ജ്വല്ലറിയിൽ മുൻകൂറ് പണമടക്കൽ
ചോദ്യം: ഒരു ജ്വല്ലറിയുടെ ഓഫർ ഇങ്ങനെ; നിങ്ങളുടെ കൈവശമുള്ള പണം ഞങ്ങളെ ഏൽപ്പിക്കൂ, പല ഗഡുക്കളായി ഏൽപ്പിക്കാം, പിന്നീട് എപ്പോൾ സ്വർണ്ണം വാങ്ങിയാലും ഇക്കാലയളവിൽ ഏറ്റവും കുറഞ്ഞ വില നിലവാരമനുസരിച്ച് നിങ്ങൾക്ക് സ്വർണ്ണം സ്വന്തമാക്കാം, വിലക്കയറ്റം നിങ്ങളെ ബാധിക്കുകയില്ല. ഈ ഇടപാടിന്റെ മതവിധി എന്താണ്? ഇത് പലിശയിൽ ഉൾപ്പെടുമോ?
ഉത്തരം: ചോദ്യത്തിൽ പറഞ്ഞരൂപത്തിൽ നൽകുന്ന സമയം വിൽപ്പന ഇടപാട് നടക്കുന്നില്ലെന്ന് വ്യക്തമാണ്. സ്വർണ്ണം വാങ്ങണമെന്ന് ഉദ്ദേശിച്ചു കൊണ്ട് അതിന്റെ വിലയായി പരിഗണിക്കാമെന്ന നിലയിൽ പണം നൽകലും സ്വീകരിക്കലും നടക്കുന്നത്. പണം മാത്രമാണ് അപ്പോൾ കൈപ്പറ്റിയ ജ്വല്ലറി ഉടമസ്ഥന് പ്രസ്‌തുത പണത്തിൻ്റെ ബാധ്യതയുണ്ടെന്ന് വ്യക്തമാണ് അദ്ദേഹത്തിൻ്റെ ബാധ്യതയിലുള്ള പ്രസ്‌തുത പണത്തിനു പകരമായി അദ്ദേഹവും പണം നൽകിയ വ്യക്തിയും സമ്മതിച്ചു തീരുമാനിക്കുന്ന സ്വർണം നൽകുന്നതിനും വാങ്ങുന്നതിനും വിരോധമില്ല.
എന്നാൽ വിലവർദ്ധനവ് ബാധകമാകാതെ ഏറ്റവും കുറഞ്ഞ വിലക്ക് സ്വർണ്ണം നൽകണമെന്ന നിബന്ധന യോടെ ജ്വല്ലറി ഉടമസ്ഥന് പണം കടമായി നൽകുന്നതും വാങ്ങുന്നതും ഹറാമാണ്. അത് പലിശ ഇടപാട് തന്നെയാണ്. അത്തരം യാതൊരു നിബന്ധനയുമില്ലാതെ പണം നൽകുകയും പിന്നീട് പ്രസ്തുത പണത്തിനു പകരമായി രണ്ടുപേരും ഇഷ്ടപ്പെട്ട് തീരുമാനിക്കുന്ന സ്വർണ്ണം നൽകുകയും ചെയ്യുന്നതിന് വിരോധമില്ല. അതു പലിശ ഇടപാടല്ല. ജ്വല്ലറിയിലേക്ക് പണം നൽകിയവർക്ക് വിലവർദ്ധനവ് ബാധകമാകാതെ സ്വർണ്ണം വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് പരസ്യപ്പെടുത്തിയത് കൊണ്ടോ അക്കാര്യം നേരത്തെ അറിഞ്ഞത് കൊണ്ടോ ഹറാമാവുകയില്ല. മേൽ പറഞ്ഞവിധം നിബന്ധന വെച്ചു കൊണ്ട് പണം കടമായി വാങ്ങുന്നതും നൽകുന്നതും ഹറാം തന്നെയാണ്.
അൽ ഫതാവ ഭാഗം 2
അബ്ദുൽ ജലീൽ സഖാഫി ചെറുശോല
പകർത്തിയത്
അസ് ലം സഖാഫി
പരപ്പനങ്ങാടി
No comments:
Post a Comment