മുൻകാമികളെ പിൻപറ്റരുതെന്ന് ഖുർആനിലുണ്ടോ?
ചോദ്യം
ഖുർആൻ പറയുന്നു:
وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّهُ قَالُوا بَلْ نَتَّبِعُ مَا أَلْفَيْنَا عَلَيْهِ آبَاءَنَا ۗ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْقِلُونَ شَيْئًا وَلَا يَهْتَدُونَ
“അല്ലാഹു ഇറക്കിത്തന്ന സന്ദേശം പിൻപറ്റാൻ ആവശ്യപ്പെട്ടാൽ അവർ പറയും: ‘ഞങ്ങളുടെ പൂർവപിതാക്കൾ പിന്തുടർന്നതായി ഞങ്ങൾ കണ്ടതിനെ മാത്രമേ ഞങ്ങൾ പിൻപറ്റുകയുള്ളൂ.’ അവരുടെ പിതാക്കൾ ഒന്നും ചിന്തിക്കാത്തവരും നേർവഴി പ്രാപിക്കാത്തവരുമായിരുന്നിട്ടും!”
(സൂറത്ത് അൽ-ബഖറ: 170)
ഇതിൽ നിന്ന് മുൻകാമികളെ പിൻപറ്റുന്ന സുന്നികളുടെ നിലപാട് തെറ്റാണെന്ന് വരില്ലേ?
ഉത്തരം
ഇല്ല. ഈ ആയത്തിന്റെ ഉദ്ദേശ്യം മുൻകാമികളായ മഹാന്മാരെയും പണ്ഡിതന്മാരെയും പിൻപറ്റുന്നതിനെതിരല്ല.
കാരണം, ഈ ആയത്ത് അവിശ്വാസികളും ബഹുദൈവാരാധകരുമായ ആളുകൾ സത്യവിശ്വാസത്തിനെതിരെ തങ്ങളുടെ ബഹുദൈവവിശ്വാസികളായ പിതാക്കളെ പിൻപറ്റുന്നതിനെ വിമർശിച്ചുകൊണ്ട് ഇറങ്ങിയ വചനമാണ്.
ശരീഅത്തിന് വിരുദ്ധവും യുക്തിഭദ്രവുമല്ലാത്ത ബഹുദൈവാരാധനയ്ക്ക് മുശ്‌രിക്കുകൾക്ക് പറയാനുള്ള ഏക ന്യായം പിതാക്കളെ പിൻപറ്റുക എന്നതായിരുന്നു.
ഇബ്നു കസീർ (റ) തന്നെ പറയുന്ന വ്യാഖ്യാനം ഇതിനെ വ്യക്തമാക്കുന്നു:
يقول تعالى : ( وإذا قيل ) لهؤلاء الكفرة من المشركين : ( اتبعوا ما أنزل الله ) على رسوله ، واتركوا ما أنتم فيه من الضلال والجهل ، قالوا في جواب ذلك : ( بل نتبع ما ألفينا ) أي : وجدنا ( عليه آباءنا ) أي : من عبادة الأصنام والأنداد . قال الله تعالى منكرا عليهم : ( أولو كان آباؤهم ) أي : الذين يقتدون بهم ويقتفون أثرهم ( لا يعقلون شيئا ولا يهتدون ) أي : ليس لهم فهم ولا هداية ! !
“മുശ്‌രിക്കുകളായ ഈ അവിശ്വാസികളോട് അല്ലാഹുവിന്റെ റസൂലിന് മേൽ അവതരിപ്പിക്കപ്പെട്ടത് പിൻപറ്റുകയും നിങ്ങൾ ആയിരിക്കുന്ന വഴിപിഴച്ചതും അജ്ഞതാപരവുമായ കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുക എന്ന് പറയപ്പെട്ടാൽ അവർ അതിന് മറുപടിയായി പറയും: ‘ഞങ്ങളുടെ പിതാക്കൾ പിന്തുടർന്നത് ഞങ്ങളും പിന്തുടരും.’ അതായത്, വിഗ്രഹങ്ങളെയും സമന്മാരെയും ആരാധിക്കുന്നത്. അല്ലാഹു അവരെ നിഷേധിച്ചുകൊണ്ട് ചോദിക്കുന്നു: ‘അവരുടെ പിതാക്കൾ യാതൊന്നും ഗ്രഹിക്കാത്തവരും നേർവഴി പ്രാപിക്കാത്തവരുമായിരുന്നാലും?’”
(തഫ്സീർ ഇബ്നു കസീർ)
ഇബ്നു അബ്ബാസ് (റ)യിൽ നിന്ന് ഇബ്നു ഇസ്ഹാഖ് നിവേദനം ചെയ്യുന്നു: ഒരു വിഭാഗം ജൂതന്മാരെ നബി ﷺ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോൾ അവർ പറഞ്ഞു: “ഞങ്ങളുടെ പിതാക്കൾ പിന്തുടർന്നതിനെ തന്നെയാണ് ഞങ്ങളും പിന്തുടരുന്നത്.” അപ്പോൾ ഈ ആയത്ത് അവതരിച്ചതാണ്.
മുൻകാമികളായ സത്യവിശ്വാസികളുടെ മാർഗം പിൻപറ്റണം
മുൻകാമികളായ സത്യവിശ്വാസികളുടെ മാർഗം പിൻപറ്റാത്തവർക്ക് മുന്നറിയിപ്പ് നൽകുന്നതും ഖുർആനിൽ തന്നെയുണ്ട്:
وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا
“തനിക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലിനോട് എതിർത്തുനിൽക്കുകയും സത്യവിശ്വാസികളുടെ മാർഗമല്ലാത്ത മറ്റൊരു മാർഗം പിന്തുടരുകയും ചെയ്താൽ, അവൻ തിരിഞ്ഞ വഴിയിലേക്ക് തന്നെ നാം അവനെ തിരിക്കും; അവനെ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. അത് എത്ര മോശമായ പര്യവസാനം!”
(സൂറത്തുന്നിസാഅ്: 115)
അനുഗ്രഹീതരായ മഹാന്മാരുടെ മാർഗം പിൻപറ്റണമെന്നതും അതാണ് ചൊവ്വായ മാർഗമെന്നും ഫാതിഹ സൂറത്ത് തന്നെ നമ്മെ പഠിപ്പിക്കുന്നു:
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ
“നീ അനുഗ്രഹിച്ചവരുടെ മാർഗം.”
പുതിയ വാദങ്ങളുമായി വരുന്നവരെ സൂക്ഷിക്കണം
അവസാന കാലത്ത് ധാരാളം കബളിപ്പിക്കുന്ന കള്ളവാദികൾ വരുമെന്നും, നമ്മുടെ പിതാക്കൾ പോലും കേട്ടിട്ടില്ലാത്ത പുതിയ വാദങ്ങളുമായി അവർ വരുമെന്നും, അവർ നമ്മെ പിഴപ്പിക്കാതിരിക്കാനും ഫിത്നയിലാക്കാതിരിക്കാനും അവരെ സൂക്ഷിക്കണമെന്നും മുസ്‌ലിം ഇമാം റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം:
وعن أبي هريرة - رضي الله عنه - قال : قال رسول الله - صلى الله عليه وسلم - : " يكون في آخر الزمان دجالون كذابون يأتونكم من الأحاديث بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم ، لا يضلونكم ولا يفتنونكم " . رواه مسلم .
അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു:
“അന്ത്യകാലത്ത് കള്ളം പറയുന്ന ദജ്ജാലുകളുണ്ടാകും. നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത ഹദീസുകളുമായി അവർ നിങ്ങളുടെ അടുക്കൽ വരും. അതിനാൽ അവരെ സൂക്ഷിക്കുക. അവർ നിങ്ങളെ വഴിപിഴപ്പിക്കാതെയും ഫിത്നയിലാക്കാതെയും നോക്കുക.”
(സ്വഹീഹ് മുസ്‌ലിം)
ദീനിന്റെ വിജ്ഞാനം സംരക്ഷിക്കുന്ന പണ്ഡിതന്മാർ
കഴിഞ്ഞകാല ലോകപണ്ഡിതന്മാർ എല്ലാ പുത്തൻവാദങ്ങളെയും നിർമാർജനം ചെയ്യുകയും, ആക്ഷേപിക്കുന്നവരുടെ ആക്ഷേപം വകവെക്കാതെ ഭയപ്പെടാതെ സത്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്:
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ :
"يَحْمِلُ هَذَا الْعِلْمَ مِنْ كُلِّ خَلَفٍ عُدُولُهُ، يَنْفُونَ عَنْهُ تَحْرِيفَ الْغَالِينَ، وَانْتِحَالَ الْمُبْطِلِينَ، وَتَأْوِيلَ الْجَاهِلِينَ"
“ഓരോ പിൻതലമുറയിലും നീതിമാന്മാരായ ആളുകൾ ഈ വിജ്ഞാനം വഹിക്കുന്നവരായിരിക്കും. അതിരുകടന്നവരുടെ ദുർവ്യാഖ്യാനങ്ങളെയും, അസത്യവാദികളുടെ കടന്നുകയറ്റങ്ങളെയും, വിവരമില്ലാത്തവരുടെ വ്യാഖ്യാനങ്ങളെയും അവർ ദീനിൽ നിന്ന് നീക്കം ചെയ്യും.”
അല്ലാഹുവിനും റസൂലിനും, നിങ്ങളിൽ നിന്നുള്ള അധികാരികൾക്കും പണ്ഡിതന്മാർക്കും വഴിപ്പെടണമെന്ന് ഖുർആനിലും വ്യക്തമാക്കിയിട്ടുണ്ട്.
അവിശ്വാസികളെക്കുറിച്ച് ഇറങ്ങിയ ആയത്തുകൾ ദുർവ്യാഖ്യാനം ചെയ്ത് മുസ്‌ലിംകളുടെ മേൽ കെട്ടിവെക്കുന്ന സ്വഭാവം ഖവാരിജുകൾക്കുണ്ടായിരുന്നു എന്ന് ഇബ്നു ഉമർ (റ) പറഞ്ഞതായി ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വഹാബികൾ ആധുനിക ഖവാരിജുകളാണെന്ന് അല്ലാമാ സ്വാവി (റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment