🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ഹദീസുകളിലെ പ്രവാചകത്വ സമാപ്തി● 0 COMMENTS
“ഖാതമുന്നബിയ്യീനു’ മായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ വിശുദ്ധ ഖുര്‍ആനില്‍ പ്രയോഗിച്ച ഇതേ പദത്തിന്റെ ഇതര നിഷ്പത്തി രൂപങ്ങളുടെ ആശയമെന്തെന്ന അന്വേഷണത്തിനു ഏറെ പ്രസക്തിയുണ്ട്. സൂറത്തുല്‍ ബഖറ ഏഴാം സൂക്തത്തില്‍ ഇങ്ങനെ കാണാം: “”അവരുടെ ഹൃദയത്തിനുമേല്‍ അല്ലാഹു സീല്‍ വെച്ചിരിക്കുന്നു..” അവിശ്വാസം മൂത്ത് സത്യസന്ദേശം സ്വീകരിക്കാനാവാത്ത വിധം ഹൃദയകാഠിന്യം രൂപപ്പെട്ട കൊടിയ ശത്രുക്കളെക്കുറിച്ചാണ് ഈ പ്രയോഗം. അതായത്, അവരുടെ ഹൃദയത്തിന്റെ നന്മ സ്വീകരിക്കാനുള്ള പക്വതയും സന്നദ്ധതയും അവസാനിച്ചിരിക്കുന്നു. ദീന്‍ പ്രവേശിക്കാനാവാത്ത വിധം അത് അടച്ചുപൂട്ടിയിരിക്കുകയും അതുകൊണ്ടുള്ള ഉപകാരം അവസാനിക്കുകയും ചെയ്തിരിക്കുന്നു. ഇമാം ഖുര്‍തുബി(റ) വിശദീകരിച്ചതിങ്ങനെ: അവര്‍ വിശ്വാസം സ്വീകരിക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കുകയാണിതില്‍. ഖതമ, ഖത്മ്, മഖ്തൂം എന്നീ വിധം പദവിന്യാസം നടത്തുന്ന ഇതിന് “വസ്തുക്കളുടെ മുകളിലിടുന്ന മൂടി’ അഥവാ ഉറപ്പിക്കല്‍ എന്നര്‍ത്ഥം. അങ്ങനെ അതില്‍ മറ്റൊന്നും പ്രവേശിക്കാത്ത വിധമാവും. ഇതേ രീതിയിലാണ് ഗ്രന്ഥം അവസാനിച്ചു, വാതില്‍ അടച്ചു പൂട്ടി തുടങ്ങിയ ആശയത്തിന് “ഖതമ’ പ്രയോഗിക്കുന്നത്. അവയിലേക്ക് മറ്റൊന്നും ചേരാതെ, അതില്‍ പെടാത്തതൊന്നും വെക്കാതിരിക്കുക എന്നാണാശയം (തഫ്സീര്‍ ഖുര്‍തുബി 1/232). ഏതു വസ്തുവിന്റെയും ഉപകാരം അവസാനിച്ചുവെന്ന് കുറിക്കാനാണ് ഖതമ പ്രയോഗിക്കുന്നതെന്ന് മറ്റു പണ്ഡിതരും വ്യക്തമാക്കിയിട്ടുണ്ട്.
മഹ്ശറില്‍ നടക്കുന്ന ഒരു സങ്കീര്‍ണ സന്ദര്‍ഭം വിശദീകരിക്കുന്നിടത്തും വിശുദ്ധ വേദത്തില്‍ ഖതമയുടെ ഭാവികാല സൂചകമായ “നഖ്തിമു’ പ്രയോഗിച്ചതു കാണാം. അല്ലാഹു പറയുന്നു: “”അന്നേ ദിനം അവരുടെ വായക്കു നാം സീല്‍ വെക്കുന്നതും കൈകള്‍ സംസാരിക്കുന്നതിന് കാലുകള്‍ സാക്ഷി നില്‍ക്കുന്നതുമാണ്” (36:65). സംസാരത്തിന്റെ പതിവുരീതി വായ കൊണ്ടായിരിക്കലാണ്. എന്നാല്‍ മഹ്ശറില്‍ ഇതിനു വിരുദ്ധമായി കൈകള്‍ സംസാരിക്കും. കാലുകള്‍ അതംഗീകരിക്കുകയും ചെയ്യും. അതുവരെയും ഭംഗിയായി പ്രവര്‍ത്തിച്ചിരുന്ന വായക്ക് ഒന്നും ചെയ്യാനാവാതെ, അതിന്റെ ഗുണം പൂര്‍ണമായി അവസാനിപ്പിക്കുകയാണ് അല്ലാഹു. അതുകൊണ്ടാണ് പതിവു രീതിക്കു പകരം കൈകള്‍ കാര്യം പറയേണ്ടിവരുന്നത്. ഇത് കുറിക്കാന്‍ ഖാതമുന്നബിയ്യീന്റെ ക്രിയാഭാഗത്തില്‍ പെടുന്ന “നഖ്തിമു’വാണ് പ്രയോഗിച്ചിട്ടുള്ളത്. ഇവിടെയും അവസാനിക്കുമെന്ന് തന്നെയാണ് സാരം. ഖാദിയാനികള്‍ പറയുന്നതുപോലെ ഖാതമിന് ശ്രേഷ്ഠത എന്നര്‍ത്ഥം നല്‍കുകയാണെങ്കില്‍ ഇവിടെ വായ ശ്രേഷ്ഠമാവുകയും അതുവരെ സംസാരിക്കാനറിയാത്തവര്‍ക്കും അത് സാധിക്കുകയാണല്ലോ വേണ്ടത്.
സൂറതുല്‍ മുത്വഫ്ഫിഫീന്‍ 25,26 സൂക്തങ്ങളില്‍ പരാമര്‍ശിച്ച മഖ്ദൂം, ഖിതാമുഹു എന്നീ പദങ്ങള്‍ കൂടി പരിശോധിക്കാം. സൂക്തമിങ്ങനെ: സീലു വെച്ചടച്ച ചഷകങ്ങളില്‍ നിന്ന് അവര്‍ക്ക് കുടിപ്പിക്കപ്പെടും, അതിന്റെ അവസാനം കസ്തൂരിയുടെ വാസനയായിരിക്കും…” മഖ്തൂം എന്നാല്‍ സീലു വെച്ചടച്ചത്. ഖിതാം = അവസാനം. ഇമാം റാസി(റ)യെ വായിക്കുക: “”ഏതു വസ്തുവിന്റെയും അവസാനത്തിന് ഖിതാമെന്ന് പറയുന്നു. ഖുര്‍ആന്‍ പാരായണം ചെയ്തു തീര്‍ക്കുന്നതിനും പ്രവര്‍ത്തികളുടെ അന്ത്യമെന്നതിനും ഈ പദം പ്രയോഗിക്കുന്നു. ഖാതിമെന്നതിനു അവസാനമെന്നു തന്നെയാണര്‍ത്ഥം. അന്ത്യപ്രവാചകന്‍ എന്നു കുറിക്കാന്‍ “ഖാതമുന്നബിയ്യീന്‍’ എന്നു പ്രയോഗിക്കുമ്പോഴുള്ള പോലെ ഖാതിം, ഖിതാം രണ്ടിനും അവസാനമെന്ന ഒരേ ആശയമാണുള്ളത്. (തഫ്സീറുല്‍ കബീര്‍)
ഇവിടെയും കാര്യം സുവ്യക്തമാണ്. സ്വര്‍ഗീയര്‍ക്കുള്ള ആദരവിന്റെ ഭാഗമായി പാനീയം നിറച്ച ശേഷം സീല് ചെയ്ത് ഭദ്രമാക്കിയ ചഷകങ്ങളിലാണ് കുടിക്കാന്‍ നല്‍കുക. ഇതാണ് മഖ്തൂം കൊണ്ട് വിവക്ഷിക്കുന്നത്. പിന്നെ അതിലേക്കൊന്നും ചേരാത്ത വിധം അവസാനിപ്പിച്ചുവെന്ന് സാരം. പ്രസ്തുത പാനീയത്തിന്റെ അവസാനമെത്തുമ്പോള്‍ കസ്തൂരിയുടെ വാസനയും രുചിയും ആയിരിക്കുമെന്നതിനു വേണ്ടി, ഖതമയുടെ മറ്റൊരു പദമാകുന്ന “ഖിതാം’ പ്രയോഗിച്ചിരിക്കുന്നു. ഇതൊക്കെയും അന്ത്യം, അവസാനം എന്നതല്ലാത്ത ശ്രേഷ്ഠനാവുക പോലുള്ള മറ്റൊരര്‍ത്ഥവും സ്വീകരിക്കുന്നില്ല. പ്രയുക്ത പദങ്ങളുടെ അതേ ധാതുവില്‍ നിന്ന് ഉണ്ടായിത്തീരുന്ന ഖാമിനും സമാനപ്പൊരുള്‍ തന്നെയേ വരൂ. അതായത് വിശുദ്ധ ഖുര്‍ആന്‍ 33:40ലെ ഖാതമു/ഖാതിമുന്നബിയ്യീന്‍ എന്നാല്‍ അവസാനത്തെ നബി എന്നു മാത്രമാണ് വിവക്ഷ. ഖിതാമും മഖ്തൂമും വിശദീകരിച്ചപ്പോള്‍ “അവസാനം’ എന്നു തെളിയിക്കാന്‍ ഇമാം റാസി(റ) ഖാതമുന്നബിയ്യീന്‍ എന്ന പദം തന്നെ ഉദാഹരിച്ചത് കണ്ടല്ലോ. അരുണോദയം പോലെ വ്യക്തമായ ഇതു സംബന്ധിയായും പദങ്ങള്‍ കൊണ്ട് സര്‍ക്കസ് കളിക്കാനാണ് മീസായികള്‍ ശ്രമിക്കാറുള്ളത്. നബി(സ്വ)യ്ക്കു ശേഷം നബി വരുമെന്ന വിശ്വാസം മത നിരാസമാണെന്ന മുസ്‌ലിം ലോകത്തിന്റെ ഏകാഭിപ്രായത്തിനു അധികരണമായ പ്രവാചക വചനങ്ങളില്‍ ചിലത് ഇനി പരിശോധിക്കാം.
ഖുര്‍ആന്റെ വ്യാഖ്യാനമാണ് തിരു ഹദീസുകള്‍. അല്ലാഹു പറഞ്ഞു: താങ്കള്‍ക്കു ഞാന്‍ ബോധന(ഖുര്‍ആന്‍)മിറക്കിയത്, താങ്കള്‍ക്കവതീര്‍ണമായത് അങ്ങ് ജനങ്ങള്‍ക്കു വിശദീകരിച്ചുകൊടുക്കാനായാണ് (16:44). അവിടുന്ന് സ്വന്തമായൊന്നും പറയാതെ, ഭാഷണം മുഴുക്കെ ദൈവദത്തമായിരിക്കുമെന്നും ദിവ്യവേദം പ്രഖ്യാപിച്ചിട്ടുണ്ട് (53:3). ആകയാല്‍, നബി(സ്വ)യുടെ തീരുമാനം വിശ്വാസിക്ക് പരമപ്രധാനമാണ്; അതിന്റെ നിഷേധം മത തിരസ്കരണവുമാണ്.
നബി(സ്വ) വിശദീകരിച്ചതെന്ത്?
പൂര്‍വ പ്രവാചകന്‍മാരുടെ പാത പിമ്പറ്റിയാണ് പില്‍കാല നബിമാരുടെ ആഗമനം. ഓരോരുത്തരും ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രചാരകര്‍. പില്‍കാല പ്രവാചകരെക്കുറിച്ച് സമൂഹത്തെ അവര്‍ ബോധവല്‍കരിക്കുകയും ചെയ്തു. ഈസാ (അ)ന്റെ ഒരു പ്രഖ്യാപനം ഖുര്‍ആന്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: “”ഈസാ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ് ഇസ്രായേല്യരേ, എന്റെ ശേഷം നിയുക്തരാവുന്ന “അഹ്മദ്’ എന്ന അഭിധാനമുള്ള പ്രവാചകനെക്കുറിച്ച് സുവിശേഷമറിയിച്ചും, എന്റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തിയും നിങ്ങളിലേക്കവതരിച്ച ദൈവദൂതനാണ് ഞാന്‍’ (61:6).
തന്റെ ശേഷം വരാനിരിക്കുന്ന അഹ്മദ് നബിയെക്കുറിച്ച് ഈസാ(അ) കൃത്യമായി പ്രവചിക്കുന്നതാണിത്. “”ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനകരം. ഞാന്‍ പോവാതിരുന്നാല്‍ സത്യത്തിന്റെ ആത്മാവ് (പാരാക്ലീറ്റസ്=അഹ്മദ്) നിങ്ങള്‍ക്കു വരില്ല. അപ്പോഴോ, അവന്‍ നിങ്ങളെ സകല സത്യത്തിലും വഴി നടത്തുംഎന്ന വിധം നിലവിലുള്ള ബൈബിളിലും നബി(സ്വ)യെക്കുറിച്ചുള്ള ഈസാ(അ)ന്റെ പ്രവചനം വായിക്കാനാവും (യോഹന്നാന്‍ 16/714).
എന്നാല്‍ തിരുനബി(സ്വ) ചെയ്തതെന്തായിരുന്നു? ഒരു നബി വന്നാല്‍ അദ്ദേഹത്തെ അംഗീകരിക്കല്‍ വിശ്വാസികളുടെ പരലോക വിജയത്തിന്റെ ജൈവഘടകം തന്നെയായിട്ടും തന്റെ ശേഷം വരുന്ന നബി(?)യെക്കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്തില്ലെന്നു മാത്രമല്ല, ഞാന്‍ അന്ത്യപ്രവാചകനാണ്, എന്റെ ശേഷം ഒരു നബിയും വരില്ല, നബിത്വ വാദമുന്നയിക്കുന്നവര്‍ പെരും കള്ളന്മാരാണ് തുടങ്ങിയ വ്യക്തമായ പരാമര്‍ശങ്ങള്‍ വഴി അങ്ങനെയൊരു സാധ്യത തന്നെ അടച്ചു കളയുകയാണ് അവിടുന്ന് ചെയ്തത്. ലക്ഷക്കണക്കിനു ഹദീസുകള്‍ ലഭ്യമായിട്ടും ഒന്നില്‍ പോലും “പഞ്ചാബിലെ സാധു നബി(?)’ക്കുറിച്ചെന്നല്ല; മറ്റൊരാളെക്കുറിച്ചും അവിടുന്ന് ഒരക്ഷരം പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ മുസ്‌ലിം ലോകത്തിന് സാധിക്കും. അതുകൊണ്ടാണ്, നബി(സ്വ)ക്കു ശേഷം പ്രവാചകത്വം വാദിച്ചുവന്ന സര്‍വ ദജ്ജാലുകളെയും കുറിച്ച് കാഫിറുകളാണെന്ന് അവരൊന്നടങ്കം വിശ്വസിക്കുന്നത്. ഏതാനും ഹദീസുകള്‍ പരിചയപ്പെടാം.
ഒന്ന്: നബി(സ്വ) പറഞ്ഞു: എന്റെയും പൂര്‍വിക പ്രവാചകന്മാരുടെയും ഉപമ വീടു നിര്‍മിച്ച ഒരാള്‍ക്കു തുല്യം. ഒരു മൂലയിലെ ഒരു ഇഷ്ടിക ഒഴിച്ചിട്ട് അദ്ദേഹം കെട്ടിടം ഭംഗിയാക്കി, പൂര്‍ത്തീകരിച്ചു. സന്ദര്‍ശകര്‍ അതിന്റെ സൗന്ദര്യം കണ്ട് കൗതുകപ്പെടുകയും ഈ മൂലയിലെ ഉപേക്ഷിച്ച ഇഷ്ടിക കൂടി വച്ചിരുന്നെങ്കില്‍ എത്ര നന്നാവുമായിരുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. ഞാനാണ് ആ ഇഷ്ടിക; ഞാന്‍ അവസാനത്തെ പ്രവാചകനാകുന്നു (ബുഖാരി, മുസ്‌ലിം).
ഈ ഹദീസിന്റെ മറ്റൊരു നിവേദനം ഇങ്ങനെ: ഞാനാണ് ഇഷ്ടികയുടെ സ്ഥാനത്തുള്ളവന്‍. ഞാന്‍ വന്നു. അങ്ങനെ കെട്ടിടം സമ്പൂര്‍ണമായി (ബൈഹഖി, മുസ്വന്നഫ് ഇബ്നു അബീശൈബ). തിരുനബി(സ്വ)യ്ക്കു ശേഷം ഒരു നബിയുമുണ്ടാവില്ലെന്നതിന്റെ വ്യക്തമായ സാക്ഷ്യമാണ് എല്ലാ മുഹദ്ദിസുകളും നിവേദനം ചെയ്ത ഉദ്ധൃത നബിവചനം.
രണ്ട്: തബൂക്ക് യുദ്ധത്തിനു പോവുമ്പോള്‍ അലി(റ)നെയായിരുന്നു മദീനയിലെ ഭരണകാര്യങ്ങള്‍ നബി(സ്വ) ഏല്‍പ്പിച്ചത്. സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാന്‍ എന്നെ ഇവിടെ നിര്‍ത്തിപ്പോവുകയാണോ എന്ന് യുദ്ധത്തില്‍ പങ്കെടുക്കാനാവാത്തതിന്റെ വിഷമമറിയിച്ച അലി(റ)നോട് നബി(സ്വ) പറഞ്ഞു: ഹാറൂന്‍ നബിക്ക് മൂസാ നബിയുമായുള്ള സ്ഥാനമാണ് താങ്കള്‍ക്ക് ഞാനുമായുള്ളത്. എന്നാല്‍, എന്റെ ശേഷം നബിമാരാരുമുണ്ടാവില്ല (തുര്‍മുദി). തൗറാത്ത് സ്വീകരിക്കാന്‍ മൂസാ(അ) പോയപ്പോള്‍ സമൂഹത്തിന്റെ ചുമതല സഹോദരനെ ഏല്‍പ്പിച്ചതാണ് അവിടുന്ന് സൂചിപ്പിക്കുന്നത്. പക്ഷേ, അതുകൊണ്ട് വരാവുന്ന ഒരു ധാരണപ്പിശക് ശക്തമായി തിരുത്തുകയും ചെയ്യുന്നു. ഹാറൂന്‍(അ) നബിയായതു പോലെയല്ല; എന്തുകൊണ്ട്, എനിക്കു ശേഷമോ കൂടെയോ ഒരു നബിയുമില്ല.
മൂന്ന്: അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: ബനൂ ഇസ്രാഈല്യരുടെ നേതൃത്വം പ്രവാചകന്മാര്‍ക്കായിരുന്നു. ഒരാള്‍ മരണപ്പെട്ടാല്‍ മറ്റൊരാള്‍ പകരം വരും. എന്നാല്‍, അറിയേണ്ട കാര്യം എന്റെ ശേഷം ഒരു നബിയുമില്ലെന്നതാണ്. ശേഷം എന്റെ ഖലീഫമാരുണ്ടാവും… (മുസ്‌ലിം).
നാല്: അനസുബ്നു മാലിക്(റ) നിവേദനം. നബിയവര്‍കള്‍ അരുളി: നുബുവ്വതും രിസാലതും മുറിഞ്ഞവസാനിച്ചിരിക്കുന്നു. ആകയാല്‍ എന്റെ ശേഷം റസൂലോ നബിയോ അവതരിക്കില്ല (തുര്‍മുദി).
അഞ്ച്: അബൂത്വുഫൈല്‍(റ)ല്‍ നിന്ന്. നബി(സ്വ) പറഞ്ഞു: എന്റെ ശേഷം പ്രവാചകത്വമില്ല; സദ്സ്വപ്നങ്ങള്‍ ശേഷിക്കുന്നു'(അഹ്മദ്).
ആറ്: അബൂഹുറൈറ(റ) നിവേദനം: തിരുനബി(സ്വ) പ്രസ്താവിച്ചു. ഇതര പ്രവാചകന്‍മാരേക്കാള്‍ എനിക്ക് ആറു ശ്രേഷ്ഠതകള്‍ ലഭ്യമായിട്ടുണ്ട്… എന്നെ സര്‍വ സമൂഹത്തിലേക്കും പ്രവാചകനായി നിയോഗിച്ചു. അങ്ങനെ ഞാന്‍ മുഖേന പ്രവാചകത്വ സമാപ്തിയുണ്ടായി (തുര്‍മുദി, ഇബ്നുമാജ).
ഏഴ്: നബി(സ്വ) പറഞ്ഞു: എനിക്കു മുഹമ്മദെന്നും അഹ്മദെന്നും പേരുണ്ട്. ഞാന്‍ മാഹീ (മായ്ച്ചുകളയുന്നവന്‍)യാണ്. എന്നെ കൊണ്ട് അല്ലാഹു അവിശ്വാസം ഇല്ലാതെയാക്കുന്നു. എന്റെ പിറകെ സൃഷ്ടികള്‍ ഒരുമിച്ചു കൂടുന്നതിനാല്‍ ഞാന്‍ ഹാശിറുമാണ്. ഞാന്‍ ആഖിബുമാണ്. അഥവാ ശേഷം നബിമാരില്ലാത്ത അവസാനക്കാരന്‍ (ബുഖാരി, മുസ്‌ലിം).
എട്ട്: ഇബ്നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: ഒരു ദിനം തിരുനബി(സ്വ) ഞങ്ങള്‍ക്കു പ്രത്യക്ഷനായി യാത്ര പറയുന്നതുപോലെ അരുള്‍ ചെയ്തു. ഞാന്‍ നിരക്ഷരനായ മുഹമ്മദ് നബിയാണ്. എന്റെ ശേഷം ഒരു നബിയും വരാനില്ല (അഹ്മദ്).
ഇങ്ങനെ നൂറുക്കണക്കിന് വ്യക്തമായ ഹദീസുകളുണ്ട്. എല്ലാം വ്യത്യസ്ത ശൈലിയിലും സന്ദര്‍ഭത്തിലും അവിടുന്ന് പ്രതിവചിച്ചത്. അവയെല്ലാം ജ്ഞാനാന്ധകാരം ബാധിച്ചവരുടെ കണ്ണു പോലും തുറപ്പിക്കാന്‍ പര്യാപ്തമാം വിധം, നബി(സ്വ)യ്ക്കു ശേഷമുള്ള നുബുവ്വത്ത് നിഷേധിക്കുന്നു. അങ്ങനെ ഒരു സംഭവമേ ഉണ്ടാവില്ലെന്നും വിരുദ്ധ വാദക്കാര്‍ കള്ളന്മാരും വഞ്ചകരുമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. മരണഘട്ടത്തില്‍ പോലും സമൂഹത്തിനു വേണ്ടി വേപഥു പൂണ്ട നബി(സ്വ) ഏറെ മൗലികമായ ഈ കാര്യത്തില്‍ സ്വീകരിച്ച രീതിയിതാണ്. പില്‍കാലത്ത് ഒരാള്‍ നബിയായി വരുമെങ്കില്‍, അദ്ദേഹത്തെ വിശ്വസിക്കേണ്ടത് സാമൂഹിക ബാധ്യതയാണെങ്കില്‍ ഇവ്വിധം നുബുവ്വത് നിഷേധം നടത്തി ഉമ്മത്തിനെ അന്ധകാരത്തിലേക്കു നയിക്കാന്‍ കാരുണ്യവാന്‍ മുത്തുനബി(സ്വ)ക്ക് സാധിക്കുമായിരുന്നോ? അതുകൊണ്ടാണ് മുസ്‌ലിം ലോകം ഏക സ്വരത്തില്‍ “ഖാതമുന്നബിയ്യീന്‍’ വിശ്വസിക്കുന്നത്. ഹദീസ് പ്രമാണങ്ങളുടെ ശൃംഖല സാക്ഷിനില്‍ക്കുന്ന ഈ വസ്തുത നിഷേധിക്കാന്‍ മിനക്കെടുന്നവരുടെ ചര്‍മകാഠിന്യത്തിനു മുമ്പില്‍ നമിച്ചുകൊടുക്കുക തന്നെ!
(തുടരും)
ഖാദിയാനിസം4/ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി