Showing posts with label തറാവീഹ് ഇരുപത് തെളിവുകൾ. Show all posts
Showing posts with label തറാവീഹ് ഇരുപത് തെളിവുകൾ. Show all posts

Tuesday, February 20, 2018

തറാവീഹ് ഇരുപത് തെളിവുകൾ

🔴🔵തറാവീഹ്രേഖകള്‍ ഇരുപതിനു തന്നെ🔴🔵ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

               
(1) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ജനങ്ങളെ ഉബയ്യുബ്നു ക’അ്ബ്(റ) വിന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്കാരത്തിന് വേണ്ടി സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (സുനനു അബീദാവൂദ് 1/202) ഈ ഹദീസ് ഉദ്ധരിച്ച ശേഷം ഇതുസംബന്ധമായി അബൂദാവൂദ്(റ) ഒന്നും പറയാത്ത സ്ഥിതിക്ക് രേഖയാക്കാന്‍ പറ്റുന്ന ഹസനായ ഹദീസാണെന്നാണ് വെക്കേണ്ടത്. ഇമാം നവവി(റ) പറയുന്നു: “അബൂദാവൂദ്(റ) ബലഹീനമാക്കാത്ത ഹദീസുകള്‍ അവരുടെ അടുക്കല്‍ ഹസനാണെന്ന് നാം മുമ്പ് പറഞ്ഞിട്ടുണ്ട്.” (ശര്‍ഹുല്‍ മുഹദ്ദബ് 5/8)
(2) യഹ്യ ബ്നു സ’ഈദ്(റ)വില്‍ നിന്ന് നിവേദനം: “നിശ്ചയം ഇരുപത് റക്’അത് ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാന്‍ ‘ഉമര്‍(റ) ഒരു വ്യക്തിയോട് ആജ്ഞാപിച്ചു.” (മുസ്വന്നഫു ഇബ്നു അബീശൈബ 2/392) ഈ ഹദീസിന്റെ നിവേദകപരമ്പര യോഗ്യരാണെങ്കിലും യഹ്യബ്നു സ’ഈദ്(റ) ‘ഉമര്‍(റ)വിനെ കണ്ടിട്ടില്ലെന്ന് ശൈഖ് നൈമവി(റ) തഅ്ലീഖു ആസാരിസ്സുനനില്‍ 2/55 പറയുന്നു. അപ്പോള്‍ ഈ ഹദീസിന്റെ പരമ്പര മുറിഞ്ഞുപോയത് കൊണ്ട് രേഖയാക്കാന്‍ പറ്റില്ലെന്നാണ് മുബ്തദി’ആയ മുബാറക്ഫൂരി തന്റെ തുഹ്ഫതുല്‍ അഹ്വദി 2/75ല്‍ പറയുന്നത്. എന്നാല്‍ യഹ്യബ്നു സ’ഈദ്(റ) യോഗ്യനായ താബി’ഇയ്യാണെന്നും സ്വഹാബിയായ സാഇബു ബ്നു യസീദി(റ)ല്‍ നിന്ന് ഹദീസ് കേട്ടിട്ടുണ്ടെന്നും ഖത്വീബുല്‍ ബഗ്ദാദി(റ) താരീഖു ബഗ്ദാദ് 14/101ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
‘ഉമര്‍(റ)വിന്റെ പ്രസ്തുത ഹദീസ് സാഇബു ബ്നുയസീദ്(റ) ആണ് ഉദ്ധരിക്കുന്നതും. അപ്പോള്‍ സാഇബ്(റ)വില്‍ നിന്ന് കേട്ടു തന്നെയാണ് യഹ്യബ്നു സ’ഈദ്(റ) പറയുന്നതെന്ന് വ്യക്തം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ കണ്ണിയറ്റ ഹദീസ് രേഖയാക്കാമെന്ന് ഇമാം ബൈഹഖ്വി(റ) തന്റെ ദലാഇലുന്നുബുവ്വ 1/39ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(3) സാഇബു ബ്നു യസീദി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘ഉമര്‍(റ) ഉബയ്യുബ്നു ക’അ്ബി(റ)ന്റെയും തമീമുദ്ദാരി(റ)യുടെയും നേതൃത്വത്തിലായി വിത്റ് സഹിതം ഇരുപത്തിയൊന്ന് റക്’അതുകളുടെ മേല്‍ ജനങ്ങളെ സംഘടിപ്പിച്ചു.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/260)
(4) സാഇബി(റ)ല്‍നിന്ന് നിവേദനം:” ‘ഉമര്‍(റ)വിന്റെ കാലത്ത് ഞങ്ങള്‍ ഇരുപത് റക്’അതും വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (ബൈഹഖ്വി(റ)യുടെ മ’അ്രിഫതുസ്സുനന്‍ 4/72) ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ഖുലാസ്വയില്‍ പ്രസ്താവിച്ചതായി മിര്‍ഖ്വാത് 2/175ലും ഇമാം സുബ്കി(റ) ശര്‍ഹുല്‍ മിന്‍ഹാജില്‍ പ്രസ്താവിച്ചതായി ഫതാവാ സുയൂഥ്വി 1/350ലും ഇബ്നുല്‍ ഇറാഖ്വി ശറഹുത്തഖ്വ്രീബില്‍ പ്രസ്താവിച്ചതായി തഅ്ലീഖ്വു ആസാരിസ്സുനന്‍ 2/54ലും രേഖപ്പെടുത്തിയിട്ടുണ്ട്.
(5) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാന്‍ മാസത്തില്‍ ഇരുപത് റക്’അതായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. ‘ഉസ്മാന്‍(റ)വിന്റെ കാലത്തും ഇങ്ങനെ തന്നെയായിരുന്നു. അവര്‍ നിസ്കാരത്തിന്റെ ദൈര്‍ഘ്യത്താല്‍ വടി ഊന്നിയായിരുന്നു നിന്നിരുന്നത”(സുനനുല്‍ ബൈഹഖ്വി 2/496). ഈ ഹദീസിന്റെ നിവേദക പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബ് 4/32ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(6) സാഇബി(റ)ല്‍നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് നിസ്കാരം കഴിഞ്ഞ് ഞങ്ങള്‍ പിരിഞ്ഞുപോകുമ്പോഴേക്ക് നേരം പുലര്‍ച്ചയോടടുക്കുമായിരുന്നു. ഇരുപത്തിമൂന്ന് റക്’അത്തുകളായിരുന്നു നിസ്കരിച്ചിരുന്നത്”(മുസ്വന്നഫു അബ്ദിര്‍റസ്സാഖ് 4/261).
(7) സാഇബി(റ)ല്‍നിന്ന് നിവേദനം: “സാഇബ്(റ) പറയുന്നു. ‘ഉമര്‍(റ)വിന്റെ കാലത്ത് ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്” ഇബ്നു ‘അബ്ദില്‍ ബര്‍റ്(റ) നിവേദനം ചെയ്തതായി ‘ഉംദതുല്‍ ഖ്വാരി 11/127).
(8) ഉബയ്യ്(റ)വില്‍ നിന്ന് നിവേദനം: “ഉമര്‍(റ) ഉബയ്യി(റ)നോട് ഇപ്രകാരം പറഞ്ഞു. നിശ്ചയം ജനങ്ങള്‍ പകല്‍ നോമ്പനുഷ്ഠിക്കുന്നു. അവര്‍ വേണ്ടത്ര ഖ്വിറാഅത് അറിയുന്നവരല്ല. അതുകൊണ്ട് നിങ്ങള്‍ റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കുക. ഇതു കേട്ടപ്പോള്‍ ഉബയ്യ്(റ) പറഞ്ഞു: ഓ അമീറുല്‍ മുഅ്മിനീന്‍, നടപ്പില്ലാത്തതാണല്ലോ ഇത്. ‘ഉമര്‍(റ) ഇപ്രകാരം പ്രതിവചിച്ചു. അതെനിക്കറിയാം. എങ്കിലും നല്ല കാര്യമാണത്. അപ്പോള്‍ ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അത് നിസ്കരിച്ചു (അബൂ ജ’അ്ഫര്‍(റ) നിവേദനം ചെയ്തതായി കന്‍സുല്‍ ‘ഉമ്മാല്‍ 4/284).
(9) ഹസന്‍(റ)വില്‍ നിന്ന് നിവേദനം: “മദീനയില്‍ വെച്ച് ജനങ്ങള്‍ക്ക് ഇമാമായി ഉബയ്യ്(റ) ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഹസന്‍(റ) ഉബയ്യി(റ)നെ കണ്ടിട്ടില്ലാത്തതിനാല്‍ ഈ ഹദീസിന്റെ നിവേദക പരമ്പര മുര്‍സല്‍(കണ്ണി മുറിഞ്ഞത്) ആണെങ്കിലും ശക്തിയുള്ളതാണെന്ന് ശൈഖ് നൈമവി(റ) പ്രസ്താവിച്ചിട്ടുണ്ട്.” (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
“സ്വഹാബാക്കളില്‍ നിന്ന് ആരുടെയും എതിരഭിപ്രായം കൂടാതെ ഇതു തന്നെയാണ് ഉബയ്യ്(റ)വില്‍ നിന്ന് സ്വഹീഹായി സ്ഥിരപ്പെട്ടിട്ടുള്ളതെന്ന് ഇബ്നു ‘അബ്ദില്‍ബര്‍റ്(റ) പ്രസ്താവിച്ചിട്ടുണ്ട്.” (‘ഉംദതുല്‍ ഖ്വാരി 11/127, ലാമി’ഉദ്ദിറാരി 2/87, ശര്‍ഹുല്‍ മവാഹിബ് 7/420)
(10) മുഹമ്മദുബ്നു ക’അ്ബി(റ)ല്‍ നിന്ന് നിവേദനം: “അവര്‍ പറഞ്ഞു: ‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍ പേജ് 91) മുഹമ്മദുബ്നു ക’അ്ബ്(റ) യോഗ്യനും പണ്ഢിതനും മദീനക്കാരനായ താബി’ഇയ്യുമാണെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 2/203ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(11) യസീദുബ്നു റൌമാനി(റ)വില്‍ നിന്ന് നിവേദനം: “‘ഉമര്‍(റ)വിന്റെ കാലത്ത് റമള്വാനില്‍ ഇരുപത്തിമൂന്ന് റക്’അതുകളായിരുന്നു ജനങ്ങള്‍ നിസ്കരിച്ചിരുന്നത്” (മുവത്ത്വഅ് പേജ് 40 സുനനുല്‍ ബൈഹ ഖ്വി 2/496, ഖ്വിയാമുല്ലൈല്‍, പേജ് 91). യസീദു ബ്നു റൌമാന്‍(റ) മദീനക്കാരില്‍ എണ്ണപ്പെടുന്നുവെന്ന് ഇമാം ബുഖാരി(റ) താരീഖുല്‍ കബീര്‍ 4/331ല്‍ പ്രസ്താവിച്ചിട്ടുണ്ട്. അദ്ദേഹം യോഗ്യനായ മദീനാ നിവാസിയാണെന്ന് സുര്‍ഖ്വാനി(റ) ശര്‍ഹുല്‍ മുവത്ത്വ 1/239ലും പറയുന്നു.
ഈ ഹദീസിന്റെ നിവേദക പരമ്പര ശക്തിയാര്‍ജ്ജിച്ചതാണെങ്കിലും യസീദ്(റ), ‘ഉമര്‍(റ)വിന്റെ കാലത്തില്ലാത്തത് കൊണ്ട് ഈ ഹദീസ് മുര്‍സല്‍ ആണെന്നും എങ്കിലും അറിയപ്പെട്ടൊരു സംഭവം ഒരു താബി’ഇയ്യ് ഒരു സ്വഹാബിയില്‍ നിന്ന് ഉദ്ധരിച്ചാല്‍ കണ്ണി മുറിയാത്ത ഹദീസിന്റെ സഥാനം അതിനുണ്ടെന്ന് അല്‍ഹാഫിള്വുല്‍ ഇറാഖ്വി(റ) പ്രസ്താവിച്ചതായി തദ്രീബുര്‍റാവിയില്‍ ഇമാം സുയൂഥ്വി(റ) ഉദ്ധരിച്ചിട്ടുണ്ടെന്നും അശ്ശൈഖുന്നൈമവി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ആസാറുസ്സുനന്‍ തഅ്ലീഖ്വ് സഹിതം 2/55)
(12) ‘അബ്ദുറഹ്മാനി(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) റമള്വാനില്‍ ഓത്തറിയുന്നവരെ വിളിച്ച് അവരില്‍പ്പെട്ട ഒരാളോട് ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്അത് നിസ്കരിക്കാന്‍ ആജ്ഞാപിച്ചു. ‘അലി(റ)വിന്റെ നേതൃത്വത്തില്‍ വിത്റ് നിസ്കാരവും നടക്കുമായിരുന്നു.” (സുനനുല്‍ ബൈഹഖി 2/496) ‘അബ്ദുറഹ്മാന്‍(റ), ‘അലി(റ)വില്‍നിന്ന് ഹദീസ് കേട്ട വ്യക്തിയും ധാരാളം ഹദീസുകളുടെ  റിപ്പോര്‍ട്ടറും യോഗ്യനുമായ പണ്ഢിതനുമായിരുന്നുവെന്ന് ഇബ്നുസ’അ്ദ്(റ) ത്വബഖ്വാത് 6/175ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(13) അബുല്‍ ഹസനാഇ(റ)ല്‍നിന്ന് നിവേദനം: “നിശ്ചയം ‘അലി(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിക്കാന്‍ ഒരാളോട് ആജ്ഞാപിച്ചു.”(മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ഈ ഹദീസ് ഇമാം ബൈഹഖ്വി(റ) സുനന്‍ 2/497ലും നിവേദനം ചെയ്തിട്ടുണ്ട്.
(14) അ’അ്മശ്(റ) വഴി സൈദുബ്നു വഹബി(റ)ല്‍നിന്ന് നിവേദനം: ” ‘അബ്ദുല്ലാഹിബ്നു മസ്’ഊദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അ’അ്മശ്(റ) പറയുന്നു: “ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതുമായിരുന്നു നിസ്കരിച്ചിരുന്നത്.” (ഖ്വിയാമുല്ലൈല്‍, പേജ് 91)
(15) ‘അബ്ദുല്ലാഹിബ്നു ഖ്വൈസി(റ)ല്‍ നിന്ന് നിവേദനം: “ശുതൈര്‍(റ) ജനങ്ങള്‍ക്ക് ഇമാമായി റമള്വാനില്‍ ഇരുപത് റക്’അതും വിത്റും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/392) ശുതൈര്‍(റ) സ്വഹാബിവര്യരായ ‘അലി(റ), ‘അബ്ദുല്ലാഹി(റ) അവരുടെ പിതാവ് തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയും യോഗ്യനുമായിരുന്നുവെന്ന് ഇബ്നു സ’അ്ദ് ത്വബഖ്വാത് 6/181ല്‍ പ്രസ്താവിച്ചിട്ടുണ്ട്. വിത്റ് മൂന്ന് റക്’അതായിരുന്നു നിസ്കരിച്ചിരുന്നതെന്ന് സുനനുല്‍ കുബ്റ 2/492, ഖ്വിയാമുല്ലൈല്‍ പേജ് 91 എന്നീ ഗ്രന്ഥങ്ങളില്‍ കാണാം.
(16) നാഫി’അ്(റ)വില്‍ നിന്ന് നിവേദനം: “ഇബ്നു അബീ മുലൈക(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393) ഈ ഹദീസിന്റെ നിവേദകപരമ്പരസ്വഹീഹാണെന്ന് അശ്ശൈഖുന്നൈമവി(റ) ആസാറുസ്സുനന്‍ 2/56ല്‍ പ്രസ്താവിച്ചിട്ടുണ്ട്. മുപ്പത് സ്വഹാബിവര്യന്മാരുമായി ബന്ധം പുലര്‍ത്തിയ വ്യക്തിയാണ് ഇബ്നു അബീ മുലൈക (റ) എന്നും അദ്ദേഹം യോഗ്യനാണെന്ന് അബൂ ഹാതിമും(റ) അബൂ സര്‍’അ(റ)യും പ്രസ്താവിച്ചിട്ടുണ്ടെന്നും ഹാഫിള്വുല്‍ ഖസ്റജി(റ) ഖുലാസ്വത തദ്ഹീബ് 2/76ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(17) അബൂ ഇസ്ഹാഖ്വി(റ)ല്‍ നിന്ന് നിവേദനം: “ഹാരിസ്(റ) റമള്വാന്‍ രാവുകളില്‍ ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നിസ്കരിച്ചിരുന്നു.” (മുസ്വന്നഫു ഇബ്നുഅബീശൈബ 2/393)
(18) അബ്ദുല്‍മലികി(റ)ല്‍ നിന്ന് നിവേദനം: “വിത്റ് സഹിതം ഇരുപത്തിമൂന്ന് റക്’അതുകള്‍ നിസ്കരിച്ചിരുന്നതായിട്ടാണ് ഞാന്‍ ജനങ്ങളെ  കണ്ടതെന്ന് ‘അത്വാഅ്(റ) പ്രസ്താവിച്ചു. (ഖ്വിയാമുല്ലൈല്‍, പേജ് 91) ഈ ഹദീസ് ഇബ്നു അബീ ശൈബ(റ) മുസ്വന്നഫ് 2/393ലും ചെയ്തിട്ടുണ്ട്. ഇബ്നു അബീശൈബ (റ)യുടെ നിവേദക പരമ്പര ഹസന്‍ ആണെന്ന് ആസാറുസ്സുനന്‍ 2/55ല്‍ കാണാം.
ഇപ്പറഞ്ഞ ‘അത്വാഅ്, ഇബ്നു അബീ റബാഹ്(റ) എന്ന പേരിലറിയപ്പെടുന്ന താബിഈ പണ്ഢിതനാണ്. (കശ്ഫുല്‍ അസ്താര്‍, പേജ് 46 നോക്കുക.) അദ്ദേഹം ധാരാളം ഹദീസുകളുടെ ഉടമയും യോഗ്യനുമായ പണ്ഢിതനായിരുന്നുവെന്ന് ഖസ്റജി(റ) ഖുലാസ്വ 2/230ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(19) അബൂ ഖസ്വീബി(റ)ല്‍ നിന്ന് നിവേദനം: “സുവൈദ്(റ) റമള്വാനില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളിലായി ഇരുപത് റക്’അതുകളായിരുന്നു നിസ്കരിച്ചിരുന്നത്.”(സുനനുല്‍ ബൈഹഖ്വി 2/492). സുവൈദ്(റ) താബി’ഈ പ്രമുഖരില്‍ ഒരാളായിരുന്നുവെന്ന് ഹാഫിള്വ് ഇബ്നുഹജര്‍(റ) തഖ്വ്രീബ് 1/341ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ ഹദീസിന്റെ നിവേദക പരമ്പര ഹസന്‍ ആണെന്ന് നൈമവി(റ) ആസാറുസ്സുനന്‍ 2/55ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(20) റബീ’ഇ(റ)ല്‍ നിന്ന് നിവേദനം: “അബുല്‍ ബഖ്തരി(റ) അഞ്ച് തര്‍വീഹതും (ഇരുപത് റക്അത്) മൂന്ന് റക്’അത് വിത്റും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/393) അബുല്‍ ബഖ്തരി(റ) താബി’ഉകളില്‍ ശ്രേഷ്ഠനാണെന്നും അബൂ സര്‍’അ(റ)യും ഇബ്നുമഈനും(റ) അദ്ദേഹം യോഗ്യനാണെന് പ്രസ്താവിച്ചിട്ടുണ്ടെന്നും ഖസ്റജി(റ)യുടെ ഖുലാസ്വ 1/388ല്‍ കാണാം.
(21) സ’ഈദുബ്നു ‘ഉബൈദി(റ)ല്‍ നിന്ന് നിവേദനം: “നിശ്ചയം ‘അലിയ്യുബ്നു റബീ’അത്(റ) ജനങ്ങള്‍ക്ക് ഇമാമായി അഞ്ച് തര്‍വീഹതും വിത്റ് മൂന്ന് റക്’അതും നിസ്കരിക്കാറുണ്ടായിരുന്നു.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394). ‘അലിയ്യുബ്നു റബീ’അത് (റ) അബുല്‍ മുഗീറതല്‍ കൂഫി(റ) എന്ന പേരിലറിയപ്പെടുന്ന യോഗ്യനായിരുന്നുവെന്ന് കശ്ഫുല്‍ അസ്താര്‍ പേജ് 76ല്‍ കാണാം. ഈ ഹദീസിന്റെ നിവേദകപരമ്പര സ്വഹീഹാണെന്ന് ആസാറുസ്സുനന്‍ 2/56ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
(22) ഇസ്മാ’ഈലുബ്നു ‘അബ്ദില്‍ മലികി(റ)ല്‍നിന്ന് നിവേദനം: “സ’ഈദു ബ്നു ജുബൈര്‍(റ) റമള്വാന്‍ മാസത്തില്‍ ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. അഞ്ച് തര്‍വീഹതുകളായിരുന്നു നിസ്കരിച്ചിരുന്നത്.” (മുസ്വന്നഫു അബ്ദിര്‍റസ്സാഖ്വ് 4/266) സ’ഈദുബ്നു ജുബൈര്‍(റ) സ്വഹാബിവര്യന്മാരായ ഇബ്നു ‘അബ്ബാസ്, ഇബ്നു ‘ഉമര്‍, ‘അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍, ‘അദിയ്യുബ്നു ഹാതിം (റ.ഹും.) തുടങ്ങിയവരില്‍ നിന്ന് ഹദീസ് നിവേദനം ചെയ്ത വ്യക്തിയാണെന്നും (വാക്കുകള്‍) രേഖയാക്കാന്‍ പറ്റുന്ന യോഗ്യനായ പണ്ഢിതനാണെന്നും ഖുലാസ്വതുല്‍ ഖസ്റജി 1/374ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(23) വരിഖ്വാഇ(റ)ല്‍നിന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) ഞങ്ങള്‍ക്ക് ഇമാമായി നിസ്കരിക്കാറുണ്ടായിരുന്നു. ഇരുപത് രാത്രികളില്‍ ആറ് തര്‍വീഹത് വീതം നിസ്കരിക്കും. അവസാനത്തെ പത്തില്‍ ഏഴ് തര്‍വീഹതുകളാണ് നിസ്കരിക്കാറുള്ളത്.” (മുസ്വന്നഫു ഇബ്നി അബീശൈബ 2/394) ഇപ്രകാരം മുഹമ്മദുബ്നു നസ്റ്(റ) ഖ്വിയാമുല്ലൈല്‍ പേജ് 92ലും നിവേദനം ചെയ്തിട്ടുണ്ട്.
(24) ഹബീബുബ്നു അബീ അംറ്(റ)യില്‍ നിന്ന് നിവേദനം: “സ’ഈദുബ്നു ജുബൈര്‍(റ) റമള്വാനില്‍ ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. എല്ലാ ഈരണ്ടു റക്’അതുകള്‍ക്കുമിടയില്‍ സലാം വീട്ടും. ഓരോ തര്‍വീഹതുകളും നാല് റക്’അതുകള്‍ വീതമായിരുന്നു.” (ഖ്വിയാമുല്ലൈല്‍, പേജ് 92)
(25) ‘ഇംറാനി(റ)ല്‍നിന്ന് നിവേദനം: “അഞ്ച് തര്‍വീഹതുകളാണ് ജനങ്ങള്‍ നിസ്കരിച്ചിരുന്നത്. അവസാനത്തെ പത്താകുമ്പോള്‍ ഒരു തര്‍വീഹത് അവര്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു” (ഖ്വിയാമുല്ലൈല്‍, പേജ് 92).
(26) ദക്വാന്‍(റ)വില്‍ നിന്ന് നിവേദനം: “സൂറാറതു ബ്നു ‘ഔഫ്(റ) റമള്വാനില്‍ തന്റെ ഗോത്രത്തിന് ഇമാമായി ആറ് തര്‍വീഹതുകള്‍ നിസ്കരിച്ചിരുന്നു. അവസാനത്തെ പത്താകുമ്പോള്‍ ഏഴ് തര്‍വീഹതുകള്‍ നിസ്കരിക്കും” (ഖ്വിയാമുല്ലൈല്‍, പേജ് 92).
(27) ‘അംറുബ്നു മുഹാജിറി(റ)ല്‍ നിന്ന് നിവേദനം: “ഖലീഫാ ‘ഉമറുബ്നു ‘അബ്ദില്‍ ‘അസീസ്(റ)വി ന്റെ സാന്നിധ്യത്തില്‍ റമള്വാനില്‍ ജനങ്ങള്‍ പതിനഞ്ച് പ്രാവശ്യമുള്ള തസ്ലീമതു (സലാംവീട്ടല്‍)കളിലായി നിസ്കരിക്കാറുണ്ടായിരുന്നു” (ഖിയാമുല്ലൈല്‍, പേജ് 92). അഞ്ചില്‍ കൂടുതലായി പറഞ്ഞ എല്ലാ തര്‍വീഹതുകളും വിത്റില്‍ പെട്ടതാണെന്ന് ഫത്ഹുല്‍ബാരി 4/220ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
(28) സ’അ്ഫറാനി(റ)ല്‍ നിന്ന് നിവേദനം: “ഇമാം ശാഫി’ഈ(റ) പറയുന്നു. ഇരുപത് റക്’അതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇപ്രകാരമാണ് മക്കയില്‍ നിസ്കരിച്ചു പോരുന്നതും’ (ഖ്വിയാമുല്ലൈല്‍ പേജ് 92).
(29) ദാവൂദി(റ)ല്‍ നിന്ന് നിവേദനം:” ‘അബ്ദുറഹ്മാനു ബ്നു ഹുര്‍മുസ്(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു. റമള്വാന്‍ മാസത്തില്‍ (നിസ്കാരത്തില്‍) ജനങ്ങള്‍ കാഫിറുകളെ ശപിക്കുന്നതായിട്ടല്ലാതെ ഞാന്‍  കണ്ടിട്ടില്ല. എട്ട് റക്’അതുകളില്‍ അല്‍ബഖ്വറ സൂറ:യായിരുന്നു ഖ്വിറാഅത് അറിയുന്നവര്‍ ഓതിയിരുന്നത്. ശേഷമുള്ള പന്ത്രണ്ട് റക്’അതുകളില്‍ പ്രവേശിച്ചാല്‍ നിസ്കാരം ലഘൂകരിച്ചതായി ജനങ്ങള്‍ അഭിപ്രായപ്പെടും” (മുസ്വന്നഫു അബ്ദിറസാഖ് 4/262).
(30) ഇമാം തിര്‍മുദി(റ) പറയുന്നു: “ബഹുഭൂരിപക്ഷം പണ്ഢിതന്മാരും ‘ഉമര്‍(റ), ‘അലി(റ) തുടങ്ങിയ സ്വഹാബിമാരില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇരുപത് റക്അതിന്റെ അഭിപ്രായക്കാരാണ്. സൌരി(റ), ഇബ്നുല്‍ മുബാറക്(റ), ശാഫി’ഈ(റ) തുടങ്ങിയവരുടെ പക്ഷവും ഇതുതന്നെ. ഇമാം ശാഫി’ഈ(റ) ഇപ്രകാരം പറഞ്ഞിട്ടുമുണ്ട്; നമ്മുടെ രാജ്യമായ മക്കയില്‍ ഇരുപത് റക്’അത് നിസ്കരിച്ചു പോരുന്നതായിട്ടാണ് ഞാന്‍  കണ്ടിട്ടുള്ളത്” (ജാമി’ഉത്തുര്‍മുദി 1/99).
ഇമാം തിര്‍മുദി(റ) പറഞ്ഞ ബഹുഭൂരിപക്ഷത്തിനെതിരിലുള്ളവര്‍ ഇമാം മാലിക്(റ)വും അനുയായികളുമാണ്. അവര്‍ പറയുന്നത് തറാവീഹ് മുപ്പത്തിയാറ് റക്’അതുകളാണെന്നാണ്. പക്ഷേ, അടിസ്ഥാനപരമായി ഇരുപത് റക്’അതാണെന്ന് അവരും സമ്മതിക്കുന്നു. അഞ്ച് തര്‍വീഹതുകളുടെ നാലു ഇടവേളകളില്‍ ഓരോരുത്തരും സ്വന്തമായി നന്നാല് റക്’അതുകള്‍ നിസ്കരിക്കുന്ന സമ്പ്രദായം പണ്ടുകാലം മുതലേ മദീനയിലുണ്ടായിരുന്നു. ജമാ’അതായി നിസ്കരിക്കുന്ന ഇരുപതുകള്‍ക്കിടയില്‍ ഒറ്റക്ക് നിസ്കരിക്കുന്ന പതിനാറും കൂട്ടിയാണ് മുപ്പത്തിയാറ് എന്ന് പറഞ്ഞത്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി തറാവീഹ് ഇരുപത് റക്അതാണെന്നതില്‍ രണ്ടു പക്ഷമില്ല. ഈ വസ്തുത ഇര്‍ശാദുസ്സാരി 3/426, ഫതാവസ്സുയൂഥ്വി 1/260, വലിയ്യുല്‍ ഇറാഖ്വി(റ)യുടെ ത്വര്‍ഹുത്തസ്രീബ് 3/97, സുംഹൂദി(റ)യുടെ വഫാഉല്‍വഫ 1/85 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്കമാകും.
ഹിജ്റ 911-ല്‍ വഫാത്തായ സുംഹൂദി(റ)യുടെ വാക്കുകള്‍ കാണുക:”ഇപ്പറഞ്ഞ എണ്ണം (36) കൊണ്ടു ള്ള നിസ്കാരം ഇന്നേവരെ നിലനിന്നു പോരുന്നു. പക്ഷേ, ഇരുപത് റക്’അത് ‘ഇശാഅ് നിസ്കാരാനന്തരവും പതിനാറ് റക്അതുകള്‍ രാത്രിയുടെ അവസാന സമയത്തുമാണ് അവര്‍ നിസ്കരിച്ചിരുന്നത്.” (വഫാഉല്‍ വഫ 1/85)
ഹനഫീ പണ്ഢിതനായ ഇമാം സറഖ്സി(റ) എഴുതുന്നു: “ഇമാം മാലികി(റ)ന്റെ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നവര്‍ ഇമാം അബൂഹനീഫ(റ) പറയുന്നത് പോലെയാണ് ചെയ്യേണ്ടത്. നബിചര്യ പോലെ ഇരുപത് റക്’അത് (ജമാഅതായി) നിസ്കരിക്കുകയും ബാക്കിയുള്ളവ സ്വന്തമായി നിസ്കരിക്കുകയും ചെയ്യണം.” (മബ്സ്വൂത് 2/144). ഇമാം നവവി(റ) പറയുന്നു: “ഈ പറഞ്ഞ എണ്ണം തന്നെ മദീനക്കാരല്ലാത്തവര്‍ക്ക് നിസ്കരിച്ചു കൂടെന്നാണ് നമ്മുടെ അസ്വ്ഹാബ് പ്രസ്താവിച്ചിട്ടുള്ളത്.” (റൌള 1/335)
(31) തറാവീഹ് ഇരുപത് റക്’അതുകളാണെന്നതിന് പണ്ഢിത ലോകത്തിന്റെ ഇജ്മാ’അ് ഉള്ളതായി എല്ലാ മദ്ഹബ് ഗ്രന്ഥങ്ങളും സാക്ഷ്യം വഹിക്കുന്നു. ഹനഫീ ഗ്രന്ഥങ്ങളായ മറാഖ്വില്‍ ഫലാഹ് പേജ് 82, മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, റദ്ദുല്‍ മുഹ്താര്‍ 1/445, ശര്‍ഹുല്‍ കന്‍സ്1/119, മാലികി ഗ്രന്ഥങ്ങളായ അല്‍ മുസയ്യറുല്‍ ജലീല്‍ 1/258, അദ്ദുര്‍റുസ്സമീന്‍ പേജ് 198, ശാഫി’ഈ ഗ്രന്ഥങ്ങളായ ഫത്ഹുല്‍ ജവാദ് പേജ് 163, തുഹ്ഫ 2/241, നിഹായ, മുഗ്നി, അല്‍ മന്‍ഹജുല്‍ ഖ്വവീം 2/427, ഇംദാദ് 1/103, ഇര്‍ശാദുസ്സാരി 3/426, കിഫായതുല്‍ അഖ്യാര്‍ 1/88, ദലീലുല്‍ ഫാലിഹീന്‍ 2/670, ഖ്വല്‍യൂബി 1/217, ശര്‍ഖ്വാവി 1/310, ബുശ്റല്‍ കരീം 1/103, ഹമ്പലീ ഗ്രന്ഥങ്ങളായ മുഗ്നി 1/834 ഹാശിയതുല്‍ മുഗ്നി 2/167 തുടങ്ങിയവ ഉദാഹരണങ്ങളാണ്.
(32) ഇബ്നു തൈമിയ്യ എഴുതുന്നു: “ഖ്വിയാമു റമള്വാനില്‍ ഇരുപത് റക്’അത് തറാവീഹും മൂന്ന് റക്’അത് വിത്റുമാണ് ഉബയ്യുബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നതെന്ന് സ്ഥിരപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ഇപ്രകാരം നിസ്കരിക്കുന്നതാണ് നബിചര്യയെന്ന് ഭൂരിപക്ഷം പണ്ഢിതന്മാരും അഭിപ്രായപ്പെടുന്നു. മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം നിസ്കരിച്ചപ്പോള്‍ ആരുടെ ഭാഗത്തുനിന്നും യാതൊരു എതിര്‍പ്പുമുണ്ടായിട്ടില്ലെന്നതാണ് ഇതിനു കാരണം.” (ഇബ്നുതൈമിയ്യയുടെ മജ്മൂ’ഉല്‍ ഫതാവ 23/112)
(33) ഇബ്നു ഖയ്യിം പറയുന്നു: “ഉബയ്യു ബ്നു ക’അ്ബ്(റ) ജനങ്ങള്‍ക്ക് ഇമാമായി ഇരുപത് റക്’അത് നിസ്കരിച്ചത് നമുക്ക് രേഖയാണ്.” (‘ഔനുല്‍ ബാരി 4/373)
(34) പുത്തന്‍ വാദികളുടെ നേതാവ് ഇബ്നു ‘അബ്ദില്‍ വഹാബ് പറയുന്നു: “ഉബയ്യുബ്നു ക’അ്ബി(റ)ന്റെ നേതൃത്വത്തില്‍ ‘ഉമര്‍(റ) തറാവീഹിനുവേണ്ടി ജനങ്ങളെ സംഘടിപ്പിച്ചപ്പോള്‍ ഇരുപത് റക്’അത് നിസ്കരിച്ചുവെന്നതാണ് നമ്മുടെ രേഖ” (മുഖ്തസ്വറുല്‍ ഇന്‍സ്വാഫ് 1/106)
(35) ശിയാക്കള്‍ പോലും തറാവീഹ് ഇരുപത് റക്’അതാണെന്ന് സമ്മതിക്കുന്നു. വഖ്വ്തിന്റെ കാര്യത്തിലാണ് ഭിന്നതയുള്ളത്. അവരുടെ കിതാബുശ്ശരീ’അ 1/65ല്‍ പറയുന്നു: “റമള്വാനിന്റെ എല്ലാ രാത്രികളിലും ഇരുപത് റക്’താണ് നിസ്കരിക്കേണ്ടത്. മഗ്രിബിന്റെ ശേഷം എട്ടും ‘ഇശാഇന്റെ ശേഷം പന്ത്രണ്ടുമായിരിക്കണമെന്നതാണ് പ്രബലം.” ഇത്രയും വ്യക്തമായ രേഖകളുടെ പിന്‍ബലം ഇരുപതിനുള്ളത് കൊണ്ടു തന്നെ നബി(സ്വ) ഇരുപത് റക്’അത് തറാവീഹ് നിസ്കരിച്ചിരുന്നുവെന്ന ഹദീസ് ശക്തിയാര്‍ജ്ജിക്കുന്നത് കൊണ്ട് അതിന്റെ നിവേദക പരമ്പരയിലെ ദൌര്‍ബല്യം പരിഹരിക്കപ്പെടുമെന്നും അതു കൊണ്ടു തന്നെ പ്രസ്തുത ഹദീസ് രേഖയായി അവലംബിക്കാമെന്നും മിന്‍ഹതുല്‍ ഖാലിഖ്വ് 2/66, ഫത്ഹുല്‍ മുല്‍ഹിം 2/319, അത്ത’അ്ലീഖ്വുസ്സ്വബീഹ് 2/105 തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.
ഈ അടിസ്ഥാനത്തിലാകാം ഇമാം റാഫി’ഈ (റ) തന്റെ ശര്‍ഹുല്‍ കബീര്‍ 4/264ല്‍ പ്രസ്തുത ഹദീസ് രേഖയായി അവലംബിച്ചത്. ശൈഖ് അബ്ദുല്‍ ഹഖ്വ് അദ്ദഹ്ലവി(റ) തന്റെ ലമ’ആതില്‍ പറയുന്നത് കാണുക. “ഇബ്നു ‘അബ്ബാസ് (റ) വിന്റെ ഹദീസില്‍ വന്നത് പ്രകാരം നബി(സ്വ) ഇരുപത് റക്’അത് നിസ്കരിച്ചതായി സ്വഹാബത്തിന്റെ അരികില്‍ സ്ഥിരപ്പെട്ടിരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അതു കൊണ്ട് തന്നെയാണ് ‘ഉമര്‍(റ) അപ്രകാരം തെരഞ്ഞെടുത്തത്.” ശൈഖ് മുഹമ്മദ് ഇദ്രീസിന്റെ ത’അ് ലീഖ് 2/105ല്‍ ഇതുദ്ധരിച്ചിട്ടുണ്ട്.
ഔജസുല്‍ മസാലിക് 1/392ല്‍ പറയുന്നത് കാണുക: “നബി(സ്വ) അനുഷ്ഠിച്ചതായി അറിയപ്പെട്ടാലല്ലാതെ ഒരുകാര്യത്തിന് സ്വഹാബാക്കള്‍ ഏകോപിക്കുക ഇല്ലതന്നെ. അപ്പോള്‍ അവര്‍ (തറാവീഹ് 20 ആണെന്ന്) ഏകോപിച്ചതിന്റെ നിദാനം നബി(സ്വ)യുടെ പ്രവര്‍ത്തിയാണ്.”
ശൈഖ് മുഹമ്മദ് ഇദ്രീസ് പറയട്ടെ: “തറാവീഹ് ഇരുപത് റക്’അത്താണെന്ന് ഇബ്നു ‘അബ്ബാസ്(റ) ഉദ്ധരിച്ച ഹദീസ് പണ്ഢിതന്മാര്‍ ദുര്‍ബലമാണെന്ന് പറയുന്നുവെങ്കിലും ഈയുള്ളവന്‍ അതിന്റെ ആശയം സ്വഹീഹാണെന്നാണ് പറയുന്നത്. ഇമാം സുയൂഥ്വി(റ) തദ്രീബില്‍ പറഞ്ഞത് ആധാരമാക്കിയാണിത്. ഹദീസിന്റെ ആശയം ജനങ്ങളില്‍ സ്വീകാര്യമായി വന്നാല്‍ പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് വിധിക്കപ്പെടും. ശരിയായൊരു നിവേദക പരമ്പരയില്ലെങ്കിലും ശരി. പണ്ഢിതന്മാര്‍ ഹദീസിന്റെ ആശയത്തെ സ്വീകരിക്കുന്നത് കാരണം ഹദീസ് സ്വഹീഹാണെന്ന് വിധിക്കപ്പെടുമ്പോള്‍ ഖുലഫാഉര്‍റാശിദുകളടക്കമുള്ള സ്വഹാബാക്കളും താബിഉകളും ഭൂരിപക്ഷം വരുന്ന ഇമാമുകളും മുജ്തഹിദുകളും സ്വീകരിച്ച ഒരു ഹദീസ് എങ്ങനെയാണ് സ്വഹീഹാവാതിരിക്കുക? വിശ്വാസികള്‍ നല്ലതായി കാണുന്നത് അല്ലാഹുവിന്റെ അരികിലും നല്ലത് തന്നെയാണല്ലോ. അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളുമടക്കമുള്ള മുന്‍ഗാമികളുടെയും ഖുലഫാഉര്‍റാശിദുകളുടെയും അരികില്‍ സ്വീകാര്യമായതും എല്ലാ രാജ്യങ്ങളിലും എല്ലാ കാലത്തും നിലനിന്നു പോന്നതുമായ തറാവീഹ് ഇരുപത് റക്’അത്താണെന്ന ആശയത്തില്‍ ഇബ്നു ‘അബ്ബാസ്(റ) ഉദ്ധരിച്ച ഹദീസ് സ്വഹീഹാണെന്ന് പറയാന്‍ ഏറ്റവും കടമപ്പെട്ടതാണ്.” (അത്തഅ്ലീഖ്വുസ്വബീഹ് 2/105)
തറാവീഹ് ഇരുപത് റക്’അതും വിത്റ് മൂന്ന് റക്’അതും നബി(സ്വ) ജനങ്ങള്‍ക്ക് ഇമാമായി നിസ്കരിച്ചിരുന്നുവെന്ന് കുറിക്കുന്ന ഇബ്നു ‘അബ്ബാസ്(റ) ഉദ്ധരിച്ച ഹദീസിന്റെ നിവേദക പരമ്പര ദുര്‍ബലമാണെങ്കിലും ഹദീസിന്റെ ആശയം ലോക മുസ്ലിംകള്‍ ഏകോപിച്ച് അംഗീകരിച്ചതായത് കൊണ്ട് ഹദീസ് സ്വഹീഹായി തന്നെ ഗണിക്കേണ്ടതാണെന്നാണ് മുഹമ്മദ് ഇദ്രീസ് പറഞ്ഞതിന്റെ സംക്ഷിപ്തം.
ചുരുക്കത്തില്‍ നബി(സ്വ) യുടെ സുന്നത് കൊണ്ടും സ്വഹാബാക്കളടക്കമുള്ളവരുടെ ഇജ്മാ’അ് കൊണ്ടും തറാവീഹിന്റെ റക്’അതുകള്‍ ഇരുപതാണെന്ന് വ്യക്തമാകുന്നു.


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....