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് ഖുര്‍ആന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ കാണുന്നത് ഒരിക്കലും വൈരുദ്ധ്യമല്ല. പ്രത്യുത വൈവിധ്യമാണ്. ഖുര്‍ആനിന്റെ ഇതുസംബന്ധമായ പരാമര്‍ശങ്ങള്‍ മുഴുവനും സത്യസന്ധമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ വിഷയകമായി വിശുദ്ധവേദം നടത്തിയ പരാമര്‍ശങ്ങളെ നമുക്ക് രണ്ടായി തരംതിരിക്കാം.
1-ആദിമ മനുഷ്യനായ ആദം(അ)ന്റെ സൃഷ്ടിപ്പിനെ കുറിച്ച് പരാമര്‍ശിക്കുന്നവ.
2-സ്ത്രീ-പുരുഷ സംഗമത്തിലൂടെയുള്ള പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്നവ.
ഈ രണ്ട് ഗണത്തില്‍പ്പെടുന്ന പ്രസ്താവനകള്‍ പരസ്പരം കൂട്ടിക്കലര്‍ത്തിയാണ് വിമര്‍ശകര്‍ വൈരുദ്ധ്യം ആരോപിക്കുന്നത്. ഇവയെ രണ്ടായിതന്നെ നോക്കിക്കണ്ട് പഠനം നടത്തുന്നപക്ഷം ഇവ പരസ്പര വിരുദ്ധമല്ലെന്നും കൃത്യവും ശാസ്ത്രീയവുമാണെന്നും വ്യക്തമാകും.
മനുഷ്യപിതാവ് ആദം നബി(അ)യുടെ സൃഷ്ടിപ്പിനെ പരാമര്‍ശിക്കുന്നവയാണ് മുകളില്‍ കാണിച്ച 3, 4, 5 വചനങ്ങള്‍. ഇതേ ആശയത്തിലുള്ള വചനങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ വേറെയുമുണ്ട്. 30: 20, 6: 2, 35: 11 ഉദാഹരണം.
മനുഷ്യപിതാവ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്ന് പ്രസ്തുത വചനങ്ങളില്‍ പറയുന്നു. പല തരത്തിലും പല സ്വഭാവത്തിലുമുള്ള ഒരു വസ്തുവാണ് മണ്ണ്. അവക്കെല്ലാം പൊതുവെ പറയാവുന്ന ഒന്നാണ് ‘തുറാബ്’ എന്നത്. അതിനാല്‍ മണ്ണില്‍ നിന്ന് സൃഷ്ടിച്ചുവെന്ന് പറയുമ്പോള്‍ ഏതുതരം മണ്ണില്‍ നിന്ന് എന്ന ചോദ്യം പ്രസക്തമാണ്. അതിനുള്ള ഉത്തരമാണ് കളിമണ്ണില്‍ നിന്ന് എന്ന് ഖുര്‍ആന്‍ പറയുന്നത്. കളിമണ്ണും പല രൂപത്തിലും സ്വഭാവത്തിലും ആകാമല്ലോ. അപ്പോള്‍ ഏതുതരം കളിമണ്ണ് എന്നൊരു ചോദ്യം ഉയര്‍ന്നുവരുന്നു. അതിനുള്ള മറുപടിയാണ് മുട്ടിയാല്‍ ശബ്ദമുണ്ടാക്കുന്ന മണ്ണ് (സ്വല്‍സ്വാല്‍) എന്നും പശിമയുള്ള കുഴഞ്ഞ മണ്ണ് (മസ്‌നൂന്‍) എന്നും ഖുര്‍ആന്‍ പറഞ്ഞത്. അതിനാല്‍ ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത് മണ്ണില്‍ നിന്നാണെന്ന പരാമര്‍ശത്തിന്റെ വിശദീകരണങ്ങളാണ് ഈ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്നത്.
മനുഷ്യന്‍ ജലത്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടതെന്നു കാണിക്കുന്ന ഖുര്‍ആനിക വചനം (25: 54) മണ്ണില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു എന്നു വ്യക്തമാക്കുന്ന വചനങ്ങളുമായി ഒരിക്കലും എതിരല്ല. കാര ണം മനുഷ്യനെ സൃഷ്ടിച്ചത് മണ്ണില്‍ നിന്നു മാത്രമാണെന്നോ വെള്ളത്തില്‍ നിന്നു മാത്രമാണെന്നോ വിശുദ്ധ ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. അതിനാല്‍ ഈ രണ്ട് വചനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ വെള്ളത്തിന്റെയും മണ്ണിന്റെയും മിശ്രിതത്തില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടുവെന്നു മാത്രമേ വരുന്നുള്ളൂ. വെള്ളം ചേര്‍ത്ത് കുഴക്കുമ്പോഴാണല്ലോ കളിമണ്ണ് രൂപപ്പെടുന്നത്. ഇപ്രകാരമാണ് അല്ലാഹു ആദിമമനുഷ്യന്റെ രൂപം നിര്‍മിച്ചത്. ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: ‘താങ്കളുടെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു. കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാനൊരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്. അങ്ങനെ ഞാനവനെ ശരിയായ രൂപത്തിലാക്കുകയും എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന് പ്രണമിക്കുന്നവരായി നിങ്ങള്‍ വീഴുക’ (അല്‍ ഹിജ്ര്‍ 15: 28-29). വെള്ളത്തിലും മണ്ണിലും അടങ്ങിയിരിക്കുന്ന മൂലകങ്ങള്‍ ആദിമ മനുഷ്യന്റെ സൃഷ്ടിപ്പില്‍ മാത്രമല്ല എല്ലാ മനുഷ്യരുടെയും സൃഷ്ടിപ്പില്‍ ഒരു നിര്‍ണായക ഘടകം തന്നെയാണ്.
‘എല്ലാ ജീവവസ്തുക്കളെയും വെള്ളത്തില്‍ നിന്ന് നാം സൃഷ്ടിക്കുകയും ചെയ്തു’ (അല്‍ അമ്പിയാഅ് 21: 30) എന്ന ഖുര്‍ആനിക വചനത്തിന്റെ പരിധിയില്‍ മനുഷ്യനും കടന്നുവരുന്നു. ഇക്കാര്യം ഒന്നുകൂടി വ്യക്തമാക്കുന്ന വചനം ഇങ്ങനെ: ‘അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. താങ്കളുടെ രക്ഷിതാവ് കഴിവുള്ളവനായിരിക്കുന്നു’ (അല്‍ ഫുര്‍ഖാന്‍ 25: 54).
ഈ സൂക്തത്തില്‍ പരാമര്‍ശിക്കുന്ന വെള്ളത്തിന്റെ വിവക്ഷ സാധാരണ ജലമാണെന്ന് അഭിപ്രമായമുണ്ട്. അല്ലാമാ അബുസ്സുഊദ്(റ) എഴുതുന്നു: അല്ലെങ്കില്‍ ജലത്തെ മനുഷ്യന്റെ മൂലകത്തില്‍ നിന്നുള്ള ഒരു ഭാഗമാക്കിയിരിക്കുന്നു. ശരീരം ഐക്യപ്പെടാനും വഴങ്ങുന്നതാകാനും വിവിധ രൂപങ്ങളും ആകൃതികളും വേഗത്തില്‍ സ്വീകരിക്കാനും ജലത്തിന്റെ സാന്നിധ്യം അനിവാര്യമാണ് (അബുസ്സുഊദ് 5/119).
‘വാസ്തവത്തില്‍ ജൈവവസ്തുവിന്റെ അടിസ്ഥാന ഘടകമാണ് ജലം. കോശത്തിന്റെ ചൈതന്യം നിലനിര്‍ത്താന്‍ ജലം ആവശ്യമാണ്. ഏതൊരു ജൈവശരീരത്തെയും വിഘടനത്തിനു വിധേയമാക്കിയാല്‍ പ്രധാനമായും ലഭിക്കുന്നത് ജലമായിരിക്കും. മനുഷ്യശരീരത്തിന്റെ അറുപതു ശതമാനത്തോളം വെള്ളമാണ്. നാരങ്ങ പിഴിയുന്നതുപോലെ മനുഷ്യശരീരം പിഴിഞ്ഞാല്‍ 50 ലിറ്ററോളം വെള്ളം ലഭിക്കുമെന്ന് ശാസ്ത്രം പറയുന്നു. ശരീരത്തിന്റെ നിലനില്‍പിനാവശ്യമായ വസ്തുക്കള്‍ ഇതില്‍ കലര്‍ന്നിട്ടുണ്ട്. ഇതില്‍ മൂന്നേമുക്കാല്‍ ലിറ്ററിലധികം വെള്ളം രക്തചംക്രമണ വ്യവസ്ഥയില്‍ ഉപയോഗിക്കപ്പെടുന്നു. സ്ഥിരമായ ഒഴുക്കിലൂടെ ഈ വെള്ളം ശരീരത്തിലെ എല്ലാ കോശങ്ങളെയും നനയ്ക്കുന്നു. ശരീരം മുഴുവന്‍ ചൂടു കടത്തിവിടാനുള്ള ചാലകങ്ങളായും വെള്ളം പ്രവര്‍ത്തിക്കുന്നു. രക്തത്തിലെ വെള്ളത്തിന്റെ അളവ് എപ്പോഴും ഒരുപോലെയായിരിക്കും. ചൂടുള്ള ദിവസം വ്യായാമത്തിനുശേഷം വല്ലാതെ വരണ്ടിരിക്കുന്നതായി തോന്നാം. അപ്പോഴും രക്തവാഹിനികളില്‍ വെള്ളത്തിന്റെ അളവു കുറയുന്നില്ല. കുടിക്കുന്ന വെള്ളം മുഴുവനും അതേപോലെ ഉണ്ടാവുകയും ചെയ്യും (അറിയേണ്ടതും ഓര്‍ക്കേണ്ടതും, പേജ്: 51).
അതിനാല്‍ ഈ വീക്ഷണകോണിലൂടെ നോക്കുമ്പോഴും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് വെള്ളത്തില്‍ നിന്നാണെന്നത് തികച്ചും വാസ്തവമാണ്. ഇനി, വെള്ളത്തിന്റെ വിവക്ഷ ഭൂമിക്ക് കുടിപ്പിക്കുന്ന വെള്ളമാണെന്നാണ് മറ്റൊരു വീക്ഷണം. ഇതനുസരിച്ചും ഈ പരാമര്‍ശം ശരിയാണ്. വെള്ളം കുടിച്ച ഭൂമിയില്‍ നിന്ന് ഭക്ഷ്യപദാര്‍ത്ഥങ്ങളും അവയില്‍ നിന്ന് ഇന്ദ്രിയബീജവും അതില്‍ നിന്ന് ജൈവവസ്തുക്കളും ഉണ്ടാകുന്നുവല്ലോ.
ചുരുക്കത്തില്‍, മനുഷ്യശരീരത്തില്‍ മണ്ണിലടങ്ങിയിട്ടുള്ള ധാതുലവണങ്ങളും ജലാംശവുമാണ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. അതിനാല്‍ മനുഷ്യന്‍ കളിമണ്ണില്‍ നിന്നും ജലത്തില്‍ നിന്നുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വന്ന വൈരുദ്ധ്യങ്ങളല്ല. മറിച്ച് സൃഷ്ടിക്കുവേണ്ടി അല്ലാഹു ഉപയോഗിച്ച മൂലകങ്ങളുടെ വൈവിധ്യമാണ് അവ വ്യക്തമാക്കുന്നത്.
ഇനി സ്ത്രീ-പുരുഷ സംഗമത്തിലൂടെയുള്ള സാധാരണ പ്രത്യുല്‍പാദനത്തെ സൂചിപ്പിക്കുന്ന വചനങ്ങള്‍ നമുക്കു പരിശോധിക്കാം. അവകള്‍ തമ്മിലും യാതൊരു വിധത്തിലുമുള്ള വൈരുദ്ധ്യമുള്ളതായി കണ്ടെത്താന്‍ സാധ്യമല്ല. മറിച്ച് വിവിധ വചനങ്ങളില്‍ വിവിധ ഘട്ടങ്ങള്‍ പരാമര്‍ശിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. നാം ഉദ്ധരിച്ച വചനങ്ങളില്‍ 92: 2, 21: 30, 16: 4 എന്നിവ അത്തരത്തിലുള്ളവയാണ്. ഏതാനും ആയത്തുകള്‍കൂടി നമുക്കു പരിശോധിക്കാം:
അല്ലാഹു പറയുന്നു: ‘സ്രവിക്കുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ അവന്‍?’ (അല്‍ ഖിയാമ 75: 37).
മറ്റൊരു സൂക്തം കാണുക: ‘കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് മനുഷ്യനെ നാം സൃഷ്ടിച്ചു’ (76: 2).
മറ്റൊരിടത്ത് പറയുന്നു: ‘നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചു. പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ ഒരു മാംസപിണ്ഡമായി നാം രൂപപ്പെടുത്തി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥിക്കൂടമായി നാം രൂപപ്പെടുത്തി. എന്നിട്ട് അസ്ഥിക്കൂടത്തെ മാംസംകൊണ്ട് നാം പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു’ (അല്‍ മുഅ്മിനൂന്‍ 23: 12-14).
ലൈംഗിക പ്രത്യുല്‍പാദനത്തിന്റെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന വചനങ്ങളാണിവ. സൂറത്തുല്‍ ഖിയാമ 37-ല്‍ പരാമര്‍ശിച്ച ശുക്ലത്തില്‍ നിന്നുള്ള കണം ബീജസങ്കലനം നടക്കാത്ത പുംബീജത്തെ സൂചിപ്പിക്കുന്നു. സൂറത്തുന്നഹ്ല്‍ 4-ല്‍ പറഞ്ഞ ബീജകണത്തിന്റെ വിവക്ഷയും ഇതുതന്നെയാണ്. അതേസമയം സൂറത്തുല്‍ ഇന്‍സാന്‍ 2-ലെ കൂടിച്ചേര്‍ന്നുണ്ടായ ബീജം എന്ന പ്രയോഗം ബീജസങ്കലനത്തിനുശേഷമുള്ള അവസ്ഥയെ കുറിക്കുന്നതാണ്. സൂറത്തുല്‍ അലഖ് 2-ല്‍ പറഞ്ഞ ഭ്രൂണമെന്നത് ബീജസങ്കലനത്തിനുശേഷമുള്ള സിക്താണ്ഡത്തെ കുറിക്കുന്ന പ്രയോഗവുമാണ്.
ഭ്രൂണത്തെക്കുറിച്ച് ഖുര്‍ആന്‍ പ്രയോഗിച്ച ‘അലഖ്’ എന്ന അറബി പദത്തിനര്‍ത്ഥം പറ്റിപിടിക്കുന്നത് എന്നാണ്. ശരീരത്തില്‍ അള്ളിപിടിക്കുന്ന ജീവിയായ അട്ടയ്ക്കും അറബിയില്‍ അലഖ് എന്നാണ് പറയുക. ബീജസങ്കലനത്തിനു ശേഷമുള്ള സിക്താണ്ഡം ഗര്‍ഭാശയത്തില്‍ അള്ളിപ്പിടിച്ചാണ് വളരുന്നത്. ഈ അവസ്ഥയില്‍ ഭ്രൂണത്തിന്റെ ആകൃതി അട്ടയുടേതിന് തുല്യമാണ്. ഭ്രൂണ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന ഖുര്‍ആനിക വചനങ്ങളെല്ലാം കൃത്യമായ വിവരങ്ങളാണ് നല്‍കുന്നത്. അല്‍ മുഅ്മിനൂന്‍ 12-14 കൂടിയ വചനങ്ങളില്‍ ഇക്കാര്യം വ്യക്തവും സുതാര്യവുമായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.
മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വിഷയാവതരണത്തില്‍ അല്ലാഹു സ്വീകരിച്ച വൈവിധ്യത്തിനുള്ള മകുടോദാഹരണമാണ്. ശുക്ലത്തില്‍ നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടതെന്ന പരാമര്‍ശവും കൂടിച്ചേര്‍ന്നുണ്ടായ ഭ്രൂ ണമാണ് മനുഷ്യശിശുവായി രൂപാന്തരപ്പെടുന്നതെന്ന പ്രസ്താവനയും ഒരുപോലെ ശരിയാണ്. ബീജസങ്കലനത്തെയും ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെയും കുറിക്കാന്‍ വേണ്ടി ഖുര്‍ആന്‍ ഉപയോഗിച്ച പദപ്രയോഗങ്ങളെല്ലാം കൃത്യവും സൂക്ഷ്മവുമാണെന്ന് ഭ്രൂണശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ആദം നബി(അ)യുടെ സൃഷ്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ മണ്ണില്‍ നിന്നാണെന്നും ഭൂമിയില്‍ നിന്നാണെന്നും കളിമണ്ണില്‍ നിന്നാണെന്നും വെള്ളത്തില്‍ നിന്നാണെന്നുമുള്ള പരാമര്‍ശങ്ങളും തഥൈവ. ഇവയെല്ലാം സൂക്ഷ്മവും കൃത്യവുമാണെന്ന് ഉപര്യുക്ത വിവരണത്തില്‍ നിന്ന് സുതരാം വ്യക്തമാണല്ലോ. അതിനാല്‍ ഒരേകാര്യത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ പ്രതിപാദിക്കുകയെന്ന വൈവിധ്യമാര്‍ന്ന രീതിയാണ് ഖുര്‍ആന്‍ ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതിനെ വൈരുദ്ധ്യമായി ചിത്രീകരിക്കുന്നത് തനിവിവരക്കേടും അധര്‍മവുമാണ്.
വ്യഭിചാരികള്‍ക്കുള്ള ശിക്ഷയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍
വ്യഭിചാരക്കുറ്റത്തിന് നൂറടി നല്‍കണമെന്ന് 24: 2-ല്‍ അല്ലാഹു പറയുന്നു: ‘വ്യഭിചരിക്കുന്ന സ്ത്രീപുരുഷന്മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക’ (അന്നൂര്‍ 24: 2).
വ്യഭിചരിച്ച സ്ത്രീയെ വീട്ടുതടങ്കലില്‍ വെക്കുകയാണു വേണ്ടതെന്ന് 4: 15-ല്‍ പറയുന്നു: ‘നീചവൃത്തിയില്‍ ഏര്‍പ്പെടുന്ന നിങ്ങളുടെ സ്ത്രീകള്‍ക്കെതിരെ നാലു സാക്ഷികളെ നിങ്ങള്‍ കൊണ്ടുവരിക. അങ്ങനെ അവര്‍ സാക്ഷ്യംവഹിച്ചാല്‍ മരണം വരെയോ മറ്റൊരു മാര്‍ഗം അല്ലാഹു നിര്‍ദേശിക്കുന്നതുവരെയോ അവരെ വീടുകളില്‍ നിങ്ങള്‍ തടഞ്ഞുവെക്കുക’ (നിസാഅ് 4: 15).
പുരുഷന്മാരെ പീഡിപ്പിക്കണമെന്ന് 4: 16-ലും പറയുന്നു: ‘നിങ്ങളുടെ കൂട്ടത്തില്‍ ആ നീചവൃത്തി ചെയ്ത രണ്ടു പുരുഷന്മാരെയും നിങ്ങള്‍ ശിക്ഷിക്കുക’ (നിസാഅ് 4: 16).
ഈ മൂന്ന് വചനങ്ങളും കാണിക്കുന്ന ആശയം പരസ്പരം വൈരുദ്ധ്യമല്ലേ?
മറുപടി
വൈരുദ്ധ്യമല്ല. കാരണം വ്യഭിചാരം ചെയ്ത സ്ത്രീ-പുരുഷന്മാര്‍ക്ക് ആദ്യം വിധിച്ച ശിക്ഷയാണ് സൂറത്തുന്നിസാഅ് 4: 15-16 ല്‍ പറയുന്നത്. വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീ-പുരുഷന്മാരെ ആക്ഷേപിച്ചും ചെരിപ്പുകൊണ്ടടിച്ചും മറ്റും ശിക്ഷിക്കണമെന്നായിരുന്നു ആദ്യനിയമം. അതോടൊപ്പം വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീകളെ വീടുകളില്‍ തടഞ്ഞുവെക്കണമെന്നും അത് വ്യാപിക്കുവാന്‍ ഇടവരുത്തരുതെന്നുകൂടി ഇസ്‌ലാം കല്‍പിച്ചു. എന്നാല്‍ ഈ കല്‍പന മറ്റൊരു തീരുമാനം വരുന്നതുവരെയാണെന്ന് 4: 15-ല്‍ വ്യക്തമാക്കുകയും ചെയ്തു.
അല്ലാമ അബുസ്സുഊദ്(റ) പറയുന്നു: ഇസ്‌ലാമിന്റെ ആദ്യകാലത്ത് വ്യഭിചാരത്തിലേര്‍പ്പെടുന്ന സ്ത്രീപുരുഷന്മാര്‍ക്ക് നല്‍കിയിരുന്ന ശിക്ഷ ഈ പറഞ്ഞ രൂപത്തിലായിരുന്നു. പിന്നീട് നിശ്ചിതശിക്ഷ വിധിച്ച് ആ നിയമം ദുര്‍ബലമാക്കി. നബി(സ്വ) ഇപ്രകാരം പറഞ്ഞതായി ഉദ്ധരിക്കുന്നു: ‘ഞാന്‍ പറയുന്നത് സ്വീകരിക്കുക, നിശ്ചയം അല്ലാഹു അവര്‍ക്ക് മാര്‍ഗം നിര്‍ദേശിച്ചിരിക്കുന്നു. വിവാഹിതയെ എറിഞ്ഞുകൊല്ലുകയും അവിവാഹിതയെ അടിക്കുകയും വേണം (അബുസ്സുഊദ് 2/52).
മദ്യപാനത്തിലും വ്യഭിചാരത്തിലും മുഴുകിയിരുന്ന, സംസ്‌കാര ശൂന്യരായിരുന്ന ഒരു ജനതയെ 23 വര്‍ഷക്കാലം കൊണ്ട് സംസ്‌കാരസമ്പന്നരും മാതൃകായോഗ്യരുമായ ഉത്തമ സമൂഹമാക്കി മാറ്റിയെടുത്ത മഹദ് ഗ്രന്ഥമാണ് പരിശുദ്ധ ഖുര്‍ആന്‍. ഒറ്റയടിക്ക് അവരില്‍ ഇത്തരത്തിലുള്ളൊരു മാറ്റംവരുത്താന്‍ സാധ്യമല്ലെന്ന കാര്യം തീര്‍ച്ചയാണ്. അതിനാല്‍ ഘട്ടംഘട്ടമായി അവരെ സംസ്‌കരിച്ചെടുക്കാനാണ് ഖുര്‍ആന്‍ ശ്രമിച്ചത്. അതിന്റെ ഭാഗമായി വേശ്യാവൃത്തികളില്‍ മുഴുകിയിരുന്ന സ്ത്രീ-പുരുഷന്മാരെ ആക്ഷേപിക്കാനും ചെറിയ ചെറിയ ശിക്ഷകള്‍ നല്‍കാനും വിശുദ്ധ ഖുര്‍ആന്‍ ആദ്യം നിര്‍ദേശിച്ചു. തുടര്‍ന്ന് മുസ്‌ലിം സമൂഹം സാംസ്‌കാരികമായും ധാര്‍മികമായും വളര്‍ന്നപ്പോള്‍ പ്രസ്തുത കുറ്റകൃത്യത്തിനുള്ള വ്യക്തവും കൃത്യവുമായ ശിക്ഷ ഇസ്‌ലാം പ്രഖ്യാപിച്ചു. അവിവാഹിതരായ വ്യഭിചാരികള്‍ക്കുള്ള ശിക്ഷ 24: 2-ല്‍ വ്യക്തമാക്കിയതോടെ 4: 15-16-ല്‍ പറഞ്ഞ നിയമം ദുര്‍ബലമായി. അതിനാല്‍ സമൂഹവളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലുണ്ടായ രണ്ട് നിയമ പരിഷ്‌കരണങ്ങളാണ് 4: 15-16 ലും 24: 2-ലും പറയുന്നത്. അതിനാല്‍ ഇവ തമ്മില്‍ യാതൊരു വൈരുദ്ധ്യവുമില്ല. അവസാനം അവതരിച്ച നിയമമാണ് അന്ത്യനാള്‍ വരെയുള്ള വിശ്വാസികള്‍ക്ക് ബാധകമാകുന്നത്.
ശിര്‍ക്കാരോപണം
ബഹുദൈവത്വം മഹാപാപമാണെന്ന് ആ വര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍, സത്യവിശ്വാസികളുടെ നേതാവും അല്ലാഹുവിന്റെ ഖലീലുമായ ഇബ്‌റാഹീം നബി(അ) സൂര്യ-ചന്ദ്ര-നക്ഷത്രാദികളെ ദൈവമാക്കിയെന്ന് 6: 76-78 ല്‍ പറയുന്നു. ഇബ്‌റാഹീം നബി(അ) ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിനര്‍ത്ഥം?
മറുപടി
ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. മഹാന്‍ ജനിക്കുമ്പോള്‍ ഭൂമുഖമാകമാനം അന്ധകാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. നബിയുടെ ജന്മനാടായ ബാബിലോണ്‍ ഒരു പുരാതന സംസ്‌കാര കേന്ദ്രമായിരുന്നു. ചില നക്ഷത്രങ്ങളുടെയും മറ്റും പേരില്‍ ബിംബങ്ങള്‍ നിര്‍മിച്ച് അവയെ പൂജിക്കുന്നവരായിരുന്നു അവിടത്തുകാര്‍. കൂട്ടത്തില്‍ അവരുടെ രാജാവിനെയും ഒരു ദൈവമായാണ് ജനങ്ങള്‍ കണ്ടിരുന്നത്.
ഇബ്‌റാഹീം നബി(അ) ചെറുപ്പകാലം മു തല്‍ക്കുതന്നെ വലിയ ചിന്താശീലനായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ബിംബാരാധനയെ മഹാന്‍ ചോദ്യം ചെയ്തു. ‘ചോദിച്ചാല്‍ ഉത്തരം നല്‍കുകയോ പറഞ്ഞാല്‍ കേള്‍ക്കുകയോ ചെയ്യാത്ത ഈ വസ്തുക്കളെ എന്തിനാണ് ആരാധിക്കുന്നത്?’ എന്ന് തന്റെ പിതൃവ്യന്‍ ആസറിനോട് അദ്ദേഹം ചോദിക്കുകയുണ്ടായി. പ്രവാചകത്വലബ്ധിക്കുശേഷം ബിംബാരാധനക്കെതിരില്‍ സ്വജനതയെ ചിന്തിപ്പിക്കുവാന്‍ പല തീവ്രയത്‌നങ്ങളും ഇബ്‌റാഹീം(അ) നടത്തി. ഒന്നും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു ദിവസം താനും നിങ്ങളുടെ പക്ഷത്താണെന്ന് തോന്നിപ്പിക്കുംവിധം മഹാന്‍ പെരുമാറി. കാരണം സ്വന്തം പക്ഷത്തുള്ളവര്‍ പറയുന്നത് ചെവികൊള്ളാനും അതിനെ പറ്റി ചിന്തിക്കുവാനും ആളുകള്‍ തയ്യാറാകുമല്ലോ. അതേസമയം എതിര്‍പക്ഷത്തുള്ളവര്‍ പറയുന്നത് എന്തായാലും അത് ശ്രവിക്കുവാനോ അതേക്കുറിച്ച് ആലോചിക്കുവാനോ പലരും തയ്യാറാവുകയുമില്ല. ശത്രുതാമനോഭാവത്തോടെ മാത്രമേ അതിനെ നോക്കിക്കാണുകയുള്ളൂ.
അങ്ങനെ ഒരുരാത്രി ഒരുസംഘം യുവാക്കളോടൊപ്പം അദ്ദേഹം പുറത്തിരിക്കുമ്പോള്‍ ആകാശത്തെ ഒരു നക്ഷത്രത്തെ ചൂണ്ടി ‘ഇത് എന്റെ രക്ഷിതാവാണ്’ എന്നദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആ നക്ഷത്രം അസ്തമിച്ചപ്പോള്‍ ഇതു ദൈവമാകാന്‍ പറ്റില്ലല്ലോ എന്ന് കൂട്ടുകാരെ അദ്ദേഹം ധരിപ്പിച്ചു. പിന്നീട് ചന്ദ്രനെ നോക്കി ഇതാണെന്റെ ദൈവമെന്ന് കൂട്ടുകാരെ ഉണര്‍ത്തി. ചന്ദ്രന്‍ അസ്തമിച്ചപ്പോള്‍ ഇതിനെയും ദൈവമായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് അവരെ അദ്ദേഹം ബോധിപ്പിച്ചു. പിന്നീട് സൂര്യനുദിച്ചുയര്‍ന്നു നില്‍ക്കുന്നതുകണ്ടപ്പോള്‍ ‘ഇതാണെന്റെ ദൈവം. ഇത് ഏറ്റവും വലുതാണ്. ലോകത്തിനു മുഴുവന്‍ വെളിച്ചം കാണിക്കുന്നു. ഇത്രയും വെളിച്ചം കാണിക്കാന്‍ മറ്റൊന്നിനും കഴിവില്ല’ എന്നെല്ലാം അദ്ദേഹം കൂട്ടുകാരോട് പറഞ്ഞു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തി അദ്ദേഹം പറഞ്ഞു: ദൈവമായി സ്വീകരിക്കുന്ന വസ്തു അഹോരാത്രം മനുഷ്യരെയും പ്രപഞ്ചത്തെയും മേല്‍നോട്ടംചെയ്തു സംരക്ഷിക്കുന്നതായിരിക്കണം. ചിലപ്പോള്‍ വരികയും പിന്നീട് മറയുകയും ചെയ്യുന്ന സ്വഭാവമുള്ളതൊന്നും ദൈവമാകാന്‍ കൊള്ളില്ല. അതിനാല്‍ ഇവയെക്കാളെല്ലാം ജ്ഞാനത്തിലും ശക്തിയിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരു ദൈവത്തെയാണ് നാം സ്വീകരിക്കേണ്ടതെന്നും മറ്റും കൂട്ടുകാര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. അവര്‍ക്ക് അപ്പോള്‍ അതെല്ലാം ബോധ്യമായെങ്കിലും പഴയമാര്‍ഗത്തിലേക്കുതന്നെ അവര്‍ മടങ്ങുകയായിരുന്നു. ഇമാം റാസി(റ)യുടെ വിവരണം ശ്രദ്ധേയമാണ്: ‘ഇത് എന്റെ രക്ഷിതാവാണ്’ എന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞത് വിവരം അറിയിക്കുന്ന രൂപത്തിലല്ല. പ്രത്യുത അങ്ങനെ പറഞ്ഞതിന്റെ ലക്ഷ്യം ഇതാണ്: ഇബ്‌റാഹീം നബി(അ) നക്ഷത്രങ്ങളെ ആരാധിക്കുന്നവരോട് വാദപ്രതിവാദം നടത്തുകയായിരുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ രക്ഷിതാവും ഇലാഹുകളുമാണെന്നായിരുന്നു അവരുടെ വീക്ഷണം. അതിനാല്‍ ഈ വീക്ഷണം അവര്‍ നടത്തുന്ന പദപ്രയോഗത്തിലൂടെ നബി പറഞ്ഞു. അത് നിരര്‍ത്ഥകമാണെന്ന് സമര്‍ത്ഥിക്കലായിരുന്നു ഇതിലൂടെ മഹാന്റെ ലക്ഷ്യം. പദാര്‍ത്ഥം അനാദിയാണെന്ന് വാദിക്കുന്ന ഒരാളുമായി വാദപ്രതിവാദം നടത്തുന്ന വ്യക്തി ഇപ്രകാരം പറയുന്നതുപോലെയാണിത്: ജിസ്മ് അനാദിയാണ്. പിന്നെ എന്തുകൊണ്ടാണ് കൂടിച്ചേര്‍ന്നുണ്ടായതായും പരിണാമത്തെ സ്വീകരിക്കുന്നതായും അതിനെ നാം കാണുന്നത്? ഇവിടെ ജിസ്മ് അനാദിയാണെന്ന് അയാള്‍ പറയുന്നത് പ്രതിയോഗിയുടെ ആശയം ആവര്‍ത്തിച്ചുപറഞ്ഞ് അതിനെ ഖണ്ഡിക്കാനാണല്ലോ. അതുപോലെയാണ് ഇബ്‌റാഹീം നബി(അ) പറഞ്ഞതും. ‘ഇത് എന്റെ രക്ഷിതാവാണ്’ എന്ന് നബി പറഞ്ഞു. പ്രതിയോഗിയുടെ വാദം എടുത്തുദ്ധരിക്കലാണ് ലക്ഷ്യം. ഉടനെ അത് ബാലിശമാണെന്നറയിക്കുന്ന ‘അസ്തമിക്കുന്നവയെ ഞാനിഷ്ടപ്പെടുന്നില്ല’ എന്ന പ്രമാണവും അവിടുന്ന് പറഞ്ഞു. ഈ സംശയത്തിനുള്ള പ്രബലമായ മറുപടി ഇപ്പറഞ്ഞതാണ്. ‘ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരില്‍ നാം നല്‍കിയ ന്യായപ്രമാണമത്രെ അത്’ എന്നതിലൂടെ ഈ വാദപ്രതിവാദമാണ് അല്ലാഹു സൂചിപ്പിക്കുന്നത് (റാസി 6/ 346).
ഉപദേശ നിര്‍ദേശങ്ങളിലൂടെ വിഗ്രഹാരാധന നിരര്‍ത്ഥകമാണെന്ന് വ്യക്തമാക്കാന്‍ ഇബ്‌റാഹീം നബി(അ) ശ്രമിച്ചതായി 21: 51-56 ല്‍ പറയുന്നു. ഇതിനായി പ്രവാചകര്‍ അവരോട് വാദപ്രതിവാദം നടത്തിയതായി 6: 80-83 ലും പറയുന്നു. അതിന്റെ പേരില്‍ ഇബ്‌റാഹീം(അ) അവരെ ശക്തമായി വിമര്‍ശിച്ചിരുന്നതായി 6: 74-75 ല്‍ പറയുന്നു. അവരെ ചിന്തിപ്പിക്കുന്നതിനായി വിഗ്രഹങ്ങള്‍ തച്ചുടക്കുകയും വലിയ വിഗ്രഹത്തിന്റെ കഴുത്തില്‍ കോടാലി തൂക്കി അതിനെ കുറ്റപ്പെടുത്തിയതായും 21: 57-67 ല്‍ പരാമര്‍ശിക്കുന്നു.
6: 78, 79 വചനങ്ങള്‍ ഇപ്രകാരമാണ്: ‘അനന്തരം പ്രശോഭിക്കുന്ന സൂര്യനെ കണ്ടപ്പോള്‍ ഇബ്‌റാഹീം പറഞ്ഞു: ‘ഇതാ, എന്റെ രക്ഷിതാവ്; ഇതു വളരെ വലുതാണ്’. പിന്നീട് അതും അസ്തമിച്ചപ്പോള്‍ നബി പറഞ്ഞു: ‘എന്റെ സമൂഹമേ, നിശ്ചയം നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം ഞാന്‍ ഒഴിവാകുന്നു. സത്യമതത്തില്‍ ഉറച്ചുനിന്ന് ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് എന്റെ ശരീരം ഞാനിതാ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല’ (അന്‍ആം 6: 78-79).
സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ ദൈവങ്ങളാണെന്ന വിശ്വാസം ഇബ്‌റാഹീം നബി(അ)ക്കുണ്ടായിരുന്നില്ലെന്ന് ഇതില്‍ നിന്നെല്ലാം സുതരാം വ്യക്തമാണ്. എന്നിരിക്കെ തന്റെ ജനതയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതിനായി ഇത്തരമൊരു തന്ത്രം പ്രയോഗിച്ചതിന്റെ പേരില്‍ ഇബ്‌റാഹീം(അ) ശിര്‍ക്ക് ചെയ്തുവെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. അതുവഴി ഖുര്‍ആനില്‍ വൈരുദ്ധ്യം തെളിയിക്കാനുള്ള സ്വപ്നം ഒട്ടും വിജയിക്കുകയില്ല.
(തുടരും)