Sunday, July 23, 2023

മുഹമ്മദ് നബിയെ വിഷം കൊടുത്തു കൊന്നതാണെന്നോ ?!

 



മുഹമ്മദ് നബിയെ വിഷം കൊടുത്തു കൊന്നതാണെന്നോ ?!


മുഹമ്മദ് നബിയെ വിഷം കൊടുത്തു കൊന്നതാണെന്നോ ?!



സ്വന്തം നാട്ടിൽ നിന്നും മുഹമ്മദ് പുറത്താക്കിയതിന്റെ വിദ്വേഷത്താൽ ഖൈബറിലെ ജൂതന്മാർ മുഹമ്മദ് നബിയെ വിഷം കൊടുത്ത് കൊന്നതാണ്. മുഹമ്മദ് നബിയുടെ ക്രൂരത അസഹ്യമായതിനാലാണ് അപ്രകാരം അവർ ചെയ്തത്.

(സ്വഹീഹുൽ ബുഖാരി)


മറുപടി:


ഇസ്‌ലാം മതത്തെ സംബന്ധിച്ച പ്രാധമിക വിവരം പോലും വിമർശകർക്കില്ല എന്നതാണ് ഈ ഹദീസ് ദുർവ്യാഖ്യാനത്തിൽ അദിഷ്ടിതമായ കള്ള കഥ തെളിയിക്കുന്നത്. ഹദീസ് സ്വഹീഹ് (സ്വീകാര്യതയുടെ മാനദണ്ഡങ്ങൾ പൂർത്തിയായത്) ആണെന്നതിൽ സംശയമില്ല. പക്ഷെ പ്രവാചകൻ (സ) വിഷബാധയേറ്റാണ് മരിച്ചത് എന്നത് വിവരമില്ലായ്മയിൽ നിന്ന് ഉരുത്തിരിഞ്ഞ ഒരു അത്ഭുതാവഹമായ വാദമാണ്.


ഹിജ്റാബ്ദം ഏഴിനാണ് ഖൈബർ യുദ്ധം നടക്കുന്നത്.


ഇബ്നു ഇസ്ഹാക് (സീറത്തു ഇബ്നു ഇസ്ഹാക്), വാകിദി, ഇബ്നു സഅ്ദ് (ത്വബകാത്ത്) ഇബ്നു ഹജർ അൽ അസ്കലാനി (ഫത്ഹുൽ ബാരി) തുടങ്ങിയ ചരിത്ര പണ്ഡിതരും ഹദീസ് പണ്ഡിതരും ഇക്കാര്യം തെളിവു സഹിതം തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

(ഗസ്വത്ത് ഖൈബർ ദുറൂസ് വ ഇബർ: അമീർ ബിൻ മുഹമ്മദ് അൽ മുദ്‌രി : 8-9)


പ്രവാചകൻ (സ) മരണപ്പെടുന്നതാകട്ടെ ഹിജ്റാബ്ദം 11 ന് റബിഉൽ അവ്വൽ 12 നാണ്. അപ്പോൾ ഖൈബറിലെ ജൂത സ്ത്രീ ഒരുക്കിയ വിഷക്കെണിക്ക് ശേഷം നാലോ അഞ്ചോ വർഷം പ്രവാചകൻ (സ) വീണ്ടും ജീവിച്ചിട്ടുണ്ട്.


പ്രവാചകൻ (സ) മരണപ്പെടുന്നത് 63 വയസ്സിലാണ്

(സ്വഹീഹുൽ ബുഖാരി: 4466)


പ്രവാചക ശിഷ്യൻ ഇബ്നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (സ) നാൽപതാമത്തെ വയസ്സിൽ പ്രവാചകനായി നിയോഗിതനായി. ദിവ്യബോധനം നൽകപ്പെട്ടുകൊണ്ട് മക്കയിൽ 13 വർഷം താമസിച്ചു. ശേഷം മദീനയിലേക്ക് പലായനം ചെയ്യാൻ കൽപ്പിക്കപ്പെട്ടപ്പോൾ പത്ത് വർഷം മദീനയിൽ താമസിച്ചു. അറുപത്തിമൂന്നാമത്തെ വയസ്സിൽ മരണപ്പെട്ടു.

(സ്വഹീഹുൽ ബുഖാരി: 3902, സ്വഹീഹു മുസ്‌ലിം: 2351)


ഈ പത്തു വർഷത്തെ മദീന ജീവിതത്തിൽ ഖൈബറിന് ശേഷം എത്രയെത്ര ചരിത്ര മൂഹൂർത്തങ്ങളിൽ പ്രവാചകൻ (സ) സന്നിഹിതനായി. മരണ സന്ദർഭത്തിൽ പ്രവാചകൻ (സ) ഇപ്രകാരം പറഞ്ഞതായി ചില ഹദീസുകളിൽ കാണാം:


مازالتْ أكْلَةُ خيبرَ تعاوِدُنِي كلَّ عامٍ ، حتى كان هذا أوانُ قطْعِ أَبْهَرِي


ഖൈബറിൽ കഴിച്ച വിഷം ‘എല്ലാ വർഷത്തിലും’ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി കൊണ്ടിരുന്നു. എന്റെ രക്തധമനിയെ മുറിക്കുന്ന ഈ (മരണ) അവസരം എത്തിയതു വരെ.

(സ്വഹീഹുൽ ജാമിഅ്: 5629, ത്വിബ്ബുന്നബി: അബൂ നുഐം: 83, ത്വിബ്ബുന്നബി: ഇബ്നു സുന്നി)


വിഷത്തിന്റെ സ്വാധീനത്താലുള്ള ചില ബുദ്ധിമുട്ടുകൾ ‘എല്ലാ വർഷത്തിലും’ പ്രവാചകന്(സ) അനുഭവപ്പെട്ടിരുന്നു എന്ന് മരണ സന്ദർഭത്തിൽ അദ്ദേഹം പറയുന്നതിൽ നിന്ന് എന്താണ് മനസ്സിലാവുന്നത്. ഖൈബർ വിഷബാധക്ക് ശേഷം ഒരുപാട് വർഷം അദ്ദേഹം ജീവിച്ചു എന്നു തന്നെ. (മരണ സന്ദർഭത്തിൽ ഈ വിഷത്തിന്റെ സ്വാധീന ഫലം ശക്തമായി അനുഭവപ്പെട്ടിരുന്നു എന്ന് മാത്രം)


തനിക്കു നൽകിയ ഭക്ഷണത്തിൽ ജൂതന്മാർ വിഷം പൂഴ്ത്തിയിരുന്നു എന്ന് ദിവ്യബോധനത്തിലൂടെ അറിഞ്ഞ മുഹമ്മദ് നബി (സ) ഖൈബറിലെ ജൂതന്മാരെ വിളിച്ചു കൂട്ടി നടത്തിയ പ്രഭാഷണമൊക്കെ സ്വഹീഹുൽ ബുഖാരിയിൽ തന്നെയുണ്ട് (ഹദീസ് നമ്പർ: 5441)

പിന്നീട് എത്രയോ വർഷങ്ങൾ ജീവിച്ച് എത്രയോ പ്രഭാഷണങ്ങൾ അദ്ദേഹം നടത്തി. വിഷബാധയേറ്റാണ് അദ്ദേഹം മരിക്കുന്നതെങ്കിൽ അഞ്ച് വർഷം കഴിഞ്ഞാണോ മരിക്കുക ?! ഖൈബറിൽ നിന്ന് 180 കിലോമീറ്റർ ദൂരയുള്ള മദീനയിൽ, സ്വപത്നി ആഇശയുടെ വീട്ടിൽ, അവരുടെ മടിയിൽ കിടന്നാണ് പ്രവാചകൻ (സ) മരണപ്പെടുന്നത്. (സ്വഹീഹുൽ ബുഖാരി: 5959) പതിനാല് നൂറ്റാണ്ടുകൾക്കപ്പുറം ഊഷര മരുഭൂമിയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിച്ചാൽ ഖൈബറിനും മദീനക്കുമിടയിൽ ദിവസങ്ങളോളം വരുന്ന യാത്രാ ദൂരം ഉണ്ട് എന്നതും ഖൈബറിലെ വിഷബാധയാണ് പ്രവാചകന്റെ (സ) മരണ കാരണമെന്ന വാദം മഹാവിഡ്ഢിത്തമാണെന്ന് തെളിയിക്കുന്നു.


ഇബ്നു മുഫ്‌ലിഹ് പറഞ്ഞു: പ്രവാചകനോടൊപ്പം ആട്ടിൻ മാംസം കഴിച്ച ചിലർ വിഷത്താൽ മരിക്കുകയുണ്ടായി. മുഹമ്മദ് പ്രവാചകൻ അല്ലെങ്കിൽ വിഷത്താൽ മരിക്കട്ടെ എന്നായിരുന്നു ജൂതന്മാരുടെ ഉദ്ദേശം. എന്നാൽ പ്രവാചകൻ (സ) വർഷങ്ങളോളം ജീവിച്ചു… ജൂതൻമാർക്ക് മറ്റുള്ളവരെ കൊല്ലാൻ കഴിഞ്ഞതു പോലെ പ്രവാചകനെ കൊല്ലാൻ കഴിഞ്ഞില്ല.

(അൽ ആദാബു ശറഇയ്യ: 3:190-205)


ഇബ്നു കസീർ പറഞ്ഞു: പ്രവാചകന് (സ) അല്ലാഹു നൽകിയ സംരക്ഷണത്തിൽ പെട്ടതാണ്… ജൂതന്മാർ ഖൈബറിൽ ആടിൻ മാംസത്തിൽ വിഷം തേച്ച് നൽകിയപ്പോൾ അല്ലാഹു ആ വിഷത്തെ പറ്റി അദ്ദേഹത്തിന് അറിയിച്ചു കൊടുക്കുകയും അദ്ദേഹത്തിന് അതിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു എന്നത്…

(തഫ്സീറു ഇബ്നു കസീർ: 2:81)


ശക്തമായ പനിയായിരുന്നു പ്രവാചകന്റെ മരണരോഗം. ഇത് ഒരുപാടു ഹദീസുകളിലൂടെ പ്രവാചകാനുചരന്മാർ പങ്കു വെച്ച വിവരമാണ്. (സ്വഹീഹുൽ ബുഖാരി: 198, 4437, 4436, 5660, സ്വഹീഹു മുസ്‌ലിം: 418) ആ രോഗാവസ്ഥയിൽ വർഷങ്ങൾക്ക് മുമ്പ് ജൂത വഞ്ചനയുടെ ഭാഗമായി കഴിച്ച വിഷത്തിന്റെ സ്വാധീന ഫലം ശക്തമായി അനുഭവപ്പെട്ടിരുന്നു എന്നത് കൊണ്ട് അക്കാരണത്താലാണ് മരിച്ചത് എന്ന് പറയുന്നത് എന്തൊരു വിഡ്ഢിത്തമാണ്. വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്തവർക്ക് ആ വിഷത്തിന്റെ സ്വാധീനഫലങ്ങൾ ജീവിതത്തിൽ പല ഘട്ടങ്ങളിലുമായി അനുഭവപ്പെടാറുള്ളത് ഒരു പൊതു വിവരമാണ്. ഇതു തന്നെയാണ് പ്രവാചകനും അനുഭവപ്പെട്ടത്. ഈ വേദനാനുഭവം പങ്കുവെക്കുക മാത്രമാണ് പ്രവാചകൻ (സ) ചെയ്തത്. അല്ലാതെ വിഷബാധയായിരുന്നു മരണ കാരണമെങ്കിൽ അഞ്ച് വർഷം കഴിഞ്ഞല്ല മരണപ്പെടുക എന്ന് മനസ്സിലാക്കാൻ സെമിനാരിയിൽ പഠിച്ചവർക്ക്‌ പ്രയാസമുണ്ടാകാം. ഖൈബറിലെ ജൂത സ്ത്രീ നൽകിയ വിഷം പ്രവാചകനോടൊപ്പം കഴിച്ച അനുചരൻ ബദ്ർ ഇബ്നു ബറാഅ് (റ) ഉടനെ മരണപ്പെടുകയാണുണ്ടായത് എന്നും ഓർക്കുക. മരണ വേളയിൽ ഒരു രോഗി അസഹ്യമായ തലവേദന അനുഭവിച്ചാൽ തലവേദനയാൽ മരിച്ചു എന്ന് ആരെങ്കിലും വാദിക്കുമോ ?!

ജീവിതത്തിൽ ഏതോ ദശയിൽ ഒരു അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് മരണ സമയത്ത് പരിക്കുണ്ടായിരുന്ന ഭാഗത്ത് വേദന അനുഭവപ്പെട്ടാൽ അപകടത്തിൽ മരിച്ചു എന്ന് വ്യാഖ്യാനിക്കാമോ?


സ്വഹീഹുൽ ബുഖാരിയിലെ ഹദീസിലേക്ക് തിരിച്ചു വരാം. സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് പ്രവാചകന്റെ ക്രൂരതയെ തെളിയിക്കുന്നു എന്നതാണ് അടുത്ത വാദം. ഇതും ശുദ്ധമായ നുണയാണെന്നതിന് പുറമെ പ്രവാചകന്റെ കാരുണ്യമാണ് ഹദീസിൽ സ്ഫുരിക്കുന്നത് എന്നതാണ് യാതാർത്ഥ്യം.


أنَّ امرأةً يَهوديَّةً أتت رسولَ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ بشاةٍ مسمومةٍ فأَكلَ منْها فجيءَ بِها إلى رسولِ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ فسألَها عن ذلِكَ ؟ فقالت : أردتُ لأقتلَكَ قالَ : ما كانَ اللَّهُ ليسلِّطَكِ على ذلكَ أو قالَ عليَّ فقالوا ألا نقتلُها قالَ لا قالَ أنس فما زلتُ أعرِفُها في لَهواتِ رسولِ اللَّهِ صلَّى اللَّهُ عليْهِ وسلَّمَ


ഒരു ജൂത സ്ത്രീ അല്ലാഹുവിന്റെ ദൂതന് വിഷം തേച്ച ആട് (സമ്മാനമായി) നൽകുകയുണ്ടായി. അദ്ദേഹം അതിൽ നിന്ന് ഭക്ഷിച്ചു. പിന്നീട് (ജൂത സ്ത്രീ വിഷം തേച്ചതിനെ സംബന്ധിച്ച് അല്ലാഹു അദ്ദേഹത്തെ അറിയച്ചപ്പോൾ) ആ സ്ത്രീയെ അല്ലാഹുവിന്റെ ദൂതന്റെ അടുക്കൽ കൊണ്ട് വരപ്പെട്ടു. അദ്ദേഹം അതിനെ പറ്റി സ്ത്രീയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞു: താങ്കളെ കൊല്ലാനാണ് ഞാൻ ഉദ്ദേശിച്ചത്. പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു അതിനുള്ള പരമാധികാരം നിനക്ക് നൽകില്ല. പ്രവാചകാനുചരന്മാർ ചോദിച്ചു: ഞങ്ങൾ അവൾക്ക് വധശിക്ഷ നൽകട്ടെ ? പ്രവാചകൻ (സ) പറഞ്ഞു: അരുത്. അനസ് പറഞ്ഞു: ആ വിഷത്തിന്റെ അടയാളം പ്രവാചകന്റെ തൊണ്ട ഭാഗങ്ങളിൽ ഞാൻ മനസ്സിലാക്കി കൊണ്ടിരുന്നു.

(സ്വഹീഹുൽ ബുഖാരി: 2617, സ്വഹീഹു മുസ്‌ലിം: 2190)


പ്രവാചകന്റെ കാരുണ്യവും അന്നത്തെ ജൂതരുടെ ശത്രുതയും ഈ സംഭവത്തിൽ നിന്നും സുതരാം വ്യക്തമാണ്. തന്നെ വധിക്കാൻ ശ്രമിച്ച സ്ത്രീക്ക് വധശിക്ഷ നൽകട്ടെ എന്ന് ചോദിച്ച അനുചരന്മാരോട് അരുത് എന്നു പറഞ്ഞ ഈ മഹാ മനീഷിയുടെ ഹൃദയ വിശാലതയെയാണ് ഹദീസ് തെളിയിക്കുന്നത്. മത വർഗീയതയില്ലാതെ ജൂത സ്ത്രീ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത സഹിഷ്ണുതയെയാണ് ഹദീസ് പരിചയപ്പെടുത്തുന്നത്. മരണം വരെ ജീവിതത്തിന്റെ ഓരോ സന്തിയിലും ജൂത വിഷത്തിന്റെ സ്വാധീനം അനുഭവിച്ചിട്ടും ജൂതന്മാരോട് പക വെച്ചു പുലർത്താതെ… വിജയിച്ചടക്കിയ ഖൈബർ ഭൂമി ജൂതന്മാരുടെ അപേക്ഷ പ്രകാരം അവർക്കു തന്നെ തിരിച്ചു കൊടുത്ത ദയാപരനായ പ്രവാചകന്റെ (സ) ചിത്രമാണ് ഹദീസിൽ നാം ദർശിക്കുന്നത്. വിഷം നൽകിയ സ്ത്രീയുടെ സമൂഹം പ്രവാചകന്റെ മരണം വരെ ഖൈബറിൽ ജീവിച്ചു !!


സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് പ്രവാചകന്റെ ക്രൂരതയെ തെളിയിക്കുന്നു എന്ന വാദം വിദ്വേഷ പ്രചാരണത്തിന്റെ മിഷണറി സ്റ്റൈൽ മാത്രമാണ്. അഥവാ, പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങളെ ദുർവ്യാഖ്യാനിച്ച് ബന്ധം മെനഞ്ഞെടുക്കുന്ന മിഷനറി കുബുദ്ധിയുടെ സൃഷ്ടിപ്പാണ് ഈ ദുഷ്പ്രചാരണം. ഇത്തരം ഇല്ലാത്ത ബന്ധങ്ങൾ ദുർവ്യാഖ്യാനിച്ച് ഉണ്ടാക്കാനായിരുന്നെങ്കിൽ അതിന് ഏറ്റവും എളുപ്പം വഴങ്ങുന്ന ഗ്രന്ഥം ബൈബിളാണെന്നതിൽ ആർക്കാണ് സംശയം?

യേശുവെ കുരിശിൽ തറച്ചത് യേശുവിന്റെ ക്രൂരമായ ദ്രോഹങ്ങൾ സഹിക്കാൻ കഴിയാത്തത് കൊണ്ടാണ് ജൂതന്മാർ കൊന്നത് എന്ന് വാദിച്ചാൽ എന്തു മറുപടിയാണ് ഈ മിഷണറി ദുർവ്യാഖ്യാനക്കാർക്ക് മറുപടി പറയാനുണ്ടാവുക.?!


പരീശകളെ “കപടവിശ്വാസികളിൽ ഏറ്റവും മോശം” (ബൈബിൾ: മത്തായി : 23:4-36) ജനതയെന്നും ജൂതന്മാരെ “പിശാചിന്റെ മക്കൾ” (ബൈബിൾ: യോഹന്നാന്‍: 8:44) എന്നും അവമതിക്കുകയും ദേവാലയത്തിലെ കച്ചവടക്കാരേയും അവരുടെ ആടുകളേയും കന്നുകാലികളേയും ചാട്ടവാറുകൊണ്ട് അടിച്ച് പുറത്താക്കുകയും നാണയങ്ങൾ തട്ടിതെറിപ്പിക്കുകയും ചെയ്ത (ബൈബിൾ: യോഹന്നാന്‍: 2:15) യേശുവിന്റെ ദ്രോഹങ്ങൾക്കുള്ള മറുപടിയായിരുന്നു ക്രൂശീകരണം എന്നാണ് ജൂതന്മാർക്ക് പറയാനുള്ളത്. ഈ വാദത്തിന് മിഷണറിമാർക്ക് എന്താണോ മറുപടി പറയാനുള്ളത് അതു തന്നെയാണ് മുസ്‌ലിംകൾക്ക് ഖൈബറിൽ പ്രവാചകനെ വിഷം കൊടുത്തു വധിക്കാൻ ശ്രമിച്ച ജൂതന്മാരുടെ കാര്യത്തിലും പറയാനുള്ളത്. (ഇസ്‌ലാം പഠിപ്പിച്ച നീതി ബോധവും സത്യസന്ധതയും ശിരസാവഹിക്കുന്ന മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ബൈബിളിൽ യേശുക്രിസ്തു ചെയ്തെന്നും പഠിപ്പിച്ചെന്നും പറയുന്ന ശുദ്ധ നുണകളും അദ്ദേഹം ക്രൂശീകരിക്കപ്പെട്ടുവെന്ന പെരും നുണയും വിശ്വാസയോഗ്യമല്ല എന്നത് സാന്ദർഭികമായി ഉണർത്തട്ടെ.)


പ്രവാചകന്മാരെ കൊല്ലാനുള്ള ജൂത പ്രവണതയെ സംബന്ധിച്ച് കുർആൻ പലയിടത്തും സംസാരിച്ചിട്ടുണ്ട് (കുർആൻ:4:155, 3:181). ഇത് ആ ജനതയുടെ സ്വഭാവ വൈകൃതത്തിന്റേയും വഞ്ചനാത്മകതയുടേയും തെളിവാണ്. (ഇതിന് അപവാദമായ ഒരു വിഭാഗം അവരിലുണ്ട് എന്നത് വിസ്മരിക്കുന്നില്ല).


മുഹമ്മദ് നബിയുടെ(സ) ക്രൂരതയാണ് അവരെ അതിന് പ്രേരിപ്പിച്ചതെങ്കിൽ ബൈബിൾ തന്നെ കഥ പറഞ്ഞു തരുന്ന പ്രകാരം പ്രവാചകന്മാരായ ആബേൽ, സക്കരിയ്യ, യോസേഫ്, യേശു എന്നിവരെയുമൊക്കെ ജൂതന്മാർ വധിക്കാൻ ശ്രമിച്ചതിലുള്ള പ്രേരണ എന്തായിരുന്നു, അച്ചന്മാരേ ?! ‘പ്രവാചകന്മാരെ കൊല്ലുന്ന ധിക്കാരികളെന്ന്’ ജൂതന്മാരെ സംബന്ധിച്ച് യേശു ക്രിസ്തു തന്നെ പഠിപ്പിച്ചതിന് എന്ത് മറുപടിയുണ്ട് ?!! (ബൈബിൾ: മത്തായി 23:23-31, ലൂക്ക 11:47)


ഖൈബറിലെ ജൂത വിഷം ബാധിച്ചാണ് മുഹമ്മദ് നബി (സ) മരണപ്പെട്ടത് എന്ന വാദത്തിന് തെളിവായ ദുർവ്യാഖ്യാനിക്കപ്പെടുന്ന മറ്റൊരു ഹദീസാണ് ഇത്:


പ്രവാചകൻ (സ) തന്റെ മരണ കാരണമായ രോഗത്തിന്റെ അവസരത്തിൽ പറയുമായിരുന്നു: ആഇശാ, ഖൈബറിൽ ഞാൻ കഴിച്ച ഭക്ഷണത്തിന്റെ വേദന എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നു. ഈ ആവസരത്തിൽ ആ വിഷത്തിൽ നിന്ന് എന്റെ രക്തധമനിയെ മുറിക്കുന്ന വേദന എനിക്ക് അനുഭവപ്പെടുന്നു.

(സ്വഹീഹുൽ ബുഖാരി: 4428)


മുമ്പ് വിശദീകരിച്ചത് പോലെ ഖൈബറിൽ ജൂത സ്ത്രീ വിഷം നൽകിയതിന് ശേഷം ചുരുങ്ങിയത് നാല് വർഷം പ്രവാചകൻ (സ) ജീവിച്ചിട്ടുണ്ട്. ജൂത സ്ത്രീ നൽകിയ വിഷത്താൽ മരിക്കുന്നതിൽ നിന്ന് അല്ലാഹു പ്രവാചകന് സംരക്ഷണമേകി.


“ദൈവദൂതരേ, നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക… ജനങ്ങളില്‍നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്.”

(കുർആൻ: 5:67) എന്ന അല്ലാഹുവിന്റെ വാഗ്ദാനമാണ് ഇതിലൂടെ പുലർന്നത്. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നാണ് ഈ മുഅ്ജിസത്ത് (അമാനുഷിക ദൃഷ്ടാന്തം) തെളിയിക്കുന്നത്.


“അവർ പറഞ്ഞു: താങ്കളെ കൊല്ലാനാണ് ഞാൻ ഉദ്ദേശിച്ചത്. പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു അതിനുള്ള പരമാധികാരം നിനക്ക് നൽകില്ല.” എന്ന ഹദീസിന്റെ ഭാഗത്ത് നിന്ന് മനസ്സിലാക്കാവുന്നത് ജനങ്ങളുടെ ഉപദ്രവത്തിൽ നിന്ന് പ്രവാചന് നൽകപ്പെട്ടിട്ടുള്ള ദിവ്യ സംരക്ഷണമാണ്.


മരണ കാരണമായ വിഷത്തിൽ നിന്ന് സംരക്ഷണം നൽകപ്പെട്ടത് പ്രവാചകന്റെ മുഅ്ജിസത്ത് ആകുന്നു. (ശർഹു മുസ്‌ലിം: 14: 34)


ജൂത സ്ത്രീ നൽകിയ വിഷത്താൽ മരിക്കുന്നതിൽ നിന്ന് അല്ലാഹു പ്രവാചകന് സംരക്ഷണമേകിയെങ്കിലും അതിന്റെ സ്വാധീനത്താലുള്ള ചില ബുദ്ധിമുട്ടുകൾ ചില സന്ദർഭങ്ങളിൽ പ്രവാചകന് അനുഭവപ്പെട്ടിരുന്നു. മരണ സമയത്ത് ഇത് ശക്തമായി അനുഭവപ്പെട്ടു എന്നു മാത്രമാണ് ഈ ഹദീസ് സൂചിപ്പിക്കുന്നത്. അതല്ലാതെ വിഷബാധയേറ്റ് മരിച്ചു എന്നല്ല. മുമ്പ് സൂചിപ്പിച്ചത് പോലെ, ജീവിതത്തിൽ ഏതോ ദശയിൽ ഒരു അപകടത്തിൽ പരിക്കേറ്റ വ്യക്തിക്ക് മരണ സമയത്ത് പരിക്കുണ്ടായിരുന്ന ഭാഗത്ത് വേദന അനുഭവപ്പെട്ടാൽ അപകടത്തിൽ മരിച്ചു എന്ന് വ്യാഖ്യാനിക്കാമോ?


ജൂതന്മാരെ തങ്ങളുടെ നാടായ മദീനയിൽ നിന്ന് പുറത്താക്കിയത് മുഹമ്മദ് നബി (സ) ചെയ്ത ക്രൂരതയല്ലെ എന്നതാണ് അടുത്ത വിമർശനം.

ഇന്ന്, ഫലസ്തീനിലെ നാലു വയസ്സുകാരൻ തങ്ങളുടെ ഒരു പട്ടാളക്കാരനെ നോക്കി ഗോഷ്ടി കാണിച്ചു എന്ന ‘ന്യായീകരണവും’ പറഞ്ഞ് അധിനിവേശ രാഷ്ട്രങ്ങളിൽ നിന്ന് ഇരന്നുവാങ്ങിയ മിസൈലുകൾ എൽ.പി. സ്കൂൾ കുട്ടികളുടെ തലയിലേക്ക് വാരിയെറിയുന്ന ജൂത ക്രൂതകളുടെ സമകാലിക ചിത്രം ലോകത്തിന് മുമ്പിലുണ്ട്. അതുകൊണ്ട് തന്നെ, ജൂതന്മാരെ ഹിജാസിൽ നിന്ന് നാടുകടത്തിയതിന്റെ കാരണം മനസ്സിലാക്കി കൊടുക്കാൻ അധികം കഷ്ടപ്പെടേണ്ടതൊന്നുമില്ല.


ജൂതന്മാരെ മദീനയിൽ നിന്ന് പുറത്താക്കാനും ഖൈബർ യുദ്ധം നടത്താനുമുള്ള ചരിത്ര കാരണങ്ങൾ ഹ്രസ്വമായി ഇവിടെ വിവരിക്കാം:


പ്രവാചകൻ (സ) മദീനയിൽ എത്തിയപ്പോൾ മക്കയിൽ നിന്ന് പലായനം ചെയ്തുവന്നവർക്കും (മുഹാജിറുകൾ) മദീനയിലെ മുസ്‌ലിംകൾക്കും (അൻസ്വാറുകൾ) ഇടയിലും ഒരു കരാറുണ്ടാക്കി. മദീനയിലുണ്ടായിരുന്ന ജൂത ഗോത്രങ്ങളെയും ആ കരാറിൽ ഉൾപ്പെടുത്തി. (സീറത്തു ഇബ്നു ഹിശാം: 2/ 147, അൽ അംവാൽ: 1/307, അൻ സാബുൽ അശ്റാഫ്: 1/286, സീറത്തു ഇബ്നു ഇസ്ഹാഖ്:)


ജൂതന്മാർക്ക് അവരുടെ മതവും മുസ്‌ലിംകൾക്ക് അവരുടെ മതവുമനുസരിച്ച് ജീവിക്കാം; അക്രമം പ്രവർത്തിച്ചവരും കുറ്റവാളികളും ഒഴികെ. ഈ കരാറുകാർക്കെതിരെ യുദ്ധം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കരാറിലേർപ്പെട്ടവർ പരസ്പരം സഹായിക്കണം. കരാറിലുള്ള ഇരു കക്ഷികൾക്കുമെതിരെ (മുസ്‌ലിംകളും ജൂതന്മാരും) പുറത്തു നിന്നും ആരെങ്കിലും യുദ്ധം ചെയ്യുകയാണെങ്കിൽ ശത്രു പക്ഷത്തെ സഹായിക്കരുത്, പരസ്പരം സഹായിക്കണം. പരസ്പരം ഗുണകാംക്ഷയും നന്മയും വെച്ചുപുലർത്തണം.

ചരിത്രകാരന്മാരായ ഇബ്നു ഇസ്ഹാഖ് (സീറത്തു ഇബ്നു ഇസ്ഹാഖ്),

ഇബ്നു ഹിശാം (സീറത്തു ഇബ്നു ഹിശാം: 2/ 147),

വാഖിദി (മഗാസി: 1/176),

തബ്‌രി (താരീഖു തബ്‌രി: 2/479),

ഇബ്നുൽ അസീർ (അൽ കാമിൽ: 2/96), കാസിം ഇബ്നു സലാം (അൽ അംവാൽ: 1/446),

ബലാദുരി (അൻസാബുൽ അശ്റാഫ്: 1/286)

തുടങ്ങിയവർ ഈ സമാധാന കരാറിനെ സംബന്ധിച്ച് വിശദീകരിക്കുന്നുണ്ട്.


‘മദീനാ പ്രമാണം’ (وثيقة المدينة) എന്ന പേരിൽ ചരിത്ര പ്രസിദ്ധമായ ഈ കരാർ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ആദ്യ ഭരണഘടനയായി പരിചയപ്പെടുത്തപ്പെടുന്നു.


ഇബ്നുൽ ഖയ്യിം (റ) പറയുന്നു: അല്ലാഹുവിന്റെ ദൂതൻ മദീനയിലുണ്ടായിരുന്ന ജൂതന്മാരുമായി സമാധാന സന്ധിയുണ്ടാക്കി. ഇരു കൂട്ടർക്കുമിടയിൽ ഒരു കരാർ പത്രം എഴുതുകയും ചെയ്തു. ജൂതന്മാരുടെ കാരണവരും വേദശാസ്ത്ര പണ്ഡിതനുമായ അബ്ദുല്ല ഇബ്നുസ്സലാം ഈ കരാറിന് മുൻകൈയെടുത്തു. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിച്ചു, സത്യനിഷേധമല്ലാതെ മറ്റു ജുതന്മാരെ ഇസ്‌ലാം സ്വീകരിക്കുന്നതിൽ നിന്ന് തടഞ്ഞില്ല. അവർ മൂന്ന് ഗോത്രങ്ങളായിരുന്നു: ബനൂ ഖൈനുകാഅ്, ബനൂ നളീർ, ബനൂ ഖുറൈള. മൂന്നു കൂട്ടരും മുസ്‌ലിംകൾക്കെതിരെ കലാപമുണ്ടാക്കി, ബനൂ ഖൈനുകാഅ് ഗോത്രത്തോട് പ്രവാചകൻ (സ) അനുകമ്പ കാണിച്ചു, ബനൂ നളീറുകാരെ മദീനയിൽ നിന്ന് ഒഴിപ്പിച്ചു, ബനൂ ഖുറൈളക്കാരോട് ആദ്യം കാരുണ്യം കാണിച്ചെങ്കിലും അവർ യുദ്ധം ചെയ്തപ്പോൾ അവരിലെ പുരുഷന്മാരെ വധിച്ചു. സൂറത്തുൽ ഹശ്ർ അവതരിപ്പിക്കപ്പെട്ടത് ബനൂ നളീറുകാരുടെ വിഷയത്തിലും സൂറത്തുൽ അഹ്സാബ് അവതരിപ്പിക്കപ്പെട്ടത് ബനൂ ഖുറൈളക്കാരുടെ വിഷയത്തിലുമായിരുന്നു. (സാദുൽ മആദ്: 3/58,59)


ജർമ്മൻ ബൈബിൾ പണ്ഡിതനും രേഖാപരികൽപ്പനയുടെ ഉപജ്ഞാതാക്കളിൽ ഒരാളും (documentary hypothesis) ഓറിയന്റലിസ്റ്റുമായ ജൂലിയസ് വെൽ‌ഹൗസെൻ തന്റെ ‘Arab kingdom and it’s fall’ എന്ന ഗ്രന്ഥത്തിൽ (പേജ്: 11) പറയുന്നു:


“മക്കയിൽ നിന്നും മദീനയിലേക്ക് പാലായനം ചെയ്ത ശേഷമുള്ള ആദ്യ ഘട്ടത്തിൽ, ബദർ യുദ്ധത്തിന് മുമ്പായി, മുഹമ്മദ് ഉണ്ടാക്കിയ കരാറിന്റെ രേഖ, കാലം നമുക്കായി സൂക്ഷിക്കുകയുണ്ടായി. മദീനയിലെ ആദ്യ ഘട്ടത്തിലെ പൊതു ജീവിതത്തേയും രാഷ്ട്രീയത്തേയും നിയന്ത്രിച്ചിരുന്നതും സമൂഹത്തിൽ പ്രയോഗവൽകരിച്ചിരുന്നതുമായ നിയമത്തിലെ ചില പ്രധാന പോയിന്റുകൾ പ്രസ്തുത രേഖയിൽ വ്യക്തമാക്കപ്പെടുന്നുണ്ട്… മദീന എങ്ങനെ അഖണ്ഡതയുള്ള ഒരൊറ്റ സമൂഹമായി മാറി എന്ന് അതിൽ നിന്നും മനസ്സിലാക്കാം.”

(അവലംബം: ഗ്രന്ഥത്തിന്റെ അറബി പരിഭാഷ)


ഓറിയന്റലിസ്റ്റായ ഡോ. ഇസ്രായേൽ ബെൻസീവ് (History of jews in Arabia: Pre-Islam and Early Islam: 114,115) തെളിവുകൾ നിരത്തി ഈ കരാർ പത്രത്തെ ചരിത്ര വസ്തുതയാണെന്ന് സമർത്ഥിക്കുന്നു. ഇറ്റാലിയൻ ഓറിയന്റലിസ്റ്റായ ലിയോൺ കൈതാനിയും ഈ സമാധാന സന്ധിയുടെ സത്യതയെ അംഗീകരിക്കുന്നുണ്ട്.


മദീനയുടെ വലിയൊരു ഭാഗം യുദ്ധവും കൊലപാതകവും നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ ഭൂമിയായി പ്രവാചകൻ (സ) പ്രഖ്യാപിച്ചു.


ജാബിർ (റ) നിവേദനം അല്ലാഹുവിന്റെ ദൂതൻ (സ) പറഞ്ഞു: തീർച്ചയായും ഇബ്രാഹീം മക്കയെ പവിത്രമായി പ്രഖ്യാപിച്ചു; നിശ്ചയം മദീനയെ -രണ്ട് പർവതങ്ങൾക്കിടയിലുള്ള പ്രദേശത്തെ – പവിത്രമായി ഞാനിതാ പ്രഖ്യാപിക്കുന്നു. അവിടെയുള്ള ഒരു വൃക്ഷവും (അനാവശ്യമായി) മുറിക്കപ്പെടരുത്, ഒരു ഉരുവും വേട്ടയാടപ്പെടരുത്.” (സ്വഹീഹുൽ ബുഖാരി: 2889, സ്വഹീഹു മുസ്‌ലിം: 3383, 459, 1363)


ജൂതന്മാരോട് പ്രവാചകൻ (സ) ദീക്ഷിച്ച കാരുണ്യവും നീതിയും, തിരിച്ച് യഹൂദർ ചെയ്തിരുന്ന ദ്രോഹങ്ങളും ശത്രുതയും ചരിത്രത്തിൽ നിന്നും ഹദീസുകളിൽ നിന്നും വായിച്ചെടുക്കാവുന്നതാണ്:


ഖൈബറുകാർ അബ്ദുല്ലാഹിബ്നു സഹ്‌ലിനെ (റ) വധിച്ചപ്പോൾ വ്യക്തമായ തെളിവില്ലാത്തതിനാൽ കൊലയാളികളായ ജൂതരെ പ്രവാചകൻ വെറുതെ വിട്ടു. (സ്വഹീഹുൽ ബുഖാരി: 6769, സ്വഹീഹു മുസ്‌ലിം: 1669)


മുസ്‌ലിമായ അശ്അസ് ഇബ്നു ഖൈസും ഒരു ജൂതനും തമ്മിൽ യമനിലെ ഒരു ഭൂമിയുടെ കാര്യത്തിൽ തർക്കമുണ്ടായി പ്രവാചക സന്നിധിയിൽ വിധിക്കായി വന്നപ്പോൾ അശ്അസിന് തെളിവ് ഹാജരാക്കാൻ കഴിയാഞ്ഞതിനാൽ ഭൂമി ജൂതന്റേതായി പ്രവാചകൻ (സ) വിധിച്ചു. (സ്വഹീഹുൽ ബുഖാരി: 2525, സ്വഹീഹു മുസ്‌ലിം: 138)


ജൂതന്മാർക്ക് അവർക്കിടയിലെ വ്യക്തിപരവും സാമൂഹികവും മതപരവുമായ കാര്യങ്ങളിൽ അവരുടെ മതവും വേദവും വെച്ച് തന്നെ വിധി പറയാനുള്ള സ്വാതന്ത്ര്യം മദീനയിൽ നടപ്പാക്കി.


“…അവര്‍ നിന്‍റെ അടുത്ത് വരുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീ തീര്‍പ്പുകല്‍പിക്കുകയോ, അവരെ അവഗണിച്ച് കളയുകയോ ചെയ്യുക. നീ അവരെ അവഗണിച്ച് കളയുന്ന പക്ഷം അവര്‍ നിനക്ക് ഒരു ദോഷവും വരുത്തുകയില്ല. എന്നാല്‍ നീ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ അവര്‍ക്കിടയില്‍ നീതിപൂര്‍വ്വം തീര്‍പ്പുകല്‍പിക്കുക. നീതിപാലിക്കുന്നവരെ തീര്‍ച്ചയായും അല്ലാഹു സ്നേഹിക്കുന്നു.” (ഖുർആൻ: 5:42)


സ്നേഹ സംവാദങ്ങളുടേയും മത സഹവർത്തിത്വത്തിന്റേയും മാർഗം ഇസ്‌ലാം വേദക്കാർക്ക് മുമ്പിൽ മലർക്കെ തുറന്നിട്ടു:

“വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്‌- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട്‌) പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു.”

(ഖുർആൻ: 29:46)


അവർക്ക് ധനം സമ്പാദിക്കാനും ഉടമപ്പെടുത്താനുമുള്ള പൂർണമായ സ്വാതന്ത്ര്യം നൽകി.

ആഇശ (റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ (സ) തന്റെ പടയങ്കി ജൂതന് പണയം വെച്ച് ധാന്യം കടം വാങ്ങുകയുണ്ടായി (സ്വഹീഹുൽ ബുഖാരി:1990, സ്വഹീഹു മുസ്‌ലിം: 1603)


കൊലയും കൊള്ളയുമായിരുന്നില്ല മദീനയിലെ ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥ. മദീനയിലെ ഭരണാധികാരിയായിട്ടും ജൂതന്മാരിൽ നിന്ന് – അവർ യുദ്ധം ചെയ്യും വരെ – സമ്പത്ത് തട്ടിയെടുക്കുകയോ പിടിച്ച് പറിക്കുകയോ ചെയ്തിട്ടില്ല.


ജൂതന്മാരുടെ ഗൂഢാലോചനയുടെ ഭാഗമായി ലബീദിബ്നു അഅ്സം എന്ന ജൂതൻ പ്രവാചകനെ വധിക്കാനായി അദ്ദേഹത്തിന് (സ) മാരണം ചെയ്ത സംഭവവും ഹദീസുകളിൽ കാണാം. (സ്വഹീഹുൽ ബുഖാരി: 3268, സ്വഹീഹു മുസ്‌ലിം :2189)


പ്രവാചകന് (സ) ജൂതന്മാർ മാരണം ചെയ്തെന്ന് മുസ്‌ലിംകൾ അറിഞ്ഞാൽ അത് ജൂതന്മാർക്കും മുസ്‌ലിംകൾക്കുമിടയിൽ ശത്രുതക്ക് കാരണമായേക്കാം എന്നതിനാൽ ജനങ്ങൾ അധികം കാണാതെ അതു നശിപ്പിച്ചു കളയാൻ പ്രവാചകൻ (സ) നിർദേശിച്ചു. (സ്വഹീഹുൽ ബുഖാരി: 3268)


ആ ജൂതനോട് അതിനെ പറ്റി പ്രവാചകൻ (സ) ഒരിക്കൽ പോലും സ്മരിക്കുകയോ എന്തെങ്കിലും പരിഭവം മുഖത്ത് കാട്ടുകയോ ചെയ്തില്ല. (സുനനു നസാഈ: 4080)


എന്നാൽ ജൂത സമൂഹം മുസ്‌ലിംകളുമായി യാതൊരുവിധ സഹവർത്തിത്വത്തിനും തയ്യാറായിരുന്നില്ല. ബനൂ നളീർ, ഖുറൈള എന്നിവർ കരാർ ലംഘിക്കുകയാണുണ്ടായത്.


“അവര്‍ (യഹൂദര്‍) ഏതൊരു കരാര്‍ ചെയ്തു കഴിയുമ്പോഴും അവരില്‍ ഒരു വിഭാഗം അത് വലിച്ചെറിയുകയാണോ? തന്നെയുമല്ല, അവരില്‍ അധികപേര്‍ക്കും വിശ്വാസം തന്നെയില്ല. (ഖുർആൻ 2: 100)


മക്കക്കാർ മുസ്‌ലിംകൾക്കെതിരെ യുദ്ധം ചെയ്തപ്പോൾ ഖുറൈളക്കാർ സഹായിക്കാതെ വിട്ടു നിന്നു എന്നതു മാത്രമായിരുന്നു അവരുടെ കരാർ ലംഘനം എന്നതിനാൽ മദീനയിൽ തന്നെ താമസിക്കാൻ പ്രവാചകൻ (സ) അനുവദിച്ചു. അവരോട് കരുണ കാണിക്കുകയും നാടുകടത്താതിരിക്കുകയും ചെയ്തു. എന്നാൽ ബനൂ നളീറുകാർ കരാർ ലംഘിച്ച് മുസ്‌ലിംകളെ സഹായിക്കാതെ വിട്ടു നിൽക്കുക മാത്രമല്ല ചെയ്തത്. മറിച്ച് മക്കയിലേക്ക് ആളെ അയച്ച് യുദ്ധത്തിനായി അവരെ പ്രോത്സാഹിപ്പിക്കുകയും മുസ്‌ലിം സൈന്യത്തിന്റെ ദുർബലതകൾ അറിയിച്ചു കൊടുക്കുകയും ചെയ്തു. (മഗാസി: മൂസാ ഇബ്നു ഉഖ്ബ: 210)


ബദർ യുദ്ധത്തിന് ശേഷം മദീനയിലേക്ക് യാത്ര ചെയ്ത ബനൂ നളീറുകാരനും കവിയുമായിരുന്ന കഅ്ബിബ്നു അശ്റഫ് കുറൈശികളിൽ നിന്ന് യുദ്ധത്തിൽ കൊല്ലപെട്ടവർക്കായി വിലാപകാവ്യം രചിക്കുകയും യുദ്ധത്തിനായി അവരെ പ്രചോദിപ്പിക്കുകയും ചെയ്തു. കഅ്ബയുടെ വിരിയിൽ പിടിച്ച് മുസ്‌ലിംകളോട് യുദ്ധം ചെയ്യുമെന്ന് ഖുറൈശികളെ കൊണ്ട് കരാർ ചെയ്യിപ്പിച്ചു. (ഫത്ഹുൽ ബാരി: 7/337) മദീനയിൽ വന്ന ശേഷം പ്രവാചകനെ ആക്ഷേപിച്ചു കൊണ്ട് കവിത പാടി. പ്രകോപനം സൃഷ്ടിക്കാനായി പ്രവാചകാനുചരന്മാരുടെ ഭാര്യമാരെ അസഭ്യവാക്കുകൾ കൊണ്ട് വർണിച്ച് ഗസലുകൾ പാടി. ഈ സംഭവം

ഒക്‌ലഹോമ സർവകലാശാലയിലെ ജൂഡായിക് ചരിത്രത്തിന്റെ എമെറിറ്റസ് ചെയറും ഒറിയന്റലിസ്റ്റുമായ നോർമൻ ആർതർ സ്റ്റിൽമാൻ തന്റെ ഗ്രന്ഥത്തിൽ എഴുതി ചേർത്തിട്ടുണ്ട്. (The Jews of Arab Lands: A History and Source Book: Page: 124, The Jewish publication society of America)


ദിയ്യത്തുമായി ബന്ധപ്പെട്ട് സഹായത്തിനായി ബനൂ നളീറുകാരുടെ അടുത്ത് ഒരുപറ്റം അനുചരന്മാരോടൊപ്പം പ്രവാചകൻ (സ) ചെന്നപ്പോൾ അദ്ദേഹത്തെ ബനൂ നളീറുകാർ ഒരിടത്ത് ഇരുത്തി. ഹുയൈയ് ഇബ്നു അഖ്തബ് ജൂതന്മാരോട് പറഞ്ഞു: “ജൂത സമൂഹമേ, മുഹമ്മദ് ഇതാ ഒരു ചെറിയ അനുയായി വൃന്ദവുമായി വന്നിരിക്കുന്നു. അവർ പത്തുപേർ പോലുമില്ല. അവർ ഇരിക്കുന്ന ഭവനത്തിന് മുകളിൽ നിന്ന് കല്ല് താഴേക്കിട്ട് മുഹമ്മദിനെ കൊല്ലുക. മുഹമ്മദിനെ കൊല്ലാൻ ഇതിലും നല്ല അവസരമില്ല.” അംറിബ്നു ജിഹശ് ഈ ദൗത്യമേറ്റെടുത്തു, ഭവനത്തിന് മുകളിൽ കയറി കല്ലെടുത്തു. പക്ഷെ ജൂതന്മാരുടെ ഈ കുതന്ത്രം അല്ലാഹു ദിവ്യഉൽബോധനം വഴി പ്രവാചകന് അറിയിച്ചു കൊടുത്തു. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് എഴുന്നേറ്റു പോയി.

(The Jews of Arab Lands: A History and Source Book: Page: 129, 130.The Jewish publication society of America )


ഇബ്നു ഉമർ (റ) പറഞ്ഞു: ബനൂ നളീർ, ഖുറൈള എന്നീ ജൂത ഗോത്രങ്ങൾ അല്ലാഹുവിന്റെ ദൂതനോട് യുദ്ധം ചെയ്തു. അപ്പോൾ അല്ലാഹുവിന്റെ ദൂതൻ (സ) അവരെ (മദീനയിൽ നിന്നും ബനൂ നളീറുകാരെ) പുറത്താക്കി. ഖുറൈളക്കാരെ (അവർ യുദ്ധത്തിൽ നേരിട്ട് പങ്കാളികളായില്ല എന്നതിനാൽ പ്രവാചകൻ (സ) മദീനയിൽ) താമസിപ്പിച്ചു; അതിന് ശേഷം ഖുറൈളക്കാരും യുദ്ധം ചെയ്യുന്നത് വരെ. (സ്വഹീഹുൽ ബുഖാരി: 4028, സ്വഹീഹു മുസ്‌ലിം: 1766)


‘നിങ്ങൾക്ക് കോട്ടയും സുരക്ഷയുമുണ്ടായിരിക്കെ നിങ്ങൾ എന്ത് കൊണ്ട് മുഹമ്മദിനെതിരെ സംഘടിക്കുന്നില്ല ?’ എന്ന് ആരാഞ്ഞു കൊണ്ട് ബദർ യുദ്ധാനന്തരം മക്കയിലെ ഖുറൈശികൾ മദീനയിലെ ജൂതന്മാർക്ക് കത്തെഴുതി. അങ്ങനെ ബനൂ നളീറുകാർ പ്രവാചകനെ ചതിക്കാൻ ഗൂഢാലോചന നടത്തി. പ്രവാചകനോട് അദ്ദേഹത്തിന്റെ മൂന്ന് അനുയായികളെ തങ്ങളിലേക്ക് അയക്കാനും ഞങ്ങളിലെ മൂന്ന് പുരോഹിതന്മാരുമായി അവർ സംസാരിച്ചതിന് ശേഷം അവർ ഇസ്‌ലാമിൽ വിശ്വസിക്കുകയാണെങ്കിൽ ഞങ്ങൾ മുഴുവനും ഇസ്‌ലാം സ്വീകരിക്കാം എന്നും പറഞ്ഞു. ഇത് കേട്ട് പ്രവാചകൻ (സ) അപ്രകാരം ദൂതന്മാരെ അയച്ചു. ബനൂ നളീറുകാർ സായുധരായി ഈ അനുചരന്മാരെ വധിക്കാനായി ഒരുങ്ങി നിന്നു. ബനൂ നളീറുകാരിൽ പെട്ട ഒരു സ്ത്രീ അൻസ്വാരികളിൽ പെട്ട തന്റെ സഹോദരന് ബനൂ നളീറുകാരുടെ ചതിയെ പറ്റി രഹസ്യമായി വിവരമറിയിച്ചു. ഇതറിഞ്ഞ പ്രവാചകൻ (സ) അനുചരന്മാരെ തിരിച്ചു വിളിച്ചു. ഈ വഞ്ചനക്കും കരാർ ലംഘനത്തിനും പകരമായി മുസ്‌ലിംകൾ ബനൂ നളീറുകാരുടെ കോട്ട ഉപരോധിച്ചു. ഉപരോധം ശക്തമായപ്പോൾ മദീനയിൽ നിന്നും നാടുകടത്തപെടുക എന്ന നിബന്ധനയോടെ അവർ കീഴടങ്ങി. ഈ വഞ്ചനകൾക്ക് ശേഷവും മദീനയിൽ താമസിക്കാൻ കഴിയില്ലെന്നും പത്ത് ദിവസം കൊണ്ട് ഒഴിഞ്ഞു പോകണമെന്നും മുഹമ്മദ് ഇബ്നു മസ്‌ലമയെ ദൂതനായി അയച്ച് ബനൂ നളീറുകാരെ പ്രവാചകൻ (സ) വിവരമറിയിച്ചു. സംഭവം സ്വഹീഹായ സനദു സഹിതം ഇമാം ഇബ്നു ഹജർ അൽ അസ്കലാനി തന്റെ ‘ഫത്ഹുൽ ബാരി’യിൽ (7/331, 332) ഉദ്ധരിക്കുന്നുണ്ട്.


കുറച്ച് കാലങ്ങൾക്ക് ശേഷം മക്കക്കാർ മുസ്‌ലിംകൾക്കെതിരെ ഖന്ദക്ക് യുദ്ധത്തിന് നേതൃത്വം നൽകിയപ്പോൾ ഖുറൈളക്കാർ അവരോടൊപ്പം സഖ്യം ചേരുകയും മദീനയിൽ ഒറ്റപ്പെട്ട സ്ത്രീകളെ ആക്രമിക്കുകയും ചെയ്തപ്പോൾ മാത്രമാണ് അവരേയും മദീനയിൽ നിന്ന് പ്രവാചകൻ (സ) പുറത്താക്കിയത്. (സീറത്തു ഇബ്നു ഹിശാം: 3/ 231- 233)


“അവരില്‍ ഒരു വിഭാഗവുമായി നീ കരാറില്‍ ഏര്‍പെടുകയുണ്ടായി. എന്നിട്ട് ഓരോ തവണയും തങ്ങളുടെ കരാര്‍ അവര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവര്‍ (അല്ലാഹുവെ) സൂക്ഷിക്കുന്നുമില്ല.” (ഖുർആൻ 8: 56) ഈ വചനവും അവതരിപ്പിക്കപ്പെട്ടതും ബനൂ ഖൈനുകാഉകാരുടെ കാര്യത്തിലാണെന്ന് ഇമാം മുജാഹിദ് വ്യക്തമാക്കുന്നു. (അദ്ദുർറുൽ മൻസൂർ: സുയൂത്വി: 3/191, മഗാസി: വാഖിദി: 1/135)


ഖന്ദക്ക് യുദ്ധത്തോടെ മുസ്‌ലിംകളുമായുള്ള സന്ധി റദ്ദു ചെയ്തുവെന്ന് പരസ്യമായി പ്രഖ്യാപിച്ച ബനൂ ഖുറൈളക്കാരോട് കരാർ പുനസ്ഥാപിക്കാൻ ആവശ്യപ്പെട്ട് പ്രവാചകൻ നിയോഗിച്ച സഅ്ദിബ്നു ഉബാദ സഅ്ദിബ്നു മുആദ് (റ) എന്നിവരെ ബനൂ ഖുറൈളക്കാർ ശകാരിക്കുകയും തിരസ്കരിക്കുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം: 2/222)


മുസ്‌ലിംകൾ ഖന്ദക്ക് യുദ്ധത്തിൽ മുഴുകിയിരിക്കെ മദീനയിലെ സ്ത്രീകളെ ആക്രമിക്കാൻ ബനൂ ഖുറൈളക്കാർ പദ്ധതിയിട്ടു. മുസ്‌ലിംകൾ സ്ത്രീകളേയും കുട്ടികളേയും താമസിപ്പിച്ചിരിക്കുന്ന കോട്ടയെ ഖുറൈളക്കാരിലെ ദൂതൻ വലം വെച്ചു. അയാൾ ഉള്ളിലേക്ക് എത്തി നോക്കിയപ്പോൾ സ്വഫിയ്യ ബിൻത്ത് അബ്ദുൽ മുത്വലിബ് (റ) കുന്തം കൊണ്ട് അയാളെ കുത്തിയിട്ടു. മുസ്‌ലിംകൾ കോട്ടയിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ബനൂ ഖുറൈളക്കാർ തെറ്റിദ്ധരിക്കുകയും ചെയ്തു. (അൽ ഇസ്വാബ: 2/56, 8/214, മുസ്തദ്റഖു ഹാകിം:6945, മജ്മഉ സവാഇദ്: 6/115)


ബനൂ ഖൈനുകാഅ് ഗോത്രത്തിൽ പെട്ടവർ ഒരു മുസ്‌ലിം സ്ത്രീയുടെ വസ്ത്രം ബലം പ്രയോഗിച്ച് അഴിക്കുകയും അവളുടെ നഗ്നത കണ്ട് കൂട്ടത്തോടെ ചിരിക്കുകയും ചെയ്തു. ഉടനെ ഒരു മുസ്‌ലിം, ആ സ്ത്രീയുടെ വസ്ത്രം വലിച്ചൂരിയ വ്യക്തിയെ വധിച്ചു. ബനൂ ഖൈനുകാഅ് സംഘം അദ്ദേഹത്തെ വധിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട കലാപത്തെ തുടർന്നാണ് ബനൂ ഖൈനുകാഉകാർ നാടുകടത്തപെട്ടത്. (സീറത്തു ഇബ്നു ഹിശാം: 2/642, അൽ മഗാസി: വാകിദി: 1/176, 177)


ഈ കലാപകാരികളും യുദ്ധ കൊതിയരുമായ സമൂഹത്തെയാണോ മുഹമ്മദ് നബിയുടെ ക്രൂരതകളുടെ ഇരകളായി വിമർശകർ ദുർവ്യാഖ്യാനിക്കുന്നത് ?! ഇത്തരം കുൽസിത പ്രവർത്തനങ്ങളുടേയും രാജ്യദ്രോഹത്തിന്റെയും പേരിലാണ് മദീനയിൽ നിന്നും ജൂതന്മാരെ പ്രവാചകൻ (സ) പുറത്താക്കിയത്. എന്നിട്ടും ഖൈബറിൽ താമസമാക്കിയ ജൂത സമൂഹം മുസ്‌ലിം സമൂഹത്തേയും രാഷ്ട്രത്തേയും വെറുതെ വിടാൻ തയ്യാറായിരുന്നില്ല ! മദീനയിൽ നിന്നും നാടുകടത്തപ്പെട്ട ബനൂ നളീറുകാർക്ക് ഖൈബറിലെ ജൂതർ അഭയം നൽകി, അവർ അറബികളിലെ പല ഗോത്രങ്ങളേയും മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിനായി പ്രേരിപ്പിക്കുവാനും ആരംഭിച്ചു. ബനൂ നളീറുകാരടങ്ങുന്ന ഖൈബറുകാർ ഗോത്രങ്ങളെ സംഘടിപ്പിക്കുകയും ഖുറൈശികളെ പ്രലോഭിപ്പിക്കുകയും ചെയ്തതിലൂടെയാണ് ഖുറൈശികൾ മുസ്‌ലിംകൾക്കെതിരെ ഖന്ദഖ് യുദ്ധം നടത്തുന്നത്. (ഉംദത്തുൽ കാരി: ഇമാം അൽ ഐനി: 17/176, സീറത്തു ഇബ്നു ഹിശാം: 2/441, സിയറു അഅ്ലാമിന്നു ബലാഅ്: 1/457, അൽ ബിദായ വന്നിഹായ: 8/50)


ഹിജ്റ ഏഴാം വർഷം നടന്ന ഖൈബർ യുദ്ധത്തിനൊടുവിൽ ജൂതർ പരാജയപ്പെട്ടു. ജൂതന്മാരെ ഒന്നടങ്കം ഖൈബറിൽ നിന്നും നാടുകടത്താൻ മുസ്‌ലിംകൾ തീരുമാനിച്ചെങ്കിലും ജൂതർ പ്രവാചകനോട് സന്ധിക്കായി കേണു. ഖൈബർ യുദ്ധാനന്തരവും ജൂതന്മാരോട് അനുനയത്തോടെയും കരുണയോടെയും പെരുമാറാൻ പ്രവാചകൻ (സ) മടിച്ചില്ല.


ഇബ്നു ഉമർ (റ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ (സ) ഖൈബർ ദേശം യഹൂദന്മാർക്ക് തന്നെ നൽകി, അവർ അതിൽ പ്രവർത്തിക്കുകയും കൃഷിചെയ്യുകയും അതിന്റെ വിളവിന്റെ പകുതി മുസ്‌ലിംകൾക്ക് നൽകുകയും ചെയ്യുക എന്ന നിബന്ധനയോടെ.

(സ്വഹീഹുൽ ബുഖാരി: 2165, സ്വഹീഹു മുസ്‌ലിം: 1551)


ഖൈബറിലെ ജൂതരോട് ഇത്തരമൊരു അനുനയ സമീപനം സ്വീകരിച്ചിട്ടും അവർ തിരിച്ച് വെച്ചുപുലർത്തിയ നയം ശത്രുത തന്നെയായിരുന്നു. ഈ ചരിത്ര ദശയിലാണ് ഖൈബറിലെ ജൂതന്മാരിൽ പെട്ട ഒരു സ്ത്രീ പ്രവാചകനേയും(സ) അനുയായികളേയും വിരുന്നു വിളിക്കുകയും വിഷം തേച്ച ആട്ടിൻ മാംസം വിളമ്പുകയും ചെയ്തത്. വിഷം ചേർത്തിട്ടുണ്ടെന്ന് അറിഞ്ഞപ്പോൾ ആ സ്ത്രീയെ വധിക്കട്ടെയെന്ന് അനുചരന്മാർ ചോദിച്ചുവെങ്കിലും പ്രവാചകൻ വേണ്ടെന്ന് പറഞ്ഞു. (സ്വഹീഹുൽ ബുഖാരി: 3169)


ഒരിക്കലും സമാധാന സന്ധികൾ നിലനിർത്താനും യുദ്ധ കലാപ നിരോധന കരാറുകൾ പാലിക്കാനും തയ്യാറല്ലാത്ത സമൂഹങ്ങൾ മദീനയിൽ നിലനിൽക്കുമ്പോൾ മക്കയിലേയും മദീനയിലേയും പുണ്യ ഭൂമി, യുദ്ധം നിഷിദ്ധമാക്കപ്പെട്ട ഹറമുകൾ ചോരയാൽ ചുവന്നുകൊണ്ട് തന്നെ നിലനിൽക്കും. അരക്ഷിതത്വവും അഹിംസയും തീരാ കഥകളാകുമെന്ന ബോദ്ധ്യത്തിൽ നിന്നാണ് ജൂതന്മാരെ ഹിജാസിൽ നിന്നും പുറത്താക്കാൻ പ്രവാചകൻ (സ) നിർബന്ധിതനാകുന്നത്. ജൂത ക്രൈസ്തവരടങ്ങുന്ന അമുസ്‌ലിംകൾ മക്കാ മദീന പള്ളികൾ ഒഴികെയുള്ള, ഹിജാസിലെ മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നത് നിഷിദ്ധമായി ഇസ്‌ലാം കാണുന്നില്ല. അതുകൊണ്ടാണ് പ്രവാചകൻ (സ) തന്നെയും മരണം വരെ അവരെ പുറത്താക്കാതിരുന്നത്. പുറത്താക്കണമെന്ന് പറഞ്ഞതാകട്ടെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ജൂതന്മാരും ഖുറൈശികളും ഹിജാസിൽ സമാധാനാന്തരീക്ഷം പുലരുവാൻ സമ്മതിക്കില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ്.


പ്രവാചകനായി നിയോഗിതനായപ്പോഴോ, മക്കയിൽ നിന്നും മദീനയിലേക്ക് വന്ന ഉടനെയോ, മദീനയുടെ ഭരണാധികാരി ആയ ഉടനെയോ ‘ജൂതന്മാരെ മദീനയിൽ നിന്ന് പുറത്താക്കണമെന്ന്’ പ്രവാചകൻ പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ വർഗീയ വാദിയെന്നും ക്രൂരനെന്നും വിളിക്കുന്നതിന് ന്യായം കണ്ടെത്താമായിരുന്നു.


 


No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....