Thursday, April 10, 2025

മുൻ കൂറായി ബുക്ക് ചെയ്യുന്ന ജ്വല്ലറികൾ

 

*മുൻ കൂറായി ബുക്ക് ചെയ്യുന്ന
ജ്വല്ലറികൾ*

ചോദ്യം: മിക്ക ജ്വല്ലറികളിലും സ്വർണ്ണാഭരണങ്ങൾ മുൻ കൂറായി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ആഭരണം ആവശ്യമുള്ളവർ ഒന്നിച്ചോ പലതവണകളായോ ജ്വല്ലറിയിൽ പണം നൽകുന്നു. നൽകിയ സംഖ്യയും ആ ദിവസത്തിലെ സ്വർണ്ണ വിലയും രേഖപ്പെടുത്തിയ ബില്ല് ജ്വല്ലറിയിൽ നിന്നും നൽകുന്നു. പിന്നീട് ആഭരണം ആവശ്യമാകുന്ന സമയത്ത് സ്വർണ്ണവില കുറഞ്ഞിട്ടു ണ്ടെങ്കിൽ ആ കുറഞ്ഞ വിലക്കും വർധിച്ചിട്ടുണ്ടെങ്കിൽ ആവർദ്ധനവ് ബാധകമാകാതെ നൽകിയ ദിവസത്തെ വിലയനുസരിച്ചും സ്വർണ്ണാഭരണങ്ങൾ നൽ കുന്നു. പിന്നീടുണ്ടാകുന്ന വില വർദ്ധനവ് ബാധിക്കാതെ സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള സൗകര്യമായതിനാൽ സാധാരണക്കാർക്ക് ഏറെ ഉപകാരമാണ് ഈ ബുക്കിംഗ്. ഇതിൽ തെറ്റുണ്ടോ? ഹറാമാണോ? ഇതിൽ പലിശ യുണ്ടോ? തെറ്റാണെങ്കിൽ ഈ സൗകര്യം അനുവദ നീയമായി നടത്താവുന്ന ഏതെങ്കിലും വഴിയുണ്ടോ? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ഉത്തരം: ചോദ്യത്തിൽ പറയപ്പെട്ട രൂപത്തിൽ പണം
നൽകുന്ന സമയം സ്വർണ്ണം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാട് നടത്തുന്നില്ലെന്ന് വ്യക്തമാണ്. എത്ര തൂക്കം സ്വർണ്ണമാണെന്നോ ഏതെല്ലാം ആഭരണങ്ങളാ ണെന്നോ വില എത്രയാണെന്നോ തുടങ്ങിയ യാതൊരു നിശ്ചയവും ആ സമയത്തില്ലല്ലോ. ഭാവിയിൽ നടത്താനുദ്ദേശിക്കുന്ന ഇടപാടിൽ നിശ്ചയിക്കപ്പെടുന്ന വിലയുടെ ഭാഗമായി പരിഗണിക്കപ്പെടാമെന്ന നിലയിൽ പണം നൽകുക മാത്രമാണ് അപ്പോൾ ചെയ്തിട്ടുള്ളത്. ഇടപാട് നടത്തുമ്പോൾ ഇടപാട് വില നിശ്ചയിക്കാനുള്ള അറിവിന് വേണ്ടിയാണ് പണം നൽകുന്ന ദിവസത്തെ സ്വർണ്ണ വില ബില്ലിൽ രേഖപ്പെടുത്തുന്നത് എന്നാണ് മനസ്സിലാകുന്നത്.

പണം സ്വീകരിച്ചതോടെ പ്രസ്‌തുത പണത്തിനുള്ള ബാധ്യത ജ്വല്ലറി ഉടമസ്ഥനുണ്ടെന്ന് വ്യക്തമാണ്. ജ്വല്ലറി ഉടമസ്ഥന്റെ ബാധ്യതയിലുള്ള പണത്തിനു പകരമായി രണ്ടുപേരും സമ്മതിച്ചു നിശ്ചയിക്കുന്ന സ്വർണ്ണം നൽകാവുന്നതാണ്. ഫിഖ്ഹിൽ "ഇസ്‌തിബാൽ" എന്നു പറയപ്പെടുന്ന വകുപ്പിൽ പെട്ടതാണിത് "നഖ്ദിന് പകരമായി നഖ്ദിനെ പകരമാക്കുന്ന ഇസ്തിബാലിന്റെ സദസ്സിൽ വെച്ചു തന്നെ ബദലിനെ കൈവശം നൽകണമെന്ന നിബന്ധനയുണ്ട്. അതിനാൽ കറൻസി നഖദ് വിഭാഗത്തിൽ പെട്ടതാണെന്നതനുസരിച്ച് ജ്വല്ലറി ഉടമസ്ഥൻ്റെ ബാധ്യതയിലുള്ള പണത്തിനു പകരം സ്വർണ്ണം വാങ്ങുമ്പോൾ പകരം നിശ്ചയിക്കുന്ന ഇടപാടിന്റെ സദസ്സിൽ വെച്ചു തന്നെ ആ സ്വർണ്ണം കൈവശം നൽകുകയും വാങ്ങുകയും ചെയ്യേണ്ടതാണ്.

എന്നാൽ പണം കടമായി നൽകുന്നവന് ഏതെങ്കിലും വിധത്തിലുള്ള ഉപകാരം ലഭിക്കണമെന്ന നിബന്ധന വെച്ചു കൊണ്ടുള്ള കടമിടപാട് നടത്തുന്നത് നിഷിദ്ധമാണ്.  നിബന്ധനയോടെ നൽകലും വാങ്ങലും ഹറാമായ പലിശ ഇടപാടുകളിൽ പെട്ടതാണ്. അതിനാൽ വില കുറഞ്ഞാൽ കുറഞ്ഞവിലക്കും കൂടിയാൽ നൽകുന്ന ദിവസത്തെ വിലക്കും സ്വർണ്ണം നൽകണമെന്ന വ്യവസ്ഥ ചെയ്‌തു കൊണ്ട് പണം കടമായി നൽകുന്നതും വാങ്ങുന്നതും തെറ്റാണ്.

അതേസമയം അത്തരം ഒരു നിബന്ധനയുമില്ലാതെ പണം നൽകുകയും പണം സ്വീകരിച്ച ബില്ല് നൽകുകയും പിന്നീട് പ്രസ്‌തുത പണത്തിന് പകരം രണ്ടുപേരും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നത് ഹറാമല്ല. അതിൽ പലിശയില്ല. അങ്ങനെ പ്രസ്‌തുത പണത്തിനുപകരം സ്വർണ്ണം പകരമാക്കുമ്പോൾ പണം നൽകിയതിനു ശേഷം പകരമാക്കുന്ന സ്വർണ്ണവില കുറഞ്ഞിട്ടുണ്ടെങ്കിൽ ആ കുറഞ്ഞ വിലക്കനുസരിച്ചും വില കൂടിയിട്ടുണ്ടെങ്കിൽ പണം നൽകിയ ദിവസത്തെ വിലക്കനുസരിച്ചുമുള്ള സ്വർണ്ണം പകരമായി നൽകുന്നതിലും തെറ്റില്ല.

ജ്വല്ലറിയിലേക്ക് നേരത്തെ പണം നൽകുന്നവർക്ക് ആവശ്യമായ സമയത്ത് അതിനുപകരമായി സ്വർണ്ണം വാങ്ങാനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് പരസ്യപ്പെടു ത്തിയതു കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞതു കൊണ്ടോ ഹറാമാവുകയില്ല. പിന്നീടുള്ള വിലവർദ്ധനവ് ബാധകമാകാതെയും  കുറഞ്ഞാൽ കുറഞ്ഞ വിലക്കും സ്വർണ്ണം നൽകണമെന്ന ധാരണ പണം നൽകുന്നതിന് മുമ്പുണ്ടായാലും പണം നൽകുന്നതിന് അത് നിബന്ധനയാക്കിയില്ലെങ്കിൽ അത് ഹറാമാവുകയില്ല. പക്ഷേ കറാഹത്തുണ്ട്.

ഭാവിയിലുണ്ടാകുന്ന വിലവർദ്ധനവ് ബാധകമാകാ തെ സ്വർണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ മേൽപ്പറഞ്ഞ വിധത്തിലുള്ള യാതൊരു വ്യവസ്ഥയുമില്ലാതെ ഒന്നിച്ചോ തവണകളായോ ജ്വല്ലറിയിലേക്ക് പണം കടമായി നൽകുക. പണം കടമായി നൽകിയാൽ അത്രയും പണം തിരിച്ചു നൽകാനുള്ള ബാധ്യതയാണ് ജ്വല്ലറി ഉടമസ്ഥനു ള്ളത്. എന്നാൽ പിന്നീട് പ്രസ്‌തുത പണത്തിന് പകരം
രണ്ടുപേരും സമ്മതിക്കുന്ന സ്വർണ്ണം നൽകാവുന്നതാണ്. അങ്ങനെ പകരമാകുമ്പോൾ പണം നൽകിയതിനു ശേഷം സ്വർണ്ണ വില കുറഞ്ഞാൽ കുറഞ്ഞ വിലയനുസരിച്ചും കൂടിയാൽ പണം നൽകിയ ദിവസത്തെ വിലയനുസരിച്ചും പ്രസ്തു‌ത സംഖ്യക്ക് ലഭിക്കുന്ന സ്വർണ്ണം പകരമായി നൽകുന്നതിനും സ്വീകരിക്കുന്നതിനും വിരോധമില്ല.

ഇസ്തിബാൽ എന്ന് ഫിഖ്ഹീ ഗ്രന്ഥങ്ങളിൽ പറയുന്ന വകുപ്പിൽ പെട്ടതാണിത്. ജ്വല്ലറിയിലേക്ക് പണം കടമായി നൽകുന്നവർക്ക് പ്രസ്‌തുത സംഖ്യ തിരിച്ചു നൽകാൻ ബാധ്യസ്ഥരാണെന്നും ആവശ്യമെങ്കിൽ മേൽപ്പറഞ്ഞ വിധം പ്രസ്‌തുത സംഖ്യക്ക് പകരമായി സ്വർണ്ണം വാങ്ങാനുള്ള സൗകര്യമുണ്ടെന്നും നേരത്തെ അറിയിച്ചത് കൊണ്ടും അറിഞ്ഞത് കൊണ്ടും ഹറാമാവുകയില്ല. ഹറാമില്ലാതെ ചോദ്യത്തിൽ പറഞ്ഞ സൗകര്യം ലഭിക്കാനുള്ള ഒരു വഴിയാണിതെന്നാണ് മനസ്സിലാകുന്നത്.

കടത്തിന് പകരമായി മറ്റൊന്നിനെ പകരമാക്കുന്ന ഇസ്തിബ്ദാൽ അനുവദനീയമാണെന്നും രണ്ടും നഖദ് വർഗ്ഗത്തിൽ പെട്ടതാണെങ്കിൽ ഇസ്ത‌ിബാലിന്റെ സദസ്സിൽ വെച്ചുതന്നെ ബദലായി നൽകുന്നതിനെ കൈവശം വാങ്ങൽ നിർബന്ധമാണെന്നും കർമശാസ്ത്ര ഇമാമുകൾ വിശദീ കരിച്ചിട്ടുണ്ട്. (തുഹ്‌ഫ:4-408, നിഹായ:4-91 കാണുക)

സ്വർണ്ണ വെള്ളി പോലെ കറൻസിയും നഖദ് വകുപ്പിൽ പെട്ടതാണെന്ന നിലപാടനുസരിച്ച് നേരത്തെ കടമായി നൽകിയിട്ടുള്ള കറൻസിക്ക് പകരം സ്വർണ്ണത്തെ ഇസ്തിബാൽ ചെയ്യുമ്പോൾ പകരമാക്കുന്ന ഇസ്തിബാൽ ഇടപാടിൻ്റെ സദസ്സിൽ വെച്ചു തന്നെ കറൻസിക്ക് പകരമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്വർണ്ണം കൈവശം നൽകുകയും വാങ്ങുകയും ചെയ്യേണ്ടതാണ്.

അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

കടം വീടാൻ പതിവാക്കുക

 *കടം വീടാൻ പതിവാക്കുക*. ഈ ദുആ അഞ്ച് വഖ്ത് നിസ്കാരത്തിന്റെ ശേഷവും തഹജ്ജുദിന്റെ ശേഷവും മറ്റു സമയങ്ങളിലും ധാരാളം തവണ പതിവാക്കുക اللَّهُمَّ فَا...