Showing posts with label സ്വര്‍ഗസ്ഥരായ സ്ത്രീകള്‍●. Show all posts
Showing posts with label സ്വര്‍ഗസ്ഥരായ സ്ത്രീകള്‍●. Show all posts

Saturday, February 8, 2020

സ്ത്രീകള്‍,സ്വര്‍ഗസ്ഥരായ സ്ത്രീകള്‍●

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക





സ്വര്‍ഗസ്ഥരായ സ്ത്രീകള്‍● അബൂബക്കര്‍ അഹ്സനി പറപ്പൂര്‍0 COMMENTS
Good Wife in Islam
വീടിനകത്ത് ഇടിമിന്നലും ഒപ്പം മഴപ്പെയ്ത്തും നടന്നൊരു സംഭവമുണ്ട്. കോപതാപങ്ങളുടെ മൂര്‍ധന്യതയില്‍ നില്‍ക്കുന്ന ഭര്‍ത്താവ് ഭാര്യയെ കണക്കിന് ശകാരിക്കുകയാണ്. ഭര്‍ത്താവിന്‍റെ ദേഷ്യമറിയുന്നതിനാല്‍ ഭാര്യ എല്ലാം കേട്ടുനിന്നു. പിന്നെ മെല്ലെയൊന്ന് പുഞ്ചിരിച്ചു. അതോടെ അയാള്‍ നിന്നു കത്തുകയായി. താനിത്രയും കയര്‍ത്തിട്ടും ചിരിച്ചു പരിഹസിക്കുകയോ? കയ്യില്‍ കിട്ടിയ വെള്ളക്കലമെടുത്ത് ഭാര്യയുടെ തലയിലൊഴിച്ചു അയാള്‍. അവള്‍ ഒന്നുകൂടി പുഞ്ചിരിച്ച് സൗമ്യയായി പറഞ്ഞു: ‘ഇടിമിന്നലിനൊപ്പം ഒരു മഴ ഞാന്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു.’ ഇതു കേട്ട് ഭര്‍ത്താവ് അലിഞ്ഞു. അവളോടൊപ്പം ചിരിച്ചു. ആര്‍ത്തലച്ചു വന്ന കോപം ഉരുക്കുകയായിരുന്നു സമര്‍ത്ഥയായ ഭാര്യ. അവളും ഭര്‍ത്താവിനെ പോലെ അക്ഷമ കാണിച്ചിരുന്നെങ്കിലോ? ശുഭ പര്യവസാനമായിരിക്കില്ലെന്നുറപ്പാണ്.

ഇബ്നു അബ്ബാസ്(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസ്: ഒരിക്കല്‍ നബി(സ്വ)ചോദിച്ചു: ‘നിങ്ങള്‍ക്ക് ഞാന്‍ സ്വര്‍ഗക്കാരെ കുറിച്ച് പറഞ്ഞുതരട്ടയോ?’ ഞങ്ങള്‍ അതേയെന്നറിയിച്ചു. നബി(സ്വ) പറഞ്ഞു: ‘നബിയും സിദ്ദീഖും (സത്യം അധികരിച്ചവനും) അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ രക്തസാക്ഷിയായവനും പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മരണപ്പെട്ട കുട്ടിയും മിസ്റിന്‍റെ ഭാഗങ്ങളിലുള്ള (വിദൂര സ്ഥലങ്ങളിലുള്ള) സുഹൃത്തിനെ അല്ലാഹുവിന്‍റെ പ്രീതി കാംക്ഷിച്ച്  സന്ദര്‍ശിക്കുന്നവനും സ്വര്‍ഗത്തിലാണ്. ഭര്‍ത്താവ് ദേഷ്യപ്പെട്ടാലും അവന്‍റെ കൈ പിടിച്ച് നിങ്ങള്‍ പൊരുത്തപ്പെടാതെ ഞാനുറങ്ങില്ലെന്നു പറയുന്ന, ഭര്‍ത്താവിനെ അതിരറ്റ് സ്നേഹിക്കുകയും നല്ലവണ്ണം ഉപകാരം ചെയ്യുന്നതുമായ ഭാര്യമാരും സ്ത്രീകളില്‍ നിന്ന് സ്വര്‍ഗത്തിലാണ്’ (ഇമാം ബൈഹഖി-ശുഅബുല്‍ ഈമാന്‍: 11/171).



ഇനി മറ്റൊരു പെണ്ണിനെ കുറിച്ചു പറയാം. നേരത്തെ എണീറ്റ് തഹജ്ജുദ് നിസ്കരിക്കുന്നവളാണ്. ളുഹാ മുടക്കാറില്ല. ഇടക്കിടെ തസ്ബീഹ് നിസ്കാരവുമുണ്ട്. പക്ഷേ, കുഴപ്പമൊന്നേയുള്ളൂ. ഭര്‍ത്താവിനെ കണ്ടുകൂടാ. കാണുമ്പോഴേക്ക് അരിശം കയറും. വഴക്കുണ്ടാക്കും. മീസാന്‍ തുലാസ് ഇവള്‍ക്ക് അനുകൂലമാകുമോ അതോ പ്രതികൂലമാകുമോ?

അബൂഉമാമ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട്: നബി(സ്വ)യുടെ അടുക്കലേക്ക് ഒരു സ്ത്രീ വന്നു. കൂടെ രണ്ടു കുട്ടികളുമുണ്ട്. നബി(സ്വ) ഭാര്യയോട് തിരക്കി: ‘ഇവര്‍ക്കു കൊടുക്കാന്‍ വല്ലതുമുണ്ടോ?’ മൂന്ന് കാരക്കയുണ്ടെന്നു മറുപടി ലഭിച്ചു. നബി(സ്വ) അതു വാങ്ങി അവള്‍ക്ക് നല്‍കി. അവള്‍ ഓരോ കാരക്ക രണ്ടു മക്കള്‍ക്ക് നല്‍കി. ശേഷിച്ച ഒന്ന് കൈയ്യില്‍ പിടിച്ചു. ആദ്യം കിട്ടിയത് തിന്നുകഴിഞ്ഞപ്പോള്‍ കുട്ടികള്‍ കരഞ്ഞു. അപ്പോള്‍ ശേഷിച്ച കാരക്ക രണ്ട് ചീളാക്കി ആ സ്ത്രീ കുഞ്ഞുങ്ങള്‍ക്ക് നല്‍കി. ഇതു കണ്ട് നബി(സ്വ) പറഞ്ഞു: ‘സ്ത്രീകള്‍ ഗര്‍ഭം ചുമക്കുന്നവരാണ്, മാതാക്കളാണ്, മുലയൂട്ടുന്നവരാണ്, മക്കള്‍ക്ക് ഗുണം ചെയ്യുന്നവരാണ്… ഭര്‍ത്താക്കന്മാരെ വെറുപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ അവരില്‍ നിന്ന് നിസ്കരിക്കുന്ന സ്ത്രീകളൊക്കെയും സ്വര്‍ഗത്തില്‍ പ്രവേശിക്കുമായിരുന്നു (നിസ്കരിക്കുന്ന സ്ത്രീകള്‍ക്ക് നേരിട്ടുള്ള സ്വര്‍ഗപ്രവേശനം തടയുന്നത് ഭര്‍ത്താക്കന്മാരെ വെറുപ്പിക്കുന്നത് മൂലമാണെന്നര്‍ത്ഥം- അല്‍മുഅ്ജമുല്‍ കബീര്‍, ഹദീസ് 7985).



ഒരു സ്ത്രീയെ പൂര്‍ണയാക്കുന്നത് ഗര്‍ഭധാരണവും പ്രസവവുമാണെന്നു പറയാറുണ്ട്. ഗര്‍ഭമെന്നത് കേവലമൊരു ഭാരം ചുമക്കലാണെന്നും പ്രസവ വേദനയും കുട്ടിയുടെ ശുശ്രൂഷകളുമൊക്കെ പെണ്ണിന് തീരാ ദുരിതവുമാണെന്നു ധരിച്ചവര്‍ ഇല്ലാതിരിക്കില്ല. ഓരോ പ്രസവത്തിലും ഒരു പുരുഷനും ലഭിക്കാത്ത അമൂല്യമായ ഗുണവിശേഷണങ്ങള്‍ക്കാണ് അവള്‍ ഉടമയായിത്തീരുന്നത്. അനസ് ബ്നു മാലിക്(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. നബി(സ്വ)യുടെ ഇബ്റാഹീം എന്ന മകന്‍റെ പോറ്റുമ്മയായ സലാമത്ത് എന്ന മഹതി തിരുദൂതര്‍(സ്വ)യോട് ചോദിച്ചു: ‘അങ്ങ് പുരുഷന്മാര്‍ക്ക് എല്ലാവിധ നന്മകള്‍ കൊണ്ടും സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ടല്ലോ. പക്ഷേ, സ്ത്രീകള്‍ക്ക് അങ്ങനെയൊന്നു കേള്‍ക്കുന്നില്ലല്ലോ!’ ഇതു കേട്ട് നബി(സ്വ) ചോദിച്ചു: ‘ഇതറിയാന്‍ വേണ്ടി  കൂട്ടുകാരികള്‍ നിന്നെ രഹസ്യമായി വിട്ടതാണോ’ മഹതി പറഞ്ഞു: ‘അതേ, അവര്‍ എന്നോട് നിര്‍ദേശിച്ചതാണ്.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ഭര്‍ത്താവ് തൃപ്തിപ്പെട്ടവളായിരിക്കെ നിങ്ങളില്‍ ഒരുത്തി ഗര്‍ഭം ചുമന്നാല്‍ നോമ്പെടുത്ത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവനു കിട്ടുന്നത് പോലെയുള്ള പ്രതിഫലം അവള്‍ക്ക് ലഭിക്കുന്നത് നിങ്ങള്‍ തൃപ്തിപ്പെടുന്നില്ലയോ? അങ്ങനെ അവള്‍ക്ക് പ്രസവ വേദന വന്നാല്‍ അല്ലാഹു കണ്‍കുളിര്‍മയായി ഒരുക്കിവച്ച കാര്യം ആകാശ ഭൂമിയിലുള്ളവരറിയുന്നില്ല. പ്രസവിച്ചാല്‍ അവളില്‍ നിന്ന് കുട്ടി കുടിക്കുന്ന ഓരോ ഇറക്ക് പാലിനും പകരമായി മഹത്തായ നന്മ അവള്‍ക്ക് ലഭിക്കും. ഈ കുട്ടി കാരണമായി അവള്‍ ഉറക്കമൊഴിച്ചാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ 70 അടിമകളെ മോചിപ്പിച്ചതിന്‍റെ പ്രതിഫലമുണ്ട്. സലാമത്തേ, ഇതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് നിനക്കറിയാമോ? (ഈ ഗുണങ്ങളൊക്കെയും ലഭിക്കുന്നത്) ഭര്‍ത്താവിന് വഴിപ്പെടുന്ന നല്ലവരായ ഭാര്യമാര്‍ക്കാണ് (ഇമാം ത്വബറാനി- മുഅ്ജമുല്‍ ഔസത്വ്, ഹദീസ്: 6733).



മഹിളകളിലെ അത്യുത്തമര്‍

നന്മകളില്‍ മഹിളകള്‍ ഒരിക്കലും പിന്തള്ളപ്പെടരുതെന്ന നിര്‍ബന്ധം ഇസ്ലാമിനുണ്ട്. പരലോകത്ത് ഒന്നാമതെത്തുന്നവരില്‍ അവരുമുണ്ടാകണം. അവിടെ അധമ സ്ത്രീകളും ഉത്തമ സ്ത്രീകളും നിരന്നു നില്‍പ്പുണ്ടാകും. അതില്‍ ഉത്തമ സ്ത്രീകളുടെ നിരയില്‍ സ്ഥാനം ലഭിക്കുന്നതെങ്ങനെ?

അബൂഹുറൈറ(റ)വില്‍ നിന്ന് റിപ്പോര്‍ട്ട്. റസൂലിനോട് ചോദിക്കപ്പെട്ടു: സ്ത്രീകളില്‍ വച്ച് ഏറ്റവും ഉത്തമ ആരാണ്? അവിടുന്ന് പറഞ്ഞു: ‘ഭര്‍ത്താവ് മുഖത്തേക്ക് നോക്കുമ്പോള്‍ അദ്ദേഹത്തിന് സന്തോഷം നല്‍കുന്ന, അദ്ദേഹം ഒരു കാര്യം പറഞ്ഞാല്‍ വഴിപ്പെടുന്ന, ഭര്‍ത്താവ് വെറുക്കുന്ന കാര്യം കൊണ്ട് ശരീരത്തിലും സമ്പത്തിലും എതിരാകാത്ത ഭാര്യ’ (ഇമാം നസാഈ- സുനനുല്‍ കുബ്റ, ഹദീസ്: 5324).



ഇബ്നു ഉമര്‍(റ)നെ തൊട്ട് ഉദ്ധരണം. നബി(സ്വ) പറയുന്നു: ‘നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. അവരവരുടെ ഭരണീയരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും. നേതാവ് ഭരണകര്‍ത്താവാണ്, പുരുഷന്‍ അവന്‍റെ കുടുംബക്കാരുടെ ഭരണകര്‍ത്താവാണ്. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്‍റെ വീടിന്‍റെയും മക്കളുടെയും ഭരണകര്‍ത്താക്കളാണ്. എല്ലാവരും അവരവരുടെ ഭരണീയര്‍ക്ക് എന്ത് ചെയ്തുവെന്ന് നാളെ ചോദിക്കും (സ്വഹീഹുല്‍ ബുഖാരി, ഹദീസ്:  5200).

ഖിയാമത്ത് നാളില്‍ ഒരു പെണ്ണിനോട് ആദ്യം ചോദിക്കുന്നത് അഞ്ച് വഖ്ത് നിസ്കാരമാണ്. രണ്ടാമതായി ചോദിക്കുന്നത് ഭര്‍ത്താവിനോട് ചെയ്യേണ്ട ബാധ്യതകളെ കുറിച്ചും (ഇബ്നുഹജര്‍ ഹൈതമി- അസ്സവാജിര്‍: 2/76).

അബൂഹുറൈറ(റ)വില്‍ നിന്ന്. നബി(സ്വ) പറയുകയുണ്ടായി: ‘ഭര്‍ത്താവ് ഭാര്യയെ വിരിപ്പിലേക്ക് ക്ഷണിക്കുകയും പ്രത്യേക കാരണമില്ലാതെ അവള്‍ വിസമ്മതിക്കുകയും ദേഷ്യത്തോടെ ഭര്‍ത്താവ് അന്തിയുറങ്ങുകയും ചെയ്താല്‍ നേരം വെളുക്കും വരെ അവളുടെ മേല്‍ മലക്കുകളുടെ ശാപം ഉണ്ടാകുന്നതാണ് (സ്വഹീഹുല്‍ ബുഖാരി, ഹദീസ്: 3237).

ഭാര്യ-ഭര്‍തൃ ബന്ധത്തില്‍ താളപ്പിഴകളുണ്ടാക്കുന്ന എല്ലാം ഇസ്ലാം വിലക്കുകയും ഹൃദയച്ചേര്‍ച്ചയുണ്ടാക്കുന്ന നന്മകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരസ്പര സഹകരണവും ഇണയെ മനസ്സിലാക്കാനുള്ള സന്നദ്ധതയുമാണ് ദാമ്പത്യത്തെ വിജയത്തിലെത്തിക്കുക.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....