Thursday, April 10, 2025

ഫത്വകൾ സാമ്പത്തികം

 *മുൻ കൂറായി ബുക്ക് ചെയ്യുന്ന

ജ്വല്ലറികൾ*


ചോദ്യം: മിക്ക ജ്വല്ലറികളിലും സ്വർണ്ണാഭരണങ്ങൾ മുൻ കൂറായി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ആഭരണം ആവശ്യമുള്ളവർ ഒന്നിച്ചോ പലതവണകളായോ ജ്വല്ലറിയിൽ പണം നൽകുന്നു. നൽകിയ സംഖ്യയും ആ ദിവസത്തിലെ സ്വർണ്ണ വിലയും രേഖപ്പെടുത്തിയ ബില്ല് ജ്വല്ലറിയിൽ നിന്നും നൽകുന്നു. പിന്നീട് ആഭരണം ആവശ്യമാകുന്ന സമയത്ത് സ്വർണ്ണവില കുറഞ്ഞിട്ടു ണ്ടെങ്കിൽ ആ കുറഞ്ഞ വിലക്കും വർധിച്ചിട്ടുണ്ടെങ്കിൽ ആവർദ്ധനവ് ബാധകമാകാതെ നൽകിയ ദിവസത്തെ വിലയനുസരിച്ചും സ്വർണ്ണാഭരണങ്ങൾ നൽ കുന്നു. പിന്നീടുണ്ടാകുന്ന വില വർദ്ധനവ് ബാധിക്കാതെ സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള സൗകര്യമായതിനാൽ സാധാരണക്കാർക്ക് ഏറെ ഉപകാരമാണ് ഈ ബുക്കിംഗ്. ഇതിൽ തെറ്റുണ്ടോ? ഹറാമാണോ? ഇതിൽ പലിശ യുണ്ടോ? തെറ്റാണെങ്കിൽ ഈ സൗകര്യം അനുവദ നീയമായി നടത്താവുന്ന ഏതെങ്കിലും വഴിയുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.


ഉത്തരം: ചോദ്യത്തിൽ പറയപ്പെട്ട രൂപത്തിൽ പണം

നൽകുന്ന സമയം സ്വർണ്ണം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാട് നടത്തുന്നില്ലെന്ന് വ്യക്തമാണ്. എത്ര തൂക്കം സ്വർണ്ണമാണെന്നോ ഏതെല്ലാം ആഭരണങ്ങളാ ണെന്നോ വില എത്രയാണെന്നോ തുടങ്ങിയ യാതൊരു നിശ്ചയവും ആ സമയത്തില്ലല്ലോ. ഭാവിയിൽ നടത്താനുദ്ദേശിക്കുന്ന ഇടപാടിൽ നിശ്ചയിക്കപ്പെടുന്ന വിലയുടെ ഭാഗമായി പരിഗണിക്കപ്പെടാമെന്ന നിലയിൽ പണം നൽകുക മാത്രമാണ് അപ്പോൾ ചെയ്തിട്ടുള്ളത്. ഇടപാട് നടത്തുമ്പോൾ ഇടപാട് വില നിശ്ചയിക്കാനുള്ള അറിവിന് വേണ്ടിയാണ് പണം നൽകുന്ന ദിവസത്തെ സ്വർണ്ണ വില ബില്ലിൽ രേഖപ്പെടുത്തുന്നത് എന്നാണ് മനസ്സിലാകുന്നത്.


പണം സ്വീകരിച്ചതോടെ പ്രസ്‌തുത പണത്തിനുള്ള ബാധ്യത ജ്വല്ലറി ഉടമസ്ഥനുണ്ടെന്ന് വ്യക്തമാണ്. ജ്വല്ലറി ഉടമസ്ഥന്റെ ബാധ്യതയിലുള്ള പണത്തിനു പകരമായി രണ്ടുപേരും സമ്മതിച്ചു നിശ്ചയിക്കുന്ന സ്വർണ്ണം നൽകാവുന്നതാണ്. ഫിഖ്ഹിൽ "ഇസ്‌തിബാൽ" എന്നു പറയപ്പെടുന്ന വകുപ്പിൽ പെട്ടതാണിത് "നഖ്ദിന് പകരമായി നഖ്ദിനെ പകരമാക്കുന്ന ഇസ്തിബാലിന്റെ സദസ്സിൽ വെച്ചു തന്നെ ബദലിനെ കൈവശം നൽകണമെന്ന നിബന്ധനയുണ്ട്. അതിനാൽ കറൻസി നഖദ് വിഭാഗത്തിൽ പെട്ടതാണെന്നതനുസരിച്ച് ജ്വല്ലറി ഉടമസ്ഥൻ്റെ ബാധ്യതയിലുള്ള പണത്തിനു പകരം സ്വർണ്ണം വാങ്ങുമ്പോൾ പകരം നിശ്ചയിക്കുന്ന ഇടപാടിന്റെ സദസ്സിൽ വെച്ചു തന്നെ ആ സ്വർണ്ണം കൈവശം നൽകുകയും വാങ്ങുകയും ചെയ്യേണ്ടതാണ്.


എന്നാൽ പണം കടമായി നൽകുന്നവന് ഏതെങ്കിലും വിധത്തിലുള്ള ഉപകാരം ലഭിക്കണമെന്ന നിബന്ധന വെച്ചു കൊണ്ടുള്ള കടമിടപാട് നടത്തുന്നത് നിഷിദ്ധമാണ്.  നിബന്ധനയോടെ നൽകലും വാങ്ങലും ഹറാമായ പലിശ ഇടപാടുകളിൽ പെട്ടതാണ്. അതിനാൽ വില കുറഞ്ഞാൽ കുറഞ്ഞവിലക്കും കൂടിയാൽ നൽകുന്ന ദിവസത്തെ വിലക്കും സ്വർണ്ണം നൽകണമെന്ന വ്യവസ്ഥ ചെയ്‌തു കൊണ്ട് പണം കടമായി നൽകുന്നതും വാങ്ങുന്നതും തെറ്റാണ്.


അതേസമയം അത്തരം ഒരു നിബന്ധനയുമില്ലാതെ പണം നൽകുകയും പണം സ്വീകരിച്ച ബില്ല് നൽകുകയും പിന്നീട് പ്രസ്‌തുത പണത്തിന് പകരം രണ്ടുപേരും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നത് ഹറാമല്ല. അതിൽ പലിശയില്ല. അങ്ങനെ പ്രസ്‌തുത പണത്തിനുപകരം സ്വർണ്ണം പകരമാക്കുമ്പോൾ പണം നൽകിയതിനു ശേഷം പകരമാക്കുന്ന സ്വർണ്ണവില കുറഞ്ഞിട്ടുണ്ടെങ്കിൽ ആ കുറഞ്ഞ വിലക്കനുസരിച്ചും വില കൂടിയിട്ടുണ്ടെങ്കിൽ പണം നൽകിയ ദിവസത്തെ വിലക്കനുസരിച്ചുമുള്ള സ്വർണ്ണം പകരമായി നൽകുന്നതിലും തെറ്റില്ല.


ജ്വല്ലറിയിലേക്ക് നേരത്തെ പണം നൽകുന്നവർക്ക് ആവശ്യമായ സമയത്ത് അതിനുപകരമായി സ്വർണ്ണം വാങ്ങാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് പരസ്യപ്പെടു ത്തിയതു കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞതു കൊണ്ടോ ഹറാമാവുകയില്ല. പിന്നീടുള്ള വിലവർദ്ധനവ് ബാധകമാകാതെയും  കുറഞ്ഞാൽ കുറഞ്ഞ വിലക്കും സ്വർണ്ണം നൽകണമെന്ന ധാരണ പണം നൽകുന്നതിന് മുമ്പുണ്ടായാലും പണം നൽകുന്നതിന് അത് നിബന്ധനയാക്കിയില്ലെങ്കിൽ അത് ഹറാമാവുകയില്ല. പക്ഷേ കറാഹത്തുണ്ട്.


ഭാവിയിലുണ്ടാകുന്ന വിലവർദ്ധനവ് ബാധകമാകാ തെ സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ മേൽപ്പറഞ്ഞ വിധത്തിലുള്ള യാതൊരു വ്യവസ്ഥയുമില്ലാതെ ഒന്നിച്ചോ തവണകളായോ ജ്വല്ലറിയിലേക്ക് പണം കടമായി നൽകുക. പണം കടമായി നൽകിയാൽ അത്രയും പണം തിരിച്ചു നൽകാനുള്ള ബാധ്യതയാണ് ജ്വല്ലറി ഉടമസ്ഥനു ള്ളത്. എന്നാൽ പിന്നീട് പ്രസ്‌തുത പണത്തിന് പകരം

രണ്ടുപേരും സമ്മതിക്കുന്ന സ്വർണ്ണം നൽകാവുന്നതാണ്. അങ്ങനെ പകരമാകുമ്പോൾ പണം നൽകിയതിനു ശേഷം സ്വർണ്ണ വില കുറഞ്ഞാൽ കുറഞ്ഞ വിലയനുസരിച്ചും കൂടിയാൽ പണം നൽകിയ ദിവസത്തെ വിലയനുസരിച്ചും പ്രസ്തു‌ത സംഖ്യക്ക് ലഭിക്കുന്ന സ്വർണ്ണം പകരമായി നൽകുന്നതിനും സ്വീകരിക്കുന്നതിനും വിരോധമില്ല.


ഇസ്തിബാൽ എന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ പറയുന്ന വകുപ്പിൽ പെട്ടതാണിത്. ജ്വല്ലറിയിലേക്ക് പണം കടമായി നൽകുന്നവർക്ക് പ്രസ്‌തുത സംഖ്യ തിരിച്ചു നൽകാൻ ബാധ്യസ്ഥരാണെന്നും ആവശ്യമെങ്കിൽ മേൽപ്പറഞ്ഞ വിധം പ്രസ്‌തുത സംഖ്യക്ക് പകരമായി സ്വർണ്ണം വാങ്ങാനുള്ള സൗകര്യമുണ്ടെന്നും നേരത്തെ അറിയിച്ചത് കൊണ്ടും അറിഞ്ഞത് കൊണ്ടും ഹറാമാവുകയില്ല. ഹറാമില്ലാതെ ചോദ്യത്തിൽ പറഞ്ഞ സൗകര്യം ലഭിക്കാനുള്ള ഒരു വഴിയാണിതെന്നാണ് മനസ്സിലാകുന്നത്.


കടത്തിന് പകരമായി മറ്റൊന്നിനെ പകരമാക്കുന്ന ഇസ്തിബ്ദാൽ അനുവദനീയമാണെന്നും രണ്ടും നഖദ് വർഗ്ഗത്തിൽ പെട്ടതാണെങ്കിൽ ഇസ്ത‌ിബാലിന്റെ സദസ്സിൽ വെച്ചുതന്നെ ബദലായി നൽകുന്നതിനെ കൈവശം വാങ്ങൽ നിർബന്ധമാണെന്നും കർമശാസ്ത്ര ഇമാമുകൾ വിശദീ കരിച്ചിട്ടുണ്ട്. (തുഹ്‌ഫ:4-408, നിഹായ:4-91 കാണുക)


സ്വർണ്ണ വെള്ളി പോലെ കറൻസിയും നഖദ് വകുപ്പിൽ പെട്ടതാണെന്ന നിലപാടനുസരിച്ച് നേരത്തെ കടമായി നൽകിയിട്ടുള്ള കറൻസിക്ക് പകരം സ്വർണ്ണത്തെ ഇസ്തിബാൽ ചെയ്യുമ്പോൾ പകരമാക്കുന്ന ഇസ്തിബാൽ ഇടപാടിൻ്റെ സദസ്സിൽ വെച്ചു തന്നെ കറൻസിക്ക് പകരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വർണ്ണം കൈവശം നൽകുകയും വാങ്ങുകയും ചെയ്യേണ്ടതാണ്.


അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി


യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകൽ



ചോദ്യം :

യൂട്യൂബിൽ പരസ്യത്തിന് അനുവാദം നൽകി പണം സ്വീകരിക്കാമോ?

യൂട്യൂബിൽ ചാനൽ തുടങ്ങി വീഡിയോകൾ അപ്‌ലോഡ് ചെയ്തു.ആയിരം സബ്സ്ക്രൈബും 4000 വാച്ചിംഗ് അവേഴ്സ് ആയാൽ

APPLY NOW ക്ലിക്ക് ചെയ്‌ത് നമ്മുടെ ചാനലിൽ പരസ്യങ്ങൾ നൽകാൻ അനുവാദവും അപേക്ഷയും നൽകിയാൽ യുട്യൂബുമായുള്ള കരാർ അനുസരിച്ച് നമ്മുടെ ചാനലിൽ പരസ്യങ്ങൾ വരികയും നമുക്ക് വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷേ ഹറാമായ കാര്യങ്ങളുടെ പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്. അത് നിയന്ത്രിക്കാൻ നമുക്ക് കഴിയില്ല. ഇങ്ങനെ ഹറാമായ കാര്യങ്ങളടക്കം പരസ്യം ചെയ്യാവുന്ന വിധത്തിൽ അപേക്ഷയും അനുവാദവും നൽകി അതിലൂടെ പണം സ്വീകരിക്കാമോ എന്നാണ് എന്റെ സംശയം.


 ഉത്തരം: ചോദ്യത്തിൽ പറഞ്ഞതു പോലെ ഹറാമായ

കാര്യങ്ങളുടെ പരസ്യങ്ങളും ഉൾപ്പെടുന്ന വിധത്തിൽ പരസ്യങ്ങൾക്ക് അനുവാദവും അപേക്ഷയും നൽകി പണം സ്വീകരിക്കുന്നത് ശരിയല്ല. ഹറാമിന് സഹായം ചെയ്യാൻ പാടില്ല. ഹറാമായ കാര്യത്തിലേക്ക് കൂട്ടിച്ചേർക്കു മെന്ന് ഉറപ്പോ മികച്ച ധാരണയോ ഉള്ള സർവ്വ ഇടപാടുകളും ഇടപെടലുകളും ഹറാമാണെന്നും ഉറപ്പോ മികച്ച ധാരണയോ ഇല്ല, സംശയമോ ഊഹമോ മാത്രമാണങ്കിൽ കറാഹത്താണെന്നും ശൈഖ് സൈനുദ്ദീൻ മഖ്ദൂം (D) വ്യക്തമാക്കിയിട്ടുണ്ട്. (ഫത്ഹുൽ മുഈൻ: 238)

അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി



പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ


ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദ നീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വളർത്താൻ നല്ലതാണെന്ന് ഭർത്താവ് പറയുന്നു. അങ്ങനെയുണ്ടോ ?



ഉത്തരം: പൂച്ചയെ വിൽക്കലും വാങ്ങലും അനുവദനീയ

മാണ്. (റൗള: 3-400, അസ‌ൽമത്വാലിബ്: 2-31) പൂച്ചകൾ നമ്മെ ചുറ്റിപ്പറ്റി ജീവിക്കുന്ന ജീവികളാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. നാടൻ പൂച്ചയെ (വന്യമൃഗങ്ങളിൽ പെട്ട കാട്ടു പൂച്ചകളല്ല) വളർത്തലും അതിനോട് നല്ലനിലയിൽ ഇടപെടലും സുന്നത്താണെന്ന് പണ്ഡിതന്മാർ വിശദീകരി ച്ചിട്ടുണ്ട്. (അൽ ഫതാവൽ കുബ്റ: 4-240)


അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി


ന്യൂനതകൾ  മറച്ചു വെച്ചുകൊണ്ട് വിൽപ്പന



ചോദ്യം: വാഹനം, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയവ യിൽ എന്തെങ്കിലും കേട്‌പാടുകളും ന്യൂനതകളും ഉണ്ടെങ്കിൽ അത് മറച്ചു വെച്ചുകൊണ്ട് തുറന്നു പറയാതെ വിൽപന നടത്തുന്ന രീതി വ്യാപകമാണല്ലോ. ഇതിന്റെ വിധിയെ ന്താണ് ? വിൽക്കുന്നവൻ കുറ്റക്കാരനാണോ? ന്യൂനത പരിശോധിച്ചുകണ്ടെത്തൽ വാങ്ങുന്നവൻ്റെ ബാധ്യതയല്ലേ ?


ഉത്തരം: വിൽക്കുന്ന വസ്‌തുവിൽ വിൽക്കുന്നവൻ അറിയുന്ന ന്യൂനത വാങ്ങുന്നവനെ അറിയിക്കൽ വിൽക്കുന്നവൻ ബാധ്യതയാണ്. അതറിയിക്കാതെ വിൽപന നടത്തൽ ഹറാമാണ്. (ഫത്ഹുൽ മുഈൻ: 505) ചോദ്യത്തിൽ പറഞ്ഞത് പോലെ അറിയാവുന്ന ന്യൂനത മറച്ചു വെച്ച് വിൽപന നടത്തൽ ഹറാമാണെന്നും അങ്ങനെ വിൽക്കുന്നവൻ കുറ്റക്കാരനാണെന്നും ഇതിൽ നിന്ന് വ്യക്തമാണ്. ന്യൂനത പരിശോധിച്ചുകണ്ടെത്തൽ വാങ്ങുന്നവന്റെ ബാധ്യതയാണെന്ന് പറഞ്ഞു രക്ഷപ്പെടാൻ കഴിയില്ല. വില്പന വസ്തുവിൽ ന്യൂനതയുണ്ടെന്ന് വിൽക്കുന്നവന അറിയാമെങ്കിൽ വാങ്ങുന്നവനെ അക്കാര്യം അറിയിക്കൽ അവന്റെ ബാധ്യതയാണെന്നാണ് ഇസ്‌ലാമിക നിയമം.


അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി



റസീവർമാരെ നിശ്ചയിക്കുന്നത് ശരിയാണോ ?


ചോദ്യം: സ്ഥാപനങ്ങൾക്ക് വേണ്ടി കമ്മീഷൻ വ്യവസ്ഥ യിൽ റിസീവർമാരെ നിശ്ചയിക്കുന്നത് ശരിയാണോ ? പിരിച്ചു കൊണ്ടുവരുന്ന സംഖ്യയുടെ മുപ്പത്തഞ്ച് /നാൽപത് ശതമാനം വേതനമായി നൽകുമെന്നാണ് നിശ്ചയം. എത്ര സംഖ്യയാണ് പിരിച്ചു കൊണ്ടു വരുന്ന തെന്നറിയില്ല. അതിനാൽ വേതനം എത്രയാണെന്നും

കൃത്യമായി അറിയില്ല. പക്ഷേ പിരിച്ചു കൊണ്ടു വരുന്ന സംഖ്യ എത്രയായാലും അതിൻ്റെ നാൽപത് ശതമാനം വേതനമായി ലഭിക്കുമെന്നറിയാം ഈ രീതിയിലുള്ള ഇടപാട് ശരിയാണോ ?


ഉത്തരം: വേതനം നൽകിക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന

ഇടപാടുകളിൽ വേതനം അറിയപ്പെടണം എന്ന നിർബന്ധനുയുണ്ട്. തൊഴിലാളിയെ തൊഴിൽ ചെയ്യിപ്പിക്കുമ്പോൾ അവന്റെ വേതനം അവനെ അറിയിക്കണമെന്ന നിർദ്ദേശം ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇജാറത്ത്, ജുആലത്ത് എന്നിങ്ങനെ വ്യത്യസ്ത വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലുണ്ട്.

അറിയപ്പെട്ടതായ നിശ്ചിത ജോലിക്ക് നിശ്ചിത വേതനത്തിന് പകരമായി നിശ്ചിത വ്യക്തിയുമായി നടത്തുന്ന ഇടപാടാണ് “ഇജാറത്ത്" എന്നറിയപ്പെടുന്നത്. ഇവിടെ ജോലിയും കൂലിയും എല്ലാം അറിയപ്പെട്ട തായിരിക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ "ജുആലത്ത്" എന്ന വകുപ്പിൽ ഇടപാട് നടത്തുമ്പോൾ ജോലി കൃത്യമായി അറിയപ്പെടണം എന്ന നിർബന്ധമില്ല. പക്ഷേ അതിലും വേതനം അറിയപ്പെടണം എന്ന നിബന്ധനയുണ്ട്. പിടികിട്ടാപ്പുള്ളിയെ പിടിച്ചു കൊണ്ടു വരുന്നവർക്ക് ഇനാം പ്രഖ്യാപിക്കുന്നതും നഷ്ടപ്പെട്ട വസ്‌തു കണ്ടെടുത്തു തന്നാൽ ഇന്ന സംഖ്യ നൽകാമെന്ന് പറയുന്നതുമെല്ലാം ജുആലത്ത് വകുപ്പിൽ പെട്ടതാണ്. പിടികിട്ടാപുള്ളിയെ പിടിക്കാനും കളഞ്ഞു പോയ വസ്‌തു വീണ്ടെടുക്കാനും ആവശ്യമായ ജോലികൾ എന്തെല്ലാമെന്നും എത്രയാണെന്നും നിർണ്ണയിക്കാൻ കഴിയണമെന്നില്ലല്ലോ


ചോദ്യത്തിൽ പറഞ്ഞതുപോലെയുള്ള റസീവർ നിയമനം ജുആലത്ത് വകുപ്പിൽ പെടാനാണ് സാധ്യത കാണുന്നത്. ജോലി അറിയപ്പെടണം എന്ന നിബന്ധന ഇവിടെ ഇല്ലെങ്കിലും വേതനം അറിയപ്പെട്ടതായിരിക്കണം

എന്നനിബന്ധന ഇവിടെയുമുണ്ട്. പറയപ്പെട്ട രൂപത്തിൽ വേതനം അറിയപ്പെടുന്നില്ല കൊണ്ടു വരുന്നൽ എത്രയാണെന്നോ റസിവർക്ക് സമയത്ത് അറിയുന്നില്ല. പിരിച്ചു കൊണ്ടു വരുന്നത് എത്രയാണോ അതിൻ്റെ നാൽപത് ശതമാനം എന്ന അറിവ് മതിയാവുകയില്ല. അതിനാൽ ചോദ്യത്തിൽ പറയപ്പെട്ടത് പോലെ റസീവറെ നിശ്ചയിക്കുന്ന ഇടപാട് ശരിയല്ല. അത് അസാധുവായ ഇടപാടാണ്. അസാധുവായ ഇടപാട് മുഖേന ജോലി ചെയ്തവന് പറയപ്പെട്ട വേതനത്തിന് അവകാശമില്ല. പക്ഷേ അവൻ ചെയ്‌തിട്ടുള്ള അധ്വാനത്തിനുള്ള നിലവാര കൂലി അവന് നൽകേണ്ട തുണ്ട് എന്നാണ് നിയമം.


കച്ചവടക്കാരിൽ നിന്നും മറ്റും ഭരണ കേന്ദ്രത്തി ലേക്കുള്ള വിഹിതം പിരിച്ചെടുക്കാൻ പിരിച്ചെടുക്കുന്ന തിന്റെ പത്തിലൊന്ന് അതിന്റെ പത്തിലൊന്നിനോട് തുല്ല്യമായ സംഖ്യ വേതനം നൽകാമെന്ന വ്യവസ്ഥയിൽ ജോലിക്കാരനെ നിയമിക്കുന്നത് ഇജാറത്ത്, ജൂആലത്ത് വകുപ്പുകളിലൊന്നിലും സ്വഹീഹല്ലെന്നും വ്യവസ്ഥ ചെയ്യപ്പെട്ട വേതനം അറിയപ്പെട്ടതല്ലെന്നത് പ്രശ്നമാണന്നും നിഹായ 5-268, മുഗ്‌നി 3-445 തുടങ്ങിയവയിൽ വിശദീകരിച്ചിട്ടുണ്ട്. 


അവൻ പിരിച്ചെടുക്കുന്നത് എത്രയാണെന്ന് അജ്ഞാതമായതിനാൽ വ്യവസ്ഥ ചെയ്യപ്പെട്ട വേതനമല്ല; അവൻ ചെയ്‌ത ജോലിയുടെ നിലവാര വേതനമാണ് അവനുള്ളതെന്ന് തുഹ്ഫ 6-129-ലും വ്യക്തമാക്കിയിട്ടുണ്ട്.


ഖനനം ചെയ്തെടുക്കപ്പെടുന്നതിൻ്റെ മൂന്നിലൊന്ന് / നാലിലൊന്ന് വേതനം നൽകാമെന്ന വ്യവസ്ഥയിൽ ജോലിക്കാരനെ നിശ്ചയിച്ചാൽ ഇജാറത്ത് ജുആലത്ത് വകുപ്പുകളിലൊന്നിലും അത് സ്വഹീഹല്ലെന്നും കൂലി അറിയപ്പെട്ടതല്ലെന്നതാണ് കാരണമെന്നും ഇത് അളവ് ഖനനം ചെയ്തെടുത്താൽ പത്ത് ദിർഹം നിനക്ക്

നൽകുന്നതാണ് എന്നിങ്ങനെ കൂലി കൃത്യമായി നിർണ്ണയി ക്കണമെന്നും അൽ ഹാവിൽ കബീർ 7-506 ൽ വിശദീകര ണമുണ്ട്.


ആയതിനാൽ ചോദ്യത്തിൽ പറയപ്പെട്ട സമ്പ്രദായത്തിനു പകരം പിരിച്ചു കൊണ്ടു വരേണ്ടതായ സംഖ്യയും വേതനവും കൃത്യമായി നിശ്ചയിക്കുന്ന രീതിയോ മാസശമ്പളം നിശ്ചയിക്കുന്ന രീതിയോ സ്വീകരിക്കലാണ് അഭികാമ്യം.

അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി



ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കൽ


ചോദ്യം :ഒരു ലക്ഷ്യത്തിനായി പിരിച്ച സംഭാവനകൾ മറ്റൊരു കാര്യത്തിലേക്ക് തിരിക്കാമോ ?


ഉത്തരം: അത് പറ്റില്ല; ഒരു നിശ്ചിത ആവശ്യത്തിലേക്ക്

നൽകിയ സംഭാവനകൾ അതിലേക്ക് തന്നെ ഉപയോഗ പ്പെടുത്തണം. അത് മറ്റൊന്നിലേക്ക് തിരിക്കൽ അനുവദനീയമല്ല. എന്നാൽ ഒരു ലക്ഷ്യം മുന്നിൽ വെച്ചു കൊണ്ടാണെങ്കിലും അതിലേക്കും മറ്റേതെങ്കിലും വകുപ്പുകളി ലേക്കു മെല്ലാം ആവശ്യാനുസരണം ഉപയോഗപ്പെടുത്താം എന്ന ഉദ്ദേശത്തോടെ നൽകിയതാണെങ്കിൽ / അങ്ങനെയാണ് നൽകിയതെന്ന് സാഹചര്യത്തെളിവുകൾ അറിയിക്കുന്നുണ്ടെങ്കിൽ മറ്റു വകുപ്പുകളിലേക്കും ഉപയോഗപ്പെടു ത്താവുന്നതാണ്. ഫത്ഹുൽ മുഈൻ: 301, തുഹ്ഫതുൽ മുഹ്‌താജ്: 6-317 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്.


അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി


ജ്വല്ലറിയിൽ മുൻകൂറ് പണമടക്കൽ


ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ?


ഉത്തരം: ചോദ്യത്തിൽ പറഞ്ഞരൂപത്തിൽ നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും നടക്കുന്നത്. പണം മാത്രമാണ് അപ്പോൾ കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്‌തുത പണത്തിൻ്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ് അദ്ദേഹത്തിൻ്റെ ബാധ്യതയിലുള്ള പ്രസ്‌തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.


എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധന യോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല. അതു പലിശ ഇടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വിലവർദ്ധനവ് ബാധകമാകാതെ സ്വർണ്ണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞത് കൊണ്ടോ ഹറാമാവുകയില്ല. മേൽ പറഞ്ഞവിധം നിബന്ധന വെച്ചു കൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.


അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി


വീട് നൽകണമെന്ന വസ്വിയ്യത്തിൽ വീട്ടിലെ കട്ടിൽ, അലമാര, ഫ്രിഡ്‌ജ് തുടങ്ങിയ പെടുമോ?


ചോദ്യം: ഒരാൾ മരണത്തിനുശേഷം എൻന്റെ വീട് എന്റെ മകൾക്ക് നൽകണമെന്ന് വസ്വിയ്യത്ത് ചെയ്തു വെച്ചാൽ വീട്ടിലുള്ള കട്ടിൽ, അലമാര, ഫ്രിഡ്‌ജ് കമ്പ്യൂട്ടർ തുടങ്ങിയ ഫർണിച്ചറുകളെല്ലാം ആ വസ്വിയ്യത്തിൽ ഉൾപ്പെടുമോ?



ഉത്തരം: വീട് നൽകണമെന്ന വസ്വിയ്യത്തിൽ വീട്ടിലെ കട്ടിൽ, അലമാര, ഫ്രിഡ്‌ജ് തുടങ്ങിയ നീക്കം ചെയ്യപ്പെ ടുന്ന ഫർണിച്ചറുകളും ഉപകരണങ്ങളും ഉൾപ്പെടുകയില്ല. (ഫത്ഹുൽ മുഈൻ : 245)

അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി



ചോദ്യം: വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും ഇപ്പോൾ ക്യാഷ്‌ലെസ് സാമ്പത്തിക ഇടപാടുകളാണ് പ്രോത്സാഹി പ്പിച്ചു കൊണ്ടിരിക്കുന്നത്. എടി.എം. കാർഡുകളുപയോ ഗിച്ച് പെട്രോൾ അടിക്കൽ മുതൽ ഷോപ്പിംഗ് വരെ നടത്തുന്നു. വൈദ്യുതിബിൽ, വെള്ളക്കരം, നികുതി.... എല്ലാം ഓൺലൈനായി അടക്കാനാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഇതിൽ പലയിടങ്ങളിലായി പലിശയും ബാങ്കുമായുള്ള ഇടപാടുകളും വരുന്നു. ആമ്മായ ബലാഅ് (വ്യാപകമായ പരീക്ഷണം) എന്ന നിലക്ക് ഇത് അനുവദനീയമാകുമോ? അതോ ഇതിൽ നിന്ന് വിശ്വാസികൾ കണിശമായി വിട്ടു നിൽക്കേണ്ടതുണ്ടോ? വിട്ടു നിന്നാൽ സ്വാഭാവികമായും പല നഷ്ടങ്ങളും സഹിക്കേണ്ടിവരും. അത് സഹിക്കണമെന്നാണോ? അതോ ആ നഷ്ടങ്ങൾ ഒരു ളറൂറത്താണെന്ന് വെച്ച് ഇതെല്ലാം ഉപയോഗപ്പെടുത്തുകയാണോ അഭികാമ്യം? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.


ഉത്തരം:

വ്യാപാര സ്ഥാപനങ്ങളും ഗവൺമെന്റും പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇസ്ല്‌ലാം കർശനമായി നിരോധിച്ച പലിശ ഇടപാടുകൾ അനുവദനീയമാവു കയില്ല. ഗവൺമെൻ്റ് ആനുകൂല്യങ്ങളും സൗകര്യങ്ങളും സൗജന്യങ്ങളും നഷ്ടപ്പെടുമെന്നതും പലിശ ഇടപാടുകൾ അനുവദനീയമാക്കുകയില്ല. ബേങ്കുമായി ഇടപാടുകൾ ആവശ്യമായി വരുമ്പോൾ ഇസ്‌ലാം നിരോധിച്ച പലിശ ഇടപാടുകളല്ലാത്ത വിധത്തിൽ നടത്താൻ ശ്രദ്ധിക്കേണ്ടതാണ്.

അൽ ഫതാവ ഭാഗം 2

അബ്ദുൽ ജലീൽ സഖാഫി ചെറുശോല

പകർത്തിയത്

അസ് ലം സഖാഫി

പരപ്പനങ്ങാടി


No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...