https://www.facebook.com/100024345712315/posts/pfbid02sDJwhWk6CzfqegGqzSxXShoSu9zfXxHzUmuMai14cpmwizKRBREQbuNMwzo4osnQl/?mibextid=9R9pXO
മുജാഹിദ് പ്രസ്ഥാനം
ഒരു സമഗ്ര പഠനം 20/313
➖➖➖➖➖➖➖➖➖➖
നബിദിനാഘോഷം :
മുജാഹിദ് വൈരുദ്ധ്യങ്ങൾ (അഞ്ച്)
➖➖➖➖➖➖➖➖➖➖
✍️ Aslam saquafi payyoli
*നബിദിനാഘോഷം :*
*ലക്ഷ്യം സാമ്പത്തികവും*
*ഭക്ഷണവുമെന്ന് !!*
മൗലിദ് ആഘോഷം പോലുള്ള ആത്മീയ പരിപാടികളെല്ലാം സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് സുന്നികൾ നടത്തുന്നതെന്നാണ് മറ്റൊരാരോപണം.
ഒരു മൗലവി എഴുതുന്നു :
"മൗലിദ് കഴിക്കുക, റാത്തീബ് കഴിക്കുക, ഖുത്ബിയ്യത് കഴിക്കുക, അടിയന്തിരം കഴിക്കുക തുടങ്ങിയ കഴിക്കലുകൾ കീശക്കും ആമാശയത്തിനും വല്ലതും കിട്ടുന്ന പരിപാടികളാണ്. തെളിവുകളില്ലാത്ത ഇത്തരം സമ്പ്രദായങ്ങൾ നിലനിൽക്കുന്നത് സാമ്പത്തിക നേട്ടമുള്ളത് കൊണ്ട് തന്നെയാണ്, അനുബന്ധമായി ഭക്ഷണവും. അതു രണ്ടും നൽകാൻ ആരും ഒരുക്കമില്ലെങ്കിൽ ഇത്തരം ആചാരങ്ങൾ എന്നോ മൺമറയുമായിരുന്നു."
(മൗലിദ് വിമർശനവും
വിശകലനവും പേജ് : 53)
സത്യത്തിൽ, ഇതു കൊണ്ടെല്ലാമുള്ള സാമ്പത്തിക നേട്ടം കൈവരിക്കുന്നത് മുജാഹിദും ആത്മീയ നേട്ടം കൈവരിച്ചത് സുന്നികളുമാണ് എന്ന് പറയുന്നതാണ് ശരി.
കാരണം, ആദ്യകാലം മുതലേ എല്ലാവിധ മൗലിദുകളും റാത്തീബുകളും അച്ചടിച്ച് വിറ്റ് കാശാക്കിയത് മുജാഹിദ് കാരന്റെ സി.എച്ച് പ്രസ്സാണ്. കെഎം മൗലവിയുടെ പൂർണ്ണ പിന്തുണയും ഇതിനുണ്ടായിരുന്നു. മാത്രമല്ല, തെറ്റുകളും പിഴവുകളും മൗലിദിൽ വരുത്തുകയും ഇല്ലാത്തത് കൂട്ടിച്ചേർക്കുകയും ചെയ്തു സുന്നികളെ ആക്ഷേപിക്കാനും എളുപ്പം കിട്ടും.
എന്നാൽ ചില ഒറ്റപ്പെട്ട കക്ഷികൾ ഈ സാമ്പത്തിക കൊയ്ത്തിനെ ആക്ഷേപിച്ച് എഴുതിയിട്ടുണ്ട്.
കെ ടി അഹമ്മദ് അലി എന്ന് പേരുള്ള ഒരു വഹാബി "ഉലമാക്കളോട് " എന്ന തലക്കെട്ടിൽ അൽമനാറിൽ എഴുതുന്നു:
" മാലയും മൗലിദും ചൊല്ലിക്കൊടുത്ത് ഒരു നേരത്തെ ശാപ്പാടോ നാലണയോ വസൂലാക്കി ജീവിച്ചു പോരുന്ന പാവപ്പെട്ട മൊല്ലാക്കമാരെ പറ്റി നിങ്ങൾക്ക് വലിയ ആക്ഷേപമുണ്ട്. വയറിന്നു വേണ്ടി മതത്തെ വിൽക്കുന്നവരാണ് ; ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നവരാണ് എന്നൊക്കെ. അതെല്ലാം നടത്തുന്ന വീട്ടുകാരെ സംബന്ധിച്ചുമുണ്ട് ആക്ഷേപം " കടുത്ത കുറാഫികൾ " എന്ന്. അവർ അത്തരക്കാരാണെന്നത് വാസ്തവം തന്നെ എന്ന് സമ്മതിക്കാം. അത്തരങ്ങളൊക്കെ അച്ചടിച്ചു വിറ്റ് പണം സമ്പാദിക്കുന്നവരോ, നിങ്ങളുടെ ജമാഅത്തിലെ ഒന്നാം തരക്കാരായ മുജാഹിദുകൾ ! അവർ കുറാഫികളും അല്ല, മതം വിറ്റ് വയർ നിറക്കുന്നവരുമല്ല !!ലജ്ജാവഹം ഉലമാക്കളെ ലജ്ജാവഹം !!!
(അൽമനാർ 1955
ഏപ്രിൽ പേ: 29 )
കെ എം മൗലവി ഇക്കാര്യം അറിഞ്ഞിട്ടും തടയാതിരുന്നതിന്റെ കഥ കെ. ഉമർ മൗലവി പറയുന്നുണ്ട്.
"ഖുതുബയിൽ ഞാൻ മുഹിയുദ്ദീൻ മാലയുടെ വിദൂര ദുഷ്ഫലങ്ങൾ വിശദീകരിച്ചു. സി എച്ച് പ്രസ്സുകാർ ഇതൊക്കെ അച്ചടിച്ചു വില്പന നടത്തുന്നവരാണ്. അതിനാൽ ഖുതുബയുടെ തലേന്നാൾ ഞാൻ എൻ്റെ ഗുരു ഭൂതനായ കെഎം മൗലവിയോട് ചോദിച്ചു." ഈ വിഷയം നമ്മൾ പറയേണ്ടതല്ലേ. സി എച്ച് കാരും മറ്റും ഇതൊരു കച്ചവടമാക്കിയിരിക്കുകയല്ലേ. നമ്മൾ ഉൽബോധിപ്പിക്കേണ്ടതല്ലേ." മൗലവിയുടെ പ്രതികരണം സമയമായിട്ടില്ല കുറച്ചുകൂടി കഴിയട്ടെ എന്നായിരുന്നു. അപ്പോൾ എനിക്ക് രോഷമുണ്ടായി. സമയമാകും വരെ നമ്മൾ ജീവിച്ചിരിക്കും എന്നതിന് വല്ല ഉറപ്പുമുണ്ടോ ? എന്നു ഞാൻ തിരിച്ചു ചോദിച്ചു. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാൻ ഖുതുബയിൽ ഈ വിഷയത്തെ പരാമർശിച്ച് ഒരു ഉദ്ബോധനം നടത്തി. ഇതോടെ സി എച്ച് മുഹമ്മദ് സാഹിബിന് എന്നോട് ഭയങ്കര ദേഷ്യം ഉണ്ടായി. "
(ഓർമ്മകളുടെ തീരത്ത് പേജ് 114)
ഇനി തീറ്റിയുടെ കാര്യം. അക്കാര്യത്തിലും ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നവരാണ് മൗലവിമാർ. മറ്റൊരാളെ ചീത്ത പറയാതിരിക്കാൻ ശാപ്പാട് വേണമെന്ന് നിബന്ധന വെച്ച മൗലവിമാരുടെ കഥ അവര് തന്നെ രേഖപ്പെടുത്തിയത് കാണുക.
"വെട്ടം അബ്ദുള്ള ഹാജി (മുജാഹിദ് തൗഹീദ് പ്രഭാഷകൻ) പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പരുഷമായി സംസാരിക്കാറുണ്ടായിരുന്നു. മരമണ്ടത്തലയാ എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പരുഷമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നുവെങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ഹാജി അതുകേട്ട് പറഞ്ഞു: ശരി. ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും. ഉമർകുട്ടി ഹാജിക്ക് എന്താണ് വേണ്ടത് ? പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല "
(വെട്ടം അബ്ദുള്ള ഹാജി
പേജ് 76 കെ എൻ എം )
സ്വന്തം വിശ്വാസപ്രകാരം ബിദ്അത്തായ കാര്യം അച്ചടിച്ചു വിറ്റ് കാശാക്കുകയും ഇപ്പോഴും അത് തുടർന്നു വരികയും ചെയ്യുന്നവരും ഒരു ദിവസത്തെ തെറി നിർത്തി വെക്കാൻ ശാപ്പാട് ആവശ്യപ്പെട്ടവരുമാണ് നബിദിനാഘോഷത്തെ എതിർക്കാൻ " ശാപ്പാടും, സാമ്പത്തികവും " കാരണം പറയുന്നത് !!
No comments:
Post a Comment