Showing posts with label ചേകനൂർ:സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍●. Show all posts
Showing posts with label ചേകനൂർ:സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍●. Show all posts

Monday, July 1, 2019

ചേകനൂർ:സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

സുന്നത്ത് നിഷേധത്തിലെ ഒളിയജണ്ടകള്‍● അലവിക്കുട്ടി ഫൈസി എടക്കര 0 COMMENTS
sunnath nihesdam - Malayalam
സുന്നത്ത് എന്തിനാണ്, ഖുര്‍ആന്‍ പോരേ എന്ന ചോദ്യം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്താറുണ്ട്. ഇസ്ലാമെന്ന ആദര്‍ശ ജീവിതവ്യവസ്ഥയെ അംഗീകരിക്കാനും അനുവര്‍ത്തിക്കാനും മനസ്സില്ലാത്തവരാണിതു ചോദിക്കാറുള്ളത്. ഇസ്ലാമനുസരിച്ച് ജീവിക്കാനുദ്ദേശിക്കുന്നവര്‍ ഖുര്‍ആന്‍ മാത്രം മതി, നബിചര്യ വേണ്ട എന്നൊരിക്കലും പറയില്ല. മറിച്ച്, ഖുര്‍ആന്‍ അംഗീകരിക്കുകയും അതിന്‍റെ വിശദീകരണമായ സുന്നത്തും അതിലെ നിര്‍ദേശങ്ങളും മുറപോലെ സ്വീകരിക്കുകയും ചെയ്യുന്നവരായിരിക്കും. ഖുര്‍ആനിലൊരിടത്തും ഈ ദൈവിക വചനങ്ങള്‍ മാത്രം മതി, അതിനപ്പുറം ഒന്നും സ്വീകരിക്കേണ്ടതില്ല എന്നു പറഞ്ഞിട്ടില്ല. അതിനാല്‍ ഖുര്‍ആന്‍ മാത്രം മതി എന്ന് പറയുന്നവര്‍ വിശുദ്ധ വേദത്തിലില്ലാത്ത ഒരു നിര്‍ദേശം സ്വയം മെനഞ്ഞെടുത്ത് ഖുര്‍ആന്‍ വക്താക്കളാവുകയാണ്.

ഖുര്‍ആന്‍ അല്ലാഹുവിന്‍റെ വചനവും നബി(സ്വ)യുടെ നിസ്തുലവും അജയ്യവുമായ മുഅ്ജിസത്തുമാണ്. കേവലം സൃഷ്ടികളായ മനുഷ്യര്‍ക്ക് അത് മനസ്സിലാക്കികൊടുക്കുന്നതിന് ഒരു ഉപാധിയാവശ്യമാണ്. അല്ലാഹുവിന്‍റെ വചനത്തിന് അവന്‍ നിശ്ചയിച്ച ഔദ്യോഗിക വിശദീകരണങ്ങള്‍ ആവശ്യമില്ലെന്നും ഞങ്ങള്‍ക്ക് അതിനാവുമെന്നുമുള്ള ധാര്‍ഷ്ട്യം അതില്‍ മറഞ്ഞുകിടപ്പുണ്ട്. ഈ ചിന്ത വിശ്വാസിക്ക് ചേരാത്തതാണെന്നു പോലും ഇത്തരക്കാരെ അലോസരപ്പെടുത്താറില്ല. കാരണം ഖുര്‍ആന്‍ മതി എന്ന വാദം ഖുര്‍ആന്‍ പ്രേമത്തില്‍ നിന്നുണ്ടാവുന്നതല്ല. മറിച്ച്, പൂര്‍ണമായ ഇസ്ലാം നിഷേധത്തിന്‍റെ വക്കാലത്താണത്. ആര്‍ക്കൊക്കെയോ വേണ്ടി മുസ്ലിം സമൂഹത്തില്‍ മതനിരാസവും മതനിഷേധവും വളര്‍ത്താനുള്ള തന്ത്രം!

ഖുര്‍ആനെ മനസ്സിലാക്കാന്‍ സുന്നത്ത് അനിവാര്യമാണ്. വക്രതയില്ലാതെ ഖുര്‍ആന്‍ പഠിക്കാന്‍ ശ്രമിച്ചാല്‍ ബോധ്യപ്പെടുന്ന കാര്യമാണിത്. എന്നിരിക്കെ മുസ്ലിമായി ജീവിക്കാനും ഇസ്ലാമിക പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ഖുര്‍ആന്‍ മാത്രം മതി എന്ന വാദം ഭീമാബദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. ഇസ്ലാം മനുഷ്യര്‍ക്കെത്തിക്കുക എന്നതായിരുന്നല്ലോ നബി(സ്വ)യുടെ ദൗത്യം. ഖുര്‍ആന്‍ എത്തിക്കല്‍ മാത്രമായിരുന്നില്ല, ഖുര്‍ആന്‍ എന്ന ഇസ്ലാമിന്‍റെ മൗലികമായ രേഖാപ്രമാണത്തെ വിശദീകരിക്കുക എന്ന ദൗത്യം കൂടി റസൂല്‍(സ്വ)യുടേതാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഖുര്‍ആനും സുന്നത്തും തമ്മിലുള്ള പാരസ്പര്യം ഇതില്‍ നിന്നു വ്യക്തം. ഖുര്‍ആന്‍ പഠിപ്പിക്കാന്‍ സമ്പൂര്‍ണ യോഗ്യനായ ഒരാളെ നിശ്ചയിച്ച് അദ്ദേഹം മുഖേന അല്ലാഹു നല്‍കുന്ന വിശദീകരണങ്ങളാണ് സുന്നത്ത് എന്നും ഹദീസ് എന്നും അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഖുര്‍ആനംഗീകരിക്കുന്നുവെന്ന വാദം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ സുന്നത്തും അംഗീകരിച്ചേ മതിയാവൂ. സുന്നത്തിന്‍റെ അഭാവത്തില്‍ ഖുര്‍ആനികാശയങ്ങള്‍ ശരിയാംവണ്ണം മനസ്സിലാക്കാനാവില്ല.

ഖുര്‍ആനും സുന്നത്തും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തിന്‍റെയും പ്രാമാണികതയുടെയും അടിസ്ഥാനം അവ രണ്ടും വഹ്യാണെന്നതാണ്. പിന്നെങ്ങനെയാണവ ഖുര്‍ആനെന്നും സുന്നത്തെന്നും രണ്ടായി വേര്‍തിരിയുന്നതെന്ന സംശയം സംഗതം. ആശയമെന്ന പോലെ ഖുര്‍ആന്‍ പദങ്ങളും ദൈവികമാണ്. എന്നാല്‍ ഹദീസ് ആശയം അല്ലാഹു നല്‍കുന്നതും പദം നബി(സ്വ)യുടേതുമാണ്. ഖുര്‍ആന്‍ ആ പദം സൂചിപ്പിക്കുന്നത് പോലെതന്നെ പാരായണം നിര്‍ദേശിക്കപ്പെട്ടതും മഹത്ത്വമുള്ളതുമാണ്. ഹദീസ്, അല്ലെങ്കില്‍ സുന്നത്ത് ചര്യയാണ് അഥവാ പിന്തുടരണമെന്നതാണതിന്‍റെ താല്‍പര്യം. ഖുര്‍ആനിനെ ജീവിതത്തിലൂടെ നിദര്‍ശനം ചെയ്തതിന്‍റെ രേഖയാണ് സുന്നത്ത്. ഖുര്‍ആനും സുന്നത്തും എന്ന് ചേര്‍ത്തി പ്രയോഗിക്കുമ്പോള്‍ അതര്‍ത്ഥമാക്കുന്നത് നബിചര്യ എന്നാണ്.

ഖുര്‍ആനിനെയും സുന്നത്തിനെയും അവ രണ്ടും മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങളില്‍ കടന്നുവരുന്നവരെയും കടന്നുവരുന്നതിനെയും അംഗീകരിക്കണമെന്നത് സത്യവിശ്വാസത്തിന്‍റെ താല്‍പര്യമാണ്. അല്ലാഹുവിലും റസൂലിലും വിശ്വസിക്കുക എന്ന പോലെ പ്രധാനമാണ് ഖുര്‍ആനും സുന്നത്തും അംഗീകരിക്കുകയെന്നത്. ഒന്ന് മാത്രം അംഗീകരിച്ചാല്‍ പോരാ. അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹു, വഅശ്ഹദു അന്ന മുഹമ്മദര്‍റസൂലുല്ലാഹ് എന്നത് രണ്ടു ശഹാദത്ത് കലിമ(സത്യസാക്ഷ്യ വാചകം)യാണ്. ഇവയില്‍ നിന്ന് ഒന്ന് മാത്രം അംഗീകരിച്ചവന്‍ വിശ്വാസിയാവില്ല, രണ്ടും ഉള്‍ക്കൊള്ളണം. ഇപ്രകാരം മുസ്ലിമായ ഒരാള്‍ ഖുര്‍ആനിനെയോ സുന്നത്തിനെയോ നിരാകരിച്ചാല്‍ അവന് ഇസ്ലാമിലെ അംഗത്വം നഷ്ടപ്പെടും.


നിഷേധത്തിലെ ഗൂഢലക്ഷ്യം

ഖുര്‍ആന്‍ മറ പിടിച്ച് സുന്നത്ത് നിഷേധം നടത്തുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം നിഷേധങ്ങളുടെ പരമ്പരയാണ്. ഒട്ടേറെ നിഷേധങ്ങളാണ് ഇതിനെ തുടര്‍ന്നുവരിക. നബി(സ്വ)യുടെ രിസാലത്തിനെയും നുബുവ്വത്തിനെയും നിരാകരിക്കുക വഴി ഇസ്ലാം മതത്തില്‍ നിന്ന് ഭ്രഷ്ടരാവുകയാണവര്‍. അല്ലാഹു നിശ്ചയിച്ചേല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിച്ചവരാണ് തിരുനബി(സ്വ). പ്രസ്തുത നിര്‍വഹണത്തിന്‍റെ ചരിത്രസാക്ഷ്യമാണ് സുന്നത്ത്. ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കല്‍ മാത്രമായിരുന്നില്ല പ്രവാചക ദൗത്യം. ഖുര്‍ആന്‍ വചന സമാഹാരം എത്തിച്ചുതരിക എന്നതില്‍ മാത്രം പ്രവാചക ദൗത്യത്തെ പരിമിതപ്പെടുത്തിയാല്‍ തിരുനബി(സ്വ)യുടെ രിസാലത്തിനെ തത്ത്വത്തില്‍ നിഷേധിക്കല്‍ വരുന്നുണ്ട്. കാരണം ഖുര്‍ആന്‍ നബി(സ്വ)യുടെ വചനമല്ല; അല്ലാഹുവിന്‍റേതാണ്. അവന്‍റെ അനിവാര്യ വിശേഷണങ്ങളില്‍ പെട്ടതുമാണ്. ഖുര്‍ആനെത്തിച്ചുതന്ന മധ്യവര്‍ത്തി എന്നതിലുപരി നബി(സ്വ)യുടെ ജീവിതത്തിനും അധ്യാപനങ്ങള്‍ക്കും പ്രാധാന്യവും പ്രാബല്യവുമില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അതിലടങ്ങിയിട്ടുണ്ട്. ഫലത്തില്‍ ഖുര്‍ആനംഗീകരിക്കുന്നു എന്ന് വാചകമടിച്ച് നബി(സ്വ)യുടെ നുബുവ്വത്തിനെത്തന്നെ നിഷേധിക്കുകയാണ് മതയുക്തിവാദികള്‍.

ഖുര്‍ആന്‍ ഒരു യാഥാര്‍ത്ഥ്യമാണ്. നബി(സ്വ)യും. രണ്ടും അനിഷേധ്യമാണെന്നതിനാല്‍ രണ്ടിനെയും വാക്കാല്‍ നിഷേധിക്കാതെ, കൃത്യമായി നിഷേധിക്കുകയാണ് ഖുര്‍ആന്‍ വാദികളായ സുന്നത്ത് നിഷേധികള്‍. ഖുര്‍ആനെ ഒരു നിയമപുസ്തകമെന്ന തലത്തിലും നബി(സ്വ)യെ ഖുര്‍ആനെത്തിച്ച ഒരു ഏജന്‍റെന്ന നിലയിലും പരിമിതപ്പെടുത്തി തരംതാഴ്ത്തുകയാണിവര്‍. ഇങ്ങനെ ഇസ്ലാമിനെതിരെ രംഗത്തുവന്ന വിരുദ്ധവാദങ്ങളും വാദികളിമെല്ലാം, നബി(സ്വ)യെയും സുന്നത്തിനെയും പിടികൂടിയതായി കാണാം.

അല്ലാഹുവിനെയും ഖുര്‍ആനിനെയും നേരിട്ടു നിഷേധിക്കുമ്പോള്‍ മുസ്ലിം സമൂഹത്തില്‍ യാതൊരുവിധ അംഗീകാരവും ലഭിക്കില്ല. അങ്ങനെയായാല്‍ മതത്തിന്‍റെ പുറത്തുനിന്നുള്ള ഒരു അപശബ്ദമായി കണ്ട് അവഗണിക്കപ്പെടുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ഖുര്‍ആനെയും അല്ലാഹുവിനെയും മുന്നില്‍ വെക്കുന്ന രീതിയാണ് ഖുര്‍ആന്‍ വാദികളുടേത്. ഫലത്തില്‍ ഖുര്‍ആനും അല്ലാഹുവും അവര്‍ക്ക് സ്വീകാര്യമല്ലാതാകുന്നു.


ബുദ്ധിയാണ് പ്രമാണം

സ്വന്തം ബുദ്ധിക്ക് അമിതമായ പ്രാധാന്യം കല്‍പിക്കുന്നവരാണ് ഹദീസിനും അതുവഴി നുബുവ്വത്തിനും എതിരില്‍ രംഗത്തുവന്ന ആദ്യകാലക്കാര്‍. മുഅ്തസിലത്ത് എന്നറിയപ്പെടുന്നവരാണ് ഇതിന്‍റെ മുന്‍നിരയില്‍. യുക്തിക്കും ബുദ്ധിക്കും നിരക്കാത്തതെന്ന് ചില ഇസ്ലാമിക പാഠങ്ങളെക്കുറിച്ച് സ്വയം വിലയിരുത്തി തിരുത്തും നിഷേധവും നടത്തുകയായിരുന്നു അവര്‍. പൂര്‍വസൂരികളായ പണ്ഡിത മഹത്തുക്കളുടെ വളരെയധികം സമയങ്ങളും സദസ്സുകളും പേജുകളും അവര്‍ അപഹരിച്ചെങ്കിലും അവരെ നിഷ്പ്രഭമാക്കാന്‍ അഹ്ലുസ്സുന്നയുടെ നായകര്‍ക്കായി.

പ്രവാചകരെയും നുബുവ്വത്തിനെയും നിഷേധിക്കുന്ന തരത്തില്‍ പില്‍ക്കാലത്ത് രംഗത്തുവന്നവരെല്ലാം മുഅ്തസിലീ ചിന്തയാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു. എന്നാല്‍ മുഅ്തസിലത്തിന്‍റേതില്‍ നിന്നു ഭിന്നമായി പ്രവാചകത്വത്തിന്‍റെ പ്രസക്തിതന്നെ ചിലര്‍ അംഗീകരിച്ചില്ല. ഹദീസുകള്‍ പാടെ നിഷേധിക്കുന്നവരും അസാധ്യമായ മാനദണ്ഡങ്ങളും ഉപാധികളും നിശ്ചയിച്ച് സുന്നത്തിന്‍റെ സാര്‍വത്രികതയും സാധുതയും ചോദ്യം ചെയ്തവരുമുണ്ട്. മോഡേണിസ്റ്റുകള്‍ തുടങ്ങി ചേകനൂരികളടക്കം ഇതില്‍ കണ്ണികളാണ്. എല്ലാവരും ലക്ഷ്യത്തിലും മാര്‍ഗത്തിലും ഭിന്നരല്ല എന്ന് കാണാം.

ഇന്ത്യയില്‍ ഗുലാം നബി അബ്ദുല്ലാ ജുഗ്ഡാലവി, നൂറുല്‍ ഹഖ്, ഹശ്മത്തലി എന്നിവരും ഓറിയന്‍റലിസ്റ്റ് ചിന്തകളും പഠനങ്ങളും അവലംബിച്ച് ഇസ്ലാം പഠിപ്പിക്കാന്‍ ശ്രമിച്ചവരും റശീദ് രിളാ, ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു, മുഹമ്മദ് റമളാന്‍, സയ്യിദ് റഫീഅ് തുടങ്ങിയവരും ഈ പരമ്പരയില്‍ വരുന്നവരാണ്. ഇസ്ലാം മതത്തില്‍ യുക്തിവാദമെന്ന അബദ്ധം കൊണ്ടുവന്ന് മതരംഗം കലുഷമാക്കിയ പുത്തന്‍വാദികള്‍ ഇവരില്‍ പലരെയും ഉപജീവിച്ചത് കാണാം. ഹദീസ് കൂടി ചേര്‍ന്ന ഇസ്ലാം പഠിപ്പിക്കുന്ന ആത്മീയ ജീവിതത്തെ സ്വീകരിക്കാന്‍ സന്മനസ്സില്ലാത്തവര്‍ എക്കാലത്തും ഇത്തരം വാദങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഖുര്‍ആന്‍ എന്ത് പറയുന്നു?

വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു സംരക്ഷിക്കുമെന്നേറ്റെടുത്തതാണ്. അതിനാല്‍ തന്നെ അതിന്‍റെ പ്രഭാവവും ആശയപ്രസരണവും അഭംഗുരം നടക്കണം. ഈ ദൗത്യനിര്‍വഹണത്തിന് വിഘാതമാകുന്ന പ്രചാരണങ്ങളും പ്രവണതകളും അത് നേരത്തെ തന്നെ നിഷ്പ്രഭമാക്കിയിട്ടുണ്ട്. സുന്നത്തും ഖുര്‍ആനും തമ്മിലുള്ള ബന്ധത്തെയും സുന്നത്തിന്‍റെ അസ്തിത്വത്തെയും നിഷേധിക്കുന്നതിനെതിരായ ഖുര്‍ആന്‍ വചനങ്ങള്‍ മാത്രം നമുക്കിവിടെ ഉദ്ധരിക്കാം. സുന്നത്ത് എന്നാല്‍ നബിചര്യകളാണെന്നു പറഞ്ഞല്ലോ. തിരുനബി(സ്വ)യെ അനുസരിക്കാനും വഴിപ്പെടാനും അവിടുന്ന് കൊണ്ടുവന്നത് സ്വീകരിക്കാനും ഖുര്‍ആന്‍ വ്യത്യസ്ത സൂക്തങ്ങളിലൂടെ സത്യവിശ്വാസികളോട് നിര്‍ദേശിച്ചു.

‘റസൂല്‍(സ്വ) നിങ്ങള്‍ക്ക് തന്നത് എന്തോ അത് നിങ്ങള്‍ സ്വീകരിക്കുക, പ്രവാചകര്‍ നിങ്ങള്‍ക്ക് വിരോധിച്ചതെന്തോ അതിനെ നിങ്ങള്‍ വര്‍ജിക്കുക’ (അല്‍ഹശ്ര്‍: 7).

നബിയേ പറയുക; നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുവീന്‍. ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയം അല്ലാഹു സത്യനിഷേധികളെ ഇഷ്ടപ്പെടുന്നതല്ല (ആലുഇംറാന്‍: 32).

‘അല്ലാഹുവിന്‍റെ ദൂതനെ അനുസരിക്കുന്നവന്‍ നിശ്ചയമായും അല്ലാഹുവിനെ അനുസരിച്ചവനായി. ആരെങ്കിലും പിന്തിരിയുന്നുവെങ്കില്‍ അവരുടെ സംരക്ഷകനായി അങ്ങയെ നാം നിയോഗിച്ചിട്ടില്ല (അന്നിസാഅ്: 80). ആരെങ്കിലും അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ അല്ലാഹു അനുഗ്രഹിച്ചവരായ അമ്പിയാക്കള്‍, സിദ്ദീഖുകള്‍, ശുഹദാക്കള്‍, സ്വാലിഹുകള്‍ എന്നിവരോടൊപ്പമായിരിക്കും. എത്രയോ നല്ല കൂട്ടുകാരാണവര്‍ (അന്നിസാഅ്: 69).

റസൂല്‍(സ്വ)യുടെ കല്‍പനക്കും നിരോധനത്തിനും വഴിപ്പെടേണ്ടതാണ്. അല്ലാഹുവിനെപ്പോലെ തിരുനബി(സ്വ)യെയും അനുസരിക്കണം. നബി(സ്വ)യെ അനുസരിക്കുന്നതിലൂടെ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്. നബി(സ്വ)യെ അനുസരിച്ചാല്‍ പാരത്രിക ലോകത്ത് വിജയികളായിത്തീര്‍ന്നവരുടെ കൂടെ ചേരാം. ഇത്യാദി കാര്യങ്ങളാണ് ഉപരിസൂക്തങ്ങള്‍ പഠിപ്പിക്കുന്നത്. തിരുചര്യയല്ലാതെ മറ്റെന്താണ് നബി(സ്വ)യില്‍ നിന്നും സ്വീകരിക്കാനും വഴിപ്പെടാനുമുള്ളത്. അതുകൊണ്ട് നബിചര്യയെന്ന സുന്നത്ത് സ്വീകരിക്കാനും അത് വഴി അല്ലാഹുവിനുള്ള അനുസരണത്തെ പൂര്‍ണമാക്കാനും അങ്ങനെ പാരത്രിക വിജയം നേടാനും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. അതുകൊണ്ടുതന്നെ സുന്നത്തിനെ നിഷേധിച്ചും അവഗണിച്ചും ഖുര്‍ആന്‍ അംഗീകരിക്കുന്നവനാകാന്‍ സാധിക്കുകയില്ല.


സുന്നത്തും വഹ്യ് തന്നെ

സുന്നത്തും വഹ്യ് അഥവാ അല്ലാഹു നല്‍കുന്ന സന്ദേശങ്ങളാണ്. തന്നിഷ്ടപ്രകാരം എന്തെങ്കിലും മതനിയമമായി നബി(സ്വ) പഠിപ്പിച്ചിട്ടില്ല. ഇതംഗീകരിക്കാന്‍ സത്യവിശ്വാസി ബാധ്യസ്ഥനാകുന്നു. ദൈവദൂതന്‍ അല്ലാഹു ഏല്‍പിച്ച ദൗത്യമാണ് നിര്‍വഹിക്കുക. അതില്‍ കടത്തിക്കൂട്ടുകയോ തിരുത്തിക്കുറിക്കുകയോ ചെയ്യുന്ന ഒരാളെ അല്ലാഹു ദൂതനാക്കുകയില്ല. ദൂതന്‍ എങ്ങനെയാണ് പറയുന്നതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കി: തിരുനബി(സ്വ) തന്നിഷ്ടത്തിനനുസരിച്ച് സംസാരിക്കുകയില്ല. നബി(സ്വ)ക്ക് വഹ്യ് ലഭിച്ച സന്ദേശമല്ലാതെ മറ്റൊന്നുമല്ല (അന്നജ്മ്: 3-4).

അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി തീര്‍പ്പാക്കാനായി അങ്ങേക്ക് നാം ഈ കിതാബിനെ അവതരിപ്പിച്ചിരിക്കുന്നു (അന്നിസാഅ്: 105).

സൂറത്തുല്‍ അഹ്ഖാഫിലെ 9-ാം സൂക്തത്തില്‍ പറയുന്നു: ‘എനിക്ക് വഹ്യ് ലഭിക്കുന്നതല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. ഞാന്‍ വ്യക്തമായ മുന്നറിയിപ്പുകാരനല്ലാതെ മറ്റാരുമല്ല. 203-ാം സൂക്തത്തില്‍ ഇങ്ങനെ: നബിയേ പറയുക, നിശ്ചയം എനിക്ക് വഹ്യ് ലഭിക്കുന്നതിനെ മാത്രമാണ് ഞാന്‍ പിന്തുടരുന്നത്. നബി(സ്വ)ക്ക് ദൈവദൂതന്‍ എന്ന നിലയില്‍ മനുഷ്യര്‍ക്കിടയില്‍ അല്ലാഹു നിശ്ചയിച്ച ഇടനിലക്കാരനാണ്. നബി(സ്വ)യിലൂടെ അല്ലാഹു അവന്‍റെ മതത്തെ ജനങ്ങള്‍ക്കെത്തിക്കുന്നുവെന്നു ഉപരി ആയത്തുകള്‍ വ്യക്തമാക്കുന്നു. ഈ ആശയം വ്യക്തമാക്കുന്ന സൂക്തങ്ങള്‍ ഇനിയും ഖുര്‍ആനിലുണ്ട്.

അല്ലാഹു നല്‍കുന്ന അറിവാണ് വഹ്യ്. അതിന്‍റെ അംഗീകാരമാണ് നുബുവ്വത്തിനെ അംഗീകരിക്കല്‍. അതുകൊണ്ട് തന്നെ നബി(സ്വ)യുടെ രിസാലത്തും നുബുവ്വത്തും അംഗീകരിക്കുന്നവര്‍ക്ക് തിരുസുന്നത്തിനെ സ്വീകരിക്കാതിരിക്കാന്‍ പറ്റില്ല. സുന്നത്ത് സ്വീകരിക്കാത്തവര്‍ക്ക് സത്യവിശ്വാസിയാകാനും കഴിയില്ല.


തെളിവുകള്‍

സുന്നത്ത് വഹ്യാണെന്നും നബി(സ്വ) സ്വന്തമായി പറയുന്നതല്ലെന്നും വ്യക്തമാക്കുന്ന ധാരാളം തെളിവുകളുദ്ധരിക്കാന്‍ സാധിക്കും. നബി(സ്വ)യുടെ വാക്കില്‍, അല്ലാഹു എന്നോട് കല്‍പിച്ചു/അവന്‍ എനിക്കനുമതി നല്‍കി/എനിക്ക് ഇളവ് ചെയ്തു/എന്നെ വിലക്കി/എനിക്ക് ഇഷ്ടം പ്രവര്‍ത്തിക്കാനവസരം നല്‍കി/സന്തോഷവാര്‍ത്ത അറിയിച്ചു/ അല്ലാഹു പറയുന്നു/ അവന്‍ നിര്‍ബന്ധമാക്കി… എന്നിങ്ങനെയുള്ള ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നാഥനില്‍ നിന്നല്ലാതെ, ഒന്നും സ്വന്തം വകയായി അവിടുന്ന് പറയുന്നേയില്ല.

അല്ലാഹുവിനെയും അവന്‍റെ സ്വിഫത്തുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച്, നന്മകള്‍ക്കും സല്‍കര്‍മങ്ങള്‍ക്കുമുള്ള പ്രതിഫലം, തിന്മകള്‍ക്കും ദുഷ്ടകര്‍മങ്ങള്‍ക്കുമുള്ള ശിക്ഷകള്‍, പൂര്‍വകാല സമൂഹത്തിന്‍റെയും നബിമാരുടെയും ചരിത്രങ്ങള്‍, സത്യവിശ്വാസത്തിന്‍റെ ഇനങ്ങള്‍ തുടങ്ങിയവ നബി(സ്വ)ക്ക് സ്വന്തമായി പറയാന്‍ പറ്റുന്നതല്ലല്ലോ. അല്ലാഹുവിന്‍റെ ദൂതര്‍ എന്ന നിലയില്‍ ജനങ്ങളെ അറിയിക്കാനും പഠിപ്പിക്കാനുമുള്ളത് നിര്‍ദേശ പ്രകാരം പഠിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ അവയിലേതെങ്കിലുമൊന്നുപോലും നിഷേധിക്കാനാവില്ല. ഏതൊന്നിനെയും കുറിച്ച് ഹദീസില്‍ പരാമര്‍ശിച്ച വിധി അംഗീകരിക്കല്‍ സത്യവിശ്വാസത്തിന്‍റെ ഭാഗമാണ്. കാരണം നബി(സ്വ) അല്ലാഹുവിങ്കല്‍ നിന്ന് നമുക്കെത്തിച്ചുതന്നതെല്ലാം വാസ്തവമാക്കിയാലാണ് വിശ്വാസിയാവുക.


നബി(സ്വ)യും ഖുര്‍ആനും

റസൂല്‍(സ്വ)യുടെ ദൗത്യം ഖുര്‍ആന്‍ വചനങ്ങള്‍ സമര്‍പ്പിക്കലും പാരായണം ചെയ്തു കേള്‍പ്പിക്കലും മാത്രമാണെന്ന വാദം മഹാഅബദ്ധമാണ്. അതിന് വിവരണവും ആവശ്യമായ വിശദീകരണവും നല്‍കുക എന്നതും അവിടുത്തെ ഉത്തരവാദിത്വമാകുന്നു. ഈ ലക്ഷ്യത്തോടെയാണ് ഖുര്‍ആന്‍ മനുഷ്യര്‍ക്കെത്തിക്കുന്നതില്‍ ഇടനിലക്കാരനായി തിരുനബി(സ്വ) നിയോഗിക്കപ്പെട്ടത്. ഇത് ഖുര്‍ആന്‍ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ നബി(സ്വ)യുടെ വിവരണം ഖുര്‍ആന്‍ ഗ്രഹിക്കാന്‍ അനിവാര്യം. അതിനെ അവഗണിച്ചാല്‍ ഖുര്‍ആന്‍റെ മാര്‍ഗദര്‍ശനം ലഭിക്കില്ല. ഔപചാരികതയുടെ ബന്ധമല്ല ഖുര്‍ആനും സുന്നത്തും തമ്മിലുള്ളത്. അനിവാര്യവും അവിഭാജ്യവുമായതാണ് അതെന്നതിന് താഴെ സൂക്തം വ്യക്തമായ സൂചനയാണ്: അങ്ങേക്കും നാം ഗ്രന്ഥത്തെ അവതരിപ്പിച്ചിരിക്കുന്നു. ജനങ്ങള്‍ക്കു വേണ്ടി അവതരിപ്പിക്കപ്പെട്ടവ അങ്ങ് അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നതിനായിട്ട് (അന്നഹ്ല്‍: 44). 66-ാം സൂക്തത്തില്‍ നബി(സ്വ)യുടെ വിവരണത്തെക്കുറിച്ച് ഇങ്ങനെ: മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനത്തിനായി അവതരിപ്പിക്കപ്പെട്ടത് വിശദീകരിക്കുക എന്നത് നബി(സ്വ)യുടെ ദൗത്യമാണ്. വിശദീകരണത്തിന്‍റെ ആവശ്യകത അറിയുന്നവന്‍ വേദത്തിന്‍റെ അവതാരകനാണ്. അവതാരകനായ അല്ലാഹു പറയുന്നത് വിവരിക്കുന്നവരാണ് നബി(സ്വ)യെന്നാണ്. അവിടുന്ന് സ്വന്തമായ അഭിപ്രായമോ നിരീക്ഷണമോ നടത്തുന്നതല്ല. അല്ലാഹു തന്നെ അറിയിക്കുന്നതാണെന്ന് നടേ ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു.

റസൂല്‍(സ്വ)ക്ക് അല്ലാഹു നല്‍കുന്ന വിവരണമാണ് അവിടുന്ന് നല്‍കിയത്. ഖുര്‍ആന്‍ പറയുന്നു: പിന്നീട് അതിന്‍റെ വിവരണം നല്‍കല്‍ നമ്മുടെ ചുമതയില്‍ പെട്ടതാണ് (അല്‍ഖിയാമ: 19). ഈ സൂക്തത്തിന്‍റെ അവതരണ പശ്ചാത്തലമിതാണ്: ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നപ്പോള്‍ അത് ഹൃദിസ്ഥമാക്കാനായി നബി(സ്വ) ജിബ്രീലി(അ)ന്‍റെ കൂടെ ഓതിക്കൊണ്ടിരുന്നു. അപ്പോഴാണ് ആയത്തുകളെ ക്രോഡീകരിച്ചുതരലും ഓത്ത് പഠിപ്പിക്കലും നാം ഏറ്റെടുത്തതാണ്, അതിനാല്‍ അങ്ങ് ജിബ്രീല്‍(അ) ഓതിത്തരുന്നത് കേട്ടാല്‍ മതി, അതിന്‍റെ വിവരണം നാം നല്‍കും, അത് നാം ഏറ്റെടുത്തതാണ്- എന്നാശയമുള്ള ഭാഗം അവതരിച്ചത്. അല്ലാഹുവില്‍ നിന്ന് ലഭിച്ച ഖുര്‍ആന്‍ വിവരണമാണ് നബി(സ്വ) നമുക്ക് നല്‍കിയത്.

പ്രവാചകരുടെ വിവരണം സമൂഹത്തിന് ആവശ്യമുള്ളതുകൊണ്ടായിരുന്നു ഇത്. അതിന്‍റെ അടിസ്ഥാനം ദൈവികവുമാണ്. എന്നിട്ടും വിവരണത്തെ അവഗണിച്ച് സ്വന്തം ഭാഷാപരിജ്ഞാനം കൊണ്ട് ഖുര്‍ആന്‍ ഗ്രഹിക്കാമെന്ന ദുഷ്ടവിചാരമാണ് സുന്നത്ത് നിഷേധികള്‍ക്കുള്ളത്.


ഔദ്യോഗിക വിവരണം

നബി(സ്വ) വഴി അല്ലാഹു നല്‍കിയ വിവരണം അവലംബിക്കാതെ ഖുര്‍ആന്‍ ശരിയായി മനസ്സിലാകില്ല എന്നത് ഖുര്‍ആന്‍റെ ന്യൂനതയല്ല, അതിന്‍റെ മൗലികതയും പ്രത്യേകതയുമാണ്. അല്ലാഹുവിന്‍റെ കലാമും നബി(സ്വ)യുടെ മുഅ്ജിസത്തുമാണ് ഈ ഗ്രന്ഥമെന്നതിനാലാണ് പ്രസ്തുത സവിശേഷത. ഭാഷാ പരിജ്ഞാനം കൊണ്ട് മാത്രം ഖുര്‍ആന്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന അബദ്ധധാരണ തലക്ക് പിടിച്ചവരാണ് ഇസ്ലാമിക സമൂഹത്തിന്‍റെ അച്ചടക്കവും കെട്ടുറപ്പും തകര്‍ത്തത്. മഹത്തായൊരു ഗ്രന്ഥത്തിന് ഔദ്യോഗികമായ വ്യാഖ്യാനവും അതിന്‍റെ കൈമാറ്റത്തിന് കൃത്യമായ ഒരു ധാരയും വേണമെന്നതാണ് ന്യായം. അങ്ങനെ ഒന്ന് ഖുര്‍ആനിനുണ്ട്. അത് നബി(സ്വ)യിലൂടെയാണ്താനും. അതിനെതിരാവുന്നത് പ്രവാചകര്‍ക്കെതിരാവലാണ്. അത് പാരത്രികമായ നഷ്ടത്തിനാണ് കാരണമാവുക.

‘നേര്‍മാര്‍ഗം വ്യക്തമായതിനു ശേഷം അല്ലാഹുവിന്‍റെ റസൂലിനോട് ആരെങ്കിലും എതിരാവുകയും സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ പിന്തുടരുകയും ചെയ്താല്‍ അവന്‍ പോകുന്ന വഴിയെ നാമവനെ തിരിക്കും. നരകത്തില്‍ അവനെ കടത്തുകയും ചെയ്യുന്നതാണ്. അത് വളരെ ചീത്ത സങ്കേതമാകുന്നു’ (അന്നിസാഅ്: 115). നബി(സ്വ)യിലൂടെ സത്യം വ്യക്തമാവുകയും അത് എല്ലാ കാലത്തും സത്യവിശ്വാസികള്‍ പിന്തുടരുകയും ചെയ്തിട്ടുണ്ടെന്നത് ചരിത്രമാണ്. അതേവഴി തന്നെ തുടരുക എന്നതാണ് വിശ്വാസിക്ക് കരണീയം. അതിനെതിരാവുന്നത് നബി(സ്വ)യെയും സത്യവിശ്വാസികളുടെ മാര്‍ഗത്തെയും നിരാകരിക്കലാണ്. മോശമായ നരക ശിക്ഷ ലഭിക്കാന്‍ കാരണമാകുന്ന തിന്മയാണത്.

തിരുനബി(സ്വ)യുടെ തീര്‍പ്പുവന്ന കാര്യത്തില്‍ വീണ്ടും സംശയിക്കുന്നതുതന്നെ സത്യവിശ്വാസത്തിനെതിരാണ്. കാരണം നബി(സ്വ)ക്ക് അല്ലാഹു ഏല്‍പിച്ച ഉത്തരവാദിത്വത്തിന്‍റെ കാര്യത്തിലാണിവിടെ സംശയമുണ്ടാകുന്നത്. ഇത് നബി(സ്വ)യിലുള്ള വിശ്വാസത്തിന്‍റെ ന്യൂനതയായിരിക്കുമല്ലോ.

അങ്ങയുടെ നാഥന്‍ തന്നെ സത്യം. അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന വിഷയത്തില്‍ അങ്ങയെ അവര്‍ വിധിതീര്‍പ്പുകാരനാക്കാതിരിക്കുകയും പിന്നീട് അങ്ങ് തീര്‍പ്പ് കല്‍പ്പിച്ചതില്‍ അവരുടെ മനസ്സില്‍ നീരസം ഉണ്ടാകാതിരിക്കുകയും ചെയ്യാത്തിടത്തോളം അവര്‍ സത്യവിശ്വാസികളാവുകയില്ലതന്നെ (അന്നിസാഅ്: 65).

നബി(സ്വ)യുടെ തീര്‍പ്പ് സത്യവിശ്വാസിക്ക് അന്തിമമാണ്. അതില്‍ പിന്നെ വീണ്ടുവിചാരത്തിനു നില്‍ക്കുന്നതുതന്നെ വലിയ അപരാധമാകുന്നു. അത് സത്യനിഷേധത്തിന്‍റെ ഗണത്തിലാണ് ഉള്‍പ്പെടുക.

ഇമാം ശാഫിഈ(റ) എഴുതി: ‘അല്ലാഹു ജനങ്ങളുടെ മേല്‍ അവതരിപ്പിച്ച വഹ്യായ ഖുര്‍ആനും നബി(സ്വ)യുടെ സുന്നത്തുകളും അനുധാവനം ചെയ്യല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അല്ലാഹു(അല്‍ബഖറ: 129) പറയുന്നു: ഞങ്ങളുടെ നാഥാ, അവരില്‍ നിന്ന് തന്നെ  അവരിലേക്ക് നീ ഒരു ദൂതനെ നിയോഗിക്കേണമേ. ആ ദൂതന്‍ അവര്‍ക്കു നിന്‍റെ സൂക്തങ്ങള്‍ പാരായണം ചെയ്തുകൊടുക്കും. അവര്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കും. അവരെ സംസ്കരിക്കും. നിശ്ചയം നീ യുക്തിമാനും പ്രതാപിയുമാണ്.’

അവരില്‍ നിന്നുതന്നെ അവരിലേക്ക് ദൂതനെ നിയോഗിക്കുക വഴി അല്ലാഹു സത്യവിശ്വാസികള്‍ക്ക് അനുഗ്രഹം ചെയ്തിരിക്കുന്നു. ആ ദൂതന്‍ അല്ലാഹുവിന്‍റെ ആയത്തുകള്‍ അവര്‍ക്ക് ഓതിക്കേള്‍പ്പിക്കും. അവരെ സംസ്കരിക്കും. അവര്‍ക്ക് കിതാബും ഹിക്മത്തും പഠിപ്പിക്കും. അവര്‍ മുമ്പ് വളരെ പിഴച്ച നിലയിലായിരുന്നുവെങ്കിലും (ആലുഇംറാന്‍: 164). നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്ന അല്ലാഹുവിന്‍റെ ആയത്തുകളും ഹിക്മത്തും നിങ്ങള്‍ ഓര്‍ക്കുക (അല്‍അഹ്സാബ്: 34). ഇതേ ആശയമുള്ള മറ്റു ആയത്തുകളും ഉദ്ധരിച്ച് ശാഫിഈ ഇമാം തുടര്‍ന്ന് പറഞ്ഞു: അല്ലാഹു കിതാബിനെ പരാമര്‍ശിച്ചു. അതു ഖുര്‍ആനാണ്. ഹിക്മത്തിനെയും പറഞ്ഞു. ഖുര്‍ആന്‍ നന്നായറിയുന്നവരില്‍ നിന്ന് എനിക്ക് ബോധിച്ച പണ്ഡിതര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ഹിക്മത്ത് എന്നാല്‍ നബി(സ്വ)യുടെ സുന്നത്താണ്. ഖുര്‍ആനോട് തുടര്‍ന്ന് ഹിക്മത്തിനെ പറഞ്ഞതു ശ്രദ്ധേയം. കിതാബും ഹിക്മത്തും പഠിപ്പിക്കുക എന്നതുകൊണ്ട് സൃഷ്ടികള്‍ക്ക് അനുഗ്രഹം ചെയ്തുവെന്നും അല്ലാഹു പറഞ്ഞു. അതിനാല്‍ ഇവിടെ ഹിക്മത്തെന്നാല്‍ നബി(സ്വ)യുടെ സുന്നത്തല്ലാത്ത മറ്റെന്തെങ്കിലുമാണെന്ന് കരുതുകവയ്യ (അഹ്കാമുല്‍ ഖുര്‍ആന്‍).

ഇവിടെ ഇമാം മൂന്ന് സൂക്തങ്ങള്‍ ഉദ്ധരിച്ചു. ഒന്ന്: ഇബ്റാഹീം നബി(അ)ന്‍റെ പ്രാര്‍ത്ഥന. രണ്ട്: അല്ലാഹു ചെയ്ത അനുഗ്രഹം. മൂന്ന്: നബി(സ്വ)യുടെ പത്നിമാരോടുള്ള നിര്‍ദേശം. ഇവ മൂന്നിലും കിതാബ് എന്നതിനോട് ചേര്‍ത്തിയാണ് ഹിക്മത്ത് എന്നത് വന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ നബി(സ്വ)ക്ക് ഹിക്മത്ത് പഠിപ്പിക്കുക എന്ന ദൗത്യമുണ്ടായിരുന്നു എന്നും അതു അവിടുന്ന് നിര്‍വഹിച്ചിരുന്നുവെന്നും സുവ്യക്തം. പ്രസ്തുത സൂക്തങ്ങള്‍ ഇതിന് തെളിവാണ്. ഖുര്‍ആനിലല്ലാതെ സ്വന്തമായി അസ്തിത്വം സുന്നത്തിനുണ്ടെന്നാണിതെല്ലാം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ സുന്നത്ത് വേണ്ട, ഖുര്‍ആന്‍ മതിയെന്ന വാദത്തിന് നിലനില്‍പ്പില്ല. മാത്രമല്ല, അതു സത്യവിശ്വാസത്തിനു വിരുദ്ധവുമാണ്. ഖുര്‍ആനിന്‍റെ മഹത്ത്വവും സവിശേഷതകളും ഉയര്‍ത്തിക്കാണിച്ച് ഹദീസുള്‍പ്പെടെ മറ്റെല്ലാത്തിനെയും നിഷേധിക്കുന്നത് ഖുര്‍ആനിന്‍റെ പൊതുവായ ആശയത്തിനും താല്‍പര്യത്തിനും എതിരാണ്.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....