ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്നാൽ ഓൺലൈനിലൂടെ ഒരു ഉത്‌പ ന്നം വാങ്ങുമ്പോൾ അത് നേരിട്ട് കാണാത്തതിനാൽ ഇസ്‌ലാമിക നിയമമനുസരിച്ച് ആ ഇടപാട് ശരിയല്ലെന്ന് പറയുന്നതായി കേട്ടു. വസ്‌തു നേരിട്ട് കാണുന്നില്ലെങ്കിലും വസ്‌തുവിനെക്കുറിച്ച് കൃത്യമായി അറിയാൻ കഴിയു ന്നുണ്ട്. ഇത് മതിയാവുകയില്ലേ? കണ്ടറിയുന്നതിലേറെ കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്. എങ്കിൽ കാണണമെന്നുണ്ടോ? കാണണമെന്നുണ്ടെങ്കിൽ അതിൻ്റെ മോഡൽ കണ്ടാൽ മതിയാകുമോ?
ഉത്തരം: ഓൺലൈൻ മുഖേന വസ്തുക്കൾ വാങ്ങുന്നതിന് വ്യത്യസ്ത രൂപങ്ങളുണ്ട്. ഓൺലൈനിലൂടെ വസ്തു പരിചയപ്പെട്ട് ബുക്ക് ചെയ്യുകയും കമ്പനിയുടെ പ്രതിനിധി വസ്‌തുവുമായി നേരിട്ടെത്തുമ്പോൾ വസ്തു കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം വസ്തു വാങ്ങുകയും ചെയ്യുന്നതാണ് ഒരു രൂപം. വസ്തു കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടാൽ വാങ്ങുകയും ഇല്ലെങ്കിൽ തിരിച്ചയക്കുകയും ചെയ്യാം. വസ്‌തു കണ്ടതിനു ശേഷം നേരിട്ടുള്ള ഇടപാടായതിനാൽ വിൽക്കപ്പെടുന്ന വസ്‌തു കാണുന്നില്ല എന്ന പ്രശ്നം ഇവിടെയില്ലെന്ന് വ്യക്തമാണല്ലോ. ഈ രൂപത്തിൽ വാങ്ങുമ്പോൾ ഇസ്‌ലാമിക ഫിഖ്ഹനുസരിച്ച്
സ്വഹീഹായ രൂപത്തിൽ തന്നെ വാങ്ങാൻ സൗകര്യമു ണ്ടെന്ന് ചുരുക്കം.
ഓൺലൈനിലൂടെ വസ്‌തുവിന്റെ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി വസ്‌തു കാണാതെ തന്നെ ഇടപാട് നടത്തുന്നതാണ് മറ്റൊരു രൂപം. വിൽക്കപ്പെടുന്ന വസ്‌തു കാണാതെ ഇടപാട് നടത്തുന്നുവെന്ന പ്രശ്നം ഇവിടെയുണ്ട്. എന്നാൽ വസ്‌തു കാണാതെയുള്ള ഇടപാട് ശരിയാണെന്നോ അല്ലെന്നോ നിരുപാധികം പറയാവുന്നതല്ല. വിശദീകരണം ആവശ്യമാണ്.
വസ്‌തുക്കൾ വിൽക്കലും വാങ്ങലും രണ്ടു രൂപത്തിലുണ്ട്:
1 കേവലം നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഒന്ന് എന്ന സ്വഭാവത്തിലല്ലാതെ നിശ്ചിതമായ ഒരു വസ്തുവിനെ വിൽക്കുന്നതാണ് ഒന്നാം രൂപം. -ബൈഉൽ മുഅയ്യൻ - എന്നാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഈ രൂപത്തെക്കുറിച്ച് പറയാറുള്ളത്. ഇവിടെ വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന നിശ്ചിതമായ ഒരു വസ്തു ഉണ്ട്. അതാണ് ഇടപാട് ചെയ്യപ്പെടുന്നത്.
2. ഒരു പ്രത്യേക വർഗ്ഗത്തിലും ഇനത്തിലും പെട്ട നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഏതെങ്കിലും ഒന്ന് എന്ന രീതിയിൽ വിൽപന നടത്തലാണ് രണ്ടാം രൂപം. -ബയ്‌ൽ മൗസൂഫി ഫിദ്ദിമ്മതി- എന്നാണ് ഇതിനെക്കുറിച്ച് പറയാറുള്ളത്.
ഒന്നാം രൂപത്തിൽ വിൽപ്പന വസ്തു കാണൽ നിർബന്ധമാണന്നും കാണാതെ ഇടപാട് നടത്തൽ അസാധുവാണെന്നുമാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. ഇതനുസരിച്ച് വിൽപ്പന വസ്‌തുവിനെ തന്നെ കാണണം. മോഡൽ കണ്ടാൽ മതിയാവുകയില്ല. വസ്‌തുവിനെ കാണാതെ മറ്റു മാർഗ്ഗങ്ങളിലൂടെ അതിനെക്കുറിച്ച് അറിവ് ലഭിച്ചാലും മതിയാവുകയില്ല. എന്നാൽ വസ്‌തുവിനെ കാണാതെ തന്നെ ഈ ഇടപാട് ശരിയാകുമെന്ന് മദ്ഹബിൽ രണ്ടാമതൊരു അഭിപ്രായമുണ്ട്. മദ്ഹബിലെ പ്രബലനിലപാടല്ലെങ്കിലും
അതനുസരിച്ച് ഉള്ള
അഭിപ്രായം
പരിഗണനാർഹവും പ്രവർത്തിക്കൽ അനുവദനീയവുമാണ്.
ഇമാം നവവി റ ഇമാം ഇബ്നു ഹജർ റ എന്നിവർ എഴുതുന്നു: വിൽക്കുന്നവനോ വാങ്ങുന്നവനോ കണ്ടിട്ടില്ലാത്ത വസ്തുവിനെ വിൽക്കൽ സ്വഹീഹല്ലെ ന്നാണ് പ്രബലാഭിപ്രായം. വസ്‌തു ഇടപാട് സദസ്സിൽ ഉണ്ടെങ്കിലും അതിന്റെ വിശേഷണങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെങ്കിലും തെറ്റാനിടയില്ലാത്ത വിധം അതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലുമെല്ലാം ഇതു തന്നെയാണ് വിധി. കാണാതെ പറ്റില്ല. എന്നാൽ വസ്‌തുവിനെ കണ്ടില്ലെങ്കിലും ഇടപാട് സ്വഹീഹാകു മെന്നാണ് രണ്ടാം അഭിപ്രായം. മറ്റു മൂന്നു ഇമാമുകളും ഇതാണ് പറഞ്ഞിട്ടുള്ളത്. (തുഹ്ഫ : 4-263)
വിൽപന ഉദ്ദേശിക്കുന്ന നിശ്ചിത വസ്തുവിൻ്റെ വിശേഷണങ്ങളും ഗുണങ്ങളും പറയൽ കാഴ്‌ചക്ക് പകരമാവുകയില്ലെന്നാണ് പ്രബലം. കൃത്യമായി വസ്തു വിനെക്കുറിച്ച് അറിവ് ലഭിച്ചാലും മതിയാവുകയില്ല. കാണുക തന്നെ വേണം. വിവരണം ദർശനം പോലെയല്ല.
(തുഹ്ഫ 4-270)
രണ്ടാം
രൂപത്തിൽ വസ്‌തു കാണണമെന്ന നിബന്ധനയില്ല. വസ്‌തുവിന്റെ ഗുണ നിലവാരവും വിശേഷണങ്ങളും മനസ്സിലാക്കി കാണാതെ തന്നെ ഇടപാട് നടത്താവുന്നതാണ്. ഓൺലൈനിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് മിക്കവാറും ഈ രണ്ടാം രൂപത്തിലാണ് ഉൾപ്പെടുന്നത്. എങ്കിൽ വസ്തു കാണാതെതന്നെ വാങ്ങാവുന്നതാണ്. ഇത്തരം ഇടപാടുകളിൽ വിൽപന വസ്തു കാണേണ്ടതില്ലെന്ന് തുഹ്ഫ 4-270, 5-8 പേജുകളിൽ നിന്ന് വ്യക്തമാണ്.
എന്നാൽ ഈ രണ്ടാം രൂപത്തിൽ വിൽക്കപ്പെടുന്ന വസ്‌തുവിന്റെ സ്വഭാവം നിശ്ചിത വർഗ്ഗത്തിലും ഇനത്തിലും പെട്ട നിശ്ചിത ഗുണങ്ങളുള്ള ഏതെങ്കിലും ഒന്ന് എന്നതാണല്ലോ.
*ഇത്* എന്നവിധം കൃത്യമായ
ഒന്നായി അത് നിർണ്ണയിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇടപാടിന് ശേഷമാണെങ്കിലും ഇടപാടിന്റെ സദസ്സ് പിരിയും മുമ്പ് ഇടപാടിൽ പറയപ്പെട്ട വില "ഇത്" എന്ന സ്വഭാവത്തിൽ കൃത്യമായി നിർണ്ണയിക്കപ്പെടണം എന്ന നിബന്ധനയുണ്ട്. അല്ലാതിരുന്നാൽ വിൽപന വസ്‌തു പോലെ വിലയും "ഇത്" എന്ന രീതിയിൽ കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത കടബാധ്യതയായി തുടരുന്ന താണ്. “ദൈൻ" എന്നാണ് ഇത്തരം ബാധ്യതയെക്കുറിച്ച് ഫിഖ്ഹിൽ പറയാറുള്ളത്.
വിൽപ്പന ഇടപാടിൽ വസ്‌തുവും വിലയും ഒന്നിച്ച് ദൈൻ എന്ന സ്വഭാവത്തിലാവരുതെന്ന് നിയമമുണ്ട്. അത്തരത്തിലുള്ള ഇടപാട് നിരോധിക്കപ്പെട്ടതാണ്. ഒന്നാം രൂപത്തിൽ വിൽപന വസ്‌തു കൃത്യമായി തന്നെ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വില ദൈൻ ആകുന്നതിന് വിരോധമില്ല. എന്നാൽ രണ്ടാം രൂപത്തിൽ വിൽക്കപ്പെടുന്ന വസ്‌തുവിന് കൃത്യമായ നിർണ്ണയമില്ലാത്തതിനാൽ സദസ്സ് പിരിയുന്നതിനു മുമ്പെങ്കിലും ഇടപാടിൽ പറഞ്ഞിട്ടുള്ള വില കൃത്യമായി നിർണ്ണയിക്കപ്പെടണം. തുഹ്ഫ 5-8 ബുജൈരിമി 2-325 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.
ഓൺലൈൻ മുഖേന ഇടപാട് നടത്തിയ ഉടനെ ആ സ്ഥലത്ത് നിന്ന് പോകുന്നതിനു മുമ്പ് ഓൺലൈൻ ഇടപാടിൽ വിലയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സംഖ്യ വിറ്റവന്റെ അക്കൗണ്ടിലേക്ക് നൽകുന്നതിലൂടെ മേൽ നിബന്ധന പാലിക്കപ്പെടുമെന്നാണ് മനസ്സിലാകുന്നത്. അക്കൗണ്ടിലേക്ക് നൽകിയതോടെ വാങ്ങിയവൻ ബാധ്യതയിൽ നിന്ന് ഒഴിവായല്ലോ. വിൽപന വസ്തുവും വിലയും ദൈനായി തുടരുന്നു എന്ന പ്രശ്‌നം ഇപ്പോൾ അവശേഷിക്കുന്നില്ല. വസ്തുവും വിലയുമെല്ലാം കൈവശം നൽകുന്നതിലും വാങ്ങുന്നതിലും ജനങ്ങളുടെ പതിവു രീതികൾ സ്വീകാര്യമാണെന്ന് തുഹ്ഫ:4-411, റൗള:3-516 തുടങ്ങിയവയിൽ നിന്നെല്ലാം വ്യക്തമാണ്.
കൈവശം നൽകലും വാങ്ങലുമെല്ലാം വസ്‌തുക്കളുടെ സ്വഭാവത്തിനനുസരിച്ചും ജനങ്ങളുടെ പതിവു രീതികൾ ക്കനുസരിച്ചും മാറ്റം വരുന്നതാണെന്ന് ഇമാം ഖത്ത്വാബി (റ)മആലിമുസ്സുനനൽ:3-136 ൽ വിശദീകരിച്ചിട്ടുണ്ട്.
ചുരുക്കത്തിൽ ഓൺലൈനിലൂടെ വസ്തുക്കൾ വാങ്ങുന്നത് നിശ്ചിത ഗുണങ്ങളെ മാത്രം അവലംബിച്ചു കൊണ്ടുള്ള രണ്ടാം രൂപത്തിലൂടെയാണെങ്കിൽ വസ്തുവിനെ കാണേണ്ടതില്ല. വിലയായി നിശ്ചയിക്കപ്പെട്ട സംഖ്യ ഇടപാട് നടത്തിയ സ്ഥലത്തു നിന്ന് പോകുന്നതിന് മുമ്പുതന്നെ വസ്തുവിൻ്റെ ഉടമസ്ഥനിലേക്കോ പ്രതിനി ധിയിലേക്കോ കൈമാറിക്കൊണ്ട് ഇത്തരത്തിൽ വസ്തുക്കൾ വാങ്ങാവുന്നതാണ്. കൃത്യമായി ഇന്നത് എന്ന സ്വഭാവത്തിലുള്ള മദ്ഹബിലെ ഒന്നാം രൂപമാണെങ്കിൽ പ്രബലാഭിപ്രായം വസ്തുകാണൽ നിർബന്ധമാണെന്നാണങ്കിലും കാണാതെ വാങ്ങൽ അനുവദനീയമാണെന്നെ രണ്ടാം അഭിപ്രായമനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്.
അൽ ഫതാവ 2 ചെറുശോല അബ്ദുൽ ജലീൽ സഖാഫി
പകർത്തിയത്
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*കുറി, ലേലക്കുറി, ഭാഗ്യക്കുറി*
ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ
വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ യമാണോ? കുറെ ആളുകളിൽ നിന്ന് 500 രൂപ വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ടൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?
ഉത്തരം: ഇസ്ലലാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ
പറയുന്നു: സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ
ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും അല്ലാഹുവിൻ്റെ ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി ഖു )
ഭാഗ്യ പരീക്ഷണത്തിൻ്റെയും അനിശ്ചിതത്വത്തിന്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവൻ ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.
കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദിയമല്ല. നിഷിദ്ധമാണ്. ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതിലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.
എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന
പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.
ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം കുറികളിൽ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മത മുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)
ഭാഗ്യക്കുറിലോട്ടറി
ചോദ്യം: ഭാഗ്യക്കുറിയിൽ നിന്ന് ലഭിക്കുന്ന പണം നിഷിദ്ധമാണോ ?
ചോദ്യം: കൂപ്പണുകൾ നറുക്കിട്ടെടുത്ത് സമ്മാനങ്ങൾ സ്വീകരിക്കുന്നതിൻ്റെ വിധിയെന്താണ് ? നിശ്ചിത വസ്തുക്കൾ വിലക്ക് വാങ്ങുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണുകൾ നറുക്കിട്ടെടുത്ത് സ്ഥാപനം നൽകുന്ന സമ്മാനം /പണം സ്വീകരിക്കാമോ ?
ഉത്തരം : നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് പണം ലാഭമുണ്ടാ
വുകയും മറ്റുള്ളവർക്ക് അവർ മുടക്കിയ പണം നഷ്ടപ്പെടു കയും ചെയ്യുന്ന വിധം അനിശ്ചിതത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവമുള്ള നറുക്കെടുപ്പുകളെല്ലാം ഇസ്‌ലാം വിരോധിച്ച ചൂതാട്ടത്തിൻ്റെ വകഭേദങ്ങളിൽ പെട്ടതാണ്. ഇത്തരം നറുക്കെടുപ്പിൽ പങ്കെടുക്കുന്നതും അതിലൂടെ ലഭിക്കുന്ന സമ്പത്ത് സ്വീകരിക്കുന്നതും ഹറാമാണ്. ഓരോരുത്തർക്കും ലാഭമുണ്ടാകാനും നഷ്ടമുണ്ടാകാനും സാധ്യതയുള്ള അനിശ്ചിതത്വത്തിൻ്റെ സ്വഭാവമുള്ള ഏർപ്പാടുകളെല്ലാം നിഷിദ്ധമായ ചൂതാട്ടത്തിൽ പെട്ടതാണെന്ന് അല്ലാമാ ഇബ്‌നു ഹജർ (റ) ന്റെ തുഹ്ഫതുൽ മുഹ്‌താജ് 9-402,10-207 പേജുകളിൽ നിന്ന് മനസ്സിലാകുന്നതാണ്.
ഇസ്‌ലാം വളരെ ശക്തമായി നിരോധിച്ചതാണ് ചൂതാട്ടം. “സത്യവിശ്വാസികളേ മദ്യം, ചൂതാട്ടം, വിഗ്രഹ പ്രതിഷ്ഠകൾ, പ്രശ്നം നോക്കാനുള്ള അസ്ത്രങ്ങൾ എല്ലാം പൈശാചിക വൃത്തിയിൽ പെട്ടതാണ്. നിങ്ങൾ വിജയിക്കുന്ന തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഉപേക്ഷിക്കുക. മദ്യവും ചൂതാട്ടവും മുഖേന നിങ്ങൾ ക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും നിസ്കാരത്തിൽ നിന്നും അല്ലാഹുവിനെ കുറിച്ചുള്ള ഓർമയിൽ നിന്നും നിങ്ങളെ തടയാനും പിശാച് ലക്ഷ്യമിടുന്നു. അതിനാൽ അവയിൽ നിന്നെല്ലാം മാറിനിൽക്കാൻ നിങ്ങൾ തയ്യാറില്ലേ(വി.ഖു.5- 91,92)
മദ്യവും വിഗ്രഹങ്ങളും നിരോധിച്ച കൂട്ടത്തിൽ ചൂതാട്ടവും നിരോധിക്കുക വഴി ചൂതാട്ടം മഹാ അപക ടങ്ങളിൽ പെട്ടതാണെന്ന് വിശുദ്ധ ഖുർആൻ തര്യപ്പെ ടുത്തുകയാണ്. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ളവർ എല്ലാതരം ചൂതാട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കണം.
എന്നാൽ നിശ്ചിത വസ്തുക്കൾ വിലക്ക് വാങ്ങു മ്പോൾ സൗജന്യമായി ലഭിക്കുന്ന സമ്മാനകൂപ്പണുകളും അവയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനവും
സ്വീകരിക്കുന്നതിന് വിരോധമില്ല
സ്ഥാപനത്തിലേക്ക് ജനങ്ങൾ ആകർഷിക്കുവാൻ വേണ്ടി സ്ഥാപനത്തിൻറെ ഉപഭോക്താക്കളിൽ ചിലർക്ക് സമ്മാനംനൽകാൻ തീരുമാനിക്കുകയും അവരെ നറുക്കെടുപ്പിലെ തെരഞ്ഞെടുക്കുകയും ആണ് ചെയ്യുന്നത് . നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കാത്തവര് അവരുടെ ധനം നഷ്ടപ്പെടുന്നില്ല. കാരണം വാങ്ങിയ വസ്തുവിന്റെ വില മാത്രമാണല്ലോ അവർ നൽകിയത്.
ഈ രൂപത്തിലുള്ള നറുക്കെടുപ്പ് ചൂതാട്ടത്തിൻ്റെ പരിധി യിൽ ഉൾപ്പെടുന്നില്ല. അത് നിഷിദ്ധവുമല്ല. ഇപ്രകാരം തന്നെ ചില പ്രത്യേക സന്ദർഭങ്ങളിൽ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന റിബേറ്റ് ഉപയോഗപ്പെടുത്തുന്നതിനും വിരോധമില്ല.
അൽ ഫതാവ - ചെറുശോല
*പലിശക്കാരനുമായി ഇടപാട്*
ചോദ്യം: എന്റെ സ്ഥലം ഒരാൾക്ക് വിൽക്കാൻ ഉദ്ദേശി ക്കുന്നു. അദ്ദേഹം ബാങ്കിലെ ജോലിക്കാരനായിരുന്നു. അതിൽ നിന്ന് സമ്പാദിച്ച പണം കൊണ്ടാണ് ഇത് വാങ്ങുന്നത്.ഞാൻ എന്തു ചെയ്യണം? അദ്ദേഹത്തിന് ഭൂമി വിറ്റു ആ പണം സ്വീകരിക്കാമോ?
ഉത്തരം: പലിശ ഇടപാടിലൂടെയും അതുമായി ബന്ധപ്പെട്ട ജോലി മുഖേനയുമുള്ള സമ്പാദ്യം നിഷിദ്ധമാണ്. ഹറാമായ ധനവും ഹലാലായ ധനവുമുള്ള ഒരു വ്യക്തി യുമായി സാമ്പത്തിക ഇടപാടുകൾ നടത്തൽ പൊതുവേ കറാഹത്തും അദ്ദേഹം ഇടപാടിന് ഉപയോഗിക്കുന്ന ധനം ഹറാമാണെന്ന് കൃത്യമായി അറിയുമെങ്കിൽ ഹറാമുമാണെന്നാണ് നിയമം.
ശൈഖ് സൈനുദ്ദീൻ മഖ്‌ദും (റ) എഴുതുന്നു. ഹറാമും ഹലാലും കൈവശമുള്ളവനുമായി ഇടപാട് ചെയ്യൽ കറാഹത്താണ്. ഹറാമാണ് കൂടുതലുള്ള
തെങ്കിലും കറാഹത്ത് തന്നെയാണ്. എന്നാൽ അദ്ദേഹം ഇടപാട് നടത്തുന്ന ധനം തന്നെ ഹറാമാണെന്ന് അറിയാമെങ്കിൽ അവനുമായി ഇടപാട് നടത്തൽ ഹറാമാകുന്നു. (ഫത്ഹുൽ മുഈൻ 238) ഹറാമും ഹലാലും കൈവശമു ള്ളവനിൽ നിന്ന് ധനം സ്വീകരിക്കൽ കറാഹത്താണ്. ഹറാമിൻ്റെ സാധ്യത കൂടുകയും കുറയുകയും ചെയ്യുന്ന തിനനുസരിച്ച് കുറാഹത്തിന്റെ കൂടുന്നതും കുറയുന്നതുമാണ്. അദ്ദേഹം നൽകുന്ന ഈ ധനം തന്നെ ഹറാമാണെന്ന് ഉറപ്പാണെങ്കിൽ അത് സ്വീകരിക്കൽ ഹറാം തന്നെയാണ്. (ഫത്ഹുൽ മുഈൻ 10G)
ഇമാം ഇബ്നു ഹജർ (റ) എഴുതി: കൂടുതലും ഹറാമായ സമ്പത്തുള്ള വ്യക്തിയിൽ നിന്ന് വാങ്ങലും അവന് വിൽക്കലും അവനുമായി മറ്റുള്ള ഇടപാടുകൾ നടത്തലും കറാഹത്താണ്. ഈ ധനം തന്നെ ഹറാമാ ണെന്ന് കൃത്യമായി അറിഞ്ഞാൽ അത് ഹറാമുമാണ്. (തുഹ്ഫ4-323,7-180 കാണുക)
* കച്ചവടം പലിശയോ*
ചോദ്യം: ഒരാൾ ഒരു വസ്‌തു അവധിയില്ലാതെ വിൽക്കു
മ്പോൾ ഒരു വിലക്കും അവധി നിശ്ചയിച്ചു കൊണ്ട് വിൽക്കുമ്പോൾ കൂടിയവിലക്കും വിൽക്കുന്നു. ഇത് അനുവദനീയമാണോ? ഇതിൽ പലിശയുണ്ടോ? ഉദാഹരണമായി ഒരു ലാപ്‌ടോപ്പിൻ്റെ വില 20000 രൂപയാണ്. അഥവാ വില റൊക്കമായി നൽകുക യാണെങ്കിൽ 20000 രൂപക്ക് ലഭിക്കുന്നതാണ്. എന്നാൽ രണ്ട് വർഷത്തെ അവധിക്കുള്ളിൽ നിശ്ചിത வைஸ വ്യവസ്ഥയിൽ വാങ്ങുമ്പോൾ 22000 വില നൽകേണ്ടി വരുന്നു. ഇതിൽ പലിശയുണ്ടോ ?
ഉത്തരം: വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്‌തിപ്പെട്ട് കൃത്യമായി നിശ്ചയിച്ച വിലയായിരിക്കുക എന്നതാണ് വിലയുടെ നിബന്ധന. ന്യൂനതകൾ മറച്ചു വെക്കുക. ഇല്ലാത്ത ഗുണ മേന്മ പറഞ്ഞ് വിശ്വസിപ്പിക്കുക, വില
നിലവാരത്തെക്കുറിച്ച്തെറ്റായ വിവരം നൽകുക. തുടങ്ങിയവയിലൂടെ വഞ്ചന നടത്തുന്നില്ലെങ്കിൽ രണ്ട് പേരും തൃപ്തിപ്പെട്ട ഏത് വിലക്ക് പകരവും വസ്തു വിൽക്കാവുന്നതും വാങ്ങാവുന്നതുമാണ്.
അവധിയില്ലാതെ വിൽക്കുമ്പോഴും അവധി നിശ്ചയിച്ച് വിൽക്കുമ്പോഴും ഒരേ വിലയായിരിക്കണമെന്ന നിർബന്ധമില്ല. സാധാരണ റൊക്ക വില നൽകി വാങ്ങു മ്പോൾ 20000 രൂപക്ക് ലഭിക്കുന്ന ലാപ്‌ടോപ്പ് രണ്ട് വർഷം കൊണ്ട് നിശ്ചിത തവണകളായി അടച്ചു തീർക്കണമെന്ന വ്യവസ്ഥയിൽ 22000 രൂപക്ക് വിൽക്കുന്നതും വാങ്ങുന്നതും നിഷിദ്ധമല്ല. ഇത് പലിശ ഇടപാടല്ല.
അവധിയും വിലയും കൃത്യമായിരിക്കണമെന്ന നിബന്ധനയുണ്ട്. അഥവാ ഒരു വർഷം കൊണ്ട് അടച്ചു തീർക്കുകയാണെങ്കിൽ 22000 രൂപയും രണ്ട് വർഷം കൊണ്ട് അടച്ചുതീർക്കുകയാണെങ്കിൽ 23000 രൂപയും എന്നിങ്ങനെ അനിശ്ചിതത്വം പറ്റില്ല. രണ്ട് വർഷത്തെ അവധിക്ക് 22000 രൂപ വിലയായി വിൽക്കുന്നു എന്ന കൃത്യത ഉണ്ടായിരിക്കണം.
കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം
അനുവദനീയമാവുക?
ചോദ്യം: കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം
അനുവദനീയമാവുക? ഉദാഹരണമായി നൂറ് രൂപക്ക് വാങ്ങിയ വസ്തു വിൽക്കുമ്പോൾ എത്ര രൂപക്ക് വിൽക്കാം? ഒരു വസ്‌തു വിദേശത്ത് നിന്ന് കൊണ്ട് വന്നു വിൽക്കുമ്പോളും ഒരു ഉൽപന്നം നിർമ്മിച്ചു വിൽക്കുകയാ ണെങ്കിലുമെല്ലാം ചെലവിൻ്റെ എത്ര ശതമാനം ലാഭമെ ടുക്കാം? എത്ര ശതമാനമാകുമ്പോഴാണ് കൊള്ള ലാഭവും ഹറാമുമാകുന്നത് ?
ഉത്തരം: വിൽപ്പന നടക്കുന്ന പ്രദേശത്ത് കച്ചവടക്കാർ സാധാരണ ആ വസ്‌തുവിൽ എത്രയാണോ ലാഭം എടുക്കാറുള്ളത് അത്രയും ലാഭം മാത്രം സ്വീകരിക്കുക എന്നതാണ് ഏറ്റവും ഉത്തമം. നൂറ് രൂപക്ക് വാങ്ങിയ
വസ്തു വിൽക്കുമ്പോൾ പ്രദേശത്തെ കച്ചവടക്കാർ 105 രൂപക്കാണ് സാധാരണ വിൽക്കാറുള്ളതെങ്കിൽ അഞ്ച് രൂപ മാത്രം ലാഭം സ്വീകരിച്ച് അതിൽ കൂടുതൽ വാങ്ങാതെ വിൽക്കലാണ് ഏറ്റവും ഉത്തമം. വസ്തുക്കൾ നിർമ്മിച്ച് വിൽക്കുന്നതിലും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലുമെല്ലാം ഇത് തന്നെയാണ് ഏറെ ഉത്തമം. അഥവാ ബിസിനസ്സുകാർ സാധാരണ ആ വസ്‌തുവിൻ്റെ വിൽപ്പനയിൽ സ്വീകരിക്കാ റുള്ള ലാഭം മാത്രം സ്വീകരിക്കുക, അതിലേറെ ലാഭം നൽകാൻ ഒരാൾ തയ്യാറാണെങ്കിൽ പോലും അധിക ലാഭം വേണ്ടെന്ന് വെക്കുക ഇതാണ് ഏറ്റവും നല്ല രീതി.
ഇടപാടുകളിലെ ഇഹ്സാൻ ഇപ്രകാരമാണെന്ന് ഇമാം ഗസ്സാലി (റ) വിശദീകരിച്ചിരിക്കുന്നു. നിർബന്ധമായതിലപ്പുറം ഗുണകരമായ മാർഗ്ഗം സ്വീകരിക്കലാണ് ഇഹ്സാൻ എന്നതിൻ്റെ വിവക്ഷ, പരലോക ജീവിതത്തിൽ ഉന്നത സൗഭാഗ്യങ്ങൾക്ക് കാരണമാണിത്.
അതേ സമയം വസതുവിലില്ലാത്ത ഗുണം പറഞ്ഞ് വിശ്വസിപ്പിക്കുക, അറിയാവുന്ന ന്യൂനത മറച്ചു വെക്കുക. വില നിലവാരത്തെക്കുറിച്ച് തെറ്റായ വിവരം നൽകുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതിരിക്കു മ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെടുന്ന ഏത് വിലക്കും വസ്തു വിൽക്കാവുന്നതാണ്. നാം വാങ്ങിയ വിലയുടെ / നമുക്ക് ചെലവായ സംഖ്യയുടെ ഇത്ര ശതമാനമേ ലാഭം എടുക്കാവൂ അതിലപ്പുറം പറ്റില്ല എന്ന നിയമമില്ല.
മേൽ പറഞ്ഞ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതെ ഏത് ഉയർന്ന വിലക്കും വസ്‌തുക്കൾ വിൽക്കൽ അനുവദനീയമാണ്. എത് വലിയ ലാഭവും സ്വീകരി ക്കാവുന്നതാണ്. രണ്ട് പേരും തൃപ്‌തിപ്പെട്ടതായിരിക്കുക എന്നതാണ് വിലയുടെ മർമ്മം. എന്നാൽ ഇല്ലാത്ത ഗുണം പറഞ്ഞും ന്യൂനതകൾ മറച്ചു വെച്ചും വില നിലവാര
ത്തെക്കുറിച്ച് കളവ് പറഞ്ഞും വഞ്ചന നടത്തിക്കൊണ്ടുള്ള ലാഭം അനുവദനീയമല്ല. അത് കൊള്ള ലാഭമാണ്.
*വൈദ്യുതി ചാർജ്ജ് പലിശയോ*
ചോദ്യം: വൈദ്യുതി ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ കൂടുതൽ പണം അടക്കേണ്ടി വരാറു ണ്ടല്ലോ. ഈ വർദ്ധനവ് പലിശയല്ലേ ? അതടക്കുന്നതിന് പലിശയുടെ കുറ്റമുണ്ടോ ?
ഉത്തരം: നിശ്ചിത തിയ്യതിക്കകം പണമടച്ചില്ലെങ്കിൽ
നിശ്ചിത നിരക്കിൽ പലിശ ഈടാക്കുന്നതാണെന്നാണ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിശ്ചിത ചാർജ്ജ് നിശ്ചിത തിയ്യതിക്കുള്ളിൽ നൽകണമെന്ന് വൈദ്യുതി ബോർഡ് അറിയിക്കുന്നു. പ്രസ്തുത തിയ്യതിക്കുള്ളിൽ അടച്ചില്ലെങ്കിൽ സമയം തെറ്റിച്ചതിന്റെ ശിക്ഷയായി -പിഴയായി കൂടുതൽ സംഖ്യ വാങ്ങുന്നു. ഇത് ഇസ്ലാം നിരോധിച്ച മഹാ പാപമായ പലിശയിൽ ഉൾപ്പെടുന്നതല്ല.
ധനം വസൂൽ ചെയ്തു കൊണ്ട് ശിക്ഷ നൽകുക എന്ന വകുപ്പിൽ പെട്ടതാണിത്. തഅ്സീർ എന്ന പേരിൽ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന നടപടി ക്രമമാണിത്. എന്നാൽ ധനം പിടിച്ചെടുത്തു കൊണ്ടുള്ള തഅ്സീർ (ശിക്ഷ) പാടില്ലെന്ന് തന്നെയാണ് കർമ്മ ശാസ്ത്ര നിയമം.
ഇമാം സുലൈമാനുൽ കുർദീ (റ) ഫതാവൽ കുർദി 95 ാം പേജിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പലിശ യെന്ന് കറണ്ട് ബില്ലിൽ എഴുതിയത് കൊണ്ട് ഇസ്ലാമിക നിയമത്തിൽ "രിബാ" എന്ന് പറയുന്ന മാഹ പാപമായ പലിശയിൽ ഉൾപ്പെടണമെന്നില്ല. കറന്റ് ബില്ല് അടക്കാൻ വൈകിയതിന്റെ പേരിൽ കൂടുതൽ സംഖ്യ അടക്കുന്നത് പലിശയല്ല. അതിന് പലിശയുടെ കുറ്റമില്ല.