Tuesday, September 29, 2026

ഹല്ലാജിന്റെ 'അനൽ ഹഖ്' (ഞാൻ ഹഖ് ആകുന്നു), അബൂ യസീദ് അൽ-ബിസ്താമിയുടെ 'സുബ്ഹാനീ, സുബ്ഹാനീ' (എനിക്ക് പരിശുദ്ധി) എന്നീ വാക്കുകളുടെ അർത്ഥമെന്താണ്?

 ഇബ്നുഹജർ ഹൈതമി (റ) യോട്ചോദ്യം: മൻസൂർ അൽ-ഹല്ലാജിന്റെ 'അനൽ ഹഖ്' (ഞാൻ ഹഖ് ആകുന്നു), അബൂ യസീദ് അൽ-ബിസ്താമിയുടെ 'സുബ്ഹാനീ, സുബ്ഹാനീ' (എനിക്ക് പരിശുദ്ധി) എന്നീ വാക്കുകളുടെ അർത്ഥമെന്താണ്?


ഈ ചോദ്യത്തിന് ഇബ്നു ഹാജർ (റ) പറഞ്ഞ മറുപടിയിലെ കടക്കുന്നതിനു മുമ്പ് 

മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ച് ഒരിക്കൽ വായിച്ച ഒരു സംഭവം ഓർക്കുന്നു.


മരണപ്പെട്ട സ്വന്തം കുഞ്ഞിനെ താങ്ങിപ്പിടിച്ച് പൊട്ടിക്കരയുന്ന ഒരു രംഗം. അഭിനയിച്ചുകൊണ്ടിരിക്കെ, ഒരു ഘട്ടത്തിൽ അദ്ദേഹം കഥാപാത്രത്തെ അവതരിപ്പിക്കുകയല്ലാതായി. മരിച്ചുപോയ തന്റെ കുഞ്ഞിനെ താങ്ങിപ്പിടിച്ച് വിലപിക്കുന്ന ഒരു അച്ഛന്റെ മനോഭാവത്തിലേക്ക് അദ്ദേഹം പൂർണ്ണമായും മാറിപ്പോയി.


‘കട്ട്’ എന്ന് പറഞ്ഞ് രംഗം അവസാനിപ്പിക്കാൻ സംവിധായകൻ സൂചിപ്പിച്ചിട്ടും, അദ്ദേഹം കരച്ചിൽ നിർത്തിയില്ല. കാരണം, ആ നിമിഷത്തിൽ താൻ അഭിനയിക്കുകയാണെന്ന ബോധം പോലും അദ്ദേഹത്തിൽ നിന്ന് അകന്നുപോയിരുന്നു. താൻ ഒരു നടനാണെന്നതും മുന്നിലുള്ളത് അഭിനയരംഗമാണെന്നതും മറന്ന്, മരണപ്പെട്ട കുഞ്ഞിന്റെ അച്ഛനായി അദ്ദേഹം ആ നിമിഷത്തിൽ ജീവിക്കുകയായിരുന്നു.


കുറച്ചുസമയത്തിന് ശേഷമാണ് അദ്ദേഹം ആ കഥാപാത്രത്തിൽ നിന്ന് പുറത്തുവന്ന് യാഥാർഥ്യബോധത്തിലേക്ക് തിരിച്ചെത്തിയത്.


                                   അനൽ ഹഖ് 


(ﻭﺳﺌﻞ) ﻧﻔﻊ اﻟﻠﻪ ﺑﻪ ﻣﺎ ﻣﻌﻨﻰ ﻗﻮﻝ اﻟﺤﻼﺝ ﺃﻧﺎ اﻟﺤﻖ ﻭﻗﻮﻝ ﺃﺑﻲ ﻳﺰﻳﺪ ﺳﺒﺤﺎﻧﻲ ﺳﺒﺤﺎﻧﻲ (ﻓﺄﺟﺎﺏ) ﺑﻘﻮﻟﻪ ﻟﻠﻌﺎﺭﻓﻴﻦ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻢ ﻭﻧﻔﻌﻨﺎ ﺑﻌﻠﻮﻣﻬﻢ ﻭﺃﺳﺮاﺭﻫﻢ ﻭﻟﺤﻈﺎﺗﻬﻢ ﺃﻭﻗﺎﺕ ﻳﻐﻠﺐ ﻋﻠﻴﻬﻢ ﻓﻴﻬﺎ ﺷﻬﻮﺩ اﻟﺤﻖ ﺗﻌﺎﻟﻰ ﺑﻌﻴﻦ اﻟﻌﻠﻢ ﻭاﻟﺒﺼﻴﺮﺓ ﻓﺈﺫا ﺗﻢ ﻟﻬﻢ ﺫﻟﻚ اﻟﺸﻬﻮﺩ ﺫﻫﻠﻮا ﺣﺘﻰ ﻋﻦ ﻧﻔﻮﺳﻬﻢ ﻭﻟﻢ ﻳﺒﻖ ﻟﻬﻢ ﺷﻌﻮﺭ ﺑﻐﻴﺮ اﻟﺤﻖ اﻷﻗﺪﺱ اﻟﺬﻱ ﻣﻨﺤﻮﻩ اﻟﻤﺸﺎﺭ ﺇﻟﻴﻪ ﺑﻘﻮﻟﻪ ﺗﻌﺎﻟﻰ ﻓﺈﺫا ﺃﺣﺒﺒﺘﻪ ﺻﺮﺕ ﺳﻤﻌﻪ ﻭﻋﻴﻨﻪ ﻭﻳﺪﻩ ﻭﺭﺟﻠﻪ اﻟﺤﺪﻳﺚ ﻭﻳﺜﺒﺘﻮﻥ ﻷﻧﻔﺴﻬﻢ ﺑﻄﺮﻳﻖ اﻹﻳﻬﺎﻡ ﻻ ﺑﻄﺮﻳﻖ اﻟﺤﻘﻴﻘﺔ ﻣﺎ ﺃﺛﺒﺘﻪ اﻟﺤﻖ ﻟﻨﻔﺴﻪ ﻻ ﺑﻤﻌﻨﻰ اﻻﺗﺤﺎﺩ اﻟﺬﻱ ﻫﻮ ﻋﻴﻦ اﻟﻜﻔﺮ ﻭاﻹﻟﺤﺎﺩ ﻭﺣﺎﺷﺎﻫﻢ اﻟﻠﻪ ﻋﻨﻪ ﺑﻞ ﺑﻤﻌﻨﻰ اﺗﺤﺎﺩ اﻟﺸﻬﻮﺩ اﻟﺬﻱ ﺻﻴﺮ اﻟﺤﻜﻢ ﻟﻴﺲ ﺇﻻ ﻟﺬاﺕ اﻟﺤﻖ ﺗﻌﺎﻟﻰ ﻭﺗﻘﺪﺱ ﻓﻘﻮﻟﻪ ﺃﻧﺎ اﻟﺤﻖ ﺃﻭ ﺳﺒﺤﺎﻧﻲ ﻣﻌﻨﺎﻩ ﻗﺪ ﺗﺠﻠﻰ ﻋﻠﻰ اﻟﺤﻖ ﺑﺸﻬﻮﺩﻩ ﺣﺘﻰ ﺻﺮﺕ ﻛﺄﻧﻲ ﻫﻮ ﻫﺬا ﻛﻠﻪ ﺇﻥ ﺻﺪﺭ ﻋﻨﻬﻢ ﺫﻟﻚ ﻓﻲ ﺣﺎﻝ اﻟﺼﺤﻮ ﻭﺃﻣﺎ ﺇﺫا ﺻﺪﺭ ﻋﻨﻬﻢ ﺫﻟﻚ ﻓﻲ ﺣﺎﻝ اﻟﻐﻴﺒﺔ ﻓﻬﻮ ﻣﻦ اﻟﺸﻄﺤﺎﺕ اﻟﺘﻲ ﻻ ﺣﻜﻢ ﻟﻬﺎ ﺇﺫ ﻻ ﻳﺤﻜﻢ ﺇﻻ ﻋﻠﻰ ﻣﺎ ﺗﻠﻔﻆ ﺑﻪ ﺻﺎﺣﺒﻪ ﻓﻲ ﺣﺎﻝ اﻟﺼﺤﻮ ﻭاﻻﺧﺘﻴﺎﺭ ﻭﺃﻣﺎ ﻣﺎ ﺗﻠﻔﻆ ﺑﻪ ﻓﻲ ﺣﻴﺰ اﻟﺼﺤﻮ ﻭاﻟﻐﻴﺒﺔ ﻓﻼ ﻳﺪاﺭ ﻋﻠﻴﻪ ﺣﻜﻢ اﻟﺒﺘﺔ ﺗﻌﺎﻟﻰ ﻓﺤﻴﻨﺌﺬ ﻳﺘﻜﻠﻤﻮﻥ ﻋﻠﻰ ﻟﺴﺎﻥ ﺫﻟﻚ اﻟﻘﺮﺏ


فتاوى الحديثة 


ഇബ്നുഹജർ ഹൈതമി (റ) യോട്ചോദ്യം: മൻസൂർ അൽ-ഹല്ലാജിന്റെ 'അനൽ ഹഖ്' (ഞാൻ ഹഖ് ആകുന്നു), അബൂ യസീദ് അൽ-ബിസ്താമിയുടെ 'സുബ്ഹാനീ, സുബ്ഹാനീ' (എനിക്ക് പരിശുദ്ധി) എന്നീ വാക്കുകളുടെ അർത്ഥമെന്താണ്?


​അദ്ദേഹം മറുപടി പറഞ്ഞു: ആരിഫീങ്ങൾക്ക് 

(അല്ലാഹുവിനെ അറിഞ്ഞ ജ്ഞാനികൾക്ക്) - അല്ലാഹു അവരെക്കൊണ്ട് തൃപ്തിപ്പെടുകയും അവരുടെ വിജ്ഞാനങ്ങൾ, രഹസ്യങ്ങൾ, കടാക്ഷങ്ങൾ എന്നിവകൊണ്ട് നമുക്ക് ഉപകാരം നൽകുകയും ചെയ്യട്ടെ - 


അറിവിന്റെയും ഉൾക്കാഴ്ചയുടെയും കണ്ണുകളിലൂടെ അല്ലാഹുവിനെക്കുറിച്ചുള്ള സാക്ഷ്യം (ശുഹൂദുൽ ഹഖ്) പൂർണ്ണമായി ആധിപത്യം സ്ഥാപിക്കുന്ന ചില സമയങ്ങളുണ്ടാകും. ഈ സാക്ഷ്യം പൂർണ്ണമാകുമ്പോൾ, അവർ സ്വന്തം അസ്തിത്വത്തെക്കുറിച്ച് പോലും മറന്നുപോകുന്നു. 

അല്ലാഹു അവർക്ക് നൽകിയ ആ പരമപരിശുദ്ധമായ അസ്തിത്വത്തെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും അവർക്ക് യാതൊരു ബോധവും ബാക്കിയുണ്ടാകില്ല. "ഞാൻ എന്റെ ദാസനെ ഇഷ്ടപ്പെട്ടാൽ, അവൻ കേൾക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കയ്യും നടക്കുന്ന കാലും ഞാനാകും" എന്ന ഹദീസ് സൂചിപ്പിക്കുന്നത് ഇതാണ്.

​അല്ലാഹു തന്റെ സത്തക്ക് നൽകിയ വിശേഷണങ്ങൾ അവർ തങ്ങളിലേക്ക് ചേർത്തുപറയുന്നത് യാഥാർത്ഥ്യമായിട്ടല്ല, മറിച്ച് അതൊരു പ്രതീതി (ഈഹാം) എന്ന നിലയിലാണ്. ഇത് തികഞ്ഞ കുഫ്‌റും (അവിശ്വാസം) ഇൽഹാദും (വഴികേടും) ആയ 'ഇത്തിഹാദ്' (ദൈവവുമായി ലയിച്ചു ചേരുക) എന്ന അർത്ഥത്തിലല്ല  മറിച്ച്, ഇത് 'ഇത്തിഹാദുശ്ശുഹൂദ്' (സാക്ഷ്യത്തിന്റെ ലയനം) എന്ന അർത്ഥത്തിലാണ്. അതായത്, അവിടെയുള്ളതെല്ലാം പരിശുദ്ധനായ അല്ലാഹുവിന്റെ സത്ത മാത്രമാണെന്ന ബോധ്യത്തിലേക്ക് അവർ മാറുന്നു. അതിനാൽ, 'അനൽ ഹഖ്' അല്ലെങ്കിൽ 'സുബ്ഹാനീ' എന്ന അവരുടെ വാക്കിന്റെ അർത്ഥം ഇതാണ്: "അല്ലാഹു അവന്റെ സാന്നിധ്യം എന്റെമേൽ വെളിപ്പെടുത്തി, അങ്ങനെ ഞാൻ അവനാണെന്ന പ്രതീതിയിലായി".

​അവർക്ക് ബോധമുള്ള (സഹ്‌വ്) അവസ്ഥയിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കിലാണ് ഈ വിശദീകരണം. 


എന്നാൽ, അവർക്ക് സ്വയം ബോധമില്ലാത്ത ആത്മീയലഹരിയുടെ അവസ്ഥയിലാണ് (ഗൈബത്ത്) ഇത്തരം വാക്കുകൾ അവരിൽ നിന്ന് പുറപ്പെടുന്നതെങ്കിൽ, അത് 'ശത്വാഹാത്ത്' (ആത്മീയ നിർവൃതിയിൽ പുറപ്പെടുന്ന വാക്കുകൾ) ഗണത്തിൽ പെടുന്നു. അതിന്മേൽ മതപരമായ യാതൊരു വിധിയും (ശിക്ഷയും) ബാധകമല്ല. കാരണം, പൂർണ്ണ ബോധത്തോടെയും സ്വന്തം ഇഷ്ടപ്രകാരവും ഒരാൾ പറയുന്ന വാക്കുകൾക്ക് മാത്രമേ വിധി കൽപ്പിക്കാൻ പാടുള്ളൂ. ബോധമില്ലാത്ത അവസ്ഥയിൽ ഒരാൾ പറയുന്ന വാക്കുകൾക്ക്മേൽ യാതൊരു വിധിയും ബാധകമാവുകയില്ല. ആ സമയത്ത് അവർ അല്ലാഹുവുമായുള്ള ആ അങ്ങേയറ്റത്തെ സാമീപ്യത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.

No comments:

Post a Comment