*ശരിയെന്തെന്ന് മനസിലാകാൻ*
*അടുത്ത തലമുറ പിറക്കണം*
*ഈ മൗലവിമാരുടെ ഒരു ഗതികേട് !*
✍️aslamsaquafi payyoli
പുതിയ തലമുറ പഴയ തലമുറയെ മതത്തിനു പുറത്തു നിർത്തുക എന്നത് മൗലവിമാരുടെ ജന്മസിദ്ധിയെന്ന് വേണം പറയാൻ.
KNM ഖുർആൻ പരിഭാഷകൻ അമാനി മൗലവി, മുജാഹിദ് പണ്ഡിത സഭ മുൻ പ്രസിഡന്റ് ഉമർ മൗലവി, KNM മുൻ പ്രസിഡന്റ് ഡോക്ടർ ഉസ്മാൻ തുടങ്ങിയ കഴിഞ്ഞകാല നേതൃത്വം ഖുർആൻ വിരുദ്ധ ആശയം പഠിപ്പിച്ചുവെന്നാണ് മൗലവിമാരുടെ പുതിയ ഗവേഷണ പഠനം.
പിശാച് അവനെ സേവിക്കുന്നവരെയും അല്ലാത്തവരെയും സഹായിക്കും എന്നും അതിൽ യാതൊര സാംഗത്യവുമില്ലെന്നും വ്യക്തമാക്കി പഠിപ്പിച്ചവരായിരുന്നു വഹാബി കഴിഞ്ഞ തലമുറയിലെ നേതൃത്വം.
അമാനി എഴുതുന്നു:
ഏതെങ്കിലും ഒരു പിശാചിനെ പ്രത്യേകം സേവിച്ചില്ലെങ്കിൽ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്നം നോക്കിയും പറയുന്ന കാര്യത്തിൽ പൈശാചിക സഹായം കിട്ടും. തന്മൂലം മറ്റുള്ളവർക്ക് അറിയാൻ പ്രയാസമുള്ള പല അറിവും ഇത്തരം ജോലിയിൽ ഏർപ്പെട്ടവർക്ക് ലഭിക്കുകയും ചെയ്യും ഇതിൽ യാതൊര സാംഗത്യവും ഇല്ല തന്നെ. "
(ഇസ്ലാമിക ജീവിതം 429)
കെ ഉമർ മൗലവിപുറത്തിറക്കുന്ന സൽസബീലിൽ ഡോക്ടർ ഉസ്മാൻ എഴുതുന്നു:
"പിശാചിനെ ആരാധിക്കുന്ന പിശാചിന്റെ ഇച്ഛക്ക് വിധേയമായി പ്രവർത്തിക്കുന്ന മനുഷ്യർക്ക് അവൻ ചിലപ്പോൾ ചില്ലറ ഉപകാരങ്ങൾ ചെയ്തു കൊടുത്തേക്കാം...അപ്പോൾ മനുഷ്യരിൽ ചിലർ ജിന്നുകളിൽ ചിലരെ ഉപയോഗപ്പെടുത്തി എന്നാണല്ലോ മനസ്സിലാകുന്നത്. ഈ ഉപയോഗപ്പെടുത്തൽ ഏതു നിലക്കും ആകാം ചിലപ്പോൾ പ്രത്യക്ഷമായി തന്നെ കാണാതായ മനുഷ്യരെയും വസ്തുക്കളെയും കുറിച്ചും ആകാം അപൂർവമായ ഘട്ടങ്ങളിൽ പിശാച് അവൻറെ മിത്രത്തെ സഹായിച്ചേക്കാം...ഈ വിഷയത്തിൽ വളരെ ഗവേഷണപരമായി ചർച്ച ചെയ്തിട്ടുള്ളത് മഹാനായ ഇബ്നു തൈമിയ്യ ആണ്. വായുവിൽ കൂടെ തന്റെ മിത്രത്തെ അവൻ ഇഛിക്കുന്നിടത്തേക്ക് ജിന്ന് വഹിച്ചു കൊണ്ടുപോകും എന്നുവരെ അദ്ദേഹം എഴുതിയിട്ടുണ്ട്. പിശാച് അവന്റെ മിത്രങ്ങൾക്ക് ചെയ്തുകൊടുക്കുന്ന ഉപകാരങ്ങളെ കുറിച്ച് വിവരിക്കുകയാണ് അദ്ദേഹം. "
(സൽസബീൽ 1994
ജനുവരി പേജ് 27, 28)
എന്നാൽ പുതിയ ഗവേഷണ പ്രകാരം ഇതെല്ലാം ഖുർആൻ വിരുദ്ധമാണ്.
ശബാബ് വാരിക എഴുതുന്നു:
"ജിന്ന് പിശാചുക്കളെ പൂജിച്ചാലും സഹായം തേടിയാലും സഹായിക്കുമെന്നത് വ്യാജ പ്രചാരണവും ഖുർആനിനും സുന്നതിനും വിരുദ്ധവുമാണ്. പിശാചിനെ പൂജിച്ചാലും സഹായം തേടിയാലും പിശാചിന് നമ്മെ സഹായിക്കുവാൻ സാധിക്കുമെന്നത് മന്ത്രവാദികളുടെയും സാഹിറുകളുടെയും വാദമാണ്. ഈ വിശ്വാസം ഖുർആനിനും സുന്നത്തിനും വിരുദ്ധമാണ്.
(ശബാബ് വാരിക
2023 ജൂലൈ 14 പേ: 29)
പിശാചിനെ നേരിട്ട് പൂജിച്ചാലും അവന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി മറ്റുള്ളവരെ പൂജിച്ചാലും പിശാചിന് നമ്മെ ഒരു നിലക്കും സഹായിക്കാൻ സാധിക്കില്ല. അത്തരം വാദങ്ങൾ ആര് നടത്തിയാലും അത് ഖുർആനും സുന്നത്തിനും വിരുദ്ധമാണ് "
(ശബാബ് വാരിക 2023
ജൂലൈ 14 പേജ് : 30)
ഇനി, ഇവർ ഇപ്പോൾ പറയുന്നതാണോ ശരി എന്ന് മനസിലാകാൻ വഹാബികളുടെ അടുത്ത തലമുറ പിറക്കേണ്ടിവരും.
ഏതായാലും ഈ ഖുർആൻ വിരുദ്ധ ആശയം പ്രചരിപ്പിച്ച അമാനി മൗലവിയെയും ഉമർ മൗലവിയെയും ഇപ്പോഴും സ്വന്തം നേതാവായി പരിചയപ്പെടുത്തുന്നതെങ്ങിനെയെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നേയില്ല.
No comments:
Post a Comment