അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
അല്‍ഫതാവാ-4 : അസ്വറിന്‍റെ സമയത്ത് ആര്‍ത്തവം നിന്നാല്‍ ളുഹ്ര്‍ നിര്‍ബന്ധമോ?● കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍0 COMMENTS
Al Fathawa
അസ്വറിന്‍റെ സമയം പ്രവേശിച്ച ഉടനെ ഹൈളുണ്ടായതിനാല്‍ ഒരു സ്ത്രീക്ക് നിസ്കരിക്കാനുള്ള സമയം കിട്ടിയില്ലെങ്കില്‍ പിന്നീട് പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടേണ്ടതുണ്ടോ?
ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം (ഏകദേശം 1.5 മിനുട്ട്) അവള്‍ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത നിസ്കാരം പിന്നീട് ഖളാഅ് വീട്ടി വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. ഇത്രയും സമയം കിട്ടിയിട്ടില്ലെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ അവള്‍ക്ക് നിര്‍ബന്ധവുമില്ല.
ഇബ്നു ഹജര്‍ ഹൈത്തമി(റ) പറയുന്നു: വഖ്തി(സമയം)ന്‍റെ തുടക്കത്തില്‍ നിസ്കാരത്തിന് തടസ്സമാകുന്ന വല്ലതുമുണ്ടായാല്‍; അതായത് അവള്‍ക്ക് ഹൈള്, നിഫാസ്, ഭ്രാന്ത്, ബോധക്ഷയം ഇവയില്‍ ഏതെങ്കിലും ഒരു കാര്യം നിസ്കാരത്തിന്‍റെ സമയം പ്രവേശിച്ച ഉടനെ സംഭവിക്കുകയും ആ നിസ്കാര സമയം അവസാനിക്കുന്നതുവരെ പ്രസ്തുത തടസ്സം തുടരുകയും ചെയ്താല്‍, ഈ തടസ്സം ഉണ്ടാകുന്നതിനു മുമ്പ് ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയം കിട്ടിയെങ്കില്‍ ആ നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്.
അതേസമയം നിസ്കാരത്തിന്‍റെ വഖ്ത് കടന്നതിനു ശേഷം മാത്രം നിസ്കാരത്തിനു വേണ്ടി ശുദ്ധീകരണം അനുവദനീയമായ അഥവാ തയമ്മും ചെയ്യേണ്ടവനോ നിത്യഅശുദ്ധിക്കാരനോ ആണ് ഇത്തരം തടസ്സങ്ങളുണ്ടായതെങ്കില്‍; അവന് വഖ്ത് കടന്നതിനു ശേഷം ഏറ്റവും ചുരുങ്ങിയ രൂപത്തില്‍ നിസ്കരിക്കാനുള്ള സമയത്തിന് പുറമെ ശുദ്ധീകരണത്തിനുള്ള സമയം കൂടി ലഭിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രസ്തുത നിസ്കാരം ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാവുകയുള്ളൂ (തുഹ്ഫതുല്‍ മുഹ്താജ്: 1/487).
അസ്വറിന്‍റെ സമയത്ത് ഹൈള് രക്തം നിലച്ചാല്‍ അവള്‍ക്ക് അസ്വര്‍ നിസ്കാരം മാത്രമാണോ നിര്‍ബന്ധമാവുക. അതല്ല ളുഹ്റു കൂടി നിസ്കരിക്കേണ്ടതുണ്ടോ?
ളുഹ്ര്‍ നിസ്കാരം കൂടി നിര്‍വഹിക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാകുന്നതാണ്. അസ്വറിന്‍റെ വഖ്തിന്‍റെ അവസാനത്തില്‍ അഥവാ അസ്വര്‍ നിസ്കാരത്തിന്‍റെ തക്ബീറതുല്‍ ഇഹ്റാം ലഭിക്കുന്ന സമയത്താണ് ഹൈള് മുറിഞ്ഞതെങ്കിലും ളുഹ്റും നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. കാരണം യാത്ര പോലുള്ള കാരണങ്ങളുണ്ടാകുന്ന(ഒഴിവുകഴിവ്) അവസരത്തില്‍ അസ്വറിന്‍റെയും ളുഹ്റിന്‍റെയും സമയം ഒന്നാണല്ലോ. അപ്പോള്‍ ഇത്തരം അനിവാര്യ ഘട്ടങ്ങളില്‍ ഏതായാലും ഈ രണ്ട് നിസ്കാരങ്ങളുടെ സമയം ഒന്നാകുന്നതാണ്.
ഇമാം നവവി(റ) പറയുന്നു: മേല്‍ പറഞ്ഞ കാരണങ്ങള്‍ നീങ്ങിയാല്‍ അഥവാ നിസ്കാരം നിര്‍ബന്ധമാകുന്നതിനെ തൊട്ട് വിലങ്ങുന്ന കാരണങ്ങള്‍ നീങ്ങിയാല്‍; വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാമിന്‍റെ സമയം ബാക്കിയുമായാല്‍ നിസ്കാരം നിര്‍ബന്ധമാകുന്നതാണ്. ഇത്തരം അവസരങ്ങളില്‍ ഒരു റക്അത്തിന്‍റെ സമയമെത്തിക്കണം എന്നൊരു അഭിപ്രായമുണ്ട്. അള്വ്ഹറായ അഭിപ്രായമനുസരിച്ച് അസ്വറിന്‍റെ വഖ്തില്‍ തക്ബീറതുല്‍ ഇഹ്റാം നിര്‍വഹിക്കാനുള്ള സമയം കിട്ടിയാല്‍ ളുഹ്ര്‍ നിസ്കാരം കൂടി നിര്‍ബന്ധമാകും. അപ്രകാരം തന്നെ ഇശാഇന്‍റെ സമയം ലഭിച്ചാല്‍ മഗ്രിബു കൂടി അതോടൊപ്പം നിര്‍വഹിക്കല്‍ നിര്‍ബന്ധമാകുന്നതാണ് (തുഹ്ഫയുടെ പേജ് നമ്പര്‍ ഉള്‍ക്കൊള്ളുന്ന മിന്‍ഹാജ്: 1/485) .
രോഗരക്തവും സംയോഗവും
ഇസ്തിഹാളത്തി(രോഗരക്തം)ന്‍റെ അവസരത്തില്‍ ഭാര്യയുമായി ബന്ധപ്പെടല്‍ അനുവദനീയമാണോ?
ഹൈളിനെ തൊട്ട് ഇസ്തിഹാളത്ത് വേര്‍തിരിഞ്ഞ അവസ്ഥയിലാണ് ഭാര്യയുമായി ബന്ധപ്പെടുന്നതെങ്കില്‍ അത് ഹറാമാവുകയില്ല. അതേസമയം പുറപ്പെടുന്നത് ഹൈളാണോ ഇസ്തിഹാളത്താണോ എന്നത് അവ്യക്തമായ അവസ്ഥയിലാണെങ്കില്‍ ഭാര്യയുമായി മുട്ട് പൊക്കിളിനിടയിലുള്ള ബന്ധപ്പെടല്‍ ഹറാമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 1/432-433).
വൈകി വരുന്നത് പ്രസവരക്തമോ?
പ്രസവം കഴിഞ്ഞ് എട്ട് ദിവസത്തിന് ശേഷം പുറപ്പെടുന്ന രക്തം നിഫാസോ അതോ ഇസ്തിഹാളതോ? പരിഗണനയുടെ മാനദണ്ഡം എന്താണ്?
പ്രസ്തുത രക്തം നിഫാസായാണ് പരിഗണിക്കുക. പ്രസവം കാരണം ഗര്‍ഭപാത്രം കാലിയായതിനു ശേഷം 15 ദിവസത്തിന് മുമ്പ് പുറപ്പെടുന്ന രക്തമായത് കൊണ്ട് ആ രക്തം നിഫാസായി പരിഗണിക്കപ്പെടുന്നതാണ് (തുഹ്ഫതുല്‍ മുഹ്താജ്-ഹാശിയ സഹിതം 1/408).
ഇവിടെ മറ്റൊരു പ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സുലൈമാനു ബ്നു മുഹമ്മദ് അല്‍ബുജൈരിമി(റ) എഴുതി: നിഫാസിന്‍റെ ആരംഭം രക്തം കാണുന്നത് മുതലാണ്. പ്രസവം മുതലല്ല. അപ്രകാരമല്ലായിരുന്നുവെങ്കില്‍ പ്രസവത്തെ തൊട്ട് രക്തം വരല്‍ പിന്തിയാല്‍ അഥവാ 15-ല്‍ താഴെ ദിവസം കഴിഞ്ഞതിന് ശേഷമാണ് രക്തം പുറപ്പെടുന്നതെങ്കില്‍ രക്തം വരുന്നതിന് മുമ്പുള്ള ശുദ്ധിയുള്ള ദിവസങ്ങള്‍ നിഫാസാണെന്ന് പറയേണ്ടതായി വരും. അതിനാല്‍ പ്രസ്തുത സമയത്ത് സ്ത്രീകള്‍ നിസ്കാരം ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണെന്നും പറയേണ്ടിവരും.
അതേസമയം ഇമാം നവവി(റ)യുടെ ഗ്രന്ഥമായ മജ്മൂഇല്‍ ഇങ്ങനെ സ്വഹീഹായി വന്നിട്ടുണ്ട്: പ്രസവം കഴിഞ്ഞ ഉടനെ കുളിക്കല്‍ സ്വഹീഹാകുന്നതാണ്. അഥവാ രക്തം വരുന്നതിന് മുമ്പുള്ള സമയം. അവള്‍ പ്രസവം നടന്നതിനു ശേഷം നിഫാസ് രക്തം വരുന്നതിനു മുമ്പുള്ള സന്ദര്‍ഭത്തില്‍ നിസ്കാരം നിര്‍വഹിക്കണമെന്നാണ് ഈ വാചകം തേടുന്നത് (ബുജൈരിമി: 1/301).
അക്വേറിയത്തിലെ വെള്ളം നജസോ?
അക്വേറിയത്തിലെ മത്സ്യത്തിന്‍റെ കാഷ്ഠത്തെ തൊട്ട് വിട്ടുവീഴ്ച ചെയ്യപ്പെടുമോ? അഥവാ മത്സ്യം കാഷ്ഠിച്ചതിനാല്‍ ആ വെള്ളം നജസാകുമോ?
വെള്ളം പകര്‍ച്ചയായിട്ടില്ലെങ്കില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. ഇമാം റംലി(റ) പറയുന്നു: തേനീച്ചയുടെ കൂട്ടില്‍ തേനിനെ അതിന്‍റെ കാഷ്ഠം സ്പര്‍ശിച്ചാല്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. വെള്ളത്തില്‍ മത്സ്യത്തെ വെറുതെ ഇട്ടതല്ലെങ്കില്‍ മേല്‍പറഞ്ഞ മത്സ്യത്തിന്‍റെ കാഷ്ഠത്തെ തൊട്ടും പ്രസ്തുത വെള്ളത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണ് (നിഹായതുല്‍ മിന്‍ഹാജ്: 1/85).
നിറങ്ങള്‍ കൊണ്ടുള്ള ആനന്ദം ഒരുതരം ഉപയോഗം തന്നെയാണ്. പരിഗണനീയമായ ഉപകാരമെടുക്കലുകളെ സംബന്ധിച്ച് വിശദീകരിച്ചപ്പോള്‍ സുലൈമാനുല്‍ ജമല്‍(റ) പറഞ്ഞ വാചകം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം വിവരിക്കുന്നു: മയിലിന്‍റെ നിറം കണ്ട് ആനന്ദമെടുക്കാന്‍ വേണ്ടി അതിനെ വാങ്ങല്‍ അനുവദനീയമാണ്. അതിന്‍റെ വില കൂടുതലാണെങ്കിലും ശരി (ഹാശിയതുല്‍ ജമല്‍: 3/26).
നജസും അത്തറും
അത്തര്‍ കുപ്പിയില്‍ കൊതുക് വീണാല്‍ എന്താണ് ചെയ്യേണ്ടത്? അത്തര്‍ നജസാകുമോ?
കുപ്പിയില്‍ നിന്ന് കൊതുകിനെ എടുത്ത് കളഞ്ഞതിനു ശേഷം അത്തര്‍ ഉപയോഗിക്കാവുന്നതാണ്. ദ്രാവകങ്ങളെ നജസാക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ട(വിട്ടുവീഴ്ചയുള്ള) ഒരു ജീവിയാണ് കൊതുക്. അത്കൊണ്ട് അത്തര്‍ കുപ്പിയില്‍ കൊതുക് വീണ കാരണത്താല്‍ കുഴപ്പമില്ല.
മിന്‍ഹാജില്‍ ഇമാം നവവി(റ) പറഞ്ഞതായി കാണാം: കുറഞ്ഞ വെള്ളത്തെ നജസാക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണ്. അഥവാ വെള്ളത്തെയും മറ്റു ദ്രാവകങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. ജീവിതകാലത്ത് അവയവം മുറിയുന്ന അവസരത്തില്‍ ഒലിക്കുന്ന രക്തം ശരീരത്തിലില്ലാത്ത ജീവികളുടെ ശവം, ഈച്ച, കൊതുക്, പേന്‍, മൂട്ട, വണ്ട്, തേള്‍, പല്ലി തുടങ്ങിയ ജീവികള്‍ പ്രസിദ്ധമായ അഭിപ്രായമനുസരിച്ച് ദ്രാവകത്തെ നജസാക്കുകയില്ല (തുഹ്ഫതുല്‍ മുഹ്താജ്: 1/98, 99).
നജസുള്ള മരുന്ന്
നജസ് കലര്‍ന്ന മരുന്ന് ശരീരത്തില്‍ പ്രവേശിച്ചയാളുടെ നിസ്കാരം സ്വഹീഹാകുമോ?
സ്വഹീഹാകുന്നതാണ്. ഖത്തീബുശ്ശിര്‍ബീനി(റ) പറയുന്നു: മുറിവോ രോഗമോ നജസ് കലര്‍ന്ന മരുന്ന് ഉപയോഗിച്ച് ചികിത്സിക്കുകയോ, അല്ലെങ്കില്‍ മുറിവ് നജസുള്ള നൂല്‍ ഉപയോഗിച്ച് തുന്നുകയോ ചെയ്താല്‍ നിസ്കാരം സ്വഹീഹാവുന്നതാണ് (മുഗ്നി മുഹ്താജ്: 1/191).
ആയത്തിന്‍റെ വിവക്ഷ
ഇന്നമല്‍ മുശ്രികൂന നജസുന്‍ എന്ന ഖുര്‍ആനിക വചനത്തിന്‍റെയും മുസ്ലിം നജസാവുകയില്ല എന്ന നബിവചനത്തിന്‍റെയും വിവക്ഷ എന്താണ്?
ഖുര്‍ആന്‍ വചനത്തില്‍ നജസ് എന്ന് പറഞ്ഞതുകൊണ്ട് രക്തം, ഛര്‍ദി പോലുള്ള സാങ്കേതികാര്‍ത്ഥത്തിലുള്ള നജസല്ല ഉദ്ദേശ്യം. മറിച്ച് അവരുടെ വിശ്വാസം നജസാണ് എന്നതാണതിന്‍റെ താല്‍പര്യം. നബിവചനത്തില്‍ മുഅ്മിനായ മനുഷ്യന്‍ മരണം കൊണ്ട് നജസാവുകയില്ല എന്നതുപോലെ അമുസ്ലിമും മരണം കൊണ്ട് നജസാവുകയില്ല.
ഇമാം നവവി(റ) പറയുന്നു: മയ്യിത്ത് ശുദ്ധിയുള്ളതാണ്. അതുകൊണ്ടാണ് കുളിപ്പിക്കപ്പെടുന്നത്. മുസ്ലിം ജീവനോടെയും മരിച്ചാലും നജസാവില്ലെന്നതാണ് മതനിയമം. ശുദ്ധിയുടെയും നജസിന്‍റെയും വിഷയത്തില്‍ അമുസ്ലിമിന്‍റെയും മുസ്ലിമിന്‍റെയും വിധി ഒന്നുതന്നെയാണ്. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്‍റെയും ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും സലഫ്, ഖലഫിന്‍റെയും അഭിപ്രായം ഇതുതന്നെയാണ്. ഇന്നമല്‍ മുശ്രികൂന നജസുന്‍ എന്ന ഖുര്‍ആന്‍ വചനം കൊണ്ടുള്ള ഉദ്ദേശ്യം അവരുടെ വിശ്വാസം നജസാണെന്നാണ്. അവരുടെ ശാരീരിക അവയവങ്ങളെല്ലാം മലം, മൂത്രം പോലെ നജസാണെന്ന് ഇതിനര്‍ത്ഥമില്ല. അപ്പോള്‍ മുസ്ലിമും അമുസ്ലിമും ശുദ്ധിയാണെന്ന് സ്ഥിരപ്പെട്ടാല്‍, അവന്‍റെ വിയര്‍പ്പും വായില്‍നിന്നു വരുന്ന നീരും കണ്ണുനീരുമെല്ലാം ശുദ്ധിയുള്ളതാകും. അത് ചെറിയ അശുദ്ധിക്കാരനോ വലിയ അശുദ്ധിക്കാരനോ ഹൈളുകാരിയോ നിഫാസുകാരിയോ ആണെങ്കിലും ശരി. ഈ വിഷയത്തിലെ മേല്‍ വിശദീകരണത്തിന് മുസ്ലിം ലോകത്തിന്‍റെ ഇജ്മാഉണ്ട് (ശറഹുന്നവവി അലാ സ്വഹീഹു മുസ്ലിം: 2/288).
ഉണര്‍ന്നയുടന്‍ കൈ വെള്ളത്തില്‍ മുക്കരുതോ?
ഉറക്കില്‍ നിന്ന് ഉണര്‍ന്ന വ്യക്തിക്ക് വെള്ളത്തില്‍ കൈമുക്കല്‍ കറാഹത്താണല്ലോ? ഉറങ്ങി എഴുന്നേറ്റവന് അവന്‍റെ കൈ എവിടെയാണ് രാപ്പാര്‍ത്തതെന്ന് പറയാന്‍ കഴിയില്ല എന്ന ഹദീസ് പരാമര്‍ശമാണല്ലോ ഇതിന് കാരണം. ഉറക്കത്തില്‍ ലിംഗം സ്പര്‍ശിച്ചു എന്നതാണോ ഇവിടെ കറാഹത്തിന് നിദാനം? അപ്പോള്‍ ലിംഗം സ്പര്‍ശിച്ച വ്യക്തിക്ക് കൈ കഴുകുന്നതിന് മുമ്പ് അത് വെള്ളത്തില്‍ മുക്കല്‍ കറാഹത്താണോ? അങ്ങനെയാണെങ്കില്‍ ഉറക്കവും ഉണര്‍വും തമ്മിലുള്ള വ്യത്യാസമെന്താണ്? വിശദീകരിച്ചാലും.
നിങ്ങള്‍ മനസ്സിലാക്കിയതു പോലെയല്ല വസ്തുതയുള്ളത്. ഒരാള്‍ ഉറങ്ങുന്ന അവസരത്തില്‍ ലിംഗം സ്പര്‍ശിച്ചു എന്നതല്ല കൈ വെള്ളത്തില്‍ മുക്കല്‍ കറാഹത്താകാനുള്ള കാരണം. മറിച്ച്, നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കപ്പെടുന്ന കൈ വെള്ളത്തില്‍ മുക്കുന്നതിനു മുമ്പായി കഴുകണമെന്നതാണ്. ഇമാം നവവി(റ) വിശദീകരിച്ചു: നമ്മുടെയും മുഹഖിഖീങ്ങളുടെയും മദ്ഹബ്; ഉറക്കില്‍ നിന്ന് എഴുന്നേറ്റ വ്യക്തിക്ക് മാത്രമല്ല ഈ നിയമം ബാധകമാകുന്നത്. നജസ് പുരണ്ടോ എന്ന വിഷയത്തില്‍ സംശയമാണ്. അതിനാല്‍ നജസ് പുരണ്ടിട്ടുണ്ടോ എന്ന് സംശയിക്കുന്ന വ്യക്തി ആ കൈ കഴുകുന്നതിനു മുമ്പ് വെള്ളത്തില്‍ മുക്കല്‍ കറാഹത്താണ്. അവന്‍ ഉറങ്ങിയത് രാത്രിയിലോ പകലിലോ എന്ന വ്യത്യാസം ഇവിടെയില്ല. ഇനി ഉറങ്ങാതെ തന്നെ അവന്‍റെ കൈകളില്‍ നജസ് പുരണ്ടിട്ടോ എന്ന കാര്യത്തില്‍ സംശയിച്ചാലും മേല്‍ വിവരിച്ച പ്രകാരം തന്നെയാണ് ചെയ്യേണ്ടത്. ഇതാണ് ഈ വിഷയത്തില്‍ ഭൂരിഭാഗം പണ്ഡിതന്മാരുടെയും അഭിപ്രായം (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/170).
ചോദ്യത്തില്‍ പറയപ്പെട്ട ‘എവിടെയാണ് അവന്‍റെ കൈ രാപ്പാര്‍ത്തത് എന്നറിയില്ല’ എന്ന ഹദീസ് കല്ല് കൊണ്ട് ശൗചം ചെയ്യുന്നവരിലാണ് വന്നിട്ടുള്ളത്. ഇമാം നവവി(റ) പറയുന്നു: ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും ഈ ഹദീസിന്‍റെ അര്‍ത്ഥം വിശദീകരിച്ചിട്ടുണ്ട്. അവന്‍റെ കൈ രാപ്പാര്‍ത്തത് എവിടെയാണെന്നറിയില്ല എന്നത്, അഹ്ലു ഹിജാസുകാര്‍ ശൗചം ചെയ്യാന്‍ കൂടുതലും കല്ലായിരുന്നു ഉപയോഗിച്ചിരുന്നത്, അവരുടെ നാട് ചൂട് കൂടുതലുള്ള സ്ഥലമായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഉറങ്ങിയാല്‍ വിയര്‍ക്കുകയും അവരുടെ കൈ നജസുള്ള സ്ഥലമോ മുഖക്കുരുവോ സ്പര്‍ശിക്കുകയോ പേന്‍ പോലുള്ള മ്ലേഛമായതിനെ തൊടുകയോ ചെയ്തുവോ എന്നതില്‍ നിന്ന് നിര്‍ഭയമാകില്ല (ശറഹുന്നവവി അലാ സ്വഹീഹി മുസ്ലിം: 2/171). ഇവിടെ കറാഹത്താകാനുള്ള അടിസ്ഥാന കാരണം ഇത്രയും വിശദീകരിച്ചതില്‍ നിന്നും വ്യക്തമായി. അവന്‍റെ കൈ നജസായോ എന്ന് സംശയിക്കലാണ് പ്രധാനം. അതിനാല്‍ ഉറക്കം, ഉണര്‍വ് എന്ന വ്യത്യാസം ഈ വിഷയത്തിലില്ല (അല്ലാഹു അഅ്ലം).