Wednesday, April 9, 2025

*ഓൺലൈൻ ഇടപാടുകൾ*

 *ഓൺലൈൻ ഇടപാടുകൾ*


ചോദ്യം: ഓൺലൈൻ ഇടപാടുകൾ വ്യാപകമായി ക്കൊണ്ടിരിക്കുകയാണല്ലോ. ഓൺലൈനിലൂടെ വാങ്ങു മ്പോൾ പലതിനും നല്ല വിലക്കുറവുണ്ടെന്നാണ് അിറ യാൻ കഴിഞ്ഞത്. എന്നാൽ ഓൺലൈനിലൂടെ ഒരു ഉത്‌പ ന്നം വാങ്ങുമ്പോൾ അത് നേരിട്ട് കാണാത്തതിനാൽ ഇസ്‌ലാമിക നിയമമനുസരിച്ച് ആ ഇടപാട് ശരിയല്ലെന്ന് പറയുന്നതായി കേട്ടു. വസ്‌തു നേരിട്ട് കാണുന്നില്ലെങ്കിലും വസ്‌തുവിനെക്കുറിച്ച് കൃത്യമായി അറിയാൻ കഴിയു ന്നുണ്ട്. ഇത് മതിയാവുകയില്ലേ? കണ്ടറിയുന്നതിലേറെ കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്. എങ്കിൽ കാണണമെന്നുണ്ടോ? കാണണമെന്നുണ്ടെങ്കിൽ അതിൻ്റെ മോഡൽ കണ്ടാൽ  മതിയാകുമോ? 


ഉത്തരം: ഓൺലൈൻ മുഖേന വസ്തുക്കൾ വാങ്ങുന്നതിന് വ്യത്യസ്ത രൂപങ്ങളുണ്ട്. ഓൺലൈനിലൂടെ വസ്തു പരിചയപ്പെട്ട് ബുക്ക് ചെയ്യുകയും കമ്പനിയുടെ പ്രതിനിധി വസ്‌തുവുമായി നേരിട്ടെത്തുമ്പോൾ വസ്തു കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം വസ്തു‌ വാങ്ങുകയും ചെയ്യുന്നതാണ് ഒരു രൂപം. വസ്തു കണ്ടതിനു ശേഷം ഇഷ്ടപ്പെട്ടാൽ വാങ്ങുകയും ഇല്ലെങ്കിൽ തിരിച്ചയക്കുകയും ചെയ്യാം. വസ്‌തു കണ്ടതിനു ശേഷം നേരിട്ടുള്ള ഇടപാടായതിനാൽ വിൽക്കപ്പെടുന്ന വസ്‌തു കാണുന്നില്ല എന്ന പ്രശ്നം ഇവിടെയില്ലെന്ന് വ്യക്തമാണല്ലോ. ഈ രൂപത്തിൽ വാങ്ങുമ്പോൾ ഇസ്‌ലാമിക ഫിഖ്ഹനുസരിച്ച്

സ്വഹീഹായ രൂപത്തിൽ തന്നെ വാങ്ങാൻ സൗകര്യമു ണ്ടെന്ന് ചുരുക്കം.


ഓൺലൈനിലൂടെ വസ്‌തുവിന്റെ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി വസ്‌തു കാണാതെ തന്നെ ഇടപാട് നടത്തുന്നതാണ് മറ്റൊരു രൂപം. വിൽക്കപ്പെടുന്ന വസ്‌തു കാണാതെ ഇടപാട് നടത്തുന്നുവെന്ന പ്രശ്നം ഇവിടെയുണ്ട്. എന്നാൽ വസ്‌തു കാണാതെയുള്ള ഇടപാട് ശരിയാണെന്നോ അല്ലെന്നോ നിരുപാധികം പറയാവുന്നതല്ല. വിശദീകരണം ആവശ്യമാണ്.


വസ്‌തുക്കൾ വിൽക്കലും വാങ്ങലും രണ്ടു രൂപത്തിലുണ്ട്:


1 കേവലം നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഒന്ന് എന്ന സ്വഭാവത്തിലല്ലാതെ നിശ്ചിതമായ ഒരു വസ്തു‌വിനെ വിൽക്കുന്നതാണ് ഒന്നാം രൂപം. -ബൈഉൽ മുഅയ്യൻ - എന്നാണ് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഈ രൂപത്തെക്കുറിച്ച് പറയാറുള്ളത്. ഇവിടെ വിൽക്കാനും വാങ്ങാനും ഉദ്ദേശിക്കുന്ന നിശ്ചിതമായ ഒരു വസ്തു ഉണ്ട്. അതാണ് ഇടപാട് ചെയ്യപ്പെടുന്നത്.


2. ഒരു പ്രത്യേക വർഗ്ഗത്തിലും ഇനത്തിലും പെട്ട നിശ്ചിത ഗുണങ്ങളും വിശേഷണങ്ങളുമുള്ള ഏതെങ്കിലും ഒന്ന് എന്ന രീതിയിൽ വിൽപന നടത്തലാണ് രണ്ടാം രൂപം. -ബയ്‌ൽ മൗസൂഫി ഫിദ്ദിമ്മതി- എന്നാണ് ഇതിനെക്കുറിച്ച് പറയാറുള്ളത്.


ഒന്നാം രൂപത്തിൽ വിൽപ്പന വസ്തു കാണൽ നിർബന്ധമാണന്നും കാണാതെ ഇടപാട് നടത്തൽ അസാധുവാണെന്നുമാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. ഇതനുസരിച്ച് വിൽപ്പന വസ്‌തുവിനെ തന്നെ കാണണം. മോഡൽ കണ്ടാൽ മതിയാവുകയില്ല. വസ്‌തുവിനെ കാണാതെ മറ്റു മാർഗ്ഗങ്ങളിലൂടെ അതിനെക്കുറിച്ച് അറിവ് ലഭിച്ചാലും മതിയാവുകയില്ല. എന്നാൽ വസ്‌തുവിനെ കാണാതെ തന്നെ ഈ ഇടപാട് ശരിയാകുമെന്ന് മദ്ഹബിൽ രണ്ടാമതൊരു അഭിപ്രായമുണ്ട്. മദ്ഹബിലെ പ്രബലനിലപാടല്ലെങ്കിലും 

അതനുസരിച്ച് ഉള്ള

അഭിപ്രായം

പരിഗണനാർഹവും പ്രവർത്തിക്കൽ അനുവദനീയവുമാണ്.


ഇമാം നവവി റ ഇമാം ഇബ്നു ഹജർ റ എന്നിവർ എഴുതുന്നു: വിൽക്കുന്നവനോ വാങ്ങുന്നവനോ കണ്ടിട്ടില്ലാത്ത വസ്തുവിനെ വിൽക്കൽ സ്വഹീഹല്ലെ ന്നാണ് പ്രബലാഭിപ്രായം. വസ്‌തു ഇടപാട് സദസ്സിൽ ഉണ്ടെങ്കിലും അതിന്റെ വിശേഷണങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെങ്കിലും തെറ്റാനിടയില്ലാത്ത വിധം അതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലുമെല്ലാം ഇതു തന്നെയാണ് വിധി. കാണാതെ പറ്റില്ല. എന്നാൽ വസ്‌തുവിനെ കണ്ടില്ലെങ്കിലും ഇടപാട് സ്വഹീഹാകു മെന്നാണ് രണ്ടാം അഭിപ്രായം. മറ്റു മൂന്നു ഇമാമുകളും ഇതാണ് പറഞ്ഞിട്ടുള്ളത്. (തുഹ്ഫ : 4-263)


വിൽപന ഉദ്ദേശിക്കുന്ന നിശ്ചിത വസ്തു‌വിൻ്റെ വിശേഷണങ്ങളും ഗുണങ്ങളും പറയൽ കാഴ്‌ചക്ക് പകരമാവുകയില്ലെന്നാണ് പ്രബലം. കൃത്യമായി വസ്തു വിനെക്കുറിച്ച് അറിവ് ലഭിച്ചാലും മതിയാവുകയില്ല. കാണുക തന്നെ വേണം. വിവരണം ദർശനം പോലെയല്ല.

(തുഹ്ഫ 4-270)


രണ്ടാം

രൂപത്തിൽ വസ്‌തു കാണണമെന്ന നിബന്ധനയില്ല. വസ്‌തുവിന്റെ ഗുണ നിലവാരവും വിശേഷണങ്ങളും മനസ്സിലാക്കി കാണാതെ തന്നെ ഇടപാട് നടത്താവുന്നതാണ്. ഓൺലൈനിലൂടെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നത് മിക്കവാറും ഈ രണ്ടാം രൂപത്തിലാണ് ഉൾപ്പെടുന്നത്. എങ്കിൽ വസ്തു കാണാതെതന്നെ വാങ്ങാവുന്നതാണ്.  ഇത്തരം ഇടപാടുകളിൽ വിൽപന വസ്തു‌ കാണേണ്ടതില്ലെന്ന് തുഹ്ഫ 4-270, 5-8 പേജുകളിൽ നിന്ന് വ്യക്തമാണ്.


എന്നാൽ ഈ രണ്ടാം രൂപത്തിൽ വിൽക്കപ്പെടുന്ന വസ്‌തുവിന്റെ സ്വഭാവം നിശ്ചിത വർഗ്ഗത്തിലും ഇനത്തിലും പെട്ട നിശ്ചിത ഗുണങ്ങളുള്ള ഏതെങ്കിലും ഒന്ന് എന്നതാണല്ലോ.

 *ഇത്* എന്നവിധം കൃത്യമായ

ഒന്നായി അത് നിർണ്ണയിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇടപാടിന് ശേഷമാണെങ്കിലും ഇടപാടിന്റെ സദസ്സ് പിരിയും മുമ്പ് ഇടപാടിൽ പറയപ്പെട്ട വില "ഇത്" എന്ന സ്വഭാവത്തിൽ കൃത്യമായി നിർണ്ണയിക്കപ്പെടണം എന്ന നിബന്ധനയുണ്ട്. അല്ലാതിരുന്നാൽ വിൽപന വസ്‌തു പോലെ വിലയും "ഇത്" എന്ന രീതിയിൽ കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത കടബാധ്യതയായി തുടരുന്ന താണ്. “ദൈൻ" എന്നാണ് ഇത്തരം ബാധ്യതയെക്കുറിച്ച് ഫിഖ്ഹിൽ പറയാറുള്ളത്.


വിൽപ്പന ഇടപാടിൽ വസ്‌തുവും വിലയും ഒന്നിച്ച് ദൈൻ എന്ന സ്വഭാവത്തിലാവരുതെന്ന് നിയമമുണ്ട്. അത്തരത്തിലുള്ള ഇടപാട് നിരോധിക്കപ്പെട്ടതാണ്. ഒന്നാം രൂപത്തിൽ വിൽപന വസ്‌തു കൃത്യമായി തന്നെ നിർണ്ണയിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ വില ദൈൻ ആകുന്നതിന് വിരോധമില്ല. എന്നാൽ രണ്ടാം രൂപത്തിൽ വിൽക്കപ്പെടുന്ന വസ്‌തുവിന് കൃത്യമായ നിർണ്ണയമില്ലാത്തതിനാൽ സദസ്സ് പിരിയുന്നതിനു മുമ്പെങ്കിലും ഇടപാടിൽ പറഞ്ഞിട്ടുള്ള വില കൃത്യമായി നിർണ്ണയിക്കപ്പെടണം. തുഹ്ഫ 5-8 ബുജൈരിമി 2-325 തുടങ്ങിയവയിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.


ഓൺലൈൻ മുഖേന ഇടപാട് നടത്തിയ ഉടനെ ആ സ്ഥലത്ത് നിന്ന് പോകുന്നതിനു മുമ്പ് ഓൺലൈൻ ഇടപാടിൽ വിലയായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സംഖ്യ വിറ്റവന്റെ അക്കൗണ്ടിലേക്ക് നൽകുന്നതിലൂടെ മേൽ നിബന്ധന പാലിക്കപ്പെടുമെന്നാണ് മനസ്സിലാകുന്നത്. അക്കൗണ്ടിലേക്ക് നൽകിയതോടെ വാങ്ങിയവൻ ബാധ്യതയിൽ നിന്ന് ഒഴിവായല്ലോ. വിൽപന വസ്തുവും വിലയും ദൈനായി തുടരുന്നു എന്ന പ്രശ്‌നം ഇപ്പോൾ അവശേഷിക്കുന്നില്ല. വസ്തു‌വും വിലയുമെല്ലാം കൈവശം നൽകുന്നതിലും വാങ്ങുന്നതിലും ജനങ്ങളുടെ പതിവു രീതികൾ സ്വീകാര്യമാണെന്ന് തുഹ്ഫ:4-411, റൗള:3-516 തുടങ്ങിയവയിൽ നിന്നെല്ലാം വ്യക്തമാണ്.


കൈവശം നൽകലും വാങ്ങലുമെല്ലാം വസ്‌തുക്കളുടെ സ്വഭാവത്തിനനുസരിച്ചും ജനങ്ങളുടെ പതിവു രീതികൾ ക്കനുസരിച്ചും മാറ്റം വരുന്നതാണെന്ന് ഇമാം ഖത്ത്വാബി (റ)മആലിമുസ്സുനനൽ:3-136 ൽ വിശദീകരിച്ചിട്ടുണ്ട്.


ചുരുക്കത്തിൽ ഓൺലൈനിലൂടെ വസ്തുക്കൾ വാങ്ങുന്നത് നിശ്ചിത ഗുണങ്ങളെ മാത്രം അവലംബിച്ചു കൊണ്ടുള്ള രണ്ടാം രൂപത്തിലൂടെയാണെങ്കിൽ വസ്തുവിനെ കാണേണ്ടതില്ല. വിലയായി നിശ്ചയിക്കപ്പെട്ട സംഖ്യ ഇടപാട് നടത്തിയ സ്ഥലത്തു നിന്ന് പോകുന്നതിന് മുമ്പുതന്നെ വസ്തുവിൻ്റെ ഉടമസ്ഥനിലേക്കോ പ്രതിനി ധിയിലേക്കോ കൈമാറിക്കൊണ്ട് ഇത്തരത്തിൽ വസ്തുക്കൾ വാങ്ങാവുന്നതാണ്. കൃത്യമായി ഇന്നത് എന്ന സ്വഭാവത്തിലുള്ള മദ്ഹബിലെ ഒന്നാം രൂപമാണെങ്കിൽ പ്രബലാഭിപ്രായം വസ്തു‌കാണൽ നിർബന്ധമാണെന്നാണങ്കിലും കാണാതെ  വാങ്ങൽ അനുവദനീയമാണെന്നെ രണ്ടാം അഭിപ്രായമനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്.


അൽ ഫതാവ 2 

ചെറുശോല അബ്ദുൽ ജലീൽ സഖാഫി

പകർത്തിയത്

അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm

No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...