റസീവർമാരെ നിശ്ചയിക്കുന്നത് ശരിയാണോ ?
ചോദ്യം: സ്ഥാപനങ്ങൾക്ക് വേണ്ടി കമ്മീഷൻ വ്യവസ്ഥ യിൽ റിസീവർമാരെ നിശ്ചയിക്കുന്നത് ശരിയാണോ ? പിരിച്ചു കൊണ്ടുവരുന്ന സംഖ്യയുടെ മുപ്പത്തഞ്ച് /നാൽപത് ശതമാനം വേതനമായി നൽകുമെന്നാണ് നിശ്ചയം. എത്ര സംഖ്യയാണ് പിരിച്ചു കൊണ്ടു വരുന്ന തെന്നറിയില്ല. അതിനാൽ വേതനം എത്രയാണെന്നും
കൃത്യമായി അറിയില്ല. പക്ഷേ പിരിച്ചു കൊണ്ടു വരുന്ന സംഖ്യ എത്രയായാലും അതിൻ്റെ നാൽപത് ശതമാനം വേതനമായി ലഭിക്കുമെന്നറിയാം ഈ രീതിയിലുള്ള ഇടപാട് ശരിയാണോ ?
ഉത്തരം: വേതനം നൽകിക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന
ഇടപാടുകളിൽ വേതനം അറിയപ്പെടണം എന്ന നിർബന്ധനുയുണ്ട്. തൊഴിലാളിയെ തൊഴിൽ ചെയ്യിപ്പിക്കുമ്പോൾ അവന്റെ വേതനം അവനെ അറിയിക്കണമെന്ന നിർദ്ദേശം ഹദീസ് ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ഇജാറത്ത്, ജുആലത്ത് എന്നിങ്ങനെ വ്യത്യസ്ത വകുപ്പുകൾ ഇതുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക കർമ്മശാസ്ത്രത്തിലുണ്ട്.
അറിയപ്പെട്ടതായ നിശ്ചിത ജോലിക്ക് നിശ്ചിത വേതനത്തിന് പകരമായി നിശ്ചിത വ്യക്തിയുമായി നടത്തുന്ന ഇടപാടാണ് “ഇജാറത്ത്" എന്നറിയപ്പെടുന്നത്. ഇവിടെ ജോലിയും കൂലിയും എല്ലാം അറിയപ്പെട്ട തായിരിക്കണം എന്ന നിബന്ധനയുണ്ട്. എന്നാൽ "ജുആലത്ത്" എന്ന വകുപ്പിൽ ഇടപാട് നടത്തുമ്പോൾ ജോലി കൃത്യമായി അറിയപ്പെടണം എന്ന നിർബന്ധമില്ല. പക്ഷേ അതിലും വേതനം അറിയപ്പെടണം എന്ന നിബന്ധനയുണ്ട്. പിടികിട്ടാപ്പുള്ളിയെ പിടിച്ചു കൊണ്ടു വരുന്നവർക്ക് ഇനാം പ്രഖ്യാപിക്കുന്നതും നഷ്ടപ്പെട്ട വസ്‌തു കണ്ടെടുത്തു തന്നാൽ ഇന്ന സംഖ്യ നൽകാമെന്ന് പറയുന്നതുമെല്ലാം ജുആലത്ത് വകുപ്പിൽ പെട്ടതാണ്. പിടികിട്ടാപുള്ളിയെ പിടിക്കാനും കളഞ്ഞു പോയ വസ്‌തു വീണ്ടെടുക്കാനും ആവശ്യമായ ജോലികൾ എന്തെല്ലാമെന്നും എത്രയാണെന്നും നിർണ്ണയിക്കാൻ കഴിയണമെന്നില്ലല്ലോ
ചോദ്യത്തിൽ പറഞ്ഞതുപോലെയുള്ള റസീവർ നിയമനം ജുആലത്ത് വകുപ്പിൽ പെടാനാണ് സാധ്യത കാണുന്നത്. ജോലി അറിയപ്പെടണം എന്ന നിബന്ധന ഇവിടെ ഇല്ലെങ്കിലും വേതനം അറിയപ്പെട്ടതായിരിക്കണം
എന്നനിബന്ധന ഇവിടെയുമുണ്ട്. പറയപ്പെട്ട രൂപത്തിൽ വേതനം അറിയപ്പെടുന്നില്ല കൊണ്ടു വരുന്നൽ എത്രയാണെന്നോ റസിവർക്ക് സമയത്ത് അറിയുന്നില്ല. പിരിച്ചു കൊണ്ടു വരുന്നത് എത്രയാണോ അതിൻ്റെ നാൽപത് ശതമാനം എന്ന അറിവ് മതിയാവുകയില്ല. അതിനാൽ ചോദ്യത്തിൽ പറയപ്പെട്ടത് പോലെ റസീവറെ നിശ്ചയിക്കുന്ന ഇടപാട് ശരിയല്ല. അത് അസാധുവായ ഇടപാടാണ്. അസാധുവായ ഇടപാട് മുഖേന ജോലി ചെയ്തവന് പറയപ്പെട്ട വേതനത്തിന് അവകാശമില്ല. പക്ഷേ അവൻ ചെയ്‌തിട്ടുള്ള അധ്വാനത്തിനുള്ള നിലവാര കൂലി അവന് നൽകേണ്ട തുണ്ട് എന്നാണ് നിയമം.
കച്ചവടക്കാരിൽ നിന്നും മറ്റും ഭരണ കേന്ദ്രത്തി ലേക്കുള്ള വിഹിതം പിരിച്ചെടുക്കാൻ പിരിച്ചെടുക്കുന്ന തിന്റെ പത്തിലൊന്ന് അതിന്റെ പത്തിലൊന്നിനോട് തുല്ല്യമായ സംഖ്യ വേതനം നൽകാമെന്ന വ്യവസ്ഥയിൽ ജോലിക്കാരനെ നിയമിക്കുന്നത് ഇജാറത്ത്, ജൂആലത്ത് വകുപ്പുകളിലൊന്നിലും സ്വഹീഹല്ലെന്നും വ്യവസ്ഥ ചെയ്യപ്പെട്ട വേതനം അറിയപ്പെട്ടതല്ലെന്നത് പ്രശ്നമാണന്നും നിഹായ 5-268, മുഗ്‌നി 3-445 തുടങ്ങിയവയിൽ വിശദീകരിച്ചിട്ടുണ്ട്.
അവൻ പിരിച്ചെടുക്കുന്നത് എത്രയാണെന്ന് അജ്ഞാതമായതിനാൽ വ്യവസ്ഥ ചെയ്യപ്പെട്ട വേതനമല്ല; അവൻ ചെയ്‌ത ജോലിയുടെ നിലവാര വേതനമാണ് അവനുള്ളതെന്ന് തുഹ്ഫ 6-129-ലും വ്യക്തമാക്കിയിട്ടുണ്ട്.
ഖനനം ചെയ്തെടുക്കപ്പെടുന്നതിൻ്റെ മൂന്നിലൊന്ന് / നാലിലൊന്ന് വേതനം നൽകാമെന്ന വ്യവസ്ഥയിൽ ജോലിക്കാരനെ നിശ്ചയിച്ചാൽ ഇജാറത്ത് ജുആലത്ത് വകുപ്പുകളിലൊന്നിലും അത് സ്വഹീഹല്ലെന്നും കൂലി അറിയപ്പെട്ടതല്ലെന്നതാണ് കാരണമെന്നും ഇത് അളവ് ഖനനം ചെയ്തെടുത്താൽ പത്ത് ദിർഹം നിനക്ക്
നൽകുന്നതാണ് എന്നിങ്ങനെ കൂലി കൃത്യമായി നിർണ്ണയി ക്കണമെന്നും അൽ ഹാവിൽ കബീർ 7-506 ൽ വിശദീകര ണമുണ്ട്.
ആയതിനാൽ ചോദ്യത്തിൽ പറയപ്പെട്ട സമ്പ്രദായത്തിനു പകരം പിരിച്ചു കൊണ്ടു വരേണ്ടതായ സംഖ്യയും വേതനവും കൃത്യമായി നിശ്ചയിക്കുന്ന രീതിയോ മാസശമ്പളം നിശ്ചയിക്കുന്ന രീതിയോ സ്വീകരിക്കലാണ് അഭികാമ്യം.
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment