കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം
അനുവദനീയമാവുക?
ചോദ്യം: കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം
അനുവദനീയമാവുക? ഉദാഹരണമായി നൂറ് രൂപക്ക് വാങ്ങിയ വസ്തു വിൽക്കുമ്പോൾ എത്ര രൂപക്ക് വിൽക്കാം? ഒരു വസ്‌തു വിദേശത്ത് നിന്ന് കൊണ്ട് വന്നു വിൽക്കുമ്പോളും ഒരു ഉൽപന്നം നിർമ്മിച്ചു വിൽക്കുകയാ ണെങ്കിലുമെല്ലാം ചെലവിൻ്റെ എത്ര ശതമാനം ലാഭമെ ടുക്കാം? എത്ര ശതമാനമാകുമ്പോഴാണ് കൊള്ള ലാഭവും ഹറാമുമാകുന്നത് ?
ഉത്തരം: വിൽപ്പന നടക്കുന്ന പ്രദേശത്ത് കച്ചവടക്കാർ സാധാരണ ആ വസ്‌തുവിൽ എത്രയാണോ ലാഭം എടുക്കാറുള്ളത് അത്രയും ലാഭം മാത്രം സ്വീകരിക്കുക എന്നതാണ് ഏറ്റവും ഉത്തമം. നൂറ് രൂപക്ക് വാങ്ങിയ
വസ്തു വിൽക്കുമ്പോൾ പ്രദേശത്തെ കച്ചവടക്കാർ 105 രൂപക്കാണ് സാധാരണ വിൽക്കാറുള്ളതെങ്കിൽ അഞ്ച് രൂപ മാത്രം ലാഭം സ്വീകരിച്ച് അതിൽ കൂടുതൽ വാങ്ങാതെ വിൽക്കലാണ് ഏറ്റവും ഉത്തമം. വസ്തുക്കൾ നിർമ്മിച്ച് വിൽക്കുന്നതിലും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലുമെല്ലാം ഇത് തന്നെയാണ് ഏറെ ഉത്തമം. അഥവാ ബിസിനസ്സുകാർ സാധാരണ ആ വസ്‌തുവിൻ്റെ വിൽപ്പനയിൽ സ്വീകരിക്കാ റുള്ള ലാഭം മാത്രം സ്വീകരിക്കുക, അതിലേറെ ലാഭം നൽകാൻ ഒരാൾ തയ്യാറാണെങ്കിൽ പോലും അധിക ലാഭം വേണ്ടെന്ന് വെക്കുക ഇതാണ് ഏറ്റവും നല്ല രീതി.
ഇടപാടുകളിലെ ഇഹ്സാൻ ഇപ്രകാരമാണെന്ന് ഇമാം ഗസ്സാലി (റ) വിശദീകരിച്ചിരിക്കുന്നു. നിർബന്ധമായതിലപ്പുറം ഗുണകരമായ മാർഗ്ഗം സ്വീകരിക്കലാണ് ഇഹ്സാൻ എന്നതിൻ്റെ വിവക്ഷ, പരലോക ജീവിതത്തിൽ ഉന്നത സൗഭാഗ്യങ്ങൾക്ക് കാരണമാണിത്.
അതേ സമയം വസതുവിലില്ലാത്ത ഗുണം പറഞ്ഞ് വിശ്വസിപ്പിക്കുക, അറിയാവുന്ന ന്യൂനത മറച്ചു വെക്കുക. വില നിലവാരത്തെക്കുറിച്ച് തെറ്റായ വിവരം നൽകുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതിരിക്കു മ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെടുന്ന ഏത് വിലക്കും വസ്തു വിൽക്കാവുന്നതാണ്. നാം വാങ്ങിയ വിലയുടെ / നമുക്ക് ചെലവായ സംഖ്യയുടെ ഇത്ര ശതമാനമേ ലാഭം എടുക്കാവൂ അതിലപ്പുറം പറ്റില്ല എന്ന നിയമമില്ല.
മേൽ പറഞ്ഞ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതെ ഏത് ഉയർന്ന വിലക്കും വസ്‌തുക്കൾ വിൽക്കൽ അനുവദനീയമാണ്. എത് വലിയ ലാഭവും സ്വീകരി ക്കാവുന്നതാണ്. രണ്ട് പേരും തൃപ്‌തിപ്പെട്ടതായിരിക്കുക എന്നതാണ് വിലയുടെ മർമ്മം. എന്നാൽ ഇല്ലാത്ത ഗുണം പറഞ്ഞും ന്യൂനതകൾ മറച്ചു വെച്ചും വില നിലവാര
ത്തെക്കുറിച്ച് കളവ് പറഞ്ഞും വഞ്ചന നടത്തിക്കൊണ്ടുള്ള ലാഭം അനുവദനീയമല്ല. അത് കൊള്ള ലാഭമാണ്.
No comments:
Post a Comment