🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
തബര്‍റുക് പ്രമാണങ്ങളുടെ പക്ഷം● 0 COMMENTS
വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ഊന്നിപ്പറഞ്ഞ വസ്തുതയാണ് തബര്‍റുക്. വിശ്വാസികള്‍ ഓര്‍മവെച്ച നാള്‍മുതല്‍ പ്രാവര്‍ത്തികമാക്കുന്ന മഹത്തായ സമ്പ്രദായം കൂടിയാണിത്. ബറകത്തെടുക്കപ്പെടുന്ന വസ്തു പവിത്ര ഗ്രന്ഥമോ വിശുദ്ധ വ്യക്തിയോ അവരുടെ ശേഷിപ്പുകളോ അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളോ ആകാം. ഇതില്‍ ഒന്നിനും സ്വയമേവ പ്രതികരിക്കാന്‍ കഴിയില്ല. എങ്കിലും മഹത്ത്വമേറിയതും ശ്രേഷ്ഠമാക്കപ്പെട്ടതുമായ അവ മനുഷ്യന് ഗുണം ലഭിക്കാന്‍ അവസരം നല്‍കുന്നു. ഗുണവും സഹായവും സൃഷ്ടിക്കുന്നത് അല്ലാഹു മാത്രം. പൂര്‍വസമുദായങ്ങള്‍ തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനില്‍ നിന്നും ആ പ്രവാചകനോട് ബന്ധപ്പെട്ട തിരുശേഷിപ്പുകളില്‍ നിന്നും ബറകത്തെടുത്തിരുന്നു എന്നതിന് നിരവധി ഖുര്‍ആന്‍ഹദീസ് വചനങ്ങള്‍ സാക്ഷിയാണ്. സ്വഹാബത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
തബര്‍റുക് ഖുര്‍ആനില്‍
മഹാത്മാക്കളുമായി ബന്ധപ്പെട്ട ആസാറുകള്‍ കൊണ്ട് ബറകത്തെടുക്കുന്നതിനെ കുറിച്ച് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്.
‘അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂത്തിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ താബൂത്ത് (പെട്ടി) നിങ്ങളുടെ പക്കല്‍ വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള മനഃശാന്തിയും മൂസാ(അ)ന്റെയും ഹാറൂന്‍(അ)ന്റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ തിരുശേഷിപ്പുകളുമുണ്ട്. മലക്കുകള്‍ അതിനെ വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട്’ (അല്‍ബഖറ/248).
മേല്‍സൂക്തത്തെ വിശദീകരിച്ചുകൊണ്ട് അല്ലാമാ ആലൂസി പറയുന്നു: ‘താബൂത് എന്നാല്‍ ഒരു പെട്ടിയാണ്. അതുകൊണ്ട് ഇസ്റാഈല്യര്‍ ബറകത്തെടുക്കാറുണ്ടായിരുന്നു’ (റൂഹുല്‍ മആനി).
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പ്രമുഖനായ ഇസ്മാഈലുല്‍ ഹിഖില്‍ ബറൂസവി(റ) പറയുന്നു: ‘യുദ്ധ സമയങ്ങളില്‍ ബനൂ ഇസ്റാഈല്യര്‍ ഈ പെട്ടി അവരുടെ മുന്നില്‍ വെക്കുകയും അക്കാരണം കൊണ്ട് അവര്‍ വിജയം നേടുകയും ചെയ്തിരുന്നു’ (റൂഹുല്‍ ബയാന്‍). തൗറാത്ത് എഴുതിയ ചില ഫലകങ്ങള്‍, മൂസാ(അ)ന്റെ വടി, വസ്ത്രം, ചെരുപ്പ്, ഹാറൂന്‍ നബി(അ)ന്റെ ശിരോവസ്ത്രം തുടങ്ങിയവയായിരുന്നു ആ പെട്ടിയിലുണ്ടായിരുന്നത്.
യൂസുഫ്(അ) ഈജിപ്തില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് തന്റെ പിതാവ് യഅ്ഖൂബ് നബി(അ)ന്റെ കാഴ്ച നഷ്ടപ്പെട്ട വിവരം അറിയാനിടയായി. അതീവ ദുഃഖിതനായ അദ്ദേഹം തന്റെ ബറകത്തുള്ള കുപ്പായം പിതാവിനയച്ചുകൊടുത്തു. ഈ സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നു: ‘നിങ്ങള്‍ എന്റെ കുപ്പായവുമായി പോകുക, എന്നിട്ട് എന്റെ ബാപ്പയുടെ മുഖത്തിടുക. എന്നാല്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും’ (യൂസുഫ്/93).
ഈ ആയത്തിന്റെ വിശദീകരണത്തില്‍ ഇമാം ഫഖ്റുദ്ദീനു റാസി(റ) പറയുന്നു: ‘ഇബ്റാഹിം നബി(അ)നെ നംറൂദ് തീകുണ്ഠാരത്തിലെറിഞ്ഞപ്പോള്‍ ജിബ്രീല്‍(അ) സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവന്ന് അദ്ദേഹത്തെ ധരിപ്പിച്ച കുപ്പായമായിരുന്നു അത്. ഇബ്റാഹിം(അ) അത് ഇസ്ഹാഖ്(അ)നെ ധരിപ്പിക്കുകയും ഇസ്ഹാഖ്(അ) യഅ്ഖൂബ് നബി(അ)യെ ധരിപ്പിക്കുകയും യഅ്ഖൂബ്(അ) യൂസുഫ് നബി(അ)യെ ധരിപ്പിക്കുകയുമായിരുന്നു’ (മഫാതീഹുല്‍ ഗൈബ്). മഹത്തുക്കളായ അമ്പിയാക്കളുടെ തിരുശേഷിപ്പായിരുന്നു ആ കുപ്പായം. അതു മുഖത്തിട്ടാല്‍ കാഴ്ച തിരിച്ചുലഭിക്കുമെന്ന് യൂസുഫ്(അ) പറഞ്ഞത് അതിന്റെ ബറകത്ത് മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു.
ഹദീസില്‍
നബി(സ്വ)യുടെ ജീവിതം ഒപ്പിയെടുത്ത് മാതൃകയാക്കിയവരാണ് അവിടുത്തെ സച്ചരിതരായ സ്വഹാബത്ത്. നബി(സ്വ)യുടെ സകല ചലനനിശ്ചലനങ്ങളും അവര്‍ സസൂക്ഷ്മം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ അവിടുത്തെ അസാധാരണത്വം ഉള്‍ക്കൊണ്ട് ബറകത്ത് കരസ്ഥമാക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചവരും അവര്‍ തന്നെയായിരുന്നു.
ഉത്ബാനുബ്നു മാലിക്(റ) ഒരിക്കല്‍ നബി(സ്വ)യുടെ സമീപത്തുവന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, എനിക്ക് കണ്ണുകാണാന്‍ കഴിയുന്നില്ല. എന്റെ കേന്ദ്രത്തിലുള്ള ജനതക്ക് ഇമാമായി നിസ്കരിക്കാറുള്ളത് ഞാനാണ്. മഴ പെയ്താല്‍ എനിക്കും അവര്‍ക്കുമിടയിലുള്ള മലഞ്ചെരുവിലൂടെ വെള്ളമൊഴുകും. പള്ളിയില്‍ ചെന്ന് അവര്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ട് അങ്ങ് എന്റെ വീട്ടില്‍ വന്നു നിസ്കരിക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങ് നിസ്കരിച്ചിടം എനിക്ക് നിസ്കാര സ്ഥലമാക്കി മാറ്റാനാണ്. അപ്പോള്‍ നബി(സ്വ) അങ്ങനെ ചെയ്യാമെന്ന് പറയുകയും പിറ്റെ ദിവസം അബൂബക്ര്‍(റ)വിനോടു കൂടെ ആ സ്വഹാബിയുടെ വീട്ടിലേക്ക് പോയി അദ്ദേഹം കാണിച്ചുകൊടുത്ത സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് ഉദ്ധരിച്ച് ഇമാം നവവി(റ) പറയുന്നു: ‘നബി(സ്വ) നിസ്കരിച്ചതും അവിടുത്തെ കാല്‍ സ്പര്‍ശിച്ചതുമായ സ്ഥലം കൊണ്ട് ബറകത്തെടുക്കുന്നതിന് ഈ ഹദീസ് രേഖയാണ്. അതുപോലെ സ്വാലിഹീങ്ങളായവരെ ബറകത്തെടുക്കാന്‍ വേണ്ടി ജനങ്ങള്‍ ക്ഷണിച്ചാല്‍ സ്വീകരിക്കാമെന്നതിനും ഇതു തെളിവാണ്’ (ശറഹുമുസ്‌ലിം).
അബൂഹുറൈറ(റ) പറയുന്നു: ‘ഞാന്‍ മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍ അബ്ദുല്ലാഹിബ്നു സലാം(റ)നെ കണ്ടു. അദ്ദേഹം എന്നോട് പറഞ്ഞു. നിങ്ങള്‍ എന്റെ വീട്ടിലേക്ക് വരിക. എന്നാല്‍ നബി(സ്വ) പാനം ചെയ്ത പാത്രത്തില്‍ നിങ്ങള്‍ക്കു ഞാന്‍ വെള്ളം തരാം. അവിടുന്ന് നിസ്കാരം നിര്‍വഹിച്ച പള്ളിയില്‍ നിങ്ങള്‍ക്ക് നിസ്കരിക്കുകയും ചെയ്യാം. ഞാനദ്ദേഹത്തിനോടൊപ്പം പോയി. ആ പാത്രത്തില്‍ വെള്ളവും ഈത്തപ്പഴവും എനിക്കു ലഭിച്ചു. നബി(സ്വ) നിസ്കരിച്ച പള്ളിയില്‍ ഞാന്‍ നിസ്കരിക്കുകയും ചെയ്തു’ (ബുഖാരി).
തിരുനബി(സ്വ)യുടെ പാദം പതിഞ്ഞ മണ്ണില്‍ നിന്നും അവിടുന്ന് പാനം ചെയ്ത പാത്രത്തില്‍ നിന്നും ബറകത്തെടുക്കാന്‍ സച്ചരിതരായ സ്വഹാബത്ത് കാണിച്ച താല്‍പര്യത്തിന്റെ നേര്‍ചിത്രമാണ് ഉദ്ധൃത പ്രമാണങ്ങള്‍. നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച സര്‍വവസ്തുക്കളും ബറകത്തുള്ളതാണ്. അവിടുന്ന് വുളൂഅ് എടുത്ത വെള്ളവും അധരം സ്പര്‍ശിച്ച പാത്രങ്ങളും ഉപയോഗിച്ച വസ്ത്രവും പുതപ്പും എല്ലാം മഹത്ത്വമേറിയതാണ്. അതുകൊണ്ട് അവ കഴിയുന്നത്ര ശേഖരിക്കാന്‍ സന്തത സഹചാരികളായ സ്വഹാബത്ത് തിടുക്കം കൂട്ടിയതായി കാണാം.
ഉര്‍വ(റ) പറയുന്നു: ഞാന്‍ വിവിധ ഭരണാധികാരികളെ സന്ദര്‍ശിച്ചിട്ടുണ്ട്. കിസ്റയുടെയും കൈസറിന്റെയും നജ്ജാശിയുടെയും അടുക്കല്‍ ഞാന്‍ പോയിട്ടുണ്ട്. അല്ലാഹു സത്യം, മുഹമ്മദ് നബിയുടെ അനുയായികള്‍ തങ്ങളുടെ നേതാവിനെ ബഹുമാനിക്കുന്നതുപോലെ സ്വന്തം പ്രജകള്‍ ബഹുമാനിക്കുന്ന മറ്റൊരു ഭരണാധികാരിയെയും ഞാന്‍ കണ്ടിട്ടില്ല. അല്ലാഹുവാണേ, പ്രവാചകര്‍ തുപ്പുകയില്ല, അനുയായികളില്‍ പെട്ട ഒരാളുടെ കൈയില്‍ അത് പതിച്ചിട്ടല്ലാതെ. ക്ഷണനേരം അവനത് സ്വന്തം മുഖത്തും ശരീരത്തിലും പുരട്ടുമായിരുന്നു. അവിടുന്ന് വുളൂഅ് ചെയ്താല്‍ ശേഷിക്കുന്ന വെള്ളത്തിന് വേണ്ടി അവര്‍ തിക്കും തിരക്കും കൂട്ടുമായിരുന്നു’ (ബുഖാരി).
വേറൊരു സംഭവം ഇങ്ങനെ: ‘ഔനുബ്നു അബീ ജുഹൈഫ(റ) പറയുന്നു: നബി(സ്വ)യുടെ വുളൂഇന്റെ വെള്ളം ബിലാല്‍(റ) എടുത്തപ്പോള്‍ ജനങ്ങള്‍ അതു നേടാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. വെള്ളത്തില്‍ നിന്ന് അല്‍പമെങ്കിലും ലഭിച്ചവര്‍ അതുകൊണ്ട് ശരീരം തടവുന്നു. ലഭിക്കാത്തവര്‍ സഹോദരന്റെ കൈയിലെ നനവ് അവലംബിക്കുന്നു’ (ബുഖാരി).
നബി(സ്വ) പാനം ചെയ്ത തോല്‍പാത്രത്തിന്റെ വായ്ഭാഗം അന്‍സ്വാരി വനിതയായ കബ്ശബ്നു സാബിത്(റ) മുറിച്ചെടുത്തുവെന്ന് ഇമാം തിര്‍മുദി, ഇബ്നു ഹിബ്ബാന്‍, ഇബ്നുമാജ തുടങ്ങിയ ഹദീസ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഉമ്മുസുലൈം(റ)വും നബി(സ്വ) വായവെച്ച ഭാഗം മുറിച്ചെടുത്തതായി കാണാം.
തിരുനബി(സ്വ) ജീവിതകാലത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ചും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അസ്മാഉ ബിന്‍തി അബീബക്ര്‍(റ)ല്‍ നിന്ന് നിവേദനം, മഹതി ഒരു ജുബ്ബയെടുത്ത് പറഞ്ഞു: ഇത് നബി(സ്വ)യുടെ ജുബ്ബയാണ്. ആഇശ(റ)ന്റെ സമീപമായിരുന്നു ഇത്. മഹതി വഫാതായപ്പോള്‍ ഞാനാണ് സൂക്ഷിക്കുന്നത്. നബി(സ്വ) അതു ധരിക്കാറുണ്ടായിരുന്നു. ഞങ്ങള്‍ അതു കഴുകുകയും ആ വെള്ളം രോഗശമനത്തിന് വേണ്ടി രോഗികളെ കുടിപ്പിക്കുകയും ചെയ്യുന്നു (മുസ്‌ലിം, മിശ്കാത്).
മുല്ലാ അലിയ്യുല്‍ ഖാരി(റ) എഴുതി: ‘അവര്‍ ജുബ്ബ മുക്കിയ വെള്ളം കുടിപ്പിക്കുകയും മറ്റു ചിലപ്പോള്‍ തലയിലും കണ്ണിലും അതു വെക്കുകയും കൈവെച്ചും ചുംബിച്ചും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു’ (മിര്‍ഖാത്). അനസ്(റ)ല്‍ നിന്ന് നിവേദനം, മഹാന്‍ പറയുന്നു: നബി(സ്വ) പ്രഭാത നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍ മദീനാ നിവാസികള്‍ വെള്ളം നിറച്ച പാത്രങ്ങളുമായി നബി(സ്വ)യുടെ അടുക്കലെത്തും. അപ്പോള്‍ നബി(സ്വ) അവിടുത്തെ തൃക്കരം വെള്ളത്തില്‍ മുക്കിക്കൊടുക്കുമായിരുന്നു. തണുപ്പുകാലത്തും ഇങ്ങനെ ചെയ്തിരുന്നു’ (മിശ്കാത്ത്).
നബി(സ്വ)യുടെ സ്പര്‍ശന സൗഭാഗ്യം ലഭിച്ച വസ്തുക്കള്‍ക്ക് പോലും ഇത്രയേറെ മഹത്ത്വമുണ്ടെങ്കില്‍ അവിടുത്തെ ശരീരഭാഗങ്ങള്‍ക്ക് എത്രത്തോളം ബറകത്തുണ്ടായിരിക്കും എന്നു മനസ്സിലാക്കാന്‍ അധിക ബുദ്ധിയുടെ ആവശ്യമില്ല. നിരവധി ഹദീസുകള്‍ ആ വിഷയത്തില്‍ തെളിവായി ഉണ്ടാകുമ്പോള്‍ വിശേഷിച്ചും.
പ്രമുഖ സ്വഹാബി വനിതയായ ഉമ്മുസുലൈം(റ)യുടെ വീട്ടില്‍ നബി(സ്വ) മധ്യാഹ്ന സമയങ്ങളില്‍ വിശ്രമിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ നബി(സ്വ) വിശ്രമിക്കുമ്പോള്‍ മഹതി തിരുനബിയുടെ ശരീരത്തില്‍ നിന്ന് വിയര്‍പ്പ് വടിച്ചെടുത്ത് കുപ്പിയിലാക്കി ശേഖരിക്കാന്‍ തുടങ്ങി. ഇതുകണ്ട നബി(സ്വ) ചോദിച്ചു: ഉമ്മുസുലൈം എന്താണു ചെയ്യുന്നത്? മഹതി പറഞ്ഞു: ഇത് അങ്ങയുടെ വിയര്‍പ്പാണ്. ഞങ്ങളിത് സുഗന്ധത്തില്‍ ചേര്‍ക്കുന്നു. കാരണം, സുഗന്ധങ്ങളില്‍ മുന്തിയതാണിത്. അതിന്റെ ബറകത്ത് ഞങ്ങളുടെ കുട്ടികള്‍ക്ക് ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: നീ സത്യം കണ്ടെത്തി (ബുഖാരി, മുസ്‌ലിം).
മറ്റൊരു സന്ദര്‍ഭത്തില്‍ നബി(സ്വ) ഉറങ്ങിയപ്പോള്‍ ഉമ്മുസുലൈം(റ) വിയര്‍പ്പ് കുപ്പിയില്‍ ശേഖരിച്ചു. അനസ്ബ്നു മാലിക്(റ)നു മരണം ആസന്നമായപ്പോള്‍ അതില്‍ നിന്നും അല്‍പം കഫമ്പുടവയില്‍ വെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു (ബുഖാരി).
അതുപോലെ തിരുനബി(സ്വ)യുടെ ഉമിനീരില്‍ നിന്നും സ്വഹാബത്ത് ബറകത്തെടുത്തിരുന്നു. അബൂമൂസല്‍ അശ്അരി(റ), ബിലാല്‍(റ) എന്നിവരോട് നബി(സ്വ) ഒരു പാത്രത്തില്‍ അല്‍പം വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അനന്തരം നബി(സ്വ) അതിലേക്ക് തന്റെ മുഖവും കൈകളും കഴുകി. ആ വെള്ളത്തില്‍ ഉമിനീരുചേര്‍ത്തു. ശേഷം അതു നിങ്ങള്‍ രണ്ടുപേരും കുടിക്കുകയും നിങ്ങളുടെ മുഖത്തും നെഞ്ചിലും ഒഴിക്കുകയും ചെയ്യുക എന്നു പറഞ്ഞു (ബുഖാരി).
നമ്മുടെ നാടുകളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു സമ്പ്രദായമാണ് മഹത്തുക്കളായ പണ്ഡിതരുടെയും സയ്യിദന്മാരുടെയും കൈ ചുംബിക്കുക എന്നത്. ഇതും ഒരു തബര്‍റുകിന്റെ രീതിയാണ്. അബ്ദുറഹ്മാനുബ്നു റസീന്‍(റ) പറയുന്നു: ഞാന്‍ ഒരിക്കല്‍ സലമത്ബ്നു അക്വഅ്(റ)ന്റെ അടുക്കല്‍ ചെന്ന് സലാം പറഞ്ഞു. അപ്പോള്‍ അദ്ദേഹം കൈകാണിച്ചുകൊണ്ട് പറഞ്ഞു: ഈ രണ്ടു കൈകൊണ്ട് ഞാന്‍ നബി(സ്വ)യോടു ഉടമ്പടി ചെയ്തിട്ടുണ്ട്. അപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കൈ ചുംബിച്ചു (അദബുല്‍ മുഫ്റദ്).
ഇബ്നുഉമര്‍(റ) പറയുന്നു: ഞങ്ങള്‍ നബി(സ്വ)യുടെ കൈ ചുംബിക്കുമായിരുന്നു (മിശ്കാത്ത്). നബി(സ്വ)യുടെ തിരുകേശം മുസ്‌ലിം ലോകം വ്യാപകമായി സൂക്ഷിച്ചുവെക്കുന്നതും ബറകത്ത് ആഗ്രഹിച്ചാണ്.
നബി(സ്വ)യുടെ രക്തം പോലും തബര്‍റുകിന് വേണ്ടി സ്വഹാബത്ത് ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് കളയാനേല്‍പിച്ച നബി(സ്വ)യുടെ രക്തം ഇബ്നു സുബൈര്‍(റ) മറഞ്ഞിരുന്ന് കുടിച്ചത്. ഉഹ്ദ് യുദ്ധവേളയില്‍ തിരുമുഖത്ത് മുറിവ് പറ്റി. അതില്‍ നിന്ന് രക്തം പൊടിഞ്ഞപ്പോള്‍ മാലിക്ബ്നു സിനാന്‍(റ) അതു വലിച്ചുകുടിച്ചു. രക്തം കുടിക്കുകയാണോ എന്നദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ അതേ എന്നു മറുപടി പറഞ്ഞു. ഇതുകേട്ട് റസൂല്‍(സ്വ) പറഞ്ഞു: എന്റെ രക്തം ആരുടെയെങ്കിലും രക്തത്തോടു ചേര്‍ന്നാല്‍ നരകം അവനെ സ്പര്‍ശിക്കുകയില്ല (അല്‍മുഅ്ജമുല്‍ ഔസത്).
മിമ്പറില്‍ നബി(സ്വ) ഇരുന്ന സ്ഥലത്ത് കൈവെച്ച് മുഖം തടവിയ ഇബ്നു ഉമര്‍(റ)വും അവിടുത്തെ തിരുശേഷിപ്പുകള്‍ കഫമ്പുടവയില്‍ വെക്കാന്‍ വസ്വിയ്യത് ചെയ്ത ഉമര്‍ബിന്‍ അബ്ദില്‍ അസീസ്(റ)വും മുആവിയ(റ)വും ബറകത്തെടുക്കുകയായിരുന്നുവെന്നത് വളരെ വ്യക്തമാണ്.
മുഹമ്മദ് റഫീഖ് കാലടി